Test Drive: BMW 220d
October 19, 2020
Porsche announces new Panamera Turbo S E-Hybrid
October 20, 2020

Test Rides: Husqvarna Vitpilen 250 & Svartpilen 250

ഇന്ത്യൻ ഇരുചക്രവാഹനവിപണിയിലെ നവസാന്നിദ്ധ്യമായ ഹസ്‌ക്വർനയുടെ ഇരട്ട മോഡലുകളായ സ്വാർട്പിലെൻ, വിറ്റ്പിലെൻ എന്നിവരെ പരിചയപ്പെടാം….

എഴുത്ത്: ജുബിൻ ജേക്കബ്, ഫോട്ടോ: ജോസിൻ ജോർജ്

നമ്മുടെ നാട്ടിലെ മോട്ടോർസൈക്കിൾ ബ്രാൻഡുകൾ എവിടുന്നൊക്കെയാണ് വന്നിട്ടുള്ളതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇംഗ്ലണ്ട്, അമേരിക്ക, ജപ്പാൻ, ജർമനി, ചെക്കോസ്‌ളോവാക്യ, പോളണ്ട്, ഇറ്റലി, ചൈന, ഓസ്ട്രിയ, കൊറിയ എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്നാണ് നമ്മുടെ നാട്ടിൽ മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളുമൊക്കെ നിർമിക്കുന്ന ബ്രാൻഡുകൾ വന്നെത്തിയത്. ഏറ്റവുമൊടുവിലായി ഒരു സ്‌കാൻഡിനേവിയൻ ബ്രാൻഡ് കൂടി വന്നിരിക്കുകയാണ്, അതേ സ്വീഡനിൽ നിന്നും ആദ്യമായി ഒരു ഇരുചക്രവാഹന ബ്രാൻഡ് ഇന്ത്യയിലെത്തുന്നു. അതിന്റെ പേരാണ് ഹസ്‌ക്വർന. 1689ൽ സ്ഥാപിതമായ ഒരു കമ്പനിയാണ് ഹസ്‌ക്വർന. (സ്വീഡിഷ് ഉച്ചാരണം ഹൂസ്‌ക്വാനാ എന്നാണത്രേ). സ്വീഡിഷ് സൈന്യത്തിനു വേണ്ടി വേണ്ടി തോക്കുകളും മറ്റും നിർമ്മിച്ചിരുന്ന ഈ കമ്പനി ഹസ്‌ക്വർന എന്ന ഗ്രാമത്തിലേക്ക് മാറിയത് 1757ലാണ്. 1867ൽ സ്വകാര്യവൽക്കരിക്കപ്പെട്ട ഹസ്‌ക്വർന മോട്ടോർസൈക്കിളുകൾ നിർമ്മിക്കാൻ തുടങ്ങിയത് 1903ലാണ്. ഇതിനോടകം ബിഎംഡബ്ല്യൂ അടക്കം അഞ്ച് ഉടമസ്ഥരാണ് ഹസ്‌ക്വർന എന്ന ബ്രാൻഡിനുണ്ടായത്. ഏറ്റവുമൊടുവിലായി 2013ൽ കെടിഎം ഹസ്‌ക്വർനയെ ഏറ്റെടുത്തു. സ്വാഭാവികമായും കെടിഎമ്മിനൊപ്പം ഹസ്‌ക്വർനയും ബജാജിന്റെ ചിറകിലേറി ഇന്ത്യയിൽ വന്നു എന്ന് ചുരുക്കം. ഹസ്‌ക്വർനയുടെ ചരിത്രം മറ്റൊരു ലേഖനമായി പിന്നീട് വായിക്കാം. തൽക്കാലം നമുക്ക് ഇരട്ട മോഡലുകളെ കാണാം. സ്വാർട്പിലെൻ, വിറ്റ്പിലെൻ എന്നിങ്ങനെ രണ്ടു മോട്ടോർസൈക്കിളുകളാണ് ഹസ്‌ക്വർനയുടെ ഇന്ത്യൻ പടയോട്ടത്തിനു തുടക്കവുമായെത്തിയിരിക്കുന്നത്. സ്വാർട്ട്പിലെൻ എന്നാൽ കറുത്ത അസ്ത്രം എന്നും വിറ്റ്പിലെൻ എന്നാൽ വെളുത്ത അസ്ത്രമെന്നുമാണ് അർത്ഥം. ഇവയുടെ വിശദമായ കാഴ്ചയിലേക്ക് സ്വാഗതം.

