കാത്തിരുന്നതു പോലെ അവനെത്തി, 2020 വേർഷൻ ഹോണ്ട ആഫ്രിക്ക ട്വിൻ മാന്വൽ…….
മൂന്നു വർഷം മുമ്പാണ് നാം ആഫ്രിക്ക ട്വിന്നിനെ പരിചയപ്പെടുന്നത്. ഡിസിടി മോഡലായിരുന്നു അത്. ക്ളച്ചും ഗിയറുമൊന്നുമില്ലാതെ ഓടിക്കാവുന്ന ഒരു ഡ്യുവൽ സ്പോർട്ട് ബൈക്ക്. പക്ഷേ ഉള്ളിന്റെയുള്ളിൽ മാന്വൽ വേർഷൻ വേണമെന്ന ആഗ്രഹം അങ്ങനെ കിടന്നു പുകഞ്ഞുകൊണ്ടേയിരുന്നു. ആ ആഗ്രഹം എന്തായാലും ഹോണ്ട അറിഞ്ഞെന്നു തോന്നുന്നു. ഏറ്റവും പുതിയ 2020 വേർഷൻ ആഫ്രിക്ക ട്വിൻ ഇന്ത്യയിലെത്തുമ്പോൾ ഡിസിറ്റിക്കൊപ്പം മാന്വൽ മോഡലും വന്നിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള റാലി പ്രേമികളുടെ സ്വപ്നവും പേടിസ്വപ്നവുമായ പാരിസ് ഡക്കർ റാലി നടന്നിരുന്നത് ആഫ്രിക്കയിലായിരുന്നു. പക്ഷേ തീവ്രവാദത്തിന്റെ വിത്തുകൾ അവിടെ മുളപൊട്ടിയതോടെ 2009ൽ ഡക്കർ വേദി ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കു മാറ്റി. പണ്ട് ആഫ്രിക്കയിൽ നടത്തപ്പെട്ടിരുന്ന ഡക്കർ റാലികളിൽ എൺപതുകളുടെ അവസാനകാലത്ത് നാലുതവണ കിരീടം ചൂടിയ ബൈക്കാണ് ഹോണ്ടയുടെ എൻ.എക്സ്.ആർ 750. എൻ.എക്സ്.ആർ 750യെ ആടിസ്ഥാനമാക്കി നിർമ്മിച്ച മറ്റൊരു ബൈക്കാണ് എക്സ്ആർവി 750. ആഫ്രിക്കയിലെ റാലിയിൽ പേരെടുത്ത ബൈക്കിൽ അധിഷ്ഠിതമായതു കൊണ്ട് ഹോണ്ട ഇവനെ ആഫ്രിക്ക ട്വിൻ എന്നു വിളിച്ചു. 1989 മുതൽ 2003 വരെ 650, 750സിസി ശേഷികളിൽ രണ്ട് അവതാരങ്ങളിലായി ഇറങ്ങിയ ആഫ്രിക്ക ട്വിൻ 2003ൽ വിപണിയിൽ നിന്നും അപ്രത്യക്ഷമായി. പിന്നീട് ഒരു പതിറ്റാണ്ടിലേറെക്കഴിഞ്ഞ് 2015ലാണ് ഒരു ഓട്ടോഷോയിൽ ഏറ്റവും പുതിയ ആഫ്രിക്ക ട്വിൻ അവതരിക്കുന്നത്. തിരിച്ചുവരവ് മോശമായില്ലെന്നു മാത്രമല്ല, വിചാരിച്ചതിലും ഗംഭീരമാവുകയും ചെയ്തു. ഇപ്പോഴിതാ കൂടുതൽ കരുത്തനായി ആഫ്രിക്ക ട്വിൻ 2020 വേർഷൻ വന്നിരിക്കുകയാണ്. സിആർഎഫ് 1100എൽ അഡ്വഞ്ചർ സ്പോർട്ട്സ് വേരിയന്റാണ് ഇപ്പോൾ നമ്മോടൊപ്പമുള്ളത്. 1000സിസി എന്നത് 1100 ആയിട്ടുണ്ട്, പിന്നെ മറ്റു ചില മാറ്റങ്ങളും.. അതെന്തൊക്കെയാണെന്ന് നമുക്ക് വഴിയേ കാണാം.
