Test drive: MG ZS EV
January 29, 2020
MINI opens India’s first-ever MINI Urban Store in Kochi
January 29, 2020

Test ride: Jawa Perak

Jawa Perak

ജാവയുടെ ബോബർ മോട്ടോർസൈക്കിളായ പെരാക്കിനെ പരിചയപ്പെടാം.

എഴുത്ത് : ജുബിൻ ജേക്കബ് ചിത്രങ്ങൾ: ജോസിൻ ജോർജ്

ജാവയുടെ പുനർജ്ജന്മമായിരുന്നു 2018 നവംബർ 15ന് അരങ്ങേറിയത്. വേദിയിൽ പ്രദർശിപ്പിക്കപ്പെട്ട മൂന്നു മോട്ടോർസൈക്കിളുകളും ജനഹൃദയങ്ങൾ കീഴടക്കുമ്പോൾ എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഒരേയൊരു മോഡലിനെക്കുറിച്ചു മാത്രം; പെരാക്..! ഇന്ത്യൻ മോട്ടോർസൈക്കിളുകളുടെ രൂപഭാവങ്ങളിൽ നിന്നും നടപ്പുരീതികളിൽ നിന്നും തീർത്തും അന്യമായൊരു മോഡൽ. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ആദ്യ ബോബർ എന്നു സംശയമെന്യേ പറയാം. (ആദ്യമായി വിൽപനയ്‌ക്കെത്തിയ ട്രയംഫ് ബോബർ ഇറക്കുമതി ചെയ്ത ബൈക്കായിരുന്നല്ലോ) പെരാക് എന്ന നാമധേയം അരനൂറ്റാണ്ടിനപ്പുറവും ജാവയുടെ ചരിത്രത്തിലുണ്ട്. ഈ പേരിനു പിന്നിൽ രസകരമായൊരു കഥയുമുണ്ട്.

പെരാക് എന്ന പേരിനെ ഗൂഗിളിൽ തിരഞ്ഞവർ ചെന്നെത്തിയത് മലേഷ്യയിലെ പെരാക് എന്ന സ്ഥലനാമത്തിലായിരിക്കും. പക്ഷേ ജാവാ പെരാക്കും മലേഷ്യയിലെ പെരാക്കും തമ്മിൽ കപ്പലും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്നതാണു സത്യം. പെരാക് എന്ന പേരിനു പിന്നിലെ കഥയെന്താണെന്ന് ഒന്നന്വേഷിച്ചാലോ? രണ്ടാം ലോകമഹായുദ്ധകാലത്ത് അന്നത്തെ ചെക്കോസ്‌ളോവാക്യയിലും നാസി അധിനിവേശമു ണ്ടായി. അങ്ങനെയിരിക്കെയാണ് പ്രാഗ് നഗരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ പെരാക് എന്നൊരു കഥാപാത്രം അവതരിക്കുന്നത്. ഇരുളിൽ നിന്നും ഉയിർകൊണ്ടതു പോലെ കറുപ്പു വസ്ത്രങ്ങളണിഞ്ഞ ഒരാൾ. അസാമാന്യമായ ഉയരത്തിൽ ചാടാൻ കഴിവുണ്ടായിരുന്നത്രേ അയാൾക്ക്. അതുകൊണ്ടു തന്നെ ‘പ്രാഗിന്റെ സ്പ്രിങ്ങ് മനുഷ്യൻ’ എന്നും അയാൾക്ക് പേരുണ്ടായി. ഇരുട്ടിന്റെ മറവിൽ പ്രാഗ് നഗരത്തിൽ റോന്തുചുറ്റിയിരുന്ന പെരാക് നാസികളെപ്പോലും ഭയപ്പെടുത്തിയിരുന്നു എന്ന് നിരവധി കഥകളുണ്ട്. നാസികൾക്കെതിരേയുള്ള പ്രതിരോധത്തിന്റെ ആൾരൂപമായി പെരാക് മാറി. അയാളെ പിടിക്കാൻ നാസികൾ നടത്തിയ അസംഖ്യം ശ്രമങ്ങൾ പാഴാവുകയും ചെയ്തു. 1945 മെയ് 8. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗികമായ വെടിനിർത്തൽ പ്രഖ്യാപിച്ച ദിവസം രാത്രിയിൽ പ്രാഗ് നഗരത്തിനു പുറത്തേക്ക് ഒരു മോട്ടോർസൈക്കിളിൽ പോകുന്ന പെരാക്കിനെ കണ്ടവരുണ്ടത്രേ. പിന്നീടൊരിക്കലും പെരാക് മടങ്ങിവന്നില്ലെന്നും പ്രാഗ് നിവാസികൾ പറയുന്നു.

