The RE Twins: Continental GT 650 and Interceptor 650
December 13, 2018
Volkswagen cars: Safety First!
December 14, 2018

Testdrive: Tata Harrier

Tata Harrier in Jodhpur

കഴിഞ്ഞ ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ കാണികളുടെ മനംകവർന്ന എച്ച് 5 എക്‌സ് എന്ന പ്രോട്ടോടൈപ്പ് ടാറ്റ ഹാരിയർ എന്ന പേരിൽ വിപണിയിലെത്തുന്നു. ഇന്ത്യ കാത്തിരുന്ന ആ പ്രീമിയം എസ് യു വിയെ ജോധ്പൂരിൽ അനുഭവിച്ചറിഞ്ഞപ്പോൾ.

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

ടാറ്റയുടെ ഗ്ലോബൽ കാർ- ജോധ്പൂരിലെ താജ് ഹരിവിലാസ് ഹോട്ടലിന്റെ പോർച്ചിനു മുന്നിൽക്കിടക്കുന്ന ഹാരിയർ കണ്ടപ്പോൾ ആദ്യമായി മനസ്സിൽ തോന്നിയത് അതാണ്. അന്നും പിറ്റേന്നുമായി നാനൂറിലധികം കിലോമീറ്ററുകൾ ഓടിച്ചുകഴിഞ്ഞപ്പോൾ ആ തോന്നൽ ഒന്നുകൂടി മനസ്സിലുറച്ചു. ഇന്ത്യൻ വാഹന നിർമ്മാതാവിൽ നിന്നും ഒരു ആഗോള മോഡൽ. ഏതു ലോകരാജ്യത്തിനു മുന്നിലും അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന ഒന്നാന്തരം ഒരു എസ് യു വി. അതാണ് ഹാരിയർ.

ടാറ്റ ഹാരിയർ

നാലു വർഷം മുമ്പാണ് ഒരു പ്രീമിയം എസ് യു വിയെക്കുറിച്ച് ടാറ്റ മോട്ടോഴ്‌സ് ചിന്തിച്ചു തുടങ്ങിയത്. ജീപ്പ് കോംപസ് , മഹീന്ദ്ര എക്‌സ് യു വി 500 എന്നിവയോടൊക്കെ കിടപിടിക്കാവുന്ന ഒരു പ്രീമിയം എസ് യു വി. അതിനായി ടാറ്റ മോട്ടോഴ്‌സ് ആദ്യം ചെയ്തത് ലാൻഡ് റോവർ ഡിസ്‌ക്കവറി സ്‌പോർട്ട് എന്ന ലോകത്തിലെ ഏറ്റവും മികച്ച ഓഫ്‌റോഡ് വാഹനങ്ങളിലൊന്നിന്റെ പ്ലാറ്റ്‌ഫോം സ്വന്തമാക്കുകയെന്നതാണ്. എന്നിട്ട് ഹാരിയറിന്റെ ഡിസൈനിങ് തുടങ്ങി. അപ്പോഴും ഇടയ്ക്കിടെ ലാൻഡ് റോവറിന്റെ സാങ്കേതിക സഹായം തേടിക്കൊണ്ടിരുന്നു. ഡിസൈൻ പൂർത്തിയായപ്പോൾ ഹാൻഡിലിങ് മികവിനായി സമീപിച്ചത് ലോകപ്രശസ്ത സ്‌പോർട്ട്‌സ് കാർ നിർമ്മാതാക്കളായ ബ്രിട്ടനിലെ ലോട്ടസ് എഞ്ചിനീയറിങ്ങിനെയാണ്. അങ്ങനെ ലാൻഡ് റോവറിന്റേയും ലോട്ടസിന്റേയും ടാറ്റാ മോട്ടോഴ്‌സിലെ സമർത്ഥരായ ഡിസൈനർമാരുടേയും ശ്രമഫലമായി ജനിച്ച ഒരു തകർപ്പൻ മോഡലാണ് ഹാരിയർ.

