കുറഞ്ഞ ചെലവിൽ ഒരു കാർ-ബൈക്ക് വാഷ് സെന്റർ!
April 18, 2019
My Own: Meera Nandan & her Tata Harrier
May 22, 2019

Travel to Ilaveezhapoonchira in a Discovery Sport HSE

ഡിസ്‌ക്കവറി സ്‌പോർട്ടിന്റെ ഓഫ്‌റോഡിങ് കഴിവുകൾ മുഴുവനും വെളിപ്പെടുത്തുന്ന ഒരു സഞ്ചാരം. ഡ്രൈവബിലിറ്റിയും കംഫർട്ടും കരുത്തും ഒരുമിക്കുന്ന വാഹനത്തിൽ വേനൽച്ചൂടിനെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ഇലവീഴാപൂഞ്ചിറയിലേക്കും വാഗമണ്ണിലേയും ദുർഘടപാതകളിലൂടെ ഒരു യാത്ര.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ

ലിയനാർഡോ ഡാവിഞ്ചി. ലോകം കണ്ട ഏറ്റവും സമർത്ഥനായ ശിൽപിയും ചിത്രകാരനും മാത്രമായിരുന്നില്ല അദ്ദേഹം. വിമാനം കണ്ടുപിടിക്കുന്നതിന് വർഷങ്ങൾക്കു മുമ്പു തന്നെ ഏയ്‌റോഡൈനാമിക്‌സിന്റെ നിയമങ്ങളും ഹെലികോപ്ടറിന്റേയും കാൽക്കുലേറ്ററിന്റേയും ടാങ്കിന്റേയും മാതൃകകളും അദ്ദേഹം സൃഷ്ടിച്ചു. ഫളോറൻസും പിസയും തമ്മിലുള്ള യുദ്ധത്തിൽ പിസയെ തോൽപിക്കാൻ ഒരു അണക്കെട്ടു വരെ നിർമ്മിച്ചു അദ്ദേഹം. ഒരേ സമയം കരുത്തനും അതേ സമയം തന്നെ സൗന്ദര്യത്തിന്റേയും ആരാധകനായിരുന്നു അദ്ദേഹം. അത്തരമൊരാൾ ആധുനിക കാലത്ത് ജീവിച്ചിരിക്കുകയാണെങ്കിൽ അയാൾ തന്റെ വ്യക്തിഗത സഞ്ചാരങ്ങൾ ഉപയോഗിക്കാനിടയുള്ള വാഹനമേതാകും എന്നു ചിന്തിച്ചു നോക്കൂക. സംശയിക്കേണ്ട. ഡാവിഞ്ചി ഉപയോഗിക്കാൻ ഏറ്റവും സാധ്യതയുള്ളത് ലാൻഡ്‌റോവർ ഡിസ്‌ക്കവറി സ്‌പോർട്ട് അല്ലാതെ മറ്റൊന്നുമാകില്ല. കരുത്തന്മാർക്ക് സൗന്ദര്യവും സുഭഗതയും അഴളകളവുകളുമുണ്ടെങ്കിൽ ആരുടെ മനസ്സാണ് അത് കീഴടക്കാതിരിക്കുന്നത്? ഡാവിഞ്ചിയുടെ വചനങ്ങൾ തന്നെ അതിനു തെളിവാകുന്നുണ്ട്. ”പ്രതിബന്ധങ്ങളിൽ പുഞ്ചിരി തൂകുകയും ദുർഘടങ്ങളിൽ നിന്നും കരുത്താർജിക്കുകയും സ്വയം തിരിച്ചറിഞ്ഞ് വളരുകയും ചെയ്യുന്നവരെയാണ് എനിക്കിഷ്ടം.” ഡിസ്‌കവറി സ്‌പോർട്ട് അതു തന്നെയാണ്. പ്രതിബന്ധങ്ങൾ ആ വാഹനത്തിനൊരു പ്രശ്‌നമേയല്ല. ദുർഘടപാതകളിൽ കരുത്തോടെ അത് മുന്നേറുന്നു. സ്വയം തിരിച്ചറിഞ്ഞ്, പാതകളുടെ പ്രകൃതത്തിനനുസരിച്ച് രൂപാന്തരപ്പെടാൻ സ്വയം മാറിക്കൊണ്ട് അവ കരുത്തന്മാരുടെ ഗണത്തിലേക്ക് ചെന്നുചേരുന്നു. മലകൾ കയറാനും ദുർഘപാതകളിലൂടെ മുന്നേറാനും ഡിസ്‌ക്കവറി സ്‌പോർട്ടിന് ഒരു വിഷമവുമില്ല. കരുത്തന്മാർക്ക് അതെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗം മാത്രം.

