Test Drive: Hyundai i10 Grand Nios
September 14, 2019
Credible Partner: Visit to SS Mahindra, Thiruvanthapuram
September 16, 2019

Test Drive: Renault Triber

ലോഡ്ജിക്കുശേഷം റെനോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന 7 സീറ്റർ മൾട്ടിപർപ്പസ് വാഹനമാണ് ട്രൈബർ. യൂറോപ്യൻ നിലവാരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ട്രൈബറിന് പെട്രോൾ എഞ്ചിൻ മോഡൽ മാത്രമേയുള്ളു. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

ടെസ്റ്റ് ഡ്രൈവും ചിത്രങ്ങളും: ബൈജു എൻ നായർ

തൊട്ടതെല്ലാം പൊന്നാക്കുന്ന വാഹന നിർമ്മാണ കമ്പനിയാണ് റെനോ. യൂറോപ്പിലെ വമ്പൻ വാഹനനിർമ്മാതാക്കളാണെങ്കിലും ഇന്ത്യക്കാർക്ക് റെനോ (നമ്മുടെ ഭാഷയിൽ റെനോൾട്ട്!) അത്ര പരിചിതമായിരുന്നില്ല. എന്നാൽ ‘ഡസ്റ്റർ’ എന്നൊരു കോംപാക്ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചതോടെ കാര്യങ്ങൾ മാറി. ഡസ്റ്റർ, ഒരു പുതിയ എസ്‌യുവി യുഗത്തിന് തുടക്കം കുറിച്ചു എന്നു മാത്രമല്ല, റെനോ എന്ന പേര് ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കുകയും ചെയ്തു. പിന്നീടു വന്ന ക്വിഡ്, റെനോ എന്ന വാഹനനിർമ്മാതാവിനെ ജനപ്രിയമാക്കി.

ഇപ്പോൾ, കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാ വുന്ന ഒരു മോഡലാണ് റെനോ അവതരിപ്പിക്കുന്നത്-ട്രൈബർ. 4 മീറ്ററിൽ താഴെയാണ് നീളമെങ്കിലും, 7 സീറ്ററാണ് ട്രൈബർ. ഇന്ത്യയിലേയും ഫ്രാൻസിലേയും റെനോയുടെ എഞ്ചിനീയർമാർ കൂടിച്ചേർന്ന് ഡിസൈൻ ചെയ്ത ട്രൈബർ കാഴ്ചയിലും മോശമല്ല.

ട്രൈബർ

വലിയ കുടുംബങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് റെനോ ട്രൈബറിനെ അവതരിപ്പിക്കുന്നത്. വിഖ്യാതമായ സിഎംഎഫ് എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് ജനനം. 4 മീറ്ററിൽ താഴെയാണ് നീളമെങ്കിലും 2636 മി.മീ. വീൽബെയ്‌സുണ്ട്. 4 മീറ്റർ താഴെ നീളമുള്ള വാഹനങ്ങളിലെ ഏറ്റവും കൂടിയ വീൽബെയ്‌സാണിത്.

കാഴ്ച

ഏതു ചെറിയ മോഡലിനെയും കാഴ്ചയിൽ ഗൗരവമുള്ളതാക്കി മാറ്റാൻ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട് റെനോയ്ക്ക്. ട്രൈബറും അങ്ങനെ തന്നെ. ഒറ്റനോട്ടത്തിൽ ക്വിഡിന്റെ ഛായയുണ്ടെങ്കിലും ക്വിഡിനെക്കാൾ വലിപ്പവും എസ്‌യുവി ലുക്കും ട്രൈബറിനുണ്ട്. വലിയ ഗ്രിൽ റെനോയുടെ ഫാമിലി ഗ്രിൽ തന്നെയാണ്. മൂന്ന് സ്ലാട്ടുകളുള്ള ഗ്രില്ലിൽ ക്രോമിയത്തിന്റെ എത്തിനോട്ടവുമുണ്ട്. അതിന്മേൽ വലിയ റെനോ ലോഗോയും കാണാം. ഗ്രില്ലിനോട് ഇണങ്ങി നിൽക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ മനോഹരമാണ്. ഹെഡ്‌ലാമ്പിനു താഴെ ബമ്പറിലെ സ്ലോട്ടിനുള്ളിൽ എൽഇഡി ഫോഗ്‌ലാമ്പുകൾ കൊടുത്തിരിക്കുന്നു. വലിയ എയർഡാമും അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റുമുണ്ട് ബമ്പറിൽ. ബോണറ്റിലാകട്ടെ പവർ ലൈനുകളും. മുൻഭാഗം കാണുമ്പോൾ ഒരു കരുത്തുറ്റ എസ്‌യുവി ഓടി വരുന്നതു പോലെ തോന്നും എന്നു ചുരുക്കം.