പേൾ ഗ്ളേർ വൈറ്റ് തീമിലുള്ള 1100എൽ അഡ്വഞ്ചർ സ്പോർട്ട്സ് ആഫ്രിക്ക ട്വിന്നിനെ കാണാൻ തന്നെ ഒരഴകാണ്. ഏതോ ലോകോത്തര റാലി ടീമിനു വേണ്ടി അണിയിച്ചൊരുക്കിയതു പോലൊരു ഫീൽ. ഡക്കർ പാരമ്പര്യത്തിന്റെ സ്വാധീനം കൊണ്ടാവണം പഴയ ആഫ്രിക്ക ട്വിന്നിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഒതുക്കമുള്ള രൂപഘടനയാണ് പുതിയ സിആർഎഫ് ആഫ്രിക്ക ട്വിന്നിനുമുള്ളത്. ഒതുങ്ങിയ ഇരട്ട ഹെഡ്ലാമ്പുകളാണ് ആദ്യം ശ്രദ്ധയാകർഷിക്കുന്നത്. മുകളിൽ പ്രത്യേക ആകൃതിയിലുള്ള ഉയർന്ന വിൻഡ്ഷീൽഡ്. പുതിയ എൽഇഡി ഹെഡ്ലാമ്പുകൾക്കിരുവശവും ചെറിയ എയർ സ്കൂപ്പുകൾ.
ഹെഡ്ലാമ്പുകൾക്കൊപ്പം കോർണറിങ്ങ് ലാമ്പുകളുമുണ്ട്, ഇവ ടേൺ/ബാങ്കിങ്ങ് സെൻസർ അധിഷ്ഠിതമായി തെളിയുന്നവയാണ്. സ്വർണനിറമാർന്ന 45എം.എം അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഷൊവയുടേതാണ്. 230എം.എം സ്ട്രോക്കാണ് ഇവയ്ക്കുള്ളത്. ഫോർക്കുകളുടെ കീഴ്ഭാഗത്തെ നന്നായി മറയ്ക്കുന്ന ഫ്രണ്ട് ഫെൻഡറും വളരെ സ്റ്റൈലിഷാണ്. വയേർഡ് വീലുകൾ അഡ്വഞ്ചർ സ്വഭാവം വിളിച്ചോതുന്നു. 310എം.എം ഡ്യുവൽ ഡിസ്കുകളെ പിടിച്ചുനിർത്തുന്നത് നിസ്സിൻ കാലിപറുകളാണ്. സെമിഫെയറിങ്ങിനും നക്ക്ൾ ഗാർഡിനുമിടയിലായി നിൽക്കുന്ന നീണ്ടുമെലിഞ്ഞ ഇൻഡിക്കേറ്റേഴ്സ് കാണണമെങ്കിൽ അവ തെളിയണം. സെമിഫെയറിങ്ങ് വശങ്ങളിലേക്ക് അധികം നീളുന്നില്ല.
ടാങ്കിനു പകുതിക്കുവെച്ച് പെട്ടെന്നു നിലച്ചുപോയതുപോലെ. ഇരു സിലിൻഡറുകളിൽ നിന്നും നീളുന്ന എക്സോസ്റ്റ് പൈപ്പുകൾ പിണഞ്ഞ് ഒന്നായി പിന്നിലെ വലിയ അപ്സ്വെറ്റ് മഫ്ളറിലേക്കു ചെല്ലുന്നു. എൻജിന്റെ നല്ലൊരു ശതമാനവും ദൃശ്യമായ രീതിയിലാണ് ആഫ്രിക്ക ട്വിന്നിന്റെ വശങ്ങളിൽ നിന്നുള്ള കാഴ്ച. വലിയ ഫ്യുവൽ ടാങ്കാണ് പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ഘടകം. 25 ലിറ്ററാണ് അഡ്വഞ്ചർ സ്പോർട്ട്സിന്റെ ടാങ്ക്. ഉയർന്നുപൊങ്ങിയ ടാങ്കിൽ നിന്നും താഴേക്കൊഴുകിച്ചെന്നിട്ട് പൊടുന്നനെ മുകളിലേക്കു കയറുന്ന തരത്തിലാണ് സീറ്റ് ഡിസൈൻ. പിന്നിലേക്കെത്തുമ്പോൾ ഇരുവശത്തേക്കും വിരിഞ്ഞു നിൽക്കുന്ന ഗ്രാബ് റെയിലും അതിനു താഴെയായി ഒതുങ്ങിയ ടെയ്ൽലാമ്പും കാണാം.
