Jaguar Tales: How Jaguar XE captured their soul?
February 18, 2019
Smart Guys: Vineeth Kumar in a Nissan Kicks!
February 19, 2019

Test Ride: Ducati Multistrada 1260S

ഡ്യുകാറ്റിയുടെ സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളായ മൾട്ടിസ്ട്രാഡയുടെ പുതിയ അവതാരമായ 1260നൊപ്പം രണ്ടു രാവും ഒരു പകലും നീണ്ട മുന്നൂറു കിലോമീറ്റർ ടെസ്റ്റ് റൈഡ്.

എഴുത്ത്: ജുബിൻ ജേക്കബ് ചിത്രങ്ങൾ: ജോസിൻ ജോർജ്

മൾട്ടിസ്ട്രാഡയെ മറന്നോ? എങ്ങനെ മറക്കാനാവും അല്ലേ? ഒന്നര വർഷം മുമ്പായിരുന്നു നമ്മൾ അവസാനം അവനെ കണ്ടത്. അന്ന് മൾട്ടിസ്ട്രാഡ 1200 ആയിരുന്നെങ്കിൽ ഇന്ന് 1260 ആയിട്ടാണ് പുതിയ അവതാരം. വെറുമൊരു പേരുമാറ്റം മാത്രമാണോ 1260? നമുക്കൊന്നു നോക്കാം. കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് മൾട്ടിസ്ട്രാഡ 1260 ന്റെയും വരവ്. മൾട്ടിസ്ട്രാഡ 1260, 1260 എസ്, 1260 ഡി ഏയ്ർ, 1260 പൈക്‌സ് പീക്ക് എന്നിങ്ങനെ നാലു വേരിയന്റുകളാണ് ഇറങ്ങിയിട്ടുള്ളത്. നമ്മോടൊപ്പമുള്ളത് 1260 എസ് ആണ്. രാത്രി പത്തുമണിയോടെയാണ് ഞങ്ങൾ മൾട്ടിസ്ട്രാഡയുമായി നാടുചുറ്റാനിറങ്ങുന്നത്. അതുകൊണ്ട് കാഴ്ചയെപ്പറ്റി രണ്ടാമതു പറയാം. ആദ്യം റൈഡ് നടക്കട്ടെ. പാതിരാവോടടുത്ത് കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രയിൽ നമുക്ക് മൾട്ടിസ്ട്രാഡ 1260 എസിനെ വിശദമായി പരിചയപ്പെടാം.

റൈഡ്

കീ ഫോബ് പോക്കറ്റിലിട്ട് ഹെൽമെറ്റും റൈഡിങ്ങ് ഗിയറുമൊക്കെ ധരിച്ച് മൾട്ടിസ്ട്രാഡയുടെ സീറ്റിലേക്ക് കയറിയിരുന്നപ്പോൾ ഒരു നല്ല ഓഫീസ് ചെയറിലിരിക്കുന്ന സുഖം. അൺലോക്ക് ചെയ്തതും പുത്തൻ ടിഎഫ്ടി ഡിസ്പ്‌ളേയിൽ മിഴിവോടെ ഡ്യുകാറ്റിയുടെ ലോഗോ തെളിഞ്ഞു. എൻജിൻ ഓൺ/ഓഫ് സ്വിച്ച് സ്ലൈഡ് ചെയ്ത് സ്റ്റാർട്ടറിൽ വിരലമർന്നതും പുതിയ ടെസ്റ്റാട്രെറ്റാ ഡിവിടി 1262 സിഎം 3 യൂറോ 4 എൻജിൻ മുരണ്ടുണർന്നപ്പോൾ പില്യൺ റൈഡറായി ഫോട്ടോഗ്രാഫർ ജോസിനും ഒപ്പം കയറി. മൾട്ടിസ്ട്രാഡയ്ക്ക് അർബൻ, ടൂറിങ്ങ്, സ്‌പോർട്ട്, എൻഡ്യൂറോ എന്നിങ്ങനെ നാല് റൈഡ് മോഡുകളാണുള്ളത്. അർബൻ മോഡിൽ 1260 എസ് കൊച്ചി നഗരത്തിരക്കുകളിലേക്കു കയറി. പ്രകടമായ മാറ്റങ്ങളാണ് മൾട്ടിസ്ടാഡയുടെ എൻജിനിൽ സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ വേഗങ്ങളിൽ പോലും പരാതിയില്ലാതെ ഒഴുകിനീങ്ങുന്ന തരത്തിലുള്ള ട്യൂണിങ്ങ് ആണ് അർബൻ മോഡിൽ. ചെറുവഴികളിലൂടെ കുറെ നേരം ഓടി കോതമംഗലമെത്തുമ്പോൾ മൾട്ടിസ്ട്രാഡയുടെ ഒരു ഫീച്ചർ എനിക്കേറെ ഇഷ്ടമായി. വളവുകൾ തിരിയാനായി ബൈക്ക് അല്പമൊന്നു ചെരിയുമ്പോൾ തന്നെ ആ വശത്തെ റോഡിനെ പ്രകാശപൂരിതമാക്കുന്ന കോർണറിങ്ങ് ലാമ്പുകളാണ് അവ. ബാക്ക്‌ലിറ്റ് ഉള്ള സ്വിച്ച്ഗിയറും ഉപകാരപ്രദം തന്നെ.


