Test Ride: Honda Activa 125 FI BS6
November 18, 2019
“We know the nerve of the market”: Manav Kapur, Steelbird International
November 20, 2019

Test ride: Bajaj Pulsar 125 Neon

ബജാജ് പൾസർ ശ്രേണിയിലെ ഏറ്റവും പുതിയ അംഗമായ പൾസർ 125 നിയോണിനെ ഒന്നടുത്തറിയാം.

എഴുത്തും ചിത്രങ്ങളും: ജുബിൻ ജേക്കബ്

ബജാജ് ഓട്ടോ ലിമിറ്റഡ് എന്ന കമ്പനിയുടെ തലവര മാറ്റിയെഴുതിയ മോഡലാണ് പൾസർ എന്നറിയാമല്ലോ 2001ൽ ബജാജ് തുടങ്ങിയ അശ്വമേധം രണ്ടു പതിറ്റാണ്ടോടടുക്കുമ്പോഴും പൾസർ എന്ന ബ്രാൻഡിന്റെ ജനപ്രീതി തെല്ലും കുറഞ്ഞിട്ടില്ല. ശരാശരി 65000 പൾസറുകളാണ് ഒരു മാസം ബജാജിന്റെ സെയിൽസ് ഗ്രാഫിനെ അലങ്കരിക്കുന്നത്. എങ്കിലും എക്‌സിക്യുട്ടീവ് കമ്യൂട്ടർ സെഗ്മെന്റിൽ മേൽക്കൈ നേടാനുള്ള ബജാജിന്റെ ശ്രമങ്ങൾ വേണ്ടത്ര ഫലിച്ചില്ലെന്നാണ് വിപണിയിലെ കഥ. പൾസർ 135 എന്നൊരു മോഡൽ വന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനൊരു ശക്തമായ മറുപടി നൽകാനാണ് പൾസർ 125 എന്ന മോഡലിലൂടെ ബജാജിന്റെ ശ്രമം. 150-200 സിസി സെഗ്മെന്റിലെ അനിഷേധ്യനായ നേതാവിന് എൻട്രിലെവലിൽ ചുവടുറപ്പിക്കാനാവുമോ? നമുക്കൊന്നു നോക്കാം.

കാഴ്ച

അടുത്തിടെ വിപണിയിലെത്തിയ പൾസർ 150 നിയോൺ മോഡലുമായി അസാമാന്യമാംവിധം സാദൃശ്യമുള്ള രൂപമാണ് പൾസർ 125നും. അതിനു കാരണം മറ്റൊന്നുമല്ല. ഇരു ബൈക്കുകളും ഒരേ പ്‌ളാറ്റ്‌ഫോമിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ മറ്റ് 125 സിസി ബൈക്കുകൾക്കില്ലാത്ത ഒരു ഗാംഭീര്യം പൾസർ 125നു ലഭിക്കുന്നുണ്ട്. ഒന്നര പതിറ്റാണ്ടോളമായി പൾസറിന്റെ തനതു മുഖമുദ്രയായ ഹെഡ്‌ലാമ്പും വുൾഫ് ഐ പൈലറ്റ് ലാമ്പുകളുമൊക്കെ പൾസർ 125നും ലഭിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റ് എൽഇഡി ആക്കാമായിരുന്നു. പതിമൂന്നു വർഷം മുമ്പ് ആദ്യമായി ടെയ്ൽലാമ്പിൽ എൽഇഡി കൊണ്ടുവന്നത് ബജാജ് തന്നെയായിരുന്നു എന്നത് മറക്കുന്നില്ല. ഹെഡ്‌ലാമ്പിനു മുകളിൽ ഒരു നീലക്കുറി കാണാം. 150 നിയോണിന് ചുവപ്പെങ്കിൽ 125ന് നീലയായെന്നു മാത്രം. ഫോർക്കുകളും ഫ്രണ്ട് ഫെൻഡറുമൊക്കെ മാറ്റമില്ല. മറ്റൊരു പ്രത്യേകതയെന്തെന്നാൽ, പൾസർ ശ്രേണിയിലാദ്യമായി ഫ്രണ്ട് ഡ്രം ബ്രേക്കുള്ള വേരിയന്റ് വരുന്നത് 125നാണ്. വിലകുറയ്ക്കാനുള്ള തന്ത്രമെങ്കിലും 125 സിസി സ്‌കൂട്ടറുകൾ പോലും ഡിസ്‌ക് ബ്രേക്ക് നേടിയ ഈ കാലത്ത് ബജാജ് ഇങ്ങനെ ചെയ്യേണ്ടിയിരുന്നോ എന്ന സംശയം ബാക്കി. ടാങ്കിലെ പൾസർ എന്ന എഴുത്തിനും നീലയുടെ സമൃദ്ധിയാണ്. 17 ഇഞ്ച് അലോയ് വീലുകളിൽ നീല നിറം തളം കെട്ടിയതു പോലെ ഒരു മിന്നായം കാണാം. സീറ്റിങ്ങ് പൊസിഷനും ടെയ്ൽ ഫെൻഡറും, എക്‌സോസ്റ്റുമൊക്കെ പക്കാ പൾസർ ശൈലിയിൽ തന്നെ. സ്പ്‌ളിറ്റ് സീറ്റുള്ള ഒരു വേരിയന്റും 125നുണ്ട്. എഞ്ചിനിലേക്കു നോക്കുമ്പോൾ 125 സിസിയുടേതായ കുട്ടിത്തമൊന്നും കാണാനില്ല. അതിനു കാരണവുമുണ്ട്. 150 സിസി എഞ്ചിൻ തന്നെ സിലിണ്ടർ ബോർ അതേപടി നിലനിർത്തിക്കൊണ്ട് സ്‌ട്രോക്ക് ലെങ്ങ്ത് കുറച്ച് 125 ആക്കിയിരിക്കുകയാണ്..!

