Test drive: Nissan Kicks
January 10, 2019
How Safe is Your Car: Smartdrive Investigation- Part 2- Hyundai
January 11, 2019

Test Ride: Triumph Street Triple RS

Triumph Street Triple RS

ട്രയംഫിന്റെ റോഡ്സ്റ്റർ ബൈക്കുകളിലെ പ്രധാനിയായ സ്ട്രീറ്റ് ട്രിപ്ൾ പുതിയ അങ്കപ്പുറപ്പാടുമായി ആർ.എസ് വേരിയന്റിൽ എത്തിയിരിക്കുകയാണ്. ടെസ്റ്റ് റൈഡിലേക്ക് സ്വാഗതം..

എഴുത്ത്: ജുബിൻ ജേക്കബ്, ചിത്രങ്ങൾ: ജോസിൻ ജോർജ്

നാലരക്കൊല്ലം മുമ്പാണ് ഞാനാദ്യമായി ട്രയംഫിന്റെ പുതുതലമുറ ബൈക്കുകളിലൊന്നായ സ്ട്രീറ്റ് ട്രിപ്ൾ ഓടിക്കുന്നത്. ഏതോ ഷഡ്പദത്തിന്റെ മുഖം പോലെ തോന്നിക്കുന്ന ഇരട്ട ഹെഡ്‌ലാമ്പുകളും, 675 സിസി ഇൻലൈൻ 3 സിലിൻഡർ എഞ്ചിനുമൊക്കെച്ചേർന്ന് കൗതുകം പകരുന്ന ഒരു പാക്കേജായിരുന്നു അത്. തികച്ചും വ്യത്യസ്തമായ ഒരനുഭവമെന്ന് ശങ്കയെന്യേ പറയാവുന്ന ഒരു ബൈക്ക്. വർഷങ്ങൾക്കിപ്പുറം സ്ട്രീറ്റ് ട്രിപ്ൾ കുറെക്കൂടി അപ്‌ഗ്രേഡഡ് ആയി വന്നിരിക്കുകയാണ.് 675സിസി എന്നത് 765 ആയി. കരുത്തിലും സ്വഭാവത്തിലുമൊക്കെ കാതലായ മാറ്റങ്ങൾ കൈവരിച്ച സ്ട്രീറ്റ് ട്രിപ്‌ളിന്റെ പുതിയ അവതാരത്തിനു പുറമേ സ്‌പോർട്ട്‌സ് വേരിയന്റ് എന്നു വിശേഷിപ്പിക്കാവുന്ന ആർ.എസ് ആണിപ്പോൾ എന്നോടൊപ്പമുള്ളത്. നമുക്കൊന്നു പരിചയപ്പെട്ടാലോ?


2007ലാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്ൾ ജന്മമെടുക്കുന്നത്. ട്രയംഫിന്റെ വിഖ്യാതമായ സ്പീഡ് ട്രിപ്ൾ എന്ന മോഡലിന്റെ ചെറിയ പതിപ്പ് എന്ന നിലയ്ക്കായിരുന്നു അന്ന് മോട്ടോർസൈക്കിൾ പ്രേമികൾ സ്ട്രീറ്റ് ട്രിപ്‌ളിനെ കണ്ടത്. 675 സിസി ത്രീ സിലിൻഡർ എഞ്ചിനോടു കൂടിയ സ്ട്രീറ്റ് ട്രിപ്ൾ ആ കാഴ്ചപ്പാട് തെറ്റിയില്ലെന്ന് തെളിയിക്കുകയും ചെയ്തു. 2012ൽ ചില്ലറ മുഖം മിനുക്കലുകളോടെ ട്രയംഫ് സ്ട്രീറ്റ് ട്രിപ്‌ളിനെ വീണ്ടും അവതരിപ്പിച്ചു. വൃത്താകൃതിയിലായിരുന്ന ഹെഡ്‌ലാമ്പുകൾ നാം ഇന്നു കാണുന്നതിനോട് സാമ്യമുള്ള തരത്തിലാക്കി മാറ്റി. സീറ്റിനടിയിലായിരുന്ന എക്‌സോസ്റ്റ് സിസ്റ്റം മുഴുവനും എഞ്ചിനടിയിലായി.. അങ്ങനെ കുറെയേറെ മാറ്റങ്ങൾ.
പിന്നീട് 2017ലാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്ൾ സീരീസിനെ ഒന്ന് അഴിച്ചു പണിതത്. 675 സിസി എഞ്ചിനു പകരം 765 സിസി എഞ്ചിൻ വന്നു. അതേ സമയം തന്നെ ചില്ലറ പരിഷ്‌കാരങ്ങൾ വരുത്തിയതിനാൽ മുൻ മോഡലിനെക്കാൾ ഭാരം കുറയ്ക്കാനും സാധിച്ചു. മുമ്പ് സ്ട്രീറ്റ് ട്രിപ്ൾ, സ്ട്രീറ്റ് ട്രിപ്ൾ ആർ എന്നിങ്ങനെ രണ്ടു വേരിയന്റുകളായിരുന്നെങ്കിൽ അത് ഇത്തവണ സ്ട്രീറ്റ് ട്രിപ്ൾ എസ്, സ്ട്രീറ്റ് ട്രിപ്ൾ ആർഎസ് എന്നിങ്ങനെ രണ്ടു വേരിയന്റുകളായി. എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് സ്ട്രീറ്റ് ട്രിപ്ൾ ആർഎസിനെ ഒന്നടുത്തു കാണാം.

