Skoda Superb Sportline: ELEGANT & SPORTY
August 25, 2020
Royal Drive: Saga of Trust
September 7, 2020

Yatra: Royal Treat at Olive Golden Ridge Mountain Resort- Munnar

മൂന്നാർ ചിന്നക്കനാലിലുള്ള ഒലിവ് ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ട് & സ്പാ

പ്രകൃതിയുടെ മടിത്തട്ടിൽ, രാജകീയ പ്രൗഢിയോടെ, ഫാം ടൂറിസത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ച അതിസുന്ദരമായ ഒരു റിസോർട്ടാണ് മൂന്നാർ ചിന്നക്കനാലിലുള്ള ഒലിവ് ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ട് ആന്റ് സ്പാ. യാദൃച്ഛികമായി അവിടെ തങ്ങാൻ ഇടയായ അപൂർവ അനുഭവത്തിന്റെ കഥ ഇതാ.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോകൾ: അഖിൽ അപ്പു

സമയകാലങ്ങൾ മറന്നുകൊണ്ട്, മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന മലനിരകൾക്കിടയിൽ ഒരു താഴ്‌വാര ദൃശ്യത്തിന്റെ അപാരതയിലേക്ക് കണ്ണുകളൂന്നി, ഏകാന്തതയുമായി പ്രണയത്തിലാകുന്ന നിമിഷങ്ങളെപ്പറ്റി ചിന്തിച്ചു നോക്കൂ… രാജാക്കന്മാരുടെ വേനൽക്കാല വസതികളെ അനുസ്മരിപ്പിക്കുംവിധം പൈതൃക അടയാളങ്ങളുള്ള ഒരു മന്ദിരത്തിൽ നിന്നാണ് കാഴ്ചയുടേയും അനുഭവത്തിന്റേയും ഈ ലയനമെങ്കിൽ നിഗൂഢമായ ഒരു സൗന്ദര്യം കൂടി അതിലേക്ക് ഉൾച്ചേർക്കപ്പെടും. ആത്മാവിനെ തൊട്ടറിയാനാകുന്ന ഈ ഏകാന്തവിസ്മയങ്ങൾക്കിടയിൽ മനസ്സും ശരീരവും തണുക്കും. മലനിരകൾക്കും താഴ്‌വാരങ്ങൾക്കുമിടയിലൂടെ വീശിയടിക്കുന്ന മഞ്ഞിൻകണങ്ങൾ നിറഞ്ഞ ആ കാറ്റ് നമുക്കു മുന്നിൽ പലപല സീസണുകൾ ഒരേ ദിവസം തന്നെ ഒരു ബാലെയുടെ തിരശ്ശീലകളിലെന്നപോലെ അവതരിപ്പിക്കും. പനോരമയുടെ ഉത്സവമെന്ന് വേണമെങ്കിൽ നമുക്കതിനെ വിളിക്കാം. ചിലപ്പോൾ കോടമഞ്ഞിൽ മുന്നിലുള്ള എല്ലാ ദൃശ്യങ്ങളും മാഞ്ഞുപോകുമെങ്കിൽ അടുത്ത നിമിഷത്തിൽ തന്നെ നമുക്കു മുന്നിൽ ഒട്ടിച്ചേർന്നു കിടക്കുന്ന സഹ്യനിരകളും താഴെ താഴ്‌വാരത്തിൽ ഒരു കാൻവാസ് ചിത്രത്തിലെന്നപോലെ പാടശേഖരങ്ങളും ദൃശ്യമാകും. ഒരു മലനിരയിൽ മഴയെങ്കിൽ മറ്റൊരു മലനിരയിൽ മേഘങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ ഒരു പ്രഭാവലയം പോലെ പ്രത്യക്ഷപ്പെടും. ഈ ദൃശ്യവിരുന്നിൽ അലിഞ്ഞമർന്നുകൊണ്ട് ചെടിപ്പടർപ്പുകളും പൂക്കളുമൊക്കെ അതിരു പങ്കിടുന്ന കല്ലുപാകിയ വഴിയിലൂടെ രാവിലെ ഒന്നു നടന്നു നോക്കൂ… വേഡ്‌സ്‌വർത്തിനു പോലും വർണിക്കാനാകാത്ത കാവ്യബിംബങ്ങളാകും താങ്കളുടെ കാഴ്ചയിലെത്തുക.