അതുകൊണ്ടാണ് സാഹസികപ്രിയരായവർ എപ്പോഴും ഡിസ്‌കവറി സ്‌പോർട്ട് തങ്ങളുടെ വാഹനമാക്കുന്നത്. 5000 ആർ പി എമ്മിൽ 237 ബി എച്ച് പി ശേഷിയും 1500 ആർ പി എമ്മിൽ 340 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1997 സി സിയുടെ കരുത്തനാണ് ഡിസ്‌കവറി സ്‌പോർട്ട് എച്ച് എസ് ഇ. രൂപഭാവങ്ങളിലുമുണ്ട് കരുത്തിന്റെ അടയാളങ്ങൾ. 4600 എം എം നീളവും 2173 എം എം വീതിയും 1690 എം എം ഉയരവുമുള്ള അരോഗദൃഢഗാത്രൻ. ഏഴുപേരെ സുഖമായി വഹിച്ചുകൊണ്ട് ഏതിടവും സുരക്ഷിതമായി താണ്ടാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ഈ പെട്രോൾ ഭീമന്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓൾ വീൽ ഡ്രൈവാണ്.

കരുത്തിലും സൗന്ദര്യത്തിലും മാത്രമല്ല സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഡിസ്‌കവറി സ്‌പോർട്ടിനെ വെല്ലാനാകില്ല. സുരക്ഷിതത്വത്തിന് ആറ് എയർ ബാഗുകളും മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളും എ ബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും ഇ എസ് പിയും ഹിൽ ഹോൾഡ് കൺട്രോളും ട്രാക്ഷൻ കൺട്രോളും ഹിൽ ഡിസന്റ് കൺട്രോളുമൊക്കെയുള്ള ഈ വാഹനത്തിന് ഏതു കുന്നുകയറലും നിസ്സാരമാണ്. മഴയാണെങ്കിലും വെയിലാണെങ്കിലും അതിന് വ്യത്യാസമൊന്നുമുണ്ടാകില്ല. ഡിസ്‌ക്കവറി സ്‌പോർട്ട് കൂടെയുണ്ടെങ്കിലും ഏതു യാത്രയും സുരക്ഷിതമാണ്, എവിടേയും ധൈര്യമായി സഞ്ചരിക്കുകയുമാകാം. ഫോർ വീൽ ഡ്രൈവ് ആയതിനാൽ കുന്നിൻപ്രദേശങ്ങളിൽ ഓട്ടോമാറ്റിക്കായി വാഹനം തന്നെ മോഡ് തെരഞ്ഞെടുത്തോളും.

ഡിസ്‌ക്കവറി സ്‌പോർട്ടിന്റെ ഓഫ്‌റോഡിങ് കഴിവുകൾ മനസ്സിലാക്കാനും പരീക്ഷിച്ചറിയാനുമുള്ള ഒരു വേനൽ യാത്രയാണ് മാർച്ച് അവസാന വാരം സ്മാർട്ട് ഡ്രൈവ് നടത്തിയത്. കേരളം ചൂടിൽ വെന്തുരുകുന്ന സമയത്ത്, ഇലവീഴാപൂഞ്ചിറയേയും വാഗമൺ കുന്നുകളെ ലക്ഷ്യമാക്കിയാണ് സ്മാർട്ട് ഡ്രൈവ് ടീമിനേയും വഹിച്ചുകൊണ്ട് ഡിസ്‌കവറി സ്‌പോർട്ടിന്റെ എച്ച് എസ് ഇ നീങ്ങിയത്. കേരളത്തിൽ ഇതാദ്യമായി ചുട്ടുപൊള്ളുന്ന വെയിൽ സൂര്യാഘാതത്തിനടക്കം വഴിവച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത് എന്തിന് ഇങ്ങനെയൊരു യാത്ര തെരഞ്ഞെടുത്തുവെന്ന് വായനക്കാർ അത്ഭുതപ്പെടുന്നുണ്ടാകും. ഇത്ര കഠിനമായ ചൂടിലും ഉള്ളംകുറിപ്പിക്കുന്ന തണുപ്പിൽ, ദുർഘടമായ പാതകളിൽ അനായാസേനെ ഞങ്ങളെ നയിക്കാൻ ഡിസ്‌കവറി സ്‌പോർട്ടിനാകുമോ എന്ന് തിരിച്ചറിയുകയായിരുന്നു ഞങ്ങളുടെ യഥാർത്ഥ ലക്ഷ്യം. പൊള്ളുന്ന വേനലിനെപ്പോലും നിഷ്പ്രഭമാക്കാൻ പോന്ന എയർ കണ്ടീഷനിങ് സംവിധാനമാണ് ഡിസ്‌ക്കവറി സ്‌പോർട്ടിലുള്ളതെന്ന് മുൻകാല വേനൽ യാത്രകളിൽ നിന്നു തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടതുമാണ്.