ജാവയും പെരാക്കും തമ്മിലെന്താണ് ബന്ധം എന്നല്ലേ ചിന്തിക്കുന്നത്, പറയാം. നാസികളുടെ അധിനിവേ ശക്കാലത്ത് ജാവയുടെ ഫാക്ടറിയും അവരുടെ പിടിയിലായി. നാസികളുടെ വാഹനങ്ങൾ മുതൽ എയർക്രാഫ്റ്റുകൾ വരെ നിർമ്മിക്കാനും നന്നാക്കാനുമൊക്കെ ജാവയുടെ ഫാക്ടറി ഉപയോഗിക്കപ്പെട്ടു. ഈ സമയത്താണ് ഡോ. ജെ. ഫ്രേയുടെ നേതൃത്വത്തിൽ ജാവയിലെ ഏതാനും എഞ്ചിനീയർമാർ ഒരു മോട്ടോർസൈക്കിളിനു രൂപം നൽകുന്നത്. അന്നു വരെയുള്ള ജാവാ ബൈക്കുകളുടെയെല്ലാം നല്ല ഗുണങ്ങൾ സ്വാംശീകരിച്ച് ഒരു കിടിലൻ ബൈക്കായിരിക്കണം അതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. നാസികളുടെ കണ്ണുവെട്ടിച്ച് അവർ ജോലി തുടർന്നു. ഡി.കെ.ഡബ്‌ള്യൂ ബൈക്കുകളുടെ ബാഡ്ജിങ്ങ് ഉപയോഗിച്ച് രഹസ്യമായി ടെസ്റ്റ് റൈഡുകൾ പോലും നടന്നു. അങ്ങനെ രൂപം കൊണ്ട 250 സിസി ടൂ സ്‌ട്രോക്ക് ബൈക്കാണ് പെരാക്. പിൽക്കാലത്ത് ഇന്ത്യയിലെത്തിയ ജാവാ 250 ടൈപ് 353യുടെ മുത്തച്ഛനും ഇവൻ തന്നെ. ഇനി വർത്തമാനകാല പെറാക്കിലേക്കു വരാം.

കാഴ്ച

പഴയകാല പെരാക് ഒരു ലക്ഷണമൊത്ത ബോബർ ബൈക്കായിരുന്നെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ പതിവു തെറ്റിക്കാൻ ജാവയ്ക്ക് കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ ആത്മാവായിരുന്ന പെരാക് എന്ന സൂപ്പർഹീറോയ്ക്ക് നൽകുന്ന വർത്തമാനകാല പ്രണാമമായി പെരാക് മാറുന്നു. ഓൾ ബ്‌ളാക്ക് തീമിൽ ഗോൾഡൻ പിൻസ്‌ട്രൈപ്പുകളുടെ കുറിചാർത്തൽ കൂടിയാവുമ്പോൾ പൂർണം..!
ജാവാ ക്‌ളാസ്സിക്കിന്റേതിനു സമാനമായ ഫ്രണ്ട് എൻഡാണ് പെരാക്കിനും എന്നു തോന്നുമെങ്കിലും ചോപ്പ്ഡ് ഓഫ് ശൈലിയിലുള്ള ഷോർട്ട് ഫെൻഡറും ഹാൻഡ്ൽബാറിലെ ചെറിയ മിററുകളുമൊക്കെ കാണുമ്പോൾ ആ തോന്നലങ്ങു മാറിക്കിട്ടും. ആകെ കറുപ്പണിഞ്ഞ് നിലകൊള്ളുന്ന പെറാക്കിനെ കണ്ടാൽ ഏതോ പുരാണകഥയിലെ കറുമ്പൻ കുതിരയെയാണ് ഓർമ്മവരിക.

