Camry Motors: Class Apart!
September 14, 2019
Test Drive: Hyundai i10 Grand Nios
September 14, 2019

Test Drive: Maruti Suzuki XL6

Maruti Suzuki XL6

മാരുതിയുടെ 6 സീറ്റർ പ്രീമിയം മൾട്ടിപർപ്പസ് വാഹനമായ എക്‌സ്എൽ 6 വിപണിയിലെത്തി. ടൊയോട്ട ഇന്നോവയോട് കിടപിടിക്കാവുന്ന യാത്രാസുഖമാണ് ഈ മോഡൽ നൽകുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

ടെസ്റ്റ് ഡ്രൈവും ചിത്രങ്ങളും: ബൈജു എൻ നായർ

മാരുതിയുടെ ജീവിതത്തിലെ ഏറ്റവുമധികം മത്സരം നേരിടുന്ന കാലഘട്ടമാണിത്. എംജി മോട്ടോർ, കിയാ മോട്ടോഴ്‌സ് എന്നീ പുതിയ കമ്പനികൾ ഇന്ത്യക്കാരുടെ മനംകവർന്നു കഴിഞ്ഞു. കിയയുടെ പക്കൽ ചെറുകാറുകളുടെയും എസ്‌യുവികളുടെയും നീണ്ട നീര തന്നെയുണ്ട്. എംജിയും അക്കാര്യത്തിൽ മോശമല്ല. അതുകൊണ്ട് മൊത്തത്തിലൊന്ന് മുഖം മിനുക്കിയില്ലെങ്കിൽ മാരുതിയുടെ സുവർണ്ണകാലത്തിന് മങ്ങലേൽക്കാനിടയുണ്ട്. ഈ തിരിച്ചറിവിൽ നിന്ന് ജനിച്ച ഏറ്റവും പുതിയ മോഡലാണ് എക്‌സ്എൽ 6. എർട്ടിഗ എന്ന 7 സീറ്റർ മോഡലിൽ നിന്ന് ജന്മം കൊണ്ടതാണ് എക്‌സ്എൽ 6 എങ്കിലും കുറെക്കൂടി പ്രീമിയം ലുക്കിങ് ആണ്. ആഡംബരങ്ങളും പ്രീമിയം തന്നെ. എക്‌സ്എൽ 6 എന്ന പേര് എക്‌സ്‌ക്ലൂസീവ് എന്ന പാക്കിൽ നിന്നാണെന്ന് മാരുതി പറയുന്നു. 6 എന്നത് ആറു പേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണെന്നും ബോധ്യപ്പെടുത്തുന്നു. എർട്ടിഗ, അരീന ഡീലർഷിപ്പുകളിലൂടെ വിറ്റഴിക്കുമ്പോൾ എക്‌സ്എൽ 6 വിൽപനയ്‌ക്കെത്തുക ‘നെക്‌സ’ഷോറൂമുകളിലായിരിക്കും.

കാഴ്ച

എർട്ടിഗയുടെ പ്ലാറ്റ്‌ഫോമിലാണ് ജനനമെങ്കിലും കുറേക്കൂടി ‘പവർ പാക്ക്ഡ്’ ആണ് എക്‌സ് എൽ 6ന്റെ ഡിസൈൻ. ഏത് ആംഗിളിൽ നിന്നു നോക്കിയാലും കരുത്തുറ്റ ബോഡിലൈനുകൾ കാണാം. മുൻഭാഗത്തിന് എസ്‌യുവി ലുക്കുണ്ട്. വശക്കാഴ്ചയിൽ ഒരു തികഞ്ഞ എംപിവിയെയും എക്‌സ് എൽ 6ൽ കണ്ടെത്താം. കനത്ത പവർ ലൈനുകളോടു കൂടിയ ഉയർന്ന ബോണറ്റാണ് എക്‌സ്എൽ 6നുള്ളത്. മുൻഭാഗത്തിന്റെ മറ്റ് ഡിസൈൻ രീതികളും മാരുതിക്ക് പതിവുള്ളതല്ല. വലിയ ഗ്രില്ലിന് ബ്ലാക്ക്ഫിനിഷാണ്. അതിനു നടുവിൽ നെടുനീളത്തിൽ ഇരട്ട ക്രോമിയം ലൈൻ. അതിന്മേൽ സുസുക്കിയുടെ വലിയ ലോഗോ.

