ബജാജിന്റെ സ്പോർട്ട്സ് ടൂറർ ആയ ഡോമിനാറി ന്റെ 250സിസി പതിപ്പ് വിപണിയിലെത്തിയിരിക്കുകയാണ്. ആരാണ് ഈ ഡൊമിനാർ 250 എന്ന് ഒന്നു നോക്കിയാലോ?
പൾസറിനു ശേഷം ബജാജിൽ നിന്നും സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഡോമിനാർ 400 എന്ന സ്പോർട്സ് ടൂറർ. കെടിഎമ്മിൽ നിന്നു കടം കൊണ്ട എഞ്ചിനും ബജാജിന്റെ സ്വന്തം ഡിസൈനും കൂടിയായപ്പോൽ ഡോമിനാർ അന്താരാഷ്ട്ര തലത്തിൽ പ്രശംസ ഏറ്റുവാങ്ങി. ആദ്യമായി ദക്ഷിണധ്രുവത്തിൽ എത്തിച്ചേരുന്ന ഇന്ത്യൻ മോട്ടോർസൈക്കിൾ എന്ന ബഹുമതി പോലും ഡോമിനാർ സ്വന്തമാക്കി. ദീർഘദൂരയാത്രക്കാരുടെ ഇഷ്ടവാഹനമായി ഡോമിനാർ മാറിത്തുടങ്ങി. എങ്കിലും ഡോമിനാറിലേക്കെത്താൻ കഴിയാതെ മടിച്ചുനിന്ന ഒരു വിഭാഗം ബൈക്ക് പ്രേമികളും ഇവിടെയുണ്ടായിരുന്നു. അത്രയും വലിയ എഞ്ചിനുള്ള ഒരു ബൈക്ക് വേണ്ട എന്നതു കൊണ്ട് ഡോമിനാറിനെ ഒഴിവാക്കാൻ നിർബന്ധിതരായവർ. അവർക്കു വേണ്ടിയാണിപ്പോൾ ബജാജ് ഡോമിനാറിന്റെ ഒരു കുഞ്ഞനിയനെ കൊണ്ടു വന്നിരിക്കുന്നത്. ഡോമിനാർ 250 എന്ന പുതുമുഖത്തെ പരിചയപ്പെടാം.
ഒറ്റനോട്ടത്തിൽ ഡോമിനാർ 400 എന്നു പറയുന്ന അതേ രൂപം. ബോഡി പാനലുകൾ പോലും അതേപടി പകർത്തിയിരിക്കുന്നു. എന്നാൾ ചെറിയ ചില മാറ്റങ്ങളുണ്ടു താനും. അതെന്തൊക്കെയാണെന്നു നമുക്കു നോക്കാം.
ടയറുകളിൽ നിന്ന് തുടങ്ങാം. ആർഎസ് 200ൽ കണ്ട തരത്തിലുള്ള 100/80 ആർ17 ടയറാണ് മുന്നിലുള്ളത്. ഡോമിനാർ 400ലേതു പോലുള്ള മെഷീൻ ഫിനിഷ്ഡ് അലോയ് വീലുകൾ 250യിലില്ല. ഓൾ ബ്ളാക്ക് ഫിനിഷുള്ള അലോയ് വീലുകളാണിതിൽ. എടുത്തു പറയേണ്ട മറ്റൊരു കാര്യം യുഎസ്ഡി ഫോർക്കുകളാണ്. ഡോമിനാർ 400ലെപ്പോലെ 43 എംഎം ഫോർക്കിനു പകരം 37എംഎം ഫോർക്കുകളാണ് 250യിൽ.