ബെൻസ് വി ക്ലാസ് ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ടിൽ

ഏലത്തോട്ടങ്ങൾക്കിടയിൽ, താഴ്‌വാരത്തിന്റെ അതിസുന്ദരഭാവങ്ങൾ നൃത്തം വയ്ക്കുന്ന ഈ സ്വർഗസമാനമായ ഇടത്തിലേക്ക് ഞങ്ങൾ എത്തപ്പെട്ടത് അവിചാരിതമായായിരുന്നു. മെർസിഡസ് ബെൻസ് വിക്ലാസ് എക്‌സ്‌ക്ലൂസീവിന്റെ ഒരു ഷൂട്ടുമായി ബന്ധപ്പെട്ട് മൂന്നാറിലേക്ക് പോയ ഞങ്ങളെ മഴയും ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലർട്ടുമാണ് ചിന്നക്കനാലിലെ ഒലിവ് ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ടിലേക്ക് കൊണ്ടെത്തിച്ചത്. മൂന്നാർ ടൗണിൽ പലയിടങ്ങളും കോവിഡ് കണ്ടെയ്‌മെന്റ് സോണുകളായി മാറ്റപ്പെട്ടിരുന്നതിനാൽ മഴ മൂലം ഷൂട്ട് മുടങ്ങിയപ്പോൾ താമസിക്കാനൊരിടം കണ്ടെത്താൻ ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടി. ബൈജുവിന്റെ ഓർമ്മയിലേക്ക് അപ്പോഴാണ് പണ്ടൊരിക്കൽ സുഹൃത്തുക്കളിലാരോ പറഞ്ഞ ചിന്നക്കനാലിലെ ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ട് എത്തിയത്. പിന്നെ നെറ്റിൽ അതേപ്പറ്റി പരതി. റിയൽ എസ്റ്റേറ്റ് രംഗത്തും ഹോസ്പിറ്റാലിറ്റി രംഗത്തും ശ്രദ്ധേയരായ ഒലിവ് ഗ്രൂപ്പിന്റേതാണ് ഈ റിസോർട്ട് എന്നറിഞ്ഞപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഒലിവ് ഗ്രൂപ്പിന്റെ മാർക്കറ്റിങ് മാനേജറും സുഹൃത്തുമായ എൽദോയോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഇപ്പോൾ തന്നെ വിവരം റിസോർട്ടിന്റെ ജനറൽ മാനേജറായ അലക്‌സ് മാർട്ടിൻ ജോർജിനെ ധരിപ്പിക്കാമെന്നും അങ്ങോട്ട് പുറപ്പെട്ടോളാനും എൽദോയുടെ മൊഴി. ഏതാനും നിമിഷങ്ങൾക്കകം ഫോണിലേക്ക് അലക്‌സ് റിസോർട്ടിന്റെ ലൊക്കേഷൻ അയച്ചു തന്നു. ഉച്ചഭക്ഷണം തയാറാക്കുകയാണെന്നും പെരിയകനാൽ ടീ ഫാക്ടറിക്കു മുന്നിൽ ഞങ്ങളെ കാത്തുനിൽക്കാമെന്നും മൊഴി.

വുഡ് ഹൗസിലെ വിരുന്ന്‌

മൂന്നാർ ടൗണിലേക്കുള്ള വഴി അതിനകം മരം വീണ് അടഞ്ഞിരുന്നതിനാൽ അടിമാലിയിൽ നിന്നും ആനച്ചാൽ, രാജാക്കാട് വഴി പൂപ്പാറയിലേക്കും അവിടെ നിന്നും പെരിയകനാലിലേക്കും മെർസിഡസ് ബെൻസ് വിക്ലാസ് മഴയെ വകവയ്ക്കാതെ നീങ്ങി. പെരിയകനാൽ ടീ ഫാക്ടറിക്കു മുന്നിൽ തന്റെ കാറിൽ അലക്‌സ് ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മലമുകളിലേക്കുള്ള കയറ്റമാണത്. കോടമഞ്ഞിറങ്ങി നിൽക്കുന്ന മലമ്പാതയിലൂടെ കയറുമ്പോൾ തന്നെ വിസ്മയക്കാഴ്ചകൾ ഞങ്ങളെ തേടിയെത്തിയിരുന്നു. പച്ചക്കുന്നുകൾക്കപ്പുറമുള്ള കൊടുംകാട് മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. വർണനൂലുകൾ ഓടിച്ചുകൊണ്ട് അതിനിടയിൽ സൂര്യരശ്മികൾ ദിവ്യമോഹനമായ ഒരു വസ്ത്രം തുന്നിയെടുക്കുകയാണ്.

റിസപ്ഷൻ

ചിലയിടങ്ങളിൽ ജലപാതങ്ങൾ രജതപ്രഭ ചിതറുന്നു. നീണ്ടു വളഞ്ഞു പുളഞ്ഞുപോകുന്ന മലമ്പാത. മഞ്ഞുപുതച്ച ശിഖരങ്ങളിലേക്കുള്ള ആ യാത്ര എത്ര കാവ്യാത്മകമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാകുന്നില്ല. ഏകാന്തതയുടെ മനോഹരയിടം തേടുന്നവർ ഈ മലനിരകളെ പുൽകാൻ തയാറായിക്കോളൂ. ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ട് ആൻറ് സ്പാ എന്നെഴുതിയ സ്വർണഫലകത്തിനടുത്തു നിന്നും മുകളിലേക്ക് വീണ്ടും കയറ്റമാണ്. ഏതാനും നിമിഷങ്ങൾക്കകം ഒരു രാജകീയ വേനൽവസതി പോലെ പ്രൗഢസുന്ദരമായ ആ റിസോർട്ട് ഞങ്ങളുടെ മുന്നിൽ തെളിഞ്ഞു. മുൻഭാഗത്തെ തേക്കുകൊണ്ട് നിർമ്മിച്ച ശിൽപചാതുരിയുള്ള കവാടത്തിനു മുന്നിൽ അലക്‌സും റിസോർട്ടിലെ ജീവനക്കാരനും ഞങ്ങളെ കാത്തുനിൽപുണ്ട്. ഹൃദയം നിറയ്ക്കുന്ന പുഞ്ചിരിയോടെ വന്ദനം. കോവിഡ് കാലമായതിനാൽ സാനിറ്റൈസറും മാസ്‌ക്കുമൊക്കെ അവിടെയുമുണ്ട്. വെൽകം ഡ്രിങ്ക്‌സിനു മുമ്പ് സാനിറ്റൈസർ പ്രയോഗമുണ്ടെന്ന വ്യത്യാസം മാത്രം.

