Test drive: MG Hector
July 15, 2019
Exclusive: Travel to Malakkappara in a Mahindra XUV300 Autoshift (Diesel AMT)
July 18, 2019

ദിനു സുരേന്ദ്രനും ഭാര്യ രമ്യയും മകൾ നിഹാരികയും ഫോക്‌സ്‌വാഗൺ വെന്റോയ്‌ക്കൊപ്പം

നേരത്തെ ഫോക്‌സ് വാഗൺ കാറുകൾ സ്വന്തമാക്കിയ ഈ മൂന്നുപേർ വീണ്ടും തങ്ങളുടെ വാഹനമായി മാറ്റിയത് ഫോക്‌സ് വാഗൺ കാറുകൾ തന്നെ. രണ്ടു പേർ വെന്റോയുടെ ഉയർന്ന വേരിയന്റിലേക്ക് മാറിയപ്പോൾ ഒരാൾ പോളോയിൽ നിന്നും വെന്റോയിലേക്ക് അപ്‌ഗ്രേഡ് ചെയ്തു. ഫോക്‌സ് വാഗനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷം.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

കുടുംബ ബിസിനസ്സായ കൺസ്ട്രക്ഷൻ കമ്പനി നോക്കി നടത്തുകയാണ് മുപ്പതുകാരനായ ബിനോയ് ജോസ്. 2016ൽ ഫോക്‌സ് വാഗൺ വെന്റോയുടെ ഹൈലൈൻ ഡീസൽ മോഡൽ സ്വന്തമാക്കിയ ബിനോയ് ഇക്കഴിഞ്ഞ ജൂണിൽ ആ വാഹനം ഇ വി എം ഫോക്‌സ്‌വാഗണിൽ എക്‌സേഞ്ച് ചെയ്ത് പുതിയ ഫോക്‌സ് വാഗൺ ഹൈലൈൻ പ്ലസ് ഡീസൽ വേരിയന്റ് വാങ്ങി. ബിനോയ്‌യുടെ സഹോദരനായ ബിജോയ് ജോസും ഫോക്‌സ് വാഗൺ കാറുകളുടെ തന്നെ ആരാധകനാണ്. വെന്റോയ്ക്കു പുറമേ, പോളോയും ജെറ്റയുമുണ്ട് ബിജോയ്ക്ക്. ഒരു കുടുംബത്തിൽ ഒരുപാടു പേർക്ക് ഫോക്‌സ് വാഗൺ കാറുകളുള്ള കഥകൾ നേരത്തേയും സ്മാർട്ട് ഡ്രൈവ് പറഞ്ഞിട്ടുള്ളതാണെങ്കിലും ഫോക്‌സ് വാഗൺ വെന്റോ എക്‌സേഞ്ച് ചെയ്ത് വീണ്ടും വെന്റോയുടെ പുതിയ മോഡൽ തന്നെ സ്വന്തമാക്കിയവരുടെ കഥകൾ അത്ര പരിചിതമല്ല. എന്തുകൊണ്ടാണ് പഴയ വെന്റോയിൽ നിന്നും പുതിയ വെന്റോയിലേക്ക് മാറിയതെന്ന് ചോദിച്ചാൽ ബിനോയ് ജോസിന്റെ മറുപടി ലളിതം. ”ഫോക്‌സ് വാഗൺ വെന്റോയുടെ നിലവാരവും കംഫർട്ടും സുരക്ഷിതത്വവുമുള്ള മറ്റൊരു കാറും ആ സെഗ്മെന്റിൽ എനിക്ക് കാണാനായില്ലെന്ന താണ് സത്യം. ഫോക്‌സ്‌വാഗൺ വെന്റോ ഉപയോഗിച്ച ആർക്കും തന്നെ ആ സെഗ്മെന്റിലെ മറ്റൊരു കാറിലേക്ക് മാറാൻ മനസ്സുവരില്ല. അത്രയ്ക്ക് നമ്മെ വശീകരിച്ചു കളയും ആ വാഹനം,” ബിനോയ് ജോസ് പറയുന്നു.