സൈഡ്‌പ്രൊഫൈൽ കാണുമ്പോൾ ഈ വാഹനത്തിന് 4 മീറ്ററിൽ താഴെയേ നീളമുള്ളോ എന്ന് സംശയം തോന്നാം. വീൽബെയ്‌സ് കൂടുതലുള്ളതു കൊണ്ടാവാം ഈ സംശയം. മുൻ ബമ്പറിൽ നിന്നാരംഭിക്കുന്ന ക്ലാഡിങ് വീൽ ആർച്ചിലൂടെ കടന്ന്, വലിപ്പം കൂടി ബോഡിയിലൂടെ തുടരുന്നുണ്ട്. 56 കി.ഗ്രാം ഭാരം വഹിക്കാവുന്ന റൂഫ് റെയ്ൽ, അലോയ്‌വീലെന്നു തോന്നിക്കുന്ന വീൽകപ്പ് എന്നിവയും എടുത്തു പറയാം. ഗ്ലാസ് ഏരിയയുടെ ഷെയ്പ്പ് ‘സി’ പില്ലറിലെത്തുമ്പോൾ ചുരുങ്ങുന്നത് സൈഡ് പ്രൊഫൈലിൽ രസകരമായ രൂപഭംഗി സമ്മാനിക്കുന്നു, ട്രൈബറിന്. ഉള്ളിലേക്ക് കുഴിഞ്ഞ ബോഡിലൈനും വശക്കാഴ്ചയിൽ ശ്രദ്ധയിൽപെടും. പിൻഭാഗത്ത് വലിയ ഡിസൈൻ ഗിമ്മിക്കുകളൊന്നുമില്ല. എൽഇഡി ടെയ്ൽലാമ്പ് വശങ്ങളിൽ നിന്നാരംഭിക്കുന്നു. ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ, അലൂമിനിയം സ്‌കഫ് പ്ലേറ്റ്, ട്രൈബർ എന്ന നീണ്ട ബാഡ്ജിങ് എന്നിവയാണ് പിൻഭാഗത്തെ കാഴ്ചകൾ. വലിയ ബൂട്ട്‌ലിഡ് തുറന്നാൽ ആയാസരഹിതമായി സാധനങ്ങൾ കയറ്റാം. എന്തായാലും ബോക്‌സി ഷെയ്പ്പുള്ള 7 സീറ്ററുകൾക്കിടയിൽ ഒട്ടൊരു വ്യക്തിത്വത്തോടെ തലയുയർത്തി നിൽക്കാൻ പറ്റുന്ന ഡിസൈനാണ് ട്രൈബറിനുള്ളത്.

ഉള്ളിൽ

ഉൾഭാഗത്തെ ഡിസൈൻ തീമിന്റെ തുടർച്ച പോലെ തോന്നും, ഉൾഭാഗം കാണുമ്പോൾ. പല തട്ടുകളായുള്ള ഡാഷ്‌ബോർഡിന്റെ നിറങ്ങൾ ബ്ലാക്കും ബീജുമാണ്. കൂടാതെ സിൽവർ ലൈനുകളുമുണ്ട്. 8 ഇഞ്ച് ടച്ച് സ്‌ക്രീനാണ് നടുവിൽ ഉയർന്നു നിൽക്കുന്നത്. റെനോയുടെ മറ്റു മോഡലുകളിൽ 7 ഇഞ്ചാണ് സ്‌ക്രീൻ. ട്രൈബറിന്റെ സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുമുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങ് ടിൽറ്റ് അഡ്ജസ്റ്റ്‌മെന്റ്, സീറ്റ് മാനുവൽ ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ്, റിയർ ഡിഫോഗർ, പുഷ്ബട്ടൺ സ്റ്റാർട്ട് എന്നിവയൊക്കെ എടുത്തുപറയാവുന്ന സൗകര്യങ്ങളാണ്. വിർച്വൽ ഡിസ്‌പ്ലേയുള്ള മീറ്റർ കൺസോളും ഭംഗിയായിട്ടുണ്ട്. മുൻ സീറ്റുകൾക്ക് നടുവിൽ ചിൽഡ് സ്റ്റോറേജ് സ്‌പേസുമുണ്ട്. കൂടാതെ ഡാഷ്‌ബോർഡിൽ രണ്ട് ഗ്ലോബോക്‌സുകളും ഡോർപാഡിൽ ബോട്ടിൽ ഹോൾഡറുകളുമുണ്ട്.

