Nature’s Delight: Travel to Chinnakanal in a VW Vento
October 19, 2020
Test Drive: BMW 220d
October 19, 2020

Test Drive: MG Gloster

MG Gloster

ഹെക്ടറിനും ഇസഡ് എസ് എന്ന ഇലക്ട്രിക് എസ് യു വിയ്ക്ക് ശേഷം എം ജി മോട്ടോർ ഇന്ത്യയിലെത്തിക്കുന്ന വമ്പൻ എസ് യു വിയാണ് ഗ്ലോസ്റ്റർ. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

എഴുത്ത്: ബൈജു എൻ നായർ, ഫോട്ടോ: അഖിൽ അപ്പു

എം ജി മോട്ടോർ ഇന്ത്യയിൽ ശക്തമായ സാന്നിദ്ധ്യമാവുകയാണ്. ഹെക്ടർ എന്ന ജനപ്രിയ എസ്‌യുവിക്കു ശേഷം അതേ മോഡലിന്റെ 7 സീറ്റർ വകഭേദം-പ്ലസ്-വന്നു. പിന്നെ ഇസഡ് എസ് എന്ന ഇലക്ട്രിക് എസ്‌യുവി വന്നു. ഇപ്പോഴിതാ, ഗ്ലോസ്റ്റർ എന്നൊരു ഗ്ലോബൽ എസ്‌യുവി കൂടി എംജി മോട്ടോർ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. ഫോർഡ് എൻഡേവർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര അൾട്ടൂരാസ് ജി4 എന്നിവരോടാണ് പ്രധാനമായും ഗ്ലോസ്റ്റർ മത്സരിക്കാൻ പോകുന്നത്.

ഗ്ലോസ്റ്റർ

ചൈനയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിലൊന്നാണ് എംജി മോട്ടോർ. ഷാങ്ഹായ് ഓട്ടോ എന്ന മാതൃ കമ്പനിയുടെ മോറിസ് ഗ്യാരേജ് എന്ന ഐതിഹാസിക ബ്രിട്ടീഷ് ബ്രാന്റാണ് ഷാങ്ഹായ് ഓട്ടോ വാങ്ങിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെത്തിച്ചത്. ഇന്ത്യയിൽ പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് നിരവധി മോറിസ് ഗ്യാരേജ് വാഹനങ്ങൾ ഓടിയിരുന്നു എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്. ഗ്ലോസ്റ്റർ മറ്റു പേരുകളിൽ ചൈനയിലും ഓസ്‌ട്രേലിയിലും വിറ്റുവരുന്നുണ്ട്. ചൈനയിൽ മാക്‌സ് ഡി 90 എന്നാണ് പേര്. ഓസ്‌ട്രേലിയയിൽ എൽഡിവി ഡി 90 എന്നും.

കാഴ്ച

എതിരാളികളെക്കാൾ വലിപ്പം കൂടിയ വാഹനമാണ് ഗ്ലോസ്റ്റർ. അൾട്ടൂരാസ് ജി 4ന് അല്പം വീതി കൂടുതലുണ്ട് എന്നതു മാത്രമാണ് ഒരു അപവാദം. എങ്കിലും ഒറ്റനോട്ട ത്തിൽ അടുത്ത സെഗ്‌മെന്റിലെ വാഹനങ്ങളോളം വലിപ്പം തോന്നിയാലും അത്ഭുതപ്പെടാനില്ല. വലിയ ഡിസൈൻ തന്ത്രങ്ങളൊന്നും പ്രയോഗിക്കാതെ ‘ബോക്‌സി രൂപത്തിലാണ് ഗ്ലോസ്റ്റർ രൂപകല്പന ചെയ്തിരിക്കുന്നത്. വലിയ ഗ്രിൽ മുൻഭാഗം മുഴുവനും കവരുന്ന ക്രോമിയം ഫിനിഷിൽ മുങ്ങി നിൽക്കുന്ന ഗ്രില്ലിൽ എംജിയുടെ വലിയ ലോഗോ ഉണ്ട്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് വലിപ്പമേറിയതാണ്. അത് ഡ്യുവൽ ബാരലാണ്. അതിനുമേലെ ഡേടൈം റണ്ണിങ് ലാമ്പും താഴെ അലൂമിനിയം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റും കാണാം. ബമ്പറിൽ ഫോഗ്‌ലാമ്പും അതിനോട് ചേർന്ന് ഒരു എയർ ഇൻടേക്കുമുണ്ട്. ഉയർന്ന ബോണറ്റിൽ പവർ ബൾജുകളുണ്ട്. അങ്ങനെ, മുൻഭാഗം ഒരു വമ്പൻ എസ്‌യുവിക്ക് ചേരുന്നതു തന്നെ എന്നു പറയാം. സൈഡ് പ്രൊഫൈലിൽ വമ്പൻ ടയറുകൾ കാഴ്ചയിൽ പെടും. 19 ഇഞ്ച് ടയറുകൾ ഈ സെഗ്‌മെന്റിൽ ഏറ്റവും വലിപ്പമേറിയതാണ്. ഡ്യുവൽ ടോൺ അലോയ്‌യുമുണ്ട്. ‘ബ്രിറ്റ് ഡൈനാമിക്’ എന്നൊരു ലോഗോ ഫെൻഡറിലുണ്ട്. ബ്രിട്ടീഷ് പാരമ്പര്യം വിളിച്ചോതുന്ന ലോഗോയാണത്.

