Ready To Go: Seema Suresh in a Datsun Go!
December 13, 2018
Testdrive: Tata Harrier
December 14, 2018

The RE Twins: Continental GT 650 and Interceptor 650

Interceptor 650

റോയൽ എൻഫീൽഡിന്റെ പുതിയ ഇന്റർസെപ്ടർ ഐ എൻ ടി 650 -നേയും കോണ്ടിനെന്റൽ ജി ടി 650-നേയും പരിചയപ്പെടാം.

എഴുത്ത്: ജുബിൻ ജേക്കബ്

ഇന്ത്യക്കാർക്ക് റോയൽ എൻഫീൽഡ് എന്നാൽ ബുള്ളറ്റാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ റോയൽ എൻഫീൽഡ് ഉണ്ടാക്കുന്നതെന്തും ബുള്ളറ്റാണ്. അതുകൊണ്ടാണല്ലോ ബുള്ളറ്റിന്റെ മറ്റൊരു വകഭേദമായി വന്ന ക്‌ളാസ്സിക്കിനെയും ക്രൂയിസറായി വന്ന തണ്ടർബേഡിനെയും നാട്ടുകാർ ബുള്ളറ്റെന്നു വിളിക്കുന്നത്. ചിലർ ഒരു പടി കൂടി കടന്ന് ബുള്ളറ്റുമായി ‘കുലബന്ധം’ മാത്രമുള്ള ഹിമാലയനെ വരെ ബുള്ളറ്റെന്നു വിളിച്ചുകളയുമെന്നത് നേരനുഭവം. 1890ൽ റെഡ്ഡിച്ചിൽ കമ്പനി തുടങ്ങിയതു മുതൽ ഇന്നേ ദിവസം വരെ റോയൽ എൻഫീൽഡ് പടച്ചതത്രയും ബുള്ളറ്റുകളും അതിന്റെ വകഭേദങ്ങളും മാത്രമാണെന്നു കരുതിയവരും കരുതുന്നവരും ധാരാളം. ഇനി കാര്യത്തിലേക്കു വരാം.

റോയൽ എൻഫീൽഡിന്റെ തറവാട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടുള്ളതു പോലെ ഭീകരന്മാരായ മോട്ടോർസൈക്കിളുകൾ അധികം കമ്പനികളൊന്നും പുറത്തിറക്കിയിട്ടില്ല. 1948 ലാണ് റോയൽ എൻഫീൽഡ് ആദ്യമായി ഒരു പാരലൽ ട്വിൻ സിലിണ്ടർ ബൈക്ക് ഇറക്കുന്നത്. (ഇതിനു മുമ്പ് ഇറക്കിയതൊക്കെ വി ട്വിൻ കോൺഫിഗറേഷനായിരുന്നു, അതിൽ പലതും ജെ.എ.പി എഞ്ചിനുമായിരുന്നു) 500 ട്വിൻ എന്നായിരുന്നു ഇവന്റെ പേര്. 500 സിസി പാരലൽ ട്വിൻ എഞ്ചിനും മുന്നിൽ ടെലെസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ സ്വിങ്ങ് ആം സസ്‌പെൻഷനുമൊക്കെയുള്ള ഈ മോഡലിന്റെ എഞ്ചിനൊഴികെ ഒട്ടുമിക്ക ഭാഗങ്ങളും ബുള്ളറ്റുമായി പങ്കുവെച്ചിരുന്നു. അതുകൊണ്ടു തന്നെ ഇവന്റെ ചിത്രം കണ്ട് ബുള്ളറ്റായി തെറ്റിദ്ധരിക്കുന്നവരുമുണ്ട്.1958 വരെ ഈ മോഡൽ വിപണിയിലുണ്ടായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച മെറ്റിയോർ മൈനർ എന്നൊരു മോഡലാണ് പിന്നീട് വിപണിയിലെത്തിയത്.

