ഒരു അതികായന്റെ കഥ
April 16, 2019
Soulmate: Comfort and luxury of Volkswagen Vento
April 17, 2019

The Legacy Beckons: Travel to Muziris in association with Kerala tourism

Kayaking @ Muziris - Pic by Sushil Das

ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതിയാണ് മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്. വിനോദസഞ്ചാര രംഗത്ത് കേരളത്തിന് നാളെ ഏറ്റവുമധികം മുതൽക്കൂട്ടാകാൻ പോകുന്ന പദ്ധതിയായാണ് കേരള സർക്കാരിന്റെ ആദ്യത്തെ ഈ ഗ്രീൻ പ്രോജക്ട് വിലയിരുത്തപ്പെടുന്നത്. മുസിരിസ് ഹെറിറ്റേജ് പദ്ധതിയിടങ്ങളിലൂടെ സ്മാർട്ട് ഡ്രൈവിന്റെ സഞ്ചാരം.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോകൾ:  അഖിൽ പി അപ്പുക്കുട്ടൻ, സുശീൽ ദാസ്

അകനാനൂറിലെ ഒരു പാട്ടിൽ ”ചേരന്റെ പെരിയാറ്റിലെ വെള്ളത്തിൽ വെൺനുരകളിളകുമാറു ചേണാർന്ന യവനക്കപ്പലുകൾ പൊന്നുമായി വന്നു കുരുമുളകുമായിപ്പോകുന്ന സമ്പന്നമായ മുചിറി നഗരത്തെ”പ്പറ്റി പറയുന്നുണ്ട്. പൗരാണിക കേരളത്തിന് വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെപ്പറ്റി പ്ലിനിയും പെരിപ്ലസിന്റെ രചയിതാവുമൊക്കെ വിവരിച്ചിട്ടുമുണ്ട്. അവർ ആ വ്യാപാരങ്ങളുടെ കേന്ദ്രസ്ഥാനിയായ നഗരത്തെ മുസിരിസ് എന്നു വിശേഷിപ്പിച്ചു. വാത്മീകി രാമായണത്തിൽ പരാമർശിച്ചിട്ടുള്ള മുരചീപത്തനവും തമിഴ് സംഘകാല കൃതികളിലുള്ള മുചിറിയുമൊക്കെ മുസിരിസ് തന്നെയാണെന്നാണ് പുതിയകാല ഗവേഷകരുടെ നിഗമനങ്ങളെങ്കിലും മുസിരിസ് എവിടെയാണ് നിലകൊള്ളുന്നതെന്ന കാര്യം മാത്രം കാലങ്ങളോളം അവർക്കൊന്നും പിടികൊടുക്കാതെ നിന്നു. രണ്ടാം നൂറ്റാണ്ടിൽ അലക്‌സാണ്ട്രിയയിലെ ഒരു ബാങ്കറുമായി മുസിരിസിൽ നിന്നും
വസ്തുക്കളെത്തിക്കാൻ ഒരു റോമൻ ഒരു വ്യാപാരി എഴുതിയ കരാർ ‘മുസിരിസ് പാപ്പിറസ്’ എന്ന പേരിൽ വിയന്നയിലെ ആസ്ട്രിയൻ നാഷണൽ ലൈബ്രറിയിലുണ്ട്. ‘

