Exclusive test drive: Mahindra Marazzo
September 15, 2018
Mahindra’s Amphibian: Kalidas Jayaram on Mahindra Thar
September 18, 2018

Test drive: Mercedes Benz C43 AMG

367 കുതിരശക്തി എഞ്ചിനുമായി ഒരു ബെൻസ് സി ക്ലാസ്- സി 63 എ എം ജി. ഒരു പെർഫോമൻസ് കാറിന്റെ എല്ലാ സ്‌പോർട്ടിനെസ്സും അതോടൊപ്പം തന്നെ ഒരു സെഡാന്റെ കംഫർട്ടും ഒരുമിക്കുന്നു ഈ മോഡലിൽ.

എഴുത്ത്: ബൈജു എൻ നായർ,  ഫോട്ടോ: ജെ ബിന്ദുരാജ്

രാവിലെ എഴുന്നേൽക്കുന്നു, പല്ലു തേയ്ക്കുന്നു, കുളിക്കുന്നു, ഓഫീസിൽ പോകുന്നു, വൈകീട്ട് തിരികെ വീട്ടിൽ വരുന്നു, കിടന്നുറങ്ങുന്നു.
ബോറിങ് ലൈഫ്. ഒരു മാറ്റവുമില്ലാതെ കടന്നു പോകുന്ന ദിനങ്ങൾ.
ഒരു മെർസിഡസ് ബെൻസ് സി 43 എംഎംജി വാങ്ങുക. ബോറടി പമ്പ കടക്കും. ജീവിതം ആവേശഭരിതമാകും. ഓരോ നിമിഷവും ജീവിക്കാൻ ഉൾപ്രേരണ ശക്തമാകും. ബെൻസിന് സ്‌തോത്രം.
ഇതൊരു സാക്ഷ്യം പറച്ചിലായിത്തന്നെ കണക്കാക്കിക്കൊൾക. കാരണം, സ്മാർട്ട് ഡ്രൈവിന്റെ ഓണപ്പതിപ്പിന്റെ പിന്നണിത്തിരക്കുകളിൽപെട്ടു വലയുമ്പോഴാണ് മെർസിഡെസ് ബെൻസ് ഏതാനും ദിവസത്തേക്ക് നീല മെറ്റാലിക് ശരീരമുള്ള സി 43 എഎംജി എന്ന സുന്ദരിയെ എനിക്ക് സമ്മാനിച്ചത്. അതോടെ ജീവിതം പൂത്തു, തളിർത്തു. ബോറടി പോയ് മറഞ്ഞു. ആ എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്ന് ഉത്ഭവിക്കുന്ന എഞ്ചിന്റെ ഹുങ്കാര ശബ്ദത്തിൽ ജീവിതം ആഘോഷഭരിതമായി….

സി 43എഎംജി

എഎംജി എന്നത് ബെൻസിന്റെ പെർഫോർമൻസ് കമ്പനിയാണെന്ന് അറിയാമല്ലോ. സ്വതവേ പുലികളായ ബെൻസിന്റെ മോഡലുകളെ പുപ്പുലികളാക്കി മാറ്റുകയാണ് എഎംജിയുടെ ദൗത്യം. അങ്ങനെ ‘സി’ക്ലാസ് സെഡാനെ പുപ്പുലിയാക്കി മാറ്റിയതാണ് സി 43. സി ക്ലാസിന്റെ പെർഫോർമൻസ് രൂപമെന്നു പറയാം.
നേരത്തെ മുതൽ സി63 എഎംജി എന്ന ഒരു മോഡൽ സി. ക്ലാസിനുണ്ട്. എന്നാൽ രണ്ടുകോടിയോളം രൂപ വില വരുന്ന ഈ മോഡലിനെക്കാൾ അമ്പതുശതമാനം വിലക്കുറവാണ് സി 43യ്ക്ക്. കൂടുതൽ അഫോഡബ്ൾ ആയ സി ക്ലാസ് എഎംജിയാണിത് എന്നു പറയാം. (സി 63എഎംജി 510 ബിഎച്ച്പിയാണ് സി 43 യാകട്ടെ, 367 ബിഎച്ച്പിയും)

