ഹ്യുണ്ടായ് കോനയ്ക്കുശേഷം ഒരു ഇലക്ട്രിക് എസ് യു വി കൂടി ഇന്ത്യ യിലെ നിരത്തുക ളിലെത്തുന്നു, എം ജി ഇസഡ് എസ്. ഒറ്റ ചാർജിങ്ങിൽ 340 കി. മീ. ഓടുന്ന, പൂർണ വളർച്ചയെത്തിയ ഒരു എസ് യു വിയാണിത്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…
പണ്ട്, 2004ൽ ആണെന്നു തോന്നുന്നു, റേവ എന്ന ഇലക്ട്രിക് കാർ ബാംഗ്ലൂരിൽ നിർമ്മിക്കപ്പെട്ടു എന്നറിഞ്ഞ്, അത് ഓടിക്കാനായി കച്ചകെട്ടി ഇറങ്ങിയത്. അക്കാലത്ത് ബാംഗ്ലൂർ നഗരത്തിൽ മാത്രമാണ് റേവ ഏറെയും വിറ്റിരുന്നത്. റേവയുടെ നിർമ്മാതാക്കളായ മെയ്നി ഇലക്ട്രിക് കമ്പനിയുടെ മാർക്കറ്റിങ് മാനേജരുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ബാംഗ്ലൂരിൽ വന്നാൽ റേവ ഓടിക്കാൻ തരാമെന്ന് അദ്ദേഹം പറഞ്ഞു. ആവേശപൂർവം, ഏതോ രാത്രി ബസ്സിൽ കയറി ബാംഗ്ലൂരിലെത്തി. ഇലക്ട്രോണിക് സിറ്റിയുടെ പിന്നാമ്പുറത്തെ മെയ്നിയുടെ ‘പ്ലാന്റിൽ’ പറഞ്ഞ സമയത്തു തന്നെ എത്തി. ഓഫീസിൽ അൽപനേരം കാത്തിരുന്നപ്പോൾ മാർക്കറ്റിങ് മാനേജർ എത്തി. ഒരു കൊൽക്കത്തക്കാരനായിരുന്നു അദ്ദേഹം. തുടർന്ന് തൊട്ടുപിന്നിലെ പ്ലാന്റിലെത്തി. പ്ലാന്റ് കണ്ട ഞാൻ അമ്പരന്നു പോയി. സാമാന്യം വലിയ വർക്ക്ഷോപ്പിന്റെ അത്രമാത്രം വലിപ്പമുള്ള ഷെഡ്ഡ്. നാല് റേവകൾ നിർമ്മിക്കാനുള്ള ബേകളേ ഉളളൂ. എന്തായാലും അന്നാണ് ആദ്യമായി ഇലക്ട്രിക് കാർ ഓടിച്ചത്. ബംഗ്ലൂരിലെ നഗരത്തിരക്കിലൂടെ രസിച്ച് റേവ ഓടിച്ചു. ശബ്ദവും പുകയുമൊന്നുമില്ലാത്ത ഒരു അത്ഭുത വാഹനം! 2019. റേവ ഓടിച്ച് 15 വർഷം കഴിയുമ്പോൾ വിവിധ ഇലക്ട്രിക് കാറുകൾ ഓടിക്കാനുള്ള ക്ഷണം അനുദിനം ലഭിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിൽപ്പെട്ട ഹ്യുണ്ടായ് കോന, എംജി മോട്ടോറിന്റെ ഇസഡ് എസ്- ഇവ രണ്ടും ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഏറെ കഴിയുംമുമ്പ് ടാറ്റ നെക്സോൺ ഇവിയും…
ഹെക്ടർ എന്ന എസ്യുവിയുടെ വൻ വിജയത്തിനു ശേഷം എംജി മോട്ടോർ അവതരിപ്പിക്കുന്ന പുതിയ എസ്യുവിയാണ് ഇസഡ് എസ്. പൂർണ്ണമായും ഇലക്ട്രിക്കാണ് ഈ എസ്യുവി. ഒറ്റ ചാർജിങ്ങിൽ 340 കി.മീ. ഓടും. ചൈനയിൽ നിർമ്മിക്കപ്പെട്ടുന്ന വാഹനം ഇന്ത്യയിൽ അസംബ്ൾ ചെയ്താണ് വിപണിയിലെത്തിക്കുന്നത്.
