Test Drive: Hyundai Creta 2020
June 27, 2020
Test Ride: Honda SP125
June 27, 2020

Test Drive: VW POLO 1.0L TSI

ഫോക്‌സ് വാഗൺ പോളോയുടെ പുതിയ ടിഎസ്‌ഐ എഡിഷൻ അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

എഴുത്ത്: ബൈജു എൻ നായർ, ചിത്രങ്ങൾ: അഖിൽ അപ്പു

പോളോ ഒരു വികാരമാണ്. ഇന്ത്യയിൽ മറ്റൊരു ചെറുകാറിനും ആ പദവി സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എനിക്കു തോന്നുന്നത് ചെറുകാറായി പോളോയെ ആരും കണ്ടിട്ടില്ല എന്നാണ്. സ്റ്റാറ്റസ് സിംബലാണ് പോളോ. നിർമ്മാണമികവിനും സുരക്ഷാമാനദണ്ഡങ്ങൾക്കും ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന മോഡൽ കൂടിയാണിത്. പോളോ ഉപയോഗിച്ചിട്ടുള്ളവരാരും മറ്റു വാഹനനിർമ്മാതാക്കളുടെ ചെറുകാറുകളിലേക്കെന്നും ചുവടുമാറില്ല എന്നതും ഒരു പഴഞ്ചൊല്ലുപോലെ ഇന്ത്യയിൽ കാതോടുകാതോരം പരക്കുന്ന സത്യമാണ്.
പോളോ ഇന്ത്യയിലെത്തിയിട്ട് ദശകത്തിലേറെയായി. ഇതിനിടെ വ്യത്യസ്ത എഞ്ചിനുകൾ പോളോയിൽ ഘടിപ്പിക്കപ്പെട്ടു. എന്നാൽ അവയിലേറ്റവും കരുത്തുറ്റ എഞ്ചിനാണ് 2020 മോഡലിൽ വന്നിരിക്കുന്നത്. ആ എഞ്ചിനോടുകൂടിയ മോഡലിനെ കമ്പനി വിളിക്കുന്നത് പോളോ 1.0 ടിഎസ്‌ഐ എന്നാണ്. ഈ മോഡലിലെ 999 സിസി ഡയറക്ട് ഇഞ്ചക്ഷൻ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ മികച്ച എഞ്ചിനുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പവറും മൈലേജും സമഞ്ജസം സമ്മേളിക്കുന്ന എഞ്ചിൻ എന്ന് സാഹിത്യഭാഷയിൽ പറയാം.

എഞ്ചിൻ
പുതുതാരമായ എഞ്ചിനെപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ട് തുടങ്ങാം. അരങ്ങൊഴിഞ്ഞ 1.2 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ 105 ബിഎച്ച്പി യായിരുന്നെങ്കിൽ, പുതിയ എഞ്ചിൻ ഒരു ലിറ്റർ എഞ്ചിൻ 110 ബിഎച്ച്പിയാണ്. എന്നാൽ, ടോർക്ക് രണ്ടിനും ഒന്നുതന്നെ175 ന്യൂട്ടൺമീറ്റർ. മാക്‌സിമം ടോർക്ക് കിട്ടുന്നത്, പുതിയ എഞ്ചിന് 1750 ആർപിഎമ്മിലാണ്. പഴയ എഞ്ചിനിത് 1500 ആർപിഎമ്മായിരുന്നു. 3 സിലിണ്ടർ എഞ്ചിനാണ് പുതിയത് എന്ന സത്യവും അറിയുക. ടിഎസ്‌ഐ മോഡലിൽ ആദ്യമായി മാനുവൽ ഗിയർ ബോക്‌സ് പ്രത്യക്ഷപ്പെട്ടു എന്നതും പുതിയ മാറ്റമാണ്. നേരത്തെ ഉണ്ടായിരുന്നത് 7 സ്പീഡ്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്‌സായിരുന്നല്ലോ. പുതിയ മോഡലിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള വേരിയന്റുമുണ്ട്. എന്നാൽ 7 സ്പീഡ് ഡി എസ് ജി യുടെ സ്ഥാനത്ത് ഇനിയുള്ളത് 6 സ്പീഡ്, ടോർക്ക് കൺവർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് ആണ് എന്നുള്ളതാണ് വാഹനപ്രേമികൾക്ക് ദുഃഖമുളവാക്കുന്ന കാര്യം.