കാഴ്ച

കാഴ്ചയിൽ സി 200 എന്ന സി ക്ലാസ് സെഡാൻ തന്നെയാണ് സി 43 എഎംജിയും. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ ഇവനൊരു എഎംജിയാണെന്ന് വാഹനപ്രേമികൾ കണ്ടുപിടിക്കും. മുന്നിൽത്തന്നെയുണ്ട് ആദ്യത്തെ അടയാളം- ഗ്രില്ലിലെ എഎംജി ലോഗോ, അതുപോലെ മുന്നിലെ എയർഡാമുകളുടെ രൂപത്തിലും മാറ്റം കണ്ടെത്താം. സിഎൽഎയിലെ ഡയമണ്ട് കട്ട് ഗ്രില്ലാണ് സി43 യിൽ ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ജ്യേഷ്ഠസഹോദരനായ സി 63യിൽ ടു സ്ലാട്ട് ഗ്രില്ലാണുള്ളത്. മുന്നിൽ ബമ്പറിനു താഴെ നിലം തൊട്ടു കിടക്കുന്ന അലൂമിനിയം ഫിനിഷുള്ള ലോവർലിപ്പ് കാണാൻ ഭംഗിയുണ്ട്. ഇത് സി 43 യെ സ്‌പോർട്ടിയാക്കുന്നുണ്ടെങ്കിലും നമ്മുടെ റോഡുകളിൽ ഡ്രൈവർമാരുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കും. കാരണം, ഹമ്പുകൾ ചാടുമ്പോൾ ‘കർർർ’ ശബ്ദത്തോടെ ഉരയാനാണ് ഈ ലോവർലിപ്പിന്റെ യോഗം.


സൈഡ് പ്രൊഫൈലിൽ കണ്ണിന് ഇമ്പമാകുന്നത് ആ വലിയ വീൽആർച്ചും അതിന്മേൽ ചുറ്റിത്തിരിയുന്ന 5 സ്‌പോക്ക് സ്റ്റാർ അലോയ്കളുമാണ്. ഈ 18 ഇഞ്ച് അലോയ് വശക്കാഴ്ചയിൽ സി43യുടെ ഗൗരവവും സ്‌പോർട്ടിനെസ്സും വാനോളമെത്തിക്കുന്നു. സൈഡ് പാനലുകളിൽ പവർ ലൈനുകളുണ്ട്. കൂപ്പെ പോലെ റൂഫ് ലൈൻ ചെറിയ ബൂട്ടിലേക്ക് ഇറങ്ങി നിൽക്കുന്നു. ഹെഡ്‌ലൈറ്റ് അതിസുന്ദരമാണ്. അഡാപ്ടീവ് ഹെഡ്‌ലാമ്പിനു താഴെ താരഹാരം പോലെ ക്രിസ്റ്റൽ ലെൻസുകളിൽ നിന്നുതിരുന്ന പ്രകാശവുമായി ഡേടൈം റണ്ണിങ് ലാമ്പുകൾ. എൽഇഡി ടെയ്ൽലാമ്പും രൂപത്തോട് ഇണങ്ങി നിൽക്കുന്ന ബൂട്ടുമാണ് പിന്നിലെ കാഴ്ച. കൂടാതെ, താഴെ കാണുന്ന ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും ബൂട്ട് ലിഡിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ചെറിയ സ്‌പോയ്‌ലറും വേഗത ഇഷ്ടപ്പെടുന്നവരെ ഹരം കൊള്ളിക്കുമെന്ന കാര്യത്തിൽ സംശയില്ല.

ഉള്ളിൽ

സി ക്ലാസ് സെഡാന്റെ ഉൾഭാഗം അതേപടി എടുത്തുവച്ചിരിക്കുകയാണ്. സി 43 എഎംജിയുടെ ഉള്ളിൽ. എന്നാൽ എഎംജിയാണെന്നു പെട്ടെന്നു മനസ്സിലാക്കാനാ യി എല്ലായിടത്തും റെഡ് സ്റ്റിച്ചിങ് ഉപയോഗിച്ചിട്ടുണ്ട്. സ്റ്റിയറിങ്‌വീൽ, ഡാഷ്‌ബോർഡ്, സീറ്റുകൾ എന്നിവിടങ്ങളിലെ ബ്ലാക്ക് ലെതറിലെല്ലാം കാണാം, ആ കോൺട്രാസ്റ്റ് കളർ സ്റ്റിച്ചിങ്. അതുപോലെ സീറ്റുകളുടെ കാര്യത്തിലും മാറ്റമുണ്ട്. സി 63 എഎംജിയിലെ റേസിങ് ടൈപ്പ് സീറ്റുകളും സി43 യിൽ ഉപയോഗിച്ചില്ല എന്നതും ശ്രദ്ധേയമാണ്.


