Tata Nexon becomes the first Indian car to be published on the International Dismantling Information System (IDIS)
September 23, 2020
Testimonial: Skoda Rapid Onyx
September 23, 2020

VW Tiguan Allspace: Offroading experience

എം എം ജെ വാഗമൺ ടീ എസ്‌റ്റേറ്റിലെ കുന്നിൻ മുകളിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഓൾസ്‌പേസ്‌

നിരവധി ദേശീയ ഓഫ്‌റോഡിങ് ഈവന്റുകൾക്ക് വേദിയായ എം എം ജെ വാഗമൺ ടീ എസ്റ്റേറ്റിലെ ദുർഘടപാതകളിലൂടെ ഫോക്‌സ് വാഗൺ ടിഗ്വാൻ ആൾസ്‌പേസ് തന്റെ ഓഫ്‌റോഡിങ് കഴിവുകൾ പുറത്തെടുത്ത് സഞ്ചരിച്ചപ്പോൾ ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ അപാരതയെപ്പറ്റി യാത്രികർ വാചാലരായി.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

കോട്ടയത്ത് വാഗമണ്ണിലുള്ള എം എം ജെ വാഗമൺ ടീ എസ്റ്റേറ്റ് രാജ്യത്തെ പ്രമുഖ വാഹനകമ്പനികളുടെ നിരവധി ഓഫ്‌റോഡിങ് ഈവന്റുകൾക്ക് വേദിയായ ഇടമാണ്. മണർകാട്ട് പാപ്പൻ എന്ന് അറിയപ്പെട്ടിരുന്ന ജോസഫ് മൈക്കിൾ എന്ന കോട്ടയംകാരനായ ബിസിനസുകാരൻ 1984ലാണ് അയ്യായിരം ഏക്കറോളം വരുന്ന വാഗമണിലെ ഈ ടീ എസ്റ്റേറ്റ് വാങ്ങുന്നത്. 1927ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഈ ടീ എസ്റ്റേറ്റ് ഹാമൻസ് ആന്റ് ഗാർഡ്‌നിയറിൽ നിന്നും തിരുവിതാംകൂർ രാജകുടുംബം വാങ്ങുകയും അവരിൽ നിന്നും ഡങ്കൺസ് വാങ്ങുകയുമായിരുന്നു.

ഡങ്കൺസിൽ നിന്നാണ് മണർകാട്ട് പാപ്പൻ സഹ്യപർവതനിരകളും കുന്നുകളുമൊക്കെ നിറഞ്ഞ ഈ എസ്റ്റേറ്റ് വാങ്ങുന്നത്. വാഹനപ്രിയനും സഞ്ചാരിയുമായിരുന്ന പാപ്പൻ എസ്റ്റേറ്റിലൂടെ തനിക്ക് വാഹനത്തിൽ സഞ്ചരിക്കാനാണ് അവിടത്തെ പാതകൾ വെട്ടിയൊതുക്കിയെടുത്തതെന്നാണ് അദ്ദേഹത്തിന്റെ പിന്മുറക്കാർ പറയുന്നത്. എന്തായാലും ഇന്ന് ഈ എസ്റ്റേറ്റ് ഭൂമി ഓഫ്‌റോഡർമാർക്ക് പ്രിയപ്പെട്ട ഒരിടമാണ്. കീഴ്ക്കാംതൂക്കായ മലനിരകളും മഴയും മഞ്ഞും ഒളിച്ചുകളിക്കുന്ന കുന്നുകളുംപുൽമേടുകളും പാറക്കെട്ടുകളും ചതുപ്പുനിലങ്ങളും രുദ്രാക്ഷം, അണലിവേഗം തുടങ്ങി രണ്ടായിരത്തിലധികം അപൂർവ സസ്യങ്ങളുമൊക്കെയുള്ള ജൈവവൈവിധ്യം നിറഞ്ഞ ഒരിടം കൂടിയാണത്. എസ്റ്റേറ്റിൽ ബ്രിട്ടീഷ് പൈതൃകശേഷിപ്പുകളായ പഴയ ബംഗ്ലാവുകളുമുണ്ടെന്ന് ചലച്ചിത്രകാരന്മാരേയും അവിടേയ്ക്ക് ധാരാളമായി ആകർഷിക്കുന്നുണ്ട്. അമൽ നീരദിന്റെ വരത്തൻ ഏതാണ്ട് പൂർണമായി തന്നെ ചിത്രീകരിച്ചത് ഇവിടെയാണെങ്കിൽ അദ്ദേഹത്തിന്റെ തന്നെ ഇയ്യോബിന്റെ പുസ്തകം, ഓർഡിനറി, വില്ലൻ, പാവക്കൂത്ത്, ഡേവിഡ് ആന്റ് ഗോലിയാത്ത്, അതിരൻ, വിശുദ്ധൻ, ലൗ 24ഃ7 തുടങ്ങി നിരവധി സിനിമകളുടെ ലൊക്കേഷനാകുകയും ചെയ്തിട്ടുണ്ട്.