മുൻ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് പുറമെ കാണുമ്പോൾ തോന്നുമെങ്കിലും റൈഡിങ്ങ് സീറ്റിലിരിക്കുമ്പോൾ ആ തോന്നലങ്ങു മാറും. ഇൻസ്ട്രമെന്റ് കൺസോളിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണതിനു കാരണം. 6.5 ഇഞ്ച് ഫുൾ ടച്ച് ടിഎഫ്ടി സ്ക്രീനാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. ആപ്പിൾ കാർ പ്ളേ കണക്റ്റിവിറ്റിയുള്ള സ്ക്രീനിന് ആൻഡ്രോയ്ഡ് കോമ്പാറ്റിബിലിറ്റി ഉണ്ടോ എന്നറിയില്ല. ബ്ളൂടൂത്തും ഉണ്ട്. ആ സ്ക്രീനിനു താഴെയായി ഒരു എസൻഷ്യൽ സ്ക്രീനുമുണ്ട്. ഇതിൽ സ്പീഡ്, ഗിയർ തുടങ്ങിയ കാര്യങ്ങളും അത്യാവശ്യം വാണിങ്ങ് ലാമ്പുകളുമുണ്ട്.
മുകളിലെ സ്ക്രീൻ നാവിഗേഷൻ പോലെയുള്ള ഫങ്ങ്ഷനുകൾക്ക് ഉപയോഗിക്കുമ്പോൾ ഈ സ്ക്രീനിൽ നോക്കി അവശ്യവിവരങ്ങളറിയാം. ഇടതുവശത്തെ കോംബിനേഷൻ സ്വിച്ച്ഗിയർ ഒരല്പം ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്, പ്രത്യേകിച്ചും ഹോണിന്റെ സ്വിച്ച്. വണ്ടിയോടിക്കുമ്പോൾ അതെവിടെയെന്ന് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്. വലതുവശത്ത് കാര്യമായ കൺട്രോളുകളൊന്നുമില്ല. സീറ്റിങ്ങ് പൊസിഷൻ മാറ്റമില്ല. ഇനി നമുക്ക് സ്റ്റാർട്ട് ചെയ്യാം. മുഴക്കമുള്ള, ഗംഭീരമായ എക്സോസ്റ്റ് നോട്ട്. അതിനു കാരണമുണ്ട്, എഞ്ചിനിൽ 100സിസി കൂടി വർദ്ധിച്ചിട്ടുണ്ട്. പഴയ 998സിസി എഞ്ചിനെ ഒന്നു കുടി പരിഷ്കരിച്ച് 1084 സിസി ആക്കിയിരിക്കുകയാണ് ഹോണ്ടാ. ബോർ 6.4 എം.എം കൂടി വർദ്ധിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ത്രോട്ട്ൽ ബോഡിയുടെ വ്യാസം 46 എം.എം ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സിലിണ്ടർ ഹെഡിലും മാറ്റങ്ങളുണ്ട്. ഇനിയാണ് ഏറ്റവും ഉദ്വേഗജനകമായ ഭാഗം… മാന്വൽ ഗിയർ.. ഇത് ഇന്ത്യയിലാദ്യമായാണ് ഹോണ്ട ആഫ്രിക്ക ട്വിന്നിൽ ഒരു മാന്വൽ ട്രാൻസ്മിഷൻ വരുന്നത്, അതും അഡ്വഞ്ചർ സ്പോർട്സ് എഡിഷൻ കൂടിയാവുമ്പോൾ സംഗതി ചീറുമല്ലോ…
ടൂർ, അർബൻ, ഗ്രാവൽ, ഓഫ് റോഡ് എന്നിങ്ങനെ നാലു മോഡുകളും രണ്ട് യൂസർ മോഡുകളുമടക്കം ആറ് കസ്റ്റമൈസബ്ൾ റൈഡിങ്ങ് മോഡുകളാണ് ആഫ്രിക്ക ട്വിന്നിൽ ഇത്തവണ വന്നിരിക്കുന്നത്. ഹോണ്ടാ സെലെക്റ്റബ്ൾ ടോർക്ക് കൺട്രോൾ എന്ന സവിശേഷമായ ഫീച്ചറുമുണ്ട്. വീലി കൺട്രോൾ നടത്താനും ഈ സംഗതി ഉപകരിക്കുമെന്നർത്ഥം.. (ഓൺ ചെയ്യാൻ മറന്നിട്ട് ഒരു ചെറിയേ പണി കിട്ടി, അതു വഴിയേ പറയാം..)