കൊച്ചിയിൽ നിന്നും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ചയാണ് ഞങ്ങൾ വാഗമണ്ണിലേക്ക് ആ കരുത്തനുമായി നീങ്ങാൻ തീരുമാനിച്ചത്. വേനലിന്റെ ഉരുകുന്ന ചൂടിൽ നിന്നും ഡിസ്‌ക്കവറി സ്‌പോർട്ടിലെ തണുപ്പിലേക്ക് പ്രവേശിക്കുമ്പോൾ ഞങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു ലോകമാണെന്നു തന്നെ തോന്നിപ്പോകുംവിധമായിരുന്നു അത്. ക്രോം ഫിനിഷ് എക്‌സ്‌ഹോസ്റ്റും ബോഡി കളേഡ് ബമ്പറുകളും റൂഫ് റെയിലുകളും പ്രൊജക്ടർ സെനോൺ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും ഡേടൈം റണ്ണിങ് ലാമ്പുകളും കരുത്തിന്റെ അടയാളമെന്നപോലുള്ള ഡിസൈനിലെ മസ്‌കുലാർ ചിഹ്നങ്ങളുമെല്ലാം ഒരു പോരാളിയെപ്പോലെ തോന്നിപ്പിച്ചു ഡിസ്‌ക്കവറി സ്‌പോർട്ട്. ഞങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുത്ത ഡിസ്‌ക്കവറി സ്‌പോർട്ട് എച്ച് എസ് ഇ കൊച്ചിയിലെ മുത്തൂറ്റ് മോട്ടോഴ്‌സിൽ നിന്നും രണ്ടു നാൾക്ക് മുമ്പു തന്നെ ഓഫീസിലെത്തിയിരുന്നു. അതിനാൽ നഗരനിരത്തുകളിലെല്ലാം സഞ്ചരിച്ച്, എത്ര കടുത്ത ട്രാഫിക്കിൽ പോലും അനായാസമായി ഈ വാഹനം കൊണ്ടു നടക്കാമെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു. മലമുകളിലേക്കുള്ള യാത്ര പക്ഷേ ദുർഘടമായ പാതകൾ തേടിയുള്ളവയാണ്. പ്രളയത്തിൽ തകർന്നുകിടക്കുന്നയിടങ്ങളാണ് ഇപ്പോഴും ഇടുക്കിയിലേയും കോട്ടയത്തിന്റേയും പല അതിർത്തി പ്രദേശങ്ങളെന്നതിനാൽ വാഹനത്തിന്റെ കഴിവുകൾ യാത്രാമധ്യേ തന്നെ മനസ്സിലാക്കാനും ബുദ്ധിമുട്ടില്ല. വാഹനം സഞ്ചരിക്കുന്ന ഭൂഭാഗത്തിന് അനുസ രിച്ച് മഡ്, സാൻഡ്, ഗ്രാവൽ, സ്‌പോർട്ട്, ഇക്കോ മോഡുകളുമുണ്ട് ഡിസ്‌കവറി സ്‌പോർട്ട് എച്ച് എസ് ഇ ലക്ഷ്വറിയിൽ. അതുകൊണ്ടു തന്നെ ഏത് പ്രതിസന്ധിയും ഡിസ്‌കവറി സ്‌പോർട്ട് തരണം ചെയ്യുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് രണ്ടു തരമില്ല.