കോതമംഗലമെത്തിയതോടെ റോഡ് ഏറെക്കുറെ വിജനമായി. റൈഡ് മോഡ് ടൂറിങ്ങിലേക്ക് മാറ്റി ത്രോട്ട്ൽ തുറന്നു. മൾട്ടിസ്ട്രാഡ പറപറന്നു. ആറു സ്പീഡ് ട്രാൻസ്മിഷനിൽ എല്ലാം ടോൾ ഗിയർ റേഷ്യോസ് ആണ്. അതു കാരണം പല റോഡുകളിലും രണ്ടാം ഗിയറിനപ്പുറം പോകാൻ കഴിഞ്ഞില്ല. 1262സിസി എൽട്വിൻ എൻജിന് ഇപ്പോൾ കരുത്ത് 9500 ആർപിഎമ്മിൽ 158 ബിഎച്പിയാണ്. ടോർക്ക് 7500ആർപിഎമ്മിൽ 129 ന്യൂട്ടൺ മീറ്ററും. ഡെസ്‌മോഡ്രോമിക് വാൽവ് ടൈമിങ്ങ് അഥവാ ഡിവിടി സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഈ എൻജിന്റെ പ്രകടനം ഓരോ സാഹചര്യത്തിലും വ്യത്യസ്തമാണെന്ന സത്യം ഈ യാത്രയിൽ അനുഭവിച്ചറിയാനായി. സ്‌പോർട്ട്, എൻഡ്യൂറോ മോഡുകളും ഇടയ്‌ക്കൊന്ന് പരീക്ഷിക്കാൻ മറന്നില്ല. അസാമാന്യമായ കരുത്തിനെ വരുതിക്കു നിർത്താൻ ഡിടിസി അഥവാ ഡ്യുകാറ്റി ട്രാക്ഷ ൻ കൺട്രോൾ, ഡിഡബ്‌ള്യൂസി അഥവാ ഡ്യുകാറ്റി വീലീ കൺട്രോൾ തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളുമുണ്ട് മൾട്ടിസ്ട്രാഡയ്ക്ക്. ബ്രെംബോയുടെ ബ്രേക്കിങ്ങ് എല്ലാ മൾട്ടിസ്ട്രാഡ 1260 വേരിയന്റുകൾക്കും സ്റ്റാൻഡേഡ് സൗകര്യമാണ്. ഇതോടൊപ്പം ബോഷിന്റെ കോർണറിങ്ങ് എബിഎസുമുണ്ട്. മോശം റോഡുകളിൽ വളവുകൾ തിരിയുമ്പോൾ ഇതു തരുന്ന ആത്മവിശ്വാസം ചെറുതല്ല..