കാഴ്ച

അടിസ്ഥാനരൂപത്തിൽ കാര്യമായ മാറ്റമില്ലാതെയാണ് സ്ട്രീറ്റ് ട്രിപ്‌ളിന്റെ മൂന്നാം തലമുറയും വന്നിരിക്കുന്നത്. ബഗ് ഐ എന്നു വിളിപ്പേരുള്ള ഇരട്ട ഹെഡ്‌ലാമ്പുകൾ ഞാൻ നേരത്തേ പറഞ്ഞതുപോലെ ഏതോ ഷഡ്പദത്തിന്റെ കണ്ണുകളെ ഓർമ്മിപ്പിക്കും. അവയ്ക്കു മുകളിലായി ചെറിയ സ്‌കൂപ്പോടു കൂടിയ ഹാഫ് വൈസർ വന്നിരിക്കുന്നു. ഷോവയുടെ 41 എം.എം അപ് സൈഡ് ഡൗൺ ബിഗ് പിസ്റ്റൺ ഫോർക്കുകൾ അഡ്ജസ്റ്റബ്‌ളും 115 എം.എം ട്രാവലുള്ളവയുമാണ്. 5 സ്‌പോക് കാസ്റ്റ് അലോയ് വീലിന്മേൽ പിരേലിയുടെ ഡിയാബ്‌ളോ സൂപർകോർസ എസ്പി 120/70സെഡ് ആർ17 ടയർ മുന്നിലും 180/55സെഡ് ആർ17 ടയർ പിന്നിലും നൽകിയിരിക്കുന്നു. മുന്നിൽ 310എം.എം ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 220എം.എം സിംഗിൾ ഡിസ്‌കുമാണുള്ളത്. ബ്രെംബോയുടെ 4 പിസ്റ്റൺ റേഡിയൽ മോണോബ്‌ളോക്ക് യൂണിറ്റ് മുന്നിലും സിംഗിൾ പിസ്റ്റൺ സ്ലൈഡിങ്ങ് കാലിപർ യൂണിറ്റ് പിന്നിലും ബ്രേക്കിങ്ങ് നിർവഹിക്കുമ്പോൾ നിയന്ത്രണവുമായി സ്വിച്ചബ്ൾ എബിഎസും ഒപ്പമുണ്ട്. വശങ്ങളിലേക്കു വരുമ്പോൾ ഒരു സ്ട്രീറ്റ്‌ബൈക്കിന്റെ നഗ്‌നസൗന്ദര്യം അനാവൃതമാക്കുന്ന തരത്തിൽ തന്നെയാണ് സ്ട്രീറ്റ് ട്രിപ്‌ളിന്റെയും ഡിസൈൻ.

അലുമിനിയം ബീം ട്വിൻ സ്പാർ ഫ്രെയിമിന്റെ മുകളിലുറപ്പിച്ച ടാങ്കും അടിയിൽ എഞ്ചിനും ടാങ്കിനിരുവശവുമായി ചെറിയ സ്‌കൂപ്പുകളും കാണാം. ഡൈ കാസ്റ്റ് സ്വിങ്ങ് ആമിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. ഭംഗി മാത്രമല്ല, ഒന്നാന്തരം സ്റ്റെബിലിറ്റിയും പ്രദാനം ചെയ്യുന്നുണ്ട് ഈ സ്വിങ്ങ് ആമും ഒപ്പമുള്ള ഗ്യാസ് ചാർജ്ഡ് അഡ്ജസ്റ്റബ്ൾ ഒലിൻസ് സസ്‌പെൻഷനും. എഞ്ചിനടിയിലായുള്ള ബെല്ലി പാൻ ആർഎസിന്റെ മാത്രം പ്രത്യേകതയാണ്. അതിനും പിന്നിലായാണ് 3:1 എക്‌സോസ്റ്റ് സിസ്റ്റം ഒളിച്ചിരിക്കുന്നത്.