മൂന്നു ഭാഗങ്ങളുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്റർ അതിസുന്ദരമാണ്. ടേൺ ഇൻഡിക്കേറ്ററും ഡേടൈം റണ്ണിങ്‌ലാമ്പും ഹെഡ്‌ലാമ്പുമെല്ലാം എൽഇഡിയുടെ പ്രഭാപൂരം ചൊരിയുന്നു. ചെത്തിയെടുത്ത സ്ലോട്ടുകളോടു കൂടിയ ബമ്പറിൽ ബ്ലാക്ക് ഫിനിഷിൽ ഫോഗ്‌ലാമ്പുകൾ കാണാം. എസ്‌യുവി ഛായ കൈവരുത്താനായി അലൂമിനിയം സ്‌കഫ് പ്ലേറ്റും താഴെ കൊടുത്തിരിക്കുന്നു. സൈഡ് പ്രൊഫൈലിൽ കാണുന്ന 15 ഇഞ്ച് അലോയ്‌വീലിന് വാഹനത്തിന് ആനുപാതികമായ വലിപ്പമില്ല എന്നു തോന്നിയാൽ കുറ്റം പറയാനാവില്ല. 16 ഇഞ്ച് എങ്കിലുമാകാമായിരുന്നു വീൽസൈസ്.

മുൻഭാഗത്തു നിന്നാരംഭിക്കുന്ന ക്ലാഡിങ് വീൽ ആർച്ചിലൂടെ കടന്ന് റണ്ണിങ് ബോർഡിനു മേലെ കൂടി പിന്നിലേക്ക് നീളുന്നുണ്ട്. അതിനു താഴെ ഒരു അലൂമിനിയം പ്ലേറ്റും കൊടുത്തിട്ടുണ്ട്. അലൂമിനിയം ഫിനിഷുള്ള റൂഫ് റെയ്‌ലും ഭംഗിയായിട്ടുണ്ട്. സൈഡ് പ്രൊഫൈലിൽ കാണാൻ ഭംഗിയുള്ള മറ്റൊരു കാര്യം സി പില്ലറാണ്. കോർണർഗ്ലാസ്, ബോഡി പാനലും ചേരുന്ന സി പില്ലർ എന്നിവ വശക്കാഴ്ചയിൽ എക്‌സ്എൽ6-നെ സുന്ദരനാക്കുന്നു. ബോഡി പാനലിലെ കനത്ത ഷോൾഡർ ലൈൻ എത്തിനിൽക്കുന്നത് എൽഇഡി ടെയ്ൽ ലാമ്പിലാണ്. വോൾവോയുടെ ചില മോഡലുകളെ ഓർമ്മിപ്പിക്കുന്ന ടെയ്ൽലാമ്പുകൾക്കിടയിൽ ബ്ലാക്ക് ഫിനിഷ് കൊടുത്തത് ഭംഗിയായിട്ടുണ്ട്. കൂടാതെ, വലിയ അലൂമിനിയം സ്‌കഫ് പ്ലേറ്റും കാണാം. സി പില്ലറിലെ ബ്ലാക്ക് ഫിനിഷ് പിൻ വിൻഡ്ഷീൽഡിലേക്ക് കയറി നിൽക്കുന്നുമുണ്ട്. ബൂട്ട്‌ലിഡിന്റെ ഡിസൈനിലും കട്ടിങ്ങുകളും പവർ ബൾജുകളും കൊടുത്തിരിക്കുന്നതുകൊണ്ട് മുൻഭാഗത്തു നിന്ന് ആരംഭിക്കുന്ന ആ മസിൽമാൻലുക്ക് പിന്നറ്റം വരെയും നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ എക്‌സ് എൽ 6 ഡിസൈൻ ചെയ്തവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഉള്ളിൽ

എർട്ടിഗയുടെ ഇന്റീരിയർ ഡിസൈനുമായി സാദൃശ്യമുണ്ടെങ്കിലും എക്‌സ്എൽ6ന്റെ ഇന്റീരിയർ കുറേക്കൂടി പ്രീമിയമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഫുൾ ബ്ലാക്കാണ് ഇന്റീരിയർ എന്നതും പ്രീമിയംനെസ് വർദ്ധിപ്പിക്കുന്നു. ചാര നിറത്തിൽ ഫോക്‌സ്‌വുഡ് പ്രീമിയം ഫിനിഷുള്ള ഒരു ഭാഗവുമുണ്ട്, ഡാഷ്‌ബോർഡിൽ. 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ ഇണക്കിച്ചേർത്തിട്ടുണ്ട്. ന്യൂജനറേഷൻ സ്മാർട്ട്‌പ്ലേസ്റ്റുഡിയോ ആപ്ലിക്കേഷനാണ് ഈ സിസ്റ്റത്തിലുള്ളത്. സുസുക്കി കണക്ട് എന്ന ആപ്ലിക്കേഷനും ഫോണിന്റെ സിമ്മിലൂടെ കണക്ട് ചെയ്യാം. ജിയോ ഫെൻസിങ്, റിയൽടൈം ഡ്രൈവിങ് അലർട്ട് എന്നിവയൊക്കെ അത്തരത്തിൽ സ്‌ക്രീനിൽ ലഭ്യമാക്കുകയും ചെയ്യും.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്ബട്ടൺ സ്റ്റാർട്ട്, ഇലക്ട്രിക് ഫോൾഡിങ് മിറേഴ്‌സ് എന്നിവയൊക്കെ ടോപ്പ്എൻഡ് മോഡലിലുണ്ട്. റിവേഴ്‌സ് ക്യാമറ, ലെതറെറ്റ് സീറ്റുകൾ എന്നിവയും എടുത്തുപറയാം. സീറ്റുകളുടെ കംഫർട്ട് അതിഗംഭീരം എന്നു പറയാതിരിക്കാനാവില്ല. അതുപോലെ ഓരോ ഇഞ്ചിലും നിർമ്മാണ നിലവാരവും കണ്ടെത്താം. മാരുതിയുടെ പുതിയ മോഡലുകളിൽ ഏറ്റവും ക്വാളിറ്റിയുള്ള പ്രൊഡക്ട് എക്‌സ്എൽ 6 ആണെന്നു പറയാം. രണ്ടാം നിര സീറ്റാണ് ഏറ്റവും ഗംഭീരമായത്. രണ്ട് ക്യാപ്റ്റൻ സീറ്റുകൾക്കും ആംറെസ്റ്റുണ്ട്. വലിപ്പമുള്ള ഈ സീറ്റുകളുടെ സിറ്റിങ് പൊസിഷനുകൾ ടൊയോട്ട ഇന്നോവയെ ഓർമ്മിപ്പിക്കും എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. സീറ്റുകൾ പിന്നിലേക്ക് ചെരിക്കുകയും നിരക്കി നീക്കുകയുമാവാം. എസി വെന്റുകൾ റൂഫിൽ കൊടുത്തിരിക്കുന്നതു കൊണ്ട് പിൻഭാഗത്തേയ്ക്ക് തണുപ്പെത്താൻ സെക്കന്റുകൾ മതി.