ഞങ്ങൾ ഡിസ്‌ക്കവറി സ്‌പോർട്ടിനകത്തേക്ക് കയറി. സുന്ദരമായ ലെതർ സീറ്റുകളാണ് ഡിസ്‌കവറിക്കുള്ളത്. ലെതറിൽ പൊതിഞ്ഞ സ്റ്റീയറിങ് വീലും ഗിയർ നോബും വേറെ. ഡ്രൈവർ സീറ്റും മുന്നിലെ പാസഞ്ചർ സീറ്റും എട്ടുതരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം. ഡ്രൈവർക്കായി ആംറെസ്റ്റും മുന്നിലും പിന്നിലും ഹെഡ്‌റെസ്റ്റുകളും ധാരാളം സ്റ്റോറേജ് സ്‌പേസും. ആംറെസ്റ്റിനകത്ത് സ്റ്റോറേജ് ഉണ്ടെന്നതിനു പുറമേ, കൂൾഡ് ഗ്ലൗ ബോക്‌സും സൺ ഗ്ലാസ് ഹോൾഡറുമുണ്ട്.

ഭൂമിയെ വീണ്ടും ചുട്ടുപൊള്ളിക്കാനെന്നവണ്ണം സൂര്യൻ പതിയെ ഉദിച്ചുയരുന്നതേ ഉണ്ടായിരുന്നുള്ളു. വരാനിരിക്കുന്ന കൊടുംചൂടിന്റെ ലാഞ്ഛനകളൊന്നും തന്നെ, മേഘക്കീറുകൾക്കിടയിലൂടെ തലകാട്ടുന്ന ശാന്തരൂപിയായ നക്ഷത്രത്തിൽ കാണാനുണ്ടായിരുന്നില്ല. വേനൽച്ചൂട് തലയ്ക്കു മുകളിൽ കത്തിജ്വലിക്കുന്നതിനു മുന്നേ പ്രഭാതത്തിന്റെ സൗന്ദര്യം കുറച്ചെങ്കിലും ആസ്വദിക്കുന്നതിനായി ഞങ്ങൾ ഡിസ്‌ക്കവറി സ്‌പോർട്ടിന്റെ പനോരമിക് സൺറൂഫ് തുറന്നിട്ടു. പ്രകൃതിയുമായി ഇണങ്ങിക്കൊണ്ടുള്ള ഒരു സഞ്ചാരം ആരാണ് കൊതിക്കാത്തത്?സൂര്യകിരണങ്ങൾ ലംബമായി ഡിസ്‌കവറി സ്‌പോർട്ടിനുള്ളിലെ ലെതർസീറ്റിൽ ചലിക്കുന്ന നിഴൽച്ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. അതിസുന്ദരമാണ് ഡിസ്‌കവറി സ്‌പോർട്ടിന്റെ അകം. അത്യാധുനിക സംവിധാനങ്ങളുടെ അകമ്പടി വേറെയും. ജി പി എസ് നാവിഗേഷനും ഇൻറഗ്രേറ്റഡ് മ്യൂസിക് സിസ്റ്റവുമൊക്കെയുള്ള ടച്ച് സ്‌കീൻ. മെറിഡിയന്റെ ആറിലധികം സ്പീക്കറുകളുള്ളതിനാൽ ശബ്ദസുഭഗത പ്രത്യേകം എടുത്തുപറയേണ്ടതില്ല. യു എസ് ബി, ഓക്‌സ്, ബ്ലൂടൂത്ത്, ഐപോഡ് കോംപാറ്റിബിലിറ്റി, എം പി 3 പ്ലേബാക്ക്, സി ഡി പ്ലേയർ, റേഡിയോ, സ്റ്റിയറിങ് മൗണ്ട് കൺട്രോളുകൾ എന്നിവയെല്ലാം തന്നെയുണ്ട് ഉള്ളിൽ.
അതിവേഗമാണ് മൂവാറ്റുപുഴയും തൊടുപുഴയും മുട്ടവും കടന്ന് ഇലവീഴാപൂഞ്ചിറയിലേക്കും വാഗമണ്ണിലേയ്ക്കും തിരിയുന്ന ജംങ്ഷനിൽ ഞങ്ങളെത്തിയത്. ഇലവീഴാപൂഞ്ചിറയിലേക്ക് കുറച്ച് ദൂരം മാത്രമേ ടാറിട്ട റോഡുള്ളു. അതു തന്നെ പ്രളയത്തിനുശേഷം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇടയ്ക്ക് പലയിടങ്ങളിലും കുന്നുകളിൽ കഴിഞ്ഞ വർഷത്തെ കനത്ത മഴ മൂലം ഉണ്ടായ ചാലുകൾ. ടാറിട്ട നിരത്തുകഴിഞ്ഞപ്പോൾ കല്ലും പാറകളുമൊക്കെ നിറഞ്ഞ വഴിയായി. ഡിസ്‌കവറി സ്‌പോർട്ട് ഇലവീഴാപൂഞ്ചിറയിലേക്ക് കയറ്റം തുടങ്ങി.