ആ യാത്ര അവസാനിച്ചത് മൂന്നാറിനടുത്ത് ശാന്തൻപാറയിൽ സുഹൃത്ത് ആശിഷ് വർഗീസിന്റെ വീട്ടിലായിരുന്നു. നേരം വെളുത്തപ്പോൾ തന്നെ ഞങ്ങളുടെ ഇഷ്ടലൊക്കേഷനായ ശാന്തൻപാറയ്ക്കടുത്തുള്ള കുന്നിൻ മുകളിലേക്ക് മൾട്ടിസ്ട്രാഡയുമായി പോകാനായിരുന്നു പ്‌ളാൻ. പക്ഷേ വഴിയിലാകെ നിറഞ്ഞ കോടമഞ്ഞ് ഞങ്ങളെ മറ്റൊരു സ്ഥലമന്വേഷിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ ആശിഷിന്റെ ജീപ്പിനു പിന്നാലെ മൾട്ടിസ്ട്രാഡ മറ്റൊരു കുന്നുകയറിത്തുടങ്ങി. ഉരുളങ്കല്ലുകളും പൊടിയും നിറഞ്ഞ ജീപ്പ് റോഡിലൂടെ മൾട്ടിസ്ടാഡ ഒരു കാട്ടാടിനെപ്പോലെ പാഞ്ഞുകയറി. ഇടയ്‌ക്കൊരു കയറ്റത്തിൽ വെച്ച് പണി പാളിയോ എന്നൊരു ഭയത്തിൽ ഞാൻ ബൈക്ക് നിർത്തി.

ബ്രേക്ക് റിലീസ് ആയിട്ടും മൾട്ടിസ്ട്രാഡ പിന്നോട്ടുരുണ്ടില്ല..! കാരണം ഡ്യുകാറ്റിയുടെ വെഹിക്ക്ൾ ഹോൾഡ് കൺട്രോൾ എന്ന പുതിയ സംവിധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒമ്പതു സെക്കൻഡ് നേരത്തേക്ക് വാഹനത്തെ വാഹനത്തെ തടഞ്ഞുനിർത്താൻ ഈ സംവിധാനത്തിനു കഴിയും. അങ്ങനെ പുതിയൊരു ഫീച്ചർ കൂടി അനുഭവിച്ചറിയാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ ഞങ്ങൾ അടുത്തുകണ്ട പാറയ്ക്കു മുകളിലേക്ക് മൾട്ടിസ്ട്രാഡയുമായി കയറി. ഫോട്ടോഷൂട്ടിനായി തയ്യാറെടുക്കുമ്പോഴാണ് ഞാൻ വിശദമായി ഇവനെ ഒന്നു കണ്ടത്.

കാഴ്ച

ഉയരം കൊണ്ടാണ് മൾട്ടിസ്ട്രാഡ തന്റെ സാന്നിദ്ധ്യമറിയിക്കുന്നത്. പതിവു നിറമായ ഡ്യുകാറ്റി റെഡിൽ നിന്നും വ്യത്യസ്തമായി വോൾകാനോ ഗ്രേ നിറത്തിൽ ഏതോ ഭീകരജീവിയുടെ മുഖഭാവമാണ് മൾട്ടിസ്ട്രാഡയ്ക്ക്. എൽഇഡികൾ നിരത്തിയ ഇരട്ട ഹെഡ്‌ലാമ്പുകളും അവയ്ക്കു താഴെയുള്ള ഡ്യുവൽ എയർ ഇൻടേക്കുകളുമൊക്കെ ചേർന്ന് ആ മുഖമെന്ന സങ്കല്പം പൂർത്തിയാക്കുന്നുണ്ട്. എയർ സ്‌കൂപ്പുകൾക്കു താഴെ കരുത്തുറ്റ 48എം.എം അപ്‌സൈഡ് ഡൗൺ ഫോർക്കുകൾ ഒരുക്കിയിരിക്കുന്നത് സാഷ് ആണ്.

