Indel Suzuki: The Best!
June 17, 2019
Club De Royale: Luxury and comfort of Mahindra Alturas G4
June 18, 2019

Volkswagen Polo: A Love Story

സിമി ദിലീപും കുടുംബവും ഫോക്‌സ്‌വാഗൺ പോളോയ്‌ക്കൊപ്പം

ഫോക്‌സ് വാഗൺ പോളോയ്ക്ക് കേരളത്തിലുടനീളം വലിയ ആരാധകനിരയാണുള്ളത്. പോളോ വാങ്ങിയവരാരും തന്നെ ഫോക്‌സ് വാഗൺ ബ്രാൻഡ് അല്ലാതെ മറ്റൊരു വാഹനം പിന്നീട് വാങ്ങുകയുമില്ല. അത്രത്തോളം അവരുടെ മനസ്സിനോട് ഇണങ്ങിച്ചേരുന്നു പോളോയുടെ സ്‌റ്റൈലും കരുത്തും സുരക്ഷിതത്വവും പെർഫോമൻസും പ്രൗഢിയും. ചില പോളോ പ്രണയകഥകൾ.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അഖിൽ അപ്പു

പനമ്പിള്ളി നഗർ വിദ്യാനഗറിൽ ഗ്രീൻലി മാർട്ട് എന്ന സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സിമി ദിലീപ്. നേരത്തെ സെഡാനുകളും ഹാച്ച്ബാക്കുകളു മടക്കം പല വാഹനങ്ങളും ഉപയോഗിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരിയായ സിമി നാലു വർഷങ്ങൾക്കു മുമ്പാണ് ഫോക്‌സ് വാഗൺ പോളോ തന്റെ വാഹനമാക്കി മാറ്റിയത്. പോളോയോടും ഫോക്‌സ് വാഗൺ എന്ന ബ്രാൻഡിനോടും അന്നുതുടങ്ങിയ ഇഷ്ടം ഇന്നും അതുപോലെ തന്നെയുണ്ട് സിമിക്ക്. ഏതാണ്ട് 75,000 കിലോമീറ്റർ സഞ്ചരിച്ചെങ്കിലും ഷോറൂം കണ്ടീഷനിൽ തന്നെയാണ് സിമിയുടെ പോളോ. ”പല കമ്പനികളുടേയും കാറുകൾ ഉപയോഗിച്ചിട്ടുള്ള ഞാൻ ഫോക്‌സ് വാഗൺ കാർ ഇതാദ്യമായാണ് വാങ്ങിയത്. പക്ഷേ പോളോ എത്തിയതിൽപ്പിന്നെ മറ്റൊരു കാർ വാങ്ങുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല. അത്രയ്ക്ക് കംഫർട്ടബിളും സുരക്ഷിതവുമാണ് ആ വാഹനം. സത്യം പറഞ്ഞാൽ പോളോ നേരിട്ട് കാണുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്യുന്നതു വരെ ഞാൻ ഏതു വാഹനമെടുക്കണമെന്ന കാര്യത്തിൽ തീർത്തും കൺഫ്യൂസ്ഡ് ആയിരുന്നു. ആ സമയത്ത് പുറത്തിറങ്ങിയ മറ്റൊരു കമ്പനിയുടെ കാറിലും എനിക്ക് നോട്ടമുണ്ടായിരുന്നു,” സിമി ദിലീപ് തുറന്നുപറയുന്നു.

