എഡിറ്റോറിയൽ: ഇനി ഇലക്ട്രിക് യുഗം
June 25, 2019
Kia Seltos to be launched on August 22, bookings starts from July 15,2019
July 12, 2019

Test ride: Suzuki Gixxer SF250 & New Gixxer SF

Suzuki Gixxer SF 250

ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ മൽസരം മുറുകുകയാണ്. ഏറ്റവുമൊടുവിൽ അങ്കത്തട്ടിലേക്കു ചാടിയിരിക്കുന്നത് സുസൂക്കിയാണ്, കയ്യിലുള്ള ആയുധമാവട്ടെ ജിക്‌സർ എസ്എഫ് 250യും.

എഴുത്ത്: ജുബിൻ ജേക്കബ്, ഫോട്ടോകൾ: ജോസിൻ ജോർജ്

മേയിൽ നാം ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളെപ്പറ്റി പറഞ്ഞിരുന്നുവല്ലോ. ആ വിടവുകൾ മെല്ലെ അടഞ്ഞുതുടങ്ങിയെന്നു തന്നെ കരുതാം. ഹോണ്ട സിബിആർ തുടങ്ങിവെച്ച 250 സിസി സെഗ്മെന്റിൽ ഇപ്പോൾ അനേകം പോരാളികളുണ്ട്. യമഹ എഫ്‌സീ 25, കെടിഎം ഡ്യൂക്ക് 250 തുടങ്ങിയവരോടൊപ്പം ബജാജ് ഡോമിനാറും, മഹീന്ദ്ര മോജോയുമൊക്കെ ചേർന്നിട്ടുണ്ട്. എന്താണ് ഇങ്ങനെയൊരു സെഗ്മെന്റിന്റെ പ്രസക്തി എന്നു ചിന്തിച്ചിട്ടുണ്ടോ? മൂന്നു പതിറ്റാണ്ടു മുമ്പുള്ള ഇന്ത്യൻ വിപണിയെപ്പറ്റി ആലോചിച്ചാൽ അന്ന് ഇന്ത്യയിൽ ഏറ്റവും പ്രബലമായ മൂന്നു ബൈക്കുകൾ 200 സിസിക്കു മേൽ ശേഷിയൂള്ളവയായിരുന്നു. എൻഫീൽഡ് ബുള്ളറ്റ്, യെസ്ഡി, യമഹ ആർഡി 350 എന്നിവയായിരുന്നു ആ ബൈക്കുകൾ. ഇവയ്ക്ക് ഇന്നും ആരാധകരുണ്ടാവാൻ കാരണം അവയുടെ ക്‌ളാസ്സിക് മൂല്യം മാത്രമല്ല. ദൂരയാത്രകൾക്ക് ഏറെ അനുയോജ്യമായിരുന്നു അവയുടെ നിർമാണവും, രൂപകല്പനയും. 100സിസി ബൈക്കുകളുടെ പ്രളയത്തോടെ ഇന്ത്യൻ മോട്ടോർസൈക്കിളുകൾക്ക് നഷ്ടപ്പെട്ടതും ആ ഒരു ഗുണമാണ്. അമ്പതു കിലോമീറ്റർ ഓടും മുമ്പേ മടുത്തു പോകുന്ന ബൈക്കുകളാണ് പിന്നീട് ഇറങ്ങിയതിലേറെയും. എന്നാൽ 150 സിസി ബൈക്കുകളൊക്കെ വന്നു തുടങ്ങിയതോടെ ആളുകൾക്ക് ഒരു കാര്യം മനസ്സിലായി. നൂറു സിസി ബൈക്കുകളെപ്പോലെ ദൂരയാത്രകളിൽ കാര്യമായ തളർച്ചയോ മടുപ്പോ ഉണ്ടാവുന്നില്ല. മൈലേജിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന സാധനമല്ല മോട്ടോർസൈക്കിളുകൾ, കരുത്തുള്ള ബൈക്കുകൾക്ക് അവയുടേതായ ഗുണങ്ങളുമുണ്ട് എന്നൊക്കെയുള്ള പ്രപഞ്ചസത്യങ്ങൾ നാട്ടിലെങ്ങും മുഴങ്ങിക്കേട്ടു. നൂറ്റമ്പതും പിന്നിട്ട് ഇരുനൂറും കടന്നപ്പോൾ ജനങ്ങൾക്ക് സംഗതി ശരിക്കും മനസ്സിലായി. അങ്ങനെയാണ് ഇരുനൂറു സിസിക്കു മേൽ എഞ്ചിൻ ശേഷിയുള്ള ബൈക്കുകളെ സ്‌നേഹിക്കാൻ ഒരുവിഭാഗം ഉണ്ടായതും അങ്ങനെയൊരു വിപണി തന്നെ ഉണ്ടായതും.