പൂർണ വളർച്ചയെത്തിയ ഒരു എസ്യുവി- അതാണ് ഇസഡ് എസ്. ഈ വാഹനം ഇലക്ട്രിക്കാണ് എന്നു മനസ്സിലാകുന്നത് വശങ്ങളിൽ ‘ഇലക്ട്രിക്’ എന്നെഴുതിയിരിക്കുന്നത് കാണുമ്പോൾ മാത്രമാണ്. മുൻഭാഗത്ത് വലിയ ഗ്രില്ലുണ്ട്. അതിന്മേൽ ക്രോമിയം ബട്ടണുകൾ കൊടുത്തിരിക്കുന്നു. ഗ്രില്ലിനു ചുറ്റും ക്രോമിയം ലൈനുണ്ട്. ലണ്ടനിലെ പ്രശസ്തമായ ‘ലണ്ടൻ ഐ’ എന്ന ആകാശത്തൊട്ടിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹെഡ്ലാമ്പിലെ ഡേ ടൈം റണ്ണിങ് ലൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. എന്തായാലും ഹെഡ്ലാമ്പ് യൂണിറ്റ് മനോഹരമായിട്ടുണ്ട്. ബമ്പറിൽ പവർ ലൈനുകളുണ്ട്. അവയ്ക്കു താഴെ വീണ്ടും ക്രോമിയം ലൈൻ. ഏറ്റവും താഴെ ക്രോമിയം സ്കഫ് പ്ലേറ്റും കാണാം. ബോണറ്റിലും പവർ ലൈനുകളുണ്ട്. ഈ പവർലൈനുകളും വലിയ ഗ്രില്ലും മസിൽ പവർ തോന്നിപ്പിക്കുന്ന ബമ്പറുമെല്ലാം ചേർന്നാണ് ഇസഡ് എസിന് എസ്യുവിയുടെ ലുക്കും ഗൗരവവും സമ്മാനിക്കുന്നത്.
ഗ്രില്ലിൽ നന്നായി ഒന്നമർത്തിയാൽ നടുവിലെ വലിയൊരു പീസ് തുറന്ന് മുകളിലേക്ക് ഉയർന്നു നിൽക്കും. അതിനുള്ളിലാണ് ചാർജിങ് സോക്കറ്റ്. വീട്ടിലെ എസി ചാർജറിൽ നിന്നാണെങ്കിൽ 6-8 മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും. ഈ ചാർജർ എംജി മോട്ടോർ വീട്ടിൽ സൗജന്യമായി ഘടിപ്പിച്ചു തരും. ഏറ്റവും വേഗതയിൽ ചാർജ് ചെയ്യാവുന്നത് 50 കിലോവാട്ടിന്റെ ഡിസി ചാർജറിൽ നിന്നാണ്. ഒരു മണിക്കൂറിൽ താഴെ മതി, 80 ശതമാനം ചാർജാകാൻ. എംജി മോട്ടോറിന്റെ മെട്രോ സിറ്റികളിലെ ഡീലർഷിപ്പുകളിലെല്ലാം 50 കിലോവാട്ടിന്റെ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇനി, വഴിയിലെവിടെയെങ്കിലും ചാർജ് തീർന്ന് കിടപ്പായാൽ കമ്പനി മൊബൈൽ ചാർജിങ് വാൻ വിട്ടു തരികയും ചെയ്യും.