എഡ്രിനും ഭാര്യ മഡോണയും മകനും ഒരു യാത്രയിൽ പോളോയ്‌ക്കൊപ്പം

അപ്പോൾപ്പിന്നെ എന്താകും ഫോക്‌സ് വാഗൺ പോളോയിലേക്ക് സിമിയെ അടുപ്പിച്ചത്? ”ഫോക്‌സ് വാഗൺ പോളോ ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോയപ്പോൾ ഇ വി എം ഫോക്‌സ് വാഗൺ ഡീലർഷിപ്പിലെ എക്‌സിക്യൂട്ടീവുകൾ പ്രധാനമായും എന്നോട് പറഞ്ഞത് പോളോ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തെക്കുറിച്ചും അത് നിർമ്മിച്ചിട്ടുള്ള സ്റ്റീലിന്റെ കരുത്തിനെക്കുറിച്ചുമൊക്കെയാണ്. പുറമേ നിന്നും കാറിന്റെ ഡിസൈൻ നന്നായി ഇഷ്ടപ്പെട്ട എനിക്ക് പോളോ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വവും മറ്റു കാറുകളിൽ നിന്നും ഏറെ മെച്ചപ്പെട്ടതാണെന്നു തോന്നി. മാത്രവുമല്ല കാറിനു ള്ളിൽ ഡ്രൈവിങ് സീറ്റിൽ ഇരുന്നപ്പോൾ അഭിമാനകരമായ ഒരു ഫീൽ ആണ് തോന്നിയത്. ഒരു പ്രീമിയം വാഹനത്തിനകത്തിരിക്കുമ്പോഴുള്ള അതേ ഫീൽ. എന്നാൽ അതിനുശേഷം മറ്റേ കാർ ബ്രാൻഡിന്റെ വാഹനത്തിനുള്ളിൽ കയറിയപ്പോൾ രൂക്ഷമായ പ്ലാസ്റ്റിക് ഗന്ധമാണ് എതിരേറ്റത്. ബൂട്ട് അടയ്ക്കാൻ ശ്രമിച്ചപ്പോഴാകട്ടെ പതുക്കെ അടയ്ക്കാൻ എക്‌സിക്യൂട്ടീവിന്റെ നിർദ്ദേശവും!” സിമി ദിലീപ് പറയുന്നു.

ജിതിൻ ജയൻ പോളോയിൽ ഇൻഫോ പാർക്കിലേക്കുള്ള യാത്രയിൽ

എന്തായാലും പോളോയോട് സിമിക്ക് ഇന്നും തുടരുന്ന പ്രണയം സിമിയുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ”പോളോ ആണ് എല്ലാ യാത്രകളിലും എനിക്കിപ്പോൾ തുണ. പാലക്കാട്ടേയ്ക്കും മൂകാംബിയിലേക്കും ഷിമോഗയിലേക്കും ബംഗലുരുവിലേക്കും ഒറ്റപ്പാലത്തെ ഭർതൃഗൃഹത്തിലേക്കുമൊക്കെ ഞാൻ രണ്ടു വർഷമായി നടത്തുന്ന എല്ലാ യാത്രകളും പോളോയിലാണ്. പൊതുവേ ഫോക്‌സ് വാഗൺ കാറുകൾക്ക് സർവീസ് കോസ്റ്റ് കൂടുതലാണെന്ന് ഒരു ധാരണ നാട്ടുകാർക്കുണ്ട്. അത് തെറ്റാണെന്നാണ് എന്റെ അനുഭവം. 15,000 കിലോമീറ്ററാകുമ്പോൾ മാത്രമേ പോളോ സർവീസ് ചെയ്യേണ്ടതായി വരുന്നുള്ളു. ആ സമയത്ത് സർവീസ് ചെയ്താലാകട്ടെ, കാർ വീണ്ടും പുതുപുത്തൻ പോലെയാകുകയും ചെയ്യും. സർവീസ് കോസ്റ്റാകട്ടെ താങ്ങാനാകുന്നതുമാണ്,” സിമിയ്ക്ക് പോളോയെപ്പറ്റി നല്ലതു മാത്രമേ പറയാനുള്ളു.

Simi Dileep in her VW Polo

നല്ല കരുത്തും പെർഫോമൻസ് മികവുമുള്ള വാഹനമാണ് പോളോ എന്ന കാര്യവും സിമി സാക്ഷ്യപ്പെടുത്തുന്നു. ”പോളോയുടെ പെട്രോൾ കംഫർട്ട്‌ലൈൻ മോഡലാണ് എന്റേത്. 6200 ആർ പി എമ്മിൽ 75 ബി എച്ച് പി കരുത്തും 3000 ആർ പി എമ്മിൽ 95 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്നുണ്ട് ആ വാഹനം. ഹൈവേകളിൽ ലിറ്ററിന് 18 കിലോമീറ്റർ മൈലേജും ലഭിക്കുന്നു. മറ്റു വാഹനങ്ങളെ അനായാസം മറികടക്കാനും ഏത് ദുർഘടപാതകളിലൂടെ നീങ്ങാനും പോളോയ്ക്ക് കഴിയുകയും ചെയ്യും,” സിമി പറയുന്നു.