Valiyamma’s room @ Paliyam Palace

ഗ്രീസുമായും റോമുമായും അറബ് നാടുകളുമായും ചൈനയുമായുമൊക്കെ 3000 വർഷങ്ങൾക്കു മുമ്പേ വ്യാപാരബന്ധം നിലനിന്നിരുന്ന ഈ സ്ഥലത്തെ ചരിത്രകാരന്മാർക്കു മുന്നിൽ അനാവരണം ചെയ്തത് വാസ്തവത്തിൽ ഒരു മഴക്കാലമായിരുന്നു. വടക്കൻ പറവൂരിനടുത്ത പട്ടണം എന്ന ചെറുഗ്രാമത്തിൽ മഴക്കാലങ്ങളിൽ മണ്ണിൽ തെളിഞ്ഞുവന്നിരുന്ന സ്ഫടിക മുത്തുകളിലും വർണക്കല്ലുകളിലും ആംഫോറകളിലും ഒളിഞ്ഞുകിടന്നിരുന്ന ആ പുരാതന നഗരത്തിന്റെ ചരിത്രം ഉൽഖനനങ്ങളിലൂടെ പുറത്തെത്തിച്ചത് കേരള ചരിത്ര ഗവേഷണ കൗൺസിലായിരുന്നു. ചരിത്രം മുസിരിസിന്റേയും പരിസരപ്രദേശങ്ങളിലേയും മണ്ണിലെവിടേയും ഇപ്പോഴും അജ്ഞാതമായ ഒരു നിഗൂഢാനുഭൂതി പകർന്നുകൊണ്ട് പതിഞ്ഞു കിടപ്പുണ്ടെന്ന തിരിച്ചറിവ് എന്തുകൊണ്ട് സ്‌പെസ് റൂട്ട് കേന്ദ്രബിന്ദുവാക്കി, 3000 വർഷത്തെ ചരിത്രം അനാവരണം ചെയ്യുന്ന ഒരു പദ്ധതിയാക്കിക്കൂടാ എന്ന ചിന്തയാണ് മുസിരിസ് പൈതൃക പദ്ധതിക്ക് തുടക്കം കുറിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചത്. മുസിരിസിന്റെ ചരിത്രം അനാവരണം ചെയ്യുന്നതിനൊപ്പം ഒരു ദേശത്തിന്റെ പൈതൃകത്തിന്റെ അവശേഷിപ്പുകളെല്ലാം തന്നെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും വിനോദസഞ്ചാരത്തിന് അത് മുതൽക്കൂട്ടായി മാറുമെന്നും കണ്ടാണ് ഈ പൈതൃക ടൂറിസം പദ്ധതി ബ്രഹത് സംരംഭമായി തന്നെ കേരള സർക്കാർ ആരംഭിച്ചത്.

Kayaking @ Kottappuram – Pic Sushil Das

കംബോഡിയയ്ക്ക് ആങ്കർവാട്ടും ഗ്രീസിന് ഏതൻസും പോലെ ഇന്ത്യയിലെ പൈതൃകസംരക്ഷണത്തിന് മുസിരിസ് പൈതൃക പദ്ധതി ഒരു മാതൃകയായിത്തീരുമെന്നാണ് പ്രതീക്ഷ. ഏകദേശം മുപ്പതോളം രാജ്യങ്ങളുമായി വാണിജ്യബന്ധം പുലർത്തിയിരുന്നുവത്രേ മുസിരിസ് തുറമുഖം. ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിംകളുമൊക്കെ ഈ തുറമുഖം വഴിയാണ് ഇന്ത്യയിലേക്ക് ആദ്യമായി എത്തപ്പെട്ടതെന്നാണ് ചരിത്രകാരന്മാരുടെ വാദം. കെ സി എച്ച് ആറിന്റെ നേതൃത്വത്തിൽ നടന്ന ഉൽഖനനങ്ങളിൽ കണ്ടെത്തിയ ആംഫോറകൾക്കു പുറമേ ഏറ്റവും ശ്രദ്ധേയമായത് ബോട്ടുകൾ കെട്ടിയിടുന്ന ഒമ്പത് മരക്കുറ്റികളും കെട്ടിയിട്ട നിലയിൽ ആറു മീറ്റർ നീളം വരുന്ന വഞ്ചിയുമൊക്കെയാണ്. ഇരുമ്പു യുഗത്തെ സൂചിപ്പിക്കുന്ന അവ ക്രിസ്തുവിന് ആയിരം വർഷങ്ങൾക്കു മുമ്പേ തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളായി മാറുന്നു.

North Paravoor Market – Muziris heritage tour begins through waterways

മുസിരിസിന്റെ ചരിത്രപ്പെരുമയും മുസിരിസ് പൈതൃക പദ്ധതിയുടെ വിശദാംശങ്ങളും സഞ്ചാര കുതുകികളായ സ്മാർട്ട് ഡ്രൈവിന്റെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ദൗത്യമാണ് ഈ ലക്കത്തിൽ ഞങ്ങൾ ഏറ്റെടുക്കുന്നത്. ചരിത്രം ഇഴ പിരിഞ്ഞു കിടക്കുന്ന പദ്ധതി പ്രദേശത്തു കൂടിയുള്ള ഈ സഞ്ചാരം കേരളത്തിന്റെ പൗരാണികമായ പെരുമയിലേക്ക് വായനക്കാരെ എത്തിക്കുമെന്നും ഈ പദ്ധതി പ്രദേശത്തു കൂടി ഈ അവധിക്കാലത്ത് അവർ ഒരു യാത്ര പദ്ധതിയിടുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ. എറണാകുളത്തേയും തൃശൂരിലേയും പഞ്ചായത്തുകളേയും മുൻസിപ്പാലിറ്റികളേയും ചേർത്തുകൊണ്ട് ചരിത്രപ്രശസ്തമായ ഇടങ്ങളിലേക്ക് കാതും കണ്ണും ചേർത്തുവച്ചുകൊണ്ടാണ് മുസിരിസ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.
എറണാകുളം ജില്ലയിൽ ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളും പറവൂർ മുൻസിപ്പാലിറ്റിയും തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയും എറിയാട്, മേത്തല, എസ് എൻ പുരം, മതിലകം പഞ്ചായത്തുകളുമാണ് ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഞങ്ങളുടെ സഞ്ചാരം ആരംഭിച്ചത് ജൂത കേന്ദ്രങ്ങളായിരുന്ന പറവൂരിലേയും ചേന്ദമംഗലത്തേയും ജൂതപ്പള്ളികൾ സന്ദർശിച്ചുകൊണ്ടായിരുന്നു. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി അവ നവീകരിക്കുകയും മ്യൂസിയങ്ങളാക്കി മാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ചേന്ദമംഗലം ഗ്രാമത്തിലെ കോട്ടയിൽ കോവിലകം എന്ന സ്ഥലത്തേക്കാണ് ആദ്യം യാത്ര ചെയ്തത്. മുസിരിസ് പ്രോജക്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പി എം നൗഷാദും യാത്രയിൽ ഞങ്ങളെ അനുഗമിക്കുന്നുണ്ട്.

