മുഖ്യമന്ത്രിയുടെ ജീവൻ!
January 11, 2019
Honda confirms Neo Sports Café inspired CB300R for India @ below Rs. 2.5 lacs!
January 16, 2019

Test Ride: RE Interceptor 650 & continental GT

റോയൽ എൻഫീൽഡിന്റെ പുതിയ 650 സിസി ട്വിൻ മോഡലുകളായ ഇന്റർസെപ്റ്ററിനെയും കോണ്ടിനെന്റൽ ജി.ടിയെയും അനുഭവിച്ചറിഞ്ഞ ടെസ്റ്റ് റൈഡ്..

എഴുത്ത്: ജുബിൻ ജേക്കബ്, ഫോട്ടോ: ജോസിൻ ജോർജ്

ഏതാനും വർഷങ്ങൾക്കു മുമ്പ് അനന്തപുരിയിൽ ഒരു കറക്കം കഴിഞ്ഞു നിൽക്കുമ്പോഴാണ് വിന്റേജ് പ്രേമിയും മെക്കാനിക്കുമായ ചേർത്തല പ്രദീപേട്ടന്റെ കോൾ വരുന്നത്. തിരുവനന്തപുരത്തെ ഒരു വിന്റേജ് ബൈക്ക് പ്രേമിയെപ്പറ്റി പറയാനായിരുന്നു ആ കോൾ. അങ്ങനെ സുർജിത് എന്ന ബ്രിട്ടീഷ് മോട്ടോർസൈക്കിൾ കളക്ടറെ പരിചയപ്പെട്ടു, നോർട്ടൺ, ബി.എസ്.എ, ട്രയംഫ്, റോയൽ എൻഫീൽഡ് എന്നിങ്ങനെയുള്ള ബ്രിട്ടീഷ് ബ്രാൻഡുകളിലെ ആറോളം ട്വിൻ സിലിൻഡർ ബൈക്കുകൾ കാണാനിടയായി. അതിൽ എന്നെ ഏറെ വിസ്മയിപ്പിച്ച ഒരു മോഡലായിരുന്നു റോയൽ എൻഫീൽഡിന്റെ 500 ട്വിൻ. കഴിഞ്ഞ ലക്കത്തിൽ ഇന്റർസെപ്റ്ററിന്റെ ഉല്പത്തിയെപ്പറ്റി വിവരിച്ചപ്പോൾ ഈ ട്വിൻ മോഡലിനെപ്പറ്റിയും പരാമർശിച്ചിരുന്നു. അന്ന് ആ മോട്ടോർസൈക്കിൾ സ്റ്റാർട്ടായി കേട്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു സംശയമാണ് റോയൽ എൻഫീൽഡ് പോലെ ഒരു കമ്പനി എന്തുകൊണ്ട് ഇപ്പോൾ ട്വിൻ സിലിൻഡർ മോഡലുകൾ നിർമ്മിക്കുന്നില്ല എന്നത്. അമേരിക്കയിൽ ഒരു ഇന്ത്യൻ വംശജൻ രണ്ട് ബുള്ളറ്റ് 350 സിലിൻഡറുകളും കസ്റ്റം മെയ്ഡ് ക്രാങ്ക് കെയ്‌സുമൊക്കെയായി ഒരു വി ട്വിൻ 750 മോഡൽ നിർമ്മിച്ച് അതിന് മാസ്‌കറ്റ് എന്നൊക്കെ പേരുമിട്ട് നിരത്തിലിറക്കിയതിന്റെ വീഡിയോയും മറ്റും യൂട്യൂബിൽ കണ്ട് സായൂജ്യമടയാനേ ഇന്ത്യക്കാർക്ക് വിധിയുള്ളൂ എന്നു കരുതി ഇരിക്കുമ്പോഴാണ് ഓസ്‌ട്രേലിയൻ കമ്പനിയായ കാർബെറി സമാനമായ പരിപാടികളുമായി ഇന്ത്യയിലെത്തുന്നത്.