ബിനോയ് ജോസും ഭാര്യ അമ്മുവും മകൾ ഇവാനയും വെന്റോയ്‌ക്കൊപ്പം

ബിനോയ്ക്ക് നേരത്തെ ഉണ്ടായിരുന്ന വെന്റോ ഹൈലൈൻ മാനുവൽ മോഡലായിരുന്നുവെങ്കിൽ ജൂൺ അവസാന വാരത്തിൽ വീട്ടിലെത്തിയ ഹൈലൈൻ പ്ലസ് ഡീസൽ വെന്റോ ഓട്ടോമാറ്റിക്കാണ്. 4400 ആർ പി എമ്മിൽ 108 ബി എച്ച് പി കരുത്തും 1500 ആർ പി എമ്മിൽ 250 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള വെന്റോ ഹൈലൈൻ പ്ലസ് 1.5 ഓട്ടോമാറ്റിക്കിന് 7 സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. ലിറ്ററിന് 22.15 കിലോമീറ്റർ മൈലേജും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. 4390 എം എം നീളവും 1699 എം എം വീതിയും 1467 എം എം ഉയരവുമുള്ള ഫോക്‌സ് വാഗൺ വെന്റോ ഈ സെഗ്മെന്റുകളിലെ സെഡാനിൽ ഏറ്റവുമധികം സ്ഥലസൗകര്യമുള്ള വാഹനം കൂടിയായതിനാൽ ദീർഘദൂര യാത്രകൾക്ക് ഈ വാഹനം ഉപയോഗിക്കാനുമാകും. ബിനോയ്‌യുടെ ഭാര്യ അമ്മുവും ആറുമാസം പ്രായമായ ഇവാനയും പുതിയ വെന്റോയിലുള്ള യാത്രകൾ ആരംഭിച്ചു കഴിഞ്ഞു.

മുഹമ്മദ് ഷഫീക്ക് പോളോയിൽ നിന്നാണ് വെന്റോയി ലേക്ക് അപ്‌ഗ്രേഡ് ചെയ്തത്

1498 സി സിയുടെ ഡീസൽ കരുത്തൻ നഗരത്തിലും ചെറുപാതകളിലും മലനിരകളിലുമെല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് ബിനോയ് യുടെ സാക്ഷ്യം. 163 എം എം ആണ് വെന്റോയുടെ ഗ്രൗണ്ട് ക്ലിയറൻസ് എന്നതിനാൽ ദുർഘടപാതകളിൽ പോലും അടി തട്ടാതെ നീങ്ങാനാകും. 494 ലിറ്ററാണ് ബൂട്ട് സ്‌പേസ്. ഒരു കുടുംബത്തിന് ദീർഘദൂര യാത്ര പോകുമ്പോൾ സൂക്ഷിക്കേണ്ടുന്ന വസ്തുക്കളെല്ലാം തന്നെ ഈ ബൂട്ടിൽ സൂക്ഷിക്കാനാകും. ഇന്ധനടാങ്കിനാകട്ടെ 55 ലിറ്റർ ശേഷിയുള്ളതിനാൽ ഒരിക്കൽ ഫുൾ ടാങ്ക് ഡീസൽ അടിച്ചാൽപ്പിന്നെ അക്കാര്യം മറന്നുകളയുകയുമാകാം. നല്ല മൈലേജുള്ളതിനാൽ ദീർഘദൂരയാത്രകൾക്ക് ഏറ്റവും മെച്ചെപ്പട്ട വാഹനം തന്നെയാണ് വെന്റോ. സുരക്ഷിതത്വത്തിനും കംഫർട്ടിനും വലിയ പ്രാധാന്യം നൽകുന്നുവെന്നതിനാലാണ് വെന്റോയ്ക്കുശേഷം മറ്റൊരു വാഹനത്തെപ്പറ്റി ചിന്തിക്കാതെ വെന്റോയുടെ തന്നെ ഓട്ടോമാറ്റിക് ഡീസൽ പതിപ്പിലേക്ക് ബിനോയ് ചുവടുമാറിയത്. സസ്‌പെൻഷന്റെ മികവാണ് വെന്റോയുടെ ഒരു പ്രധാന സവിശേഷത. മുന്നിൽ സ്റ്റെബിലൈ സർ ബാറോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രട്ടും പിന്നിൽ സെമി ഇൻഡിപെൻഡന്റ് ട്രെയിലിങ് ആമുമാണ് വെന്റോയ്ക്ക്. റിഫൈൻഡും സ്മൂത്തുമാണ് ടിഡിഐ എഞ്ചിൻ. സുരക്ഷിതത്വത്തിനായി രണ്ട് എയർ ബാഗുകളും ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകളും സീറ്റ് ബെൽട്ട് വാണിങ്ങും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഇ ബി ഡിയും ഇ എസ് പിയും സ്പീഡ് സെൻസിങ് ഡോർലോക്കും ചൈൽഡ് സേഫ്റ്റി ലോക്കുമുണ്ട്. ”ഇതിനു പുറമേ, പിന്നിൽ പാർക്കിങ് സെൻസറുകളും റിവേഴ്‌സ് ക്യാമറയുമുള്ളതിനാൽ പാർക്കിങ് വളരെ എളുപ്പമാണ്. നഗരത്തിൽ എവിടേയും എളുപ്പത്തിൽ വെന്റോ പാർക്ക് ചെയ്യാനാകും,” ബിനോയ് ജോസ് പറയുന്നു.

