എഡിറ്റോറിയൽ: തുടരുന്ന പ്രഹസനങ്ങൾ: ബൈജു എൻ നായർ
May 29, 2019
In Nature’s Lap: Travel to Fragrant Nature Resort, Paravoor, Kollam
June 15, 2019

Water World: Monroe Thuruth: Travel in association with Kerala Tourism

Monroe Thuruth

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണ് ചൊല്ല്. വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം മൺറോ തുരുത്തിലെ ഗ്രാമ്യസൗന്ദര്യത്തിലൂടെയുള്ള ചെറുവള്ളത്തിലുള്ള യാത്രയും കൊല്ലത്തെ അഡ്വഞ്ചർ പാർക്കിലെ കയാക്കിങ്ങും പാരാസെയിലിങ്ങുമടക്കമുള്ള വിനോദങ്ങളും പുതിയൊരു അനുഭവമായി മാറുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോകൾ: അഖിൽ പി അപ്പുക്കുട്ടൻ

സമയകാലങ്ങളെ മറന്നുകൊണ്ടുള്ള ഒരു സഞ്ചാരത്തിനുള്ള തയാറെടുപ്പിലാണോ നിങ്ങൾ? ഭ്രാന്തമായ തിരക്കിൽ നിന്നും പുതിയ ലോകത്തിന്റെ മടുപ്പിക്കുന്ന കച്ചവടക്കാഴ്ചകളിൽ നിന്നും ഗ്രാമ്യജീവിതത്തിന്റെ സാസ്ഥ്യത്തിലേക്ക് നങ്കൂരമിടാൻ നിങ്ങൾ കൊതിക്കുന്നുവോ? അങ്ങനെയെങ്കിൽ നിങ്ങൾക്കുള്ള ഇടം കൊല്ലം ജില്ലയിലെ മൺറോ തുരുത്താണ്. പുറംലോകത്തിൽ നിന്നും വേറിട്ട് കല്ലടയാറിനും അഷ്ടമുടിക്കായലിനുമിടയിൽക്കിടക്കുന്ന ശാന്തസുന്ദരമായ ഒരു ഗ്രാമം. അവിടത്തെ കൈത്തോടുകളിലൂടെ ചെറുവള്ളങ്ങളിൽ കയറിയിരുന്ന്, കാലത്തേയും ലോകത്തേയും മറന്ന്, ഗ്രാമീണതയുടെ സ്വച്ഛന്ദത ആസ്വദിച്ച് നിങ്ങൾക്ക് യാത്ര ചെയ്യാം. കൊഞ്ചും കരിമീനും ശുദ്ധജല മത്സ്യങ്ങളുമുള്ള സമൃദ്ധമായ നാടൻ ഭക്ഷണം കഴിക്കാം. കൈത്തോടുകളിലൂടെ സഞ്ചരിക്കുമ്പോൾ നീർക്കാക്കകൾ വള്ളത്തിനു മുന്നിലേക്ക് പറന്നിറങ്ങി, ജലത്തിൽ മുങ്ങാങ്കുഴിയിട്ടു നീങ്ങും. പാറക്കല്ലുകൾക്കിടയിൽ വെയിൽ കാഞ്ഞുകിടക്കുന്ന പുളവന്മാർ പതിയെ കല്ലുകൾക്കിടയിലേക്ക് തലവലിക്കും. കുയിലുകളുടെ ഗാനസമൃദ്ധിയിൽ, ഓലാഞ്ഞാലികളുടെ നൃത്തത്തിൽ, കൈത്തോടിലൂടെ വള്ളത്തുഴയുടെ സംഗീതത്തിൽ പ്രകൃതിയോട് ചേർന്നലിഞ്ഞുപോകും മനുഷ്യൻ. പണത്തിനു പിറകേ പായുന്ന മനുഷ്യനോട്, ഗ്രാമീണസ്വച്ഛതയുടെ മഹാകാവ്യമോതി നൽകും ആ തുരുത്ത്. ഗ്രാമ്യസൗന്ദരത്തിന്റെ ആ മാലാഖയെത്തേടിയാണ് ഇത്തവണ സ്മാർട്ട് ഡ്രൈവിന്റെ യാത്ര. ടൂറിസ ഭൂപടത്തിൽ കൊല്ലം ജില്ലയ്ക്ക് എന്ത് കാര്യം എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് മൺറോ തുരുത്ത്. പക്ഷേ ഞങ്ങളുടെ യാത്ര അവിടം കൊണ്ടും അവസാനിക്കുന്നില്ല. കൊല്ലത്തെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളും അവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുമൊക്കെയാണ് ഈ ലക്കം സ്മാർട്ട് ഡ്രൈവ് നിങ്ങളോട് പറയാൻ പോകുന്നത്.

