Test Drive: VW POLO 1.0L TSI
June 27, 2020
Online Sales of cars & exciting offers!
June 27, 2020

Test Ride: Honda SP125

ഇന്ത്യയിലിറങ്ങിയ ആദ്യത്തെ ബിഎസ് 6 കമ്യൂട്ടർ മോട്ടോർസൈക്കിളായ ഹോണ്ട എസ്പി 125നെ പരിചയപ്പെടാം.

എഴുത്ത്: ജുബിൻ ജേക്കബ് ചിത്രങ്ങൾ: ജോസിൻ ജോർജ്‌

എപ്പോഴും ഒരു പടി മുന്നിൽ, ഹോണ്ടാ പല കാര്യങ്ങളിലും അങ്ങനെയാണ്. 2020 ഏപ്രിൽ മുതൽ ബിഎസ് 6 നിലവിൽ വരുമെന്ന കാര്യം മുൻകൂട്ടി കണ്ട് 2019ൽ തന്നെ ബിഎസ് 6 മോഡലുകളെ ഇറക്കി. ആക്ടിവ 125 ഒക്കെ നാം കണ്ടത് നവംബർ ലക്കത്തിലാണെന്ന് ഓർക്കുക. അതിനു ശേഷം അധികം വൈകാതെ തന്നെ നിരത്തിലിറങ്ങിയതാണ് എസ്പി 125 ബിഎസ് 6. എസ്പി 125നെപ്പറ്റി പറയുമ്പോൾ ഹോണ്ടയുടെ ആ സെഗ്മെന്റിനെപ്പറ്റി എങ്ങനെ പറയാതെ പോകും. ഒന്നര പതിറ്റാണ്ടു മുമ്പ് യൂണികോൺ എന്ന ഒറ്റക്കൊമ്പനുമായി വന്ന് നേരെ 150സിസി സെഗ്മെന്റിൽ അങ്കം കുറിച്ച ഹോണ്ടയ്ക്ക് പെട്ടെന്നൊരു വെളിപാടുണ്ടായി. 150സിസിക്കു താഴെയും ഒരു മോഡൽ വേണമെന്നായിരുന്നു ഹോണ്ട കേട്ട അശരീരി. അങ്ങനെയാണ് ഷൈൻ എന്ന മോഡലിന്റെ പിറവി. 2006ലായിരുന്നു അത്. 125 സിസി എഞ്ചിനും ഒതുക്കമുള്ള രൂപവുമായി വന്ന ഷൈൻ സാമാന്യം നല്ല ജനപ്രീതി നേടി. സിബി ഷൈൻ എന്നും പേരുള്ള ഈ മോഡലിന്റെ മറ്റൊരു വകഭേദമായിരുന്നു അടുത്തകാലത്തിറങ്ങിയ ഷൈൻ എസ്പി. ഇപ്പോൾ ഷൈൻ എസ്പിയിൽ നിന്നും തീർത്തും വ്യത്യസ്തമായ മറ്റൊരു മോട്ടോർസൈക്കിൾ പിറന്നിരിക്കുകയാണ്, അതാണ് എസ്പി 125. എക്‌സിക്യുട്ടീവ് കമ്യൂട്ടർ സെഗ്മെന്റിൽ ഏറ്റവും സുന്ദരമായ മോട്ടോർസൈക്കിളുകളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന എസ്പി 125ന്റെ കൂടുതൽ വിശേഷങ്ങളിലേക്കു കടക്കും മുമ്പ് ഇവനെ നമുക്കൊന്ന് അടുത്തുകാണാം.

കാഴ്ച

ഒട്ടും അതിഭാവുകത്വമില്ലാത്ത, എന്നാൽ സ്‌റ്റൈലിഷായ രൂപം. ഡിസ്‌ക് ബ്രേക്കുള്ള 5 സ്‌പോക്ക് അലോയ് വീലും, മുൻകാഴ്ചയിൽ ഫോർക്കിനെ മറയ്ക്കുന്ന ഫെൻഡറുമൊക്കെ കടന്ന് മുകളിലേക്കു വരുമ്പോൾ ഷാർപ് ഡിസൈൻഡ് ബിക്കിനി ഫെയറിങ്ങിനുള്ളിൽ രണ്ടായി വിഭാഗിക്കപ്പെട്ട, ചിറകുവിരിച്ച ഹെഡ്‌ലാമ്പിനുള്ളിൽ എൽഇഡിയാണുള്ളത്. റിയർവ്യൂ മിറർ ഡിസൈനിൽ വരെ ഈയൊരു ഡിസൈൻ ഭാഷ്യം കാണാനാവും. വശങ്ങളിലേക്കു വരുമ്പോൾ എസ്പി 125നെ ഒരു വലിയ ബൈക്ക് ആക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഹോണ്ടാ നടത്തിയിട്ടുള്ളതെന്ന് വ്യക്തം. ടാങ്കിൽ നിന്നും മുന്നോട്ടു നീളുന്ന എക്സ്റ്റൻഷൻ ക്‌ളാഡിങ്ങ് കാണുമ്പോൾ ഹോർനെറ്റിനെ ഓർമവരിക സ്വാഭാവികം. മേൽപ്പറഞ്ഞ ക്ലാഡിങ്ങുകൾക്കു താഴെയായി സ്‌കൂപ്പുകളും കാണാം. ഇത് ഒരേ സമയം സ്‌റ്റൈലിഷും എഞ്ചിനെ ആയാസരഹിതമായി ഓടുന്നതിന് സഹായിക്കുന്നതുമായ ഒരു ഫിറ്റിങ്ങായി തോന്നി. ഓൾ ബ്‌ളാക്ക് തീമിലുള്ള എഞ്ചിനിൽ നിന്നും പിന്നിലേക്കു നീളുന്ന എക്‌സോസ്റ്റ് പൈപ്പിൽ ബെൻഡ് കഴിയുമ്പോൾ തന്നെ പുതിയ കാറ്റലിറ്റിക് കൺവെർട്ടർ വന്നിട്ടുള്ളതായി കാണാം. മാറ്റ് ബ്‌ളാക്ക് നിറത്തിൽ വലിയ കാനിസ്റ്ററുള്ള എക്‌സോസ്റ്റി ക്രോം ഫിനിഷുള്ള ഹീറ്റ് ഗാർഡും കാണാം. ബോഡി കളറുള്ള സൈഡ് പാനൽ കൂടി കഴിയുമ്പോൾ പിന്നിലേക്കുള്ള ഫെൻഡറിന് ഗ്രേ നിറമാണ്. റിയർ ഫെൻഡറും ഗ്രാബ് റെയിലുമൊക്കെ കാണുമ്പോൾ പതിവ് 100 അല്ലെങ്കിൽ 110 സിസിയുടെ ശൈലിയിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട് എസ്പി 125. ടെയ്ൽലാമ്പിന്റെ രൂപവും ഇത് ശരിവെക്കുന്നു. എസ്പി 125ന്റെ രൂപഭംഗിയെപ്പറ്റി ആകെയുള്ള ഒരു അവലോകനത്തിൽ ഷാർപ്പ് എന്നേ പറയാനാവൂ. കൂടുതൽ ആംഗുലർ ആയ ഡിസൈൻ എലമെന്റുകൾ ധാരാളമുള്ള ഈ ബൈക്കിന്റെ രൂപം ഒരു ട്രെൻഡ് സെറ്ററാവുമെന്നതിൽ സംശയമില്ല.