ദിനു സുരേന്ദ്രൻ പഴയ ട്രെന്റ് ലൈൻ വെന്റോയിൽ നിന്നാണ് ഹൈലൈൻ വെന്റോയിലേക്ക് മാറിയത്‌

വെന്റോയിൽ നിന്നും വെന്റോയിലേക്ക് തന്നെ മാറിയത് ബിനോയ് മാത്യു മാത്രമല്ല. എറണാകുളം വെണ്ണല സ്വദേശി ദിനു സുരേന്ദ്രൻ 2013ൽ വാങ്ങിയ വെന്റോ ട്രെന്റ്‌ലൈൻ പെട്രോൾ മോഡലിൽ നിന്നും 2018ൽ വെന്റോ 1.6 ഹൈലൈൻ പെട്രോൾ മോഡലിലേക്ക് മാറിയിരുന്നു. ഒരു ബഹുരാഷ്ട്ര ഹെൽത്ത് കെയർ പ്രോഡക്ട് കമ്പനിയുടെ ഏഷ്യാ പസഫിക് റീജിയൺ മാർക്കറ്റിങ് മാനേജർ ആയി തൊഴിലെടുക്കുന്ന അദ്ദേഹം മറ്റൊരു കമ്പനിയുടെ പല മോഡൽ കാറുകൾ ഉപയോഗിച്ചശേഷമാണ് 2013ൽ ആദ്യമായി ഫോക്‌സ് വാഗൺ വെന്റോ വാങ്ങുന്നത്. ”എം ബി എ പഠിക്കാൻ ബ്രിട്ടനിൽ പോയ സമയത്താണ് ഫോക്‌സ് വാഗൺ കാറുകൾ ഞാൻ പരിചയപ്പെടുന്നത്. ഗോൾഫ്, ബീറ്റിൽ തുടങ്ങിയ കാറുകളിൽ ഞാൻ ആദ്യമായി യാത്ര ചെയ്തത് അവിടെ വച്ചാണ്. ഇന്ത്യയിൽ അന്ന് ഫോക്‌സ് വാഗൺ കാറുകൾ വന്നു തുടങ്ങിയിരുന്നില്ല. ജർമ്മൻ വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റിയും മികവും സുരക്ഷിതത്വവും മനസ്സിലാക്കിയതിനെ തുടർന്നാണ് ഇന്ത്യയിൽ ഫോക്‌സ് വാഗൺ എത്തിയപ്പോൾ വെന്റോ വാങ്ങാൻ ഞാൻ തീരുമാനിച്ചത്,” ദിനു സുരേന്ദ്രൻ പറയുന്നു. പൈതൃകവും പാരമ്പര്യവുമൊക്കെയുള്ള ആ വാഹനം അതിന്റെ ബ്രാൻഡിന്റെ മൂല്യത്തിനൊത്ത് ഉയർന്നതാണെന്നാണ് ദിനുവിന്റെ ഭാഷ്യം. ”ഫോക്‌സ് വാഗൺ വെന്റോയിൽ സഞ്ചരിക്കുമ്പോൾ തന്നെ ആ വാഹനത്തിന്റെ സുരക്ഷിതത്വവും കംഫർട്ടും നമുക്ക് ഫീൽ ചെയ്യും. ഫോക്‌സ് വാഗൺ കാർ വാങ്ങുന്നതിനു മുമ്പ് ഫോക്‌സ് വാഗന് മൈലേജ് കുറവാണെന്നും മെയിന്റനൻസ് കോസ്റ്റ് കൂടുതലാണെന്നുമൊക്കെ ഞാൻ കേട്ടിരുന്നു. പക്ഷേ ഉപയോഗിച്ചപ്പോൾ അവയെല്ലാം കമ്പനിക്കെതിരെ പെരുപ്പിച്ചുപറയുന്ന കാര്യങ്ങളാണെന്ന് ബോധ്യപ്പെട്ടു. നഗരത്തിലും ഹൈവേയിലുമെല്ലാം നല്ല മൈലേജ് തന്നെ എനിക്ക് വെന്റോയിൽ ലഭിക്കുന്നുണ്ട്. മെയിന്റനൻസ് കോസ്റ്റ് കൂടുതലാണെങ്കിൽ ഞാൻ വീണ്ടും വെന്റോ തന്നെ വാങ്ങുകയുമില്ലല്ലോ,” ദിനു പറയുന്നു.