നദീതടങ്ങളെന്നപോലെ തന്നെ നദികൾ സൃഷ്ടിക്കുന്ന തുരുത്തുകൾക്കും സംസ്‌കാരങ്ങളുടെ കഥകൾ പറയാനുണ്ടാകും. മലമുകളിൽ നിന്നും പിറവിയെടുത്ത് കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെ കുത്തിമറിഞ്ഞ്, സമതലങ്ങളിലെ സമൃദ്ധമായ എക്കൽ മണ്ണുമായി നദിയായി ഒഴുകിയെത്തുന്ന ജലപാതങ്ങൾ നദികളിൽ പലയിടത്തും ഈ വളക്കൂറുള്ള മണ്ണ് നിക്ഷേപിച്ചാണ് തുരുത്തുകൾ ഉണ്ടാകുന്നത്. ഈ ചെറുദ്വീപുകൾക്കിടയിലൂടെ മനുഷ്യൻ കനാലുകൾ കുഴിച്ചാണ് വെള്ളം കെട്ടിനിൽക്കാതെ ആ തുരുത്തുകളെ ജനവാസത്തിനായി സജ്ജീകരിക്കാൻ തുടങ്ങിയത്. മത്സ്യക്കൃഷിയും നെൽക്കൃഷിയും തെങ്ങു കൃഷിയുമൊക്കെയാണ് ഇത്തരത്തിലുള്ള മിക്ക തുരുത്തുകളിലേയും ജനതയുടെ പ്രധാന തൊഴിൽ. അത്തരമൊരു തുരുത്താണ് മൺറോ തുരുത്ത്. നാഡീഞരമ്പുകൾ പോലെ ഒരു ഭൂഭാഗത്തെ മുഴുവൻ കനാലുകളാൽ ബന്ധിപ്പിക്കുന്ന ഒരു ദ്വീപ്. ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചയും പ്രകൃതിരമണീയതയുടെ അപാരതയും ഒരുക്കുന്ന ഇടം. പണ്ട്, നിരത്തുകളും റെയിലുകളും വരുന്നതിനു മുമ്പ്, ജലപാതകൾ മാത്രം സഞ്ചാരത്തിനായി ഉണ്ടായിരുന്ന കാലത്ത് അഷ്ടമുടിക്കായലിലൂടെ കെട്ടുവള്ളങ്ങളിൽ യാത്ര ചെയ്തിരുന്നവർ ഈ ദ്വീപിനെ മരതക ദ്വീപ് എന്നാണ് വിളിച്ചിരുന്നത്. മണിപ്രവാള കാല കൃതിയായ ഉണ്ണുനീലി സന്ദേശത്തിൽ പോലുമുണ്ട് അഷ്ടമുടിക്കായലും കല്ലടയാറും കൂടിച്ചേരുന്നിടത്തെ ഈ സുന്ദരമായ മരതകദ്വീപിനെക്കുറിച്ചുള്ള പരാമർശം. മരതകദ്വീപ് മൺറോ തുരുത്തായതിനു പിന്നിൽ ഒരു ചരിതമുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോ ഈ ദ്വീപിൽ കൈത്തോടുകൾ നിർമ്മിക്കുകയും മലങ്കര ചർച്ച് സൊസെറ്റിക്ക് മതപഠന കേന്ദ്രം സ്ഥാപിക്കാൻ വിട്ടുകൊടുക്കുകയും ചെയ്തതോടെയാണ് മരതക ദ്വീപ് മൺറോയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇവിടെ നിന്നുള്ള നെല്ലിന്റേയും തേങ്ങയുടേയും മീനിന്റേയുമൊക്കെ കപ്പം കൊണ്ടാണ് കോട്ടയത്ത് സൊസെറ്റി സി എം എസ് കോളെജ് പോലും പണിതത്രേ. തിരുവിതാംകൂർ മഹാരാജാവ് പിൽക്കാലത്ത് ഈ ദ്വീപ് ചർച്ച് സൊസൈറ്റിയിൽ നിന്നും തിരികെ വാങ്ങിയെങ്കിലും മൺറോയുടെ പേരിൽ തന്നെ ഇപ്പോഴും ആ ദ്വീപ് നിലനിൽക്കുന്നു.