സൈഡ് പ്രൊഫൈലിലേക്കു വരുമ്പോഴാണ് പെരാക്കിന്റെ യഥാർത്ഥ ഭംഗി വെളിവാകുന്നത്. പഴയ പെരാക് പ്‌ളഞ്ചർ സസ്‌പെൻഷനുള്ള ഒരു ബൈക്കായിരുന്നെങ്കിൽ പുതിയ പെറാക്കിൽ റിജിഡ് ഫ്രെയിം എന്നു തോന്നിക്കുന്ന സോഫ്‌ടെയിൽ ഡിസൈനാണ്. ടാങ്ക് മുതൽ പിന്നിലേക്ക് ചെരിഞ്ഞിറങ്ങുന്ന ഫ്രെയിമും അതിനിട യിലായി നിലകൊള്ളുന്ന ത്രികോണാകൃതിയിലുള്ള യൂട്ടിലിറ്റി ബോക്‌സും കാണുമ്പോൾ വർണ്യത്തിലാശങ്ക സ്വാഭാവികം. ടാങ്കിനു പിന്നിലായി അന്തരീക്ഷത്തിലെന്ന പോലെ നിൽക്കുന്ന ഇളം ബ്രൗൺ സാഡ്ൽ സീറ്റും അതിനു പിന്നിലെ മിനിമലിസ്റ്റിക് ടെയ്ൽലാമ്പും ആഢംബരങ്ങളൊന്നുമില്ലാത്ത പിൻഭാഗവുമൊക്കെ കാണുമ്പോൾ ഒരേ സമയം ലളിതവും സുന്ദരവുമാണ്. ഇരട്ട എക്‌സോസ്റ്റുകൾ പാതി മുറിഞ്ഞ് അവസാനിക്കു ന്നു. മുന്നിൽ 100/90 ആർ 18, പിന്നിൽ 140/70 ആർ 17 ടയറുകളാണുള്ളത്. സീറ്റ് ഉയരം 750 എം.എം ആണ്.

റൈഡ്

ഇനിയാണ് യഥാർത്ഥ പൂരം. പെരാക്കിന്റെ ‘ആകാശസീറ്റി’ലേക്ക് കയറിയിരുന്നു. വിരിഞ്ഞ ഹാൻഡ്ൽബാറിനു നടുവിൽ ജാവയുടെ പതിവ് ഹെഡ്‌ലാമ്പ് ഹൗസിങ്ങും ഇൻസ്ട്രുമെന്റേഷനും തന്നെ. ഒന്നിനും മാറ്റമില്ല. ടാങ്കിനു മുകളിൽ പെരാക് എന്ന എഴുത്തു കാണാം. കൂടുതൽ കഥ പറയാതെ സ്റ്റാർട്ട് ചെയ്യാം. വിരൽസ്പർശത്തിൽ തന്നെ പെരാക് ഉണർന്നു. ഗാംഭീര്യമുള്ള എക്‌സോസ്റ്റ് നോട്ട്. ഇനി ഇതു കേട്ടിട്ട് കേരളത്തിലെ എംവിഡി ഏമാന്മാർക്ക് ഹാലിളകല്ലേ എന്ന പ്രാർത്ഥനയോടെ ഫസ്റ്റ് ഗിയറിട്ടു. ക്‌ളാസിക്, 42 എന്നീ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ ടോർക്കിയായ പ്രകടനം. ലോ എൻഡിൽ നിന്നു തന്നെ കരുത്ത് അറിയാനാവുന്നുണ്ട്. പെരാക്കിന്റെ എഞ്ചിനും വ്യത്യസ്തമാണെന്ന് അറിയാമല്ലോ. 334 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണിത്. 30 ബിഎച്ച്പി കരുത്തും 31 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട്. ഗിയറുകളിൽ ഓരോന്നിലും തന്റെ കരുത്തറിയിച്ചു കൊണ്ട് പെരാക് പായുകയാണ്. വളരെ അനായാസം കൈകാര്യം ചെയ്യാനാവും വിധമുള്ള ഹാൻഡ്‌ലിങ്ങും ഡ്യുവൽ ചാനൽ എബിഎസുള്ള ബ്രേക്കിങ്ങും കൂടിയാവുമ്പോൾ പിന്നെ പറയണോ..? പിന്നിലെ മോണോ സസ്‌പെൻഷൻ സിറ്റി/ഹൈവേ ഉപയോഗത്തിനു യോജിച്ച തരത്തിലുള്ളതാണ്.

കാഴ്ചയിൽ മാത്രമല്ല പെരാക് ലക്ഷണമൊത്തൊരു ബോബറാവുന്നത്. ഏതു കോണിൽ നിന്നു നോക്കിയാലും ഇവൻ പ്രാഗ് നഗരത്തിലെ സ്പ്രിങ്ങ് മനുഷ്യനെ പ്പോലെ ഇതിലും ഇതിനപ്പുറവും ചാടിക്കടക്കുക തന്നെ ചെയ്യും$

Vehicle Provided By:
Classic motors
Kochi, Ph: 95448 44411

Copyright: Smartdrive January 2020

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>