Online Sales of cars & exciting offers!
June 27, 2020
Venue Celebrates Over 1 Lakh Sales in 1 Year
June 27, 2020

Test Ride: Honda DIO 2020

ഹോണ്ട സ്‌കൂട്ടറുകളിലെ ചുള്ളനായ ഡിയോയുടെ 2020 പതിപ്പിനെ കണ്ട കഥ..

എഴുത്ത്: ജുബിൻ ജേക്കബ്, ചിത്രങ്ങൾ: ജോസിൻ ജോർജ്

ഇന്നേക്ക് പത്തൊമ്പതു വർഷം മുമ്പാണത് സംഭവിച്ചത്. സ്‌കൂട്ടറുകളുടെ വിപണിയിലേക്ക് ആക്ടിവാ മാസ്സ് എൻട്രി നടത്തി രണ്ടു വർഷം തികയും മുമ്പേ മറ്റൊരു താരം കൂടി ഹോണ്ടയുടെ പേരുമായി വന്നു. ആദ്യകാഴ്ചയിൽ പലർക്കും അത്ര ഇഷ്ടമാവാത്തൊരു രൂപം. മുന്നിലെ ഏപ്രണിൽ തന്നെയുള്ള ഹെഡ്‌ലാമ്പിനെ കാണുമ്പോൾ മാനത്തുകണ്ണി എന്ന മീനിനെയാണ് ഓർമ്മ വരിക എന്നൊക്കെ അമ്മാവന്മാർ അടക്കം പരഞ്ഞു. ഹാൻഡ്ൽബാറിനു നടുവിൽ ലൈറ്റില്ലാതെ ആചാരലംഘനം നടത്തിയ സ്‌കൂട്ടറിനെ പലരും ബഹിഷ്‌കരിച്ചു. പക്ഷേ യുവാക്കൾ ഇവനെയങ്ങ് ഏറ്റെടുത്തു. അങ്ങനെ ഡിയോ എന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിന്റെ ഔദ്യോഗിക സ്‌കൂട്ടറായി മാറി. പിന്നീടിങ്ങോട്ടു നടന്ന ചരിത്രം നമുക്കറിയാമല്ലോ, അതുകൊണ്ടു തന്നെ പിന്നോട്ടുള്ള ചരിത്രവും അൽപം മനസ്സിലാക്കാം.

1988ലാണ് ഹോണ്ട ഡിയോ എന്ന മോഡലിനെ ആദ്യമായി അവതരിപ്പിക്കുന്നത്. അന്ന് 50 സിസി ടൂസ്‌ട്രോക്ക് സ്‌കൂട്ടറായിരുന്നു ഇത്. ജപ്പാനിൽ മാത്രമാണ് ഈ മോഡൽ ഇറങ്ങിയിരുന്നത്. 2003 വരേക്കും ടൂ സ്‌ട്രോക്ക് എഞ്ചിനുമായാണ് ജപ്പാനിൽ ഡിയോ ഓടിയത്. എന്നാൽ ഇന്ത്യയിൽ ഹോണ്ടയുടെ സ്വതന്ത്രമായ തുടക്കം തന്നെ ഫോർ സ്‌ട്രോക്കിലായിരുന്നു. അതിനു മുമ്പ് കൈനെറ്റിക് ഹോണ്ടയായി വന്നത് ടൂസ്‌ട്രോക്ക് അവതാരത്തിലായിരുന്നല്ലോ.


2013ലും 2017ലും ചില മാറ്റങ്ങൾ വന്നതൊഴിച്ചാൽ ഡിയോയ്ക്ക് ആക്ടിവയെപ്പോലെ ഒരുപാട് ‘ജി’ ഒന്നുമില്ലായിരുന്നെന്ന് നമുക്കു കാണാനാവും. എന്തായാലും ഇന്ത്യയിൽ അവതരിച്ച് രണ്ടു പതിറ്റാണ്ടാവുമ്പോൾ പുതിയൊരു ഘട്ടത്തിലേക്കു കൂടി കടക്കുകയാണ് ഹോണ്ടാ ഡിയോ. ഇന്ത്യയിലെ ഏറ്റവും പുതിയ മലിനീകരണ നിയമങ്ങൾക്ക് അനുസൃതമായി ബിഎസ് 6 മോഡൽ വന്നിരിക്കുകയാണ്. പുതിയ ഡിയോയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നറിയണമെങ്കിൽ ഒന്നു ചുറ്റാൻ പോകണമല്ലോ. വാ, നമുക്കു പോകാം, പോയിക്കാണാം…