കാഴ്ച

വലുപ്പത്തെക്കുറിച്ച് പറഞ്ഞാൽ ടാറ്റയുടെ ഹെക്‌സ എന്ന 7 സീറ്റർ വാഹനത്തേക്കാൾ 180 എം എം നീളം കുറവേ ഉള്ളു ഹാരിയറിന്. എന്നാൽ ഹാരിയർ 5 സീറ്റർ ആയതുകൊണ്ട് ഉള്ളിൽ സ്ഥലസൗകര്യം ധാരാളം ലഭിച്ചു. ആ ഒരു വലുപ്പം പുറത്തുനിന്നും അനുഭവിച്ചറിയാനും കഴിയുന്നുണ്ട്. ഉയർന്ന ബോണറ്റും മസിൽപവറുള്ള ബോഡി ലൈനുകളുമാണ് ഹാരിയറിനുള്ളത്. ഹെഡ്‌ലൈറ്റിന്റെ സ്ഥാനം സാധാരണയിൽക്കവിഞ്ഞ് അൽപം താഴെയാണ്. എച്ച് ഐ ഡി സെനൻ ഹെഡ്‌ലാമ്പുകളാണ് ഇവ. അതിനുമേലെയാണ് എൽ ഇ ഡി ഡേടൈം റണ്ണിങ് ലാമ്പുകൾ.

കറുത്ത നെറ്റഡ് ഗ്രില്ലിനു താഴെ വലുപ്പമുള്ള ബമ്പർ. അതിൽ ഹെഡ്‌ലാമ്പ് യൂണിറ്റിനു താഴെ ഫോഗ് ലാമ്പുകൾ. എയർഡാം രണ്ട് ഭാഗങ്ങളായാണ്. സ്‌കഫ് പ്ലേറ്റും എസ് യു വിക്ക് ചേരുംവിധം കൊടുത്തിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ഒരു മോഡലിന്റേയും ഛായയില്ലാതെ, സ്വതന്ത്രവും മനോഹരവുമായി ഹാരിയറിന്റെ മുൻഭാഗം ഡിസൈൻ ചെയ്തിട്ടുണ്ടെന്ന് പറയാം. സൈഡ് പ്രൊഫൈലിലാണ് ഹാരിയർ കാണാൻ ഏറ്റവും ശേല്. 17 ഇഞ്ച്
ടയറുകളിൽ ഉയർന്നു നിൽക്കുന്ന രൂപം. വലിയ വീൽ ആർച്ചുകൾ. കനത്ത ബോഡി ലൈനുകൾ. സി പില്ലർ എത്തുമ്പോൾ ഹാരിയറിന്റെ ബാഡ്ജിങ്ങോടു കൂടിയ ഒരു സിൽവർ പ്ലേറ്റ്. അവിടെ കറുത്ത ക്ലാഡിങ്ങുമുണ്ട്. തള്ളിനിൽക്കുന്ന ടെയ്ൽ ലാമ്പുകളും വശക്കാഴ്ചയിൽ ഹാരിയറിനെ സുന്ദരമാക്കുന്നു.


പിൻഭാഗത്തിന്, പ്ലാറ്റ്‌ഫോം പങ്കിട്ട ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടുമായി സാദൃശ്യമുണ്ട്. താരതമ്യേന ചെറിയ വിൻഡ് ഷീൽഡും തള്ളിനിൽക്കുന്ന ബൂട്ട് ലിഡുമാകാം, സാദൃശ്യത്തിനു കാരണം. എൽ ഇ ഡി 3 ഡി ടെയ്ൽ ലാമ്പ് വശങ്ങളിൽ നിന്നാരംഭിച്ച് ബൂട്ട് ലിഡിന്റെ പാതി വരെ എത്തുന്നു. ടെയ്ൽ ലാമ്പുകളെ ബന്ധിപ്പിച്ച് പിയാനോ ബ്ലാക്ക് ഫിനിഷുള്ള സ്ട്രിപ്പുണ്ട്. ഹാരിയർ എന്ന വലിയ ബാഡ്ജിങ്ങിനു താഴെ തടിച്ച ബമ്പർ. അതിൽ കറുത്ത ക്ലാഡിങ്ങിനു താഴെ ബുൾ ബാർ പോലെ ഒരു സ്‌കഫ് പ്ലേറ്റ്. ഇതാണ് ഹാരിയർ. ആരും നോക്കി നിന്നുപോകുന്നു രൂപം. ഗൗരവവും സൗന്ദര്യവും ഇഴ ചേരുന്നു, ഈ ഡിസൈനിൽ.

