Dancing Drops: Travel to Chirappunjee in VW Ameo
October 16, 2019
Wrestling with Nature: Journey of a 67 year old Malayalee wrestler to Ladakh in a Hero Honda Karizma ZMR
October 16, 2019

Test Drive: Porsche Panamera

സ്‌പോർട്‌സ് കാറുകളിൽ നിന്നും വ്യത്യസ്തമായി പോർഷെ ആദ്യമായി പുറത്തിറക്കിയ 5 ഡോർ മോഡലാണ് പനമേര. 550 ബി എച്ച് പി പവറും പഞ്ചനക്ഷത്ര ഹോട്ടലിന്റെ ആഡംബരവും പനമേരയ്ക്കുണ്ട്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

പോർഷെ എന്നു കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിലേക്ക് ഇരച്ചെത്തുന്നത് ഏതെങ്കിലും 2 സീറ്റർ സ്‌പോർട്‌സ് കാറായിരിക്കും. എന്നാൽ കെയ്ൻ, മക്കാൻ, പനമേര തുടങ്ങിയ എസ്‌യുവി-നോച്ച് ബായ്ക്കുകളും പോർഷെയ്ക്കുണ്ട്, ഇവയെല്ലാം സ്‌പോർട്‌സ് കാറുകളുടെ വംശാവലിയിൽ പെടുന്നവയായിരിക്കും. അഥവാ എസ്‌യുവി-നോച്ച്ബായ്ക്ക് തോലണിഞ്ഞ സ്‌പോർട്‌സ് കാറെന്ന ചെന്നായയായിരിക്കും എന്നർത്ഥം. 2 സീറ്റർ സ്‌പോർട്‌സ് കാറുകളുടെ നിർമ്മാണത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന പോർഷേ ഒരു 5 സീറ്റർ കാർ നിർമ്മിക്കാൻ 1992ൽ പദ്ധതിയിട്ടെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു. പിന്നെ, 2009ലാണ് ആദ്യ 5 ഡോർ മോഡൽ വന്നത്-പനമരേ. ആദ്യ പനമേര കണ്ടപ്പോൾ വിമർശകർ വിധിയെഴുതി-ഇതൊരു വമ്പൻ പരാജയമായിരിക്കും! എന്നാൽ എല്ലാ വിമർശകരുടെയും വായടപ്പിച്ചുകൊണ്ട്, 7 വർഷം കൊണ്ട് ഒന്നരലക്ഷം പനമേരകൾ വിറ്റഴിഞ്ഞു. 2016ൽ രണ്ടാംതലമുറ പനമേര വന്നു. ഇക്കുറി പുതിയ മോഡൽ കണ്ടപ്പോൾത്തന്നെ വിമർശകരടക്കം കൈയടിച്ചു. ഇതൊരു വിജയമാകുമെന്ന് ഏവരും ഒരേ ശബ്ദത്തിൽ അഭിപ്രായപ്പെട്ടു. അങ്ങനെ തന്നെ സംഭവിച്ചു. പനമേര ജനപ്രിയമായി.

ഇന്ന് സ്മാർട്ട്‌ഡ്രൈവ് ടെസ്റ്റ്‌ഡ്രൈവ് ചെയ്യുന്നത് പനമേരയുടെ ടർബോ മോഡലാണ്. 550 ബിഎച്ച്പി എഞ്ചിൻ പവറും അത്യുഗ്രൻ സ്റ്റൈലിങ്ങുമുള്ള പനമേര കൊച്ചിയെ വിറപ്പിച്ചുകൊണ്ടാണ് ജൈത്രയാത്ര നടത്തിയത്. അക്കഥയാണ് ഇനി നിങ്ങൾ വായിക്കാൻ പോകുന്നത്.

കാഴ്ച

എന്തൊരു രൂപമാണിത്! സെഡാനും ഹാച്ച്ബായ്ക്കും സ്‌പോർട്‌സ് കാറുമെല്ലാം ചേർന്ന ഡിസൈൻ. ചില ആംഗിളുകളിൽ ഒരു മസിൽമാൻ. മറ്റു ചില ആംഗിളുകളിൽ സൂപ്പർകാർ-ഇങ്ങനെ പല രൂപങ്ങളാണ് പനമേരയ്ക്കുള്ളത്. എന്നാൽ ഒന്നുണ്ട്, റോഡരികിൽ നിൽക്കുന്ന അഹങ്കാരികളായ സിഐടിയുക്കാർ പോലും തിരിഞ്ഞു നോക്കിപ്പോകും, പനമേര കാണുമ്പോൾ. മൊത്തത്തിൽ 5 മി.മീ. ഉയരം കൂടിയിട്ടുണ്ടെങ്കിലും പിൻഭാഗത്തേക്ക് ഗ്രൗണ്ട് ക്ലിയറൻസ് 20മിമീ. കുറയുന്നതാണ് പനമേരയുടെ സ്‌പോർട്ടിനെസ് കൂടാൻ കാരണം. ഫോക്‌സ്‌വാഗൺന്റെ പുതിയ എംഎസ്ബി പ്ലാറ്റ്‌ഫോമിലാണ് ജനനം.