കാഴ്ച

അടിസ്ഥാനപരമായ രൂപം നിലനിർത്തിക്കൊണ്ട് അടിമുടി നവീകരിച്ച ഒരു സ്‌കൂട്ടറാണ് ഇപ്പോൾ ഡിയോ. തീർത്തും ഫ്രഷ് ആയ ഒരു ഡിസൈൻ രീതി തന്നെ ഹോണ്ട ഡിയോയുടെ കാര്യത്തിൽ അവലംബിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല. 2017ൽ ഇറങ്ങിയ മോഡലുമായി സാമ്യങ്ങൾ ഒട്ടേറെയുണ്ടെങ്കിലും സൂക്ഷിച്ചുനോക്കിയാൽ ഒരു സാമ്യവുമില്ലെന്നും മനസ്സിലാക്കാം.. (പേടിക്കേണ്ട, കിളി പോയതല്ല.. സത്യമാ..) ബിഎസ് 4 മോഡലിനെ അപേക്ഷിച്ച് ഒരൽപം വലുതായിട്ടുണ്ടോ പുതിയ മോഡലെന്ന് സംശയം.. ശരിയാണ്. 27എം.എം നീളവും, 13 എം.എം വീതിയും, 17 എം.എം ഉയരവും കൂടിയിട്ടുണ്ട്. ഇതിനു പുറമെ 22 എം.എം വീൽബേസും.. ആഹാ കൊള്ളാല്ലോ എന്നു പറയാൻ വരട്ടെ, മുന്നിലെ വീൽ സൈസും കൂടി, 12 ഇഞ്ചായിട്ടുണ്ട്. പ്രധാന മാറ്റമായി എനിക്കു തോന്നിയത് മുൻ സസ്‌പെൻഷനാണ്. ഒടുവിൽ ഡിയോയ്ക്കും ടെലെസ്‌കോപിക് ഫോർക്ക് നൽകാൻ ഹോണ്ട മനസ്സുകാണിച്ചിരിക്കുന്നു.

2017ലെ അപ്‌ഗ്രേഡിലാണ് ഡിയോയ്ക്ക് ഒരു പ്രത്യേകത കൂടി കൈവന്നത്. ഹെഡ്‌ലൈറ്റില്ലാതെ കിടക്കുന്ന ഹാൻഡ്ൽബാറിനു നടുവിലെ ഒന്നര സെന്റ് സ്ഥലത്ത് ഹോണ്ടയിലെ ഡിസൈനർ ഒരു ചന്ദ്രക്കല വരച്ചിട്ടു. ഇംഗ്‌ളീഷിലെ ‘വി’ ആണെന്നും പറയാം. പണ്ട് ‘കാലിയാ’ ചിത്രകഥയിലെ ബബ്ലുക്കരടിയുടെ നെഞ്ചത്താണ് ഇതിനു മുമ്പ് ഇങ്ങനെയൊരു അടയാളം കണ്ടിട്ടുള്ളത്. സംഗതി ഒരു പൊസിഷൻ ലാമ്പായിരുന്നു. ഇപ്പോൾ ആ ലാമ്പിന്റെ രൂപവും പരിഷ്‌കരിച്ചിട്ടുണ്ട്. ഡിസൈനിൽ ലൈനുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഹെഡ്‌ലാമ്പിനു വലുപ്പം കൂടി. ഹെഡ്‌ലാമ്പും ഇൻഡിക്കേറ്ററുകളുമടങ്ങുന്ന ക്‌ളസ്റ്റർ കുറെക്കൂടി ചിറകുവിരിച്ച് മനോഹരമായിട്ടുണ്ട്. മാത്രമല്ല ഹെഡ്‌ലാമ്പിന്റെ ഇരുവശത്തുമായി ഇൻഡിക്കേറ്ററുകൾക്കു താഴെ രണ്ട് സ്‌കൂപ്പുകളും വന്നിട്ടുണ്ട്. അവ ഉൾപ്പെടുന്ന ഭാഗം കാർബൺ ഫൈബർ ഫിനിഷിലാണ് ചെയ്തിരിക്കുന്നത്. ഫ്രണ്ട് ഫെൻഡർ കുറെക്കൂടി ഒതുങ്ങിയിട്ടുണ്ട്. മാറ്റ് സാൻഗ്രിയാ മെറ്റാലിക് റെഡ് / മെറ്റാലിക് ഗ്രേ കോംബിനേഷനിലുള്ള ഹോണ്ട ഡിയോയുടെ ഡീലക്‌സ് വേരിയന്റിൽ വീലുകൾക്ക് ഗോൾഡൻ ഷേഡാണ്. ഇനി വശങ്ങളിലേക്കു നോക്കാം. സൈഡ് പ്രൊഫൈലിലും കാര്യമായ മാറ്റങ്ങൾ കാണാനുണ്ട്. എക്‌സോസ്റ്റ് മുതൽ സൈഡ് ഫെൻഡറുകളുടെ വരെ രൂപം മാറി. പിന്നിലേക്കെത്തുമ്പോൾ ഗ്രാബ് റെയിൽ ഗ്രാസിയായിലേതു പോലെ സ്പ്‌ളിറ്റ് ടൈപ്പായിട്ടുണ്ട്. സീറ്റ് പൊക്കാതെ തുറക്കാവുന്ന ഫ്യുവൽ ടാങ്ക് ലിഡിനു വേണ്ടിയുള്ള സൗകര്യാർത്ഥമാവണം ഇങ്ങനെ ഒരു ഡിസൈൻ. ടെയ്ൽലാമ്പിലും വ്യത്യാസം കാണാനാവും.

