Smart Guys: Vineeth Kumar in a Nissan Kicks!
February 19, 2019
Buddies Dayout!: Mahindra Marazzo enters Malabar…
February 20, 2019

What makes Hyundai service & Maintenance so special?

ഹ്യുണ്ടായ് മികച്ച ഒരു വാഹന നിർമ്മാതാവ് മാത്രമല്ല. ഉപഭോക്താവിനെ ചൂഷണം ചെയ്യാതെ മികച്ച വിൽപനാനന്തര സേവനം വാഗ്ദാനം ചെയ്യുകയും വിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ സേവനം ഏതു സമയത്തും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട് അവർ. ഹ്യുണ്ടായ് യുടെ സർവീസിന്റെ സവിശേഷതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കൂ….

എഴുത്ത്: ജെ ബിന്ദുരാജ്

വിജയിച്ച ഏതൊരു വാഹനക്കമ്പനിക്കും തങ്ങളുടെ ഉൽപന്നത്തിന്റെ മികവിനേക്കാളേറെ അവരുടെ പ്രവർത്തന മികവിന്റേയും വിൽപനാനന്തര സേവനത്തിന്റേയും മികവിന്റെ ഒരു കഥ കൂടി പറയാനുണ്ടാ കും. മികച്ച കാറുകൾ നിർമ്മിച്ചുവെങ്കിലും ലോകത്തെ പല വാഹന നിർമ്മാതാക്കളും പരാജയപ്പെട്ടത് മികച്ച വിൽപനാനന്തര സേവനം തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന കാര്യത്തിലാണ്. തങ്ങളുടെ വാഹനം വാങ്ങിക്കഴിഞ്ഞാൽപ്പിന്നെ, പിന്നീട് വാഹനത്തിനുണ്ടാ കുന്ന പ്രശ്‌നങ്ങളും തകരാറുകളുമൊക്കെ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഉപഭോക്താവിന് തന്നെയാണെന്ന മട്ടിൽ പ്രവർത്തിച്ച പല കമ്പനികളും കാണാക്കയങ്ങളിലേക്ക് പതിക്കുന്നത് പിന്നീട് നാം കണ്ടതാണ്. മറ്റു ചില കമ്പനികളാകട്ടെ ഉപഭോക്താവിനെ വാഹന സർവീസിന്റെ കാര്യത്തിൽ പരമാവധി പിഴിഞ്ഞ്, ലാഭം കൊയ്യാനാണ് ശ്രമിച്ചത്. സ്‌പെയർ പാർട്‌സിന് അമിത വില ഈടാക്കിയും സർവീസ് സമയത്ത് ആവശ്യത്തിനും അനാവശ്യത്തിനും വാഹന ഉടമയിൽ നിന്നും എങ്ങനെ പരമാവധി പണം കൈക്കലാക്കാമെന്നും ചിന്തിക്കുന്ന വലിയൊരു വിഭാഗം വാഹന നിർമ്മാതാക്കൾ ഇപ്പോഴും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വാഹനത്തെപ്പറ്റിയുള്ള ഉപഭോക്താവിന്റെ അജ്ഞതയാണ് ഇവർ പരമാവധി മുതലാക്കാൻ ശ്രമിക്കാറുള്ളത്. പക്ഷേ ഉപഭോക്താവിനോട് സത്യസന്ധതയും വിശ്വാസ്യതയും പുലർത്താൻ ശ്രമിക്കുന്ന കമ്പനികളാരും തന്നെ അനാവശ്യമായി വലിയ തുക സർവീസിന് ഈടാക്കാനോ ഉപഭോക്താവിനെ മറ്റു പലതരത്തിൽ ചൂഷണം ചെയ്യാനോ ശ്രമിക്കാറില്ല.