ബിനോയ് ജോസ് ഹൈലൈൻ ഡീസൽ വെന്റോയിൽ നിന്നാണ് ഹൈലൈൻ പ്ലസ് ഡീസൽ വെന്റോയിലേക്ക് മാറിയത്‌

ദിനുവും ഭാര്യ രമ്യ എസ് ആനന്ദും മകൾ പതിമൂന്നു വയസ്സുകാരി നിഹാരികയും സമീപകാലത്ത് വെന്റോയിൽ മുംബയിലേക്ക് അഞ്ചു ദിവസം നീണ്ട ഒരു യാത്ര പോയിരുന്നു. ”ബംഗലുരു വഴിയായിരുന്നു മുംബയിലേക്കുള്ള യാത്രയെങ്കിൽ കൊങ്കൺ പാത വഴിയായിരുന്നു മടക്കയാത്ര. ദീർഘദൂര സഞ്ചാരത്തിൽ തെല്ലും അലോസരം വെന്റോയിൽ അനുഭവപ്പെട്ടില്ലെ ന്നു മാത്രമല്ല ഹൈവേയിൽ വെന്റോയുടെ പെർഫോമൻസ് ശരിക്കും അനുഭവിച്ചറിയാനും കഴിഞ്ഞു. ട്രെന്റ് ലൈനിൽ നിന്നും ഹൈലൈനിലേക്ക് മാറിയപ്പോൾ നിരവധി പുതിയ ഫീച്ചറുകളും വാഹനത്തിലുള്ളത് മനസ്സിലാക്കാനും ആ യാത്രയിൽ സാധിച്ചു,” ദിനു സുരേന്ദ്രൻ പറയുന്നു.

