Mahindra’s Amphibian: Kalidas Jayaram on Mahindra Thar
September 18, 2018
BOEING: The King of Skies!
September 25, 2018

Test ride: Honda Goldwing

ലക്ഷ്വറി ടൂറിംഗ് ബൈക്കുകളിലെ മുടിചൂടാമന്നനായ ഹോണ്ടാ ഗോൾഡ്‌വിങ്ങിന്റെ ടെസ്റ്റ്‌റൈഡിലേക്ക് സ്വാഗതം

എഴുത്തും ചിത്രങ്ങളും: ജുബിൻ ജേക്കബ്

ടൂറർ ബൈക്കുകൾ എന്നും വാർത്തകളിൽ നിറയുന്നത് അവയുടെ അസാധാരണമായ സവിശേഷതകൾ കൊണ്ടായിരിക്കും. വാട്ട്‌സാപ് ഫോർവേഡുകളിൽപ്പോലും 40 കോടിയുടെ ബൈക്ക് എന്നൊക്കെപ്പറഞ്ഞ് ഓൺലൈൻ പരദൂഷണജീവികൾ തള്ളിമറിച്ച കഥകളിലേറെയും നായകനായത് ഹോണ്ടയുടെ ഗോൾഡ്‌വിങ്ങാണ്. ഈ വർഷം ഏറ്റവും പുതിയ രൂപഭാവങ്ങളോടെ അവതരിച്ച ഗോൾഡ്‌വിംഗ് ഇന്ത്യയിലുമെത്തിക്കഴിഞ്ഞു. ആരാണ് ഗോൾഡ്‌വിംഗ് എന്നറിഞ്ഞാലേ ബാക്കി കഥയിൽ കാര്യമുള്ളൂ. അതുകൊണ്ട് ഒരൽപം ചരിത്രമാവാം.

1970കളുടെ തുടക്കം. ഹോണ്ടയുടെ ആദ്യ സൂപ്പർബൈക്കെന്നു പറയാവുന്ന സിബി 750യുടെ തരംഗം ലോകമാകെ അലയടിക്കുന്നു. ഈ സമയത്താണ് ദീർഘദൂരയാത്രകൾക്ക് അനുയോജ്യമായ ഒരു ഫ്‌ളാഗ്ഷിപ് മോഡൽ വേണമെന്ന് ഹോണ്ടയ്ക്ക് തോന്നുന്നത്. ആ മേഖലയിൽ കാര്യമായ ഒരു മുൻപരിചയവുമില്ലാതെയാണ് ഹോണ്ടാ ഈ സാഹസത്തിനിറങ്ങുന്നതെന്നും കൂടി ആലോചിക്കണം. അമേരിക്കൻ വിപണിയായിരുന്നു ലക്ഷ്യം. ഹാർലിയുടെ ഇലക്ട്രാ ഗ്ലൈഡ് പോലെയുള്ള വമ്പന്മാർ അരങ്ങുവാഴുന്നിടത്ത് ഹോണ്ടയെപ്പോലൊരു ജാപ്പനീസ് കമ്പനിയുടെ ടൂറർ ബൈക്കിനെന്തു പ്രസക്തി എന്നല്ലേ? ഗ്ലൈഡ് അടക്കമുള്ള അമേരിക്കൻ ക്രൂസറുകൾ ഉയർന്ന അറ്റകുറ്റപ്പണിച്ചെലവിനും വിറയലിനും പേരുകേട്ടവയായിരുന്നു. എങ്കിലും ഫാൻസിനു കുറവില്ലായിരുന്നു താനും.

