Legacy Continues: Pothens Mahindra, Kochi
June 18, 2019
എക്‌സ്‌ക്ലൂസീവ്: ട്രൂഡിയെത്തി, പപ്പയുടെ പ്രിയപ്പെട്ട ബൈക്കിന്റെ പുതുരൂപം കാണാൻ!
June 21, 2019

Wonder of the seas: A Day in Royal Caribbean Cruise – “Spectrum of the Seas”

Spectrum of the seas

റോയൽ കരീബിയന്റെ ഏറ്റവും പുതിയ ആഡംബര നൗകയായ സ്‌പെക്ട്രം ഓഫ് ദ സീസ് മേയ് 11ന് കൊച്ചിയിലെത്തി. 2019 ഏപ്രിൽ 11-ാം തീയതി നീറ്റിലിറക്കിയ ഈ ജർമ്മൻ നിർമ്മിത നൗക ക്വാണ്ടം അൾട്രാ വിഭാഗത്തിലുള്ള റോയൽ കരീബിയന്റെ ആദ്യ കപ്പലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ആഡംബര നൗകയിൽ സ്മാർട്ട് ഡ്രൈവ് നടത്തിയ യാത്ര.

എഴുത്ത്: ജെ ബിന്ദുരാജ്

ഇന്ത്യയിലേക്കുള്ള ആദ്യ വരവായിരുന്നു സ്‌പെക്ട്രം ഓഫ് ദ സീസിന്റേത്. 2019 ഏപ്രിലിൽ 11ന് നീറ്റിലിറക്കിയശേഷം കൃത്യം ഒരു മാസം തികഞ്ഞ ദിവസമാണ് റോയൽ കരീബിയൻ ക്രൂസിന്റെ ക്വാണ്ടം അൾട്രാ വിഭാഗത്തിൽപ്പെടുന്ന ആഡംബര നൗകയായ സ്‌പെക്ട്രം ഓഫ് ദ സീസ് കൊച്ചിയിൽ മേയ് 11ന് രാവിലെ ഏഴുമണിക്ക് നങ്കൂരമിട്ടത്. കപ്പൽ അതിന്റെ ആദ്യ യാത്രയിൽ കൊച്ചിയിലെത്തുന്ന വിവരം റോയൽ കരീബിയന്റെ ഇന്ത്യൻ പ്രതിനിധി രണ്ടാഴ്ച മുന്നേ തന്നെ സ്മാർട്ട് ഡ്രൈവിനെ അറിയിച്ചിരുന്നു. മുംബയിലായിരുന്നു ഈ ആഡംബരക്കപ്പൽ ഇന്ത്യയിൽ ആദ്യമായി നങ്കൂരമിട്ടത്. ആഡംബര കപ്പലുകളുടെ ഏറ്റവും ഉയർന്ന വിഭാഗമായ ഒയാസിസ് ക്ലാസിന്റെ തൊട്ടുതാഴെയുള്ള വിഭാഗത്തിലാണ് ക്വാണ്ടം അൾട്രാ ക്ലാസിൽപ്പെടുന്ന സ്‌പെക്ട്രം ഓഫ് സീസ് ഉള്ളത്. എറണാകുളം വാർഫിൽ കപ്പൽ അടുത്തയുടനെ തന്നെ സുരക്ഷാപരിശോധനകൾക്കുശേഷം സ്മാർട്ട്‌ഡ്രൈവിനെ കപ്പലിന്റെ ഇന്ത്യൻ പ്രതിനിധിക ളായ തിരുൺ ട്രാവൽ മാർക്കറ്റിങ്ങിന്റെ ഉഷാ തടാനിയും സംഗീത് അഗസ്റ്റിനും അകത്തേക്ക് നയിച്ചു. ഇമിഗ്രേഷൻ കൗണ്ടറിനു പുറത്ത് ഒരുക്കിയിരുന്ന വിസിറ്റർ കൗണ്ടറിൽ ഐ ഡി കാർഡ് നൽകുമ്പോൾ ലഭിച്ച ടാഗുമായിട്ടായിരുന്നു കപ്പലിലേക്കുള്ള പ്രവേശനം.