ദിനുവിന്റേയും കുടുംബത്തിന്റേയും ദീർഘദൂര യാത്രകളെല്ലാം വെന്റോയിലാണ്‌

ഇടപ്പള്ളിയിലെ ഇല്യൂമിൻ എനർജിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇരുപത്തിയൊമ്പതുകാരൻ മുഹമ്മദ് ഷഫീക്കും ബിനോയ് ജോസിനോടും ദിനു സുരേന്ദ്രനോടും പൂർണമായും യോജിക്കുന്നയാളാണ്. സോളാർ പദ്ധതികളുമായി ബന്ധപ്പെട്ട് നിരന്തരം യാത്ര ചെയ്യുന്നതിനാൽ സുരക്ഷിതമായ ഒരു വാഹനം വേണമെന്ന് മുഹമ്മദ് ഷഫീക്കിന് നിർബന്ധമുണ്ടായിരുന്നു. നിരവധി വാഹനങ്ങൾ ഉപയോഗിച്ചിട്ടുള്ള മുഹമ്മദ് ഷഫീക്ക് 2015ലാണ് ആദ്യമായി ഫോക്‌സ് വാഗന്റെ ഒരു വാഹനം വാങ്ങിയത്. പോളോ. പക്ഷേ പോളോ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഫോക്‌സ് വാഗൺ കാറുകളുടെ ആരാധകനാ യി മുഹമ്മദ് ഷഫീക്കും മാറുകയായിരുന്നു. ”പോളോ വാങ്ങുമ്പോൾ എനിക്ക് ഇരുപത്തിനാലു വയസ്സേയുള്ളു. നല്ല ലുക്കും കംഫർട്ടുമുള്ള ഒരു ഹാച്ച്ബാക്കിനാ യുള്ള അന്വേഷണത്തിനൊടുവിലാണ് പോളോ തെരഞ്ഞെടുത്തത്. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ 5 സ്റ്റാർ റേറ്റിങ്ങുള്ള കാർ കൂടിയായതിനാൽ പിന്നെ മടിച്ചു നിന്നില്ല. പോളോയിലായി പിന്നീടുള്ള എന്റെ എല്ലാ സഞ്ചാരങ്ങളും,” മുഹമ്മദ് ഷഫീക്ക് പറയുന്നു.

ആറടിയിലധികം ഉയരമുള്ള ഷെഫീക്കിന് വെന്റോയിലെ ഡ്രൈവ് കംഫർട്ടബിൾ ആണ്‌

എന്നാൽ ആറടിയിലധികം ഉയരമുള്ള ഷഫീക്ക് വിവാഹിതനായപ്പോൾ പിന്നിൽ കൂടുതൽ സ്ഥലസൗകര്യമുള്ള ഒരു വാഹനം വേണമെന്ന് തോന്നി. പോളോ ഉപയോഗിച്ച്, ഫോക്‌സ്‌വാഗൺ ആരാധകനായി ത്തീർന്നതിനാൽ സെഡാൻ വാങ്ങാൻ തീരുമാനിച്ച പ്പോൾ ഫോക്‌സ് വാഗൺ വെന്റോ ആണ് മനസ്സിൽ വന്ന ഏക വാഹനം. ”ഉയരം കൂടുതലുള്ളതിനാൽ ചെറിയ വാഹനത്തിൽ ദീർഘദൂരം സഞ്ചരിച്ചാൽ മുട്ടുവേദനയെടുക്കുമായിരുന്നു. മാത്രവുമല്ല, ഞാൻ പോളോയുടെ സീറ്റ് പിറകോട്ട് ഇറക്കിയിടുന്നതിനാൽ പിന്നിലിരിക്കുന്നവർക്ക് മതിയായ ലെഗ് സ്‌പേസ് കിട്ടുകയുമില്ല. എന്നാൽ വെന്റോയുടെ വരവ് ഈ പ്രശ്‌നം പൂർണമായും പരിഹരിച്ചു. ഇപ്പോൾ ദീർഘദൂര ഡ്രൈവുകളെല്ലാം തന്നെ ഞാൻ വെന്റോയിലാണ് നടത്തുന്നത്,” ഭാര്യ ദിവ്യയ്ക്കും ആറു മാസം പ്രായമായ മകൾ സാറയ്ക്കുമൊപ്പമാണ്‌ ഷഫീക്കിന്റെ മിക്ക അവധിക്കാല സഞ്ചാരങ്ങളും.