ചെങ്കുത്തായ പാറക്കെട്ടുകളും അരുവികളും പുൽമേടുകളും ദുർഘടപാതകളുമൊക്കെയുള്ള സ്ഥലമായതിനാലാണ് വാഹനകമ്പനികൾ തങ്ങളുടെ ഓഫ്‌റോഡിങ് ഈവന്റുകൾക്ക് എം എം ജെ വാഗമൺ ടീ എസ്റ്റേറ്റ് തെരഞ്ഞെടുക്കാറുള്ളത്. സ്മാർട്ട് ഡ്രൈവും പല വാഹനങ്ങളുടേയും ഓഫ്‌റോഡിങ് കഴിവുകൾ അനുഭവിച്ചറിയാൻ ആശ്രയിക്കുന്നതും ഈ പ്ലാന്റേഷൻ എസ്റ്റേറ്റിനെ തന്നെയാണ്. ഫോക്‌സ് വാഗന്റെ ഏറ്റവും പുതിയ എസ് യു വിയായ ടിഗ്വാൻ ഓൾസ്‌പേസ് 2020 മാർച്ചിൽ പുറത്തിറങ്ങിയതു മുതൽ വാഹനത്തിന്റെ ഓഫ്‌റോഡിങ് കഴിവുകൾ അടുത്തറിയാൻ ഈ എസ്റ്റേറ്റിലേക്ക് യാത്ര പോകണമെന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ കോവിഡ് 19 മൂലമുണ്ടായ ലോക്ക്ഡൗൺ മൂലം അത് നടന്നില്ല. എങ്കിലും ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ആദ്യം തന്നെ ടിഗ്വാൻ ഓൾസ്‌പേസുമായി എസ്റ്റേറ്റിലേക്ക് യാത്ര നടത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. മണർകാട്ട് പാപ്പന്റെ സഹോദരന്റെ മകനും ഓഫ്‌റോഡിങ് പ്രിയനുമായ കുഞ്ഞുമോനച്ചായൻ എന്നറിയപ്പെടുന്ന ജോസഫ് മാത്യുവിനോട് വിവരം പറഞ്ഞപ്പോൾ വാഹനവുമായി ഉടനെ പുറപ്പെട്ടോളാൻ അദ്ദേഹത്തിന്റെ മൊഴി. അങ്ങനെയാണ് സെപ്തംബറിലെ കോരിച്ചൊരിയുന്ന ഒരു മഴയത്ത്, കൊച്ചിയിൽ നിന്നും വാഗമണിലേക്ക് ഫോക്‌സ് വാഗൺ ടിഗ്വാൻ ഓൾസ്‌പേസ് പുറപ്പെട്ടത്.