അങ്ങനെ പഴയ മോഡലിനെക്കാൾ 34 മി.മീ നീളവും 6 മി.മീ വീതിയും വർദ്ധിച്ചിട്ടുണ്ട്. മുൻഭാഗത്ത് ആദ്യം ശ്രദ്ധിക്കുക എൽഇഡി ഹെഡ്‌ലൈറ്റുകളാണ്. ഇതിൽ 4 പോയിന്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുമുണ്ട്. താഴെയാണ് ലൈറ്റ് ബാർടേൺ ഇന്റിക്കേറ്ററുകളായും പ്രവർത്തിക്കും. വശങ്ങളിൽ ഉയർന്നു നിൽക്കുന്ന പവർബൾജുകളുള്ള ബോണറ്റ് കാണുമ്പോൾ 911നെ ഓർമ്മ വരും. ഗ്രിൽ എന്നു പറയാനുള്ളതൊന്നുമില്ല. താഴെ നീളത്തിൽ ഒരു എയർഡാമും കാണാം. അത്രമാത്രം.

സൈഡ് പ്രൊഫൈലിൽ, വീൽ ആർച്ചിനു പിന്നിലായി ഒരു എയർസ്‌കൂപ്പുണ്ട്. 20 ഇഞ്ച് അലോയ്‌വീൽ കാറിന്റെ വലിപ്പത്തിനു ചേരുന്നതു തന്നെ. റൂഫ് ലൈൻ കൂപ്പെയെ ഓർമ്മിപ്പിക്കുന്നു. വലിയ വിൻഡോകളും തള്ളി നിൽക്കുന്ന പിൻ വീൽ ആർച്ചും ചെറിയ ബൂട്ട് ഏരിയയുമാണ് സ്‌പോർട്‌സ് കാറിനു സമാനമായ രൂപം പനമേരയ്ക്ക് സമ്മാനിക്കുന്നത്.


പിൻഭാഗത്തിന്റെ ഡിസൈൻ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. മെലിഞ്ഞ ടെയ്ൽ ലാമ്പുകളെ ഘടിപ്പിക്കുന്ന രീതിയിൽ ഒരു ചുവന്ന സ്ട്രിപ്പ് ഉണ്ട്. അതിൽ പോർഷെ എന്ന ബാഡ്ജിങ് കാണാം. രണ്ട് ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ പിൻഭാഗം സ്‌പോർട്ടിയാക്കുന്നു. ബൂട്ട് ലിഡിൽ, വാഹനം 90 കി.മീ വേഗതയെടുക്കുമ്പോൾ ഉയരുന്ന സ്‌പോയ്‌ലർ ഉണ്ട്. ഇതും വാഹനപ്രേമികളെ ഹരം കൊള്ളിക്കുന്ന കാര്യമാണ്.
ഒരു 5 ഡോർ വാഹനമാണെന്നു തോന്നാത്ത രീതിയിൽ അത്യന്തം സ്‌പോർട്ടിയായി പനമേരയെ രൂപകൽപന ചെയ്ത ഡിസൈനർമാർക്കിരിക്കട്ടെ, ഒരു കുതിരപ്പവൻ!

ഉള്ളിൽ

എക്സ്റ്റീരിയർ കണ്ട് വാ പൊളിച്ച് ഉള്ളിൽ കയറുന്നവന്റെ വായ് ഒന്നുകൂടി പൊളിയും, ഉൾഭാഗം കാണുമ്പോൾ. പോർഷെ കെയ്‌നിലും മറ്റും കാണുന്നതുപോലെ നിരവധി സ്വിച്ചുകളൊന്നും നിരത്തി സ്ഥാപിച്ചിട്ടില്ല. 12.3 ഇഞ്ച് സ്‌ക്രീനാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അത് ഡാഷ്‌ബോർഡിലെ ഒരു ഗ്ലോസി ഭാഗത്തിന്റെ തുടർച്ചയായി തോന്നിക്കുന്നതുപോലെ ഫിറ്റു ചെയ്തിരിക്കുന്നു. ഈ സ്‌ക്രീനിൽ വിരൽ അമർത്തുമ്പോൾ സ്വിച്ചിൽ അമർത്തുന്നതുപോലെ ഒരു ശബ്ദവും ആ ഫീലുമൊക്കെ കിട്ടുന്നുണ്ട്.
ബ്ലാക്ക് ഇന്റീരിയറിന്റെ സ്വപ്‌നസദൃശമായ ലോകം ലെതർ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ഡാഷ് ബോർഡും കൺസോളുമെല്ലാം ലെതർ മയം. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 5 ഡയലുകൾ കാണാം. അത് വിർച്വൽ സ്‌ക്രീനാണ്. അതിൽ ജി ഫോഴ്‌സ് മീറ്റർ പോലുമുണ്ട്. കൂടാതെ ഡാഷ് ബോർഡിൽ ഉയർന്നു നിൽക്കുന്ന സ്റ്റോപ്പ് വാച്ചുമുണ്ട്. സീറ്റുകൾ അങ്ങേയറ്റം സുഖപ്രദമായ രീതിയിൽ കുഷ്യൻ ചെയ്തിരിക്കുന്നു. ഉയരവും മറ്റും പല തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം എന്നതിനു പുറമെ മസാജ് ഫങ്ഷനുമുണ്ട്.


