Test Drive: Porsche Panamera
October 16, 2019
Mercedes-Benz G 350 d launched in India at Rs. 1.5 crores!
October 16, 2019

Wrestling with Nature: Journey of a 67 year old Malayalee wrestler to Ladakh in a Hero Honda Karizma ZMR

അറുപത്തിയേഴാം വയസ്സിൽ തിരുവനന്തപുരത്തു നിന്നും ലഡാക്കിലേക്കും തിരിച്ചും 8951 കിലോമീറ്റർ ദൂരം സഞ്ചരിച്ച് മടങ്ങിയെത്തിയിരിക്കുന്നു തിരുവനന്തപുരത്തുകാരനായ പഴയ കെഎസ്ഇബി എഞ്ചിനീയർ മധുസൂദനൻ പി. 24 ദിവസം നീണ്ട യാത്രയ്ക്ക് തുണയായത് 2009 മോഡൽ ഹീറോ ഹോണ്ട കരിസ്മ ഇസഡ് എം ആർ.

എഴുത്ത്: ജെ ബിന്ദുരാജ്

സംസ്ഥാന ഗുസ്തിമത്സരത്തിൽ അഞ്ചു തവണ ചാമ്പ്യനായിരുന്നു തിരുവന ന്തപുരത്തുകാരനായ പി മധുസൂദനൻ. 1977 മുതൽ 1985 വരെ സജീവമായി ഗോദയിൽ തിളങ്ങിയ ദേഹം. പക്ഷേ ഗുസ്തിക്കു പുറമേ, മറ്റൊരു ഇഷ്ടം കൂടി മനസ്സിൽ താലോലിച്ചുകൊണ്ടു നടന്നിരുന്നു അദ്ദേഹം. വൈദ്യുതി ബോർഡിൽ നിന്നും 2007 ഫെബ്രുവരിയിൽ വിരമിച്ചശേഷമാണ് ബൈക്ക് റൈഡറായി ഒരു രണ്ടാം ജന്മം മധുസൂദനൻ എടുക്കുന്നത്. 1970-ൽ തന്റെ പതിനാറാം വയസ്സിൽ ഐഡിയൽ ജാവയിൽ ബൈക്ക് റൈഡിങ് പഠിക്കുകയും 1974-ൽ ജ്യേഷ്ഠൻ പി രാജുവിനൊപ്പം ഐഡിയൽ ജാവയിൽ ഓൾ കേരളാ ടൂറിന് പോകുകയും ചെയ്ത അദ്ദേഹം വീണ്ടും ബൈക്ക് റൈഡറായി മാറി. വിരമിച്ച് അഞ്ചു വർഷത്തിനുശേഷം 2012ൽ ബുള്ളറ്റ് 350യിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്ക് യാത്ര നടത്തിയ അദ്ദേഹം 2019 ഓഗസ്റ്റിൽ തന്റെ അറുപത്തേഴാം വയസ്സിൽ മറ്റൊരു യാത്ര കൂടി നടത്തി തിരിച്ചെത്തിയതേയുള്ളു. തിരുവനന്തപുരത്തു നിന്നും ലഡാക്കിലേക്കും തിരിച്ചും 2009 മോഡൽ ഹീറോ ഹോണ്ട കരിസ്മ ഇസഡ് എം ആറിൽ 24 ദിവസം നീണ്ട ഒരു യാത്ര. മഴയും ചെളിയും മഞ്ഞുമെല്ലാം കടുത്ത പ്രതിബന്ധങ്ങൾ ഒരുക്കിയിട്ടും 8951 കിലോമീറ്റർ ദൂരം യാത്ര ചെയ്തു അദ്ദേഹം.

”ബൈക്കിലുള്ള യാത്ര എനിക്ക് പണ്ടേ ഹരമായിരുന്നു. 1974ൽ ജ്യേഷ്ഠനായ രാജുവിനൊപ്പം നടത്തിയ കേരള പര്യടനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇടുക്കി ആർച്ച് ഡാം കമ്മീഷൻ ചെയ്യുന്നതിനു മുമ്പേ തന്നെ അത് കാണണമെന്നുള്ളതായിരുന്നു. തിരുവന ന്തപുരത്തു നിന്നും കോഴിക്കോടു വരേയ്ക്കും അവിടെ നിന്നും കുമളി വഴി ഇടുക്കിയിലേക്കും തിരിച്ചും ഒരാഴ്ച നീളുന്ന യാത്രയായിരുന്നു അത്. അന്നെനിക്ക് ബൈക്കോടിക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടില്ലായിരുന്നുവെങ്കിലും ഐഡിയൽ ജാവ പകുതി ദൂരവും ഓടിച്ചത് ഞാനായിരുന്നു. ചെറുപ്പത്തിലെ ആ ആവേശം ഇന്നും മനസ്സിലുള്ളതിനാലാണ് പുതിയ പുതിയ ബൈക്ക് യാത്രകൾ പദ്ധതിയിട്ടുകൊണ്ടേയിരിക്കുന്നത്,” മധുസൂദനൻ പറയുന്നു. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാനാകാണ് പൊതുവേ മധുസൂദനന് താൽപര്യം. വന്യജീവി ഫോട്ടോഗ്രഫിയിലും വലിയ കമ്പമുള്ളതിനാൽ ഫോട്ടോഗ്രഫിക്കായി കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളിലെങ്കിലും ഇടയ്ക്കിടെ യാത്ര പോകാറുണ്ട് അദ്ദേഹം.