Jew Synagogue @Kottayil Kovilakam, Chendamangalam

കോട്ടയിൽ കോവിലകം കുന്നിനു മുകളിലേക്കുള്ള കയറ്റം ഇറങ്ങിക്കഴിഞ്ഞാൽ ഇരുവശത്തേക്കും നീളുന്ന ഒരു വഴിയായി. വഴിയുടെ ഇടത്തേയറ്റത്താണ് പുരാതനമായ ജൂതപ്പള്ളി സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് ചേന്ദമംഗലത്ത് ഇപ്പോൾ നിലകൊള്ളുന്ന ജൂതപ്പള്ളി നിർമ്മിച്ചത്. 1420ൽ കൊടുങ്ങല്ലൂരിൽ നിന്നോ പാലയൂരിൽ നിന്നോ ചേന്നോത്ത് അഥവാ ചേന്ദമംഗലത്തേക്ക് എത്തിയ ജൂതന്മാരാണ് മലബാറി ജൂതന്മാരുടെ ആരാധനയ്ക്കായി ഈ പള്ളി നിർമ്മിച്ചത്. ഒരു അഗ്‌നിബാധയെ തുടർന്ന് നശിച്ചതിനെ തുടർന്നാണ് 1614ൽ അത് പുനർ നിർമ്മിക്കപ്പെട്ടത്. 1960ൽ കേരളത്തിൽ നിന്നുള്ള ജൂതന്മാർ ഇസ്രായേലിലേക്ക് മടങ്ങിയതോടെ ഇവിടത്തെ ആരാധന അവസാനിക്കുകയായിരുന്നു. ഞങ്ങൾ ജൂതപ്പള്ളിയിലേക്ക് പ്രവേശിച്ചു. ജൂത ജീവിതത്തിന്റേയും ആരാധനാക്രമത്തിന്റേയും വിശേഷ ദിവസങ്ങളുടേയും വിവരങ്ങളെല്ലാം മ്യൂസിയത്തിലുണ്ട്. പള്ളിയിലേക്ക് കടക്കുന്നതിനു മുമ്പായി ചേന്ദമംഗലത്തെ ജൂതപ്പള്ളിയിൽ നിന്നും കണ്ടെടുത്ത ഒരു ശിലാലിഖിതം കാണാം. 1269ൽ ഹീബ്രു ഭാഷയിൽ എഴുതിയ ഒരു ശിലാലിഖിതമാണത് – ‘സാറ ബത്ത് ഇസ്രായേൽ’. ഇസ്രായേലിന്റെ പുത്രിയായ സാറ ഇവിടെ കുടികൊള്ളുന്നുവെന്നാണ് അതിന്റെ പരിഭാഷ. കൊടുങ്ങല്ലൂരിൽ നിന്നും കൊണ്ടുവന്ന ശ്മശാന ശിലയാണത്രേ അത്. പറവൂരിലെ ജൂതപ്പള്ളിയിൽ കേരളത്തിലെ ജൂതന്മാരുടെ ചരിത്രമാണ് പറയുന്നത്. 1615ൽ നിർമ്മിച്ച ഈ പള്ളിയിലേക്കും പിന്നീട് ഞങ്ങൾ സഞ്ചരിക്കുന്നുണ്ട്.