സ്‌പെക്ട്രം ഓഫ് ദ സീസിലെ രണ്ടു ഡെക്കുകളിലായുള്ള ഡൈനിങ് ഹാളുകളിലൊന്ന്‌

കപ്പലിന്റെ അഞ്ചാം ഡെക്കിലുള്ള 270 ഡിഗ്രി എന്ന ഹാളിൽ കപ്പലിന്റെ ക്യാപ്റ്റൻ ചാൾസ് ടെയ്ജ് ഞങ്ങൾക്കായി കാത്തുനിൽപ്പുണ്ടായിരുന്നു. വിസ്താരമ സാങ്കേതികവിദ്യ ഉപയോഗിച്ച് പനോരമിക് വിൻഡോകളിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനാകുന്ന ഇടമാണത്. സമുദ്രത്തിന്റെ 270 ഡിഗ്രി വ്യൂ ലഭിക്കുന്ന സ്ഥലം കൂടിയാണത്. അത്യാധനിക പ്രൊജക്ടർ സ്‌ക്രീൻ സംവിധാനങ്ങളുള്ള ഈ തകർപ്പൻ തീയേറ്റർ സമുച്ചയത്തിലെ വേദിയിലായിരുന്നു ക്യാപ്റ്റൻ. നോർവെക്കാരനായ ചാൾസ് ടെയ്ജ് നോർവെയിലെ ട്രാൺഡെം ബിസിനസ് സ്‌കൂളിൽ നിന്നും നാവിഗേഷനിൽ ബിരുദമെടുത്തശേഷം വിവിധ ആഡംബരക്കപ്പലുകളിൽ തൊഴിലെടുത്തശേഷമാണ് റോയൽ കരീബിയനിലെത്തിയത്. ഏറെക്കാലം ക്വാണ്ടം ഓഫ് ദ സീസിന്റെ ക്യാപ്റ്റനായിരു ന്ന ശേഷമാണ് ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ആഡംബരക്കപ്പലായ സ്‌പെക്ട്രം ഓഫ് ദ സീസിന്റെ ക്യാപ്റ്റനായി കഴിഞ്ഞ മാസം നിയമിതനായത്. വെൽകം ഡ്രിങ്ക്‌സിനുശേഷം കപ്പലിന്റെ സവിശേഷതകൾ സ്മാർട്ട് ഡ്രൈവുമായി പങ്കുവയ്ക്കാൻ ക്യാപ്റ്റൻ ഞങ്ങൾക്കൊപ്പമിരുന്നു. സസന്തോഷം കപ്പലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞുകൊണ്ടിരുന്നു.

ക്യാപ്റ്റന്റെ ക്യാബിൻ

ജർമ്മനിയിലെ പാപ്പെൻബെർഗിലുള്ള മേയർ വെഫ്റ്റിലാണ് സ്‌പെക്ട്രം ഓഫ് ദ സീസ് നിർമ്മിച്ചത്. 2017 നവംബർ എട്ടിന് നിർമ്മാണം ആരംഭിച്ച കപ്പലിന്റെ പണി പൂർത്തിയായത് 570 ദിവസങ്ങൾക്കുശേഷം 2019 ഏപ്രിൽ 11നായിരുന്നു. മൊത്തം നിർമ്മാണച്ചെലവ് 1.25 ബില്യൺ അമേരിക്കൻ ഡോളർ. മൊത്തം 18 ഡെക്കുകളുള്ള കപ്പലിൽ യാത്രികർക്ക് 16 ഡെക്കുകൾ ഉപയോഗിക്കാം. ഡീസൽ-ഇലക്ട്രിക് പ്രൊപ്പൽഷൻ എഞ്ചിനാണ് കപ്പലിനുള്ളത്. 22 നോട്ട്‌സ് അഥവാ മണിക്കൂറിൽ 41 കിലോമീറ്റർ വേഗത്തിലാണ് കപ്പൽ സഞ്ചരിക്കുക. മൊത്തം 4905 യാത്രക്കാരെ ഉൾക്കൊള്ളാൻ കപ്പലിനാകും. കപ്പലിലുള്ള 1700 ക്രൂ അംഗങ്ങളിൽ ഇരുനൂറോളം പേർ ഇന്ത്യയിൽ നിന്നുള്ളവരുമാണ്. 1139 അടി അഥവാ 347.11 മീറ്ററാണ് കപ്പലിന്റെ മൊത്തം നീളം. ബഹമാസിലെ തുറമുഖത്താണ് കപ്പൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലോകത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഭക്ഷണപദാർത്ഥങ്ങൾ കപ്പലിൽ ലഭിക്കും. കൊച്ചിയിലെത്തിയ സമയത്ത് 71 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ കപ്പലിലുണ്ടായിരുന്നു. ക്വാണ്ടം അൾട്രാ ക്ലാസിൽ റോയൽ കരീബിയൻ ആദ്യമായി സ്വന്തമാക്കുന്ന കപ്പലാണ് സ്‌പെക്ട്രം ഓഫ് ദ സീസ്.