Madhusoodanan during his wrestling days (Winner)

പ്രായം അറുപത്തേഴ് വയസ്സു കഴിഞ്ഞുവെങ്കിലും അനാരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ മധുസൂദനനെ അലട്ടുന്നില്ല. ദീർഘദൂര യാത്രകൾ പോകുംമുമ്പ് കൃത്യമായ ആസൂത്രണവും ഭക്ഷണക്രമവുമൊക്കെ അദ്ദേഹം പാലിക്കാറുമുണ്ട്. ”കാലാവസ്ഥ അടക്കം പരിശോധിച്ചശേഷമാണ് ദീർഘദൂര യാത്ര ഞാൻ പദ്ധതിയിടാറുള്ളത്. ഭക്ഷണത്തിന് പല നിയന്ത്രണങ്ങളും വയ്ക്കും. ചില ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കും. താമസിക്കാനുള്ള ഇടങ്ങൾ നേരത്തെ ഓയോ റൂംസിലൂടെ ഓൺലൈനായി ബുക്ക് ചെയ്തശേഷമേ ഇപ്പോൾ യാത്ര തിരിക്കാറുള്ളു. നേരത്തെ ഭൂപടം നോക്കിയായി രുന്നു യാത്രാപഥമെങ്കിൽ ഇപ്പോൾ ഒരു ടാബിൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചാരം,” മധുസൂദനൻ പറയുന്നു.

Madhusoodanan in Ladakh

മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെയാണ് ലഡാക്കിലേക്കുള്ള സഞ്ചാരമെന്നതിനാലാണ് ഇത്തവണത്തെ യാത്രയ്ക്ക് മധു ഹീറോ ഹോണ്ട കരിസ്മ തെരഞ്ഞെടുത്തത്. ”മറ്റു പല ബൈക്കുകളും മഞ്ഞിൽ പണിമുടക്കിയ അനുഭവം പലരും പറഞ്ഞ് എനിക്കറിയാമാ യിരുന്നു. എന്തായാലും കടുത്ത മഞ്ഞുവീഴ്ചയുള്ള റോത്തങ് പാസ്സിൽ പോലും കരിസ്മ എന്നെ ചതിച്ചില്ല. മഞ്ഞും ചെളിയുമൊക്കെ നദി പോലെ ഒഴുകി വരുന്നയിടങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ ഒരിക്കൽ പോലും ബൈക്കിൽ നിന്നും ഞാൻ വീണതുമില്ല,” മധു പറയുന്നു.

2012ൽ ബുള്ളറ്റിൽ കശ്മീരിലേക്ക് കന്യാകുമാരിയിൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ രണ്ട് സ്ഥലങ്ങളുടെ സന്ദർശനമായിരുന്നു മധുവിന്റെ മനസ്സിനെ മഥിച്ചിരുന്നത്. അതിലൊന്ന് ജാലിയൻവാലാബാഗ് ആയിരുന്നു. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണയർപ്പിക്കുകയും ചെയ്ത ഇന്ത്യൻ ജനതയെ ജനറൽ ഡയർ കൂട്ടക്കൊല ചെയ്ത മണ്ണാണല്ലോ അത്. രണ്ടാമത്തെ സ്ഥലം മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ അജന്ത ഗുഹകളായിരുന്നു. ”ബിസി രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട അപൂർവസുന്ദരമായ ഒരു അത്ഭുതമാണല്ലോ അജന്ത ഗുഹകൾ. 75 മീറ്റർ നീളമുള്ള പാറക്കെട്ടിൽ അതീവ കൃത്യതയോടെ കൊത്തിയെടുക്കപ്പെട്ട ശിൽപങ്ങളാണ് ആ ഗുഹയിലുള്ളത്. ബുദ്ധമതസന്ന്യാസികൾ മഴക്കാലങ്ങളിൽ താമസിച്ചിരുന്ന ഇടങ്ങളായിരുന്നു അവ. പാറയ്ക്കുള്ളിൽ തുരന്നെടുക്കപ്പെട്ടിട്ടുള്ള ഇവിടത്തെ മന്ദിരങ്ങൾ അക്കാലത്തെ മനുഷ്യന്റെ എഞ്ചിനീയറിങ് വൈദഗ്ധ്യമാണ് കാണിക്കുന്നത്. ഒന്നും ചെയ്യാത്ത നമ്മളൊക്കെ എത്ര നിസ്സാരന്മാരാണ് മനസ്സിലാക്കാൻ കൂടിയാണ് പലപ്പോഴും ഇത്തരം യാത്രകൾ ഞാൻ നടത്തുന്നത്,” മധു തന്റെ യാത്രകൾക്ക് പിന്നിലുള്ള തത്വശാസ്ത്രം വെളിപ്പെടുത്തുകയാണ്.