 

കാർബെറിയും എൻഫീൽഡ് ബുള്ളറ്റിന്റെ 350, 500 സിലിൻഡർ കിറ്റുകൾ ഉപയോഗിച്ച് യഥാക്രമം 700, 1000 സിസി വി ട്വിൻ ബൈക്കുകൾ നിർമ്മിക്കുകയും അത് വിപണിയിൽ ലഭ്യമാക്കുകയും ചെയ്തു. ആരെങ്കിലും അവ വാങ്ങിയോ എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. ഇതിനിടയിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ചിലർ ട്വിൻ സിലിൻഡർ പരീക്ഷണങ്ങളുമായി സ്വന്തം ആഗ്രഹപൂർത്തീകരണത്തിനു ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴും മനസ്സിലെവിടെയോ ഒരു തോന്നലുണ്ടായിരുന്നു. റോയൽ എൻഫീൽഡ് തന്നെ ഒരു ട്വിൻ സിലിൻഡർ ബൈക്ക് ഇറക്കുമെന്നും അത് ഇന്ത്യയിൽ എന്നല്ല ലോകത്താകമാനം വാർത്തയാകുമെന്നും. മേല്പ്പറഞ്ഞത് ഒരിക്കലും അതിശയോക്തിയല്ല, എൻഫീൽഡ് ഇന്ത്യയിൽ ഇതുവരെ ഒരു ട്വിൻ സിലിൻഡർ എഞ്ചിൻ നിർമിച്ചിട്ടില്ല. സ്വദേശത്ത് മരണം വരിച്ച ബ്രിട്ടീഷ് ബ്രാൻഡിന്റെ അവശേഷിപ്പായി ഇന്ത്യയിൽ മാത്രം ഒതുങ്ങിപ്പോയ ഒരു കമ്പനിയായി മാറിയിരുന്ന റോയൽ എൻഫീൽഡിന് പുതുതലമുറ മോഡലുകളുമായി മടങ്ങിയെത്തുമ്പോഴും അങ്ങനെയൊരു കാര്യം എന്തുകൊണ്ട് സാധിച്ചില്ലെന്ന എന്റെ സംശയത്തിന് മറുപടിയുണ്ടായത് കഴിഞ്ഞ വർഷമാണ്. 650 സിസി മോഡലുകളുമായി റോയൽ എൻഫീൽഡ് വരുന്നു എന്ന വാർത്ത നാടാകെ പടർന്നു. ടെസ്റ്റ് മ്യൂളുകളുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പറന്നു.

ഒടുവിൽ അതു സംഭവിച്ചു. 2017ൽ ഇറ്റലിയിലെ മിലാനിൽ നടന്ന ഐക്മ മോട്ടോർസൈക്കിൾ ഷോയിലാണ് റോയൽ എൻഫീൽഡ് ലോകത്തെ ഞെട്ടിച്ചത്. അതേ, ബ്രിട്ടനു പുറത്ത് ആദ്യമായി റോയൽ എൻഫീൽഡ് ഒരു ട്വിൻ സിലിൻഡർ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നു. ഒന്നല്ല, രണ്ടെണ്ണം. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിങ്ങനെ എണ്ണം പറഞ്ഞ രണ്ടു മോഡലുകൾ. അതോടെ ഇന്ത്യൻ വിപണിയിൽ കാത്തിരിപ്പിന്റെ ദിനങ്ങൾ തുടങ്ങി. 2018 ആയപ്പോഴും എല്ലാവരുടെയും ചിന്തകൾ പുതിയ മോഡലുകളെപ്പറ്റി മാത്രമായിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ നവംബറിൽ റോയൽ എൻഫീൽഡ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയുടെ ഇന്ത്യൻ വില കൂടി പുറത്തുവിട്ടുകൊണ്ടായിരുന്നു അത്. മൂന്നു ലക്ഷം രൂപയിൽ താഴെ ഒരു 650സിസി ട്വിൻ സിലിൻഡർ എഞ്ചിൻ ബൈക്ക് എന്ന തീർത്തും അവിശ്വസനീയമായ പ്രഖ്യാപനമായിരുന്നു അത്.