Skypad

സ്‌കൈ പാഡിൽ ഉഷാ തടാനി ജംപിങ് ഡെമോൺട്രേഷനിൽ

ക്യാപ്റ്റൻ ചാൾസിന് സാങ്കേതിക കാര്യങ്ങൾ പങ്കുവയ്ക്കുന്നതിനേക്കാൾ താൽപര്യം കപ്പലിലെ ഭക്ഷണത്തെപ്പറ്റിയും കലാപ്രകടനങ്ങളെക്കുറിച്ചും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയെപ്പറ്റിയും റോയൽ കരീബിയൻ ആപ്പിനെക്കുറിച്ചുമൊക്കെ പറയാനായിരുന്നു. മൊത്തം ഇരുപതോളം റസ്റ്റോറന്റുകളുണ്ട് സ്‌പെക്ട്രം ഓഫ് ദ സീസിൽ. റോയൽ കരീബിയൻ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്താൽ, കപ്പലിൽ നിങ്ങൾ ഏത് സ്ഥലത്തിരിക്കുകയാണെങ്കിലും, നീന്തൽക്കുളത്തിലോ സൊളേറിയത്തിലോ സ്‌ക്കൈപാഡിലോ റൂമിലോ ആണെങ്കിലും അവിടേയ്ക്ക് ഏതു ഭക്ഷണവും ഓർഡർ ചെയ്യാനാകും. നിങ്ങളുടെ ലൊക്കേഷൻ കൃത്യമായി കണ്ടെത്തി ഭക്ഷണം ജീവനക്കാർ മുന്നിലെത്തിക്കും.

റോബോട്ടിക് കരങ്ങൾ കോക്‌ടെയ്‌ലുകൾ തയ്യാറാക്കുന്ന അത്യാധുനിക ബയോണിക് ബാർ

ക്യാപ്റ്റനോട് വിടപറഞ്ഞ് ഞങ്ങൾ കപ്പൽ കാണാനിറങ്ങി. കപ്പലിന്റെ മൂന്നാം ഡെക്കിൽ നിന്നു തന്നെ തുടങ്ങാം. ഏകദേശം എഴുനൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് കലാപ്രകടനങ്ങൾ ആസ്വദിക്കാനാകുന്ന റോയൽ തീയേറ്ററാണ് ഇവിടത്തെ പ്രത്യേകത. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപ്രകടനങ്ങൾ ഉണ്ടാകും. ഞങ്ങൾ ചെല്ലുമ്പോൾ വൈകുന്നേരത്തെ ഷോയ്ക്കുള്ള തയാറെടുപ്പുകൾ നടത്തുകയായിരുന്നു കപ്പലിലെ കലാകാരന്മാർ. ഈ ഡെക്കിന്റെ ഇരുവശത്തുമായി നിരവധി റൂമുകളുമുണ്ട്. ഇതിനു പുറമേ ഈ ഡെക്കിൽ അതിഗംഭീരമായി സജ്ജീകരിച്ചിട്ടുള്ള റോയൽ കാസിനോ എന്ന ചൂതാട്ട കേന്ദ്രവും ഒരു മ്യൂസിക് ഹാളും വലിയൊരു ഡൈനിങ് റൂമുമുണ്ട്. ഞങ്ങൾ ലിഫ്റ്റ് വഴി നാലാമത്തെ ഡെക്കിലേക്ക് കടന്നു. റോയൽ തീയേറ്ററിലേക്ക് ഈ ഡെക്കിലൂടെയും ഒരു പ്രവേശന കവാടം നൽകിയിട്ടുണ്ട്. റീട്ടെയ്ൽ ഷോപ്പുകളും വി ഐ പി കാസിനോയും ടീ ആന്റ് കോഫി ഷോപ്പും ഡൈനിങ് ഹാളും വൈദ്യപരിശോധനയ്ക്കായുള്ള ക്ലിനിക്കും സ്‌പെഷ്യാലിറ്റി റസ്റ്റോറന്റുകളുമെല്ലാം ഇവിടെയുണ്ട്. ഒരു മാളിനകത്ത് പ്രവേശിച്ചപോലെയുള്ള ഫീലാണ് ഈ ഡെക്കിൽ നമുക്ക് ലഭിക്കുക. ഇതൊരു ആഡംബര നൗകയാണെന്നും വെള്ളത്തിലൂടെയാണ് ഇത് സഞ്ചരിക്കുന്നതെന്നും അവിടെ നിൽക്കുമ്പോൾ നമുക്ക് അനുഭവപ്പെടുകയേയില്ല.