ഏറ്റവുമൊടുവിലായി ഗോദയിലേക്കു വന്നു കയറിയിരിക്കുന്നത്. ആരാണെന്ന് വല്ല ഊഹവുമുണ്ടോ? എങ്കിൽ കണ്ടോളൂ. ഇപ്പോൾ അങ്കത്തട്ടിലേക്കു ചാടിയിരിക്കുന്നത് സുസൂക്കിയാണ്, കയ്യിലുള്ള ആയുധമാവട്ടെ അല്പം മുന്തിയതും.. അതാണ് ജിക്‌സർ എസ്എഫ് 250 എന്ന പുതിയ അവതാരം. എന്നാൽ ഇപ്പോൾ നമ്മുടെ മുന്നിൽ വന്നെത്തിയിരിക്കുന്ന ജിക്‌സർ എസ്എഫ് 250 എന്ന മോഡൽ ആരാണ്, എന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നേടാം.

കാഴ്ച

പഴയ ജിക്‌സർ എസ്എഫിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരല്പം കൂടി വലുപ്പമുള്ള രൂപം. വീതിയേറിയ ഫെയറിങ്ങാണ് അതിനു കാരണം. വിശാലമായ ഫെയറിങ്ങിൽ മുകളിലേക്ക് മൂന്നായി വിടർന്നു നിൽക്കുന്ന വലിയ എൽഇഡി ഹെഡ്‌ലാമ്പ് ക്‌ളസ്റ്ററാണ് ആദ്യമേ ശ്രദ്ധയിൽപ്പെടുക. ഹെഡ്‌ലാമ്പിന്റെ മുകളിലായി ഇരുവശങ്ങളിലേക്ക് ഉയർന്നു നിൽക്കുന്ന റിയർവ്യൂ മിറേഴ്‌സും വിൻഡ്ഷീൽഡുമൊക്കെ ഒരു സ്‌പോർട്‌സ് ബൈക്കിന്റെ ഭാവഹാവാദികൾ പകരുന്നുണ്ട്. കനം കുറഞ്ഞ പത്തു സ്‌പോക്കുകളുള്ള അലോയ് വീലുകൾ നല്ല ഭംഗിയുള്ളവ തന്നെ. മുന്നിൽ 110/70 ആർ17, പിന്നിൽ 150/60 ആർ 17 അളവുകളിലുള്ള റെവ്‌സീ ടയറുകളാണ് ജിക്‌സറിലുള്ളത്. മുന്നിലെ സസ്‌പെൻഷന് പഴയ ജിക്‌സറിലെ 41 എം.എം ഫോർക്ക് തന്നെയാണുള്ളത്. സുസൂക്കി എന്തായാലും ചെറിയ ബൈക്കുകളിൽ അപ്‌സൈഡ് ഡൗൺ ഫോർക്കുകൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു തോന്നുന്നു.