കാഴ്ച

ഇരു ബൈക്കുകളെയും നമുക്കൊന്ന് അടുത്തു കാണാം. ഒരേ പ്‌ളാറ്റ്‌ഫോമിൽ തന്നെയാണ് ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടിയും പിറന്നുവീണിരിക്കുന്നത്. ഇരു വാഹനങ്ങളും റെട്രോ, ക്‌ളാസ്സിക് ശൈലിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. 7 ഇഞ്ച് റൗണ്ട് ഹെഡ്‌ലാമ്പുകൾ, ചോപ്പ്ഡ് ഓഫ് ഫെൻഡറുകൾ, വയേർഡ് വീലുകൾ, ബഫ്ഡ് അലുമിനിയം എഞ്ചിൻ കേസിങ്ങ്,ക്രോം പ്‌ളേറ്റഡ് അപ് സ്വെപ്റ്റ് എക്‌സോസ്റ്റ് പൈപ്പുകൾ ഇവയെല്ലാം ഇരു മോഡലുകളിലും ഒരേ പോലെ തന്നെ.
ഇന്റർസെപ്റ്ററിന്റെ ഫ്യുവൽ ടാങ്ക് ക്‌ളാസിക്കിന്റേതു പോലെ ഒരല്പം ഉരുണ്ടതും പഴമ തുളുമ്പുന്നതുമാണ്. ടാങ്ക് പാഡുകളുടെ സ്ഥാനത്ത് കാലുകൾ ചേർത്തുവെക്കാൻ പാകത്തിന് അകത്തേക്ക് ഒതുക്കിയിരിക്കുന്ന ടാങ്ക് രൂപകല്പന ദീർഘദൂര റൈഡുകൾ മടുപ്പില്ലാതെ പോകാൻ സഹായിക്കുമെന്നതിൽ സംശയം വേണ്ട. ഇൻഡിക്കേറ്റർ ലാമ്പുകൾ പഴയ കോണ്ടിനെന്റൽ ജിടി 535ൽ നിന്നും കടം കൊണ്ടിരിക്കുന്നു. ടെയ്ൽലാമ്പും അതു തന്നെയാണെന്ന് ശങ്കയില്ലാതില്ല. കോണ്ടിനെന്റൽ ജിടിക്ക് സ്റ്റാൻഡേർഡ് സീറ്റും ഹമ്പ് ബാക്ക് സിംഗിൾ സീറ്റും ലഭ്യമാണ്. ജിടിയുടെ ടാങ്കും വ്യത്യസ്തമാണ്. ചതുരവടിവുള്ള ടാങ്കും ക്‌ളിപ് ഓൺ ഹാൻഡ്ൽബാറും പിന്നോട്ടു നീങ്ങിയ ഫുട്ട്‌പെഗ്ഗുകളുമൊക്കെച്ചേർന്ന് നമ്മുടെ ഇരുപ്പിനെ മുന്നോട്ടാഞ്ഞ നിലയിലാക്കും. അതേപ്പറ്റി റൈഡിങ്ങിന്റെ കൂട്ടത്തിൽ പറയാം.

ഫ്രെയിമിന്റെ കാര്യം വരുമ്പോൾ ഈ പ്‌ളാറ്റ്‌ഫോം ഡബിൾ സ്‌ട്രോങ്ങാണെന്ന് തെളിയിക്കും വിധമാണ് നിർമാണം. എൻജിനെ താങ്ങിനിർത്തുന്ന ഡ്യുവൽ ക്രാഡിലും സീറ്റിനടിയിലൂടെ നേർരേഖയായി നീളുന്ന ലൈനുകളുമൊക്കെ ഇതിന്റെ ഉദാഹരണങ്ങൾ മാത്രം. റോയൽ എൻഫീൽഡ് ആർ&ഡി ടീമിനൊപ്പം റേസ് കസ്റ്റം രംഗത്ത് വിഖ്യാതമായ ഇംഗ്‌ളണ്ടിലെ ഹാരിസ് പെർഫൊമൻസ് ടീമാണ് (പേടിക്കേണ്ട, ഇതും ഐഷർ മോട്ടോഴ്‌സി
നു കീഴിലുള്ള കമ്പനി തന്നെ.) ഈ ഫ്രെയിം വികസിപ്പിച്ചെടുത്തത്. എഞ്ചിന്റെ ഭാഗത്തേക്കു നോക്കുമ്പോൾ ഓയിൽകൂളർ മാത്രമാണ് പുതിയ കാലഘട്ടത്തിന്റേതായി എളുപ്പത്തിൽ തിരിച്ചറിയാനാവുന്നത്. ബാക്കിയെല്ലാം അറുപതുകളുടെ സ്വാധീനം വെളിവാക്കുന്ന സംഗതികൾ. എഞ്ചിന്റെ ഒരു വശം കണ്ടാൽ പഴയ നോർട്ടൺ വില്ലിയേഴ്‌സ് ട്രയംഫ് ത്രയത്തിന്റെ ബൈക്കുകളെ ഓർമ്മവരും. സൈഡ് ബോക്‌സുകളിലും ആ സാമ്യം നിലനിൽക്കുന്നുണ്ട്. ടാങ്കിലെ മോണോഗ്രാമും സൈഡ്കവറിലെ ഇന്റർസെപ്റ്റർ ലോഗോയും ഒന്നിനൊന്നും കിടിലം. പിന്നിലെ ഷോക്ക് അബ്‌സോർബറുകളിലെ ഗ്യാസ് കാനിസ്റ്ററും പുതിയ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലും ആവശ്യവുമാണ്. പിന്നിലേക്കെത്തും തോറും മുകളിലേക്കുയർന്നു വരുന്ന മെഗഫോൺ എക്‌സോസ്റ്റുകളും ഒരല്പം പഴയ പതിവാണ് എങ്കിലും ക്‌ളാസ്സിക് സങ്കല്പങ്ങളോടു ചേർന്നുപോകുന്നുണ്ട്.