ബിഎംഡബ്ല്യു വിലയേറിയ ബ്രാൻഡ് ആയിരുന്നെങ്കിലും മെയിന്റനൻസ് കുറവായിരുന്നു. വിലകുറഞ്ഞ പെർഫൊമൻസ് ബൈക്കുകളായ ഹോണ്ടാ സിബി750, കവാസകി സീ 1 തുടങ്ങിയവയ്ക്കാവട്ടെ ചെറിയ ഇന്ധനടാങ്കും ഒട്ടും വിശ്വസിക്കാനാവാത്ത ചെയിൻഡ്രൈവും. ഇതെല്ലാം മനസ്സിൽ കണ്ടുകൊണ്ടാണ് ഹോണ്ടായുടെ മോട്ടോജിപി ടീമിലെ പ്രൊജക്റ്റ് ലീഡറായ ഷൊയിചിരോ ഇരിമാജിരി ഒരു ഫ്‌ലാഗ്ഷിപ്പ് മോഡലിനെ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്. അങ്ങനെ ആദ്യം നിർമ്മിച്ച പ്രോട്ടോടൈപ്പിൽ ഫ്‌ളാറ്റ് സിക്‌സ് കോൺഫിഗറേഷനുള്ള ഒരു 1470സിസി എഞ്ചിനായിരുന്നു അതിലുണ്ടായിരുന്നത്. 220കിമീ വരെ വേഗതയാർജ്ജിക്കാൻ പോന്ന ആ ബൈക്കിന് ചില ഡിസൈൻ പോരായ്മകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അൽപമൊന്ന് വെട്ടിത്തിരുത്തിയാണ് പ്രൊഡക്ഷൻ ഫേസിലേക്ക് ഹോണ്ടാ പോയത്.1974ൽ ജിഎൽ1000 എന്ന ആദ്യ തലമുറ ഗോൾഡ്‌വിംഗ് ഇറങ്ങുമ്പോൾ അതിലുള്ള1000സിസി ഫ്‌ളാറ്റ് ഫോർ വാട്ടർ കൂൾഡ് എഞ്ചിനായിരുന്നു ഹോണ്ട ആദ്യമായി നിർമ്മിച്ച ഫോർ സിലിൻഡർ ലിക്വിഡ് കൂൾഡ് എഞ്ചിൻ..! ഹൈപെർഫൊമൻസ് ബൈക്കുകളിലെ ചെയിൻ ഡ്രൈവിന്റെ പോരായ്മയെപ്പറ്റി പറഞ്ഞല്ലോ. ഫൈനൽ ഡ്രൈവ് ഷാഫ്റ്റാക്കിയതോടെ ഹോണ്ടാ ഈ പ്രശ്‌നവും പരിഹരിച്ചു, പ്രചോദനം മറ്റാരുമല്ല; ബിഎംഡബ്ല്യൂ തന്നെ.!

ആദ്യ തലമുറ ഗോൾഡ്‌വിംഗ് അഥവാ ജിഎൽ 1000ന് ഒരു സാധാരണ മോട്ടൊർസൈക്കിളിന്റെ രൂപഭാവങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സാഡിൽ ബാഗുകളോ, വിൻഡ്ഷീൽഡോ ഒന്നുമില്ലായിരുന്നു. അതോടെ ആക്‌സസറി നിർമ്മാതാക്കൾക്ക് ചാകരയായി. രണ്ടാം തലമുറയായ ജിഎൽ 1100 വന്നപ്പോഴാണ് ഹോണ്ടാ ഈ സാധ്യതയെപ്പറ്റി ചിന്തിച്ചത്. അങ്ങനെയാണ് ഫാക്ടറി ഫിറ്റഡ് ഫുൾ ഫെയറിംഗ്, പാനിയർ ബോക്‌സ്, ട്രങ്ക് എന്നിവയുമായി 1100 ഇന്റര്‍‌സ്റ്റേറ്റ് എന്ന മോഡലിന്റെ പിറവി. ഈ രൂപമാണ് അന്നു മുതൽ ഇന്നു വരെയും ഹോണ്ട ഗോൾഡ്‌വിങ്ങിന്റെ സിഗ്‌നേച്ചർ ഡിസൈനായി പിന്തുടർന്നു പോരുന്നത്.നാൽപ്പത്തിനാലു വർഷങ്ങൾക്കിപ്പുറം ആറാം തലമുറ ഗോൾഡ്‌വിങ്ങിനൊപ്പം നിൽക്കുമ്പോൾ ഓരോ അണുവിലും ഹോണ്ടായുടെ നിശ്ചയദാർഢ്യം കാണാം. പുതിയ ഗോൾഡ്‌വിങ്ങിന്റെ കാഴ്ചകളിലേക്ക്…