രണ്ടാംനിര സീറ്റ് മുന്നിലേക്ക് നീക്കുകയും പിന്നിലേക്ക് ചെരിക്കുകയുമാവാം. റൂഫിൽ എസി വെന്റുകളുമുണ്ട്. എസിയുടെ ഫാനിന്റെ വേഗത നിയന്ത്രിക്കാനുള്ള സ്വിച്ചും രണ്ടാംനിരക്കാർക്ക് നൽകിയിട്ടുണ്ട്. മൂന്നാം നിരയിലേക്ക് കടക്കാൻ വളരെ എളുപ്പത്തിൽ രണ്ടാം സീറ്റ് മടക്കാം. മൂന്നാം നിരക്കാർക്കും എസി വെന്റുണ്ട്. ചാർജ്ജിങ് പോയിന്റും മൊബൈൽ ഫോൺ വെക്കാനുള്ള ഇടവും മൂന്നാം നിരക്കാർക്ക് നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് കുറഞ്ഞ ദൂരവും കുട്ടികൾ ദീർഘദീരവും മൂന്നാം നിരയിലിരുന്ന് യാത്ര ചെയ്യാം. 85 ലിറ്ററാണ് ബൂട്ട് സ്‌പേസ്. രണ്ടാംനിര സീറ്റിന്റെ ഒരു ഭാഗം മടക്കിയാൽ ഇത് 320 ലിറ്ററാകും. മുഴുവനായി മടക്കിയാൽ 640 ലിറ്ററുമാകും, ബൂട്ട് സ്‌പേസ്.

എഞ്ചിൻ

ഒരു ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ട്രൈബറിനുള്ളത്. ഇത് 71 ബിഎച്ച്പിയാണ്. 65 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 5 സ്പീഡ് മാനുവൽ/5 സ്പീഡ് എഎംടി ഗിയർ ബോക്‌സുകളുമുണ്ട്. റെനോ സന്ദേരോ, ക്ലിയോ തുടങ്ങിയ ഇന്റർനാഷണൽ ബെസ്റ്റ്‌സെല്ലർ മോഡലുകളെ ചലിപ്പിക്കുന്ന എഞ്ചിനാണിത്. ‘ടൈം ടെസ്റ്റഡ് എഞ്ചിനാ’ണെന്നു ചുരുക്കം. രണ്ട് എയർബാഗുകൾ, (ടോപ്പ് എൻഡ് മോഡലിൽ സൈഡ് എയർ ബാഗുകളും) എബിഎസ്, ഇബിഡി, റിവേഴ്‌സ് ക്യാമറ എന്നിവയൊക്കെ സുരക്ഷാ സന്നാഹങ്ങളിലുണ്ട്. യൂറോപ്യൻ വാഹനമായതിനാൽ നിർമ്മാണ നിലവാരത്തെപ്പറ്റിയോ സുരക്ഷയെപ്പറ്റിയോ ആശങ്ക വേണ്ട.

വിധിന്യായം

4.95-6.49 ലക്ഷം രൂപയാണ് ട്രൈബറിന്റെ വില. എന്തായാലും ഒരു ‘തട്ടിക്കൂട്ട്’ 7 സീറ്ററല്ല, ട്രൈബർ. എല്ലാ നിർമ്മാണ നിലവാരവും സുരക്ഷയും ഫീച്ചേഴ്‌സുമുള്ള, വലിയ കൂടുംബങ്ങൾക്ക് ആശ്രയിക്കാവുന്ന വാഹനം തന്നെയാണിത്.$

Copyright: Smartdrive- September 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>