2017ൽ ഇന്ത്യയിലെത്തിയ രണ്ടാം തലമുറയിൽപ്പെട്ട ഫോക്‌സ് വാഗൺ ടിഗ്വാൻ 2020ൽ പുതിയ 7 സീറ്റർ ടിഗ്വാൻ ഓൾസ്‌പേസ് ഇന്ത്യയിൽ അവതരിപ്പിച്ചതോടെ ഫോക്‌സ് വാഗൺ പിൻവലിച്ചിരുന്നു. പഴയ ടിഗ്വാൻ ഡീസൽ മോഡലായിരുന്നുവെങ്കിൽ കൂടുതൽ വീൽബേയ്‌സും കൂടുതൽ നീളവുമൊക്കെയുള്ള ടിഗ്വാൻ ഓൾസ്‌പേസിനെ ചലിപ്പിക്കുന്ന 2.0 ലിറ്റർ ടി എസ് ഐ പെട്രോൾ എഞ്ചിനാണ്. പഴയ ടിഗ്വാനിൽ നിന്നും ടിഗ്വാൻ ഓൾസ്‌പേസിന് 215 എം എം നീളക്കൂടുതലും 110 എം എം അധിക വീൽസ്‌പേസുമുണ്ട്. അതായത് 4701 എം എം നീളവും 1839 എം എം വീതിയും 1674 എംഎം ഉയരവും 2787 എം എം വീൽബേസുമുള്ള ഒരു തകർപ്പൻ 7 സീറ്റർ വാഹനം. കെർബ് വെയിറ്റാകട്ടെ കേവലം 1780 കിലോഗ്രാമും. 201 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ഏത് ദുർഘടപാതയിലൂടെയും ടിഗ്വാൻ ഓൾസ്‌പേസിന് സഞ്ചരിക്കാനുമാകും. വിവിധ ഭൂഭാഗങ്ങളിൽ വാഹനമോടിക്കുന്നതിനുള്ള ടെറെയ്ൻ മോഡുകളുമുണ്ട് ഫോക്‌സ് വാഗൺ ടിഗ്വാൻ ഓൾസ്‌പേസിൽ. സ്‌നോ, നോർമൽ, ഓഫ്‌റോഡ്, ഓഫ്‌റോഡ് ഇൻഡ്യൂജുവൽ എന്നിങ്ങനെയാണ് മോഡുകൾ.

രാവിലെ തന്നെ കൊച്ചിയിൽ നിന്നും പുറപ്പെട്ടതിനാൽ പത്തുമണിയോടെ തന്നെ ഞങ്ങൾ വാഗമൺ ടീ എസ്റ്റേറ്റിന്റെ കവാടം കടന്നിരുന്നു. നഗരത്തിലും ഹൈവേകളിലും മലമ്പാതകളിലുമൊക്കെയുള്ള ടിഗ്വാൻ ഓൾസ്‌പേസിന്റെ പ്രകടനം ഞങ്ങളെ ശരിക്കും ആവേശഭരിതരാക്കിയിരുന്നു. നഗരത്തിൽ ഒതുക്കമുള്ള, പ്രൗഢനായ പരിഷ്‌കാരിയെപ്പോലെയായിരുന്നു ടിഗ്വാൻ ഓൾസ്‌പേസ് എങ്കിൽ ഹൈവേകളിൽ 1984 സിസിയുടെ എഞ്ചിൻ തന്റെ സർവകരുത്തും പുറത്തെടുത്ത് പായുകയായിരുന്നു. 4200 ആർ പി എമ്മിൽ 188 ബി എച്ച് പി കരുത്തും 1500 ആർ പി എമ്മിൽ 320 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് ഈ ഫോർ വീൽ ഡ്രൈവ് വാഹനം വാഗ്ദാനം ചെയ്യുന്നത്. അതിവേഗ അനായാസ ഷിഫ്റ്റുകൾ കൊണ്ട് ഓൾസ്‌പേസിന്റെ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്‌സും ഞങ്ങളെ അമ്പരപ്പിച്ചു. മലമ്പാതകളിലെ വളവുതിരിവുകൾ എത്ര അനായാസകരമാണ് ടിഗ്വാൻ ഓൾസ്‌പേസ് കയറിയതെന്ന് വാക്കുകൾ കൊണ്ട് വർണിക്കുക അസാധ്യം. അത്രയ്ക്ക് ലാഘവത്വമുള്ള സഞ്ചാരമാണ് ടിഗ്വാൻ ഓൾസ്‌പേസ് വാഗ്ദാനം ചെയ്യുന്നത്. 18 ഇഞ്ച് ടയറുകൾ വാഹനത്തെ നിരത്തിനോട് ചേർത്തുപിടിക്കുന്നതുകൊണ്ട് സുരക്ഷിതത്വത്തെപ്പറ്റി ഞങ്ങൾക്ക് ഒരു ആശങ്കയും ഉണ്ടായിരുന്നില്ല.