ഹെഡ്ലാമ്പ് യൂണിറ്റ് 400ലേതിനു സമാനമായ എൽഇഡി യൂണിറ്റാണ്. വശങ്ങളിലേക്കു വരുമ്പോൾ 400ലേതിനു സമാനമായ സ്റ്റീൽ പെരിമീറ്റർ ഫ്രെയിം കാണാം. 250 എഞ്ചിന്റെ ദൃശ്യങ്ങൾ കാണുമ്പോഴും 400ൽ നിന്ന് കാര്യമായ വ്യത്യാസം തോന്നില്ല. നേരത്തേ പറഞ്ഞതു പോലെ ബോഡി പാനലുകൾക്കും മാറ്റമില്ല. ഡ്യുവൽ ബാരൽ എക്സോസ്റ്റും ചേട്ടനെപ്പോലെ തന്നെ. സ്പ്ളിറ്റ് സീറ്റുകളുടെ പ്രചോദനവും മറ്റൊന്നല്ല. പിന്നിലേക്കെത്തുമ്പോൾ ശ്രദ്ധയിൽ പെടുന്ന മറ്റൊരു കാര്യമാണ് സ്വിങ്ങ്ആമിന്റെ രൂപമാറ്റം. വില കുറയ്ക്കാനാവണം, ഒരു ബോക്സ് സെക്ഷൻ ടൈപ് സ്വിങ്ങ്ആമാണ് പിൻസസ്പെൻഷനിൽ ഡോമിനാർ 250ക്കു വേണ്ടി ബജാജ് ഒരുക്കിയിട്ടുള്ളത്. പിന്നിലെ ടയറിലുമുണ്ട് മാറ്റം. 400ലെ 150 സെക്ഷൻ ടയറിനു പകരം 130/70 ആർ 17 ടയറാണ് ഡോമിനാർ 250യുടെ പിന്നിലുള്ളത്. എൽഇഡി ടെയ്ൽലാമ്പിന്റെ രൂപവും പുതിയത് തന്നെ.
കയറിയിരിക്കുമ്പോൾ തന്നെ വളരെ ആയാസരഹിതമായ റൈഡിങ്ങ് പൊസിഷനാണ് ഡോമിനാർ 250യുടേത്. ഇൻസ്ട്രുമെന്റേഷൻ ഒന്നു പരിചയപ്പെടാം. ചേട്ടനെപ്പോലെ തന്നെ ടാങ്കിനു മുകളിലെ പാനലിൽ വാണിങ്ങ് ലാമ്പുകളെല്ലാമുണ്ട്. പ്രധാന കൺസോളിൽ ചെറിയൊരു മോണോക്രൊമാറ്റിക് സ്ക്രീനും അതിൽ സ്പീഡോ, ഓഡോ, ടാക്കോ റീഡിങ്ങുകളും ഫ്യുവൽ ഗേജും ക്ളോക്കും മാത്രം. അതിനു താഴെയായുള്ള ചെറിയ സ്ഥലത്ത് ഓയിൽ വാണിങ്ങ്, ന്യൂട്രൽ, ടേൺ ഇൻഡിക്കേഷനുകളും റെവ് ലിമിറ്റർ ലാമ്പും കൊടുത്തിരിക്കുന്നു.
സ്വിച്ച്ഗിയറുകൾ ബജാജിന്റെ പതിവു രീതിയിൽ തന്നെ, പക്ഷേ നീല ബാക്ക്ലിറ്റ് ഉള്ളവയാണ്. ആ നീല ഒഴിവാക്കാമായിരുന്നു എന്നു തോന്നി. സ്റ്റാർട്ട് ബട്ടണിൽ വിരൽ തൊട്ടതും ഡോമിനാറിന്റെ എഞ്ചിൻ തുടിച്ചുണർന്നു. സാമാന്യം ഗാംഭീര്യമുള്ള എക്സോസ്റ്റ് നോട്ടാണ് ഡോമിനാറിന്റെ ട്വിൻ ബാരൽ സൈലൻസറിൽ നിന്നും മുഴങ്ങുന്നത്. 248 സിസി ലിക്വിഡ് കൂൾഡ്, ട്വിൻ സ്പാർക്ക് എഞ്ചിനാണിത്. കെടിഎം ഡ്യൂക്ക് 250യുടെ എഞ്ചിൻ അതേപടി ഡോമിനാറിലേക്ക് പറിച്ചുനടുകയല്ല ബജാജ് ചെയ്തത്. സിലിണ്ടർ ഹെഡിലും മറ്റും മാറ്റങ്ങളുണ്ട്. ഇരട്ട സ്പാർക്ക് പ്ളഗ് എന്ന ബജാജിന്റെ തനത് സാങ്കേതികവിദ്യയും ഇണക്കിച്ചേർത്തു.
