In Love with Skoda Karoq!
July 24, 2020
Video Review: New Benz GLC Coupe
July 24, 2020

Test drive: VW T-Roc

പൂർണ്ണമായും യൂറോപ്പിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ടി-റോക്ക് എന്ന എസ് യു വി ഫോക്‌സ്‌വാഗൺ വിപണിയിലെത്തിച്ചു. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

ഫോക്‌സ്‌വാഗൺന്റെ വാഹനങ്ങൾ ജർമ്മൻ സാങ്കേതികത്തികവിന്റെ ഉദാഹരണങ്ങളാണ്. പുറത്തു നിന്നു കാണുമ്പോഴും ഉള്ളിൽ കയറി ഇരിക്കുമ്പോഴും ആ നിർമ്മാണ നിലവാരവും സുരക്ഷാബോധവും ബോധ്യപ്പെടാതിരിക്കില്ല. പോളോ എന്ന താരതമ്യേന ചെറിയ മോഡൽ മുതൽ ടിഗ്വാൻ എന്ന വലിയ എസ്‌യുവി വരെ ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്. ഫോക്‌സ്‌വാഗൺ ഇതുവരെ ഇന്ത്യയിൽ കോംപാക്ട് എസ്‌യുവികളൊന്നും അവതരിപ്പിച്ചിരുന്നില്ല. എന്നാൽ ഇന്ത്യക്കാരുടെ എസ്‌യുവി ഭ്രമം കണ്ടറിഞ്ഞ കമ്പനി ഇനി ഇന്ത്യയിൽ നിരവധി എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ പോവുകയാണ്. അതിന് തുടക്കമിട്ടുകൊണ്ടാണ് ടിഗ്വാൻ ഓൾസ്‌പേസ് വന്നത്. അതിനുശേഷം ടിറോക്ക് വന്നിരിക്കുന്നു. ഇനി ടിക്രോസ് വരും.
നമുക്ക് ഇന്ന് ഓടിച്ചു നോക്കാനുള്ളത്. ടിറോക്ക് ആണ്. പൂർണ്ണമായും നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ടി റോക്കിന്റെ 1000 യൂണിറ്റുകൾ മാത്രമെ ഇന്ത്യയ്ക്ക് ലഭിക്കുകയുള്ളൂ. അത് മുഴുവനും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും അറിയുക!

ടി-റോക്ക്

2014ലെ ജനീവ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കപ്പെട്ട്, 2018ൽ ലോക വിപണിയിലെത്തിയ എസ്‌യുവിയാണ് ടി-റോക്ക്. വലിപ്പം നോക്കിയാൽ ഹ്യുണ്ടായ് ക്രെറ്റയെക്കാൾ 70 മി.മീ നീളം കുറവേയുള്ളു. ഉയരവും അല്പം കുറവ്. 2590 മി.മീ എന്ന വീൽബെയ്‌സ് ഒട്ടും മോശമല്ല.