Ajanta caves in Maharashtra

ഒറ്റപ്പോക്കിന് 600 കിലോമീറ്റർ ദൂരം വരെ മധു ബൈക്കിൽ താണ്ടാറുണ്ട്.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ലഡാക്കിലേക്ക് യാത്ര പദ്ധതിയിടുമ്പോൾ മധുവിന്റെ മനസ്സിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം കിഴക്കൻ ലഡാക്കിലെ ഹെമിസ് നാഷണൽ പാർക്ക് സന്ദർശിക്കുകയായിരുന്നു. മഞ്ഞുപുലികൾക്ക് പേരുകേട്ട പ്രദേശമാണ് ഇത്. ഹിമാലയത്തിന്റെ വടക്കൻ ഭാഗത്തുള്ള ഏക നാഷണൽ പാർക്ക് കൂടിയാണ് അത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി സസ്തനികളുടെ ആവാസവ്യവസ്ഥ കൂടിയാണത്രേ അത്.

”പക്ഷേ ഹെമിസ് നാഷണൽ പാർക്കിലെത്തി നാലു ദിവസം അവിടെ തങ്ങാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. പതിവു തെറ്റിയുള്ള മഴയും മഞ്ഞുരുകലുമെല്ലാം മൂലം കനത്ത നാശനഷ്ടങ്ങളാണ് ആ പ്രദേശത്ത് ഓഗസ്റ്റിൽ ഉണ്ടായത്. മുന്നറിയിപ്പ് ലഭിച്ചയുടനെ തന്നെ അവിടെ നിന്നും 4500 കിലോമീറ്റർ തിരിച്ച് ഞാൻ ഓടിക്കാനാരംഭിച്ചു. ലാസയിലൂടെ ഞാൻ ബൈക്കോടിക്കുമ്പോൾ എനിക്കതിന് കഴിഞ്ഞത് എന്റെ തൊട്ടു മുന്നിൽ ഒരു ജെസിബിയും ടിപ്പറും സഞ്ചരിച്ചിരുന്നതിനാൽ മാത്രമാണ്. പലയിടത്തും റോഡുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു. പക്ഷേ ഒരു പ്രതിസന്ധിയിലും എന്റെ മനസ്സു തളർന്നില്ല,” മധുസൂദനൻ പറയുന്നു. ലഡാക്ക് യാത്രയ്ക്ക് മൊത്തം ചെലവായത് 70,000 രൂപയാണ്. അതിൽ പെട്രോൾ ചെലവായ 16,000 രൂപയും ഉൾപ്പെടുന്നു.

ഭാര്യ പുഷ്‌കലയേയും കൊണ്ട് ടിബറ്റൻ പ്രദേശത്തുള്ള പങ്ങോങ് തടാകത്തിലേക്ക് ഒരു ബൈക്ക് യാത്രയാണ് ഇപ്പോൾ മധുവിന്റെ മനസ്സിൽ. ”സ്വർഗതുല്യമായ ഈ പ്രദേശം ഭാര്യയെക്കൂടി കാണിച്ചുകൊടുക്കമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” ഭാര്യ പുഷ്‌കലയ്ക്കും ഭർത്താവിനൊപ്പമുള്ള ബൈക്ക് സഞ്ചാരങ്ങൾ ഹരമാണ്. ഇപ്പോൾ അറുപതു വയസ്സുള്ള പുഷ്‌കലയേയും കൊണ്ട് അറുപത്തേഴുകാരനായ മധുസൂദനൻ അടുത്ത യാത്ര ആരംഭിക്കുന്നതിനായി ഇനി കാത്തിരിക്കാം. മക്കളായ അതുൽ കാർത്തിക്കും അഖിൽ ശംഭും മരുമകളായ ഐശ്വര്യയും മധുവിന്റെ യാത്രകൾക്കെല്ലാം കട്ട പിന്തുണയാണ് നൽകുന്നത്. അഖിലിന് അച്ഛന്റെ പോലെ യാത്രാഭ്രമവും പിടിപെട്ടുകഴിഞ്ഞിരിക്കുന്നു. എന്തായാലും പ്രായം പാഷനു മുന്നിൽ മുട്ടുകുത്തു മെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് മധുസൂദ നൻ തന്റെ തുടർ യാത്രകളിലൂടെ…$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>