കാഴ്ച

2001 മുതൽ 2017 വരെ ഇറങ്ങിയ അഞ്ചാം തലമുറ ഗോൾഡ്‌വിങ്ങിന്റെ അടിസ്ഥാനപരമായ രൂപത്തിൽ മാറ്റം വരുത്താതെയാണ് 2018 മോഡലിന്റെയും വരവ്. എങ്കിലും ഒന്നില്ലാതെ എല്ലാ ഘടകങ്ങളിലും മാറ്റമുണ്ടു താനും. 130/70 ആർ18 ടയറുള്ള വീലുകൾക്കിരുവശവും 320 എം.എം ഡിസ്‌കുകൾ. ഫ്രണ്ട് ഫെൻഡറിനു വലിയ മാറ്റമില്ല എങ്കിലും ഫോർക്കുകൾ ഫെയറിങ്ങിനകത്തേക്ക് തുടരുന്നില്ല..! പകരം കാറുകളിലും മറ്റുമുള്ളതു പോലെ ഡബിൾ വിഷ്‌ബോൺ സസ്‌പെൻഷനാണ് പുതിയ ഗോൾഡ്‌വിങ്ങിൽ. എൽഇഡി ഡേടൈം സ്ട്രിപ്പോടു കൂടിയ ഇരട്ട ഹെഡ്‌ലാമ്പുകൾ ഈ വാഹനത്തിനു പകരുന്ന സൗന്ദര്യം ചില്ലറയല്ല. പഴയതിനെക്കാൾ സ്‌പോർട്ടിയായി ഡിസൈൻ ചെയ്ത വിൻഡ്ഷീൽഡ്, ഇരുവശവും ബോഡി കളർ റിയർവ്യൂമിറേഴ്‌സ്. വശങ്ങളിലേക്കു വരാം…

ഇവിടെയാണ് കാഴ്ചകളുടെ പറുദീസ. ഹോണ്ട ബാഡ്ജുള്ള സെമിഫെയറിങ്ങിനു താഴെയായി അനന്തശയനം പോലെ 1833സിസി ബോക്‌സറിന്റെ കിടപ്പ്. വലിയ ടാങ്കിനു പിന്നിൽ നിന്നുമൊഴുകി മുകളിലേക്കെത്തുന്ന സീറ്റ് അവസാനിക്കുന്നത് ട്രങ്ക് ബോക്‌സിനു മുന്നിലാണ്. പിൻയാത്രികനു വേണ്ടിയുള്ള സൗകര്യപ്രദമായ ബാക്ക്‌റെസ്റ്റും കാണാം. പാനിയർ ബോക്‌സുകൾക്കടിയിലായി ഇരുവശത്തു നിന്നും പിന്നിലേക്കു നീളുന്ന എക്‌സോസ്റ്റ് പൈപ്പുകൾ പോലും കിടിലൻ സ്‌റ്റൈലിലാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. പിൻഭാഗത്തേക്കു വരാം. കാറാണോ ബൈക്കാണോ എന്ന് സംശയം ജനിപ്പിക്കുമാറ് വിസ്താരമുള്ള നിതംബഭംഗിയാണ് ഗോൾഡ്‌വിങ്ങിന്. വലിയ ടെയ്ൽലാമ്പ് ക്ലസ്റ്ററുകളും പാനിയറുകളും വിരിഞ്ഞ ഫെൻഡറുകളും 200/55 ആർ 16 ടയറുമൊക്കെച്ചേർന്ന് അതിന് അടിവരയിടുന്നുമുണ്ട്.

ഇനി കോക്ക്പിറ്റിലേക്ക്.. അതിശയോക്തിയല്ല.. സൂപ്പർബൈക്കോടിക്കുന്നവർ പോലും വാപൊളിച്ചു നിന്നുപോകുന്നത്ര വലിയൊരു മായികലോകമാണിത്. സ്പീഡോ, ടാക്കോ എന്നിങ്ങനെ രണ്ടു അനലോഗ് ഡയലുകൾക്കു നടുവിലായി വലിയ ഇൻഫൊട്ടെയ്ൻമന്റ് സ്‌ക്രീൻ. ടാക്കോ ഡയലിനു താഴെയായി ഗിയർ ഇൻഡിക്കേഷൻ. ഇതിനെല്ലാം പുറമെ ഇരു മൂലകളിലുമായി ഫ്യുവൽ, ടെമ്പറേച്ചർ ഗേജുകളും കാണാം.

എല്ലാത്തിനും നല്ല വിസിബിലിറ്റിയുള്ള കൺസോൾ. കൺസോളിനു താഴെയായി ഓഡിയോ സിസ്റ്റത്തിന്റെ സ്പീക്കറുകൾ കാണാം. മെനു, നാവിഗേഷൻ കൺട്രോളുകൾക്കായി സ്‌ക്രീനിലേക്കൊരു പാലം കണക്കെ വലിയ സ്വിച്ചുകളുള്ള ഒരു സെന്റർ കൺസോളും ഒരുക്കിയിട്ടുണ്ട്. ബാക്കി കൺട്രോളുകൾ ഹാൻഡ്ൽബാറിൽ ഇരുവശത്തുമായുണ്ട്. കൂടുതൽ കൺഫ്യൂഷനാകും മുമ്പേ സ്റ്റാർട്ട് ചെയ്യാം.