A Hyundai service centre

വിൽപനയുടെ കാര്യത്തിലും വിൽപനാനന്തര സേവനത്തിന്റെ കാര്യത്തിലും മറ്റു പല വാഹന കമ്പനികൾക്കും മാതൃകയാണ് ഹ്യുണ്ടായ് എന്ന കൊറിയൻ വാഹന നിർമ്മാതാവ്. തെക്കൻ കൊറിയയിൽ നിന്നും ഇന്ത്യയിലേക്ക് ഹ്യുണ്ടായ് എത്തിയിട്ട് ഇപ്പോൾ 22 വർഷങ്ങളാകുന്നു. മാരുതിയും ഹിന്ദുസ്ഥാനും പ്രീമിയറും ടാറ്റയും മഹീന്ദ്രയുമൊക്കെ അരങ്ങ് വാണിരുന്ന കാലത്ത് ദേവൂവും ഫോർഡും ഓപെലും ഹോണ്ടയുമൊക്കെ ഇന്ത്യയിലേക്ക് രംഗപ്രവേശം കഴിഞ്ഞിരുന്ന സമയത്തായിരുന്നു ഹ്യുണ്ടായ്‌യുടെ വരവ്. ഇന്ത്യയിലെത്തി രണ്ടു വർഷങ്ങൾക്കുശേഷം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യാ ലിമിറ്റഡ് 1998 സെപ്തംബർ 23ന് സാൻട്രോ എന്ന ചെറുകാറുമായി രംഗത്തെത്തിയപ്പോൾ പല വാഹനഭീമന്മാരും ഞെട്ടി. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളും ഇന്റീരിയർ എക്സ്റ്റീരിയർ മികവും പെർഫോമൻസുമുള്ള കാർ ഇന്ത്യക്കാർക്ക് നൽകിയെന്നതാണ് ആ അമ്പരപ്പിനു കാരണം. ഇതിനു പുറമേയാണ് വിൽപനാനന്തര സേവനത്തിലും അവർ ഉപഭോക്താവിന്റെ പ്രിയപ്പെട്ടവരായി മാറിയത്. മികച്ച ഒരു ഉൽപന്നം വിപണിയിലെത്തിച്ചതു കൊണ്ടു മാത്രം ഉപഭോക്താവിന് തങ്ങളോടുള്ള വിശ്വാസം നിലനിർത്താനാവില്ലെന്ന് ഹ്യുണ്ടായ്ക്ക് നന്നായി അറിയാമായിരുന്നു. കമ്പനി നേരിട്ട് പരിശീലിപ്പിച്ച സാങ്കേതിക വിദഗ്ധന്മാരെ ഡീലർഷിപ്പുകളിലെ സർവീസ് സെന്ററുകളിൽ നിയമിക്കുകയും ഉപഭോക്താവിനെ ചൂഷണം ചെയ്യാതെ, താങ്ങാനാകുന്ന നിരക്കിൽ മികച്ച സേവനം ലഭ്യമാക്കുന്നതിലും അവർ പ്രത്യേകം ശ്രദ്ധ വച്ചു. ഇക്കാരണം കൊണ്ടാണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാവായും ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരായും ഹ്യുണ്ടായ് അതിവേഗം വളർന്നത്. ഒരു കൊച്ചു കാർ ഒരു വലിയ കമ്പനിയെ സൃഷ്ടിക്കുന്ന അസാധാരണമായ കാഴ്ച.

Advanced technical instruments are used in every Hyundai service station

പിന്നീടുള്ളത് ചരിത്രമായിരുന്നു സാൻട്രോയിൽ നിന്നും ആക്‌സന്റിലേക്കും സൊണാറ്റയിലേക്കും ടെറാക്യാനിലേക്കും ഗെറ്റ്‌സിലേക്കും വെർണയിലേക്കും ഐ 10ലേക്കും എലാൻട്രയിലേക്കും ട്യുസോണിലേക്കും സാന്റാഫേയിലേക്കും ക്രെറ്റയിലേക്കും ഐ 20യിലേക്കും ഗ്രാന്റ് ഐ 10ലേക്കും ഇയോണിലേക്കും പുതിയ സാൻട്രോയിലേക്കുമൊക്കെ എത്തിച്ചേർന്ന കമ്പനിയുടെ 10 മോഡലുകളാണ് ഇപ്പോൾ ഇന്ത്യയിൽ അരങ്ങുതകർത്ത് വാഴുന്നത്. ഇയോൺ, ഗ്രാന്റ് ഐ 10, എക്‌സന്റ്, എലീറ്റ് ഐ 20, ഐ 20 ആക്ടീവ്, വെർണ, ക്രെറ്റ, എലാൻട്ര, ട്യുസോൺ, സാൻട്രോ എന്നിവയാണ് അവ. ഇന്ന് 500ഓളം ഡീലർനെറ്റ് വർക്കുകളും 1300ൽ അധികം സർവീസ് സ്റ്റേഷനുകളുമായി ഇന്ത്യയിൽ ആർക്കും തകർക്കാനാകാത്തവിധമുള്ള അടിത്തറയുണ്ടാക്കിയിരിക്കുന്നു അവർ. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിലും ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ആസ്‌ട്രേലിയയിലുമുള്ള 87 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായ് കാറുകൾ കയറ്റി അയക്കുന്നുണ്ട്. പ്രതിവർഷം ഏഴുലക്ഷം കാറുകളാണ് ഹ്യുണ്ടായ്യുടെ ചെന്നൈയിലുള്ള രണ്ട് പ്ലാന്റുകളിലായി ഇന്ന് ഉൽപാദിപ്പിക്കപ്പെടുന്നത്.