കൊച്ചിയിൽ നിന്നും അതിരാവിലെ പുതിയ ഫോർഡ് എൻഡേവറിലായിരുന്നു മൺറോ തുരുത്തിലേക്കുള്ള ഞങ്ങളുടെ യാത്ര. ആലപ്പുഴ വഴി കരുനാഗപ്പിള്ളി യിലേക്കും അവിടെ നിന്നും ഭരണിക്കാവ്, ചിറ്റുമല വഴി മൺറോ തുരുത്തിലേക്കുമായിരുന്നു യാത്ര. കത്തുന്ന വേനലായിരുന്നുവെങ്കിലും ഫോർഡ് എൻഡേവറിന്റെ അതിശക്തമായ എയർ കണ്ടീഷണർ ഞങ്ങളെ തണുപ്പിൽ തന്നെ നിർത്തി. പനോരമിക് സൺറൂഫുകൾ പ്രകൃതിയുടെ കാഴ്ചകളെ എല്ലാ മനോഹാരിതയോടും കൂടി ഒപ്പിയെടുത്തു. മൺറോ തുരുത്തിലെ കാരുതറക്കടവിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓഫീസിൽ ഞങ്ങളെക്കാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിലെ സുജിത്ത് കുമാറും വള്ളക്കാരനായ സുദർശനും നിൽപുണ്ടായിരുന്നു. മൺറോ തുരുത്തിലെ മനോഹരമായ കൈത്തോടുകളിലൂടേയും ഇടത്തോടുകളിലൂടെയും ചെറുവള്ളത്തിൽ ഞങ്ങളെ കൊണ്ടു നടക്കുകയായിരുന്നു അവരുടെ ദൗത്യം.


കാരുതറക്കടവിൽ ഒരുക്കിയിരുന്ന വള്ളത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. നിശ്ശബ്ദമാണ് എവിടേയും. കൈത്തോടുകളുടെ ഇരുവശത്തും പല പറമ്പുകളിലായി ഗ്രാമീണരുടെ ചെറുവീടുകൾ ഉണ്ടെങ്കിൽ പൊതുവേ നിശ്ശബ്ദമാണ് എവിടേയും. ജനവാസ പ്രദേശത്തു നിന്നും പതിയെ, മരങ്ങൾ നിഴൽ വീശിക്കിടക്കുന്ന, ഏകാന്തമായ കൈത്തോടുകളിലേക്ക് വള്ളം കടന്നതോടെയാണ് മൺറോ തുരുത്തിന്റെ മനോഹാരിത അതിന്റെ പാരമ്യത്തിലെത്താൻ തുടങ്ങിയത്. തോടുകൾക്കപ്പുറമുണ്ടാക്കിയ വലിയ കെട്ടുകളിൽ ചെമ്മീൻ കൃഷിയാണ് നടക്കുന്നത്. വലിയ വല അവയ്ക്കു മുകളിൽ വിരിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ആ കെട്ടുകളിലേക്ക് പോയി അവിടെ നിന്നും ചെമ്മീൻ വലയിട്ട് പിടിക്കാനും വിലകൊടുത്ത വാങ്ങാനുമുള്ള സൗകര്യവുമുണ്ട് അവിടെ. ഗ്രാമീണ ജീവിതക്കാഴ്ചകളാണ് എവിടേയും. പ്രഭാതത്തിൽ തന്നെ, കയറു പിരിക്കാനായി കൈത്തോടുകൾക്കരികിലുള്ള കയറുപിരി സ്ഥലങ്ങളിൽ സ്ത്രീകളും പുരുഷന്മാരുമൊക്കെ എത്തിയിട്ടുണ്ട്.


