ലോക്ക്ഡൗണിനുശേഷം മാരുതി പുതിയ എസ് ക്രോസ് അവതരിപ്പിക്കും
May 12, 2020
BMW launched M8 Coupe in India for Rs.2.15 crore
May 12, 2020

Test drive: Tata Harrier 2020

Tata Harrier 2020

ടാറ്റയുടെ അഭിമാനസ്തംഭമായ ഹാരിയറിന്റെ 2020 പതിപ്പ് കൂടുതൽ കരുത്തനായി എത്തിച്ചേർന്നിട്ടുണ്ട്. ഒന്നു പരിചയപ്പെടാം.

Text & Photos: Jubin Jacob

കഴിഞ്ഞ വർഷം ഇന്ത്യയിലിറങ്ങിയ എസ്യുവികളിൽ ഏറ്റവുമധികം തരംഗം സൃഷ്ടിച്ച ഒരു മോഡലാണ് ടാറ്റാ ഹാരിയർ. ജാഗ്വർ ലാൻഡ്‌റോവറിൽ നിന്നും കടംകൊണ്ട ഡി 8 പ്‌ളാറ്റ്‌ഫോമിനെ നവീകരിച്ച ഓമേഗാർക്ക് പ്‌ളാറ്റ്‌ഫോമിലാണ് ഹാരിയറിന്റെ ജനനം എന്നറിയാമല്ലോ. ഈ ഡി 8 പ്‌ളാറ്റ്‌ഫോമിന്റെ കഥ ബഹുരസമാണ്. അതറിയണമെങ്കിൽ പത്തു പതിനാലു കൊല്ലം പിന്നോട്ടോടണം. ലാൻഡ്‌റോവറും വോൾവോയുമൊക്കെ ഫോർഡിന്റെ കയ്യിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഫോർഡ് വികസിപ്പിച്ചെടുത്ത ഇയുസിഡി എന്ന പ്‌ളാറ്റ്‌ഫോമിൽ നിന്നാണ് ഫോർഡിന്റെ മോഡലുകളായ ഗ്യാലക്‌സി, എസ് മാക്‌സ്, മോൺഡിയോ എന്നീ വാഹനങ്ങളും വോൾവോയുടെ എസ് 80 മുതൽ കഴിഞ്ഞ തലമുറ എക്സ്സി 60 വരെയുള്ള അനേകം മോഡലുകളും ഇറങ്ങിയത്. ലാൻഡ്‌റോവറിന്റെ ഫ്രീലാൻഡറാണ് ഈ പ്‌ളാറ്റ്‌ഫോമിൽ ആദ്യം വന്നത്. പിന്നീട് ഇതിനെ ഡി 8 എന്ന പേരിൽ പരിഷ്‌കരിച്ചപ്പോൾ ഡിസ്‌കവറി സ്‌പോർട്ട്, റേഞ്ച് റോവർ ഇവോക്, ജാഗ്വാർ ഇ പേസ് എന്നിവയും പിന്നാലെ വന്നു. ഏറ്റവുമൊടുവിലായിതാ ഹാരിയറും.

ഹാരിയർ നിരത്തിലിറങ്ങി ഒരു വർഷം തികയുമ്പോഴും താവഴി പലരും അറിഞ്ഞിട്ടില്ലെന്നതാണ് കൂടുതൽ അത്ഭുതപ്പെടുത്തുന്നത്. വിദേശ ബ്രാൻഡുകൾക്കൊപ്പം ഒരു കൈ നോക്കാൻ തക്ക ജനുസ്സിന്റെ ഗുണം ഹാരിയറിനുണ്ടെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. എന്നാൽ ചില കുറവുകൾ ഹാരിയറിനുണ്ടായിരുന്നു എന്നത് സത്യം. ഒന്ന്, ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ അഭാവം. രണ്ട്, കുറച്ചുകൂടി കരുത്തുണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ. മൂന്ന്, എൻവിഎച് അഥവാ നോയ്‌സ്, വൈബ്രേഷൻ, ഹാർഷ്‌നെസ് ലെവലുകളുടെ ഉയർന്ന തോത്. ഈ കുറവുകളെല്ലാം പരിഹരിച്ചാണ് ഹാരിയറിന്റെ 2020 മോഡൽ നമുക്കു മുന്നിലേക്കെത്തുന്നത്. 6 സ്പീഡ് ഓട്ടൊമാറ്റിക് ട്രാൻസ്മിഷനിലും ഇനി മുതൽ ഹാരിയർ ലഭ്യമാണ്. കരുത്തിന്റെ കുറവ് പരിഹരിച്ചു, 150 പിഎസിൽ നിന്നും 170 ആയി ഉയർന്നിട്ടുണ്ട്. എഞ്ചിൻ കൂടുതൽ റിഫൈൻഡായതോടെ എൻവിഎച് ലെവലുകളും കുറഞ്ഞിട്ടുണ്ട്.