Hyundai Cars cost the least to maintain

ഇക്കഴിഞ്ഞ 2018ൽ ഗാർഹിക കാർ വിൽപനയിൽ 4.3 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു ഹ്യുണ്ടായ്. ഇന്ത്യയിൽ 5,50,002 കാറുകളും കയറ്റുമതിയായി 1,60,010 കാറുകളുമാണ് ഇക്കാലയളവിൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ച് ഹ്യുണ്ടായ് വിപണനം ചെയ്തത്. കയറ്റുമതിയിൽ 6 ശതമാനം വളർച്ചയും മുൻവർഷത്തേക്കാൾ കൂടുതലായി കമ്പനിക്കുണ്ടായി. പ്രീമിയം കോംപാക്ട് സെഗ്മെന്റിൽ പത്തുവർഷത്തിനിടയിൽ 13 ലക്ഷം ഐ 20 കാറുകൾ വിറ്റുകൊണ്ട് വലിയ നേട്ടം കൈവരിക്കുകയും ചെയ്തു ഹ്യുണ്ടായ്. കഴിഞ്ഞ രണ്ടു വർഷമായി ജെ ഡി പവറിന്റെ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനി കൂടിയായി മാറിയിരിക്കുന്നു ഹ്യുണ്ടായ്. മികച്ച വാഹനവും മികച്ച സർവീസും ഒത്തൊരുമിക്കുമ്പോഴുണ്ടാകുന്ന അപൂർവതയാണ് 2017ലും 2018ലും കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡെക്‌സിൽ ഹ്യുണ്ടായ് എതിരാളിയെ പിന്തള്ളിക്കൊണ്ട് മുന്നിലെത്താൻ കാരണം.

Paint booth in a Hyundai service centre

എന്താണ് ഈ വളർച്ചയുടെ അടിസ്ഥാനശില എന്നു പരിശോധിക്കുമ്പോഴാണ് ഹ്യുണ്ടായ് യുടെ വിൽപനാനന്തര സേവനത്തിന്റെ മികവ് നമുക്ക് ബോധ്യപ്പെ ടുന്നത്. അതിൽ ഏറ്റവും പ്രധാനം ഏറ്റവും കുറഞ്ഞ മെയിന്റനൻസ് ചെലവ് തന്നെയാണെന്നു നമുക്ക് പരിശോധനയിൽ ബോധ്യപ്പെടും. ഹ്യുണ്ടായ് യുടെ ഓരോ കാറുകൾക്കും അഞ്ചു വർഷത്തിലോ 50,000 കിലോമീറ്ററിനിടയ്‌ക്കോ ഉണ്ടാകുന്ന വാർഷിക മെയിന്റൻസ് ചെലവ് ഒരു മാധ്യമം ഈയടുത്ത് പുറത്തുവിട്ടിരുന്നു. അവ ഇപ്രകാരമാണ്. ഹ്യുണ്ടായ് ഇയോൺ (1735 രൂപ), പുതിയ സാൻട്രോ (2276 രൂപ), ഗ്രാന്റ് ഐ 10 പെട്രോൾ (2454 രൂപ), ഗ്രാന്റ് ഐ 10 ഡീസൽ (3547 രൂപ), എക്‌സന്റ് പെട്രോൾ (2559 രൂപ), എക്‌സന്റ് ഡീസൽ (3652 രൂപ), എലീറ്റ് ഐ 20 പെട്രോൾ (2634 രൂപ) എലീറ്റ് ഐ 20 ഡീസൽ (4332 രൂപ), വെർണ പെട്രോൾ (2751 രൂപ), വെർണ ഡീസൽ (4131 രൂപ), ക്രെറ്റ പെട്രോൾ (2834 രൂപ), ക്രെറ്റ ഡീസൽ (4310 രൂപ). ഇത്രയും കുറഞ്ഞ ഒരു ശരാശരി മെയിന്റനൻസ് ചെലവ് മറ്റു പല വാഹന കമ്പനികൾക്കും ചിന്തിക്കാൻ പോലുമാകില്ല. മാത്രവുമല്ല, മികച്ച നിർമ്മാണ നിലവാരം ഉള്ളതിനാൽ പല ഹ്യുണ്ടായ് കാറുകളും യാതൊരു തകരാറുകളും പ്രശ്‌നങ്ങളുമുണ്ടാക്കാതെ കാലങ്ങളോളം നിരത്തിൽ പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്യും.