അനായാസേന ദുർഘടപാതകളിൽപോലും പോളോ ഓടിക്കാനാകുമെന്ന് എഡ്രിൻ

3971 എം എം നീളവും 1682 എം എം വീതിയും 1469 എം എം ഉയരവുമുള്ള വാഹനമാണ് പോളോ. നഗരത്തിരക്കുകളിൽ അനായാസേന ഡ്രൈവ് ചെയ്യാനും ചെറിയ സ്ഥലങ്ങളിൽ പോലും പാർക്ക് ചെയ്യാനും പോളോയ്ക്കാകുമെന്നതാണ് നഗരവാസികളുടെ പ്രിയപ്പെട്ട വാഹനമായി പോളോയെ മാറ്റുന്നത്. അഞ്ചു പേർക്ക് സുഖമായി സഞ്ചരിക്കാനാകുന്ന വാഹനത്തിന് 295 ലിറ്റർ ബൂട്ട് സ്‌പേസുമുണ്ട്. ദീർഘദൂര യാത്രകളിൽ കൂടെ കരുതേണ്ട ബാഗുകളും മറ്റും ബൂട്ടിൽ സൗകര്യപ്രദമായി വയ്ക്കാനാ കുമെന്നു സാരം. ഇന്ധന ടാങ്കിന് 45 ലിറ്റർ ശേഷിയുള്ളതിനാൽ ഒരിക്കൽ ഫുൾ ടാങ്ക് അടിച്ചാൽ പിന്നെ ഇന്ധനത്തിന്റെ കാര്യം മറന്നുകളയുകയുമാകാം.

വാഹനത്തിന്റെ പ്രൗഢമായ രൂപവും കരുത്തുറ്റ ബോഡിയും നിരത്തിലെ തകർപ്പൻ പ്രകടനവുമാണ് തന്നെ ആകർഷിച്ചതെന്ന് ജിതിൻ പറയുന്നു.

ഫോർട്ടുകൊച്ചിക്കാരനായ എഡ്രിൻ ഫിഗറാഡോയ്ക്കും ഫോക്‌സ് വാഗൺ പോളോ ജീവനാണ്. നേരത്തെ പല കാറുകളും ഉപയോഗിച്ചശേഷമാണ് പോളോയിലേക്ക് എഡ്രിൻ എത്തിയത്. ഇൻഫോപാർക്കിൽ ഏണസ്റ്റ് ആന്റ് യങ്ങിൽ അസിസ്റ്റന്റ് മാനേജറായ അദ്ദേഹം 2019 ഫെബ്രുവരിയിൽ ഫോക്‌സ് വാഗൺ പോളോയെടുത്തത് ഏറെക്കാലത്തെ ആലോചനകൾക്കും വിലയിരുത്തലുകൾക്കും ശേഷമായിരുന്നു. ”പോളോ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തെപ്പറ്റിയും വാഹനത്തിന്റെ സ്റ്റീലിന്റെ കരുത്തിനെപ്പറ്റിയും ബിൽട്ട് ക്വാളിറ്റിയെപ്പറ്റിയുമൊക്കെ ഞാൻ നേരത്തെ തന്നെ മാധ്യമ റിപ്പോർട്ടുകളിലൂടെ അറിഞ്ഞിരുന്നു. അതാണ് പോളോ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി മാറിയത്. വാഹനം എടുത്തശേഷം ഞാൻ ആദ്യം പോയത് ഉത്തരപ്രദേശിലേക്കായിരുന്നു. കേരളത്തിൽ നിന്നും അത്രയേറെ ദൂരം ഡ്രൈവ് ചെയ്ത് പോയിട്ടും പോളോ അസുഖകരമായ അനുഭവമൊന്നും തന്നെ ഉണ്ടാക്കിയില്ല. പോളോയുടെ സസ്‌പെൻഷൻ മികവും സ്റ്റിയറിങ് കൺട്രോളും എ ബി എസ് സ്റ്റാൻഡേർഡ് ആയിട്ടുള്ള ബ്രേക്കിന്റെ മികവുമെല്ലാം അറിഞ്ഞത് ആ യാത്രയിലായിരുന്നു. അനായാസേന വാഹനം ഡ്രൈവ് ചെയ്യാനാകു മെന്നതാണ് ഏറ്റവും ആകർഷിച്ച ഘടകം,” എഡ്രിൻ പറയുന്നു. രണ്ട് എയർ ബാഗുകളും എ ബി എസ് ഉള്ള ബ്രേക്കിങ്ങുമാണ് പോളോയുടെ സവിശേഷത. സ്പീഡ് സെൻസിങ് ഡോർ ലോക്കും ചൈൽഡ് സേഫ്റ്റി ലോക്കും റിമോട്ട് സെൻട്രൽ ലോക്കിങ്ങും എഞ്ചിൻ ഇമ്മൊബിലൈസറുമെല്ലാമുണ്ട് പോളോയിൽ.