കാഴ്ച
പുറമെ നിന്നുള്ള കാഴ്ചയിൽ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ ഹാരിയറിനില്ല. എന്നാൽ മാറ്റങ്ങളുണ്ടു താനും. പുതിയ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, കൂടുതൽ എയറോഡൈനമിക്കായ റിയർവ്യൂ മിററുകൾ ഇവയൊക്കെയാണ് പുറമെ നിന്നുള്ള പ്രധാന മാറ്റം. പിന്നെ ആക്‌സസ്സറിയായി ഒരു ക്രോം പാക്കേജുമുണ്ട്. ഹെഡ്‌ലാമ്പ്, ഷോൾഡർ ലൈൻ, റണ്ണിങ്ങ് ബോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ക്രോം ലൈനിങ്ങുകളും ഫൗക്‌സ് എക്‌സോസ്റ്റും അടങ്ങുന്നതാണിവ. സെനോൺ ഹെഡ്‌ലാമ്പുകളും എൽഇഡി ടെയ്ൽലാമ്പുകളുമൊക്കെ മാറ്റമില്ലാതെ തുടരുന്നു. റൂഫിൽ പിന്നിലായി ഷാർക്ക് ഫിൻ ആന്റെനയുമുണ്ട്.

ഉള്ളിൽ
പുതിയ ഹാരിയറിന്റെ ഉള്ളിലാണ് മാറ്റങ്ങളേറെയും. പനോരമിക് സൺറൂഫാണ് അതിൽ പ്രധാനം. ഇത് സെഗ്മെന്റിലെ ഏറ്റവും വലുതും വീതിയേറിയതുമാണത്രേ. ഇത് റെയിൻ സെൻസർ ഉള്ളതിനാൽ സൺറൂഫ് തുറന്നിരിക്കുമ്പോൾ മഴ പെയ്താലും പേടിക്കാനില്ല. യുഎസ്ബി പോർട്ടുകളുടെ സ്ഥാനം അൽപം കൂടി മാറി കൂടുതൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്. പിന്നിലെ യാത്രക്കാർക്കും ഒരു യുഎസ്ബി പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവർ സീറ്റ് 6 വേ പവേർഡ് സംവിധാനമുള്ളതായി മാറിയിട്ടുണ്ട്. അതുപോലെ തന്നെ ഉള്ളിലെ റിയർവ്യൂ മിറർ ഓട്ടോ ഡിമ്മിങ്ങ് ടൈപ്പായി, ഇനി പിന്നാലെ വരുന്നവരുടെ ഹൈബീം കാരണം കണ്ണടഞ്ഞു പോകില്ലെന്ന് സാരം. ലെതർ സീറ്റുകളും ലെതർ റാപ്പ്ഡ് സ്റ്റീയറിങ്ങ് വീലും, ഗിയർ നോബുമൊക്കെ ഹാരിയറിന്റെ ആഢ്യത്തം വർദ്ധിപ്പിക്കുന്നു. ഓക്ക് ബ്രൗൺ ഡാഷ്‌ബോർഡും അതിനു നടുവിലെ ഇൻഫൊട്ടെയ്ൻമെന്റ് സിസ്റ്റവുമൊക്കെ യൂറോപ്യൻ നിലവാരത്തിലേക്കെത്തുന്നവ തന്നെ.