Customer lounge in a Hyundai service centre

തിരുവനന്തപുരത്തെ ബിസിനസുകാരനായ ഹരിമുരളീ ശ്രീധരൻ കഴിഞ്ഞ ഇരുപതു വർഷക്കാലമായി ഹ്യുണ്ടായ് സാൻട്രോ ഉപയോഗിക്കുന്ന കഥ സ്മാർട്ട് ഡ്രൈവ് 2018 നവംബർ ലക്കത്തിൽ വായനക്കാരുമായി പങ്കുവച്ചതുമാണല്ലോ. വഴിയിൽ ഒരിക്കൽ പോലും തന്നെ വാഹനം ചതിച്ചിട്ടില്ലെന്നും എഞ്ചിന് ഇക്കാലമത്രയും ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഡ്രൈവിങ് കംഫർട്ടിലും സ്റ്റെബിലിറ്റിയിലുമെല്ലാം ഇപ്പോഴും പഴയ സാൻട്രോയ്ക്കുള്ള മികവ് ഹരിമുരളി അഭിമാനത്തോടെയാണ് പറയുന്നത്. ഒട്ടേറെ പ്രീമിയം വാഹനങ്ങൾ വീട്ടിലുണ്ടെങ്കിലും ശ്രീപത്മനാഭന്റെ സന്നിധിയിലേക്ക് ദിവസവും രാവിലെ ഹരിമുരളി പോകുന്നതും സാൻട്രോയിൽ തന്നെ.
മികച്ച സർവീസ് ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിൽ ഏറ്റവും മികച്ച സർവീസ് ഉപകരണങ്ങൾ തങ്ങളുടെ ഡീലർഷിപ്പുകളിലെ സർവീസ് സെന്ററുകളിലുണ്ടാകണമെന്ന കാര്യവും ഹ്യുണ്ടായ് ഉറപ്പുവരുത്തുന്നുണ്ട്. ഹ്യുണ്ടായ്‌യുടെ സർവീസ് സ്റ്റേഷനുകളിലെല്ലാം തന്നെ അത്യാധുനിക മെഷിനറികൾ കാണാനാകും. വീൽ അലൈൻമെന്റ്, ടയർ ബാലൻസിങ്, ടയർ ചേഞ്ചർ എന്നിവയ്ക്കു പുറമേ എയർ കണ്ടീഷണർ സർവീസ് ചെയ്യാനുള്ള എസി റിക്കവറി മെഷീൻ, ഹൈടെക് പെയിന്റ് ബൂത്ത്, ഓട്ടോ കാർവാഷ് എന്നിങ്ങനെയുള്ള അത്യാധുനിക സർവീസ് ഉപകരണങ്ങളും ഇവിടെയുണ്ട്. ഇതിനു പുറമേ, ടുപോസ്റ്റ്, സിസർ തുടങ്ങിയ ലിഫ്റ്റുകളും മറ്റ് സർവീസ് അനുബന്ധ ഉപകരണങ്ങളും സെന്ററുകളിലുണ്ട്. വിദഗ്ധരായ, കമ്പനിയിൽ നിന്നും നേരിട്ട് പരിശീലനം സിദ്ധിച്ച എഞ്ചിനീയർമാരും ടെക്‌നീഷ്യ ന്മാരും ഓരോ സർവീസ് സ്റ്റേഷനുകളിലുമുള്ളതിനാൽ വാഹനത്തിന്റെ തകരാറുകൾ എളുപ്പം കണ്ടെത്തി പരിഹരിക്കാനും ഹ്യുണ്ടായ്ക്കാവുന്നു.

