റോയൽ എൻഫീൽഡിന്റെ സ്വന്തം അഡ്വഞ്ചർ ടൂറർ ആയ ഹിമാലയന്റെ ബിഎസ് 6 പതിപ്പ് എത്തിയിട്ടുണ്ട്, നമുക്കൊന്നു കണ്ടാലോ?
പരമ്പരാഗത രൂപഭംഗിയുള്ള ക്ളാസ്സിക് മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന ഒരു കമ്പനി, അതായിരുന്നു റോയൽ എൻഫീൽഡിനെപ്പറ്റി ചിലരുടെയെങ്കിലും ധാരണ, 2016 വരെ. അതിനു മുമ്പും അവർ ഞെട്ടിക്കുന്ന കുറെ ഐറ്റംസ് കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇന്നത്തെ തലമുറയുടെ റഡാറിൽ അവയൊന്നും പെടാൻ സാധ്യതയില്ലാത്തതിനാൽ അതു വിട്ടേക്കാം) കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തെ കണക്കനുസരിച്ച് ബുള്ളറ്റും തണ്ടർബേഡും ക്ളാസിക്കുമല്ലാതെ എണ്ണം പറഞ്ഞ മോഡലുകളൊന്നും ഇറക്കാത്ത റോയൽ എൻഫീൽഡിന്റെ ധീരമായ ഒരു ചുവടുവെപ്പായിരുന്നു ഹിമാലയൻ എന്ന മോട്ടോർസൈക്കിൾ. അന്നു വരെ അഡ്വഞ്ചർ ടൂറർ എന്നു പറയാവുന്ന ഏക മോഡൽ ഹീറോ ഇമ്പൾസ് മാത്രമായിരുന്നു. ഇമ്പൾസിന്റെ അകാലചരമത്തോടെ ആ സെഗ്മെന്റ് തന്നെ നിർജ്ജീവമായിപ്പോയ നിരാശയിൽ അഡ്വഞ്ചർ പ്രേമികൾ കരഞ്ഞും പിഴിഞ്ഞുമിരിക്കുമ്പോഴാണ് ഹിമാലയന്റെ വരവ്. ഹിമാലയൻ വന്നതോടെ ആ സെഗ്മെന്റിൽ വീണ്ടും കളിക്കാർ വന്നെത്തിത്തുടങ്ങി.
റെട്രോ സ്റ്റൈലിങ്ങിൽ ഒരു അഡ്വഞ്ചർ ബൈക്ക് എന്ന സങ്കൽപം വളരെ ഫലപ്രദമായി സാക്ഷാത്കരിക്കുകയാണ് റോയൽ എൻഫീൽഡ് ചെയ്തത്. റോഡിലും ഓഫ് റോഡിലും കരുത്തോടെ കുതിക്കുന്ന പുതിയ 411 സിസി എഞ്ചിൻ, ഏതൊരു ദുർഘടമായ വഴിയെയും നേരിടാൻ പോന്ന സസ്പെൻഷൻ, മികച്ച ഹാൻഡ്ലിങ്ങ് ഇതൊക്കെയായിരുന്നു ഹിമാലയന്റെ കൈമുതൽ. പക്ഷേ പ്രശ്നങ്ങളും ധാരാളമുണ്ടായിരുന്നു. വ്യക്തിപരമായ അനുഭവത്തിൽ ഹിമാലയൻ എനിക്കും പ്രശ്നങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എഞ്ചിൻ കവറുകളിലെ ഓയിൽ സീപ്പേജ്, ഒരു മഴ നനയുകയോ വാട്ടർ സർവ്വിസ് നടത്തുകയോ ചെയ്താൽ തകരാറിലാവുന്ന ഹെഡ് സ്റ്റോക്ക് ബെയറിങ്ങ്, പെട്ടെന്നൊരു നാൾ പണിമുടക്കിയ ആൾട്ടർനേറ്റർ, കൂടെക്കൂടെ കണ്ണടച്ച ഇൻസ്ട്രുമെന്റ് ക്ളസ്റ്റർ, ഇങ്ങനെ ഒരുപിടി പ്രശ്നങ്ങൾ.. എങ്കിലും എനിക്ക് ഹിമാലയനെ ഇഷ്ടമാണ്, അന്നും ഇന്നും. മേൽപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം റോയൽ എൻഫീൽഡ് തന്നെ പിന്നീട് പരിഹരിക്കുകയും ചെയ്തു.