സെന്റർ കൺസോളിലെ സ്റ്റോറേജ് സ്‌പേസിൽ കൂളിങ്ങ് സൗകര്യമുണ്ട്. മറ്റ് സ്റ്റോറേജ് സ്‌പേസുകൾ മാറ്റമില്ലാതെ തുടരുന്നു. ഗ്‌ളോബോക്‌സിൽ ലാപ് ടോപ്പ് ട്രേയുണ്ട്. എയർക്രാഫ്റ്റ് ടൈപ്പ് പാർക്കിങ്ങ് ബ്രേക്കാണ് ഹാരിയറിൽ എനിക്കിഷ്ടപ്പെട്ട മറ്റൊരു സംഗതി. അനലോഗ് സ്പീഡോമീറ്ററും ഡിജിറ്റൽ ടാക്കോമീറ്ററുമടങ്ങിയ കൺസോളിൽ പുതിയ ചില ഗേജുകളുണ്ട്, അത് വഴിയേ പറയാം. ഇൻഫൊട്ടെയ്‌ന്മെന്റ് സ്‌ക്രീനിന്റെ തീമും നിറവുമൊക്കെ കസ്റ്റമൈസ് ചെയ്യാമെന്നതും പുതിയ കാര്യമാണ്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്‌ളേ എന്നിങ്ങനെയുള്ള പ്‌ളാറ്റ്‌ഫോമുകൾ വഴിയല്ലാതെ മറ്റു തരത്തിലുള്ള കണക്ടിവിറ്റി സൗകര്യങ്ങളൊന്നും ടാറ്റാ ഹാരിയറിനു നൽകിയിട്ടില്ല എന്നത് തെല്ലു നിരാശപ്പെടുത്തുന്നുണ്ട്.

ഡ്രൈവ്
1956 മോഡൽ മൾട്ടിജെറ്റ് എഞ്ചിനെയാണ് ടാറ്റാ ക്രയോടെക് ആക്കി മാറ്റിയത്. 3750 ആർപിഎമ്മിലാണ് ഈ യൂണിറ്റ് 170 പിഎസ് കരുത്തു നേടുന്നത്. 350 ന്യൂട്ടൺ മീറ്റർ ടോർക്കാണ് ഇവനെ കൂടുതൽ കരുത്തനാക്കുന്നത്. ബിഎസ് 6 നിയമങ്ങൾക്കനുസൃതമായി ഹാരിയറിനെ മാറ്റിയെടുത്തിരിക്കുകയാണ് ടാറ്റാ. കരുത്ത് 140ൽ നിന്നും 170 ആയ കാര്യം പറഞ്ഞിരുന്നല്ലോ. ഇനി എന്താണ് പ്രധാന മാറ്റം? മലിനീകരണം നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സെലക്ടീവ് ക്യാറ്റലിറ്റിക് റിഡക്ഷൻ അഥവാ എസ്സിആർ ആണ് ഹാരിയറിലും ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ പ്രവർത്തനത്തിനാവശ്യമായ ഡീസൽ എക്‌സോസ്റ്റ് ഫ്‌ളൂയിഡ് സംഭരിക്കാൻ ഒരു പ്രത്യേക ടാങ്കും ഹാരിയറിലുണ്ടാവും. ഇതിന്റെ ലെവൽ അറിയാൻ ഒരു ഗേജും ഇൻസ്ട്രമെന്റ് ക്‌ളസ്റ്ററിലുണ്ട്. ഇനിയൊരു ഡ്രൈവ് ആകാം. ഓട്ടൊമാറ്റിക് വേരിയന്റാണ് ആദ്യമായി ഓടിക്കുന്നത്. പുനെയിൽ നിന്നും പഞ്ച്ഗനിയിലേക്കൊരു യാത്ര. സ്റ്റാർട്ട് സ്റ്റോപ് ബട്ടനമർന്നു; വലിയ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ ഹാരിയർ സ്റ്റാർട്ടായി. ആദ്യമോഡലിനെക്കാൾ ഏറെ റിഫൈൻഡാണിപ്പോൾ ഹാരിയറിന്റെ ക്രയോടെക് എഞ്ചിൻ. ഫിയറ്റ് നിർമിച്ച് ജീപ്പ് കോമ്പസ്, എംജി ഹെക്ടർ എന്നിവയിലൊക്കെ കരുത്തു തെളിയിച്ച എഞ്ചിൻ ടാറ്റയിലെത്തുമ്പോൾ അല്പം മടിയനായിരുന്നു. എന്നാൽ കൂടുതൽ കരുത്തനായി ഇവനെ കയ്യിൽ കിട്ടുമ്പോൾ എന്താവും കഥ.? നമുക്കൊന്നു നോക്കാം.