കാഴ്ച

ഒറ്റനോട്ടത്തിൽ ഇത്തിരിക്കുഞ്ഞനാണെന്ന് തോന്നിക്കുന്ന, എന്നാൽ റെട്രോ മോഡേൺ ശൈലികൾ അവലംബിച്ച രൂപകൽപനയാണ് ഇവയുടേത്. ലാളിത്യമാണ് സാറേ ഞങ്ങടെ മെയിൻ എന്ന് വിളിച്ചുപറയുന്ന ഡിസൈൻ. ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപ്പെടുന്നത് നല്ല വടിവൊത്ത വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും അതിനു ചുറ്റും തിളങ്ങുന്ന ഡേടൈം റണ്ണിങ്ങ് ലാമ്പും അതിനെ രണ്ടായി പകുത്തുകൊണ്ടൊരു ബ്രിഡ്ജിങ്ങുമാണ്. റിയർവ്യൂ മിററുകളും നല്ല കാച്ചാത്ത പപ്പടത്തിന്റെ സൈസിൽ അങ്ങനെ വിരിഞ്ഞുനിൽക്കുന്നുണ്ട്. താഴേക്കു വരുമ്പോൾ ബലിഷ്ഠമായ ഡബ്ല്യൂപി അപെക്‌സ് സീരീസ് 43 എം.എം അപ് സൈഡ് ഡൗൺ ഫോർക്കുകളും അവയ്ക്കിടയിലെ ചോപ്ഡ് ഓഫ് ഫെൻഡറിനു താഴെ കറുത്ത അലോയ് വീലിൽ ചുറ്റിയ ടയറുകളുമടങ്ങിയ മുൻഭാഗമാണ് നമുക്കു കാണാനാവുക. 110/70 ആർ 17 വീലുകളാണ് ഇരു മോഡലുകളുടെയും മുന്നിലേത്.

പിന്നിൽ 150/60 ആർ 17 ആണ് സൈസ്. മുന്നിൽ 320 എംഎം ഡിസ്‌കും പിന്നിൽ 230 എംഎം ഡിസ്‌കുമാണ് ബ്രേക്കുകൾക്ക്. ബൈബ്രെയാണ് ബ്രേക്കുകൾ ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേഡാണ്. വിറ്റ്പിലെനിൽ എബിഎസ് ഫുൾ ടൈം ആക്ടീവാണെങ്കിൽ സ്വാർട്ട്പിലെനിൽ അത് സ്വിച്ചബ്ൾ ആണ്. ആവശ്യമെങ്കിൽ എബിഎസ് ഓഫ് ചെയ്യാമെന്ന് സാരം. ഇനിയങ്ങോട്ടുള്ള കാഴ്ചകൾ ഇരു മോഡലുകളിലും ഒരൽപം വ്യത്യസ്തമാണ്. ഡാർക്ക് ഗ്രേ, സിൽവർ എന്നിങ്ങനെ രണ്ടു മാറ്റ് വർണ്ണങ്ങളിലാണ് സ്വാർട്ട്പിലെനും വിറ്റ്പിലെനും വരുന്നത്. സ്വാർട്ട്പിലെനിൽ തുടങ്ങാം. ഒരു സ്ട്രീറ്റ് ബൈക്ക് കം സ്‌ക്രാംബ്‌ളർ ശൈലിയാണ് സ്വാർട്ട്പിലെനുള്ളത്. ഓഫ് റോഡ് യാത്രകൾ പോകേണ്ടിവന്നേക്കാം എന്നുള്ളതുകൊണ്ട് 8 സ്‌പോക്ക് അലോയ് വീലുകളാണ് സ്വാർട്ട്പിലെനിൽ. അപ്‌റൈറ്റ് പൊസിഷനു വേണ്ടി ഉയർത്തിയിരിക്കുന്ന ഹാൻഡ്ൽബാർസ്. സ്വാർട്ട്പിലെനിൽ പെട്ടെന്നു കാണുമ്പോൾ കൗതുകം തോന്നുന്ന ഒരു സാധനമുണ്ട്.