റൈഡ്

ആദ്യം ഇന്റർസെപ്റ്റർ തന്നെ ഓടിക്കാം. നീണ്ടു പരന്ന സീറ്റ് സുഖകരമാണെങ്കിലും അല്പം കൂടി കനമുള്ള കുഷ്യനായിരുന്നെങ്കിൽ ദൂരയാത്രകളിൽ കൂടുതൽ പ്രയോജനം ലഭിച്ചേന. ഉയർന്ന ഹാൻഡ്ൽബാർ നിവർന്നിരുന്നുള്ള റൈഡിങ്ങ് ഉറപ്പാക്കുന്നു. സ്വിച് ഗിയറുകൾ പുതുതലമുറ ബുള്ളറ്റിലും ക്‌ളാസ്സിക്കിലുമൊക്കെ കണ്ടിട്ടുള്ള തരമാണ്. മോശമല്ലാത്ത നിലവാരം തെളിയിച്ചതാണിവ. ഇൻസ്ട്രമെന്റ് ക്‌ളസ്റ്റർ കാണുമ്പോൾ തണ്ടർബേഡിനെ ഓർമവരുന്നു. പക്ഷേ ഒരു വ്യത്യാസം, ടോപ് സ്പീഡായി കാണിച്ചിരിക്കുന്നത് 200 ആണ്. അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററും ഒപ്പം സ്പീഡോമീറ്ററിനുള്ളിൽ ചെറിയൊരു ഡിജിറ്റൽ ഡിസ്പ്‌ളേയിൽ ഫ്യുവൽ ഗേജും, ഓഡോ/ട്രിപ് മീറ്റർ കൗണ്ടറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. വാണിങ്ങ് ലാമ്പുകളെല്ലാം ടാക്കോമീറ്ററിന്റെ പോഡിനുള്ളിലാണ്.
ഇനി നമുക്ക് തുടങ്ങാം.. അല്ലേ? സ്റ്റാർട്ടറിൽ തൊടേണ്ട താമസം 648 സിസി 8 വാൽവ് പാരലൽ ട്വിൻ, എയർ/ഓയിൽ കൂൾഡ്, ഫ്യുവൽ ഇൻജെക്റ്റഡ് എൻജിൻ സടകുടഞ്ഞുണർന്നു. മനോഹരമായ എക്‌സോസ്റ്റ് നോട്ട്.. അവിശ്വസനീയമാംവണ്ണം റിഫൈൻഡായ എൻജിൻ. റോയൽ എൻഫീൽഡ് ഇതുവരെ ഇറക്കിയതിൽ ഏറ്റവും സ്മൂത്തായ എൻജിൻ ഇതാണെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ഫസ്റ്റ് ഗിയർ കൊടുത്തു. കരുത്തുറ്റ പ്രകടനം. ശക്തമായ ടോർക്ക്. ഗതാഗതക്കുരുക്കിനിടയിലൂടെ രണ്ടുമൂന്നു കിലോമീറ്റർ മുന്നോട്ടു പോയപ്പോൾ ഒരു കാര്യം മനസ്സിലായി. റോയൽ എൻഫീൽഡിന്റെ ആർ&ഡിയിലുള്ള അണ്ണന്മാർ ഇത്തവണ മനസ്സറിഞ്ഞ് പണിയെടുത്തിട്ടുണ്ട്. ഫസ്റ്റ്, സെക്കൻഡ് ഗിയറുകളിൽ മെല്ലെപ്പോക്കു തുടർന്നിട്ടും എഞ്ചിനിൽ നിന്നും പ്രതിഷേധത്തിന്റെ ചൂടുകാറ്റില്ല, അപസ്വരങ്ങളുമില്ല.