പൊളിഞ്ഞു കിടക്കുന്ന പാതകളിലൂടെ ഒരു അഭ്യാസിയെപ്പോലെയാണ് ഡിസ്‌ക്കവറി സ്‌പോർട്ട് നീങ്ങിയത്. ഹിൽ അസെൻഡ് മോഡ് ഇടാതെ തന്നെ 4 വീൽ ഡ്രൈവ് വാഹനമായതിനാൽ വാഹനം ഓട്ടോമാറ്റിക്കായി മോഡിൽ സഞ്ചരിക്കാൻ തുടങ്ങി. മുകളിൽ നിന്നുള്ള ജലമൊഴുക്കു കാരണം പലയിടത്തും മൺതിട്ടകൾ ഇടിഞ്ഞ് നിരത്തിലേക്ക് വീണിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ പാതകളിലും യാത്രികർക്ക് വലിയ കുലുക്കമൊന്നും ഡിസ്‌ക്കവറി സ്‌പോർട്ടിൽ അനുഭവപ്പെടുന്നില്ല. 212 എം എം ഗ്രൗണ്ട് ക്ലിയറൻസുമുള്ളതിനാൽ ദുർഘടപാതകളിൽ പോലും അടിതട്ടുമെന്ന ഭയവും വേണ്ട. പാതയുടെ അവസ്ഥ മനസ്സിലാക്കി, അതീവസൂക്ഷ്മതയോടെ ചുവടുകൾ വയ്ക്കുന്ന ഒരു മലകയറ്റക്കാരനെയാണ് വാഹനം അപ്പോൾ ഓർമ്മിപ്പിച്ചത്. ടയറിന്റെ ചുവടുവയ്ക്കലുകളെന്ന് ഇതിനെ വിളിക്കാമോ എന്നറിയില്ല. പക്ഷേ ഡ്രൈവിങ് സീറ്റിലുള്ളയാളെ അതൊരിക്കലും സന്തോഷിപ്പിക്കാതിരിക്കില്ല. കുണ്ടും കുഴിയും നിറഞ്ഞയിടത്തിലൂടെ, കയറുമ്പോൾ ഉള്ളിലിരിക്കുന്നവരെ അലോസരപ്പെടുത്തരുതെന്ന ഭാവവുമുണ്ട് വാഹനത്തിന്. സസ്‌പെൻഷന്റെ മികവ് കൂടി അനുഭവിച്ചറിയാനാ കുന്നുണ്ട് ഇപ്പോൾ ഞങ്ങൾക്ക്. ആ പരീക്ഷണത്തിൽ പൂർണവിജയമായിരുന്നു ഡിസ്‌ക്കവറി സ്‌പോർട്ടിന്.

വാഗമൺ പോലെ തന്നെ സുന്ദരമായ പ്രദേശമാണ് ഇലവീഴാപുഞ്ചിറ. മാങ്കുന്ന്, കുടയത്തൂർമല, തോണിപ്പാറ തുടങ്ങിയ മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇടമാണത്. ഈ കുന്നിൻ മുകളിൽ ഒരൊറ്റ മരം പോലുമില്ലാത്തതിനാൽ ഇലകൾ വീഴില്ലാത്ത ഒരു വലിയ കുളം അവിടെ ഉള്ളതിനാലുമാണ് കാൽപനികമായ ആ പേര് അതിനു ലഭിച്ചിരിക്കുന്നത്. തൊടുപുഴയിലെ മേലുകാവ് ഗ്രാമത്തിൽ നിന്നാണെങ്കിൽ മൂന്നു കിലോമീറ്റർ ഉയരത്തിലേക്ക് അത്ര ദുർഘടമല്ലാത്ത നിരത്തിലൂടെ എളുപ്പം ഇവിടെ എത്തിച്ചേരാനാകുമെങ്കിലും ഡിസ്‌ക്കവറി സ്‌പോർട്ടിന്റെ കരുത്തും കഴിവും അനുഭവിച്ചറി യുകയായിരുന്നുവല്ലോ ഞങ്ങളുടെ ആത്യന്തികലക്ഷ്യം.