ടാങ്കിനു മുകളിൽ ഒരു ലഗേജ് റാക്ക്..! ടാങ്കിനിരുവശ ത്തു നിന്നും ദീർഘവൃത്താകൃതിയിൽ പുറത്തേക്കു തള്ളി നിൽക്കുന്ന ഇടത്താണ് ഹസ്‌ക്വർനയുടെ എംബ്ലം സഹിതം മോഡൽ നെയിം ആലേഖനം ചെയ്തിരിക്കുന്നത്. ടാങ്കിനിരുവശത്തു നിന്നും ആരംഭിക്കുന്ന പാനൽ അവസാനിക്കുന്നത് പിൻഫെൻഡറിന്റെ പകുതിയോളം പിന്നിട്ടാണ്. ട്രെലിസ് ഫ്രെയിമിനു താഴെ നാം കെടിഎം 250 ഡ്യൂക്കിൽ കണ്ട എഞ്ചിൻ ഹസ്‌ക്വർനയുടെ മുദ്രയുമണിഞ്ഞ് ഇരിപ്പുണ്ട്. അതിൽ നിന്നും പിന്നിലേക്കു നീളുന്ന കറുത്ത ക്യാനിസ്റ്ററോടു കൂടിയ എക്‌സോസ്റ്റിൽ ഹസ്‌ക്വർന മോട്ടോർസൈക്കിൾസ് എന്ന ലളിതമായ പ്രിന്റിങ് അത്ര നന്നായില്ല. ചിത്രത്തിൽ കാണുന്ന ഗ്രാബ് റെയിൽ എന്തൊരു ബോറാണെന്ന് നിങ്ങൾക്ക് തോന്നിയില്ലേ? എങ്കിൽ ഒന്നറിയുക, അത് ഹസ്‌ക്വർനയുടെ ഡിസൈനിൽ പെട്ട സാധനമല്ല. നമ്മുടെ നാട്ടിൽ സൂപ്പർ സ്‌പോർട്ട് ബൈക്ക് വന്നാലും റോഡിലിറക്കണമെങ്കിൽ ഗ്രാബ് റെയിലും സാരീഗാർഡും വേണം. അതാണ് നിയമം.

അങ്ങനെ വന്നു കയറിയ ഒരു ഏച്ചുകെട്ടലാണത്. വളരെ സ്‌പോർട്ടിയായ പിന്നിലെ ഫെൻഡർ അവസാനിക്കു ന്നിടത്ത് വീതിയേറിയ എൽഇഡി ടെയ്ൽലാമ്പ് കാണാം. താഴേക്ക് രണ്ട് ഇൻഡിക്കേറ്ററുകൾ മാത്രം. നമ്പർ പ്ലേറ്റും മറ്റും വരുന്നത് സ്വിങ്ങ് ആമിൽ നിന്നും നീളുന്ന ടയർ ഹഗ്ഗറിലാണ്. കണ്ടാൽ ഇത്തിരിക്കുഞ്ഞനാണെന്ന് തോന്നിക്കുമെങ്കിലും സ്വാർട്ട്പിലെനും വിറ്റ്പിലനും സീറ്റ് ഹൈറ്റ് ഒട്ടും കുറവല്ല. 842 മിമീ ആണ് സീറ്റ് ഹൈറ്റ്..! കയറിയിരുന്നപ്പോൾ അത് ബോധ്യമായി. ആദ്യം നമുക്ക് സ്വാർട്ട്പിലെനെ പരീക്ഷിക്കാം. എന്നിട്ടാവാം വിറ്റ്പിലെൻ. വിറ്റ്പിലെനിൽ മാത്രം കഫേ റേസർ മാതൃകയിലുള്ള ഹാൻഡ്ൽബാർ പൊസിഷനാണ്. ഹാൻഡ്ൽ ബാറിലെ സ്വിച്ച്ഗിയറെല്ലാം ബജാജ്/കെടിഎം ബൈക്കുകളിൽ കണ്ടിട്ടുള്ള തരം തന്നെ. ഇൻസ്ട്രുമെന്റ് കൺസോളാണ് ക്ലാസ്സിക് ഐറ്റം. വൃത്താകൃതിയിൽ കുഞ്ഞു ഡപ്പി പോലൊരു സിംഗിൾ പോഡ് കൺസോൾ. ചെറിയ മോണോക്രൊമാറ്റിക് ഡിസ്പ്‌ളേക്കു ചുറ്റും വാണിങ്ങ് ലാമ്പുകളുടെ പെരുന്നാൾ. മോഡ്. സെറ്റ് എന്നിങ്ങനെ രണ്ട് പുഷ് ബട്ടണുകളും കാണാം.