രാവിലെ ആറുമണിക്കു തന്നെ ഈ കയറുപിരി സ്ഥലങ്ങളിലേക്ക് സ്ത്രീകൾ തൊഴിലിനായി എത്തിത്തുടങ്ങും. ആലപ്പുഴയിൽ നിന്നും പൊള്ളാച്ചിയിൽ നിന്നുമൊക്കെ എത്തിക്കുന്ന ചകിരിയാണ് കയറുപിരിക്കാനായി ഉപയോഗിക്കുന്നത്. വലിയ ചക്രം തിരിച്ചുകൊണ്ടിരിക്കുകയാണ് മൺറോ തുരുത്തുകാരിയായ തങ്കം. ഒരു ദിവസം മുഴുവൻ കയറു പിരിച്ചാൽ 350 രൂപ വരെ കൂലി ലഭിക്കും. 210 വള്ളി വരെ ഒരു ദിവസം അവർ പിരിച്ചുണ്ടാക്കുമത്രേ. 6 വളപ്പ് അഥവാ 16 മീറ്ററാണ് ഒരു വള്ളി. തൊഴിലാളി സ്ത്രീകൾ ഇടയ്ക്ക് വിശ്രമത്തിനായി തെങ്ങിൻ ചുവട്ടിലിരുന്നു. തലേന്നത്തെ സാമ്പാറോ കാച്ചിയ മോരോ ഒഴിച്ച കഞ്ഞിവെള്ളമാണ് മൊന്തയിൽ പലരും കൊണ്ടുവന്നിരിക്കുന്നത്. ആ ഭക്ഷണത്തിന്റെ രുചി അവരുടെ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാം.

വള്ളക്കാരൻ സുദർശൻ ആളൊരു രസികനാണ്. ‘തല പോയാൽ പിന്നെ ഒന്നിനും കൊള്ളത്തില്ല,’ കൈത്തോടുകൾക്ക് കുറുകെ പോകുന്ന ചെറു പാലങ്ങൾ വരുമ്പോൾ സുദർശൻ ഉറക്കെ വിളിച്ചു പറയും. വള്ളത്തിലുള്ള യാത്രികരെല്ലാം പിന്നെ വള്ളത്തിന്റെ ഇരിപ്പിടത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിയിരിക്കുകയോ വള്ളത്തിൽ കിടക്കുകയോ വേണം. അതിനുശേഷം കഴുക്കോലടക്കം പിറകോട്ട് നീക്കി സുദർശനും വള്ളത്തിൽ കുനിഞ്ഞിരിക്കും. കലുങ്കുകൾക്കു താഴേയ്ക്കൂടി വള്ളം പോകുമ്പോൾ മലർന്നുകിടന്ന് ആ കാഴ്ച കാണുന്നത് രസകരമാണ്. ”മമ്മൂട്ടി പോലും തലകുനിച്ചുപോകുന്ന പാലങ്ങളാണ് മൺറോ തുരുത്തിലേത്,” സുദർശന്റെ കുസൃതി കമന്റ്.

മൺറോ തുരുത്തിലെ കൈത്തോടുകളുടെ പരിസരത്ത് അതിസുന്ദരമായ ഹോം സ്റ്റേകൾ പലതും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 32ഓളം റിസോർട്ടുകൾ മൺറോ തുരുത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും എങ്ങും എവിടേയും ജലപാതകളിൽ പ്ലാസ്റ്റിക്കിന്റെയോ മറ്റ് മാലിന്യങ്ങളുടെയോ സാന്നിധ്യമേയില്ല. സഞ്ചാരികൾ ആരെങ്കിലും കുപ്പിവെള്ളത്തിന്റെ ബോട്ടിലും പ്ലാസ്റ്റിക് കവറും ജലത്തിൽ വലിച്ചെറിഞ്ഞാൽ തന്നെയും അവയെല്ലാം അതിരാവിലെ വള്ളത്തിലെത്തി വൃത്തിയാക്കാൻ ടൂറിസം വകുപ്പ് നാട്ടുകാരായ ജീവനക്കാരെ ഏർപ്പാട് ചെയ്തിട്ടുണ്ട്. കനാൽ വൃത്തിയാക്കാൻ ഒരു ചെറുവള്ളത്തിൽ നീങ്ങുന്നുണ്ട് മധ്യവയസ്‌കനായ സുഗതൻ. ഉത്തരവാദിത്ത ടൂറിസത്തിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് മൺറോ തുരുത്ത്.