റസ്റ്റോറന്റിൽ മെഴുകുതിരി അത്താഴം

അലക്‌സ് ഞങ്ങളെ റിസോർട്ടിന് അകത്തേക്ക് നയിച്ചു. മൂന്നു നിലകളായി പണിതിട്ടുള്ള റിസോർട്ടിനകത്തേക്ക് പ്രവേശിക്കുന്നത് ഒന്നാം നിലയിലൂടെയാണ്. കവാടം കടന്നാലുടനെ തന്നെ വിസ്മയിപ്പിക്കുന്ന കാഴ്ചയായി മുന്നിലെത്തിയത് മഞ്ഞ് ഒളിച്ചു കളിക്കുന്ന, അതിസുന്ദരമായ കാൻവാസ് സദൃശ്യമായ താഴ്‌വാര ദൃശ്യം തന്നെ. മഞ്ഞുകാറ്റ് റിസോർട്ടിന്റെ ആ ദൃശ്യവിശാലതയിലേക്ക് പറന്നിറങ്ങുന്നു. ഇതിനുമുമ്പൊരിക്ക ലും കണ്ടിട്ടില്ലാത്ത, അതീവസുന്ദരമായ ഒരിടത്തേക്ക് കാലെടുത്തുവച്ചതുപോലെ. പ്രകൃതിയുടെ നർത്തനവേദി പോലെയായാണ് റിസോർട്ടിന്റെ റിസപ്ഷനിലേ ക്ക് എത്തുംമുമ്പുള്ള ആ കാഴ്ചകൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അലക്‌സ് ഞങ്ങളെ റിസ്പ്ഷനിലേക്ക് നയിച്ചു. ഒരു രാജ ദർബാറു പോലെ തോന്നിപ്പിക്കുന്ന സുന്ദരമായ ഇടം. തിരുവിതാംകൂർ രാജവംശത്തിലെ രാജാക്കന്മാരുടെ ചിത്രങ്ങൾ റിസപ്ഷനിൽ തന്നെയുണ്ട്. അവിടത്തെ എല്ലാ വസ്തുക്കളിലുമുണ്ട് രാജകീയമായ ഒരു പ്രൗഢി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെന്നപോലുള്ള റിസപ്ഷനാണെങ്കിലും കൊട്ടാരത്തിന്റെ പോലെ പ്രൗഢസുന്ദരമായ അടയാളങ്ങൾ എവിടേയും ദൃശ്യമാണെന്നതാണ് ഗോൾഡൻ റിഡ്ജിന്റെ സവിശേഷത. വെങ്കലശിൽപങ്ങളും വെങ്കലത്തിൽ നിർമ്മിച്ച അതിസുന്ദരങ്ങളായ അരയന്നശിൽപ ടീ ട്രേകളും പഴയ പ്രൗഢമായ ടെലിഫോണും ഗ്രാമഫോണുമൊക്കെ റിസപ്ഷന് ഒരു രാജകൊട്ടാരത്തിലെത്തിയപോലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.

ഹണിമൂൺ സ്വീറ്റ്‌

ചായസൽക്കാരത്തിനുശേഷം ഞങ്ങൾക്കുള്ള മുറികളിലേക്ക് അലക്‌സ് ഞങ്ങളെ നയിച്ചു. റിസോർട്ടിൽ മൂന്നു നിലകളിലായി 14 മുറികളാണ് ആകെയുള്ളത്. ഇരുവശത്തുമുള്ള കെട്ടിടങ്ങളിലെ നിലകളിൽ യഥാക്രമം രണ്ടു മുറികൾ വീതമാണ് സജ്ജമാക്കിയിട്ടുള്ളത്. 12 ലക്ഷ്വറി വാലി വ്യൂ മുറികളും ഒരു ഹണിമൂൺ സ്വീറ്റും ഒരു പ്രസിഡൻഷ്യൽ സ്വീറ്റുമാണ് ഇവിടെയുള്ളത്. ഇവിടത്തെ പ്രസിഡൻഷ്യൽ സ്വീറ്റിനെപ്പറ്റി നേരത്തെ തന്നെ ഞങ്ങൾ കേട്ടിരുന്നതാണ്. മുറിക്കുള്ളിൽ തന്നെ അത്യാധുനികമായ ജക്കൂസിയും രാജകീയമായ ഒരു ലിവിങ് റൂമും ജക്കൂസിയോട് ചേർന്നു തന്നെ അതിസുന്ദരമായ കിടപ്പറയും അതിവിശാലമായ ബാൽക്കണിയും 1800 ചതുരശ്ര അടിയിൽ ഒരുക്കിയതാണ് പ്രസിഡൻഷ്യൽ സ്വീറ്റ്. വിശ്രമത്തിനും ഉച്ചഭക്ഷണത്തിനും ശേഷം റിസോർട്ടിലെ കാഴ്ചകൾ കാണാമെന്ന് അലക്‌സ് ഞങ്ങളോട് പറഞ്ഞു. ലക്ഷ്വറി വാലി വ്യൂ മുറിയിലാണ് ഞങ്ങളുടെ താമസമൊരുക്കിയിരിക്കുന്നത്. ലക്ഷ്വറി വാലി വ്യൂ ആണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മുറി.