ഇതിനു പുറമേയാണ് യഥാർത്ഥ സ്‌പെയർ പാർട്‌സുകൾ ഡീലർഷിപ്പുകളിൽ എപ്പോഴും ലഭ്യമാണെന്ന പ്രത്യേകത. ഹ്യുണ്ടായ് കാറുകളുടെ പെർഫോമൻസിന് കോട്ടം തട്ടാതിരിക്കാൻ യഥാർത്ഥ സ്‌പെയർ പാർട്‌സുകൾ തന്നെ വാഹനത്തിൽ ഉപയോഗിക്കണമെന്ന് കമ്പനി നിഷ്‌ക്കർഷിക്കാറുണ്ട്. പലവിധത്തിലുള്ള പരീക്ഷണങ്ങളിലൂടെ ക്വാളിറ്റിയും വിശ്വാസ്യതയും ഡ്യൂറബിലിറ്റിയും പരീക്ഷിച്ചറിഞ്ഞിട്ടുള്ളവയാണ് ആ ഉൽപന്നങ്ങൾ. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഹ്യുണ്ടായ് യുടെ യഥാർത്ഥ സ്‌പെയറുകൾക്കായുള്ള മികച്ച ഡിസൈനിനും മെറ്റീരിയൽ തെരഞ്ഞെടുക്കുന്നതിലും നിർമ്മിക്കുന്നതിലും ഹ്യുണ്ടായ് ഗവേഷണ വികസന പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയാണ്. ഹ്യുണ്ടായ് യുടെ എല്ലാ സ്‌പെയർ പാർട്‌സിനും ആറു മാസമോ 10,000 കിലോമീറ്റർ വാറന്റിയോ നൽകപ്പെടുന്നുണ്ട്.

സർവീസിന് എത്ര തുക വരെ ചെലവാകുമെന്ന് കണ്ടെത്തുന്നതിനായി ഒരു സർവീസ് കാൽക്കുലേറ്റർ ഓൺലൈനായി ഹ്യുണ്ടായ്‌യുടെ സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്. ഓരോ തവണ സർവീസു വരുമ്പോഴും പെയ്ഡ് സർവീസിന് എത്ര തുക ചെലവാകുമെന്നതിനെപ്പറ്റി സർവീസ് കാൽക്കുലേറ്ററിലൂടെ കൃത്യമായ വിവരം ഉപഭോക്താവിന് ലഭിക്കുന്നുണ്ട്. കാറിന്റെ തകരാറുകൾ പരിഹരിക്കാൻ എത്ര ലേബർ ചാർജ് വരുമെന്നതിനെപ്പറ്റിയും ഹ്യുണ്ടായ് കൃത്യമായ വിവരം ഉപഭോക്താവിന് നൽകുന്നു. അടുത്ത സർവീസിനെപ്പറ്റി ഉപഭോക്താവിനെ ഓർമ്മിപ്പിക്കുന്നതിനുള്ള സർവീസ് ഷെഡ്യൂളർ അഥവാ റിമൈൻഡറും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ സർവീസ് ബുക്കിങ്ങിലൂടെ സർവീസിന്റെ ഉപഭോക്താവിന് നേരത്തെ തന്നെ സർവീസ് ബുക്ക് ചെയ്യാനും സാധിക്കുന്നു.

