ജയിച്ചുവരാൻ ജയേഷ്: ഭൂട്ടാനിലേക്ക് ഒരു അംഗപരിമിതന്റെ കാറോടിക്കൽ!
September 26, 2019
Oru Kuttanadan Ruchi Yathra
October 14, 2019

Test drive: Maruti Suzuki S-Presso

ലോവർ സെഗ്മെന്റിൽ മിനി എസ് യു വി എന്നൊരു പുതിയ വിഭാഗത്തിന് തുടക്കം കുറിക്കു കയാണ് എസ് പ്രസോയിലൂടെ മാരുതി. താങ്ങാനാകുന്ന വിലയിൽ മറ്റൊരു മാരുതി മാജിക്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

എസ്‌യുവി-ഇന്ത്യക്കാരന്റെ വാഹന സ്വപ്‌നങ്ങളുടെ മൂലമന്ത്രമാണിത്. എസ്‌യുവി കിട്ടിയില്ലെങ്കിൽ ‘എസ്‌യുവി പോലിരിക്കുന്ന’ ഒരു മോഡൽ കിട്ടിയാലും മതി, നമ്മൾ ഹാപ്പി. റെനോ ക്വിഡ് വിപണി പിടിച്ചടക്കിയത് ഈ എസ്‌യുവി ലുക്ക് വെച്ചിട്ടില്ലേ? ദിവസേനയെന്നവണ്ണം ഇന്ത്യൻ വിപണിയിലേക്ക് ‘എസ്‌യുവിത്വ’മുള്ള മോഡലുകൾ വന്നുകൊണ്ടിരിക്കുകയുമാണ്. കിയ സെൽടോസ്, എംജി ഹെക്ടർ എന്നിവയൊക്കെ ചൂടപ്പം പോലെയല്ലേ വിറ്റഴിക്കുന്നത്!
മാരുതിയുടെ എസ്‌യുവി എന്നു വിളിക്കാവുന്ന (യഥാർത്ഥത്തിൽ ഇതൊന്നും സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളല്ല എന്നത് മറ്റൊരു സത്യം) മോഡൽ വിറ്റാര ബ്രെസയാണ്. ബ്രെസ, മറ്റേതൊരു മാരുതി മോഡലും പോലെ തന്നെ ലക്ഷക്കണക്കിന് വിൽക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ക്വിഡിന്റെ വരവും വമ്പിച്ച വിജയവും മാരുതിയുടെ ഉറക്കം കെടുത്തിയത്. ഇപ്പോഴിതാ, ക്വിഡിന്റെ ഫേസ് ലിഫ്റ്റഡ് മോഡൽ വരികയും ചെയ്തിരിക്കുന്നു. ഉടനടി മാരുതിയുടെ അടുക്കളയിൽ അടുപ്പ് കത്തി. പാത്രമെടുത്തു വെച്ച് തിളപ്പിച്ച് എസ്‌യുവി ചേരുവകൾ ചേരുംപടി ചേർത്ത് ഒരു പുതിയ ഡിഷ് തയ്യാറാക്കി – എസ് പ്രസോ.

എസ് പ്രസോ

മാരുതിയുടെ ഇന്ത്യയിലെ എഞ്ചിനീയർമാർ സ്വയം ഡിസൈൻ ചെയ്ത്, ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയിൽ നിർമ്മിച്ച മോഡലാണ് എസ് പ്രസോ. എന്നാൽ ഇനി ഇന്ത്യയിൽ നിന്ന് മിക്ക ലോകരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടാൻ ഒരുങ്ങുകയുമാണ് ഈ കുഞ്ഞിക്കാർ. മാരുതി ആൾട്ടോയുടെയും വാഗൺആറിന്റെയും ഇടയിലാണ് മിനി എസ്‌യുവി എന്ന പുതിയ സെഗ്‌മെന്റ് വെട്ടിത്തുറന്നുകൊണ്ട് എസ് പ്രസോ എത്തിയിരിക്കുന്നത്.