പ്രസിഡൻഷ്യൽ സ്വീറ്റിന്റെ ലിവിങ് റൂമും ജക്കൂസിയോടു കൂടിയ കിടപ്പറയും

മറ്റ് പല മലയോര റിസോർട്ടുകളിൽ നിന്നും തീർത്തും ഭിന്നമാണ് ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ടിലെ മുറികൾ. ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ചുള്ള എൻട്രി. അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ സിംഹാസനങ്ങൾ പോലുള്ള വെൽവെറ്റ് ഇരിപ്പിടങ്ങളും സോഫകളുമാണ് നമ്മെ എതിരേൽക്കുക. എല്ലാം തേക്കു തടികൾ കൊണ്ട് നിർമ്മിച്ചവ. രാജകീയ വസതികളിലെന്നപോലെയുള്ള വലിയ നാലു തൂണുകളുള്ള കട്ടിൽ. പലയിടങ്ങളിലായി പ്രൗഢസുന്ദരമായ ധാരാളം സ്റ്റോറേജ് ഇടങ്ങൾ. മരം കൊണ്ടുള്ള വലിയ അലമാരകൾ. റൂമിലെ ഫ്രിഡ്ജ് പോലും തേക്കു തടി കൊണ്ട് നിർമ്മിച്ച കൊത്തുപണികളുള്ള മരത്തിന്റെ ഫർണീച്ചറിനുള്ളിലാണ് ഒതുക്കിയിരിക്കുന്നത്. കാരെക്കുടിയിലെ പഴയ ജന്മിഗൃഹങ്ങളിൽ മാത്രം കണ്ടിട്ടുള്ള, ഹാൻമെയ്ഡ് ടൈലുകളാണ് താഴെ വിരിച്ചിരിക്കുന്നത്. പഴയ ഏതോ കൊട്ടാരത്തിലെത്തിയ പോലുള്ള പ്രതീതി.

പക്ഷേ ആധുനിക സംവിധാനങ്ങൾക്കൊന്നും ഒരു കുറവുമില്ല. അത്യാധുനിക സംവിധാനങ്ങളെല്ലാമുള്ള വിശാലമായ ബാത്ത് റൂമും അനുബന്ധ സംവിധാനങ്ങളും. റൂമിന്റെ ഒരു വശത്ത് പൂർണമായും ടഫ്ൻഡ് ഗ്ലാസുകൊണ്ടാണ് ഭിത്തി നിർമ്മിച്ചിട്ടുള്ളത്. കർട്ടനുകൾ ഇരുവശത്തേക്കും നീക്കിയാൽ മുന്നിൽ തെളിയുന്നത് കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളുടേയും താഴ് വാരത്തിന്റെ അതിസുന്ദരമായ ദൃശ്യം. ഗ്ലാസുകൾക്കിടയിൽ വിശാലമായ ബാൽക്കണിയിലേക്കുള്ള കവാടം നൽകിയിട്ടുണ്ട്. ബാൽക്കണിയിൽ മരം കൊണ്ടു നിർമ്മിച്ച ഇരിപ്പിടങ്ങളും മേശകളും നമ്മെ എതിരേൽക്കുന്നു. ഒരു കപ്പ് കാപ്പി നുകർന്നുകൊണ്ട് താഴ്‌വാരത്തിലെ സുന്ദര ദൃശ്യങ്ങളിലേക്ക് കണ്ണുനട്ട് അൽപനേരമിരുന്നു. അപ്പോഴേയ്ക്കും അലക്‌സ് ഉച്ചഭക്ഷണത്തിനായി വന്നു വിളിച്ചു.

റൂമിന്റെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ച

റിസോർട്ടിന്റെ ഏറ്റവും താഴത്തെ നിലയിലാണ് റസ്റ്റോറന്റും സ്പായുമൊക്കെ ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയിൽ നിന്നും താഴേയ്ക്ക് ഇറങ്ങുമ്പോൾ തന്നെ കല്ലുവിരിച്ച പാതയും അതിനു ചുറ്റുമുള്ള സുന്ദരമായ പുൽത്തകിടിയും അതിഥികൾക്ക് റസ്റ്റോറന്റിനു പുറത്തിരുന്ന് സംസാരിക്കാനായി ഒരുക്കിയിട്ടുള്ള ചെറിയ തുറന്ന മന്ദിരങ്ങളും ശ്രദ്ധയിൽപ്പെടും. മുപ്പതോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന സുന്ദരമായ റസ്റ്റോറന്റാണ് ഈ റിസോർട്ടിന്റേത്. അവിടെയുമുണ്ട് രാജകീയ പ്രൗഢിയുടെ അടയാളങ്ങൾ. ബുഫേയ്ക്കായുള്ള പ്രത്യേക ഇടം സജ്ജമാക്കിയിരിക്കുന്നു. മൾട്ടി കുസീൻ റസ്റ്റോറന്റാണ് ഇത്. അലക്‌സ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിരിക്കുന്നു. അതീവരുചികരമായ ഊണിനുശേഷം അലക്‌സിനൊപ്പം റിസോർട്ട് കാണാനുള്ള നടത്തം.