Genuine spares are available at all Hyundai service stations

വാഹനം സർവീസ് ചെയ്യുന്ന സമയത്ത്, തങ്ങളുടെ വാഹനത്തിന്റെ സർവീസ് ഏതു ഘട്ടത്തിലായെന്ന് ഉപഭോക്താവിന് ഓട്ടോമേറ്റഡ് മെഷീന്റെ സംവിധാനത്തോടെ കസ്റ്റമർ ലോഞ്ചിലുള്ള സ്‌ക്രീനിലൂടെ കാണാനാ കുന്ന സംവിധാനവും ഹ്യുണ്ടായ് എല്ലാ പ്രധാന നഗരങ്ങളിലേയും സർവീസ് വർക്ക് ഷോപ്പുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ 78 സർവീസ് സെന്ററുകളിൽ പകുതിയിലധികം സർവീസ് സെന്ററുകളിലും ഈ സൗകര്യം ഉപഭോക്താവിന് ലഭ്യമാണ്. വാഹനം പൂർണമായും സജ്ജമാകുന്നതുവരെ കസ്റ്റമർ ലോഞ്ചിൽ വിശ്രമിക്കാൻ ഇതിനാൽ ഉപഭോക്താവിനാകുന്നു. വാഹന സർവീസ് രംഗത്ത് പരിസ്ഥിതിസൗഹാർദ്ദ നിലപാട് കൈക്കൊള്ളുന്ന കമ്പനി കൂടിയാണ് ഹ്യുണ്ടായ് എന്നത് അവരെ കൂടുതൽ ജനപ്രിയമാക്കുന്നുണ്ട്. സാധാരണ സർവീസ് സെന്ററുകൾ വെള്ളം ധാരാളമായി പാഴാക്കുന്നവിധത്തിലുള്ള വാട്ടർ വാഷ് ആണുള്ളതെങ്കിൽ ഹ്യുണ്ടായ് സർവീസ് സെന്ററുകളിൽ ജലത്തിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട്, ഫോം അധിഷ്ഠിത കെമിക്കൽ ഉപയോഗിച്ചുള്ള ഡ്രൈ വാഷാണ് നടത്തുന്നത്. വളരെ കുറച്ച് ജലം മാത്രമേ ഇതിന് ചെലവാകുന്നുള്ളു. തങ്ങളുടെ പാരിസ്ഥിതിക ഉത്തരവാദിത്തം ഹ്യുണ്ടായ് അതിലൂടെ നിറവേറ്റുന്നു.
അതേപോലെ തന്നെ സോൾവന്റ് അധിഷ്ഠിത പെയിന്റിനു പകരം കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരമായ ജല അധിഷ്ഠിത (വാട്ടർ ബോൺ പെയിന്റ്) പെയിന്റാണ് ഹ്യുണ്ടായ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ ആഡംബര കാർ നിർമ്മാതാക്കൾ അവലംബിക്കുന്ന രീതി തന്നെയാണ് ഹ്യുണ്ടായ്‌യും സ്വീകരിച്ചിരിക്കുന്നതെന്നത് അവരുടെ സാമൂഹ്യ പ്രതിബദ്ധതയും വെളിവാക്കുന്നു.

വേറെയുമുണ്ട് സവിശേഷതകൾ. മറ്റു പല വാഹന കമ്പനികളും ഒരു വർഷത്തിനുള്ളിൽ മൂന്നു സൗജന്യ സർവീസ് വാഗ്ദാനം ചെയ്യുമ്പോൾ ഹ്യുണ്ടായ് തങ്ങളുടെ മൂന്ന് സൗജന്യ സർവീസുകൾക്ക് രണ്ടു വർഷത്തെ കാലയളവാണ് നൽകുന്നത്. ഉപഭോക്താവിന് ദീർഘമായ ഒരു കാലയളവ് സൗജന്യ സർവീസിന് ലഭ്യമാകുന്നതിനാൽ സർവീസിന് ചെലവാക്കുന്ന പണം വലിയൊരളവു വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം.
വാറന്റി കാലയളവിൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസ് സൗജന്യമായി വാഗ്ദാനം ചെയ്യുന്ന വാഹന കമ്പനിയാണ് ഹ്യുണ്ടായ്. നിരത്തിൽ വച്ച് വാഹനത്തിന് തകരാറു സംഭവിക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ വാഹനം വാറന്റി കാലയളവിലാണെങ്കിൽ ഉപഭോക്താവിന് അലൈൻസ് വേൾഡ് വൈഡ് പാർട്‌നർ മുഖാന്തരം ഹ്യുണ്ടായ് ഈ സേവനം ലഭ്യമാക്കും. വീൽ ചേഞ്ച്, അഞ്ച് ലിറ്റർ ഇന്ധനം എത്തിക്കൽ, ടാക്‌സി അറേഞ്ച് ചെയ്യൽ, കീ നഷ്ടപ്പെടുകയോ ലോക്ക് ഔട്ടോ കീ ഒടിഞ്ഞുപോകുകയോ ചെയ്യുകയാണെങ്കിൽ വാഹനം തുറക്കൽ, ബാറ്ററിയും ഫ്യൂസുമായും ബന്ധപ്പെട്ട ഇലക്ട്രിക്കൽ തകരാറുകൾ പരിഹരിക്കൽ, അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് വാഹനം എത്തിക്കൽ തുടങ്ങിയ സേവനങ്ങളൊക്കെ തന്നെയും ഇതിനു കീഴിൽ ലഭ്യമാക്കപ്പെടുന്നുണ്ട്. ഹ്യുണ്ടായ്ക്ക് റോഡ് സൈഡ് അസിസ്റ്റൻസിനായി ഒരു ടോൾ ഫ്രീ നമ്പറുമുണ്ട് (1800 102 4645).