Inside Kottayil Kovilakam synagogue

കോട്ടയിൽ കോവിലകം കുന്നിൽ ഇപ്പോൾ വിഷ്ണുക്ഷേത്രം നിലകൊള്ളുന്നയിടത്തായിരുന്നു പണ്ട് വില്ലാർവട്ടം സ്വരൂപമെന്നും അവർ നേരത്തെ വസിച്ചിരുന്ന ആറങ്കാവിൽ വെള്ളപ്പൊക്കമുണ്ടായിരുന്നതിനെ തുടർന്നാണ് കോട്ടയിൽ കോവിലകത്തേക്ക് ആസ്ഥാനം മാറ്റിയതെന്നുമാണ് കരുതപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിൽ ചേന്ദമംഗലവും പരിസരപ്രദേശങ്ങളും വാണിരുന്നത് വില്ലാർവട്ടത്ത് രാജാവായിരുന്നുവത്രേ. വില്ലാർവട്ടത്ത് രാജാവ് പിന്നീട് രാജവംശം അന്യംനിന്നു പോകുന്ന ഒരു കാലയളവിൽ അത് പാലിയത്തച്ചന് കൈമാറുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ ചില ചരിത്രകാരന്മാർ വില്ലാർവട്ടം രാജാവ് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും അതുകൊണ്ടാണ് വിദേശികൾ കേരളത്തിൽ ഒരു ക്രിസ്ത്യൻ ഭരണാധികാരിയുണ്ടെന്ന് എഴുതിയിട്ടുള്ളതെന്നും പറയുന്നു. പഴയ വിഷ്ണുക്ഷേത്രം വില്ലാർവട്ടത്തിന്റെ രാജധാനിയുടെ അങ്കണത്തിലായിരുന്നുവത്രേ സ്ഥിതി ചെയ്തിരുന്നത്.

Remnants of Vyppikotta Seminary

അതിനു താഴെയാണ് ഡച്ചുകാർ പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച വൈപ്പിക്കോട്ട സെമിനാരി അഥവാ കോളെജ് ഓഫ് ചേന്നോത്ത്. സുറിയാനിപള്ളിയുടെ അഥവാ ഹോളിക്രോസ് ചർച്ചിന്റെ കോമ്പൗണ്ടിലാണ് വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങൾ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു പുസ്തകം അച്ചടിച്ചത് വൈപ്പിക്കോട്ട സെമിനാരിയിൽ 1577ൽ ജെസ്യൂട്ട് പാതിരിമാരായിരുന്നു. ‘ഡോക്ട്രിന ക്രിസ്റ്റ’ എന്ന ഈ തമിഴ് കൃതിക്കായി അച്ചുകളുണ്ടാക്കിയത് സ്‌പെയിൻകാരനായ ജോൺ ഗൊൺസാൽവൽസ് ആയിരുന്നു. 1602ൽ വൈപ്പിക്കോട്ടയിൽ സുറിയാനിയി ലുള്ള അച്ചടിയും ആരംഭിച്ചുവത്രേ. പോപ്പ് ക്ലമന്റ് എട്ടാമനാണത്രേ ആ സുറിയാനി ലിപികളുള്ള പ്രിന്റിങ് അച്ച് ചേന്ദമംഗലത്തെ സെമിനാരിക്ക് സമ്മാനിച്ചത്. കേരളത്തിലെ ആദ്യത്തെ ബഹുഭാഷാ അച്ചടി നടന്ന സ്ഥലം ചേന്ദമംഗലത്തെ വൈപ്പിക്കോട്ട സെമിനാരിയായി രുന്നു. 1790ൽ ടിപ്പുവിന്റെ ആക്രമണത്തിലാണ് സെമിനാരി തകർന്നത്.