കാഴ്ച

ആരും നോക്കിപ്പോകുന്ന രൂപവും നിറങ്ങളുമാണ് ടി റോക്കിനുള്ളത്. ജർമ്മൻ ഡിസൈനിന്റെ തികവാണ് കാണാനാവുന്നത്. ചെത്തിയൊതുക്കിയെ ബോഡി ലൈനുകളും ഷാർപ്പ് കട്ടുകളുമൊക്കെ അതിസുന്ദരം. ഹെഡ്‌ലാമ്പ് എൽഇഡിയാണ്. ഡ്യുവൽ ബാരൽ ഹെഡ്‌ലാമ്പിലേക്ക് ഗ്രില്ലിന്റെ മേലെയുള്ള ക്രോമിയം സ്ട്രിപ്പ് കടന്നു നിൽക്കുന്നു. ഗ്രില്ലിന്റെ രൂപത്തിനൊപ്പിച്ച് ഹെഡ്‌ലാമ്പിന്റെ ഡിസൈൻ കൊടുത്തത് ഭംഗിയായിട്ടുണ്ട്. ഫോഗ്‌ലാമ്പിന്റെ സ്ഥാനത്ത് കാണുന്നത് ഡേടൈം റണ്ണിങ് ലാമ്പും ടേൺ ഇൻഡിക്കേറ്ററും ചേർന്ന കൺസോളാണ്. താഴെ, എയർഡാമിന്റെ ഇരുവശവും ഫോഗ്‌ലാമ്പുകൾ. അലൂമിനിയം ഫിനിഷുള്ള സ്‌കിഡ്‌പ്ലേറ്റും ബോണറ്റിലെ പവർലൈനുകളുമാണ് മുൻഭാഗത്തെ മറ്റ് കാഴ്ചകൾ. വശക്കാഴ്ചയിൽ ഓഡി ക്യു2വുമായി സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികമല്ല. രണ്ടും ഒരേ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് ജനിച്ചിരിക്കുന്നത്. ഒരേ പ്ലാറ്റ്‌ഫോമിലെ ജനനം കൊണ്ടുണ്ടായ സാദൃശ്യം വശക്കാഴ്ചയിലാണ് ബോധ്യപ്പെടുക എന്നു മാത്രം.

17 ഇഞ്ച് അലോയ്‌വീലും വലിയ ക്ലാഡിങും റൂഫ് റെയ്‌ലുമാണ് സൈഡ് പ്രൊഫൈലിൽ ശ്രദ്ധ പിടിച്ചു പറ്റുക. റൂഫിന് ബ്ലാക്ക് ഫിനിഷാണ്. അത് ഏതു നിറത്തിലുള്ള ടി റോക്കായാലും അത് അങ്ങനെ തന്നെ ആയിരിക്കും. പിൻഭാഗത്ത് ടിഗ്വാന്റെ ഛായ ആരോപിക്കാം. താഴെ ബമ്പറിന്റെ ഇരുവശത്തുമായി രണ്ട് സ്റ്റീൽ എക്‌സ്‌ഹോസ്റ്റുകൾ കാണാം. ഇത് വാഹനത്തിന്റെ പിൻഭാഗം സ്‌പോർട്ടിയാക്കാൻ വേണ്ടി മാത്രമുള്ളതാണ്. റിയർ സ്‌പോയ്‌ലർ, ഭംഗിയുള്ള ടെയ്ൽലാമ്പ് എന്നിവയും സ്‌കിഡ്‌പ്ലേറ്റും പിൻഭാഗത്തെ പ്രധാനഘടകങ്ങളാണ്. 445 ലിറ്റർ ആണ് ബൂട്ട്‌സ്‌പേസ്.

ഉള്ളിൽ

ഉൾഭാഗം തനി ഫോക്‌സ്‌വാഗൺ ആണ്. കടുംചാര നിറവും ബ്ലാക്ക് ഫിനിഷുമാണ് ഉള്ളിലെ നിറങ്ങൾ. ഡാഷ്‌ബോർഡ് ഉയർന്നു നിൽക്കുന്നു. വലിയ ഡിസൈൻ ഗിമ്മിക്കുകളൊന്നും ഡാഷ്‌ബോർഡിന്റെ ഡിസൈനിൽ പ്രയോഗിച്ചിട്ടില്ല. വിയന്ന ലെതർ അപ്‌ഹോൾസ്റ്ററിയാണ് സീറ്റിനുള്ളത്.


8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിലെ താരം. ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയുമൊക്കെ ഇതിലുണ്ട്. 6 എയർബാഗുകൾ, ടയർ പ്രഷർ മോണിട്ടറിങ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, പനോരമിക് സൺറൂഫ്, പിന്നിൽ ഡിസ്‌ക് ബ്രേക്കുകൾ, റിവേഴ്‌സ് ക്യാമറ എന്നിവ സുരക്ഷയുടെയും സൗകര്യങ്ങളുടെയും ലിസ്റ്റിൽ പെടുന്നു. ധാരാളം ഇന്റീരിയർ സ്‌പേസുണ്ട്.