Lowest maintenance cost is one of the main attraction of Hyundai cars

വാഹനത്തിന്റെ വാറന്റി പീരിയഡിനുശേഷവും റോഡ് അസിസ്റ്റൻസ് നൽകുന്നതിനുള്ള റോഡ് സൈഡ് അസിസ്റ്റൻസ് റീടെയ്ൽ പ്രോഗ്രാമും ഹ്യുണ്ടായ്ക്കുണ്ട്. റീടെയ്ൽ റോഡ് സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം ഒരു നിശ്ചിത തുക നൽകി ഹ്യുണ്ടായ് സർവീസ് സെന്ററുകളിൽ നിന്നും വാങ്ങാനാകും. ഒരു വർഷത്തേക്ക് 1205 രൂപയും രണ്ടു വർഷത്തേക്ക് 1889 രൂപയും മൂന്നു വർഷത്തേക്ക് 2480 രൂപയുമാണ് ഈ ഇനത്തിൽ ഉപഭോക്താവ് നൽകേണ്ടത്.
ഇതിനെല്ലാം പുറമേ, ഉപഭോക്താവിന് സേവനം ഉറപ്പാക്കുന്നതിനായി ഒരു ഏകീകൃത സർവീസ് ആപ്പും ഹ്യുണ്ടായ് പുറത്തിറക്കിയിട്ടുണ്ട്. സർവീസ് സപ്പോർട്ടും സർവീസ് നെറ്റ് വർക്കും സർവീസ് കാൽക്കുലേറ്ററും സർവീസ് അപ്പോയിന്റുമെല്ലാം ഹ്യുണ്ടായ് കെയർ ആപ്പിലൂടെ ഉപഭോക്താവിന് വിരൽത്തുമ്പിൽ തന്നെ ലഭ്യമാകും. രാജ്യത്തെവിടെ വച്ചും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താവിന് ഹ്യുണ്ടായ്‌യുടെ സേവനം ലഭ്യമാക്കാം.

ഹ്യുണ്ടായ് കാറുകൾക്ക് യുവാക്കൾക്കിടയിൽ ജനപ്രിയത വർധിക്കുകയാണെന്ന് ജെ ഡി പവർ ഈയിടെ നടത്തിയ ഒരു സർവേയിൽ വ്യക്തമാക്കപ്പെട്ടിരുന്നു. 35 വയസ്സിൽ താഴെയുള്ള ഉപഭോക്താക്കളിൽ 30 ശതമാനവും ഹ്യുണ്ടായ് ബ്രാൻഡിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നതെന്നായിരുന്നു സർവേയുടെ കണ്ടെത്തൽ. മികച്ച കാർ എന്നതിലുപരിയായി ഹ്യുണ്ടായ്‌യുടെ മികച്ച സർവീസും കുറഞ്ഞ മെയിന്റനൻസ് ചെലവും ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് യുവാക്കളെ നയിച്ചിട്ടുണ്ടാകണം. മികവിനെ അല്ലെങ്കിലും ആരാണ് ആദരിക്കാതിരിക്കുക?$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>