ഒന്നു കയറിയിരുന്നു നോക്കാം. ഡിജിറ്റൽ അനലോഗ് സമ്മിശ്രമായ കൺസോൾ അതേപടി നിലനിർത്തിയിരിക്കുന്നു. വാണിങ്ങ് ലാമ്പുകളിൽ പണ്ടത്തേതു പോലെ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേഷൻ ഇല്ല, പകരം അത് ഡിജിറ്റൽ ഡിസ്പ്‌ളേയിൽ കുഞ്ഞക്ഷരങ്ങളിൽ എഴുതിക്കാണിക്കുകയാണ്. എന്നാൽ എനിക്കു വ്യക്തിപരമായി ഇഷ്ടമായതും, ചിലർക്കെങ്കിലും ഇഷ്ടപ്പെടാതിരിക്കാൻ സാധ്യതയുള്ളതുമായ ഒരു കാര്യമുണ്ട്. പൾസർ 150 നിയോണും, ഈ ബൈക്കുമൊക്കെ ഇപ്പോഴും 2006ൽ ഇറങ്ങിയ യുജി 3 ഡിസൈനിൽ നിന്നും കാര്യമായി മുന്നോട്ടു പോയിട്ടില്ല. അതു തന്നെയാണ് ഏറ്റവും വലിയ ഗുണവും ദോഷവും എന്ന് പറയാം.