ഡ്യുകാറ്റി സ്‌കൈ ഹുക്ക് സസ്‌പെൻഷനിൽ (ഡിഎസ്എസ്) നിയന്ത്രിതമാണ് ഇവ. ഇലക്ട്രോണിക്കലി അഡ്ജസ്റ്റബ്ൾ കംപ്രഷൻ ആൻഡ് റീബൗണ്ട് ഡാമ്പിങ്ങും മാന്വലി അഡ്ജസ്റ്റബ്ൾ പ്രീലോഡുമാണ് ഇവയ്ക്കുള്ളത്. 320 എം.എം ഇരട്ട ഡിസ്‌ക് ബ്രേക്കുകൾക്ക് കടിഞ്ഞാണിടുന്നത് ബ്രെംബോയുടെ വേൾഡ് സൂപർബൈക്ക് നിലവാരമുള്ള 4 പിസ്റ്റൺ കാലിപറുകളാണ്, ഇവയ്ക്കു പിൻബലമായി ബോഷിന്റെ പുതുതലമുറ കോർണറിങ്ങ് എബിഎസുമുണ്ട്. വശങ്ങളിലേക്കു വരുമ്പോൾ മൾട്ടിസ്ട്രാഡയുടെ മുൻഭാഗത്തിന് ഒരു ഫാൽക്കൺ പക്ഷിയുടെ അഴകാണ്. മുന്നിലെ സെമിഫെയറിങ്ങ് തന്നെ ഇടതടവില്ലാതെ ടാങ്കിലേക്ക് ഒഴുകിനീങ്ങു ന്ന കാഴ്ച.

അതിനു താഴെയായി രണ്ട് സാബർടൂത്ത് ശൈലിയിലുള്ള എയർസ്‌കൂപ്പുകളും കാണാം. ട്രെലിസ് ഫ്രെയിമും മിക്ക ഭാഗവും പുറത്തു കാണാവുന്ന എൽ ട്വിൻ എൻജിനുമാണ് സൈഡ് പ്രൊഫൈലിലെ പ്രധാന ദൃശ്യങ്ങൾ. 2:1:2 അനുപാതത്തിൽ ഇരട്ടക്കുഴലുകളായി പിന്നിലേക്കു നീളുന്ന എക്‌സോസ്റ്റ് പൈപ്പുകൾ. കാസ്റ്റ് അലോയ് സ്വിങ്ങ് ആമിൽ ഉറപ്പിച്ച പിൻവീലിന്റെ അഴകു പ്രകടമാകുന്നത് സിംഗിൾ മൗണ്ട് ഹബ്ബ് ആയതിനാലാണ്. അഡ്വഞ്ചർ ബൈക്കുകളിൽ ഇങ്ങനെയൊരു പതിവില്ലാത്തതാണ്. പിന്നിലേക്കെത്തുമ്പോൾ ഒതുങ്ങിയ ടെയ്ൽപീസും വിരിഞ്ഞ ഗ്രാബ് റെയിലുമാണ് മൾട്ടിസ്ട്രാഡയ്ക്കുള്ളത്. ഗ്രാബ് റെയിലുകൾക്കടിയിൽ ഇരട്ട ബൂമറാങ്ങുകളെപ്പോലെ ടെയ്ൽലാമ്പ് അസംബ്‌ളിയും കാണാം.
ആകെ മൊത്തം ഡ്യുവൽ സ്‌പോർട്ട് എന്നതിനെക്കാളുപരി സ്‌പോർട്‌സ് ടൂറർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു മോട്ടോർസൈക്കിളാണിത്. ഈ സെഗ്മെന്റിൽ ഒരു വാഹനം അന്വേഷിക്കുന്ന ആളാണ് നിങ്ങളെങ്കിൽ കരുത്തുറ്റ എൻജിനും ഒട്ടേറെ സുരക്ഷാസൗകര്യങ്ങളുമൊത്തിണങ്ങിയ മൾട്ടി
സ്ട്രാഡയെ ഒരു തരത്തിലും അവഗണിക്കാനാവില്ല$

Vehicle Provided By:
Ducati Kochi
Ph: 0484 4855111

Copyright: Smartdrive-Feb, 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>