മണർകാട്ട് ജോസഫ് മാത്യു ഞങ്ങളെ സ്‌നേഹത്തോടെ വരവേറ്റു. ഓഫ്‌റോഡിങ്ങിൽ ഞങ്ങൾക്കൊപ്പം അദ്ദേഹവും വരാമെന്നേറ്റു. എസ്റ്റേറ്റിന് ഹാപ്പി വാലി, നോർത്ത് എസ്റ്റേറ്റ്, സൗത്ത് എസ്റ്റേറ്റ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്. ചെങ്കുത്തായ കയറ്റങ്ങളുള്ള, ദുർഘടപാതകൾ നിറഞ്ഞയിടത്തേക്കായിരുന്നു ഫോക്‌സ് വാഗൺ ഓൾസ്‌പേസിന്റെ ആദ്യസഞ്ചാരം. മഴ മാറിനിന്നതിനാൽ അൽപനേരം ടിഗ്വാന്റെ പനോരമിക് സൺറൂഫ് തുറന്നിട്ടു. മഴതുടങ്ങിയപ്പോൾ സൺറൂഫിനു മേലെ നീർത്തുള്ളികളുടെ തുള്ളിച്ചാട്ടം. മലവെള്ളം ഒഴുകിപ്പോയ പൊട്ടിപ്പൊളിഞ്ഞ മലമ്പാതകളിൽ വലിയ കല്ലുകൾ ഉയർന്നുനിൽക്കുന്നുണ്ട്. ടിഗ്വാന് ഹിൽ ഹോൾഡ് കൺട്രോളും എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഇ എസ് പിയും ഹിൽ ഡിസന്റ് കൺട്രോളും ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമൊക്കെയുള്ളതിനാൽ ഏതു കയറ്റവും സാധ്യമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ടയറെടുത്തു ടയറെടുത്ത് വച്ച് പതിയെപ്പതിയെ ടിഗ്വാൻ ഓൾസ്‌പേസ് ദുർഘട പാതകൾ താണ്ടാൻ തുടങ്ങി. മുന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ ഇൻഡിപെൻന്റ് വീൽ സസ്‌പെഷനും പിന്നിൽ ഫോർ ലിങ്ക് ആക്‌സിലോടു കൂടിയ ഇൻഡിപെൻഡന്റ് സസ്‌പെൻഷനുമായതിനാൽ പാറകളിൽ ടയർ കുത്തിയുയർന്ന് ഒരു പോൾവാൾട്ട് താരത്തെപ്പോലെയാണ് ചിലയിടങ്ങളിലെല്ലാം ടിഗ്വാൻ ഓൾസ്‌പേസ് ചലിച്ചത്.

ടിഗ്വാൻ ഓൾസ്‌പേസിന്റെ അപാരമായ ആ പ്രകടനം ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. 2.0 ലിറ്റർ ടി എസ് എൈ പെട്രോൾ എഞ്ചിൻ കരുത്തിൽ ഒരു ബാഹുബലിയാണെന്ന് തോന്നിയപ്പോയ നിമിഷം. ഡ്രൈവറുടെ കാൽമുട്ടിനടക്കം സുരക്ഷ നൽകുന്ന ഏഴ് എയർബാഗുകളുടെ സുരക്ഷിതത്വത്തിനു പുറമേ, കുറഞ്ഞ ടയർ പ്രഷർ ആണെങ്കിൽ ഡ്രൈവറെ അതറിയിക്കുന്ന ടയർ പ്രഷർ മോണിട്ടറിങ് സംവിധാനവും റിവേഴ്‌സ് പാർക്കിങ് ക്യാമറയും പാർക്ക് അസിസ്റ്റും ഹാൻഡ്‌സ് ഫ്രീ പാർക്കിങ്ങും മാർഗനിർദ്ദേശങ്ങളും വാഹനത്തിന്റെ 4മോഷൻ എന്ന ഇന്റലിജന്റ് ഫോർവീൽ ഡ്രൈവ് സംവിധാനവും ഏതു കയറ്റവും ഇറക്കവുമൊക്കെ അനായാസകരമാക്കാൻ നന്നായി സഹായിക്കുന്നുണ്ട്. നാലു വീലുകൾക്ക് ആവശ്യമായ രീതിയിൽ എഞ്ചിന്റെ കരുത്ത് പകർന്നു നൽകാൻ 4മോഷനു കഴിയുന്നുണ്ടെന്ന് ചെങ്കുത്തായ കയറ്റങ്ങൾ ഞങ്ങളെ ബോധ്യപ്പെടുത്തി. ട്രാക്ഷ്‌നും ഹാൻഡ്‌ലിങ്ങും ആക്‌സിലറേഷനും 4 മോഷൻ ശരിയായവിധത്തിൽ മെച്ചപ്പെടുത്തുന്നുണ്ടെന്ന് പറയാതെ വയ്യ. മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുകളാണെന്നതും ഇലക്ട്രോമെക്കാനിക്കൽ സ്പീഡ് സെൻസിറ്റീവ് പവർ സ്റ്റിയറിങ് ആണെന്നതും വാഹനത്തിന്റെ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്നുണ്ട്.