റൈഡ്

ആദ്യം നമുക്ക് സ്വാർട്ട്പിലെനെ പരീക്ഷിക്കാം. എന്നിട്ടാവാം വിറ്റ്പിലെൻ. ഇനി നമുക്കിവനെ സ്റ്റാർട്ട് ചെയ്യാം. 248.76 സിസി സിംഗിൾ സിലിൻഡർ ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ സ്വതസിദ്ധമായ മിടിപ്പോടെ ഉണർന്നു. ബോഷിന്റെ ഇഎഫ്‌ഐ സിസ്റ്റമാണ് ഈ എഞ്ചിനിലേ ക്ക് ഇന്ധനമെത്തിക്കുന്നത്. ഫസ്റ്റ് ഗിയർ സ്ലോട്ട് ചെയ്യുമ്പോൾ തന്നെ ഈ എഞ്ചിനെപ്പറ്റിയുള്ള മുൻധാരണയിൽ ഒരൽപം റെവ് ചെയ്തു. കാരണം ലോ എൻഡ്ഒ രൽപം കൂറവാണെന്നതു തന്നെ. എങ്കിലും അത് ശീലമായിക്കഴിഞ്ഞാൽ പിന്നെ ഒരു പ്രശ്‌നമേയല്ല. ത്രോട്ട്ൽ എത്ര വേണമെങ്കിലും പിരിച്ചോളൂ, ഞാൻ റെഡി എന്നും പറഞ്ഞ് നിൽക്കുന്ന അപൂർവം എഞ്ചിനുകളേ സിംഗിൾ സിലിൻഡർ 250 സിസി സെഗ്മെന്റിലുള്ളൂ. അതിലൊന്നാണിത്. സ്വാർട്ട്പിലെനുമായി നാട്ടിടവഴികളിലൂടെ പാഞ്ഞപ്പോൾ ഇത് ശരിക്കും ഒരു ഫൺ ബൈക്കാണെന്ന് മനസ്സിലായി. ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതജീവിയെപ്പോലെ നാട്ടുകാരുടെ നോട്ടവും കൂടിയായപ്പോൾ സംഗതി ജോറായി. അതേ, അത്രയ്ക്ക് തനിമയുള്ളൊരു രൂപവും സ്വഭാവവുമാണ് ഹസ്‌ക്വർന ദ്വയത്തിന്. ഹാൻഡ്‌ലിങ്ങ് ബഹുരസമാനെങ്കിൽ ബ്രേക്കിങ്ങ് അതിഗംഭീരമാണ്. വിറ്റ്പിലെനിലെ ലീൻ ഫോർവേഡ് സീറ്റിങ്ങ് പൊസിഷൻ എല്ലാവർക്കും ഇഷ്ടപ്പെടാൻ വഴിയില്ല. എങ്കിലും നഗരവീഥികളിൽ ചുമ്മാ പൊളിക്കണമെന്ന് തോന്നുന്നവർക്ക് ഇതല്ലാതെ മറ്റൊന്നും ഇഷ്ടപ്പെടുകയുമില്ല.

കെടിഎമ്മിനു സമാന്തരമായി മറ്റൊരു ബ്രാൻഡല്ല ഹസ്‌ക്വർന. സ്വീഡിഷ് ശൈലിയിലുള്ള ഡിസൈനൊപ്പം കെടിഎമ്മിന്റെ കരുത്തും മെയ്‌വഴക്കവും കൂടി സമന്വയിപ്പിച്ചെന്നു മാത്രം. സ്വാർട്ട്പിലെൻ, വിറ്റ്പിലെൻ മോഡലുകൾക്ക് എഞ്ചിൻ ശേഷി കൂടിയ വകഭേദങ്ങളാണ് ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിൽ സാധാരണമായുള്ളത്. അവയെ ഇറക്കാതെ 250 സിസി മോഡലിനെ ഇന്ത്യയിൽ കൊണ്ടുവന്നത് ബുദ്ധിപരമായ ഒരു നീക്കമാണ്. ഹസ്‌ക്വർന എന്ന ജ്ഞാനപ്പഴത്തിന്റെ രുചി ഇവിടുത്തെ സാമാന്യ ജനത്തിന്റെ യുവപരിഛേദത്തിലേക്കെത്തിക്കാനുള്ള അതിബുദ്ധി.. അതിനിരിക്കട്ടെ ഒരു കയ്യടി, ഹസ്‌ക്വർനയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>