കാഴ്ച

ആൾട്ടോ, വാഗൺ ആർ തുടങ്ങിയ ഓൾഡ് ജനറേഷൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി മാരുതിയുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമായ ‘ഹാർട്ട്‌ടെക്കി’ലാണ് എസ് പ്രസോ നിർമ്മിച്ചെടുത്തിരിക്കുന്നത്. 3565 മി.മീ നീളവും 1520 മി.മീ വീതിയും 1549 മി.മീ ഉയരവുമാണ് എസ് പ്രസോയ്ക്കുള്ളത്. ഉയരത്തിനനുസരിച്ചുള്ള വീതി ഇല്ല എന്ന് എസ്പ്രസോ കാണുമ്പോൾ തോന്നിയേക്കും. എസ്‌യുവി ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഡിസൈനായതു കൊണ്ടാവാം, അങ്ങനെ സംഭവിച്ചത്. ഏത് ആംഗിളിൽ നിന്നു നോക്കിയാലും ഒരു മിനി എസ്‌യുവി തന്നെയാണ് എസ് പ്രസോ. വിറ്റാര ബ്രസയെ ഇടിച്ച് ചെറുതാക്കിയ പോലെയാണ് രൂപമെന്നു പറയാം. വിറ്റാര ബ്രെസയെയും പുതിയ ജിംനിയെയും ഓർമ്മിപ്പിക്കുന്ന പല്ലു കടിച്ച രൂപമാണ് ഗ്രില്ലിനുള്ളത്. വലിയ ക്ലിയർ ലെൻസ് ഹെഡ്‌ലാമ്പിന്റെ കൂടെ ഇന്റഗ്രേറ്റ് ചെയ്ത ടേൺ ഇൻഡിക്കേറ്ററുകൾ കാണാം. ഗ്രില്ലിനു താഴെയുള്ള ഭാഗം എസ്‌യുവികൾക്കു ചേരുംവിധം കനത്തതാണ്. വീൽ ആർച്ചിന്റെ തുടർച്ച പോലെ തോന്നിക്കുന്ന എയർഡാമിന്റെ വശങ്ങളിൽ ഡേ ടൈം റണ്ണിങ് ലാമ്പ് ഉണ്ട്. എന്നാൽ ഇത് ഓപ്ഷണലായി വാങ്ങി ഫിറ്റു ചെയ്യേണ്ടതാണ്. കാർ വാങ്ങുമ്പോൾ ഇത് ഉണ്ടാവില്ല എന്നർത്ഥം. എയർഡാമിനു താഴെ കറുത്ത ക്ലാഡിങ്ങാണ് ബമ്പറായി കാണപ്പെടുന്നത്. അതിന്റെ ഡിസൈനും എസ്‌യുവികൾക്കു ചേരുന്നതു തന്നെയാണ്.

സൈഡ് പ്രൊഫൈലിൽ കൊച്ചുകുട്ടികൾ വരയ്ക്കുന്ന കാറിന്റെ രൂപമാണ് എസ് പ്രസോയ്ക്ക്. യാതൊരു ഡിസൈൻ തന്ത്രങ്ങളും പ്രയോഗിച്ചിട്ടില്ല. തടിച്ച വീൽ ആർച്ചിനു താഴെ 14 ഇഞ്ച് ടയറുകൾ. മനോഹരമായ അലോയ്‌വീൽ വേണമെങ്കിൽ ആക്‌സസറിയായി ലഭിക്കും. വലിയ ഗ്ലാസ് ഏരിയ സൈഡ് പ്രൊഫൈലിൽ വ്യക്തമാകും. തടിച്ച ബോഡി ലൈനുകളും എസ് പ്രസോയ്ക്ക് വശക്കാഴ്ചയിലെ പൗരുഷം നൽകുന്നുണ്ട്. പിന്നിലും പ്രത്യേകിച്ച് ഡിസൈനൊന്നും പറയാനി ല്ല. വളരെ ലളിതവും വൃത്തിയുള്ളതുമാണ് പിൻഭാഗം. റൂഫിൽ കാണുന്ന ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ ആക്‌സറിയായി വാങ്ങി ഫിറ്റു ചെയ്തതാണ്. ചെറിയ ടെയ്ൽ ലാമ്പുകളും എസ്‌യുവി ലുക്ക് നിലനിർത്താനായി നൽകിയിരിക്കുന്ന തടിയൻബമ്പറും മുൻഭാഗത്തിന്റെ ഡിസൈൻ രീതി വിടാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. വേണമെങ്കിൽ ഇഷ്ടപ്പെടാം, അല്ലെങ്കിൽ ഇഷ്ടപ്പെടാതിരിക്കാം എന്നാണ് എസ് പ്രസോയുടെ ഡിസൈനെക്കുറിച്ച് പറയാവുന്നത്. ഏതായാലും എനിക്ക് ഡിസൈൻ ഇഷ്ടമായി എന്നു പറയാതിരിക്കാനാവില്ല.