വശങ്ങളിലേക്കു വരുമ്പോൾ നല്ല വലുപ്പം തോന്നിക്കുന്നുണ്ട് എസ് എഫ് 250 കെ. ഫ്യുവൽ ടാങ്ക് 155ൽ നിന്നും കടം കൊണ്ടതാണെന്നു തോന്നുന്നു. ടു പീസ് ഹാൻഡ്ൽബാറി ന്റെ ഉയരം ടാങ്കിനെക്കാളും മുകളിലായതു കൊണ്ടു തന്നെ തീർത്തും സൂപ്പർ സ്‌പോർട്ട് ശൈലിയിലുള്ള ഡിസൈനിൽ നിന്നും ജിക്‌സർ 250 മെല്ലെ സ്വയം ഒഴിവാക്കുന്നുണ്ട്. വലിയ ഫുൾ ഫെയറിങ്ങിനിടയിലൂടെ ചെമ്പൻ നിറമണിഞ്ഞ എഞ്ചിന്റെ ക്‌ളച്ച് കവർ കാണാം. 155ലേതു പോലെ ക്രോം ടിപ്പുള്ള ട്വിൻ ബാരൽ എക്‌സോസ്റ്റാണ് എസ്എഫ് 250യിലുമുള്ളത്, എന്നാൽ ഇതിനു കുറെക്കൂടി വലുപ്പവും ഫിനിഷിങ്ങുമുണ്ടെന്ന് തോന്നുന്നു. റ്റയർ ഹഗ്ഗറുള്ള പിൻവീലിനു മുകളിൽ ടെയ്ൽ പീസും റിയർ ഫെൻഡറുമൊക്കെ നല്ല സ്‌പോർട്ടി സ്‌റ്റൈലിൽ ഫിനിഷ് ചെയ്തിരിക്കുന്നു. സ്പ്‌ളിറ്റ് സീറ്റ് കൂടിയായപ്പോൾ ബലേ ഭേഷ്..

റൈഡ്

ഇനിയുള്ള കാര്യമാണ് അറിയേണ്ടത്. ബൈക്കിലേക്കു കയറി. സ്‌പോർട്‌സ് ടൂറർ എന്നാണ് സുസൂക്കി ഇവനെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഡോൺ ഓഫ് ഗ്രേറ്റ്‌നെസ്’ അഥവാ മഹത്വത്തിന്റെ പ്രഭാതം എന്നാണ് ജിക്‌സർ എസ്എഫ് 250യുടെ ലോഞ്ചിൽ ഉയർന്ന തലവാചകം. അത് എത്രത്തോളം സത്യമാണെന്ന് നമുക്കൊന്നു നോക്കിയാലോ.
ഞാൻ നേരത്തേ പറഞ്ഞതു പോലെ ഇതൊരു ഫുൾ ഫെയേർഡ് ബൈക്കാണെങ്കിലും തികച്ചും സൂപ്പർ സ്‌പോർട്ട് ശൈലിയിലുള്ള ബൈക്കല്ല. കയറിയിരിക്കുമ്പോൾ തന്നെ അതു മനസ്സിലാവും. എർഗണോമിക്‌സ് ആ വിധത്തിലാണ് സുസൂക്കി ഒരുക്കിയിരിക്കുന്നത്. റൈഡിങ്ങ് പൊസിഷനെപ്പറ്റി പറയുകയാണെങ്കിൽ ഒരല്പം മുന്നിലേക്ക് കുനിഞ്ഞുള്ള ഇരുപ്പാണെങ്കിലും കൈകൾക്കോ നടുവിനോ വലിയ പ്രശ്‌നം തോന്നുന്നില്ല. സ്വർണനിറമാർന്ന അക്ഷരങ്ങൾ തെളിയുന്ന ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ. സ്വിച്ച് ഗിയറുകളിലും മാറ്റമില്ല.