മൂന്നാംനിര സീറ്റിലേക്ക് പ്രവേശിക്കേണ്ടത് രണ്ടാം നിര സീറ്റിന്റെ നടുവിലൂടെയാണ്. ഇവിടെയും ചാരുന്ന ഭാഗം അഡ്ജസ്റ്റ് ചെയ്യാം. മോശമല്ലാത്ത ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസുമുണ്ട്. ഈ സീറ്റുകൾ മടക്കി ലഗേജ് സ്‌പേസ് 209 ലിറ്ററിൽ നിന്ന് 550 ലിറ്ററാക്കി ഉയർത്താം. രണ്ടാംനിരയിലെ സീറ്റുകൾ മടക്കാനാവുന്നവയല്ല.

എഞ്ചിൻ

എർട്ടിഗയിലെ പെട്രോൾ എഞ്ചിനാണ് എക്‌സ്എൽ 6ലുള്ളത് (ഡീസൽ എഞ്ചിൻ മോഡലില്ല). ഈ 1.5 ലിറ്റർ എഞ്ചിൻ ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. ഹൈബ്രിഡ് ടെക്‌നോളജിയുള്ള എഞ്ചിനിൽ സ്റ്റാർട്ടർ ജനറേറ്ററും ലിത്തിയം അയൺ ബാറ്ററി പായ്ക്കും ഇന്റഗ്രേറ്റഡ് ചെയ്തിട്ടുണ്ട്. പെട്രോൾ എഞ്ചിന് മന്ദത വരുമ്പോൾ ഒരു പവർ ബായ്ക്കപ്പ് നൽകും, ഈ ഇലക്ട്രിക് മോട്ടോർ സെറ്റപ്പ് എന്നർത്ഥം. 105 ബിഎച്ച്പിയാണ് എഞ്ചിൻ പവർ. 4400 ആർപിഎമ്മിൽ 138 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷനുകളിൽ എക്‌സ്എൽ 6 ലഭ്യമാണ്. നഗരത്തിൽ ഓടിക്കാൻ ഓട്ടോമാറ്റിക് കൊള്ളാമെന്നു തോന്നി. എന്നാൽ ഹൈവേയിൽ ഫുൾ ആക്‌സിലേറ്റർ കൊടുക്കുമ്പോൾ എഞ്ചിൻ ശബ്ദം കൂടുന്നതല്ലാതെ ഞൊടിയിടയിൽ പറപറക്കുന്ന അനുഭവം പ്രതീക്ഷിക്കരുത്. എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ ഓട്ടോമാറ്റിക് മോഡലിൽ ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹോൾഡ് എന്നിങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങളും എക്‌സ്എൽ 6ന് നൽകിയിട്ടുണ്ട്.

വിധിന്യായം

എർട്ടിഗയെക്കാൾ 70,000 രൂപയോളം കൂടുതലുണ്ട്, എക്‌സ്എൽ 6ന്. എന്നാൽ രണ്ടാംനിര സീറ്റിലെ യാത്രാനുഭവം എർട്ടിഗയെക്കാൾ സുഖപ്രദമാണ്. അതുകൊണ്ടു തന്നെ ഈ പുതിയ മോഡലും ചൂടപ്പം പോലെ വിറ്റുപോകും, സംശയം വേണ്ട. $

Smartdrive- September 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>