ഉള്ളിൽ

ഉൾഭാഗവും പ്രൗഢഗംഭീരമാണ്. സ്ഥലസൗകര്യം ഇഷ്ടം പോലെ. വീതിയുള്ള സീറ്റുകൾ. ഡ്രൈവർ സീറ്റിന്റെ ഉയരമടക്കം മാനുവലി അഡ്ജസ്റ്റ് ചെയ്യാം. ഉയർന്ന സീറ്റിങ് പൊസിഷനും വലിയ ഗ്ലാസ് ഏരിയയും വിസിബിലിറ്റി വർധിപ്പിക്കുന്നു. സീറ്റുകളുടെ അപ്‌ഹോൾസ്റ്ററിയും ഒന്നാന്തരം. നേർത്ത ചെങ്കൽ നിറവും ബ്ലാക്കും ബ്രഷ്ഡ് അലുമിനിയവുമാണ്. ഉള്ളിലെ നിറങ്ങൾ. വുഡിന്റെ ഫിനിഷുമുണ്ട്. ഡാഷ് ബോർഡിനു നടുവിൽ ഒട്ടും അലോസരമുണ്ടാക്കാതെ 8.8 ഇഞ്ച് ഇൻഫോടെയ്‌മെന്റ് ടച്ച് സ്‌ക്രീൻ ഉയർന്നുനിൽക്കുന്നു. നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിവേഴ്‌സ് പാർക്കിങ് ക്യാമറ എന്നിവയൊക്കെ ഇതിൽ ഏകോപിപ്പിച്ചിരിക്കുന്നു. 9 സ്പീക്കറുകളും നാല് ട്വീറ്ററുകളും ആംപ്ലിഫയറുമുള്ള 350 വാട്ട് ജെ ബി എൽ മ്യൂസിക് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു.


സ്റ്റിയറിങ് വീലിൽ ക്രൂയിസ് കൺട്രോൾ ഉൾപ്പെടെയുള്ള സ്വിച്ചുകളുണ്ട്. മീറ്റർ കൺസോളിൽ വെഹിക്കിൾ ഇൻഫർമേഷനുകൾ തരുന്ന ടി എഫ് ടി സ്‌ക്രീൻ. 28 സ്റ്റോറേജ് സ്‌പേസുകൾ ഹാരിയറിലുണ്ട്. ഇതിൽ ചിൽഡ് ഗ്ലോബോക്‌സും മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള പാഡുകളും പെടുന്നു. ടച്ച് സ്‌ക്രീനിനു താഴെ ഡ്രൈവ് മോഡുകളുടേയും ട്രാക്ഷൻ മോഡുകളുടേയും സ്വിച്ചുകൾ കാണാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുമുണ്ട്.
രണ്ടാം നിര സീറ്റിൽ ഇഷ്ടം പോലെ സ്ഥലസൗകര്യമുണ്ട്. ബി പില്ലറിൽ എ സി വെന്റുകളും കൊടുത്തിരിക്കുന്നു. താഴ്ന്ന വിൻഡോ ലൈൻമൂലം വെളിയിലെ കാഴ്ചകൾ കണ്ട് സുഖമായി യാത്ര ചെയ്യാം. 420 ലിറ്റർ ബൂട്ട് സ്‌പേസുമുണ്ട്.
ഉൾഭാഗത്തെ ഫിറ്റ് ആന്റ് ഫിനിഷിന് ടാറ്റാ മോട്ടോഴ്‌സിനെ സ്തുതിക്കണം. പാനൽ ഗ്യാപ്പുകളൊന്നും തീരെയില്ല. ഉയർന്ന നിലവാരം ഓരോ ഇഞ്ചിലുമുണ്ട്.