തിരക്കൊഴിഞ്ഞ റോഡെത്തിയപ്പോൾ പിന്നാലെ വരുന്ന കോണ്ടിനെന്റൽ ജിടിക്കു വേണ്ടി കാത്തുനിന്നു. ഫോട്ടോഗ്രാഫർ ജോസിനാണ് അതിൽ. പിന്നാലെ ഞങ്ങളുടെ ബാക്കപ് കാറുമുണ്ട്. രാവേറെച്ചെന്നിരിക്കുന്നു. റോഡിലെ തിരക്കും കുറഞ്ഞിരിക്കുന്നു. ജിടി വന്നതും ഞാൻ ഇന്റർസെപ്റ്ററിലെ 47 കുതിരകളിൽ മിക്കതിനെയും അഴിച്ചുവിട്ടു. സ്പീഡോസൂചി നൂറും കടന്ന് നൂറ്റിയിരുപതും പിന്നിട്ട് വലത്തേക്കു തിരിഞ്ഞുകൊണ്ടിരുന്നു. ആറാം ഗിയറെത്തിയപ്പോഴാണ് ഞാൻ മറ്റൊരു കാര്യമോർത്തത്; റോയൽ എൻഫീൽഡ് ആദ്യമായാണത്രേ ഒരു സിക്‌സ് സ്പീഡ് ട്രാൻസ്മിഷൻ നിർമ്മിക്കുന്നത്. എന്തായാലും അതു നന്നായി. മികച്ചൊരു ക്രൂസിങ്ങ് അനുഭവം പ്രദാനം ചെയ്യാൻ ഈ ഗിയർബോക്‌സിന്റെ കൃത്യമായ ഗിയർ അനുപാതങ്ങൾക്ക് സാധിക്കുന്നുണ്ട്. ഫസ്റ്റ്, സെക്കൻഡ് ഗിയറുകളിൽ മാത്രമല്ല ഫോർത്തിൽ പോലും നല്ല ടോർക്ക് ഡെലിവറിയുള്ളതിനാൽ താഴ്ന്ന വേഗതകളിൽ എൻജിൻ നോക്കിങ്ങ് ഉണ്ടാവുന്നില്ല താനും. ഇന്റർസെപ്റ്ററിന്റെ ഭാരം ഇന്ധനമില്ലാതെ 202 കിലോഗ്രാമാണ്. ഇതിന്റെ ഗുണം മനസ്സിലാവുന്നത് ഉയർന്ന വേഗതകളിലാണ്. അത്രമേൽ സ്ഥിരതയോടെയാണ് ഇന്റർസെപ്റ്റർ പെരുമാറുന്നത്.

സസ്‌പെൻഷനിൽ മുന്നിലെ 41 എം.എം ഫോർക്കുകൾ 110 എം.എം ട്രാവലോടു കൂടി വഴിയിലെ കുണ്ടുകുഴികളെ ആഗിരണം ചെയ്യുമ്പോൾ പിന്നിലെ ഗ്യാസ് ചാർജ്ജ്ഡ് യൂണിറ്റുകൾ കട്ടയ്ക്ക് കൂടെ നിൽക്കുന്നുണ്ട്. ബ്രേക്കിങ്ങിനെപ്പറ്റി പറയുകയാണെങ്കിൽ ഒറ്റവാക്കിൽ ഒന്നാംതരം എന്നു തന്നെ വിശേഷിപ്പിക്കാം. വിഖ്യാത ബ്രേക്ക് നിർമ്മാതാക്കളായ ബ്രെംബോയുടെ സബ്‌സിഡിയറിയായ ബൈബ്രെയുടെ ട്വിൻ പിസ്റ്റൺ യൂണിറ്റുകളാണ് മുന്നിലെ 320 എം.എം ഡിസ്‌കിനെയും പിന്നിലെ 240എം.എം ഡിസ്‌കിനെയും പിടിച്ചുനിർത്തുന്നത്. ബോഷിന്റെ ഡ്യുവൽ ചാനൽ എബിഎസ് സംവിധാനം ബ്രേക്കുകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ടയറുകളും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. പിരേലിയുടെ ഫാന്റം സ്‌പോർട്ട്‌കോമ്പ് ടയറുകളാണ് ഇരു ബൈക്കുകൾക്കുമുള്ളത്. മുന്നിൽ 100/90 ആർ 18, പിന്നിൽ 130/90 ആർ 18 സൈസ് ഉള്ള ടയറുകളാണുള്ളത്.