New and old Continental GT

1963 വരെ നിരത്തിലുണ്ടായിരുന്ന ഈ മോഡലിന് ഡീലക്‌സ്, സ്‌പോർട്ട്‌സ് വേർഷനുകളുമുണ്ടായിരുന്നു. എന്നാൽ മെറ്റിയോർ എന്ന പേരിൽ ആദ്യമായിറങ്ങിയ മോഡൽ ഇതല്ല. 1953ൽ ഇറങ്ങിയ 700സിസി ബൈക്കായിരുന്നു മെറ്റിയോർ. ബുള്ളറ്റ് 350യുടെ പിസ്റ്റണും ബോറും ഉപയോഗിച്ചായിരുന്നു ഈ 700സിസി മോഡലിനെ വികസിപ്പിച്ചെടുത്തത്.! യഥാർത്ഥത്തിൽ മെറ്റിയോറാണ് ലോകത്തിലെ ആദ്യ സൂപ്പർബൈക്ക് എന്നു പോലും വാദിക്കുന്നവരുണ്ട്. ഒരർഥത്തിൽ അതു ശരിയുമാണ്. 1963 വരെ മെറ്റിയോർ പ്രൊഡക്ഷനിലുണ്ടായിരുന്നു. ഇതിനിടെ 1958ൽ ഇറങ്ങിയ മോഡലാണ് കോൺസ്റ്റലേഷൻ. മെറ്റിയോറിലേതു പോലെ തന്നെ 700 സിസി എഞ്ചിനായിരുന്നു കോൺസ്റ്റലേഷനിലുമുണ്ടായിരുന്നത്. മെറ്റിയോറിന് 40 ബിഎച്പിയായിരുന്നു കരുത്തെങ്കിൽ കോൺസ്റ്റലേഷനിൽ അത് 52 ബിഎച്പിയായിരുന്നു. ‘ആർ’ ടൈപ് ക്യാമുകളും ‘ടി.ടി’ ടൈപ് സിംഗിൾ കാർബറേറ്ററുമായിരുന്നു ആദ്യമിറങ്ങിയ കോൺസ്റ്റലേഷൻ മോട്ടോർസൈക്കിളുകൾക്ക്. പിന്നീട് ഇത് ഇരട്ട കാർബറേറ്ററുകൾക്ക് വഴിമാറി. പക്ഷേ അടിക്കടിയുള്ള ക്‌ളച്ച്, ട്രാൻസ്മിഷൻ പ്രശ്‌നങ്ങളും ഓയിൽ ലീക്കും കോൺസ്റ്റലേഷനെ ഒരു ശനിയനാക്കി മാറ്റി. അതോടെ കമ്പനി ഇവനെ ഡീട്യൂൺ ചെയ്ത് വീണ്ടും 40 ബിഎച്പിയിലേക്ക് താഴ്ത്തി.

ഇന്റർസെപ്റ്റർ

1960 ലാണ് അത് സംഭവിക്കുന്നത്. 700 സിസി ട്വിൻ തന്നെയായിരുന്നു ആദ്യ ഇന്റർസെപ്റ്ററിലുമുണ്ടായിരുന്നത്. എന്നാൽ വളരെക്കുറച്ച്, കൃത്യമായിപ്പറഞ്ഞാൽ 163 എണ്ണം മാത്രമേ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങിയുള്ളൂ. പിന്നെയും രണ്ടു വർഷം കഴിഞ്ഞ് 1962 ലാണ് ഇന്റർസെപ്റ്റർ 750 വരുന്നത്. 736 സിസിയായിരുന്നു ഡിസ്പ്‌ളേസ്‌മെന്റ്. 1970 വരെ മൂന്നു സീരീസുകളിലായാണ് ഇന്റർസെപ്റ്റർ ഇറങ്ങിയത്. അക്കാലത്ത് ഇറങ്ങുന്നതിൽ ഏറ്റവും സ്മൂത്തായ ബ്രിട്ടീഷ് എഞ്ചിൻ എന്ന ഖ്യാതിയും ഇന്റർസെപ്റ്റർ നേടിയിരുന്നു. അതിനു കാരണമായി പറയപ്പെടുന്നത് അതിവിദഗ്ദ്ധമായി ബാലൻസ് ചെയ്ത ക്രാങ്ക്ഷാഫ്റ്റ് ആണത്രേ.

Interceptor 650

കോണ്ടിനെന്റൽ ജിടി

1960കളിലെ കാഫേ റേസർ സംസ്‌കാരത്തിനൊപ്പം ചേരാനാണ് റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി എന്നൊരു മോഡലിനെ രംഗത്തെത്തിച്ചത്. 1963ൽ തന്നെ പ്രോട്ടോടൈപ് നിർമ്മിച്ച ഈ ബൈക്ക് 250സിസി ആയിരുന്നു. ഭൂരിപക്ഷം കാഫേ റേസറുകളും കസ്റ്റമൈസ്ഡ് ബൈക്കുകളായിരുന്ന അക്കാലത്ത് ബ്രിട്ടനിലെ ഏറ്റവും വേഗമേറിയ 250 സിസി ബൈക്കായിരുന്നു റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി.