ഇലവീഴാപൂഞ്ചിറയ്ക്ക് ചില ഐതിഹ്യങ്ങളുടെ പിൻബലവുമുണ്ട്. മഹാഭാരത കാലത്ത് പഞ്ചപാണ്ഡവന്മാരും പാഞ്ചാലിയുമൊക്കെ തങ്ങിയിരുന്ന ഇടങ്ങളിലൊന്നായിരുന്നുവേത്ര അത്. മഴക്കാലങ്ങളിൽ മലനിരകൾക്കിടയിലുള്ള ഇലവീഴാപൂഞ്ചിറയെന്ന ഇടം വെള്ളം നിറഞ്ഞ് ഒരു തടാകം സൃഷ്ടിക്കപ്പെടുമായിരുന്നുവത്രേ. ദ്രൗപദി ഈ തടാകത്തിൽ കുളക്കാനിറങ്ങിയ നേരത്ത് അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചുപോയ ചില ദേവന്മാർ അവളെ കാമപൂർത്തിക്ക് വിധേയമാക്കാൻ ആലോചിച്ചുവെന്നും അക്കാര്യം മനസ്സിലാക്കിയ ദേവേന്ദ്രൻ തടാകത്തിനു ചുറ്റിലും നിറയെ പൂച്ചെടികൾ നിറഞ്ഞ കുന്നുകളുണ്ടാക്കിയെന്നുമാണ് ഐതിഹ്യം. ഈ തടാകത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇലവീഴാപൂഞ്ചിറയിലുണ്ട്. ഈ തടാകത്തിനരുകിലായി ഒരു പഴയ ശ്രീകൃഷ്ണക്ഷേത്രമുണ്ട്. അത് പാഞ്ചാലി തന്നെ സ്ഥാപിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഭദ്രകാളി ശ്രീകൃഷ്ണ ക്ഷേത്രമെന്നാണ് അതിന്റെ ഇപ്പോഴത്തെ പേര്. ഈ ക്ഷേത്രപരിസരത്തെവിടെയോ ആണ് ശ്രീകൃഷ്ണൻ പാഞ്ചാലിക്ക് നൽകിയ അക്ഷയപാത്രം ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം. ഇതിനൊക്കെ പുറമേ അഗസ്ത്യ മുനിയുടെ ആശ്രമവും സ്ഥിതി ചെയ്യുന്നത് ഇലവീഴാപൂഞ്ചിറയിലാണെന്നാണ് പഴമക്കാർ വിശ്വസിക്കുന്നത്.

ഒടുവിൽ ഇലവീഴാപൂഞ്ചിറയെ ഡിസ്‌കവറി സ്‌പോർട്ടിന്റെ ടയറുകൾ സ്പർശിച്ചു. കാറ്റ് വീശിയടിക്കുകയാണ്. എങ്ങും പുൽമേടുകളും പാറക്കെട്ടുകളും. ഞങ്ങൾ മാത്രമേയുള്ളു അന്നേ ദിവസം അവിടെ സഞ്ചാരികളായി. ഏകാന്തതയുടെ അപാരത മുഴുവൻ ആസ്വദിക്കാൻ ഇതിനേക്കാൾ മറ്റെന്തുവേണം? ഡിസ്‌ക്കവറി സ്‌പോർട്ട് മലമുകളിലെ ഒരു പാറക്കെട്ടിൽ വിശ്രമിക്കുകയാണ്. താഴെ ഇടുക്കി ഡാമിൽ നിന്നും വൈദ്യുതി ഉൽപാദനത്തിനുശേഷം പോകുന്ന ജലം ഒരു വലിയ നദിയായി ഒഴുകിപ്പോകുന്നതു കാണാം. മൂലമറ്റം പവർഹൗസിന്റേയും തോണിപ്പാറയുടേയും മാങ്കുന്നിന്റേയും കുടയത്തൂർ മലയുടേയും വിദൂരദൃശ്യം. താഴേയ്ക്ക് ഇറങ്ങുമ്പോൾ ഹിൽ ഹോൾഡ് കൺട്രോളും ഹിൽ ഡിസന്റ് കൺട്രോളുമെല്ലാം ഉപയോഗിച്ചപ്പോൾ അനായാസമായാണ് വാഹനം നിരത്തിലേക്ക് മടങ്ങിയെത്തിയത്. ബ്രേക്ക് അസിസ്റ്റും ഇ ബി ഡിയോടു കൂടിയ എ ബി എസുമൊക്കെയുള്ളപ്പോൾ സുരക്ഷിതത്വത്തെപ്പറ്റി ഡിസ്‌കവറി സ്‌പോർട്ടിലെ ഒരു സഞ്ചാരിയും ആശങ്കപ്പെടാനിടയില്ല.

