How Safe is Your Car: Smartdrive Investigation- Part 1- Volkswagen
January 9, 2019
Test Ride: Triumph Street Triple RS
January 11, 2019

Test drive: Nissan Kicks

Nissan Kicks @ Rann of Kutch in Gujarat

കോംപാക്ട് എസ് യു വി സെഗ്മെന്റിലേക്ക് നിസ്സാൻ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കിക്ക്‌സ്. ഉയർന്ന നിർമ്മാണ നിലവാരവും ഭംഗിയുള്ള രൂപവുമാണ് കിക്ക്‌സിന്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

ഇന്ത്യയിൽ നിസാന് ഇതെന്തുപറ്റി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് കിക്ക്‌സ്. ലോകമെമ്പാടും നിരവധി മോഡലുകളുമായി വെന്നിക്കൊടി പാറിച്ചു കൊണ്ടിരിക്കുന്ന നിസാന് ഇന്ത്യയിൽ പക്ഷേ ആദ്യകാല മുന്നേറ്റം തുടരാനായില്ല. പുതിയ മോഡലുകൾ കൊണ്ടുവരാത്തതാണ് ആ തിരിച്ചടിക്കു കാരണമെന്ന് വൈകിയാണെങ്കിലും കമ്പനി തിരിച്ചറിഞ്ഞെന്നു തോന്നുന്നു. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വാഹന സെഗ്‌മെന്റായ കോംപാക്ട് എസ്‌യുവി മാർക്കറ്റിലേക്കാണ് കിക്ക്‌സിന്റെ വരവ്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയായ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് നിസാൻ മാധ്യമപ്രവർത്തകർക്കായി കിക്ക്‌സിന്റെ മീഡിയ ഡ്രൈവ് ഒരുക്കിയത്.

കിക്ക്‌സ്

ഗൾഫ് രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലുമൊക്കെ നിസാൻ കിക്ക്‌സ് കുറച്ചുകാലമായി വിപണിയിലുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പത്തുമിനുട്ടിൽ ഒരു കിക്ക്‌സ് വീതം വിറ്റഴിക്കുന്നുമുണ്ട്. ഇന്ത്യയിലെ കിക്ക്‌സുമായി കുറേ മാറ്റങ്ങൾ അവിടങ്ങളിലെ കിക്ക്‌സിൽ കണ്ടെത്താം. പ്രധാനമായും പ്ലാറ്റ്‌ഫോമിന്റെ കാര്യമാണ്. പുറം രാജ്യങ്ങളിൽ ചെറിയ ഹാച്ച്ബായ്ക്കായ മൈക്രയുടെ പ്ലാറ്റ്‌ഫോമിലാണ് കിക്ക്‌സ് പടുത്തുയർത്തിയിരിക്കുന്നതെങ്കിൽ, ഇന്ത്യയിലെ കിക്ക്‌സ് ചലിക്കുന്നത് റെനോ ഡസ്റ്ററിന്റെയും ക്യാപ്ച്ചറിന്റെയും പ്ലാറ്റ്‌ഫോമിലാണ്. അതുകൊണ്ടു തന്നെ, വലിപ്പം കൂടുതലുണ്ട്. കൂടാതെ ഇന്ത്യയ്ക്കു വേണ്ടി ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിച്ചതുൾപ്പെടെയുള്ള പല മാറ്റങ്ങളും കിക്ക്‌സിൽ
വരുത്തിയിട്ടുണ്ട്.