റൈഡ്

വളരെ ലളിതമായ ഓൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്‌ളസ്റ്ററാണ് എസ്പി 125ന്റേത്. സ്പീഡോ, ഓഡോ റീഡിങ്ങുകൾക്കൊപ്പം ഫ്യുവൽ ഗേജും, ട്രിപ് മീറ്ററും, ഗിയർ ഇൻഡിക്കേറ്ററും, ആവറേജ് / റിയൽടൈം ഫ്യുവൽ കൺസംഷനും, ഡിസ്റ്റൻസ് ടു എംറ്റിയും വരെ കാണിച്ച് ഹോണ്ടാ ഞെട്ടിച്ചുകളഞ്ഞു. ഡിസ്‌പ്ലേക്കു മുകളിൽ 3 ലാമ്പുകളിലായി ഇക്കോ ഇൻഡിക്കേറ്ററുമുണ്ട്. സ്വിച്ച് ഗിയറുകളിൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നത് പുതിയ സ്റ്റാർട്ട് സ്റ്റോപ് സ്വിച്ചാണ്. ആക്ടിവയിൽ കണ്ട അതേ തരത്തിലുള്ളത്.


ഇനി ഇവനെ ഒന്ന് പരീക്ഷിക്കാം. സൈലന്റ് സ്റ്റാർട്ടാണ് എസ്പി 125നും. 124സിസി ഫ്യുവൽ ഇൻജെക്റ്റഡ് എയർ കൂൾഡ് എഞ്ചിനാണ് എസ്പി 125ന് ഹോണ്ട നൽകിയിരിക്കുന്നത്. മുൻ തലമുറ 125സിസി എഞ്ചിനുകളെക്കാൾ ഒരൽപം വ്യത്യസ്തമാണ് ഈ എഞ്ചിൻ. ബോർ കുറച്ച് സ്‌ട്രോക്ക് കൂട്ടിയാണ് ഹോണ്ട ഇതിനെ റീഡിസൈൻ ചെയ്തിരിക്കുന്നത്. എന്തായാലും കരുത്തിൽ 0.5 ബിഎച്ച്പിയും ടോർക്കിൽ 0.5 ന്യൂട്ടൺ മീറ്ററും കൂടുതലാണ് ഈ യൂണിറ്റിന്. മുൻ മോഡലുകളെക്കാൾ 16 ശതമാനം അധികം ഇന്ധനക്ഷമതയും വർദ്ധിച്ചെന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഫസ്റ്റ് ഗിയറിൽ മുന്നോട്ടു കുതിക്കുമ്പോൾ ഒരു കാര്യം ഉറപ്പായി, ഹോണ്ടായുടെ തനതായ റിഫൈൻമെന്റ് ഈ എഞ്ചിനും ലഭിച്ചിരിക്കുന്നു. വിറയൽ തീരെയില്ല, ഗിയർഷിഫ്റ്റുകൾ വളരെ സ്മൂത്തായിട്ടുണ്ട്. അനായാസമായ റൈഡിങ്ങ് അനുഭവം. ബ്രേക്കുകൾ കൃത്യതയുള്ളവയാണ്, സിറ്റിയിലെ തിരക്കുകളിലും ഇടവഴികളിലും ഹൈവേയിലുമൊക്കെ ഒരേപോലെ കയ്യിലിണങ്ങി നിൽക്കുന്ന അപൂർവം ബൈക്കുകളുടെ ഗണത്തിലേക്ക് സംശയം കൂടാതെ ഈ പേരും കൂടി എഴുതിച്ചേർക്കാമെന്ന്സാരം$

Price: Rs. 73,452-77,652
(Exshowroom Kochi)

Vehicle Provided By:
EVM Honda
Kochi, Ph: 8111880930

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>