നൂറുകിലോമീറ്റർ വേഗതയെടുക്കാൻ പുതിയ 1ലിറ്റർ എഞ്ചിന് 10 സെക്കന്റിൽ താഴെ മതി. 3 സിലിണ്ടർ എഞ്ചിനാണെന്നു കരുതി പെർഫോമൻസ് കുറയുമെന്ന ശങ്കയൊന്നും വേണ്ട. കുതിച്ചു പായുന്ന പ്രവർത്തനരീതിയാണ് ഈ എഞ്ചിനുള്ളത്. പെർഫോമൻസ് വച്ചുനോക്കുമ്പോൾ പോളോ 1 ലിറ്റർ ടിഎസ്‌ഐ ഈ സെഗ്‌മെന്റിലെ എല്ലാ മോഡലുകളെയും കവച്ചുവെക്കും. പോളോയോട് കുറച്ചെങ്കിലും എതിരിട്ടു നിൽക്കാൻ പറ്റുന്നത് ഫിയറ്റ് അബാർത്തിനാണ്. പക്ഷേ, ആ മോഡൽ ഇപ്പോൾ നിലവിലുമില്ലല്ലോ. മാനുവൽ ഗിയർബോക്‌സ് 6 സ്പീഡാണ്. ഗിയർ റേഷ്യോകളെല്ലാം കിറുകൃത്യം. അക്കാര്യത്തിലും സെഗ്‌മെന്റ് ലീഡർ പോളോ തന്നെ. 3 സിലിണ്ടർ എഞ്ചിനാണെങ്കിലും റിഫൈൻമെന്റിന് കുറവൊന്നുമില്ല. മൈലേജാകട്ടെ 18.24 കി.മീ/ലിറ്ററാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. പോട്ടെ, 15 കി.മീ/ലിറ്റർ കിട്ടിയാലും നമ്മൾ ഹാപ്പിയല്ലേ!

ഇനി കാഴ്ചയിലേക്ക് വരാം. പെട്ടെന്നു കണ്ടുപിടിക്കാവുന്ന മാറ്റങ്ങൾ കുറവാണ്. മുൻഭാഗത്ത് പക്ഷേ, ജിടിഐയുടെ മുൻഭാഗമാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അത് സ്‌പോർട്ടിയായിട്ടുമുണ്ട്. ക്രോമിയം സ്ട്രിപ്പോടുകൂടിയ ബ്ലാക്ക് ഹണികോംബ് ഗ്രില്ലാണ് ജിടിഐയിൽ നിന്ന് കടം കൊണ്ടിരിക്കുന്നത്. പിൻഭാഗത്ത് പുതിയ സൈഡ് സ്‌കർട്ടുകളും ഡിഫ്യൂസർ പോലെ തോന്നിക്കുന്ന ഭാഗവും വന്നിട്ടുണ്ട്.

ഉൾഭാഗം ഫുൾ കറുപ്പ് നിറമായി തുടരുന്നു. ഫ്‌ളാറ്റ്‌ബോട്ടം സ്റ്റിയറിങ്‌വീൽ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ഇണക്കിച്ചേർത്തിരിക്കുന്ന 6.5 ഇഞ്ച് സ്‌ക്രീൻ, ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റുകൾ, സ്റ്റിയറിങ് അഡ്ജസ്റ്റ്‌മെന്റുകൾ എന്നിവയിൽ ചില ഫീച്ചേഴ്‌സ് പുതിയതാണ്.
പിൻഭാഗത്ത് സീറ്റിൽ സ്ഥലസൗകര്യമൊന്നും വർദ്ധിച്ചിട്ടില്ല. പിൻഭാഗത്തേക്ക് എസി വെന്റുകളുണ്ട് പക്ഷേ യുഎസ്ബി സ്ലോട്ട് കൂടി ആകാമായിരുന്നു. 280 ലിറ്റർ ബൂട്ട്‌സ്‌പേസുണ്ട്. പിൻസീറ്റ് മടക്കിയാൽ കൂടതൽ ലഗേജ് സ്‌പേസ് കൂടുതൽ കിട്ടും.

വിധി

പത്തുവർഷമായി പോളോ വിപണിയിലുണ്ട്. ഇതിനിടെ ചെറിയ മാറ്റങ്ങൾ മാത്രമേ പോളോയിൽ ഫോക്‌സ്‌വാഗൺ വരുത്തിയിട്ടുള്ളൂ. എന്നിട്ടും വില്പനയ്ക്ക് ഒരു കുറവുമില്ല. പോളോയിലും ഫോക്‌സ്‌വാഗണിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് അതിനുകാരണം.
ഇപ്പോൾ പുതിയ എഞ്ചിനോടുകൂടിയ പോളോ വന്നപ്പോൾ ഗുണഫലങ്ങൾ വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനിയും ഒരു ദശാബ്ദം കൂടി പോളോയ്ക്ക് ജനപ്രിയ ഹാച്ച്ബായ്ക്കായി മുന്നോട്ടു പോകാൻ കഴിയും എന്നർത്ഥം.

Vehicle Provided By:
EVM VW
Kochi, Ph: 0484 4040404

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>