Pic Sushil Das

മൂന്നു നൂറ്റാണ്ടോളം കൊച്ചി രാജാക്കന്മാരുടെ മന്ത്രിപദം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായ പാലിയം കൊട്ടാരവും പാലിയം നാലുകെട്ടുമെല്ലാം ചേന്ദമംഗലത്തു തന്നെയാണ്. പൈതൃകപദ്ധതി പ്രകാരം അവയെല്ലാം ഇന്ന് മ്യൂസിയങ്ങളാക്കി മാറ്റിയിരിക്കുന്നു. പഴയ വാളുകളും വിളക്കുകളും അടുക്കളയിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളും പൂജാ സംബന്ധിയായ വസ്തുക്കളുമൊക്കെ ഈ മ്യൂസിയങ്ങളിൽ കാണാം. പാലിയത്തച്ചന്മാർ താമസിച്ചിരുന്ന ആ കൊട്ടാരം ഡച്ചുകാർ അവരുടെ വാസ്തുകലയനുസരിച്ച് നിർമ്മിച്ച് നൽകിയതാണ്. വലിയ കനമുള്ള ഭിത്തികളുള്ള ആ ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു പാലിയത്തച്ചന്റെ വിശ്രമമുറി. അവിടെ ഇപ്പോൾ പാലിയച്ചന്മാരുടെ പരമ്പരകളെക്കുറിച്ചുള്ള വർണനകളടങ്ങിയ പാനലുകളും വീഡിയോ ഡോക്യുമെന്ററിയുമൊക്കെയാണ് പ്രദർശിപ്പിക്കുന്നത്. 65 ഔഷധഗുണമുളള തടികൾ കൊണ്ടു നിർമ്മിച്ച സപ്രമഞ്ചക്കട്ടിലും കൂടിക്കാഴ്ചകൾക്കായുള്ള വലിയ ദർബാറും താഴെ നിൽക്കുന്നവരോട് സംസാരിക്കുന്നതിനായി രണ്ടാം നിലയിൽ പാലിയത്തച്ചന്മാർക്ക് ഇരിക്കുന്നതിനായി ഉണ്ടാക്കിയ ഇരിപ്പിടവുമൊക്കെ പഴമ ചോരാതെ തന്നെ പുനക്രമീകരിച്ചിരിക്കുന്നു ഇവിടെ. അതിനു തൊട്ടുചേർന്നു തന്നെയാണ് പാലിയം നാലുകെട്ട്. നാലുകെട്ടിലെ പ്രധാനിയായി അറിയപ്പെടുന്ന വലിയമ്മയുടെ മുറിയിൽ ആട്ടുകട്ടിലും മുറുക്കാൻ ചെല്ലവുമൊക്കെ തന്നെ പഴയ അതേ പ്രൗഢിയോടെ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

Paliyam Naalukettu

പാലിയത്തെ പ്രഭുത്വത്തിന്റെ അടയാളങ്ങൾ വഹിക്കുന്ന നാലുകെട്ടിൽ നിന്നും പുറത്തേക്കിറങ്ങിയാൽ 1947-48 കാലയളവിൽ ചേന്ദമംഗലത്തു നടന്ന ചരിത്രപ്രസിദ്ധമായ പാലിയം സത്യാഗ്രഹത്തിന്റെ വിപ്ലവ സ്മരണകൾ തങ്ങി നിൽക്കുന്ന മുക്കാൽ ഫർലോങ് മാത്രം നീളമുള്ള പാലിയം റോഡായി. പാലിയത്തേക്കും പാലിയം വക ക്ഷേത്രങ്ങളിലേക്കും പോകുന്ന ഈ വഴിയിൽ അയിത്ത ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നതല്ല. കമ്യൂണിസ്റ്റു പാർട്ടിയും എസ് എൻ ഡി പിയും പുലയമഹാസഭയും ഈ വിവേചനത്തിനെതിരെ 1947 ഡിസംബറിൽ സമരത്തിനിറങ്ങി. 1948 മാർച്ച് 12ന് പൊലീസും സമരക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ തൊഴിലാളിയായ എ ജി വേലായുധൻ രക്തസാക്ഷിയായി. ദിവസങ്ങൾക്കുശേഷം കൊച്ചി മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം പാസ്സാകുകയും സത്യാഗ്രഹസമരത്തിന് വിഷയമായ പാലിയം റോഡിൽക്കൂടി എല്ലാവർക്കും യാത്ര ചെയ്യാൻ അനുമതിയാകുകയും ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തിരുവിതാംകൂറിൽ ശക്തിപ്പെടുത്തിയതിൽ ഈ സത്യാഗ്രഹത്തിന്
വലിയ സ്ഥാനമാണ് ചരിത്രത്തിലുള്ളത്.