മൂന്നാർ ചിന്നക്കനാലിലുള്ള ഒലിവ് ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ട് & സ്പാ

പ്രസിഡൻഷ്യൽ സ്വീറ്റ് റൂമിലേക്കായിരുന്നു ആദ്യ യാത്ര. തീർത്തും സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സ്വീറ്റ് ആണത്. എക്‌സ്‌ക്ലൂസീവായി ഒരൊറ്റ ഗോവണിയിലൂെട മാത്രം എത്തിച്ചേരാനാകുന്ന ഇടമാണത്. മുറിക്കുള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് അത്യാധുനിക സംവിധാനങ്ങളുടെ ജക്കൂസിയും അതിനപ്പുറമുള്ള കിടക്കയുമാണ്. പ്രൗഢസുന്ദരമായ ഒരു ബാർ ടേബിളും മരം കൊണ്ട് രണ്ടായി തിരിച്ച ഇടവും. അതിനപ്പുറമുള്ള ഇടം വലിയ സിംഹാസനങ്ങൾ പോലുള്ള ചെയറുകളാണ്. മുറിയിൽ രണ്ടുവശത്തും രണ്ട് വലിയ എൽഇഡി ടെലിവിഷനുകൾ നൽകിയിരിക്കുന്നു. കിടക്കയിൽ കിടന്നോ ലിവിങ് റൂമിലിരുന്നോ അതിഥികൾക്ക് കാഴ്ചകൾ ആസ്വദിക്കാം. റിസോർട്ടിന്റെ എല്ലാ മുറികളും തീമാറ്റിക് ആയി നൽകിയിരിക്കുന്ന വലിയ സൂര്യകണ്ണാടികൾ ഇവിടെയുമുണ്ട്. 1800 ചതുരശ്ര അടിയുള്ള വലിയൊരു ഭവനം തന്നെയാണിത്. മുറിയുടെ ഒരു വശത്തെ കാഴ്ചകൾ ടഫ്ൻഡ് ഗ്ലാസിലൂടെ പൂർണമായും താഴ്‌വാര ദൃശ്യത്തിലേക്ക് തന്നെയാണ് കണ്ണുതുറക്കുന്നത്. മേഘപാളികളുടെ നർത്തനങ്ങൾ നടക്കുകയായിരുന്നു ആകാശനീലിമയിൽ അപ്പോൾ.

ഏലത്തോട്ടത്തിലൂടെ പ്രഭാത നടത്തം

എത്ര പെട്ടെന്നാണ് ഇവിടെ കാലാവസ്ഥ മാറിമറിഞ്ഞു വരുന്നത്. 53,000 രൂപയാണ് ഈ പ്രസിഡൻഷ്യൽ സ്വീറ്റിലെ രണ്ടു രാത്രികളിലെ താമസത്തിന് അതിഥികൾ നൽകേണ്ടത്. പരമ്പരാഗത സ്വാഗതം, വെൽകം ഡ്രിങ്ക്, പ്രഭാതഭക്ഷണം, ഒരു രാത്രിയിലെ കാൻിൽ ലൈറ്റ് ഡിന്നർ (ഇത് റസ്റ്റോറന്റിലോ പൂന്തോട്ടത്തിലെ വുഡ് ഹൗസിലോ റൂമിനകത്തോ റൂമിന്റെ ബാൽക്കണിയിലോ ആകാം), ഫ്‌ളവർ ബെഡ്, ബദാം മിൽക്, സ്‌പെഷ്യൽ ഹണിമൂൺ കേക്ക്, ഫ്രൂട്ട് ബാസ്‌കറ്റ്, മിനിബാറി ന്റെ സൗജന്യ ഉപയോഗം, മുനിയറയിലേക്കും വ്യൂപോയിന്റുകളിലേക്കും ഫോട്ടോപോയിന്റുകളിലേക്കും ഗൈഡിനൊപ്പമുള്ള സഞ്ചാരം), ഇൻഡോർ ഗെയിംസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സംശയിക്കേണ്ട, അതിസുന്ദരമായ ഒരു രാജകീയ വാസത്തിന് ആ തുക ഒട്ടും തന്നെ കൂടുതലല്ല തന്നെ.


ഹണിമൂൺ ലക്ഷ്വറി വാലി വ്യൂ റൂമിലുമുണ്ട് പ്രൗഢസുന്ദരമായ ജക്കൂസി. ലിവിങ് റൂം പ്രത്യേകമായി തിരിച്ചിട്ടില്ലെന്നതും പ്രസിഡൻഷ്യൽ സ്വീറ്റിനോളം പോന്ന വിശാലതയുമില്ലെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറികളിലേക്ക് വലുപ്പമുണ്ട് ഇവയ്ക്ക്. എല്ലാ മുറികളിലും തന്നെ ആഡംബര ഹോട്ടലുകളിലെന്നപോലുള്ള എല്ലാ സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നുമുണ്ട് ഇവിടെ. ആവശ്യത്തിനനുസരിച്ച കെറ്റിൽ ഉപയോഗിച്ച് ചൂടുപാനീയങ്ങൾ കഴിക്കാം. ഫ്രിഡ്ജിൽ സോഫ്റ്റ് ഡ്രിങ്ക്‌സും സ്‌നാക്‌സുകളുമെല്ലാം നൽകിയിരിക്കുന്നു.