ബിഎസ് 4 വേർഷൻ വന്നത് 2017ലായിരുന്നു. അതോടെ കാർബറേറ്റർ മാറി ഫ്യുവൽ ഇഞ്ചെക്ഷൻ വന്നു, നേരത്തേ പറഞ്ഞ പ്രശ്നങ്ങളിൽ ഏതാണ്ടെല്ലാം തന്നെ പരിഹരിച്ചു. ഇപ്പോഴിതാ ഹിമാലയന്റെ ഏറ്റവും പുതിയ ബിഎസ് 6 പതിപ്പുമായി റോയൽ എൻഫീൽഡ് വന്നിരിക്കുകയാണ്. ഹിമാലയന്റെ കാഴ്ചകളിലേക്കും സഞ്ചാരത്തിലേക്കും സ്വാഗതം.
ഒറ്റനോട്ടത്തിൽ കാഴ്ചയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ നിറങ്ങൾ നമ്മുടെ ശ്രദ്ധയാകർഷിക്കും. പതിവു നിറങ്ങളായ കറുപ്പിനും വെളുപ്പിനുമൊക്കെ പുറമേ സ്ലീറ്റ് ഗ്രേ, ഗ്രാവൽ ഗ്രേ, റോക്ക് റെഡ്, ലേക്ക് ബ്ളൂ എന്നിങ്ങനെ ഡ്യുവൽ ടോൺ തീമുകളിലും ഹിമാലയൻ വരുന്നുണ്ട്. വശങ്ങളിലേക്കു വരുമ്പോൾ എഞ്ചിനിൽ നിന്നും പുറപ്പെടുന്ന എക്സോസ്റ്റ് പൈപ്പിന്റെ ബെൻഡുകൾക്കിടയിൽ പുതിയൊരു കാറ്റലിറ്റിക് കൺവെർട്ടർ കാണാം. പിന്നിലേക്കു വരുമ്പോൾ കാണാവുന്ന ഒരു മാറ്റം സിയറ്റിന്റെ പുതിയ ബ്ളോക്ക് ട്രെഡ് പാറ്റേണുള്ള ടയറാണ്. ഓഫ് റോഡ് ഉപയോഗങ്ങൾക്ക് ഉപകാരപ്പെടുന്ന ട്രെഡ് ഡിസൈനാണിതിന്റെ പ്രത്യേകത. ഇടതുവശത്തേക്കു വരുമ്പോൾ സൈഡ് സ്റ്റാൻഡിന് നീളം കുറച്ചിരിക്കുന്നതായി കാണാം. നേരത്തേയുള്ള സ്റ്റാൻഡിൽ വെച്ചാൽ വണ്ടി അധികം ചെരിവില്ലാത്ത ഒരു ആംഗിളിലാണ് നിന്നിരുന്നത്. മറിയാനുള്ള സാധ്യതയുണ്ടായിരുന്നു. ഇപ്പോൾ ആ പ്രശ്നവും പരിഹരിക്കപ്പെട്ടിരിക്കുന്നു.
ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം. കയറിയിരുന്നു.. സീറ്റിങ്ങ് എന്നത്തെയും പോലെ സുന്ദരം, സുഖകരം.. ഇടത്തേ കോംബിനേഷൻ സ്വിച്ചിൽ ഒരു ചോക്ക് ലിവർ വന്നിട്ടുണ്ട്. ഇൻസ്ട്രുമെന്റ് കൺസോൾ ഏറെക്കുറെ പഴയതു തന്നെ. പക്ഷേ ഡിസ്പ്ളേയുടെ ബാക്ക്ലിറ്റ് തൂവെള്ള നിറത്തിലായി മാറിയിട്ടുണ്ട്. പിന്നെ ഒരു കിടിലൻ ഐറ്റം വന്നിട്ടുണ്ട്.. എബിഎസ് ഓൺ/ഓഫ് സ്വിച്ച്… പൂഴിമണലിലും ഗ്രാവലിലുമൊക്കെ റിയർവീൽ സ്ളൈഡിങ്ങ് നടത്താൻ റോയൽ എൻഫീൽഡ് വക സഹായം. ആദ്യമോഡലിലുണ്ടായിരുന്ന ഹസാഡ് വാണിങ്ങ് ലാമ്പ് ബിഎസ് 4 വേർഷനിൽ ഒഴിവാക്കിയിരുന്നു. എന്തായാലും അത് ഇത്തവണ മടങ്ങിയെത്തിയിട്ടുണ്ട്. പഴയ ഹെഡ്ലാമ്പ് സ്വിച്ചിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഇനി സ്റ്റാർട്ട് ചെയ്യാം. ഒരല്പം മുഴക്കമുള്ള എക്സോസ്റ്റ് നോട്ടാണ് പുതിയ ഹിമാലയന്. എഞ്ചിനിൽ പ്രത്യക്ഷമായ മാറ്റങ്ങളില്ല. 411സിസി ലോങ്ങ് സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഡ്യുവൽ ഓവർഹെഡ് ക്യാം എഞ്ചിൻ. ബിഎസ് 6 പരിഷ്കാരങ്ങളിൽ പെട്ട് ഒരല്പം ഒരല്പം കരുത്തു കുറഞ്ഞിട്ടുണ്ട്. 6500 ആർപിഎമ്മിൽ 24.3 ബിഎച്പിയാണിപ്പോൾ കരുത്ത്, .2 ബിഎച്പി കുറഞ്ഞിട്ടുണ്ട്. ടോർക്ക് 32 ന്യൂട്ടൺ മീറ്റർ തന്നെ.