വേനൽ പുറത്ത് കനക്കാൻ തുടങ്ങിയപ്പോഴും ഡിസ്‌ക്കവറി സ്‌പോർട്ടിന്റെ ഓട്ടോമാറ്റിക് ഡ്യുവൽ സോൺ എയർ കണ്ടീഷൻ ഞങ്ങളെ തണുപ്പിച്ചു തന്നെ ഇരുത്തിയിരിക്കുകയാണ്. വേനലായതിനാൽ പുറത്ത് ചൂടു കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. പക്ഷേ അതുകൊണ്ടൊന്നും ഡിസ്‌ക്കവറി സ്‌പോർട്ടിനെ പരീക്ഷണങ്ങളിൽ നിന്നകറ്റാൻ ഞങ്ങൾ തയാറായില്ല. ഒരു കരുത്തനെ കൈയിൽ കിടക്കുമ്പോൾ അയാളുടെ അഭ്യാസങ്ങളെല്ലാം കാണാൻ ആഗ്രഹിക്കുന്നവരുടെ മനസ്സായിരുന്നു ഞങ്ങൾക്ക്. വാഗമണ്ണിലേക്കുള്ള ഈ പാത നിർമ്മിക്കപ്പെട്ടിട്ടുള്ളത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പാറക്കെട്ടുകൾ അരിഞ്ഞിറക്കി, അവയിലൂടെ തീർത്ത പാത. പണ്ട് ഇൻഡോ സ്വിസ് പദ്ധതിയുടെ ഭാഗമായ ഒരു കന്നുകാലി വളർത്തൽ കേന്ദ്രം മാത്രമേ വാഗമണ്ണിലുണ്ടായിരുന്നുള്ളു. പക്ഷേ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ സൗന്ദര്യം സ്വിറ്റ്‌സർലണ്ടിലെ ഭൂപ്രകൃതിയോട് സാദൃശ്യമുള്ളതാണെന്ന് സഞ്ചാരികൾ തിരിച്ചറിഞ്ഞതോടെ ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുകയായിരുന്നു. 65 ലിറ്ററാണ് ഡിസ്‌ക്കവറി സ്‌പോർട്ടിന്റെ ഇന്ധനടാങ്കിന്റെ ശേഷിയെന്നതിനാൽ ടാങ്ക് നിറച്ചു കഴിഞ്ഞാൽപ്പിന്നെ അതേപ്പറ്റി ആലോചിക്കുകയേ വേണ്ട. യാത്രയ്ക്കു വേണ്ട സാമഗ്രികളും ഫോട്ടോഗ്രഫി ഉപകരണങ്ങളും സൂക്ഷിക്കാൻ 280 ലിറ്റർ ബൂട്ട് സ്‌പേസുമുണ്ട് ഡിസ്‌ക്കവറി സ്‌പോർട്ടിന്. ഇൻഡോ സ്വിസ് പദ്ധതി പ്രദേശത്തുള്ള വഴികളും ആകെ താറുമാറായ അവസ്ഥയിലാണ്. മൊട്ടക്കുന്നിലേക്ക് ആ വഴിയാണ് ഡിസ്‌ക്കവറിയുടെ സഞ്ചാരം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌പോർട്ടിനെന്നതിനാൽ അതിവേഗം കൃത്യതയോടെയുള്ള ബ്രേക്കിങ് സാധ്യമാകും. 4 വീൽ ഡ്രൈവ് വാഹനമായതിനാൽ ഏതു കയറ്റവും അനായാസമായി തന്നെ കയറുകയും ചെയ്യും.