Casino

അഞ്ചാം ഡെക്കിൽ നിന്നും റോയൽ തീയേറ്ററിലേക്ക് പ്രവേശിക്കാനാകും. കപ്പലിലെ ഏറ്റവും സവിശേഷമായ ഒരു ബാർ ഇവിടെയാണുള്ളത്. ബയോണിക് ബാർ എന്നു പേരിട്ടിരിക്കുന്ന ഈ ബാറിൽ ബാർ ടെൻഡറുടെ രൂപത്തിൽ നിലകൊള്ളുന്നത് രണ്ട് റോബോട്ടി ക് കരങ്ങളാണ്. ബാറിന്റെ മേൽത്തട്ടിൽ ലോകത്തുള്ള എല്ലാ മുന്തിയ മദ്യക്കുപ്പികളും ഇടംപിടിച്ചിരിക്കുന്നു. ഐപാഡ് സംവിധാനത്തിൽ നമുക്ക് വേണ്ട കോക്ക് ടെയ്ൽ ഏതാണെന്നു നിർദ്ദേശം നൽകിയാലുടനെ തന്നെ റോബോട്ടിക് കരങ്ങൾ മേലേക്ക് ഉയർന്ന് കുപ്പികളിൽ നിന്നും മിക്‌സ് ചെയ്യേണ്ട മദ്യം ശേഖരിച്ച് അത് ജ്യൂസുമായി കൂട്ടിക്കലർത്തി മുന്നിലുള്ള സ്വയം നീങ്ങുന്ന ബെൽട്ടിലേക്ക് വയ്ക്കുന്നു. നമ്മുടെ കൈയിലുള്ള സ്മാർട്ട് വാച്ച് മുന്നിലെ സ്‌ക്രീനിലേക്ക് കാട്ടിയാലുടനെ ഗ്ലാസ് നീങ്ങി നമ്മുടെ അടുത്തേക്ക് എത്തുകയും ചെയ്യും.

FlowRider

അവിടെ ചോപ്പ്‌സ് ഗ്രിൽ, ഷെഫ് ടേബിൾ, ഇസുമി, വണ്ടർലാൻഡ്, ജാമീസ് ഇറ്റാലിയൻ, കഫേ 270 തുടങ്ങിയ റസ്റ്റോറന്റുകളും വിന്റേജസ് എന്ന ബാറുമാണുള്ളത്. ജാമീസ് ഇറ്റാലിയനിൽ നിന്നും വായിൽ വെള്ളമൂറുന്ന ഗന്ധം പരന്നതോടെ അവിടെ നിന്നു തന്നെ ഭക്ഷണമാകാമെന്ന് ഉറപ്പിച്ചു. ടേബിൾ 333ൽ ഇരുപ്പറപ്പിച്ചു. സെർവ് ചെയ്യുന്ന പ്രധാന വെയിറ്ററുടേയും അസിസ്റ്റന്റ് വെയിറ്ററുടേയും പേരുകൾ അവിടെ എഴുതിവച്ചിട്ടുണ്ട്. മലേഷ്യക്കാരനായ അഹമ്മദാണ് ഞങ്ങളുടെ വെയിറ്റർ. മഷ്‌റൂം സൂപ്പും ക്രിസ്പി കലമാരിയും ക്രസ്റ്റഡ് സാൽമണും ലാമ്പ് ചോപ്പും കോക്കനട്ട് ക്രീം കേക്കുമൊക്കെ ഓർഡർ ചെയ്തു. അതീവ രുചികരമായിരുന്നു ഓരോന്നും. ലാമ്പ് ചോപ്‌സിനൊപ്പം ക്രഷ്ഡ് ബേബി പൊട്ടറ്റോയും ലാമ്പ് ജ്യൂസുമുണ്ടായിരുന്നു.