വെന്റോയുടെ ഡ്രൈവിങ് കംഫർട്ടിനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് ഷഫീക്കിന്. ”വെന്റോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ സ്‌റ്റൈബിലിറ്റി യാണ്. എത്ര വേഗത്തിൽ പോകുമ്പോഴും അനായാസം വാഹനം നിരത്തിലൂടെ കൊണ്ടുപോകാനാകുമെന്ന് വെന്റോയിലെ ഡ്രൈവിങ് തെളിയിക്കുന്നുണ്ട്. ഒട്ടും തന്നെ കുലുക്കം വാഹനത്തിനുള്ളിൽ അനുഭവപ്പെടുന്ന തേയില്ല,” വെന്റോയുടെ കംഫർട്ട്‌ലൈൻ പെട്രോൾ ആണ് ഷഫീക്ക് ഉപയോഗിക്കുന്നത്. 5250 ആർ പി എമ്മിൽ 103 ബി എച്ച് പിയും 3800 ആർ പി എമ്മിൽ 153 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വെന്റോ കംഫർട്ട്‌ലൈൻ 1.6 പെട്രോളിനുള്ളത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള വാഹനത്തിന് 1598 സിസി എഞ്ചിനാണുള്ളത്. എ ബി എസും ഇ ബി ഡിയും രണ്ട് എയർ ബാഗുകളും സീറ്റ്‌ബെൽട്ട് വാണിങ്ങും വാഹനത്തിനുണ്ട്. നാല് സ്പീക്കറുകളുള്ള ഇന്റഗ്രേറ്റഡ് ഇൻ ഡാഷ് മ്യൂസിക് സിസ്റ്റവും യു എസ് ബി, ഓക്‌സിലറി, എം പി 3, റേഡിയോ, സി ഡി പ്ലേയർ സംവിധാനങ്ങളുമുണ്ട് കംഫർട്ട് ലൈനിൽ. ഡ്രൈവർ ആംറെസ്റ്റ് സ്റ്റോറേജും കൂൾഡ് ഗ്ലോബോക്‌സും സൺ ഗ്ലാസ് ഹോൾഡറും മുന്നിലും പിന്നിലും കപ്‌ഹോൾഡറുകളുമുണ്ട് വെന്റോ കംഫർട്ട്‌ലൈനിൽ.

സുരക്ഷിതത്വവും കംഫർട്ടും ആധുനിക സൗകര്യങ്ങളുമാണ് ഫോക്‌സ്‌വാഗൺ കാറുകളിൽ തന്നെ ഉറച്ചുനിൽക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്‌

വെന്റോയിലെ എയർകണ്ടീഷനിങ്ങിന്റെ മികവും ഷഫീക്ക് എടുത്തുപറയുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉള്ള വാഹനമായതിനാൽ വാഹനത്തിനകത്ത് എപ്പോഴും സുഖകരമായ അന്തരീക്ഷകാലാവസ്ഥയാണ് ഉള്ളത്. പിന്നിൽ എസി വെന്റുകളും നൽകിയിട്ടുണ്ട്. ലോ ഫ്യുവൽ ലെവൽ വാണിങ്ങും ഡിസ്റ്റൻസ് ടു എംപ്ടിയും ടാക്കോമീറ്ററും ക്ലോക്കും ഗിയർ ഇൻഡിക്കേറ്ററുമെല്ലാമുണ്ട് ഇതിൽ. മറ്റു കാറുകളിൽ നിന്നും ഫോക്‌സ്‌വാഗൺ കാറിലേക്ക് മാറിയ ഈ മൂന്നുപേരും പിന്നീടും തങ്ങളുടെ വാഹനമാക്കി മാറ്റിയത് ഫോക്‌സ്‌വാഗൺ കാറുകൾ തന്നെയായിരുന്നുവെന്നത് ഈ ജർമ്മൻ വാഹന കമ്പനിയും കാറും എത്രത്തോളം അവരെ തൃപ്തിപ്പെടുത്തുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ബ്രാൻഡിനൊത്ത മൂല്യം നൽകാൻ ഫോക്‌സ്‌വാഗൺ കാറുകൾക്ക് കഴിയുന്നുവെന്ന് ആ തെരഞ്ഞെടുപ്പുകൾ തെളിയിക്കുന്നു. ഒരു വാഹന നിർമ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം ഉപഭോക്താക്കളുടെ സംതൃപ്തിയാണല്ലോ. ഫോക്‌സ് വാഗൺ ആ സംതൃപ്തി നൽകുന്നതിൽ വിജയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം$

Copyright: Smartdrive- July 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>