ഡിസ്‌ക്കവറി സ്‌പോർട്ടിന് പ്യുവർ എന്ന പേരിൽ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റും എസ് ഇ എന്ന ഓട്ടോമാറ്റിക് ഡീസൽ വേരിയന്റും എച്ച് എസ് ഇ പെട്രോൾ എന്ന വേരിയന്റും എച്ച് എസ് ഇ ഡീസൽ, എച്ച് എസ് സി ലക്ഷ്വറി എന്ന മോഡലുമാണുള്ളത്. അതിൽ ഏറ്റവും മുന്തിയ എച്ച് എസ് സി പെട്രോൾ വേരിയന്റാണ് സവാരിയ്ക്കായി ഞങ്ങൾ തെരഞ്ഞെടുത്തത്. കരുത്തന്റെ കൂട്ടത്തിലെ ഏറ്റവും സുന്ദരനെ തന്നെ അനുഭവിച്ചറിയാൻ കിട്ടിയതിൽ ഞങ്ങൾക്കുള്ള സന്തോഷവും ചെറുതല്ല. മലമുകളിൽ അൽപനേരം പാർക്ക് ചെയ്യാൻ തീരുമാനിച്ചു ഞങ്ങൾ. വിശപ്പ് ചൂടിനെപ്പോലെ കത്തിക്കയറാൻ തുടങ്ങിയിരുന്നതിനാൽ അൽപം ഭക്ഷണത്തിനും ജലപാനത്തിനുമായി നിർത്തി. പാർക്കിങ്ങ് കാര്യത്തിൽ ഏറെ എളുപ്പമാണ് ഡിസ്‌ക്കവറി സ്‌പോർട്ട് എച്ച് എസ് ഇ. മാർഗനിർദ്ദേശങ്ങളോടു കൂടിയ റിവേഴ്‌സ് ക്യാമറ എവിടേയും എളുപ്പത്തിൽ പാർക്ക് ചെയ്യാൻ സഹായിക്കുന്നു. കുന്നിൻ ചെരുവിലേക്കുള്ള ഒരു ഇറക്കത്തിലാണ് ഊർന്നുപോകുമെന്ന പോലെ ഞങ്ങൾ വാഹനം പാർക്ക് ചെയ്തത്. ഫോട്ടോഗ്രാഫർ അഖിൽ ആ ചിത്രങ്ങൾ അതിനിടെ പകർത്തുകയും ചെയ്തു.

ഡിസ്‌ക്കവറി സ്‌പോർട്ട് എന്ന കരുത്തനായ എസ് യു വിക്ക് ഇലവീഴാപൂഞ്ചിറയും വാഗമൺ കീഴടക്കാൻ തെല്ലും ബുദ്ധിമുട്ടില്ലാത്ത നിസ്സാരമായ ഒരു കുന്നിൻ പ്രദേശം മാത്രമാണെന്നാണ് യാത്രയിലുടനീളം ഞങ്ങൾക്ക് ബോധ്യപ്പെട്ടത്. യാത്രികർക്ക് വലിയ ഉലച്ചിലുകളൊന്നുമുണ്ടാക്കാതെ, അനായാസേന എല്ലാ കടമ്പകളും കടന്നു ഡിസ്‌കവറി സ്‌പോർട്ട്. ഓഫ് റോഡിങ്ങിനും നഗരപാതകളിലെ യാത്രയ്ക്കും ഇത്രയും മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന മറ്റൊരു വാഹനമുണ്ടാകാനിടയില്ല. കൊച്ചിയിലേക്ക് തിരികെ മടങ്ങി വരുമ്പോൾ ഡിസ്‌ക്കവറി സ്‌പോർട്ട് കയറിയിറങ്ങിയ പാതകളും മലകളും കുന്നുകളുമൊക്കെയായിരുന്നു ഞങ്ങളുടെ മനസ്സിൽ. ലിയനാർഡോ ഡാവിഞ്ചിയെ മാത്രമല്ല, കരുത്തന്മാരെയും തളരാത്ത പോരാളികളേയും ഇഷ്ടപ്പെടുന്ന ആരേയും ഡിസ്‌ക്കവറി സ്‌പോർട്ട് ആകർഷിക്കും. ആരാണ് അല്ലെങ്കിലും വിവേകമുള്ള കരുത്തന്മാരെ ഇഷ്ടപ്പെടാത്തത്!$

Contact
Jaguar Landrover
702500 1000

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>