പോളോയുടെ സുരക്ഷിതത്വമാണ് സിമിയെ ആകർഷിച്ചത്‌

”മൂന്നാറിലേക്ക് രാത്രി യാത്ര ചെയ്തപ്പോഴാണ് പോളോ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം എത്രത്തോളമാണെന്ന് ശരിക്കുമറിഞ്ഞത്. മുന്നിലുള്ള വലിയ ഗട്ടർ പെട്ടെന്നാണ് കണ്ടതെങ്കിലും ബ്രേക്ക് ചെയ്തതിനെ തുടർന്ന് അതിവേഗം വാഹനം നിന്നു. വണ്ടിപ്പെരിയാറിലെ വളഞ്ഞുപുളഞ്ഞുള്ള പാതകളിലാകട്ടെ ആക്‌സിലേറഷൻ ഡൗൺ ചെയ്യാതെ തന്നെ വാഹനം അനായാസേന ഓടിച്ചുകൊണ്ടുപോകാനും കഴിഞ്ഞു,” എഡ്രിൻ പോളോയുടെ അസാമാന്യ കഴിവുകൾ വർണിക്കുകയാണ്. മുന്നിൽ സ്‌റ്റൈബിലൈസർ ബാറോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രട്ട് സസ്‌പെൻഷനും പിന്നിൽ സെമി ഇൻഡിപെൻഡന്റ് ട്രെയ്‌ലിങ് ആം സസ്‌പെൻഷനുമാണ് പോളോയ്ക്കുള്ളത്. എയർ കണ്ടീഷന്റെ മികവാകട്ടെ എത്ര കടുത്ത ചൂടിലും പോളോയുടെ അകം തണുപ്പിച്ചു തന്നെ നിലനിർത്തുന്നു. അഞ്ചു വയസ്സുകാരനായ മകനും ഭാര്യ മഡോണയ്‌ക്കൊപ്പവും സഞ്ചരിക്കുമ്പോൾ ഈ എയർ കണ്ടീഷനിങ്ങിന്റെ മികവ് അവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് എഡ്രിൻ പറയുന്നത്.

ഇൻഫോപാർക്കിൽ ബക്ക് കേപ്പബിലിറ്റി സെന്ററിൽ ഐ ടി ജീവനക്കാരനായ ഇരുപത്തൊമ്പതുകാരൻ ജിതിൻ കെ ജയനും ഫോക്‌സ് വാഗൺ പോളോയുടെ ആരാധകനാണ്. 2014ൽ കൊച്ചിയിൽ ഫോക്‌സ് വാഗൺ പോളോയുടെ ആദ്യ പെട്രോൾ ഹൈലൈൻ വേരിയന്റ് വാങ്ങിയത് ജിതിനായിരുന്നു. മികച്ച ഒരു ഹാച്ച്ബാക്കിനായുള്ള അന്വേഷണത്തിലായിരുന്നു ജിതിൻ. പല കാറുകളും ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടും അതിലൊന്നും തന്നെ തൃപ്തിപ്പെട്ടില്ല അദ്ദേഹം. ”ജർമ്മൻ വാഹനം വാങ്ങണമെന്ന മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും അതിന് വിലക്കൂടുതലാണെന്നായിരുന്നു ധാരണ. എന്നാൽ പോളോ താങ്ങാനാകുന്ന നിരക്കിലാണ് വിപണിയിലെത്തുന്നതെന്ന് മനസ്സിലാക്കിയതോടെ പോളോ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോയി. ആദ്യ യാത്രയിൽ തന്നെ ഇതാണ് എന്റെ വാഹനം എന്നു ഞാൻ മനസ്സിലുറപ്പിക്കുകയും ചെയ്തു,” ജിതിൻ പറയുന്നു. വാഹനത്തിന്റെ പ്രൗഢമായ രൂപവും നിരത്തിലെ തകർപ്പൻ പ്രകടനവുമാണ് തന്നെ ആകർഷിച്ചതെന്ന് ജിതിൻ പറയുന്നു.