എഞ്ചിൻ

2 ലിറ്റർ കോമൺ റെയ്ൽ ഡീസൽ എഞ്ചിനാണ് ഹാരിയറിനുള്ളത്. ഇത് 138 ബി എച്ച് പിയാണ്. 3750 ആർ പി എമ്മിലാണ് മാക്‌സിമം പവർ ലഭിക്കുന്നത്. 1750 – 2750 ആർ പി എമ്മിൽ മാക്‌സിമം ടോർക്കായ 350 ന്യൂട്ടൺ മീറ്ററും ലഭിക്കുന്നു. ജീപ്പ് കോംപസ്സിൽ കാണുന്ന ഫിയറ്റിന്റെ മൾട്ടിജെറ്റ് എഞ്ചിന്റെ വകഭേദം തന്നെയാണ് ഈ എഞ്ചിൻ. വളരെ റിഫൈൻഡ് ആണിത്. നാമമാത്രമായ ലാഗേയുള്ളു. മികച്ച മിഡ് റേഞ്ചുള്ളതുകൊണ്ട് നഗരത്തിലും ഹൈവേയിലും ഡ്രൈവിങ് കംഫർട്ട് ലഭിക്കുന്നുമുണ്ട്. സ്‌പോർട്ട്, ഇക്കോ, സിറ്റി ഡ്രൈവ് മോഡുകളുണ്ട് ഹാരിയറിന്. സ്‌പോർട്ട് മോഡിൽ പവറിന്റെ തിരതള്ളൽ അനുഭവിക്കാം.


റഫ്, നോർമൽ, വെറ്റ് എന്നീ ട്രാക്ഷൻ മോഡുകളും ടെറെയ്‌നനുസരിച്ച മാറ്റിയിടാം. ഓരോ പ്രതലത്തിലും വേണ്ട ഗ്രിപ്പ് ഈ മോഡുകൾ നൽകുന്നുണ്ട്.
തുടക്കത്തിൽ ഒരു 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ഹാരിയറിനുള്ളു. വലിയ താമസമില്ലാതെ ഓട്ടോമാറ്റിക് മോഡലും വരുമെന്നറിയുന്നു. മാനുവലിന്റെ ഗിയർഷിഫ്റ്റ് മോശമല്ല. ക്ലച്ചും അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള എസ് യു വികളിൽ കണ്ടുവരുന്ന ബോഡി റോൾ ഹാരിയറിൽ നാമമാത്രമാണ്. ബ്രിട്ടനിലെ ലോട്ടസ് എഞ്ചിനിയറിങ് സസ്‌പെൻഷന്റെ കാര്യത്തിൽ പുലർത്തിയ ശ്രദ്ധയും മികവുമാണ് ഹാൻഡിലിങ്ങിന്റെ കാര്യക്ഷമതയ്ക്ക് കാരണം. സുരക്ഷയ്ക്കായി 6 എയർ ബാഗുകൾ, എബി എസ്, ഇ ബി ഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്/ ഡിസന്റ്/ അസന്റ് കൺട്രോൾ, ഹൈേഡ്രാളിക് ബ്രേക്ക് അസിസ്റ്റ് എന്നിവ ഇണക്കിച്ചേർത്തിട്ടുണ്ട്.

വിധിന്യായം

വില എത്രയാണെന്നറിഞ്ഞാൽ കൃത്യമായും പ്രവചിക്കാം ഹാരിയറിന്റെ വിജയസാധ്യത. എല്ലാത്തരത്തിലും മികച്ച വാഹനമാണ് ആണെങ്കിലും വില പ്രധാന ഘടകമാണല്ലോ. 13 മുതൽ 17 ലക്ഷം രൂപ വരെയാണ് വിലയെങ്കിൽ എതിരാളികളെ മറികടന്ന് മുന്നോട്ടുപോകാൻ ഹാരിയറിനു കഴിയും. $

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>