സ്റ്റാർട്ട് ചെയ്യാം. നല്ല റിഫൈൻഡായ എൻജിനാ ണെന്ന് തോന്നിപ്പിക്കുന്ന എക്‌സോസ്റ്റ് നോട്ട്. ഫസ്റ്റ് ഗിയറിട്ടു നീങ്ങുമ്പോൾ നല്ല ടോർക്കുണ്ട്. 249 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ്, 4 വാൽവ് എൻജിനാണിത്. ഫ്യുവൽ ഇൻജെക്ഷനുണ്ടായിട്ടും സുസൂക്കി എന്തുകൊണ്ട് ലിക്വിഡ് കൂളിങ്ങിനെപ്പറ്റി ചിന്തിച്ചില്ലെന്ന് ഒരു നിമിഷം ആലോചിച്ചുപോയി. വലിയ ആയാസമില്ലാതെ തന്നെ വേഗതയാർജ്ജിക്കുന്ന പ്രകടനമാണ്
എസ്എഫ് 250യുടേത്. 9000 ആർപിഎമ്മിൽ 26.5 ബിഎച്ച്പിയാണ് കരുത്ത്. 7500 ആർപിഎമ്മിൽ 22.6 ന്യൂട്ടൻ മീറ്റർ ടോർക്കുമുണ്ട്. ഈ കണക്കുകൾ ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ ഉയർന്നതെന്ന് പറയാനാവില്ലെങ്കിലും എതിരാളികളിൽ ചിലരെക്കാൾ ഉയർന്നതാണ്. ആറു സ്പീഡ് ഗിയർബോക്‌സ് അതിന്റെ ജോലി നന്നായി നിർവ്വഹിക്കുന്നുണ്ട്. എല്ലാം കിറുകൃത്യമായ ഗിയർ അനുപാതങ്ങൾ. മുന്നിലെയും പിന്നിലെയും സസ്‌പെൻഷൻ ദൂരയാത്രകൾക്ക് ഒന്നാന്തരമാണ്. ഹാൻഡ്‌ലിങ്ങും ഒരു ഫുൾഫെയേർഡ് ബൈക്കിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ചത്. നൂറിനു മേലുള്ള വേഗതകളിലും കഷ്ടപ്പാടില്ലാതെ ക്രൂസ് ചെയ്യാൻ യോജിച്ച ഡിസൈനാണ് സുസൂക്കി എസ്എഫ് 25യുടേത് എങ്കിലും കേരളത്തിലെ റോഡുകളിൽ ആ പരീക്ഷണം നടത്താൻ തുനിയേണ്ടതില്ല. ഇതൊരു സ്‌പോർട്‌സ് ടൂറർ ആണെന്ന് സുസൂക്കി തന്നെ പറയുന്നുമുണ്ട്. ആക്സ്സറികളായി സാഡ്ൽ ബാഗ്, ഓപ്ഷണൽ പവർ ചാർജിങ്ങ് പോർട്ട് എന്നിവയുമുണ്ടത്രേ.

ജിക്‌സർ എസ്എഫ്

ജിക്‌സർ എന്ന മോഡലിനെപ്പറ്റി പറയുകയാണെങ്കിൽ സുസൂക്കിക്ക് നിലയില്ലാക്കയത്തിൽ കിട്ടിയ പിടിവള്ളിയെന്നു തന്നെ പറയാം. സ്വതന്ത്രമായ ഒരു ബ്രാൻഡായി ഇന്ത്യയിൽ വന്നിട്ടും കാര്യമായ ചലനമൊന്നുമുണ്ടാക്കാനാവാതെ വലഞ്ഞു നിന്നപ്പോഴാണ് ജിക്‌സർ 155 എന്ന മോഡൽ വരുന്നതും അത് സുസൂക്കിയുടെ ഇന്ത്യയിലെ തലവര തന്നെ മാറ്റിയതും. ജിക്‌സർ ഒരു നേക്കഡ് സ്ട്രീറ്റ് ബൈക്കായിരുന്നെങ്കിൽ അതിനു പിന്നാലെ തന്നെ ഫുൾ ഫെയേർഡ് വേർഷനായ ജിക്‌സർ എസ്.എഫും വന്നു. ജിക്‌സർ എന്ന വിളിപ്പേരിനു കാരണക്കാരനായ സുസൂക്കി കുടുംബത്തിലെ വല്യേട്ടൻ ജിഎസ്എക്‌സ്ആർ 1000 മോഡലിന്റെ ചെറിയ പതിപ്പായി എസ് എഫിനെ മാറ്റിയെടുക്കാനുള്ള സുസൂക്കിയുടെ ശ്രമം ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ എസ്എഫ് 250ക്കൊപ്പം പരിഷ്‌കരിച്ച ബോഡിലൈനുകളുമായി കുഞ്ഞൻ ജിക്‌സർ എസ്എഫും വിപണിയിലേക്കെത്തുകയാണ്. ജിക്‌സർ എസ്എഫിന്റെ കാഴ്ചകളിലേക്ക്.
ഒറ്റനോട്ടത്തിൽ എസ്എഫ്, എസ്എഫ് 250 എന്നിവയെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഒരേപോലുള്ള ബോഡി വർക്ക്, ഒരേ തരത്തിലുള്ള ഹെഡ്‌ലാമ്പ് എന്നിവയൊക്കെ തന്നെ കാരണം. പക്ഷേ പെയിന്റ് ഫിനിഷിൽ വ്യത്യാസമുണ്ട്. എസ്ഫിന് മാത്രമാണ് ഗ്‌ളോസ്സി ഫിനിഷുള്ള പെയിന്റ്, എസ്എഫ് 250ക്ക് മാറ്റ് ഫിനിഷ് മാത്രമേയുള്ളൂ. തന്നെയുമല്ല എസ്എഫിന്റെ മുൻഭാഗത്ത് നടുവിലായി ഒരു ഡ്യുവൽടോൺ വർക്കുമുണ്ട്. ബ്രഷ്ഡ് അലൂമിനിയം ഫിനിഷുള്ള അലോയ് വീലുകളാണ് എസ്എഫ് 250ക്കുള്ളതെങ്കിൽ ഓൾ ബ്‌ളാക്ക് അലോയ്‌സാണ് എസ്എഫിന്റേത്. 250യെക്കാൾ കുറച്ച് സ്‌പോക്കുകൾ മാത്രമേയുള്ളൂ എസ്എഫിന്റെ വീലുകളിൽ.