ഹോളണ്ടിലെ വിൻഡ് മില്ലുകളുടെ രൂപത്തിൽ നിന്നാണത്രെ എംജി മോട്ടോർ അലോയ് വീൽ ഡിസൈൻ കണ്ടെത്തിയത്. എന്തായാലും ആ ഡിസൈൻ, കാറിന്റെ എയ്റോ ഡൈനാമിക് ലുക്ക് വർദ്ധിപ്പിക്കുന്നുണ്ട്. മുന്നിൽ നിന്ന് കറുത്ത ക്ലാഡിങ് വശങ്ങളിലൂടെ പിന്നിലേക്ക് നീളുന്നു. സൈഡ് പ്രൊഫൈലിൽ, താഴെ ക്രോമിയം ലൈനുണ്ട്. കൂടാതെ ഹെഡ്ലൈറ്റിൽ നിന്ന് ആരംഭിക്കുന്ന ബെൽറ്റ് ലൈൻ വശക്കാഴ്ചയിൽ ഗൗരവം നൽകുന്നുമുണ്ട്. അലൂമിനിയം ഫിനിഷുള്ള റൂഫ് റെയ്ൽ, ചെറിയ കോർണർ ഗ്ലാസ് എന്നിവയും സൈഡ് പ്രൊഫൈലിൽ കണ്ണിൽപ്പെടും. വലിയ ടെയ്ൽലാമ്പ് വശങ്ങളിൽ നിന്നാരംഭിക്കുന്നു. പിന്നിലെ ബമ്പറും മുൻ ബമ്പറിന്റെ രൂപത്തിലാണ്. ബ്ലാക്ക് ഫിനിഷും അലൂമിനിയം ഫിനിഷുമൊക്കെ ബമ്പറിനുണ്ട്. എംജി എന്ന ലോഗോയിൽ അമർത്തുമ്പോൾ 448 ലിറ്റർ കപ്പാസിറ്റിയുള്ള ബൂട്ടിന്റെ ഡോർ തുറന്നു പൊങ്ങുന്നു. എസ്യുവിക്ക് ചേരുംവിധമാണ് പിൻഭാഗം രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്റർനെറ്റ് ഇൻസൈഡ് എന്ന, എംജി ഹെക്ടറിൽ കണ്ട ബാഡ്ജിങ് ഇസഡ് എസിന്റെ പിൻഭാഗത്തുമുണ്ട്. പഴയ അംബാസിഡർ കാറിന്റെ പിന്നിൽ ‘പവർബ്രേക്ക്’ എന്ന് എഴുതി വെച്ചിരുന്നതാണ് ഇതു കാണുമ്പോൾ ഓർമ്മ വരുന്നത്.
ഉൾഭാഗം, എക്സ്റ്റീരിയർ പോലെ തന്നെ ഒരു പ്രീമിയം എസ്യുവിക്ക് ചേർന്ന വിധമണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലാക്ക്, ബ്രഷ്ഡ് അലൂമിനിയം എന്നിവയാണ് ഉൾഭാഗത്തെ സുന്ദരമാക്കുന്നത്. ഫ്ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും സോഫ്റ്റ് ടച്ച് ലെതറുമൊക്കെ ഉൾഭാഗത്തിന്റെ പ്രീമിയംനെസ്സ് വർദ്ധിപ്പിക്കുന്നുണ്ട്. പെർഫോറേറ്റഡ് ലെതറിന്റെ സീറ്റുകളുടെ കുഷ്യനിങ് വളരെ മികച്ചതാണ്. ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. സ്റ്റോറേജ് സ്പേസുകൾ ധാരാളമുണ്ട്. എസി വെന്റുകൾ 360 ഡിഗ്രി തിരിക്കാവുന്നവയാണ്. ഇവ ഓഡിയുടെ ചില മോഡലുകളെ ഓർമ്മിപ്പിക്കുന്നു.