നിരവധി ഗെയിമിങ് സോണുകൾ സ്‌പെക്ട്രം ഓഫ് ദ സീസിലുണ്ട്.

ആറാം ഡെക്കിൽ ഏതാണ്ട് പൂർണമായും റൂമുകളാണുള്ളത്. ലൈബ്രറിയും കോൺഫ്രറൻസ് സെന്ററും ബോർഡ് റൂമും കപ്പലിന്റെ പിൻഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഏഴാം ഡെക്കും എട്ടാം ഡെക്കും ഒമ്പതാം ഡെക്കും പത്താം ഡെക്കും പൂർണമായും യാത്രികരുടെ മുറികൾ മാത്രമുള്ള ഡെക്കുകളാണ്. വലിയ ബാൽക്കണിയുള്ള സിൽവർ ജൂനിയർ സ്വീറ്റ് റൂമാണ് ഇവിടത്തെ സവിശേഷമായ മുറികളിലെ ഒരു വിഭാഗം. കടൽക്കാഴ്ച പൂർണമായും ആസ്വദിക്കാനാകുന്ന 276 ചതുരശ്ര അടിയും 161 ചതുരശ്ര അടിയുമുള്ള മുറികളാണവ. പതിനൊന്നാം ഡെക്കിലും പന്ത്രണ്ടാം ഡെക്കിലുമായി റൂമുകൾക്കു പുറമേ അഡ്വഞ്ചർ ഓഷ്യൻ എന്ന പേരിൽ ഒരു ഗെയിംസോണുമുണ്ട് ഇവിടെ.

Balcony room

പതിമൂന്നാം ഡെക്കിൽ മുറികൾക്കു പുറമേ നീന്തൽക്കുളവും സൊളേറിയവും സ്പാ ആന്റ് ഫിറ്റ്‌നെസ് സെന്ററും ഒരുക്കിയിട്ടുണ്ടെങ്കിൽ പതിനാലാം ഡെക്കിൽ സൊളേറിയവും ബാറും സിൽവർ ഡൈനിങ്ങും പൂൾ ബാറും ആറ് നീന്തൽക്കുളങ്ങളും സ്പാഷ് എവേ ബേയും വിൻഡ് ജാമെർ എന്ന പേരിൽ സദാ സമയവും തുറന്നിരിക്കുന്ന, ലോകത്തെ ഏതൊരിടത്തെ ഭക്ഷ്യവസ്തുക്കളും ലഭിക്കുന്ന ബുഫേ സംവിധാനമുള്ള വമ്പൻ റസ്റ്റോറന്റാണുള്ളത്. പതിനഞ്ചാം ഡെക്കിൽ റോക്ക് ക്ലൈംബിങ് വാളും സ്‌കൈപാഡ് എന്ന പേരിൽ ബങ്കി ജംപിങ്ങിന്റെ അതേ അനുഭവവും വിർച്വൽ അനുഭൂതിയും നൽകുന്ന സ്പ്രിങ് ജംപിങ് പാഡുമുണ്ട്. റണ്ണിങ് ട്രാക്കുകൾക്കും ബൊട്ടീക്കു മൊക്കെയാണ് ഇവിടത്തെ മറ്റ് ആകർഷണങ്ങൾ. പതിനാറാം ഡെക്കിൽ ഫ്‌ളോ റൈഡറും സ്‌കൈപാഡും ടേബിൾ ടെന്നീസ് കോർട്ടുകളും സൺ ഡെക്കും വെയിൽ കാഞ്ഞു കിടക്കാനുള്ളയിടങ്ങളുമൊക്കെയാണുള്ളത്.