റൈഡ്

സ്ട്രീറ്റ് ട്രിപ്ൾ എസിനെക്കാളും ഒരല്പം ഉയരക്കൂടുതൽ ആർഎസിനുണ്ടെന്നു തോന്നുന്നു. എന്തായാലും നല്ല ഒന്നാന്തരം സീറ്റിങ്ങ്. സ്വിച്ച്ഗിയർ പുതിയതാണ്. ഇൻസ്ട്രമെന്റ് കൺസോളിലെ പഴയ ഡിജിറ്റൽ അനലോഗ് കോംബിനേഷനു പകരം പുത്തൻ പുതിയ ടിഎഫ്ടി സ്‌ക്രീൻ. അതും നല്ല വിസിബിലിറ്റിയുള്ള ലേ ഔട്ടോടു കൂടിയത്. സ്ട്രീറ്റ് ട്രിപ്ൾ ആർഎസിലെ ഏറ്റവും ആകർഷകമായ ഫീച്ചർ ഇതാണെന്നേ ഞാൻ പറയൂ. മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അത് റൈഡ് കഴിഞ്ഞ് പറയാം.. അപ്പോൾ ആ കാര്യത്തിലേക്കു കടക്കാം. സ്റ്റാർട്ട് ചെയ്യാം. 765സിസി ഇൻലൈൻ 3 സിലിൻഡർ, ലിക്വിഡ് കൂൾഡ് 12 വാൽവ് എഞ്ചിൻ ഉണർന്നു. പഴയ എഞ്ചിനിൽ നിന്നും ശബ്ദത്തിനു കാര്യമായ വ്യത്യാസം തോന്നുന്നില്ല.

എന്നാൽ കരുത്തിന്റെ കാര്യത്തിൽ സ്ട്രീറ്റ് ട്രിപ്ൾ ആർഎസ് പുലിയാണ്. 11700 ആർപിഎമ്മിൽ 123 പിഎസ് അഥവാ 121.2 ബിഎച്പിയാണ് ഇവന്റെ പരമാവധി കരുത്ത്. 10800 ആർ പിഎമ്മിൽ 77 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ഇനി അതൊന്നു പരീക്ഷിച്ചറിഞ്ഞിട്ടു തന്നെ കാര്യം. ഫസ്റ്റ് ഗിയറിലേക്ക്.. ത്രോട്ട്ൽ തിരിയുന്നതിനൊപ്പം ടിഎഫ്ടി സ്‌ക്രീനിലെ മൂന്നു പൂജ്യങ്ങളിലേക്ക് അക്കങ്ങൾ കയറിവന്നു. ആറു ഗിയറുകളും ഷിഫ്റ്റ് ചെയ്യാനുള്ള ദൂരം ലഭിച്ചില്ല എന്നത് ഒരു നിരാശയാണ്. അഞ്ച് റൈഡിങ്ങ് മോഡുകളാണ് സ്ട്രീറ്റ് ട്രിപ്ൾ ആര്ർഎസിനുള്ളത്. എസ് മോഡലിൽ റോഡ്, റെയിൻ എന്നീ രണ്ടു മോഡുകൾ മാത്രമുള്ളപ്പോൾ ആർഎസിൽ സ്‌പോർട്ട്, ട്രാക്ക്, റൈഡർ അഥവാ കസ്റ്റം എന്നിങ്ങനെ മൂന്നു മോഡുകൾ കൂടിയുണ്ട്. ആകെ അഞ്ച് റൈഡ് മോഡുകൾ. സ്ലിപ് അസിസ്റ്റഡ് ക്‌ളച്ചിനൊപ്പം അപ് ഷിഫ്റ്റുകൾക്ക് സഹായമായി ക്വിക് ഷിഫ്റ്ററും ആർഎസിലുണ്ട്. കൂടാതെ ട്രാക്ഷൻ, എബിഎസ് എന്നിവ സ്വിച്ചബ്ൾ ആണ്.
അനായാസമായ ഹാൻഡ്‌ലിങ്ങാണ് സ്ട്രീറ്റ് ട്രിപ്ൾ ആർഎസിന്റെ എടുത്തു പറയേണ്ടുന്ന പ്രത്യേകത. ഇത്രയും കരുത്തുറ്റ ഒരു മോട്ടോർസൈക്കിളായിട്ടും വളരെ എളുപ്പത്തിൽ മെരുക്കിയെടുക്കാവുന്ന നല്ലൊരു റോഡ്സ്റ്ററാണ് സ്ട്രീറ്റ് ട്രിപ്ൾ ആർഎസ് എന്നതിൽ സംശയം വേണ്ട$

Vehicle Provided By:
Syama Dyanamic
Kochi, Ph: 96455 99933

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>