റൈഡ്
സീറ്റിലിരുന്നു കഴിഞ്ഞപ്പോൾ കൺസോളിലൊന്നു നോക്കി. ഫുള്ളി ഡിജിറ്റൽ കൺസോൾ ജോറായിട്ടുണ്ട്. ഇതിൽ സ്പീഡോ/ഓഡോ റീഡിങ്ങിനും ഫ്യുവൽ ഗേജിനും പുറമെ റിയൽ ടൈം മൈലേജ്, അവറേജ് മൈലേജ്, ഡിസ്റ്റൻസ് ടു എമ്പ്റ്റി, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, 3 സ്റ്റെപ് ഇക്കോ ഇൻഡിക്കേറ്റർ എന്നിവയുണ്ട്. ഇടത്ത് പതിവ് സ്വിച്ചുകളും വലത്ത് പുതുതായി ഒരു സ്റ്റാർട്ട്/സ്റ്റോപ് സ്വിച്ചും വന്നിട്ടുണ്ട്. വലത്ത് താഴെയായി സ്റ്റിയറിങ്ങ് ലോക്കിനരികിൽ നേരത്തേ നാം ആക്ടിവയിൽ കണ്ടതു പോലെ ഒരു ചെറിയ കൺസോൾ കാണാം. ഇവിടെ നിന്നും ഫ്യുവൽ ലിഡും സീറ്റും തുറക്കാം. മുന്നിലെ സ്റ്റോറേജ് ഇടങ്ങൾ കൂടിയിട്ടുണ്ട്. ഒരു യുഎസ്ബി ചാർജിങ്ങ് പോർട്ട് പ്രതീക്ഷിച്ചു, മുന്നിലെങ്ങും കാണാനില്ല, സീറ്റുയർത്തി നോക്കി, അവിടെയുമില്ല. ഇത് തീർത്തും നിരാശാജനകമാണെന്ന് ഹോണ്ടയോട് പറയാതെ വയ്യ.