റോട്ടറി സ്വിച്ചാണ് ഗിയർ ലിവറിന്റെ സ്ഥാനത്തുള്ളത്. അതിന്റെയടുത്ത് റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ കാര്യക്ഷത വർദ്ധിപ്പിക്കാനുള്ള സ്വിച്ചും ഡ്രൈവ് മോഡുകളുടെ സ്വിച്ചുമുണ്ട്. 8 ഇഞ്ച് സ്ക്രീനാണ് ഡാഷ് ബോർഡിനുള്ളിൽ ഉയർന്നു നിൽക്കുന്നത്. ഇതിൽ വോയ്സ് റെക്കഗ്നി ഷൻ ഉൾപ്പെടെയുള്ള പല കാര്യങ്ങളും കൊടുത്തിട്ടുണ്ട്. അത്തരം ഫീച്ചേഴ്സിന്റെ കാര്യത്തിൽ എംജി ഹെക്ടറിനെക്കാൾ മുന്നിലാണ് ഇസഡ് എസ് എന്നു പറയാം.
അതിനായി ഒരു സിംകാർഡ് സിസ്റ്റത്തിൽ കണക്ട് ചെയ്തിട്ടുണ്ട്. മീറ്റർ കൺസോളിൽ ബാറ്ററി ചാർജിന്റെ അവസ്ഥ മനസ്സിലാക്കാം. റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ സാധ്യതകളും മീറ്ററിൽ തെളിയുന്നുണ്ട്. വിശാലമായ സൺ റൂഫ് ഉൾഭാഗത്തെ പ്രസന്നമാക്കുന്നു. ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ അസിസ്റ്റ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങൾ ഇസഡ് എസിലുണ്ട്.
140.7 ബിഎച്ച്പി പവർ നൽകുന്ന മോട്ടോറാണ് ഇസഡ് എസിലുള്ളത്. 3500 ആർപിഎമ്മിലാണ് മാക്സിമം പവർ ലഭിക്കുന്നത്. മാക്സിമം ടോർക്ക് 5000 ആർപിഎമ്മിൽ 353 ന്യൂട്ടൺ മീറ്ററാണ്. 44.5 കിലോവാട്ടിന്റെ ലിതിയം അയോൺ ബാറ്ററി പായ്ക്കാണ് ഈ വാഹനത്തിലുള്ളത്.ഇലക്ട്രിക് മോട്ടോറായതുകൊണ്ട് പറപറക്കുന്ന അനുഭവമാണ് ഇസഡ് എസ് സമ്മാനിക്കുന്നത്. ലാഗെന്നു പറയുന്ന സംഭവമേ ഇല്ല. കൂടുതൽ സ്പോർട്ടിയായ ഡ്രൈവ് വേണമെങ്കിൽ സ്പോർട്ട് എന്ന ഡ്രൈവ് മോഡിൽ ഇടുകയുമാവാം. അതുപോലെ കെഇആർ (കൈനറ്റിക് എനർജി റിക്കവറി) സ്വിച്ച് ‘ഹെവി’ എന്ന മോഡിൽ ഇട്ടാൽ റീജനറേറ്റീവ് ബ്രേക്കിങ്ങിൽ നിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുകയുമാവാം.
ഒന്നാന്തരം സസ്പെൻഷനും കൃത്യതയുള്ള സ്റ്റിയറിങും ഉയർന്ന സീറ്റിങ് പൊസിഷനുമൊക്കെ ചേർന്ന് ഇസഡ് എസ് ഒരു അനുഭവമാക്കി മാറ്റുന്നു.
നാടുനീളെ ചാർജിങ് സ്റ്റേഷനുകൾ വന്നാൽ കണ്ണടച്ചു വാങ്ങാവുന്ന വാഹനമാണ് ഇസഡ് എസ്. കാരണം, എത്ര ദൂരം സഞ്ചരിച്ചാലും മടുപ്പ് നൽകാത്ത ഒരു പൂർണ്ണ വളർച്ചയെത്തിയ എസ്യുവി തന്നെയാണിത്.$
Copyright: Smartdrive- January 2020