റൈഡ്

ഗോൾഡ്‌വിംഗ് ഓടിക്കുക എന്ന സ്വപ്‌നം ഇതാ വിരൽത്തുമ്പിൽ.1833 സിസി ഫ്‌ലാറ്റ് സിക്‌സ് എഞ്ചിനെ ഒരു സ്പർശനം കൊണ്ടുണർത്തി. ക്ലച്ച് പിടിക്കാൻ കൈ നീട്ടിയപ്പോഴാണ് അമളി മനസ്സിലായത്. സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ ട്രാൻസ്മിഷനാണ് ഗോൾഡ്‌വിങ്ങിനുള്ളത്.! ഒരു വിരൽത്തുമ്പു കൊണ്ട് ന്യൂട്രലിൽ നിന്ന് ഡ്രൈവിലേക്കോ റിവേഴ്‌സിലേക്കൊ മാറ്റാം. റിവേഴ്‌സ് എന്നു കേട്ട് അമ്പരക്കേണ്ട. ഇത്രയും വലിയൊരു ബൈക്കിനെ കാലുകൾ കൊണ്ട് തുഴഞ്ഞ് പിന്നോട്ടെടുക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി പണ്ടുമുതലേ ഹോണ്ട ഈ ഫീച്ചർ ഗോൾഡ്‌വിങ്ങിൽ നൽകിയിട്ടുണ്ട്.
ഫ്‌ലാറ്റ് സിക്‌സ് എഞ്ചിന്റെ ഐഡ്‌ലിംഗ് കേട്ടിട്ട് ഏതോ ബസ്സിന്റെ മുന്നിൽ നിൽക്കുന്നതു പോലൊരു ഫീൽ. ഡ്രൈവിലേക്കിട്ടു, ത്രോട്ട്ൽ തിരിച്ചതും ഗോൾഡ്‌വിംഗ് ഒഴുകിനീങ്ങി.

ഗിയർഷിഫ്റ്റുകൾക്കിടയിലെ വിടവു പോലുമറിയിക്കാതെ സുഖകരമായ ഡ്രൈവ്. . 125 എച്ച്പി കരുത്തും 170 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള എഞ്ചിൻ അനായാസമാണ് വേഗതയാർജ്ജിക്കുന്നത്. ഓഡിയോസിസ്റ്റത്തിലൂടെ എഫ്.എം റേഡിയോയിലെ ഗാനങ്ങളൊഴുകിവരുന്നുണ്ട്. ജാപ്പനീസ് ടൂറർ ബൈക്കിൽ കെ.എസ് ചിത്രയുടെ പാട്ടും കേട്ട് ഓടിച്ച ആദ്യമലയാളി ഞാനായിരി ക്കുമോ എന്തോ! ഫ്രണ്ട് സസ്‌പെൻഷന്റെ ഗുണം മനസ്സിലാക്കിയത് ഒരു സ്പീഡ്‌ബ്രേക്കർ മാർഗ്ഗമധ്യേ വന്നപ്പോഴാണ്. അനായാസമായി ഗോൾഡ്‌വിംഗ് അതിനെ മറികടന്നുപോയി. എങ്കിലും നമ്മുടെ നാട്ടിലെ വലിയ ഹമ്പുകൾ കടന്നുപോകാനുള്ള ഗ്രൗണ്ട് ക്ലിയറൻസ് ഇവനില്ല. ഗോൾഡ്‌വിങ്ങിനെ അടുത്തറിയണമെങ്കിൽ കുറഞ്ഞത് അഞ്ഞൂറോ അറുനൂറോ കിലോമീറ്റർ നീളുന്ന ഒരു ട്രിപ് പോകണം.. അതും ഹൈവേയിലൂടെ. ജാപനീസ് സാങ്കേതികത്തികവും ഹോണ്ടയുടെ നാലര പതിറ്റാണ്ടിലേറെയായ പരിചയസമ്പത്തും ചേർന്ന് മുൻ മോഡലുകളെക്കാൾ ഭാരം കുറഞ്ഞ, സ്‌പോർട്ടിയായ, ആധുനികവും ഇന്ധനക്ഷമവുമായ ഒരു ഗോൾഡ്‌വിങ്ങിനാണ് ജന്മം നൽകിയിരിക്കുന്നത്. സ്വപ്‌നസമാനമായ സവാരി എന്നൊക്കെപ്പറയുന്നത് എന്താണെന്നറിയണമെങ്കിൽ ഒരുതവണയെങ്കിലും ഹോണ്ടാ ഗോൾഡ്‌വിംഗ് ഓടിക്കണം.

വില: 27.33 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, കൊച്ചി)$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>