ഫസ്റ്റ് ഗിയർ സ്ളോട്ട് ചെയ്തു.. വളരെ ലീനിയറായ പവർ ഡെലിവറി. അസാമാന്യ ടോർക്ക്… 102 ബിഎച്പിയാണിവന്റെ കരുത്ത്. 105 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട്. വൈറ്റിലയിൽ നിന്നും ട്രാഫിക്കിനിടയിലൂടെ നൂണ്ടുകടന്ന് പാലാരിവട്ടം സിഗ്നലിലെത്തി. പച്ച തെളിഞ്ഞതും സ്വതസിദ്ധമായ ആവേശത്തിൽ ത്രോട്ട്ൽ കൊടുത്തു.. എന്തോ എവിടെയോ തകരാറു പോലെ… റോഡ് കാണുന്നില്ല. അടച്ചിട്ട ഫ്ളൈ ഓവറിന്റെ ഒരു വശം വലത്തെ ഹാൻഡ്ൽബാറിന്റെ നിരപ്പിൽ കാണാം. അതേ, നാം നമ്മൾ പോലുമറിയാതെ ഒരു വീലിയടിച്ചിരിക്കുന്നു ഷാജിയേട്ടാ..! ത്രോട്ട്ൽ കട്ട് ചെയ്ത് മുൻവീലിനെ നിലം തൊടുവിച്ചിട്ട് ജീവനും കൊണ്ടു പായുമ്പോൾ പിന്നിലെ ഓഡിയൻസ് ശ്രേഷ്ഠഭാഷയിൽ എന്തൊക്കെയോ വിളിച്ചുപറയുന്നതിന്റെ ലിപ് മൂവ്മെന്റ്..
ഹൗ ബ്യൂട്ടിഫുൾ പ്യീപ്പിൾ..
റൈഡ് മോഡ് മാറ്റി മര്യാദക്കാരനായി സ്ഥിരം ടെസ്റ്റിങ്ങ് ഗ്രൗണ്ടിലെത്തി. ചെളികുഴഞ്ഞ കുറേ ട്രാക്കുകളുണ്ട് അവിടെ. കുറച്ചു നേരം പല റൈഡ് മോഡുകളിൽ പരീക്ഷണം.. ആഫ്രിക്ക ട്വിൻ എന്ന ബൈക്കിനെ ഇപ്പോഴാണ് ഞാൻ ശരിക്കും ഒന്നിഷ്ടപ്പെടുന്നത്. പഴയ മോഡലിനെക്കാൾ കരുത്തനായി, ഭാരം കുറച്ചാണ് ഇവൻ വന്നിരിക്കുന്നത്. ഫ്രെയിമും സ്വിങ്ങാമും ഒക്കെ ഭാരം കുറച്ചിട്ടുണ്ടത്രേ. റോഡിലും ഓഫ് റോഡിലും അതീവ രസകരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വാഹനങ്ങൾ ഈ സെഗ്മെന്റിൽ അധികമില്ല. അതുകൊണ്ടു തന്നെ ഇവൻ പുലിയാണ്.. ആഫ്രിക്കൻ പുലി.$
.