ഫയർപ്ലേസിൽ അത്താഴത്തിനു മുമ്പ്‌
പ്രൗഢസുന്ദരമാണ് മുറികൾ

രണ്ടു രാത്രിയിലെ താമസത്തിന് 23,999 രൂപയാണ് ഈടാക്കുന്നത്. ഒരു രാത്രിയിലെ കാൻഡിൽ ലൈറ്റ് ഡിന്നറും ഫ്‌ളവർ ബെഡും സ്‌പെഷ്യൽ ഹണിമൂൺ കേക്കും മുനിയറയിലും പരിസരങ്ങളിലേക്കുമുള്ള സഞ്ചാരം, ഇൻഡോർ ഗെയിമുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇൻഡോർ ഗെയിമുകൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതും ഫയർ പ്ലേസ് ഒരുക്കിയിരിക്കുന്നതും ഒന്നാം നിലയിൽ തന്നെയാണ്. സ്‌നൂക്കറും ഹാൻഡ് ഫുട്‌ബോളും ക്യാരംസും ചെസ്സുമെല്ലാം ഇവിടെയാകാം. സ്പാ ഏറ്റവും താഴെയുള്ള ഇടത്താണ്. സ്വകാര്യത പൂർണമായും മാനിക്കുന്നതിന് ഈ റിസോർട്ട് വലിയ പരിഗണനയാണ് കൊടുക്കുന്നതെന്ന് വ്യക്തം. റിസോർട്ടിന്റെ രണ്ടാം ഘട്ട വികസനത്തിൽ വിശാലമായ ഒരു നീന്തൽക്കുളവും ഒരുക്കുമെന്ന് അലക്‌സ് ഞങ്ങളോട് പറഞ്ഞു. വൈകുന്നേരം അതിസുന്ദരമായ ഒരു ദൃശ്യവിരുന്നാണ് റിസോർട്ടിൽ ഒരുങ്ങിയത്. കമനീയമായ എൽഇഡി ലാമ്പുകൾ എല്ലായിടത്തും തെളിഞ്ഞപ്പോൾ കൊട്ടാരത്തിന്റെ പ്രൗഢി ഒന്നു കൂടി ഈ മന്ദിരത്തിന് ദൃശ്യമായി. ദൂരെ സായന്തനത്തിന്റെ ചുവപ്പുപരത്തിക്കൊണ്ട് നിലകൊള്ളുന്ന അസ്തമയത്തിന്റെ വിസ്മയദൃശ്യം.

രാത്രിയിലെ സമൃദ്ധമായ ഭക്ഷണത്തിനുശേഷം അൽപനേരം ഞങ്ങൾ ഫയർപ്ലേസിൽ തീകാഞ്ഞ് തണുപ്പകറ്റിയിരുന്നശേഷം ഉറക്കത്തിലേക്ക് പ്രവേശിച്ചു. താഴ് വാരത്തിലൂടെ വീശിയടിക്കുന്ന കാറ്റിന്റെ മർമ്മരം കേൾക്കാം. അടുത്ത ദിവസം രാവിലെ റിസോർട്ടിനരികിലുള്ള, റിസോർട്ടിന്റെ ഭാഗമായ ഏലത്തോട്ടത്തിലൂടേയും പശുവളർത്തൽ ഫാമിലൂടെയും യാത്ര ആകാമെന്നും ഇവിടെ നിന്നും തൊട്ടടുത്തുള്ള ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തു കൂടിയും പണ്ട് കാലത്ത് മുനികൾ തപസ്സനുഷ്ഠിച്ചിരുന്നതെന്ന് കരുതപ്പെടുന്ന മുനിയറകളിലേക്കും ചതുരംഗപ്പാറയിലേക്കുമൊക്കെ യാത്ര ചെയ്യാമെന്നും അലക്‌സ് ഞങ്ങളോട് പറഞ്ഞു. ബെൻസ് വി ക്ലാസിന്റെ ഷൂട്ട് ആ യാത്രകളിലാക്കാമെന്ന് ഞങ്ങളും കരുതി. ഫാം ടൂറിസത്തിന് സവിശേഷമായ പ്രാധാന്യം നൽകിക്കൊണ്ടാണ് റിസോർട്ടിന്റെ പ്രവർത്തനമെന്ന് അലക്‌സ് പറഞ്ഞു.