സീറ്റുകളും അങ്ങേയറ്റം കംഫർട്ടബിൾ ആണ്. പക്ഷേ, സീറ്റിന് ലൈനിങ് പോലെ വെളുത്ത നിറം നൽകിയത് അത്ര ഭംഗിയായി തോന്നിയില്ല. ഹെഡ് ഓൺ കൊളിഷ്യൻ വാണിങ് സിസ്റ്റം, ലെയ്ൻകീപ്പ് അസിസ്റ്റ് എന്നിവ ടി റോക്കിന്റെ പ്രധാന സുരക്ഷാ സന്നാഹങ്ങളിൽ പെടുന്നുണ്ട്.
പിൻഭാഗത്തും ധാരാളം സ്ഥലസൗകര്യമുണ്ട്. ഹെഡ്‌സ്‌പേസും കുറവല്ല. എസി വെന്റുകൾ പിൻഭാഗത്തേക്കും കൊടുത്തിട്ടുണ്ട്. വിശാലമായ ആംറെസ്റ്റുമുണ്ട്. പക്ഷേ, ഉയർന്ന സെൻട്രൽ ടണൽ ഉള്ളതു കൊണ്ട് നടുവിൽ ഇരിപ്പ് അത്ര സുഖമാവില്ല.

ഡ്രൈവ്

1.5 ലിറ്റർ പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡിഎസ് ജി ഡ്യുവൽ ക്ലച്ച് ഗിയർ ബോക്‌സുമാണ് ടി റോക്കിനെ ചലിപ്പിക്കുന്നത്. സ്‌കോഡ കരോക്കിലെ എഞ്ചിൻ തന്നെയാണിത്. ഇനിയങ്ങോട്ട് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽപെട്ട പല വാഹനങ്ങളിലും നമ്മൾ കാണാൻ പോകുന്നതും ഈ എഞ്ചിൻ തന്നെ. 100 കി.മീ. വേഗതയെടുക്കാൻ 10 സെക്കന്റിൽ താഴെ മതി. 6500 ആർപിഎം വരെ പെർഫോമൻസിന്റെ തിരതള്ളലാണ്. സസ്‌പെൻഷൻ യൂറോപ്യൻ തന്നെയാണ്. ഇന്ത്യയ്ക്കു വേണ്ടി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ട് ഉയർന്ന വേഗതയിലും നല്ല സ്റ്റെബിലിറ്റിയുണ്ട്.


മുൻപിൻ ട്രാക്കുകൾ 1540, 1541 മി.മീ വീതം ഉള്ളതിനാൽ വിടർന്നു നിൽക്കുന്ന രീതിയാണ് ടി റോക്കിന്. അതുകൊണ്ട് റോഡിലും ആ ഗ്രിപ്പ് അനുഭവിക്കാൻ കഴിയുന്നുണ്ട്. 7 സ്പീഡ് ഡി എസ് ജി ഗിയർബോക്‌സിന്റെ ഗുണഗണങ്ങൾ ഏറെ പറയേണ്ടതില്ലല്ലോ. പോളോ മുതൽ ഈ ഗിയർബോക്‌സ് അതിന്റെ നന്മകൾ നമുക്ക് പകർന്നു തന്നിട്ടുള്ളതാണ്. എല്ലാത്തരത്തിലും ഒന്നാന്തരം ഡ്രൈവാണ് എഞ്ചിനും ഗിയർബോക്‌സും ചേർന്ന് സമ്മാനിക്കുന്നത്.

വിധിന്യായം

19.99 ലക്ഷം രൂപയാണ് ടി റോക്കിന്റെ എക്‌സ് ഷോറൂം വില. സ്‌റ്റൈലിങും എഞ്ചിൻ മികവും ഗിയർബോക്‌സിന്റെ സ്‌പോർട്ടിനെസും ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ സൗന്ദര്യവും ടി റോക്കിൽ ഒത്തുചേരുന്നുണ്ട്. $

Vehicle Provided by
EVM VW
8111991770

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>