Paliyam Palace

മ്യൂസിയങ്ങളായ മാറിക്കഴിഞ്ഞ ചേന്ദമംഗലത്തെ പാലിയം കൊട്ടാരവും പാലിയം നാലുകെട്ടും കോട്ടയിൽ കോവിലകത്തെ ജൂതപ്പള്ളിയും സന്ദർശിച്ചശശേഷമായിരുന്നു പറവൂരിലെ ജൂതപ്പള്ളിയിലേക്കുള്ള ഞങ്ങളുടെ സഞ്ചാരം. പറവൂർ ചന്തയുടെ പിൻഭാഗത്തു കൂടിയൊഴുകുന്ന പുഴയോരത്താണ് 1615ൽ ഡേവിഡ് കാസ്റ്റൽ എന്ന ജൂതന്റെ ചെലവിൽ നിർമ്മിക്കപ്പെട്ട ജൂതപ്പള്ളി. അവിടെ ഹീബ്രു ഭാഷയിൽ എഴുതിയിട്ടുള്ള ശിലാലിഖിതത്തിൽ നിന്നാണ് ഈ പള്ളിയുടെ ചരിതം പിൻതലമുറയ്ക്കായി കാത്തുവയ്ക്കപ്പെട്ടത്. ഒന്നാം നൂറ്റാണ്ടിൽ റോമാക്കാർ ജറുസലേം ആക്രമിച്ചതിനെ തുടർന്ന് ജൂതന്മാർ ആദ്യം യെമനിലേക്കും അവിടെ നിന്നും കച്ചവടത്തിനായി മുസിരിസിലേക്കും എത്തപ്പെട്ടുവെന്നും അവരിൽ പലരും പിന്നീട് ഇവിടെ താമസമാക്കിയെന്നുമാണ് കരുതപ്പെടുന്നത്. 1686ൽ ഡച്ചുക്കാരുടെ ഒരു സംഘം പേർ കൊച്ചിയിലെ ജൂതന്മാരെപ്പറ്റി ഒരു പഠനരേഖ തയാറാക്കിയെന്നും അതിൽ പറവൂരിൽ ഒരു ജൂതപ്പള്ളിയും അതിനോട് ചേർന്ന് പത്ത് കുടുംബങ്ങളുമുണ്ടായിരുന്നുവെന്നും ചേന്ദമംഗലത്ത് കോട്ടയിൽ കോവിലകത്ത് ഒരു പള്ളിയും അമ്പതോളം ജൂതന്മാരും ഉണ്ടായിരുന്നതായും പറയുന്നുണ്ട്. മുസിരിസ് പ്രോജക്ട്‌സ് മ്യൂസിയം ഡയറക്ടറായ ഡോക്ടർ മിഥുൻ ശേഖർ ഞങ്ങൾക്ക് ജൂതരുടെ ചരിത്രവും ജീവിതശൈലിയുമൊക്കെ വിവരിച്ചു നൽകി.

Paravur Synagogue

മുസിരിസാണെന്ന് വിശ്വസിച്ചുപോന്നിരുന്ന കൊടുങ്ങല്ലൂരിലേക്ക് ഇനി വരാം. പട്ടണത്തു നിന്നു കിട്ടിയപോലുള്ള തെളിവുകളൊന്നും തന്നെ കൊടുങ്ങല്ലൂരിൽ നിന്നും ലഭിച്ചിട്ടില്ലെങ്കിലും ആദിചേരന്മാരുടെ ഭരണകാലത്തു തന്നെ കൊടുങ്ങല്ലൂർ ഒരു വലിയ തുറമുഖമാണെന്ന സൂചനകളുണ്ട്. കേരള ചക്രവർത്തിമാരായ പെരുമാക്കന്മാർ ശിവഭക്തരായിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ എവിടെ കിളച്ചാലും ശിവലിംഗങ്ങൾ കിട്ടുക പതിവായിരുന്നതിനാൽ കോടിലിംഗപുരമെന്ന ഒരു പേരു കൂടി കൊടുങ്ങല്ലൂരിന് ഉണ്ടായിരുന്നുവത്രേ. തിരുവഞ്ചിക്കുളത്തായിരുന്നു അവരുടെ രാജധാനി. പെരുമാക്കളുടെ കാലശേഷമാണ് സാമൂതിരിമാരുടെ ആധിപത്യത്തിലേക്കും പിന്നീട് പോർച്ചുഗീസുകാരുമായി കൊടുങ്ങല്ലൂരിൽ ഘോര പോരാട്ടം ഉണ്ടാകുകയും ചെയ്തത്. 1523ൽ പോർച്ചുഗീസുകാർ സ്വരക്ഷയ്ക്കായി പെരിയാറിന്റെ തീരത്ത് നിർമ്മിച്ച കോട്ടയാണ് കോട്ടപ്പുറം കോട്ട. 1662ൽ കൊടുങ്ങല്ലൂർ ഡച്ചുകാരുടെ കൈയിലായി. തുടർന്നാണ് സുൽത്താൻ ഹൈദരാലിയുടെ ആക്രമണം. കോട്ട കീഴടക്കാൻ പക്ഷേ ഹൈദരാലിക്കു കഴിഞ്ഞില്ല. തുടർന്ന് പിതാവിന്റെ പാത പിന്തുടർന്ന് ടിപ്പുവിന്റെ ആക്രമണം. ടിപ്പുവിന്റെ മരണത്തോടെ കൊടുങ്ങല്ലൂർ ബ്രിട്ടീഷുകാരുടെ കൈയിലായി. പിന്നെ കൊച്ചിരാജാവിന്റെ കൈയിലും. കോട്ടയുടെ പരിസരത്ത് ഉൽഖനനം നടത്തപ്പെട്ട സ്ഥലം സന്ദർശിക്കുന്നതിനായി മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ് ഒരു വാക് വേ നിർമ്മിച്ചിട്ടുണ്ട്.