ഡാഷ്‌ബോർഡിലെ അലൂമിനിയം ഇൻസർട്ടുകളും ആക്‌സിലേറ്റർ, ബ്രേക്ക് പെഡലുകളിലെ ക്രോമിയം ഇൻസർട്ടുകളും എഎംജി മോഡലിന്റെ പ്രത്യേകതയാണ്. ബാക്കിയെല്ലാം സി200 ന്റേതു തന്നെ. ഉയർന്നു നിൽക്കുന്ന ഡാഷ്‌ബോർഡും വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും അതിനെ നിയന്ത്രിക്കുന്ന സെന്റർ കൺസോളിലെ ടച്ച് പാഡും അതിനോട് ചേർന്നു കാണുന്ന ഡ്രൈവ്‌മോഡിന്റെ സ്വിച്ചും സി200ൽ കണ്ടിട്ടുള്ളതു തന്നെ. മുൻസീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. വലിയൊരു സൺറൂഫും എഎംജി മോഡലിനുണ്ട്. പിൻഭാഗത്ത് മോശമല്ലാത്ത ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസുമുണ്ട്. സീറ്റുകൾക്ക് നല്ല തൈ സപ്പോർട്ടുണ്ട് എന്നതാണ് എടുത്തുപറയണ്ട കാര്യം. ഒരു കാര്യം പറയാൻ മറന്നു. സ്‌പോർട്‌സ് കാറിനു ചേരുംവിധം സീറ്റ്‌ബെൽറ്റുകൾക്കും നൽകിയിരിക്കുന്നത് വേഗതയുടെ നിറമായ ചുവപ്പാണ്.

എഞ്ചിൻ

സി43 എഎംജിയുടേത് 3 ലിറ്റർ, ട്വിൻ ടർബോ സി 6 എഞ്ചിനാണ്. സി200 മായി താരതമ്യപ്പെടുത്തുമ്പോൾ 183 ബിഎച്ച്പിയും 2 സിലിണ്ടറുകളും അധികമുണ്ട് സി 43യ്ക്ക്. ടോർക്ക് 520 ന്യൂട്ടൺ മീറ്ററാണ്. 2000 മുതൽ 6500 ആർ പി എം വരെ പവറിന്റെ പെരുമഴയാണ് ഈ എഞ്ചിനും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും കൂടി സമ്മാനിക്കുന്നത്. പൂജ്യത്തിൽ നിന്ന് നൂറിലേക്ക് 4.7 സെക്കന്റുകൊണ്ട് കുതിച്ചെത്തുമെങ്കിലും നിയന്ത്രണാതീതമായ കുതിപ്പില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. ആത്മവിശ്വാസം കെടുത്താത്ത രീതിയിൽ ‘കൺട്രോൾഡ്’ ആണ് സി43യുടെ പെരുമാറ്റം.

ഓൾവീൽ ഡ്രൈവ് സിസ്റ്റമുള്ളതുകൊണ്ട് അസാമാന്യമായ റോഡ് ഗ്രിപ്പും ഈ വാഹനം നൽകുന്നുണ്ട്. 18 ഇഞ്ച് വീലുകളും 245 സെക്ഷൻ ടയറുകളും ചേർന്ന് യാത്ര സുഖപ്രദമാക്കുന്നു. സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ്, ഇക്കോ, ഡൈനാമിക് എന്ന മോഡലുകളിലെല്ലാം കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട് സി 43. അവനവന്റെ അഭിരുചിക്കനുസരിച്ചുള്ള മോഡ് തെരഞ്ഞെടുക്കാം എന്നർത്ഥം

വിധിന്യായം
ഒരു പക്കാ ഫാമിലി സ്‌പോർട്‌സ് കാറാണ് ബെൻസിന്റെ സി 43 എഎംജി. പവറിനു പവർ, കംഫർട്ടിനു കംഫർട്ട്, സൗന്ദര്യത്തിന് സൗന്ദര്യം-എല്ലാം ഈ വാഹനങ്ങളിൽ ഒന്നിക്കുന്നു. ഈ പെർഫോമൻസ് സ്വന്തമാക്കാൻ നൽകേണ്ടത് 92 ലക്ഷം രൂപ (ഓൺറോഡ്, കൊച്ചി)

Vehicle Provided by MERCEDES BENZ INDIA
$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>