തെങ്ങിൻ തലപ്പുകൾ തലചായ്ക്കുന്ന, നീർക്കാക്കകൾ നീന്തിത്തുടിക്കുന്ന, താറാവ് കൂട്ടങ്ങൾ സഞ്ചരിക്കുന്ന കൈത്തോടുകളിലൂടെയുള്ള സഞ്ചാരത്തിനു ശേഷം അഷ്ടമുടിക്കായലിലൂടെ മോട്ടോർ ബോട്ടിലുള്ള സഞ്ചാരവുമുണ്ട് ഇവിടെ. 10 പേരടങ്ങുന്ന സംഘത്തിന് മണിക്കൂറിന് ആയിരം രൂപയാണ് മോട്ടോർ ബോട്ടിന്റെ നിരക്ക്. മൺറോ തുരുത്തിലെ കൈത്തോടുകളിലൂടെയുള്ള സഞ്ചാരത്തിന് ഒരാൾക്ക് 600 രൂപയാണ് നിരക്ക്. കൊല്ലത്തു നിന്നും മൺറോതുരുത്തിലെത്തിച്ച് ഉച്ചഭക്ഷണമടക്കം വാഗ്ദാനം ചെയ്യുന്നതാണ് ഈ പാക്കേജ്. മൺറോ തുരുത്തിലെ പ്രകൃതിരമണീയമായ കാഴ്ചകളെ മുഴുവൻ മനസ്സിലേറ്റിക്കൊണ്ട് കൊല്ലത്തേക്ക് ഞങ്ങൾ നീങ്ങുന്നത് പെരുമൺ പേഴുംതുരുത്തിലെ ജങ്കാറിലൂടെയാണ്. ഫോർഡ് എൻഡേവർ ജങ്കാറിൽ അൽപനേരം വിശ്രമിച്ച് വീണ്ടും യാത്രയ്ക്ക് തയാറായി. പോകുംവഴിയാണ് സാമ്പ്രാണിക്കോടി എന്ന അഷ്ടമുടിക്കായലിലെ മറ്റൊരു മനോഹരമായ ചെറുദ്വീപുള്ളത്. സാമ്പ്രാണിക്കോടി ദ്വീപിലേക്ക് എത്താൻ പ്രാക്കുളത്തേക്കാണ് എത്തേണ്ടത്. പ്രാക്കുളത്തു നിന്നും ബോട്ടിൽ മനുഷ്യനിർമ്മിതമായ ഈ ചെറുദ്വീപിലേക്ക് എത്തിപ്പെടാം. പായലും മത്സ്യങ്ങളും കക്കയുമൊക്കെയുള്ള ചെളിപുതഞ്ഞ ഇടങ്ങളിലൂടെ ഈ ദ്വീപിൽ മൂന്നു കിലോമീറ്ററോളം നടന്ന് ജലജീവിതത്തെ പരിചയപ്പെടാം സഞ്ചാരികൾക്ക്. കക്ക പെറുക്കിക്കൊണ്ട് ആ ദ്വീപിലൂടെ നടക്കുന്ന വിദേശ കുടുംബത്തിന്റെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. സാമ്പ്രാണി ദ്വീപിലേക്കുള്ള ബോട്ട് യാത്രയും മൺറോ തുരുത്തു യാത്രയും പ്രാക്കുളത്തെ കായൽ തീരം റസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണവുമൊക്കെ അടങ്ങിയ പാക്കേജിന് ഒരാൾക്ക് 700 രൂപയാണ് നിരക്ക്. മിനിമം രണ്ടു പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ബോട്ട് യാത്ര നടത്താനാകൂ.

Sambranikodi

സാമ്പ്രാണിക്കോടിയോട് യാത്ര പറഞ്ഞ് ഞങ്ങൾ കൊല്ലത്തേക്കാണ് ഇപ്പോൾ പോകുന്നത്. കൊല്ലത്ത് എന്താണ് കാണാനുള്ളതെന്ന് അത്ഭുതപ്പെടുന്നവർക്ക് ഇപ്പോൾ കൊല്ലത്തെ വിനോദ സഞ്ചാര പ്രമോഷൻ കൗൺസിൽ തകർപ്പൻ മറുപടി തന്നെയാണ് നൽകുന്നത്. അഷ്ടമുടിക്കായലിലൂടെയുള്ള സഞ്ചാരത്തിന് 20 ഹൗസ് ബോട്ടുകൾക്കായുള്ള ടെർമിനൽ നിർമ്മിച്ചിരിക്കുന്നുവെന്നതിനു പുറമേ, ഡിടിപിസിയുടേതായി 4 ഹൗസ് ബോട്ടുകളുമുണ്ട്. ഒരു മുഴുൻ ദിവസത്തിന് നാലു പേർക്ക് 6000 രൂപയാണ് ഭക്ഷണമടക്കമുള്ള നിരക്ക്. കൊല്ലത്തെ പഴയ അഡ്വഞ്ചർ പാർക്കാകട്ടെ പൂർണമായും നവീകരിക്കപ്പെട്ടിരിക്കുന്നു. അഷ്ടമുടി വാട്ടർ സ്‌പോർട്‌സ് സെന്ററിൽ കയാക്കിങ്ങും ബനാനാ ബോട്ടും പാരാസെയിലിങ്ങും വാട്ടർ സ്‌കീയിങ്ങും ജെറ്റ് സ്‌കീയും സിപ്ലൈനും ബമ്പർ ബോട്ടുകളും പെഡൽ ബോട്ടുകളുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നു. ഇതിനു പുറമേയാണ് അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുള്ള ബർമ ബ്രിഡ്ജും ആർച്ചറിയും റോപ്പ് ക്ലൈംബിങ്ങും മറ്റ് സാഹസിക കളികളുമൊക്കെ. കയാക്കിങ്ങടക്കമുള്ള സാഹസിക വിനോദങ്ങൾക്കുള്ള നിരക്ക് 600 രൂപയിലാണ് തുടങ്ങുന്നത്. ഇതിനു തൊട്ടടുത്താണ് ഗസ്റ്റ് ഹൗസാക്കി മാറ്റിയ പഴയ രാജകൊട്ടാരം.