കാഴ്ച

റെനോ ഡസ്റ്ററിൽ ആദ്യം ഉപയോഗിക്കുകയും പിന്നീട് അല്പം കൂടി മെച്ചപ്പെടുത്തി ക്യാപ്ച്ചറിൽ ഉപയോഗിക്കുകയും ചെയ്ത പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും അവയുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും കിക്ക്‌സിനില്ല. എന്നാൽ പാത്ത്‌ഫൈൻഡറും പട്രോളും പോലെയുള്ള നിസാന്റെ വമ്പൻ എസ്‌യുവികളുമായി നല്ല സാമ്യമുണ്ട് കിക്ക്‌സിന് എന്നതും പറയാതിരിക്കാനാവില്ല. ഏകദേശ വലിപ്പം വ്യക്തമാക്കാനായി കിക്ക്‌സിനെ റെനോ ക്യാപ്ചറുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ 55 മിമീ. നീളം കൂടുതൽ കിക്ക്‌സിനാണെന്നു കണ്ടെത്താം. 32 മി.മീ. ഉയരവും കൂടുതലുണ്ട്.
മുൻഭാഗത്തു നിന്നു നോക്കുമ്പോൾ ‘തനി നിസാനാണ്’ കിക്ക്‌സ്. അതിനുകാരണം ആ ‘വി’ ഷെയ്പ്പുള്ള സിഗ്‌നേച്ചർ ഗ്രിൽ തന്നെയാണ്. ക്രോമിയത്തിന്റെ തടിച്ച ‘വി’ ലൈനിനുള്ളിലാണ് കറുത്ത ഹണികോംബ് ഗ്രിൽ. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുടെ ഷെയ്പ്പ് മുൻഭാഗത്തെ ഡിസൈൻ രീതികളോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. ഫെൻഡറുകളോട് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന വലിയ ബമ്പറിനു താഴെ എയർഡാമുകൾ മൂന്നാണ്. സാധാരണയുള്ള ഫോഗ്‌ലാമ്പ് സ്ലോട്ടുകളും കിക്ക്‌സിൽ എയർഡാം തന്നെയാണ്. അതിനു താഴെ സ്‌കഫ്‌പ്ലേറ്റിന് ഇരുവശവുമാണ് ഫോഗ്‌ലാമ്പുകൾ കൊടുത്തിരിക്കുന്നത്. ഉയർന്ന ബോണറ്റും നെഞ്ചുവിരിച്ചു നിൽക്കുന്ന രൂപവും കിക്ക്‌സിനുണ്ട്, മുൻഭാഗത്തു നിന്നു നോക്കുമ്പോൾ.
17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വശക്കാഴ്ചയിലെ താരം. റൂഫ് റെയ്‌ലുകളും എസ്‌യുവികളുടെ തനത് ഗൗരവം സമ്മാനിക്കുന്നു. 210 മി.മീ. എന്ന എസ്‌യുവി സമാനമായ ഗ്രൗണ്ട് ക്ലിയറൻസും വശങ്ങളിൽ നിന്ന് ബോധ്യപ്പെടും. ബി.സി. പില്ലറുകൾക്ക് കറുത്ത നിറം കൊടുത്തിരിക്കുന്നു. വീതിയുള്ള സി പില്ലറിലെ ഈ കറുത്ത നിറം പിൻഗ്ലാസിലേക്കും കയറി നിൽക്കുന്നു.

പിൻഭാഗത്തിന് എവിടെയൊക്കെയോ റെനോ ഡസ്റ്ററുമായി സാമ്യം തോന്നുന്നുണ്ട്. ഈ ചെറിയ എസ്‌യുവിയുടെ ഭംഗി ചോരാത്ത വിധമാണ് പിൻഭാഗത്തിന്റെയും ഡിസൈൻ. ബൂട്ട്‌ലിഡിലേക്ക് കയറി നിൽക്കുന്നു, ടെയ്ൽലാമ്പ്. ചെത്തിയെടുത്ത ഡിസൈൻ സമ്മാനിക്കുന്നു, ലിഡിലെ തടിച്ച ലൈനുകൾ. ബമ്പറിലെ കറുത്ത ക്ലാഡിങും അതിനു താഴെ സിൽവർ സ്‌കഫ്‌പ്ലേറ്റും കൂടിയാകുമ്പോൾ കിക്ക്‌സ് വിവരിച്ചു കഴിഞ്ഞു എന്നു പറയാം.
ഒരുകാര്യം കൂടി, റൂഫിന്റെ നിറം പലതരത്തിലുണ്ട്. അത് ഇഷ്ടാനുസരണം സെലക്ട് ചെയ്യാം. ഇത് ഓരോ കിക്ക്‌സിനെയും അനന്യമാക്കുന്നുണ്ട്.

ഉള്ളിൽ

ചോക്കലേറ്റ് ബ്രൗണും ബ്ലാക്കും ബ്രഷ്ഡ് അലൂമിനിയ വുമാണ് കിക്ക്‌സിന്റെ ഉൾഭാഗത്തെ നിറങ്ങൾ. ഉള്ളിൽ കയറുമ്പോൾ ‘എക്‌സൈറ്റിങ്’ എന്നൊന്നും വിളിക്കാനാ വില്ലെങ്കിലും പ്രൗഢിയും തറവാടിത്തവുമുണ്ട്. നിർമ്മാണ നിലവാരവും എടുത്തുപറയാം. ഡാഷ്‌ബോർഡിലെ ചോക്കലേറ്റ് ബ്രൗൺ ക്ലാഡിങ്ങിന് കോൺട്രാസ്റ്റ് സ്റ്റിച്ചിങ് കൊടുത്തതു പോലെ, ഇന്റീരിയർ പ്രീമിയമാക്കാനുള്ള ശ്രമങ്ങൾ നിസാൻ നടത്തിയിട്ടുണ്ട്. സീറ്റിന്റെ അപ്‌ഹോൾസ്റ്ററിയും ഒന്നാന്തരമാണ്. ഡാഷ്‌ബോർഡിനു നടുവിൽ 8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഉയർന്നു നിൽക്കുന്നു. നിസാന്റെ ഇന്റലിജന്റ് മൊബിലിറ്റി എന്ന കണക്ടിവിറ്റി, ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോം ഇതിലുണ്ട്. ഈ സെഗ്‌മെന്റിൽ ആദ്യമായി 360 ഡിഗ്രി വ്യൂ തരുന്ന മോണിറ്ററാണ് ഈ സിസ്റ്റത്തിലെ ഒരു പുതുമ. റിവേഴ്‌സ് എടുക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും ഇടുങ്ങിയ ഇടത്തിലൂടെ ഡ്രൈവ് ചെയ്യുമ്പോഴും ഈ ക്യാമറയുടെ ദൃശ്യങ്ങൾ നമ്മളെ സഹായിക്കും.