സെന്റർ കൺസോളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകളുണ്ട്. എന്നാൽ അവ ഫിറ്റു ചെയ്തിരിക്കുന്നതും ഒരു ടച്ച് പാഡിലാണ്. പല കാര്യങ്ങളും ഈ ടച്ച്പാഡിൽ വിരലമർത്തി നിയന്ത്രിക്കാം.
സ്റ്റിയറിങ് വീലിൽ സ്‌പോർട്ട് പോലെയുള്ള ഡ്രൈവ് മോഡുകളുടെ റോട്ടറി സ്വിച്ചുണ്ട്. ഇത് ഒരു റെട്രോ സ്റ്റൈൽ സമ്മാനിക്കുന്നു. ക്രൂയിസ് കൺട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ സ്വിച്ചുകളും സ്റ്റിയറിങ് വീലിൽ കൊടുത്തിരിക്കുന്നു.


പിൻഭാഗത്ത് അത്യാഡംബരങ്ങളുണ്ട് മുൻഭാഗത്തെ സ്‌ക്രീനിന് സമാനമായ ടച്ച് സ്‌ക്രീൻ പിന്നിലും നടുവിലായി കൊടുത്തിരിക്കുന്നു. ഇതിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെ പലതും നിയന്ത്രിക്കാം.
പിന്നിലേക്ക് മൂന്നിടങ്ങളിൽ എസി വെന്റുകളും സ്റ്റോറേജ് സ്‌പേസുകളുമുണ്ട്.

എഞ്ചിൻ

പുത്തൻ പുതിയ ട്വിൻ ടർബോ 4 ലിറ്റർ, വി-8 പെട്രോൾ എഞ്ചിനാണ് പനമേര ടർബോയെ ചലിപ്പിക്കുന്നത്. 550 ബിഎച്ച്പി പവറാണ് ബോണറ്റിനുള്ളിൽ മദം കൊണ്ടു നിൽക്കുന്നത്. 1960 ആർപിഎം മുതൽ തന്നെ മാക്‌സിമം ടോർക്കായ 770 ന്യൂട്ടൺ മീറ്റർ ലഭിക്കുന്നുണ്ട്. 6800 ആർപിഎം വരെ തുടരുന്ന പവറിന്റെ കുതിപ്പ് നിയന്ത്രിക്കാൻ 8 സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ട്. നൂറു കിലോമീറ്റർ വേഗതയെടുക്കാൻ, ശ്വാസം പിടിച്ച് കേട്ടോളൂ, 3.51 സെക്കന്റ് മതി! രണ്ട് ടൺ ഭാരവും 5 മീറ്റർ നീളമുള്ള ഒരു വമ്പൻ ‘സാധന’മാണ് ഈ കുറഞ്ഞ സമയം കൊണ്ട് കുതിച്ച് പായുന്നത് എന്നോർക്കുക!

സ്‌പോർട്ട് മോഡിൽ സസ്‌പെൻഷനും സ്റ്റിയറിങ്ങുമെല്ലാം കടുപ്പമുള്ളതാകുന്നു. അങ്ങനെ നിയന്ത്രണ വിധേയമാകുന്നു, പനമേര. അതുപോലെ എയർ സസ്‌പെൻഷന്റെ ഉയരം കൂട്ടാനും കുറയ്ക്കാനും സാധിക്കുകയും
ചെയ്യും. ഇലക്‌ട്രോമെക്കാനിക്കൽ റോൾസ്റ്റെബിലൈസേഷൻ, റിയർ ആക്‌സിൽ സ്റ്റിയറിങ് സ്വിച്ച് എന്നിവയൊക്കെ ഈ കുതിരയുടെ അന്തംവിട്ട പ്രയാണം നിയന്ത്രിക്കാനായി പോർഷെ ഇണക്കിച്ചേർത്തിട്ടുണ്ട്. കൂടാതെ എല്ലാത്തരത്തിലുള്ള സുരക്ഷാ സന്നാഹങ്ങൾ വേറെയും.

വിധിന്യായം

ഏതാണ്ട് 2.5 കോടി രൂപയാകും, പനമേര ടർബോയുടെ ഓൺ റോഡ് വില. അഡീഷണൽ സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റ് പോലെയുള്ള ഫിറ്റിങ്ങുകൾക്ക് 25 ലക്ഷം രൂപ വേറെയും. എന്നാലെന്താ, പരസ്യത്തിൽ പറയുന്നതുപോലെ ജീവിതമാകും, ജിങ്കലാല.$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>