കെടിഎമ്മിലേതിനെക്കാൾ അല്പം താഴ്ന്ന കംപ്രഷൻ അനുപാതത്തിലാണ് ഈ എഞ്ചിന്റെ പ്രവർത്തനം. എങ്കിലും കരുത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 8500 ആർപിഎമ്മിൽ 26.6 ബിഎച്പിയാണ് ഇവൻ പുറത്തെടുക്കുക. 6500 ആർപിഎമ്മിൽ 23.5 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട് ഈ ഫ്യുവൽ ഇൻജെക്റ്റഡ് എഞ്ചിന്. ട്രാൻസ്മിഷൻ 6 സ്പീഡ് തന്നെ. സ്ലിപ്പർ ക്ളച്ചുമുണ്ട്. ഗിയറുകളോരോന്നായി മാറി കുതിക്കുമ്പോൾ മനസ്സിലായ ഒരു കാര്യമുണ്ട്. സ്വതവേ ഭാരക്കുറവുള്ള, കരുത്തുറ്റ കെടിഎം ബൈക്കുകളെക്കാൾ ഒട്ടും മോശമല്ല ഡോമിനാർ..! ഏതാണ്ട് ഒപ്പത്തിനൊപ്പം നിൽക്കാനുള്ള എല്ലാ കഴിവുമുണ്ട് ഇവന്.
പിന്നിലെ ടയറിന് ഡോമിനാർ 400ലേതിനെക്കാൾ വീതി കുറവായതു കൊണ്ട് വളവുകളിൽ പ്രശ്നമാകുമോ എന്നൊരു പേടിയുണ്ടായിരുന്നെങ്കിലും ആ ആശങ്ക അസ്ഥാനത്താണെന്ന് ഡോമിനാർ 250 തെളിയിച്ചു. 100 മുതൽ 120 വരെയുള്ള വേഗതകളിലും അനായാസമായ പ്രകടനം കാഴ്ചവെക്കുന്ന ഡോമിനാറിന്റെ അഞ്ചും ആറും ഗിയർ വളരെ ടോൾ റേഷ്യോ ഉള്ളതിനാൽ പെട്ടെന്ന് ഒരു ഓവർടേക്കിങ്ങ് ഒക്കെ ആവശ്യമായി വരുമ്പോൾ ഡൗൺഷിഫ്റ്റ് ചെയ്യേണ്ടി വരുന്നുണ്ട്. ഹാർഡ് ആക്സിലറേഷനിൽ എക്സോസ്റ്റിൽ നിന്നും വരുന്നത് മനസ്സിനെ ത്രസിപ്പിക്കുന്ന നോട്ട് തന്നെയാണ്.
ഹാൻഡ്ലിങ്ങ് മികവിലും ഡോമിനാർ 250 വളരെ മുന്നിലാണ്. ഇതിനു നന്ദി പറയേണ്ടത് പ്രധാനമായും പെരിമീറ്റർ ശൈലിയിലുള്ള ഷാസിക്കാണ്. വളരെ റെസ്പോൺസീവ് ആയ ഒരു ബൈക്ക് ആയി ഡോമിനാർ 250യെ നിലനിർത്തുന്നതിൽ ഈ ഷാസിക്കുള്ള പങ്ക് വളരെ വലുതാണ്. പെട്ടെന്നുള്ള വെട്ടിത്തിരിയലുകളിലും വളവുകളിലുമൊക്കെ റൈഡറുടെ മനോവികാരങ്ങൾക്കൊപ്പം നിൽക്കും ഡോമിനാർ. ഡ്യുവൽ ചാനൽ എബിഎസിനെപ്പറ്റിയും പറയണമല്ലോ. മുന്നിൽ 300 എം.എം ഡിസ്കാണുള്ളത്, പിന്നിൽ 230 എം.എം. ബൈബ്രെയുടെ ബ്രേക്കിങ്ങ് സിസ്റ്റം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ചില നേരത്ത് ഒരല്പം മുറുകെപ്പിടിക്കേണ്ടതുണ്ട് എന്നു തോന്നി.
ദീർഘദൂരയാത്രകൾ ചെയ്യാനാഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ചേരുന്ന ഒരു ബൈക്കാണ് ബജാജ് ഡോമിനാർ 250. നഗരത്തിരക്കുകളിൽ ഒരു പക്കാ സ്ട്രീറ്റ്ബൈക്കായി വേഷം മാറാനും ഇവനു മടിയില്ല. അതുകൊണ്ടു തന്നെ വരും നാളുകൾ ഡോമിനാർ 250യുടേതായിരിക്കും എന്നതിൽ സംശയമില്ല$