പുനർജന്മം

2017 ൽ ഇറ്റലിയിലെ മിലനിൽ നടന്ന ഐക്മ മോട്ടോർസൈക്കിൾ ഷോയിലാണ് റോയൽ എൻഫീൽഡ് ആ വെടിപൊട്ടിച്ചത്. അര നൂറ്റാണ്ടിനു ശേഷം റോയൽ എൻഫീൽഡ് ബാഡ്ജിങ്ങിൽ ട്വിൻ സിലിൻഡർ എഞ്ചിനുള്ള മോട്ടോർസൈക്കിളുകൾ, ഒന്നല്ല രണ്ടെണ്ണം. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജി.ടി എന്നിങ്ങനെ രണ്ട് മോഡലുകളാണ് റോയൽ എൻഫീൽഡ് ലോകത്തിനു മുമ്പിൽ അനാവരണംചെയ്തത്. യു.കെയിലുള്ള റോയൽ എൻഫീൽഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് ഈ രണ്ടു മോഡലുകളുടെയും രൂപകല്പന നടന്നത്. ഇന്റർസെപ്റ്റർ ഒരു റെട്രോ ശൈലിയിലുള്ള റോഡ്സ്റ്റർ ബൈക്കാണെങ്കിൽ കോണ്ടിനെന്റൽ ജി.ടി അതേ പ്‌ളാറ്റ്‌ഫോമിലുള്ള ഒരു കാഫേ റേസറാണ്.

സ്‌റ്റൈലിങ്ങ്

ഇരു വാഹനങ്ങളും റെട്രോ, ക്‌ളാസ്സിക് ശൈലിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. 7 ഇഞ്ച് റൗണ്ട് ഹെഡ്‌ലാമ്പുകൾ, ചോപ്പ്ഡ് ഓഫ് ഫെൻഡറുകൾ, വയേർഡ് വീലുകൾ, ബഫ്ഡ് അലുമിനിയം എഞ്ചിൻ കേസിങ്ങ്, ക്രോം പ്‌ളേറ്റഡ് അപ് സ്വെപ്റ്റ് എക്‌സോസ്റ്റ് പൈപ്പുകൾ ഇവയെല്ലാം ക്‌ളാസ്സിക് ശൈലിയുടെ മകുടോദാഹരണങ്ങളാണ്. ഇന്റർ സെപ്റ്ററിലെ ഫ്‌ളാറ്റ് സീറ്റും ജിടിയിലെ ഹമ്പ് ബാക്ക് ഡിസൈനുമൊക്കെ കാലാതീതമായി നിലകൊള്ളുന്ന ഡിസൈൻ സ്റ്റേറ്റ്‌മെന്റുകളുമാണ്.

എഞ്ചിൻ/ട്രാൻസ്മിഷൻ

ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജി.ടിയിലും ഒരേ എഞ്ചിനും ട്രാൻസ്മിഷനുമാണുള്ളത്. 648 സിസി പാരലൽ ട്വിൻ എഞ്ചിനും 6 സ്പീഡ് ഗിയർബോക്‌സുമാണ് ഇരുബൈക്കുകൾക്കും. ആദ്യമായാണ് റോയൽ എൻഫീൽഡ് ഒരു 6 സ്പീഡ് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും ഈ മോഡലുകൾക്കുണ്ട്. സിംഗിൾ ഓവർഹെഡ് ക്യാം, 8 വാൽവ് എഞ്ചിനാണിത്. എയർ/ഓയിൽ കൂൾഡ് ആയ ഈ യൂണിറ്റിന്റെ പരമാവധി കരുത്ത് 7250 ആർപിഎമ്മിൽ 47 ബിഎച്പിയാണ്. ടോർക്ക് 5250 ആർപിഎമ്മിൽ 52 ന്യൂട്ടൺ മീറ്ററും. 270 ഡിഗ്രീ ക്രാങ്ക് ത്രോയാണ് പുതിയ ഇന്റർസെപ്റ്ററിലുള്ളത്. പഴയകാല ബ്രിട്ടീഷ് ബൈക്കുകളെല്ലാം പൊതുവേ 360 ഡിഗ്രീ ഫയറിങ്ങിൽ ഓടിക്കൊണ്ടിരുന്നവയാണ്. എങ്കിലും ട്രയംഫ് പോലെയുള്ള നിർമാതാക്കൾ പുതിയ മോഡലുകളിൽ 270 ഡിഗ്രീ ക്രാങ്ക് സെറ്റിങ്ങാണ് ഉപയോഗിക്കുന്നത്.

