Hyundai Elantra BS6 diesel launched in India at Rs 18.70 lakh
June 25, 2020
Test Drive: Hyundai Creta 2020
June 27, 2020

Test Drive: Nissan Kicks 2020

എഞ്ചിൻ മികവും മൈലേജും വർദ്ധിപ്പിച്ചതാണ് പുതിയ നിസാൻ കിക്ക്‌സിന്റെ 1.3 ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിൻ. പുത്തൻ സാങ്കേതികവിദ്യ മികച്ച പ്രകടനമാണ് കിക്ക്‌സിന് നൽകുന്നത്.

എഴുത്ത്: ബൈജു എൻ നായർ ചിത്രങ്ങൾ: അഖിൽ അപ്പു

റെനോ ഡസ്റ്റർ തുടങ്ങി വെച്ച കോംപാക്ട് എസ്‌യുവി ഭ്രമം വളർന്നു പന്തലിച്ചത് ഹ്യുണ്ടായ് ക്രെറ്റയിലൂടെയാണ്. അതോടെ എല്ലാ വാഹന നിർമ്മതാക്കളും എസ്‌യുവി മോഡലുകളിന്മേൽ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങി. അല്പം വൈകിയാണെങ്കിലും നിസാനും കോംപാക്ട് എസ്‌യുവി രംഗത്തേക്ക്, കിക്ക്‌സിലൂടെ കടന്നു. ലോകവ്യാപകമായി നോക്കുകയാണെങ്കിൽ എസ്‌യുവി നിർമ്മാണരംഗത്തെ പുലികളാണ് നിസാൻ. പട്രോളും പാത്ത്‌ഫൈൻഡറും ജൂക്കും ഉൾപ്പെടെ എത്രയെത്ര മോഡലുകൾ! അതുകൊണ്ടുതന്നെ എസ്‌യുവി രംഗത്തേക്കുള്ള നിസാന്റെ ചുവടുവെപ്പിനെ ഇന്ത്യക്കാർ സഹർഷം സ്വാഗതം ചെയ്തു. എന്നാൽ കിക്ക്‌സ് വൻ വിജയമൊന്നുമായില്ല. ഉപയോഗിച്ചവരെല്ലാം ‘ഗംഭീരം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചെങ്കിലും കിക്ക്‌സിന് ഒരു പരിധിയിലധികം വിൽപന നേടാനായില്ല. അതിന് പല കാരണങ്ങളുണ്ടെങ്കിലും ഓട്ടോമാറ്റിക് മോഡലിന്റെ അഭാവം ഒരു പ്രധാന ന്യൂനതയായി പറയാം. ആ ന്യൂനതകളെല്ലാം തിരുത്തിക്കൊണ്ട് കിക്ക്‌സ് പുനരവതരിച്ചിരിക്കുന്നു. എക്സ്റ്റീരിയർ ഇന്റീരിയർ മാറ്റങ്ങൾ കുറവാണെങ്കിലും എഞ്ചിനിലും ഗിയർബോക്‌സിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. 2020 മോഡൽ, ബിഎസ്6 നിസാൻ കിക്ക്‌സിനെ ഒന്നടുത്തറിയാം.

കിക്ക്‌സ്

ഹ്യുണ്ടായ് ക്രെറ്റയെക്കാൾ വലിപ്പമുള്ള വാഹനമാണ് നിസാൻ. ഇപ്പോൾ വന്നിരിക്കുന്ന എഞ്ചിനും ഈ സെഗ്‌മെന്റിലെ ഏറ്റവും പവർഫുൾ എഞ്ചിനാണ്. നമുക്ക് എഞ്ചിനിൽ നിന്നു തുടങ്ങാം. ഇനി മുതൽ കിക്ക്‌സിന് ഡീസൽ എഞ്ചിൻ മോഡൽ ഉണ്ടാവില്ല എന്നതാണ് പ്രധാന വിശേഷം. ഇനി മുതൽ 1.3 ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എഞ്ചിനുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. 1.3 ലിറ്റർ എഞ്ചിൻ ടർബോ ചാർജ്ഡ് ആണ്. ഇത് 154 ബിഎച്ച്പിയാണ്. 254ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ഈ മോഡലിന് മാനുവൽ/ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുണ്ട്. എക്‌സ്‌ട്രോണിക് ഡിസിടിയാണ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സ്.

പുതിയ 1.3 ലിറ്റർ എഞ്ചിൻ എച്ച്ആർ13 ശ്രേണിയിൽ പെട്ടതാണ്. ഇതിൽ സിലിണ്ടർ കോട്ടിങ് ടെക്‌നോളജി പ്രയോഗിച്ചിട്ടുണ്ട്. നിസാന്റെ പവർഫുൾ സ്‌പോർട്‌സ് കാറായ ജിടിആറിൽ നിന്ന് കടം കൊണ്ട ടെക്‌നോളജി യാണിത്. എഞ്ചിൻ മികവും മൈലേജും ഇതുമൂലം വർദ്ധിക്കുന്നുണ്ട്. പുതിയ എക്‌സ്‌ട്രോണിക് ഡിവിടി ടെക്‌നോളജിയും 40 ശതമാനം ഫ്രിക്ഷൻ കുറയ്ക്കുന്നുണ്ട്. ഇതും മൈലേജ് വർദ്ധിപ്പിക്കുന്നു. കൂടാതെ എഞ്ചിന്റെ ആയുസ് വർദ്ധിപ്പിക്കാനും ഇടയാക്കുന്നു. എട്ട് സ്പീഡ് എം മോഡ് ഉണ്ട്, എക്‌സ്‌ട്രോണിക് ട്രാൻസ്മിഷന്. ഇത് മാനുവൽ ഗിയർബോക്‌സിന്റെ ഡ്രൈവിങ് ഹരം സമ്മാനിക്കുന്നുണ്ട്.