സൈഡിൽ ഫുട്ട്‌സ്റ്റെപ്പ്, മേലെ റൂഫ്‌റെയ്ൽ, വലിയ കോർണർ ഗ്ലാസ് എന്നിവയും എടുത്തു പറയാം. പിന്നിൽ കുറേ ബാഡ്ജിങ്ങുകളുണ്ട്. സമയമുണ്ടെങ്കിൽ കസേരയിട്ട് ഇരുന്ന് വായിക്കാൻ മാത്രമുണ്ട്. ‘ഇന്റർനെറ്റ് ഇൻസൈഡ്, നീട്ടി എഴുതിയിരിക്കുന്ന ഗ്ലോസ്റ്റർ, ‘ഫോർ വീൽ ഡ്രൈവ്’, ‘അഡാസ്’ (അഡ്വാൻസ്ഡ് ഡ്രൈവ് അസിസ്റ്റ് സിസ്റ്റം) എന്നിവയാണ് എഴുത്തുകൾ. താഴെ നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ കാണാം. അതെല്ലാം വ്യാജന്മാരാണ.് ഒറിജനൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ അവയ്ക്കു പിന്നിലാണ്. ടെയ്ൽ ലാമ്പ് വശങ്ങളിൽ നിന്നാരംഭിച്ച് ടെയ്ൽഗേറ്റിൽ കടന്നു നിൽക്കുന്നു. 7 സീറ്ററായതുകൊണ്ട് ബൂട്ട് സ്‌പേസ് കുറവാണ്. പക്ഷേ, മൂന്നാംനിര സീറ്റ് മടക്കി ലഗേജ് സ്‌പേസ് വർദ്ധിപ്പിക്കാം. ഇലക്ട്രിക്കലി അടയ്ക്കാനും കഴിയും, ബൂട്ട്‌ലിഡ്.

ഉള്ളിൽ

സ്‌പേസിന്റെ കളിയാണ് ഉള്ളിൽ. കൂടാതെ ബ്രൗൺ നിറമുള്ള ഇന്റീരിയറിന്റെ ഭംഗിയും മനംകവരും. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ ഡാഷ്‌ബോർഡിൽ ഭംഗിയായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. ഇത് ‘ഇ സിംകാർഡ്’ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസ്റ്റമാണ്. നാവിഗേഷൻ ലൈവ് അപ്‌ഡേറ്റ് പോലും ഇതിലുണ്ട്. വോയ്‌സ് കമാൻഡുമുണ്ട്. ഹെക്ടറിലെ സിസ്റ്റത്തിന്റെ നന്മകളെല്ലാം ഇതിനുമുണ്ട്. നീളമുള്ള എസി വെന്റുകൾ, നിരവധി ചാർജിങ് പോർട്ടുകൾ, വയർലെസ് ചാർജ്ജിങ്, ഭംഗിയുള്ള സെന്റർ കൺസോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ട്രാക്ഷൻ കൺട്രോൾ-ഡ്രൈവ് മോഡുകളുടെ സ്വിച്ചുകൾ, കപ്‌ഹോൾഡറുകൾ, വലിയ സ്റ്റോറേജ് സ്‌പേസുകൾ, സ്റ്റിയറിങ് വീലിൽ സ്വിച്ചുകൾ, ക്രൂയിസ് കൺട്രോൾ, പാഡ്ൽ ഷിഫ്‌റ്റേഴ്‌സ് എന്നിവയൊക്കെ ഉപകരണ- ആഡംബര നിരയിൽ പെടുന്നു. മുൻസീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം.