Continental GT 250, 535 and 650

ബ്രേക്കിങ്ങ്/ടയറുകൾ

മുന്നിൽ 320 എം.എം ട്വിൻ പിസ്റ്റൺ ഓപറേറ്റഡ് ഡിസ്‌കും പിന്നിൽ 240 എം.എം ഡിസ്‌കുമാണ് ബ്രേക്കുകൾ. ബോഷിന്റെ ഡ്യുവൽ ചാനൽ എ.ബി.എസ് സിസ്റ്റമാണ് ബ്രേക്കുകളെ നിയന്ത്രിക്കുന്നത്. പിരേലിയുടെ ഫാന്റം സ്‌പോർട്ട് കോമ്പ് ടയറുകളാണ് ഇരു ബൈക്കുകൾക്കും. മുന്നിൽ 100/90 ആർ 18, പിന്നിൽ 130/70 ആർ 18 അളവിലാണ് ടയറുകൾ.

സസ്‌പെൻഷൻ

മുന്നിൽ 41 എം.എം ഫോർക്കുകളാണുള്ളത്. 110 എം.എം ആണ് ട്രാവൽ. പിന്നിൽ ഗ്യാസ് ചാർജ്ഡ് കോയിൽ ഓവർ ഷോക്കുകൾ. 88 എം.എം ട്രാവലുണ്ട് ഇവയ്ക്ക്. ഈ പുതിയ മോഡലുകളെ രംഗത്തിറക്കുന്നതു കൊണ്ട് എന്താണ് റോയൽ എൻഫീൽഡ് ഉദ്ദേശിക്കുന്നത് എന്നൊരു ചോദ്യം ചിലർക്കെങ്കിലും ഉണ്ടാവും. പ്രധാനമായും രണ്ടു കാര്യങ്ങളാണ് അതിനു പിന്നിൽ. ഒന്ന്: 500സിസി അല്ലെങ്കിൽ 535 (ഇടക്കാലത്തിറങ്ങിയ കോണ്ടിനെന്റൽ ജി.ടി) സിസിക്കു മേലെ 700 സിസിക്കു താഴെയുള്ള ഒരു സെഗ്മെന്റ് ഇപ്പോൾ വളരെ സജീവമായിക്കൊണ്ടിരിക്കുകയാണ്. ട്രയംഫ്, ഹാർലി ഡേവിഡ്‌സൻ തുടങ്ങിയ വമ്പന്മാർ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നതും ആ ഒരു വിപണിയിൽ നിന്നാണ്. ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കമ്പനിയെന്ന നിലയിൽ ഇവിടെ ഇടപെട്ടില്ലെങ്കിൽ അതൊരു സുവർണാവസരം നഷ്ടപ്പെടുത്തലാണ്. രണ്ട്: പഴയൊരു ബ്രാൻഡ് നെയിമിനെ അല്ലെങ്കിൽ ഒരു സ്റ്റാർ മോഡലിനെ തിരികെ കൊണ്ടുവരിക എന്നത് ഒരു മാർക്കെറ്റിങ്ങ് തന്ത്രം എന്നതിനെക്കാൾ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. മാത്രവുമല്ല, നിലവിലുള്ള ഉപഭോക്താക്കൾ ഒരു അപ്‌ഗ്രേഡിനെപ്പറ്റി ചിന്തിക്കുമ്പോൾ മറ്റു ബ്രാൻഡുകളുടെ പിന്നാലെ പോകുന്നതിനെക്കാൾ അതേ ബ്രാൻഡിൽ തന്നെ നിലനിൽക്കേണ്ടതും അത്യന്താപേക്ഷിതമാണ്.വിലയുടെ കാര്യത്തിലാണ് റോയൽ എൻഫീൽഡ് ഏറ്റവും വലിയ ഞെട്ടിക്കൽ നടത്തിയിരിക്കുന്നത്. ഇന്റർസെപ്റ്ററിന് 2.33 ലക്ഷവും, കോണ്ടിനെന്റൽ ജിടിക്ക് 2.48 ലക്ഷവുമാണ് എക്‌സ് ഷോറൂം വില$

കേരളത്തിലെ എക്‌സ്‌ഷോറൂം വില

Interceptor INT 650 STD – Rs. 2,33,878
Interceptor INT 650 Custom – Rs. 2,41,378
Interceptor INT 650-Chrome- Rs. 2,53,878
Continental GT 650 – STD- Rs. 2,48, 878
Continental GT 650 – Custom- Rs. 2,56,377
Continental GT 650 – Chrome- Rs. 2,68,878

Contact

Ph:+91 75111 51901

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>