ഹാബെനേറോ ഓറഞ്ച് മെറ്റാലിക് നിറമുള്ളതായിരുന്നു ഞങ്ങളുടെ ടിഗ്വാൻ ഓൾസ്‌പേസ്. ഈ നിറത്തിനു പുറമേ, പ്യുവർ വൈറ്റ്, റൂബി റെഡ് മെറ്റാലിക്, ഡീപ്പ് ബ്ലാക്ക് പേൾ, പെട്രോളിയം ബ്ലൂ, പ്ലാറ്റിനം ഗ്രേ മെറ്റാലിക്, പൈറെറ്റ് സിൽവർ എന്നിങ്ങനെയുള്ള മറ്റ് ആറ് നിറങ്ങളും ടിഗ്വാൻ ഓൾസ്‌പേസിനുണ്ട്. ത്രീ സോൺ ഓട്ടോ എയർ കണ്ടീഷനിങ്ങായ ക്ലൈമട്രോണിക്‌സ് ഫോക്‌സ് വാഗൺ ടി്ഗ്വാൻ ഓൾസ്‌പേസിലെ സഞ്ചാരം ഒരു തകർപ്പൻ അനുഭവമാക്കി മാറ്റുന്നതിൽ സവിശേഷ പങ്കു വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. മുന്നിലെ ആംറെസ്റ്റിനു പിന്നിലായാണ് എസി വെന്റുകളും അഡ്ജസ്റ്റ്‌മെന്റുകളും നൽകിയിട്ടുള്ളത്. ദുർഘടപാതകൾക്കും സാധാരണ നിരത്തുകൾക്കുമൊക്കെയായി വിവിധ ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. ഡിജിറ്റൽ കോക്ക്പിറ്റ് ഡ്രൈവിങ്ങിനിടയിൽ അറിയേണ്ട എല്ലാ വിവരങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. പിന്നിലെ മൂന്നാം നിര സീറ്റ് കൂടി മറിച്ചിട്ടാൽ 1274 ലിറ്റർ ബൂട്ട് സ്‌പേസും ടിഗ്വാൻ ഓൾസ്‌പേസിനു ലഭിക്കും.

മലയിൽ മഴ കനത്തുവരികയാണ്. കോടമഞ്ഞ് കയറിത്തുടങ്ങി. എങ്കിലും വിസിബിലിറ്റി കുറവല്ല. കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെ ദുർഘട പാതകളിലൂടെ സഞ്ചരിക്കുമ്പോഴും ടിഗ്വാൻ ഓൾസ്‌പേസിനകത്തിരിക്കുന്നവർക്ക് അതൊട്ടും ആയാസകരമായി തോന്നിയില്ല. 5.9 മീറ്ററാണ് ടേണിങ് റേഡിയസ്. സസ്‌പെൻഷന്റെ മികവു മാത്രമല്ല അതിനു കാരണം. ഡ്രൈവിങ് മോഡുകളിൽ വാഹനം സ്വീകരിക്കുന്ന അസാധാരണമായ ചലനങ്ങളാണ് അതിനു കാരണം. മുന്നിലോ പിന്നിലോ തടസ്സങ്ങളുണ്ടെങ്കിൽ ഓട്ടോമാറ്റിക്കായി തന്നെ വാഹനം ബ്രേക്ക് അപ്ലൈ ചെയ്യുകയും ചെയ്യും. ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിൽ സംഗീതം ശ്രവിക്കാൻ എട്ട് സ്പീക്കറുകളും മികച്ച ഇൻഫോടെയ്‌മെന്റ് ടച്ച് സ്‌ക്രീനും നൽകിയിട്ടുണ്ട്. യുഎസ്ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത് കോംപാറ്റിബിലിറ്റികൾക്കു പുറമേ, ജി പി എസ് നാവിഗേഷൻ സംവിധാനവും ഐ പോഡ് കോംപാറ്റിബിലിറ്റിയും സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളും വോയ്‌സ് കമാൻഡും റേഡിയോയും എം പി 3 പ്ലേബാക്കും ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സ്മാർട്ട് കണക്ടിവിറ്റിയും ടിഗ്വാൻ ഓൾസ്‌പേസിലുണ്ട്.