Walkway near Kottappuram fort

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രവും കുരുംബ ഭഗവതിക്ഷേത്രവുമൊക്കെ പൈതൃകത്തിന്റെ ശേഷിപ്പുകളായി ഇപ്പോഴും കൊടുങ്ങല്ലൂരിൽ നിലകൊള്ളുന്നുണ്ട്. ചിലപ്പതികാരത്തിലെ നായകനായ ചേരൻ ചെങ്കട്ടുവൻ ആയിരുന്നുവത്രേ കുരുംബ ക്ഷേത്രം പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനായ ഇളങ്കോ അടികൾ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്ര പരിസരത്തിരുന്നാണ് ചിലപ്പതികാരം രചിച്ചതെന്നാണ് കരുതപ്പെടുന്നത്. ആദ്യം ശിവഭക്തനായിരുന്നുവെങ്കിൽ പിന്നീട് അടികൾ ജൈനമതം സ്വീകരിച്ച് തൃക്കണാമതിലകത്തെ ജൈനചൈതന്യത്തിലായിരുന്നുവത്രേ. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയും കേരളത്തിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളിയും കൊടുങ്ങല്ലൂരിലാണ്.

Marthoma Shrine – Azhikode

കോട്ടപ്പുറം ചന്തയുടെ പരിസരത്ത് നിർമ്മിച്ചിട്ടുള്ള നാല് ഹോട്ടലുകളിൽ എല്ലാ സമയത്തും നല്ല തിരക്കാണ്. ഹൗസ് ബോട്ടിരിക്കുന്ന പ്രതീതിയാണ് ഈ ഹോട്ടലിലിരുന്നാൽ. ജലത്തിൽ തൂണുകളുറപ്പിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. കോട്ടപ്പുറത്തെ ജെട്ടിയിൽ നിന്നും പറവൂർ ചന്തയിലേതുപോലെ ബോട്ട് ടൂർ പാക്കേജുകൾ നൽകപ്പെടുന്നുണ്ട്. 24 പേരടങ്ങുന്ന സംഘത്തിന് പ്രീമിയം പാക്കേജ് സ്‌പെഷ്യൽ ഓഫർ 14,850 രൂപയും 16 പേരുടെ സംഘത്തിന് 10,800 രൂപയും 22 പേരടങ്ങുന്ന സ്റ്റുഡന്റ്‌സ് പാക്കേജ് സ്‌പെഷ്യൽ ഓഫർ 11,550 രൂപയും 33 പേരുടെ സംഘത്തിന് 17,323 രൂപയുമാണ് സ്‌പെഷ്യൽ പാക്കേജ്. 2950 രൂപയിൽ ആരംഭിക്കുന്ന മുസിരിസ് ടൂർ പാക്കേജുകളുമുണ്ട് ഇതിനൊപ്പം തന്നെ. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി തന്നെ കയാക്കിങ്ങും ജനുവരി മാസത്തിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിൽ
നിന്നും നിരവധി സാഹസികപ്രിയർ എത്തുന്നു.

Thiruvanchikkulam Mahadeva Temple

കോട്ടപ്പുറം മുതൽ ബോൾഗാട്ടി വരെയുള്ള 40 കിലോമീറ്റർ ജലപാതയിലൂടെയാണ് കയാക്കിങ്. സ്‌പൈസ് റൂട്ട് അന്തർദേശീയ തലത്തിൽ സിൽക്‌റൂട്ടിനെപ്പോലെ അംഗീകാരം പിടിച്ചുപറ്റുകയാണെങ്കിൽ നാളത്തെ കേരളം അറിയപ്പെടുക മുസിരിസ് പൈതൃക പദ്ധതിയുടെ മേൽവിലാസത്തിലാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട. കേരള സർക്കാർ യുനെസ്‌കോയുടെ നേതൃത്വത്തിൽ ഇതിനായുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. സുഗന്ധ വ്യഞ്ജന വഴിയിലെ 29 രാജ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് വിഭാവനം ചെയ്യപ്പെടുന്നത്. പട്ടണത്ത് നിർമ്മിക്കാനൊരുങ്ങു ന്ന മാരിടൈം മ്യൂസിയത്തിൽ മുസിരിസുമായി പ്രാചീന കാലത്ത് ബന്ധപ്പെട്ടിരുന്ന വിവിധ രാജ്യങ്ങളിൽ പുരാവസ്തുക്കൾ പ്രദർശിപ്പിക്കപ്പെടും.