ഡ്രൈവർ സീറ്റിന് മസാജ് ഫങ്ഷനുമുണ്ട്. പനോരമിക് സൺറൂഫും എടുത്തു പറയാം.
12 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം, ആംബിയറ്റ് ലൈറ്റിങ് എന്നിവയും ഗ്ലോസ്റ്ററിന് എംജി മോട്ടോർ കൊടുത്തിട്ടുണ്ട്. രണ്ടാംനിര സീറ്റിൽ രണ്ട് ബക്കറ്റ് സീറ്റുകളാണ് (7സീറ്റർ മോഡലിൽ ബഞ്ച് സീറ്റുകളാണ്). സ്ഥലസൗകര്യം തന്നെയാണ് രണ്ടാം നിര സീറ്റിലെയും താരം. പിന്നിലേക്ക് എസി വെന്റുകളുമുണ്ട്. മൂന്നാംനിര സീറ്റിലും സ്ഥലസൗകര്യം അത്ഭുതപ്പെടുത്തും. തുടസപ്പോർട്ട് കുറവാണ് സീറ്റിന് എന്നു മാത്രമേയുള്ളു.

എഞ്ചിൻ

ഷാങ്ഹായ് ഓട്ടോ സ്വയം വികസിപ്പിച്ചെടുത്ത 2ലിറ്റർ, ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് ഗ്ലോസ്റ്ററിലുള്ളത്. 1996 സിസി എഞ്ചിന്റെ പവർ 215 ബിഎച്ച്പിയാണ്. 480 ന്യൂട്ടൺ മീറ്ററാണ് മാക്‌സിമം ടോർക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് (ടോർക്ക് കൺവർട്ടർ) ഗിയർ ബോക്‌സുള്ള വാഹനത്തിന് ഓൺ ഡിമാന്റ് 4 വീൽ ഡ്രൈവ് സ്വിച്ചോവറുമുണ്ട്. സ്‌നോ, മഡ്, സാൻഡ്, റോക്ക് തുടങ്ങിയ ടെറെയ്‌നുകൾക്ക് പറ്റുന്ന ട്രാക്ഷൻ മോഡുകളുള്ളതുകൊണ്ട് 4 വീൽ ഡ്രൈവ് അത്യാവശ്യമാണെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. ബോഡിറോൾ ആണ് ഇത്തരം വാഹനങ്ങളുടെ പ്രധാന പ്രശ്‌നം. ഗ്ലോസ്റ്ററിനും അതുണ്ട്, കുറെയൊക്കെ നിയന്ത്രിതമാണെന്നു മാത്രം. 210 മി.മി. ഗ്രൗണ്ട് ക്ലിയറൻസുണ്ട് ഗ്ലോസ്റ്ററിന്. അതും മലകയറാൻ ഈ വാഹനത്തെ പര്യാപ്തമാക്കുന്നുണ്ട്. 550 മി.മീ. വെള്ളക്കെട്ടിലൂടെയും ഓടിക്കാം.

‘അഡാസ്’ എന്ന സിസ്റ്റം ഉള്ളതുകൊണ്ട് ഡ്രൈവർക്ക് ക്ഷീണം വന്നാൽ മുന്നറിയിപ്പ് കിട്ടും. ഓട്ടോ പാർക്ക് അസിസ്റ്റ്, ക്രൂയിസ് കൺട്രോളിൽ ഓടിക്കുമ്പോഴും വാഹനം ആവശ്യമെങ്കിൽ സ്വയം ബ്രേക്ക് ചെയ്യുന്ന സംവിധാനം എന്നിവയും ‘അഡാസിൽ’ ഉൾപ്പെടുന്നുണ്ട്. 6 എയർ ബാഗുകൾ, 360 ഡിഗ്രി ക്യാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽഡിസന്റ്- അസന്റ് കൺട്രോൾ ഇങ്ങനെ സുരക്ഷ സന്നാഹങ്ങളും നിരവധി. 29 ലക്ഷം രൂപയിലാണ് എംജി ഗ്ലോസ്റ്ററിന്റെ വില ആരംഭിക്കുന്നത്. 35.38 ലക്ഷം രൂപയാണ് ടോപ് എൻഡ് മോഡലിന്റെ വില. വിലയുടെ കാര്യത്തിലും ഗ്ലോസ്റ്റർ എതിരാളികളെ വെല്ലുവിളിക്കുന്നു എന്നർത്ഥം.$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>