ബട്ടർഫ്‌ളൈ ഡിസൈനിലുള്ള മീറ്ററുകളാണ് കൺസോളിൽ കാണുന്നത്. ഫ്യൂവൽ ഗേജ് പതിവിലധികം വലിപ്പമുള്ളതാണ്. സ്റ്റിയറിങ് വീലിൽ ചില ഡമ്മി സ്വിച്ചുകൾ കൂടിയുള്ളത് കൺഫ്യൂഷനുണ്ടാക്കിയേക്കും.
ഡ്രൈവർ സീറ്റിനും പാസഞ്ചർ സീറ്റിനുമിടയിലുള്ള ആംറെസ്റ്റിൽ സ്റ്റോറേജ് സ്‌പേസില്ല. സെന്റർ കൺസോളിൽ കപ്‌ഹോൾഡറില്ല, സൺ റൂഫില്ല എന്നീ കുറ്റങ്ങളും കിക്ക്‌സിൽ ആരോപിക്കാം. എന്നാൽ ഡോർ പാഡുകളിൽ ഒരു ലിറ്റർ ബോട്ടിൽ വരെ സൂക്ഷിക്കാൻ കഴിയും. ഉയർന്ന സീറ്റിങ് പൊസിഷനാണ് കിക്ക്‌സിന്. മാനുവലി ഡ്രൈവർ സീറ്റ് ഉയർത്തുകയുമാവാം. ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസും ധാരാളമുണ്ട്.
പിൻനിര സീറ്റും വളരെ വലുതാണ്. തുട സപ്പോർട്ട് ധാരാളമുണ്ട്. പിന്നിലേക്ക് എസി വെന്റുകളുമുണ്ട്. 4 എയർബാഗുകൾ, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, കോർണറിങ് ലൈറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, ഡിജിറ്റൽ സ്പീഡോ മീറ്ററുകൾ എന്നിവയും കിക്ക്‌സിന്റെ ഗുണങ്ങളിൽ പെടുന്നു. 400 ലിറ്റർ ബൂട്ട്‌സ്‌പേസുമുണ്ട്.

എഞ്ചിൻ

റെനോ ഡസ്റ്ററിലെ അതേ 1.5 ലിറ്റർ പെട്രോൾ/ഡീസൽ എഞ്ചിനുകളാണ് കിക്ക്‌സിലുള്ളത്. ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവലും പെട്രോൾ എഞ്ചിന് 5 സ്പീഡ് മാനുവലുമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തൽക്കാലമില്ല. ‘സ്മാർട്ട്‌ഡ്രൈവി’നു ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത് ഡീസൽ മോഡലാണ്. 110 ബിഎച്ച്പി ഡീസൽ എഞ്ചിന്റെ മാക്‌സിമം ടോർക്ക് 240 ന്യൂട്ടൺ മീറ്ററാണ്. 2000 ആർപിഎമ്മിനു താഴെ നാമമാത്രമായ ലോഗ് അനുഭവപ്പെടുമെങ്കിലും തുടർന്ന് 4500 ആർപിഎം വരെ പവറിന് കുറവില്ല. മിഡ്‌റേഞ്ച് പെർഫോർമൻസ് ഒന്നാന്തരമായതിനാൽ ടൗണിലും ഡ്രൈവിങ് ഹരം കുറയുന്നില്ല.
ഗിയർ ഷിഫ്റ്റുകളൊക്കെ വളരെ ഈസിയാണ്. ക്ലച്ചും ലൈറ്റ്. സസ്‌പെൻഷന്റെ മികവും എടുത്തു പറയണം. ഓഫ് റോഡ് വാഹനമല്ലാതിരുന്നിട്ടും റാൻ ഓഫ് കച്ചിലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെല്ലാം ആർപ്പു വിളിയോടെ കിക്ക്‌സ് ഇരമ്പിയിറങ്ങി.

വിധിന്യായം

വില പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രധാന എതിരാളി ഹ്യുണ്ടായ് ക്രെറ്റ ആയതുകൊണ്ട് ഏകദേശം ആ വിലയൊക്കെ പ്രതീക്ഷിക്കാം. എന്തായാലും നിസാന്റെ കിക്ക്‌സ് എസ് യു വി പ്രേമികളെ നിരാശപ്പെടുത്തില്ല.$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>