Museum @ Pattanam excavation site

കൊടുങ്ങല്ലൂരിൽ പുല്ലൂറ്റ് മുസിരിസ് പ്രോജക്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മുസിരിസ് ഇന്റർനാഷണൽ റിസർച്ച് ആന്റ് കൺവെൻഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്. ആയിരത്തിലധികം പേർക്കിരിക്കാവുന്ന എ സി ഓഡിറ്റോറിയവും സ്വീറ്റ് റൂമുകളും കൺവെൻഷൻ സെന്ററും അവിടെയുണ്ട്. വിവാഹ ആവശ്യങ്ങൾക്കും ബിസിനസ് മീറ്റുകൾക്കും പ്രയോജനപ്രദമായ രീതിയിൽ 600ൽ അധികം കാറുകൾ പാർക്ക് ചെയ്യാൻ കൂടി സൗകര്യമുള്ളതാണ് ഇത്.

Muziris Convention centre, Pullut, Kodungallur

തിരികെ വരുന്നവഴി ചവിട്ടുനാടകത്തിന് പേരുകേട്ട ഗോതുരുത്തിലേക്കും ഞങ്ങളെത്തി. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളി അങ്കണത്തിൽ ചവിട്ടുനാട ക അവതരണത്തിനായി ഒരു സ്റ്റേജും അനുബന്ധ സംവിധാനങ്ങളും ഒരുക്കപ്പെട്ടിട്ടുണ്ട്. 600 വർഷം മുമ്പ്,
പോർച്ചുഗീസ് കാലത്ത് പിറവി കൊണ്ട ഒരു കലാരൂപം അതിന്റെ സർവപ്രൗഢിയോടും ജാതിമതദേദമന്യേ ഒരു നാടിന്റെ ആവേശമായി മാറുന്ന കാഴ്ചയാണ് ഗോതുരുത്തിൽ. അമ്പതുകളിൽ സെബീനാ റാഫിയുടെ (പോഞ്ഞിക്കര റാഫിയുടെ ഭാര്യ) നേതൃത്വത്തിൽ നാടിന്റെ സാംസ്‌കാരിക ചരിത്രം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവർ യുവജന കലാസമിതിയെന്ന പേരിൽ ഗോതുരുത്തിൽ ചവിട്ടുനാടകം പരിശീലിപ്പിക്കുന്നതിന് കളരിയുണ്ടാക്കിയത്. പിന്നീട് വേരറ്റുപോയ്‌ക്കൊണ്ടിരുന്ന കലാരൂപത്തെ വീണ്ടും തിരിച്ചെത്തിച്ചത് 2006ൽ ചവിട്ടുനാടക അക്കാദമി സ്ഥാപിച്ചതിലൂടെയാണ്. ഈ കലയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് തെങ്കാശിയിൽ നിന്നുമെത്തിയ ചിന്നത്തമ്പിപ്പിള്ളയാണ്.

P M Noushad, Managaing Director, Muziris Projects Ltd

ക്രിസ്തുമത പ്രചാരണം പോർച്ചുഗീസുകാരുടെ ഒരു പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. മതപ്രഭാഷണങ്ങൾ നടക്കുന്ന സമയത്ത് ഹിന്ദുക്കൾ പരിസരത്ത് അവരുടെ കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവുമൊക്കെ അവതരിപ്പിച്ച് നാട്ടുകാരെ അവിടേയ്ക്ക് ആകർഷിച്ച് മതപ്രസംഗത്തിൽ നിന്നും അകറ്റുന്ന ഒരു കാലമുണ്ടായിരുന്നു. അത് മറികടക്കുന്നതിനായാണ് പാട്ടും നൃത്തവുമൊക്കെയുള്ള പോർച്ചുഗീസ്, യൂറോപ്യൻ ചക്രവർത്തിമാരുടെ കഥകൾ വർണിച്ചുകൊണ്ടും ക്രിസ്തുമത കഥകൾ പറഞ്ഞുകൊണ്ടുമുള്ള ചവിട്ടുനാടകങ്ങൾ ചിന്നത്തമ്പി രൂപകൽപന ചെയ്തതെന്നാണ് ഐതിഹ്യം.
ചരിത്രവും പൈതൃകവുമൊക്കെ കണ്ടറിയാൻ താൽപര്യമുള്ള ഏതൊരു സഞ്ചാരിക്കും ഇത്രത്തോളം അറിവും ആനന്ദവും നൽകുന്ന മറ്റൊരു പൈതൃക പദ്ധതി വേറെ ഇന്ത്യയിലില്ല. ഏറെ താമസിയാതെ ഈ പദ്ധതി കേരളാ ടൂറിസത്തിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോജക്ടായി മാറുമെന്നുറപ്പ്. ഈ അവധിക്കാലത്ത് മുസിരിസിലൂടെയാകട്ടെ നിങ്ങളുടെ യാത്രകൾ$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>