Spectrum of the seas- aerial shot

മുറികളിൽ അതിഗംഭീരമായത് അൾട്ടിമേറ്റ് ഫാമിലി സ്വീറ്റ് റൂമാണ്. രണ്ട് നിലകളിലായാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. മുറിക്കുള്ളിൽ തന്നെ പ്രൈവറ്റ് സിനിമ ഹാളും റോക്ക് ക്ലൈംബിങ് വാളും സ്പാ പോലുള്ള മാസ്റ്റർ ബാത്ത് റൂമും കടൽക്കാഴ്ചകൾ കാണാനാകുന്ന വിശാലമായ ബാൽക്കണിയും നൽകിയിരിക്കുന്നു. ആഡംബരത്തെ കൂടുതൽ സുന്ദരമാക്കുന്നത് ഭക്ഷണപാനീയങ്ങളാണെന്ന് പറയാതെ വയ്യ. സുഷിയുടെ ലോകം നമുക്കു മുന്നിൽ തുറന്നിടുന്ന ഇസുമിയും സ്റ്റാർ ഷെഫ് ഡോങ് സെൻസിയാങ്ങ് പാചകം ചെയ്യുന്ന വണ്ടർ ലാൻഡും ഫ്യൂഷൻ കുസീന്റെ കേന്ദ്രമായ ഷിയാൻ റെഡും ഭക്ഷണപ്രിയരെ മലർത്തിയടിക്കുമെന്നുറപ്പാണ്. റോയൽ എസ്പ്ലാനേഡിൽ നിറയെ ഷോപ്പുകളും സേവനങ്ങളുമാണുള്ളത് പോർട്ട് മർച്ചന്റ് എന്ന ഷോപ്പിൽ സുവനീറുകളും ഗിഫ്റ്റുകളും വസ്ത്രങ്ങളുമാണുള്ളത്. ഡെക്ക് മൂന്നിലും നാലിലുമായി നിലകൊള്ളുന്ന മ്യൂസിക് ഹാൾ ലൈവ് മ്യൂസിക് ആസ്വദിക്കാനുള്ള ഇടമാണ്. വെൽവെറ്റ് ചെയറുകളിലിരുന്ന്, സംഗീതവിരുന്നാസ്വദിക്കുമ്പോൾ മറ്റൊരു ലോകത്തേക്കെത്തുന്ന പോലുള്ള അനുഭൂതിയാണുണ്ടാകുക. കപ്പലിന്റെ ഏറ്റവും ഉയർന്ന ഡെക്കിലുള്ള നോർത്ത് സ്റ്റാർ സമുദ്ര നിരപ്പിൽ നിന്നും 90 അടി ഉയരെ വരെ ഉയർന്നു നിൽക്കാവുന്ന ഒരു 360 ഡിഗ്രി വ്യൂ നൽകുന്ന ഒരു പനോരമിക് ക്യാപ്‌സ്യൂളാണ്. വെയിൽ കാഞ്ഞ് കിടക്കാൻ നിരവധി സൺ ബെഡ്ഡുകൾ ഒരുക്കിയിട്ടുള്ള സൊളേറിയമാണ് മറ്റൊരു സുന്ദരമായ ഇടം.

A Theatre

കുട്ടികൾക്ക് ബോറടിക്കാതിരിക്കാൻ നിരവധി ഗെയിമുകളും ഡിസ്‌കോ സെന്ററുകളും കപ്പലിലുണ്ട്. രണ്ട് ഡെക്കുകളിലായുള്ള അഡ്വഞ്ചർ ഓഷ്യൻ എന്ന സ്ഥലത്ത് പലതരം വിനോദോപാധികളാണുള്ളത്. ക്വാണ്ടം അൽട്രാ ക്ലാസിൽ റോയൽ കരീബിയൻ ക്രൂസ് ഒരുക്കിയിട്ടുള്ള സ്‌പെക്ട്രം ഓഫ് ദ സീസ് പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിലെ യാത്രികരെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം.

Spectrum of the seas

 

അതിസുന്ദരമായ ഏഴ് ബാറുകളും ഇരുപത് റസ്റ്റോറന്റുകളും യാത്രയിലുടനീളം നമ്മെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലെങ്കിലും ഈ ആഡംബര നൗകയിൽ യാത്ര ചെയ്തില്ലെങ്കിൽ ജീവിതത്തിൽ നാം മനോഹരമായ ഒരു അനുഭവത്തോട് മുഖം തിരിക്കുകയാണെന്നു പറയേണ്ടി വരും$

spectrum of the seas-
Royal caribbean cruises
C/o TIRUN Travel Marketing
+91 8056107957, 9884131799

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>