റൈഡ്

കയറിയിരുന്നപ്പോൾ തന്നെ പഴയ പൾസറിന്റേതായ ഒരു ഫീൽ കിട്ടി. ഒരു തട്ടിക്കൂട്ട് ബൈക്കല്ല 125 നിയോൺ എന്നു വ്യക്തം. 140 കി.ഗ്രാം ഭാരമുള്ള ഇവൻ ഈ സെഗ്മെന്റിലെ ഏറ്റവും ഹെവി മോഡലാണ്. സ്റ്റാർട്ട് ചെയ്യും മുമ്പേ സ്വിച്ച് ഗിയറുകളിലേക്കൊന്നു നോക്കാം. എല്ലാം പൾസറിന്റെ ഇല്യൂമിനേറ്റഡ് സിച്ച് കൺട്രോളുകൾ തന്നെ. സ്റ്റാർട്ടറിൽ തൊട്ടതും പൾസർ 125 ന്റെ ഹൃദയം മിടിച്ചുണർന്നു. വളരെ റിഫൈൻഡായ എഞ്ചിനാണ് 125ന്റേതെന്ന് തെളിയിക്കുന്ന ഐഡ്‌ലിങ്ങ്. റെവ് ചെയ്യുമ്പോഴും ചിലമ്പാതെ ഗൗരവത്തോടെ നിൽക്കുന്ന പ്രകൃതം. ഫസ്റ്റിട്ടു, ത്രോട്ട്ൽ തിരിച്ചതും 125 കുതിച്ചു. ഇവന്റെ കരുത്തിനെപ്പറ്റി പറഞ്ഞില്ലല്ലോ, 124 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനിൽ നിന്നും 11.8 ബിഎച്ച്പി അഥവാ 12 പി.എസ് കരുത്താണ് ബജാജ് പൾസറിന്. 11 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട്. കെടിഎം ഡ്യൂക്ക് കഴിഞ്ഞാൽ 125 വിഭാഗത്തിൽ ഏറ്റവും കരുത്തുള്ള ബൈക്ക് ഇതു തന്നെ. കെടിഎം ഒരു എക്‌സിക്യൂട്ടീവ് കമ്യൂട്ടർ ബൈക്കല്ലാത്തതിനാൽ ഈ കൂട്ടത്തിൽ നിന്നും ഒഴിവാക്കാം. അങ്ങനെ വരുമ്പോൾ 125 സിസിയിൽ കരുത്തൻ 125 നിയോൺ തന്നെ.

വലിയ കഷ്ടപ്പാടൊന്നും കൂടാതെ തന്നെ 80 കിലോമീറ്ററിനപ്പുറം കടക്കാൻ 125 നിയോണിനു കഴിയുന്നുണ്ട്. വേഗതയാർജ്ജിക്കാനുള്ള സ്ഥലം കൂടി കിട്ടിയാൽ ഈ ഡിടിഎസ്‌ഐ എഞ്ചിൻ നൂറും കടന്നു പായാൻ പ്രാപ്തമാണെന്ന് വ്യക്തം. പൾസർ സീരീസിൽ കരുത്തു തെളിയിച്ച ഡ്യുവൽ ക്രാഡ്ൽ ഫ്രെയിമും സസ്‌പെൻഷനുമൊക്കെ പാലാരിവട്ടം ഫ്‌ളൈ ഓവറിൽ പോലും സുഖകരമായ സവാരി തരും. മറ്റേതൊരു 125 സിസി ബൈക്കിനെക്കാളും സ്റ്റെബിലിറ്റിയുടെ കാര്യത്തിൽ പുലിയാണിവൻ. ബ്രേക്കിങ്ങിലും വിട്ടുവീഴ്ചയില്ല. ഡ്രം ബ്രേക്ക് വേരിയന്റ് ഓടിച്ചിട്ടില്ലാത്തതിനാൽ അതിനെപ്പറ്റി ഇവിടെ പറയാനാവില്ല. മുന്നിൽ 240 എം.എം ഡിസ്‌കും പിന്നിൽ ഡ്രമ്മുമാണ് ബ്രേക്കിങ്ങ് നിർവഹിക്കുന്നത്. 1320 എം.എം ആണ് പൾസർ 125 നിയോണിന്റെ വീൽബേസ്. ഹാൻഡ്‌ലിങ്ങിനെ സഹായിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് ഇതും കൂടിയാണ്. ഡിസ്‌കവർ 125, പൾസർ 150 നിയോൺ എന്നിവയ്ക്കിടയിൽ വളരെ കൃത്യമായി നിലകൊള്ളുന്ന ഒരു മോഡലാണ് 125 നിയോൺ. ഹോണ്ടാ സിബി ഷൈൻ, ഹീറോ ഗ്‌ളാമർ എന്നിവയാണ് മുഖ്യ എതിരാളികൾ. പൾസർ സീരീസിന്റെ കരുത്തും പെർഫോർമൻസും 125 നിയോണിന്റെ കുതിപ്പിനു കരുത്തേകുമോ? കാത്തിരുന്നു കാണാം$

Smartdrdrive- November 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>