നോർത്ത് എസ്റ്റേറ്റിലേക്കുള്ള വഴിയിൽ മഴമൂലം ചതുപ്പു നിറഞ്ഞതായിരുന്നുവെങ്കിലും ടിഗ്വാൻ ഓൾസ്‌പേസ് അതൊന്നും കാര്യമാക്കേണ്ട എന്ന മട്ടിലായിരുന്നു സഞ്ചാരം. സ്‌റ്റൈബിലിറ്റിയുടെ കാര്യത്തിൽ ഒരു പുലിയാണ് ടിഗ്വാൻ ഓൾസ്‌പേസ്. പൂർണമായും യൂറോപ്യൻ ലുക്കുള്ള വാഹനമാണ് ടിഗ്വാൻ ഓൾസ്‌പേസ്. നിലവിലുള്ള പ്ലാറ്റ്‌ഫോമിനെ വലിച്ചുനീട്ടി മൂന്നാംനിര സീറ്റ് പിടിപ്പിക്കാതെ, വാഹനത്തിന്റെ നീളം വർഢിപ്പിച്ച് മൂന്നാം നിര സീറ്റ് നൽകിയതും ടിഗ്വാൻ ഓൾസ്‌പേസിന്റെ എടുത്തുപറയാവുന്ന സവിശേഷതയാണ്. കംപ്ലീറ്റ്‌ലി ബിൽട്ട് അപ്പ് യൂണിറ്റായാണ് ടിഗ്വാൻ ഓൾസ്‌പേസ് ഫോക്‌സ് വാഗൺ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ആഡംബരത്തിലും ഫീച്ചറുകളിലുമെല്ലാം ടിഗ്വാൻ ഓൾസ്‌പേസ് അതുകൊണ്ടു തന്നെ ജർമ്മൻ പ്രൗഢി വിളംബരം ചെയ്യുന്നുണ്ട്. ഒരു പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച എസ് യു വിക്ക് മികച്ച ഓഫ്‌റോഡിങ് പ്രകടനം കാഴ്ച വയ്ക്കാനാകുമോ എന്നു സംശയിക്കുന്നവർക്കുള്ള ഫോക്‌സ് വാഗന്റെ മുഖമടച്ചുള്ള മറുപടിയാണ് ടിഗ്വാൻ ഓൾസ്‌പേസ് എന്ന് വാഗമൺ ടീ എസ്റ്റേറ്റിലൂടെയുള്ള സഞ്ചാരം ഞങ്ങളെ ബോധ്യപ്പെടുത്തി.
കുഞ്ഞുമോനച്ചായന്റെ ബംഗ്ലാവിൽ അദ്ദേഹത്തിനൊപ്പം തകർപ്പൻ ബീഫ് ഫ്രൈയും ബീഫ് കറിയുമൊക്കെ കൂട്ടി ഊണു കഴിച്ചിറങ്ങുമ്പോൾ ടിഗ്വാൻ ഓൾസ്‌പേസ് ‘ഇതൊക്കെ എന്ത്’ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി കാത്തുനിൽപുണ്ടായിരുന്നു. 2.0 ലിറ്റർ ടി എസ് ഐ പെട്രോൾ എഞ്ചിൻ അടുത്ത കുതിപ്പിനായി കാക്കുകയാണെന്നു തോന്നുന്നു…..$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>