ലോ എൻഡ് ടോർക്ക് പഴയതു പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്… നല്ല വെടിയും പുകയും പോലെ എന്തിനും തയ്യാർ എന്ന ഭാവത്തിലാണ് ഹിമാലയന്റെ നിൽപ്പ്. റോഡിലൂടെ ഓടിത്തുടങ്ങുമ്പോൾ കരുത്തു കുറവൊന്നും അറിയാനില്ല. ബിഎസ് 6 പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ചു കിലോയോളം ഭാരക്കൂടുതൽ വന്നിട്ടുണ്ടെന്ന് സ്പെക് ഷീറ്റിൽ കാണുന്നുണ്ടെങ്കിലും ഓട്ടത്തിൽ അതൊന്നും അറിയാനില്ല. സ്പീഡോമീറ്റർ നൂറക്കം കടക്കുന്നത് അനായാസമാണ്. വിറയലും നന്നേ കുറഞ്ഞിരിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഹിമാലയന്റെ ഏറ്റവും നല്ല വേഗത 70 മുതൽ 90കിലോമീറ്റർ വരെയുള്ള മേഖലയിലാണ്. മൂന്നാം ഗിയറിൽ തന്നെ ആ വേഗത്തിലെത്താൻ ഇവനു കഴിയുന്നുമുണ്ട്. മൂന്നു മുതലുള്ള ഗിയർ അനുപാതങ്ങൾ അല്പം ഉയർന്നതായതു കൊണ്ടു തന്നെ ഹൈവേ ക്രൂസിങ്ങിൽ ഇവൻ നല്ലൊരു പോരാളി തന്നെ.
ഇനി ഓഫ് റോഡിലേക്ക്.. ചെളി നിറഞ്ഞൊരു വഴിയിലേക്കാണ് ഹിമാലയനുമായി നാമിപ്പോൾ പോകുന്നത്. ചരലും പൂഴിമണലുമൊക്കെ പതിവു സംഗതിയല്ലേ, ഒരു വെറൈറ്റിക്ക് ചെളിയാവാം.. പുല്ലും ചെളിയും ഇടകലർന്ന ചെളിയിലൂടെ പതറാതെ പാഞ്ഞ ഹിമാലയൻ അരയടി താഴ്ചയുള്ള ചെളിക്കുണ്ടിലൂടെ പോലും പാഞ്ഞ് കരകയറി. മടക്കയാത്രയ്ക്കിടെ മറ്റേതോ വാഹനമോടി ഉണ്ടായ ഒരു കുഴിയിൽ പെട്ട് ചെറുതായൊന്നു മറിഞ്ഞെങ്കിലും അപകടമൊന്നുമുണ്ടായില്ല. ചെമ്മൺ പാതയിലൂടെ വിലകൂടിയ അഡ്വഞ്ചർ ബൈക്കുകളെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ ഹിമാലയൻ പാഞ്ഞു. അതിശയോക്തിയല്ല, ചില ടെറേയ്നുകളിൽ ഹിമാലയൻ നൽകുന്ന ആത്മവിശ്വാസം ഇതിന്റെ പത്തിരട്ടി വിലയുള്ള ബൈക്കുകളിൽ പോലും കിട്ടാറില്ല.
ഹിമാലയൻ ഒരിക്കലും എല്ലാം തികഞ്ഞ ഒരു ബൈക്കല്ല. പക്ഷേ ഇത്തരമൊരു ബൈക്കിൽ നിന്ന് നാം എന്ത് ആഗ്രഹിക്കുന്നുവോ, അത് തരാൻ ഹിമാലയന് കഴിയുന്നുണ്ട്. ഇപ്പോൾ വന്നിട്ടുള്ള മാറ്റങ്ങൾ തരുന്ന ഒരു സൂചനയുണ്ട്, ഹിമാലയന്റെ യുദ്ധം ലോകം കാണാൻ കിടക്കുന്നതേയുള്ളൂ എന്ന്$