മൂന്ന് ഡ്രൈവ് മോഡുകളാണുള്ളത്. ഇക്കൊ, സിറ്റി, സ്‌പോർട്ട് എന്നിങ്ങനെയാണവ. സ്റ്റാർട്ടാവുമ്പോൾ സിറ്റി മോഡാണ് ഡീഫോൾട്ട്. സിറ്റിമോഡിൽ തന്നെ പുണെ നഗരത്തിലൂടെ ഹാരിയർ പാഞ്ഞു. സസ്‌പെൻഷൻ ഒരല്പം കടുപ്പമായിട്ടുണ്ടോ എന്നൊരു സംശയം. ഹൈവേയിലെത്തിയിട്ടും സ്‌പോർട്ട് മോഡില്ലാതെ തന്ന ഓവർടേക്കിങ്ങിൽ ഹാരിയർ കരുത്തു തെളിയിച്ചു. സ്‌പോർട്ട് മോഡ് കൂടിയായപ്പോൾ ട്രക്കുകൾ നിറഞ്ഞ ഹൈവേയിലൂടെ ഹാരിയർ അവയ്ക്കിടയിലൂടെ അനായാസം പാഞ്ഞു. പെഡൽ മാപ്പിങ്ങും പവർ ഡെലിവറിയുമൊക്കെ അമ്പേ മാറിയിരിക്കുന്നു. ഹാരിയറിൽ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇഎസ്പി, അഥവാ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രൊഗ്രാം. എല്ലാ വേരിയന്റുകളിലും ഇഎസ്പി സ്റ്റാൻഡേഡ് ഫീച്ചറാണ്..! ഉയർന്ന വേരിയന്റുകളിൽ ഇഎസ്പി മോഡുകൾ തെരഞ്ഞെടുക്കുകയും ചെയ്യാം. വെറ്റ് റോഡ്, റഫ് റോഡ് മോഡുകൾ തികച്ചും കാര്യക്ഷമവുമാണ്. ബ്രേക്കിങ്ങിലും ഒരു വിട്ടുവീഴ്ചയില്ല. നൂറു കിലോമീറ്ററിൽ പരം ഡ്രൈവ് ചെയ്ത് പഞ്ച്ഗനിയിലെ പ്രൊസ്‌പെക്റ്റ് ഹോട്ടലിലെത്തുമ്പോൾ ഹാരിയർ ഓട്ടൊമാറ്റിക് എന്റെ മനം കവർന്നിരുന്നു.
മടക്കം മാന്വൽ വേരിയന്റിലാണ്. ഗിയർ ഷിഫ്റ്റുകൾ കൂടുതൽ കൃത്യവും അനായാസവുമായി മാറിയിരിക്കുന്നു. ക്‌ളച്ച് വളരെ ലൈറ്റാണ്. ഇടയ്ക്ക് ഒരവസരം കിട്ടിയപ്പോൾ വേഗത 140നു മുകളിലെത്തിയിട്ടും ഹാരിയറിനു കുലുക്കമില്ല. അപ്പോഴാണ് സസ്‌പെൻഷന്റെ ഗുട്ടൻസ് എനിക്കു മനസ്സിലായത്. സോഫ്റ്റ് സസ്‌പെൻഷനുള്ള ഒരു വാഹനമാണെങ്കിൽ അങ്ങനെ പെരുമാറില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>