രാത്രിയുടെ നിശ്ശബ്ദതയിൽ തെരുവുവിളക്കുകളുടെ കീഴിൽ ഇരുബൈക്കുകളെയും നിർത്തി ഒരു ഫോട്ടോസെഷനു ശേഷം ഞാൻ കോണ്ടിനെന്റൽ ജിടിയിൽ കയറി. പിന്നോട്ടാഞ്ഞ ഫുട് പെഗ്ഗുകളും ബ്രേക്ക്/ഗിയർ കൺട്രോളുകളും താഴേക്കിരുത്തിയ ക്‌ളിപ് ഓൺ ഹാൻഡ്ൽബാറുകളുമൊക്കെ ഒരു ലീൻ ഫോർവേഡ് റൈഡിങ്ങ് പൊസിഷൻ ആവശ്യപ്പെടുന്നുണ്ട്. 2013ൽ കോണ്ടിനെന്റൽ ജിടി 535 ഇറങ്ങിയപ്പോഴും ഇതേപോലെയുള്ള എർഗണോമിക്‌സ് ആയിരുന്നു. അന്ന് അതിന്റെ സുഖമറിഞ്ഞ ഞാൻ ആ ബൈക്കിൽ ഒരു ട്വിൻ സിലിൻഡർ യൂണിറ്റുണ്ടായിരുന്നെങ്കിലെന്ന് മനസ്സാ ആഗ്രഹിച്ചിരുന്നു. അഞ്ചുവർഷങ്ങൾക്കിപ്പുറം എന്റെ പ്രാർത്ഥന കേട്ട റോയൽ എൻഫീൽഡിനു നന്ദി. സ്റ്റാർട്ട് ചെയ്തു. ഇരട്ടക്കുഴലുകളിൽ നിന്നും ഇന്റർസെപ്റ്ററിനെക്കാൾ തെല്ലു ഘനമുള്ള ശബ്ദമാണോ വരുന്നതെന്നൊരു സംശയം. ഇരട്ടച്ചങ്കുള്ള ബൈക്കുകൾ രണ്ടും ഒപ്പത്തിനൊപ്പം പറന്നുതുടങ്ങിയപ്പോൾ മുന്നോട്ടാഞ്ഞ് ടാങ്കിനു മുകളിലേക്ക് കമിഴ്ന്നുകിടന്ന എനിക്ക് ജി.ടിയിൽ കാഫേ റേസറിനെ അനുഭവിക്കാനായി. കാറ്റിന്റെ പ്രതിരോധം കുറഞ്ഞപ്പോൾ ഹെൽമെറ്റിന്റെ വെന്റിലേഷനിലൂടെ മൂളിവരുന്ന കാറ്റിന്റെ ശബ്ദം മാത്രം കേൾക്കാം.

രണ്ടു വാഹനങ്ങളെപ്പറ്റിയും വിലയിരുത്താൻ സമയമായി. ഇന്റർസെപ്റ്ററിനെപ്പറ്റി പറയുകയാണെങ്കിൽ നല്ലൊരു ഓൾ റൗണ്ടർ ബൈക്കാണിത്. ഒരു സ്റ്റാൻഡേഡ് മോട്ടോർസൈക്കിളിന്റെ രൂപത്തിൽ നിന്നുകൊണ്ടു തന്നെ മികച്ചൊരു ക്രൂസറായും, എവരിഡേ കമ്യൂട്ടറായുമൊക്കെ വേഷങ്ങൾ പകർന്നാടാൻ പോന്നൊരു ഓൾ റൗണ്ടർ. 500 സിസിക്കു മേൽ ശേഷിയുള്ള ഒരു നല്ല ഡെയ്‌ലി യൂസ് ബൈക്കാണ് ലക്ഷ്യമെങ്കിൽ ഇന്റർസെപ്റ്റർ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുക തന്നെ ചെയ്യും. ലക്ഷ്യം വേഗതയാണെങ്കിൽ അതിനു പറ്റിയ കൂട്ടുകാരൻ കോണ്ടിനെന്റൽ ജിടി തന്നെ. ദീർഘദൂരയാത്രകളിൽ ലീൻ ഫോർവേഡ് പൊസിഷൻ എല്ലാവർക്കും അത്ര സുഖകരമായിരിക്കില്ലെന്നും ഓർക്കുക$

Smartdrive- January 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>