ഇനി ഓടിച്ചുനോക്കാം. സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടണിൽ ഒന്നു ഞെക്കിയാൽ മതി, ശബ്ദമേതുമില്ലാതെ എഞ്ചിനുണരുന്ന ഈ വിദ്യ നമ്മൾ ഏതാനും മാസങ്ങൾക്കു മുമ്പ് ആക്ടിവ 125 ബിഎസ് 6ലും, ആക്ടിവ 6ജിയിലും കണ്ടതാണല്ലൊ. എസിജി സ്റ്റാർട്ടർ കൊള്ളാം, പൊളിസാനം..! സൈഡ് സ്റ്റാൻഡ് വീണാൽ അപ്പോൾ തന്നെ എഞ്ചിൻ ഓഫാകുന്ന കട്ടോഫ് സംവിധാനവും ഡിയോയിൽ വന്നിട്ടുണ്ട്. ത്രോട്ട്ൽ തിരിച്ചതും ഹോണ്ടാ ഡിയോയുടെ പുതിയ 110 സിസി പ്രോഗ്രാംഡ് ഫ്യുവൽ ഇൻജെക്റ്റഡ് എഞ്ചിൻ പണിതുടങ്ങി. 8000 ആർപിഎമ്മിൽ 7.68 ബിഎച്ച്പി കരുത്താണ് പുതിയ ഡിയോയ്ക്ക്. 5250 ആർപിഎമ്മിൽ 8.79 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ഫ്യൂവൽ ഇൻജെക്ഷനു വേണ്ടി മാത്രം ആറ് സെൻസറുകളാണ് ഹോണ്ട ഈ എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്നത്. പരമാവധി ലീനിയറായ പവർ ഡെലിവറിക്കു വേണ്ടിയാണത്രേ ഇത്. നേരത്തേ നാം 125ൽ പരിചയപ്പെട്ട സ്മാർട്ട് ടംബ്ൾ ടെക്‌നോളജി ഇവിടെയുമുണ്ട്, അതുകൊണ്ട് കംബഷനും നന്നായി ലഭിക്കുന്നുണ്ടെന്ന് ഹോണ്ടയുടെ ഉറപ്പ്. ത്രോട്ട്ൽ അനുസരിച്ച് സാമാന്യം നല്ല റെസ്‌പോൺസ് ലഭിക്കുന്നുണ്ടെങ്കിലും എഞ്ചിൻ ഏറെക്കുറെ നിശബ്ദമാണ്. മൂന്ന് ലാമ്പുകളിലായി ഇക്കോ ഇൻഡിക്കേറ്ററും അതാത് സമയത്തെ ഇന്ധന ഉപഭോഗത്തെപ്പറ്റി വിവരം തരുന്നുണ്ട്. പിന്നിലെ സസ്‌പെൻഷൻ 3 സ്റ്റെപ് അഡ്ജസ്റ്റബ്ൾ ആണ്. മുൻ മോഡലുകളിലെപ്പോലെ തന്നെ നല്ല ഹാൻഡ്‌ലിങ്ങാണ് പുതിയ ഡിയോയ്ക്കും. എങ്കിലും ഫ്രണ്ടിൽ ഡിസ്‌ക് ബ്രേക്ക് എന്നൊരു ഓപ്ഷൻ പോലും ഹോണ്ട നിഷേധിച്ചിരിക്കുന്നത് കുറച്ചു കടന്നുപോയി.

ഡീലക്‌സ്, സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായാണ് പുതിയ ഡിയോ എത്തുന്നത്. സ്റ്റാൻഡേഡിൽ നാലു നിറങ്ങളും ഡീലക്‌സിൽ മൂന്നു നിറങ്ങളുമാണുള്ളത്. മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ക്യാൻഡി ജാസ്സി ബ്‌ളൂ, സ്‌പോർട്‌സ് റെഡ്, വൈബ്രന്റ് ഓറഞ്ച് എന്നീ നിറങ്ങൾ സ്റ്റാൻഡേഡിലും, മാറ്റ് സാൻഗ്രിയാ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഡാസ്സ്ൽ യെല്ലോ മെറ്റാലിക് എന്നീ നിറങ്ങൾ ഡീലക്‌സ് വേരിയന്റിലും വരുന്നു. ഡീലക്‌സ് വേർഷന് മാത്രമാണ് എൽഇഡി ഹെഡ്‌ലാമ്പുള്ളത്.

കൊച്ചി എക്‌സ്‌ഷോറൂം വില. സ്റ്റാൻഡേർഡ് വേരിയന്റിന് 66,819 രൂപ, ഡീലക്‌സ് വേരിയന്റിന് 70,195രൂപ$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>