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 106 ബിഎച്ച്പിയാണ്. 149 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ഈ രണ്ട് എഞ്ചിനുകളും ബിഎസ് 6 മലിനീകരണ നിയന്ത്രണനിയമങ്ങൾ പാലിക്കുന്നവയാണ്. മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം ബിഎസ്4 എഞ്ചിൻ മോഡലിനെക്കാൾ 5000 രൂപ കുറവാണ് 1.5 ലിറ്റർ ബിഎസ്6 എഞ്ചിൻ മോഡലിന് എന്നതാണ്. കിക്ക്‌സിന്റെ 1.5 ലിറ്റർ മാനുവൽ മോഡലിന് 13.9 കി.മീ/ലിറ്റർ ആണ് അംഗീകൃത മൈലേജ്. 1.3 ലിറ്റർ ടർബോ പെട്രോൾ മോഡലിന്റെ മാനുവൽ മോഡലിന് 15.8 കി.മീ/ലിറ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കാഴ്ചയിൽ യാതൊരു മാറ്റവും പഴയ മോഡലിൽ നിന്ന് കണ്ടെത്താനാവില്ല. എൽഇഡി ഡേടൈം റണ്ണിങ് ലാമ്പോടുകൂടിയ ഹെഡ്‌ലാമ്പും കോർണറിങ് ഫീച്ചറോടുകൂടിയ ഫോഗ്‌ലാമ്പും 17 ഇഞ്ച് അലോയ്‌വീലുകളും സ്‌റ്റൈലിഷ് റൂഫ്‌റെയ്‌ലും ബുമെറാങ് ഷെയ്പ്പുള്ള ടെയ്ൽലാമ്പുമൊക്കെ അതേപടി നിലനിർത്തിയിട്ടുണ്ട്. ഫ്‌ളോട്ടിങ് റൂഫും ഡോറിൽ ഘടിപ്പിച്ചിരിക്കുന്ന സൈഡ്‌വ്യൂ മിററുകളും സ്‌റ്റൈലിങ് കൂടുതൽ ഭംഗിയാക്കുന്നു. 210 മി.മീ ഗ്രൗണ്ട് ക്ലിയറൻസ് മൂലം ഒരു വലിയ എസ്‌യുവിയുടെ രൂപഭാവങ്ങളാണ് കിക്ക്‌സിന്.

ഇന്റീരിയറും ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ചതാണെന്നു പറയാം. ലെതർ റാപ്പ്ഡ് ആണ് സ്റ്റിയറിങ് വീൽ. മൂഡ് ലൈറ്റിങ് കൊടുത്തിട്ടുണ്ട്, ഉള്ളിൽ. ഡാഷ് ബോർഡും ലെതറിൽ പൊതിഞ്ഞിരിക്കുന്നു. വലിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒന്നാന്തരമാണ്. 360 ഡിഗ്രിയിൽ ചുറ്റുപാടും കാണാവുന്ന 4 ക്യാമറകൾ ഈ സ്‌ക്രീനിൽ ഏകോപിപ്പിച്ചിരിക്കുന്നു. നിസാൻ കണക്ട് എന്ന ആപ്പിൽ ഇല്ലാത്തതൊന്നുമില്ല എന്നു പറയാം. വോയ്‌സ് റെക്കഗ്‌നീഷ്യൻ, ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ എന്നിവയെല്ലാം ഇതിൽ ഇണക്കിച്ചേർത്തിരിക്കുന്നു. പുഷ്ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിൻ സെൻസിങ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും എടുത്തു പറയാം.

മുന്നിൽ രണ്ട് എയർബാഗുകൾ കൂടാതെ കർട്ടൻ എയർബാഗുകളുമുണ്ട്. എബിഎസ്, ഇബിഡി, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം നിസാൻ കിക്ക്‌സിനെ അങ്ങേയറ്റം സുരക്ഷിതമായ വാഹനമാക്കി മാറ്റുന്നു.

വിധിന്യായം

മഹീന്ദ്ര സ്‌കോർപിയോ മുതൽ ഹ്യൂണ്ടായ് ക്രെറ്റ വരെയുള്ള ശക്തമായ എതിരാളികളാണ് പുതിയ കിക്ക്‌സിനെ കാത്തിരിക്കുന്നത്. എന്നാൽ വലുപ്പവും വിലയും ഫീച്ചേഴ്‌സും നോക്കുമ്പോൾ കിക്ക്‌സ് ഒരുപടി മുന്നിലാണ് എന്നു പറയാതിരിക്കാനാവില്ല.

Vehicle Provided By:
EVM Nissan
Muttom, Ph: 8111880702

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>