സ്‌നൂക്കറിനു പുറമേ ഹാൻഡ് ഫുട്‌ബോൾ, ക്യാരംസ്, ചെസ്സ് തുടങ്ങിയ ഗെയിമുകളും

പ്രഭാതകിരണങ്ങൾ മുറിക്കുള്ളിലേക്കെത്തിയപ്പോഴാണ് ഉറക്കമുണർന്നത്. രാത്രി സുഖമായി ഉറങ്ങി. നേരം പുലർന്നതേ അറിഞ്ഞില്ല. കർട്ടൻ നീക്കി ചില്ലുപാളിയിലൂടെ കണ്ണുപായിച്ചപ്പോൾ കോടമഞ്ഞിൽ മുങ്ങിക്കുളിച്ച മലനിരകളാണ് കണ്ടത്. ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ കോട മടിത്തട്ടിലിൽ വന്നുപോകുന്നതു പോലെ തോന്നി. മുമ്പൊരിക്കലും മൂന്നാറിൽ ഇതുപോലൊരു കാലാവസ്ഥ അനുഭവിച്ചതായി ഓർക്കുന്നില്ല. അരിച്ചിറങ്ങുന്ന തണുപ്പിനൊപ്പം ചന്നംപിന്നം പെയ്യുന്ന നൂൽമഴ. സൂര്യകിരണങ്ങൾ കാണുവാൻ തന്നെ അൽപസമയമെടുത്തു. അപ്പോഴാണ് അലക്‌സ് മുന്നിൽ നിൽക്കുന്നത് അറിയുന്നത്. പ്രാതൽ തയാറായ വിവരം അലക്‌സ് അറിയിച്ചു. റസ്റ്റോറന്റിലെത്തി ഭക്ഷണം കഴിക്കാനിരിരുന്നു. പ്രാതൽ കഴിക്കുമ്പോഴും ഞങ്ങളുടെ ദൃഷ്ടികൾ പ്രകൃതിയുടെ ആ വശ്യമായ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു. അടിവാരം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. മലനിരകൾക്കിടയിലൂടെ സൂര്യകിരണങ്ങൾ തട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന പ്രഭാവലയങ്ങൾ. എത്ര നയനമനോഹരമായ കാഴ്ചയാണത്.

പ്രഭാതത്തിൽ ഏലത്തോട്ടത്തിലെ കാഴ്ച

”ഇവിടെ 365 ദിവസത്തിൽ 280 ദിവസവും ഇതുപോലെ തന്നെയാണ്. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ്,” അലക്‌സ് പറഞ്ഞു. നേരെ നോക്കുമ്പോൾ ഒരു പൊട്ടുപോലെ രാജകുമാരി പള്ളി കാണാം. താഴെ പച്ചപ്പരവതാനി വിരിച്ചപോലെ പാടശേഖരം. മൂന്നാറിന്റെ കുട്ടനാട് എന്ന് വിശേഷിപ്പിക്കാനകുന്ന ഭാഗമാണ് ഇത്. രുചികരമായ പ്രാതലിനുശേഷം മലമുകളിൽ റിസോർട്ടിനോട് ചേർന്നു കിടക്കുന്ന ഒലിവ് ഗ്രൂപ്പിന്റെ വിശാലമായ ഏലത്തോട്ടത്തിലേക്കാണ് ഞങ്ങളുടെ സഞ്ചാരം. ഏലത്തോട്ടത്തിലൂടെയുള്ള നടത്തത്തിന് തയാറായി ഞങ്ങൾ. അതിസുന്ദരമായി പരിപാലിക്കപ്പെട്ടിട്ടുള്ള ഏലത്തോട്ടമാണ് റിസോർട്ടിലേത്.

ഏലംപറിക്കുന്ന കാഴ്ച

ഏലത്തോട്ടത്തിൽ നിന്നും ഏലം പറിക്കുന്നതും സംസ്‌കരിക്കുന്നതുമായ കാഴ്ചകളും പശുക്കളെ പരിപാലിക്കുന്ന കാഴ്ചകളുമൊക്കെയാണ് കാണാനുള്ളത്. ഏലത്തോട്ടത്തിലെ കാഴ്ചകൾ കാണിക്കുന്നതിനായി ഏലത്തോട്ടം പരിപാലിക്കുന്ന രാജൻ ചേട്ടൻ അലക്‌സിനൊപ്പം ഞങ്ങൾക്കൊപ്പം വരുന്നുണ്ട്. തലയ്ക്കു മുകളിൽ ഇരുവശത്തും ഉയർന്നു നിൽക്കുന്ന വലിയ ഏലച്ചെടികൾക്കു താഴെ കരിമ്പച്ച നിറത്തിൽ വിളവെടുക്കാൻ തയാറായി ഏലയ്ക്ക നിൽക്കുന്നു. ഏലത്തിന്റെ വേരുകൾ പോലെ തോന്നിക്കുന്ന ശരം മുകളിലേക്ക് വളർന്നാണ് അതിൽ ഏലയ്ക്കാകൾ ഉണ്ടാകുന്നത്. പരിസ്ഥിതിയ്ക്കും കൃഷിയ്ക്കുമൊക്കെ വലിയ പ്രാധാന്യം നൽകുന്ന ബിൽഡർ ഗ്രൂപ്പാണ് ഒലിവ് എന്നതിനാൽ റിസോർട്ടിനു ചേർന്നുള്ള ഏലത്തോട്ടവും പശുവളർത്തൽ കോഴി വളർത്തൽ ഇടവുമൊക്കെ ഞങ്ങളിൽ അമ്പരപ്പൊന്നും സൃഷ്ടിച്ചില്ല. പ്രദേശവാസികളായ സ്ത്രീകളാണ് ഏലത്തോട്ടത്തിൽ പണിയെടുക്കുന്നവർ ഏറെയും. അവർ ഏലം പറിക്കുന്ന രീതി ഞങ്ങൾക്ക് പറഞ്ഞു തന്നു. പിന്നെ ഒരു വെച്ചൂർ പശുവടക്കം നിരവധി പശുക്കളുള്ള ഗോശാലയിലേക്ക്.