”ഫോക്‌സ് വാഗൺ വാഹനം ഉപയോഗിച്ച ഒരാൾക്ക് പിന്നീട് ആ ബ്രാൻഡ് വിട്ട് മറ്റൊരു ബ്രാൻഡിലേക്കും പോകാനാവില്ലെന്ന് ഉറപ്പാണ്. അത്രയും മികച്ച നിലവാരമാണ് ഫോക്‌സ് വാഗൺ കാറുകളുടേത്. ഹൈലൈൻ 1.2 ലിറ്റർ പെട്രോൾ ആണ് ഞാൻ ഉപയോഗിക്കുന്നത്. 5400 ആർ പി എമ്മിൽ 74 ബി എച്ച് പി ശേഷിയും 3750 ആർ പി എമ്മിൽ 110 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്നുണ്ട് വാഹനം,” ജിതിൻ പറയുന്നു. തിരുവനന്തപുരത്തേക്കും ഇടുക്കിയിലേക്കും പാലക്കാട്ടേയ്ക്കും കോഴിക്കോട്ടേയ്ക്കും ഹൈറേഞ്ചസിലേക്കുമൊക്കെ ഇതിനകം ജിതിന്റെ പോളോ പലവട്ടം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. അക്കൗണ്ടന്റുമാരായ അച്ഛൻ ജയനും അമ്മ ജീജയും പ്ലസ് ടു വിദ്യാർത്ഥിയായ അനിയൻ ജുവലുമൊക്കെ ജിതിന്റെ പോളോയിൽ പൂർണ സന്തുഷ്ടരാണ്. സുരക്ഷിതമായ ഒരു വാഹനത്തിലാണ് മകൻ സഞ്ചരിക്കുന്നതെന്ന ആശ്വാസമാണ് മാതാപിതാക്കൾക്കുള്ളത്.

പോളോ ഹൈലൈനിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുള്ള എയർ കണ്ടീഷനിങ്ങാണുള്ളതെന്നതി നു പുറമേ പിന്നിൽ എ സി വെന്റുകളും നൽകിയിട്ടുണ്ട്. തിരക്കില്ലാത്ത ഹൈവേകളിൽ ആക്‌സിലറേറ്ററിൽ നിന്നും കാലെടുത്ത്, റിലാക്‌സ്ഡ് ആയി സഞ്ചരിക്കാൻ ക്രൂസ് കൺട്രോൾ സംവിധാനവുമുണ്ട്. പിന്നിൽ പാർക്കിങ് സെൻസറുകളുള്ളതിനാൽ എളുപ്പത്തിൽ പാർക്ക് ചെയ്യാനുമാകും. ലെതർ കൊണ്ടു പൊതിഞ്ഞ സ്റ്റിയറിങ് വീലും ഗിയർ നോബുകളും ബീജ് ബ്ലാക്ക് ഇന്റീരിയറിന്റെ പ്രൗഢിയുമായി ചേർന്നുപോകുന്നതാണ്. ഡ്രൈവർ ആം റെസ്റ്റ് സ്റ്റോറേജും കൂൾഡ് ഗ്ലോബോക്‌സും മുന്നിൽ കപ്‌ഹോൾഡേഴ്‌സുമുണ്ട്.

ജിതിനും സിമിയും എഡ്രിനും പോളോയുടെ കാര്യത്തിൽ ജീവിതത്തിൽ ഒറ്റ അഭിപ്രായമാണുള്ളതെന്നുറപ്പാണ്. ഫോക്‌സ് വാഗൺ പോളോ അത്രത്തോളം ആ ഉടമകളുടെ മനസ്സു കവർന്നിരിക്കുന്നു. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെ പോളോയെ അവരൊക്കെ തന്നെയും കണക്കാക്കിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. ഒരു യന്ത്രമെന്നതിലുപരിയായി പോളോ അവർക്ക് ജീവസുറ്റ ഒരു പങ്കാളിയായിത്തീർന്നിരിക്കുന്നുവെന്ന് സാരം$

Copyright: Smartdrive – June 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>