Kayaking @Adventure Park

കടലിനെ കീറിമുറിച്ചു കൊണ്ടു കിടക്കുന്ന പുലിമുട്ടാണ് തങ്കശ്ശേരിയിലേക്കുള്ള യാത്രയിൽ പ്രധാനമായും കാണാനുള്ളത്. രണ്ടു കിലോമീറ്ററോളം നീളത്തിൽ കടലിനു കുറുകെ കിടക്കുന്നു ഈ പാത. എൻഡേവർ ആ പാതയിലൂടെ മുന്നോട്ടു യാത്ര ചെയ്തു. തങ്കശ്ശേരിയെ കടലാക്രമണത്തിൽ നിന്നും രക്ഷിക്കുകയാണ് ഈ പുലിമുട്ടിന്റെ ഉദ്ദേശ്യമെങ്കിലും അത് ഒരു ടൂറിസ്റ്റ് സ്‌പോർട്ടായി മാറിയിട്ടുണ്ട് ഇപ്പോൾ. പുലിമുട്ടിലെ കോൺക്രീറ്റ് പാതയ്ക്കരുകിൽ ഇരിപ്പിടങ്ങളും ബോട്ടിങ്ങിനുള്ള സംവിധാനങ്ങളും വരുമെന്ന് ഡിടിപി സിയുടെ കൊല്ലത്തെ ജീവനക്കാരനായ പ്രിനിൽ രാജേന്ദ്രൻ ഞങ്ങളോട് പറഞ്ഞു. പഴയ ആംഗ്ലോ ഇന്ത്യൻ താമസയിടമാണ് തങ്കശ്ശേരി. കോട്ടയുടെ അവശിഷ്ടങ്ങളും ലൈറ്റ് ഹൗസുമൊക്ക ഇവിടെ കാണാം. കൊളോണിയൽ കാലത്തിന്റെ ചരിത്രം വർത്തമാനകാല ജീവിതത്തോട് കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു ഇവിടെ.


കൊല്ലത്ത് എന്താണ് കാണാനുള്ളത് എന്ന് അതുവരെ ചോദിച്ചിരുന്ന ഞങ്ങളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിലാക്കി മൺറോ തുരുത്തിലേക്കും കൊല്ലത്തെ അഡ്വഞ്ചർ പാർക്കിലേക്കും സാമ്പ്രാണി കോടി ദ്വീപിലേക്കുമൊക്കെയുള്ള യാത്രകൾ.

ജലവിനോദത്തിന്റേയും ഗ്രാമ്യസൗന്ദര്യത്തിന്റേയും അനർഘനിമിഷങ്ങളാണ് ഇവയെല്ലാം തന്നെ ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്. ചെറുവള്ളത്തിൽ കൈത്തോടുകളിലുള്ള യാത്രയും അഷ്ടമുടിയിൽ മോട്ടോർ ബോട്ടിലുള്ള സഞ്ചാരവും ഹൗസ് ബോട്ടിലുള്ള മുഴുദിന സഞ്ചാരവും കയാക്കിങ്ങും പാരാസെയിലിങ്ങുമെല്ലാം കൊല്ലത്തെ സഞ്ചാരിയുടെ ഹൃദയത്തോട് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നു. വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം കൊല്ലം കണ്ടവന് സ്വന്തം നാടു വേണ്ട എന്നു ചുരുക്കം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>