All-New Suzuki Gixxer SF

റൈഡിങ്ങ് സീറ്റിലേക്കു കയറാം. ഇൻസ്ട്രമെന്റേഷനിലും എർഗണോമിക്‌സിലുമൊന്നും മാറ്റമില്ല. പുതിയ ഇൻസ്ട്രമെന്റ് കൺസോളിൽ വെളുത്ത പ്രതലവും കറുത്ത അക്ഷരങ്ങളുമാണ്. സ്വിച്ച് ഗിയറുകളും മാറ്റമില്ലാതെ തുടരുന്നു.
ഇനി റൈഡ്. 154.9 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിന്റെ കരുത്ത് നേരത്തേ 14.8 ബിഎച്ച്പി ആയിരുന്നെങ്കിൽ ഇത്തവണ ഒരല്പം കുറഞ്ഞ് 14.1 ആയിട്ടുണ്ട്. ബിഎസ് 6 നിയമങ്ങൾ പാലിക്കാനുള്ള ചില തയ്യാറെടുപ്പുകൾ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് സുസൂക്കിയുടെ വിശദീകരണം. എങ്കിലും ഈ നേരിയ കുറവ് കാര്യമാക്കാനില്ല. ടോർക്ക് 14 ന്യൂട്ടൺ മീറ്ററായി തന്നെ തുടരുന്നുണ്ട്. 5 സ്പീഡ് ഗിയർബോ
ക്‌സിന്റെ ഓരോ ഷിഫ്റ്റും അനുഭവിച്ചറിയാനാവുന്നുണ്ടെന്നു പറയുന്നത് അതിശയോക്തിയല്ല. ആദ്യ മോഡൽ ജിക്‌സറുകളിലെ കടുപ്പമില്ലെന്നു മാത്രം. മുന്നിലെ 41 എം.എം ഫോർക്കുകളും പിന്നിലെ മോണോഷോക്കും ചേർന്ന് നല്ല ഒരു സസ്‌പെൻഷനാണ് എസ്എഫിനു നൽകുന്നത്. കോർണറിങ്ങ് ചെയ്യുമ്പോൾ മറ്റ് ഫുൾ ഫെയേർഡ് ബൈക്കുകളോട് അടുത്തോ അതിനൊപ്പമോ നിൽക്കുന്ന പ്രകടനമാണ് എസ്എഫിനുള്ളതെന്ന് നിസ്സംശയം പറയാം. ഇതുകൊണ്ടൊക്കെ തന്നെ എസ്എഫ് നിലവിലെ തന്റെ ജൈത്രയാത്ര തുടരുക തന്നെ ചെയ്യുമെന്നുറപ്പിക്കാം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>