രാജൻ ചേട്ടൻ പശു ഫാമിൽ

റിസോർട്ടിന് സമീപത്തു തന്നെയുള്ള മുനിയറകൾ കാണാൻ മഹീന്ദ്രയുടെ പഴയ ജീപ്പിലായിരുന്നു യാത്ര. മലനിരകളിൽ നിന്നുകൊണ്ട് മുനിയറകളുടെ കാഴ്ചകൾ ഞങ്ങൾ കണ്ടു. ഒരു ക്രെയിനു പോലും പൊക്കാനാകാത്തവിധമുള്ള പാറകൾ എങ്ങനെയാകും പ്രാചീനകാലത്ത് മുനികൾ തങ്ങളുടെ തപസ്സനുഷ്ഠിക്കുന്ന തിനായി ഒരുക്കിയിരിക്കുകയെന്ന് ഞങ്ങൾ അത്ഭുതം കൂറി. പിന്നെ ആനയിറങ്കൽ ഡാമിന്റെ പ്രദേശത്തേക്ക് ജീപ്പിൽ തന്നെയുള്ള യാത്ര. ഡാമിൽ വെള്ളം നിറഞ്ഞുനിൽക്കുന്നയിടങ്ങളിലൂടെ ഇപ്പോഴും ജീപ്പോടിക്കാനാകും. കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയായി ഡാമിനകത്തേക്ക് ജീപ്പ് ഇറക്കുകയാണ് അലക്‌സ്. അലക്‌സ് നല്ലൊരു ഓഫ്‌റോഡറാണെന്ന് ജീപ്പോടിക്കുന്ന രീതിയിൽ നിന്നു തന്നെ വ്യക്തം. ഒടുവിൽ ജലാശയത്തിനടുത്ത വാഹനം നിർത്തി ഞങ്ങൾ പുറത്തിറങ്ങി. ദൂരെ ദൃശ്യങ്ങളിൽ കൊളുക്കുമലയും മീശപ്പുലിമലയുടെ ദൃശ്യങ്ങളും. അതിസുന്ദരമായ ആ പ്രകൃതിസുന്ദര ദൃശ്യത്തിന്റെ കാഴ്ച മനസ്സിലേക്ക് ആവോളം നിറയ്ക്കാനു ള്ള ശ്രമത്തിലായിരുന്നു എല്ലാവരും. അഖിൽ അപ്പുവിന്റെ ക്യാമറ ഏതൊരിടത്തും സൗന്ദര്യം തെരയുന്ന തിരക്കിലായിരുന്നു.

ആനയിങ്കൽ ഡാമിലൂടെ
മുനിയറകൾ കാണാനുള്ള യാത്ര
ആനയിങ്കൽ ഡാമിൽ നിന്നും കൊളുക്കുമലയുടെ വിദൂരദൃശ്യം

ഉച്ചയോടെ ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങിയെത്തി. അപ്പോഴേയ്ക്കും വിഭവസമൃദ്ധമായ ഭക്ഷണം ഞങ്ങൾക്കായി തയാറായിക്കഴിഞ്ഞിരുന്നു. രാവിലെ തെളിഞ്ഞു നിന്നിരുന്ന വെയിലും താഴ്‌വാരവുമെല്ലാം പതിയെ കോടമഞ്ഞിനും മഴയ്ക്കും വഴിമാറുകയായിരുന്നു അപ്പോൾ. കാറ്റ് നൃത്തം ആരംഭിച്ചു. മഴയും മഞ്ഞും താഴ്‌വാരത്തിന്റെ വിശാലതയിൽ സഹ്യനിരകളിൽ ഒളിച്ചുകളിക്കാൻ തുടങ്ങി. പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യവും ഒരിടത്തിന് കനിഞ്ഞുനൽകിയിരിക്കുന്നുവെന്നു വ്യക്തം. ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം തിരികെ മടങ്ങാനൊരുമ്പോൾ കാഴ്ചയുടെ ഈ ഏകാന്തസുന്ദരയിടം ഹൃദയത്തിലേക്ക് ആവാഹിച്ചു കഴിഞ്ഞിരുന്നു ഞങ്ങൾ. ഇനിയും ഇവിടേയ്ക്ക് വീണ്ടും ഒരുനാൾ എത്തുമെന്ന ഉറപ്പിൽ ഒടുവിൽ മനസ്സില്ലാമനസ്സോടെ ബെൻസ് വി ക്ലാസിലേക്ക്….$

Olive Golden Ridge resort and Spa
Periyakanal, Chinnakanal P O, Munnar, Kerala-685618

Ph: 94466 49800, 94462 79800,
94465 49800, +91 4868 249600
Web: www.goldenridgemunnar.com
Email: info@goldenridgemunnar.com,
reservation@goldenridgemunnar.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>