ഉള്ളിൽ

മാരുതിയുടെ പരമ്പരാഗത ഡിസൈൻ രീതികളെല്ലാം പൊളിച്ചെഴുതിയിരിക്കുകയാണ് ഇന്റീരിയറിൽ. മിനി കൂപ്പറിന്റെ ഇന്റീരിയറിന്റെ ഛായ തോന്നുംവിധമാണ് ഡിസൈൻ. അതിനു കാരണം നടുവിൽ കാണുന്ന വൃത്തമാണ്. അതിനുള്ളിലാണ് മീറ്റർ കൺസോളും ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനുമുള്ളത്. മീറ്റർ കൺസോളിന്റെയും പരമ്പരാഗത പൊസിഷൻ മാറിയിരിക്കുന്നത് ശ്രദ്ധിക്കുക. അതുപോലെ തന്നെ, മുന്നിലെ പവർ വിൻഡോയുടെ സ്വിച്ചുകളും ഈ വൃത്തത്തിനുള്ളിലാണ്. അതൊക്കെ ഉപയോഗിച്ചു ശീലമാകാൻ കുറച്ചു ദിവസം വേണ്ടിവരും. ഡിജിറ്റൽ സ്പീഡോമീറ്റർ വളരെ സൗകര്യപ്രദമായി തോന്നി. 7 ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുമുണ്ട്. വൃത്താകൃതിയിലുള്ള ഭാഗത്തിനു ചുറ്റും ബോഡി കളറാണ് കൊടുത്തിരിക്കുന്നത്. അതിന്റെ ഇരുവശവുമുള്ള എസി വെന്റുകൾക്ക് ദീർഘചതുരാകൃതിയാണുള്ളത്. മറ്റ് സെഗ്‌മെന്റുകൾക്ക് വൃത്താകൃതിയും. ഡാഷ്ബോർഡിലും സെന്റർ കൺസോളിലും ചെറിയ സ്റ്റോറേജ് സ്‌പേസുണ്ട്. ഡോർ പാഡിൽ ബോട്ടിൽ സൂക്ഷിക്കാം.

സ്ഥലസൗകര്യം അമ്പരപ്പിക്കുന്നതാണ്. ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസും ആവശ്യത്തിലധികമുണ്ട്. സീറ്റുകളുടെ കുഷ്യനിങ്ങും കൊള്ളാം. സ്റ്റിയറിങ് വീലിൽ കൺട്രോളുകൾ ഈ ലോവർ സെഗ്‌മെന്റിൽ ആദ്യമായാണ് കാണുന്നത്. ഉയർന്ന സീറ്റിങ് പൊസിഷനും എസ് പ്രസോയുടെ ഡ്രൈവ് അനായാസമാക്കുന്നു.പിന്നിൽ മൂന്നു പേർക്ക് കഷ്ടിച്ചും രണ്ടുപേർക്ക് സുഖമായും ഇരിക്കാം. സ്ഥലസൗകര്യം ഉണ്ടെന്നതൊഴിച്ചാൽ വലിയ ആഡംബരങ്ങളൊന്നും പിന്നിലേക്ക് എത്തിയിട്ടില്ല. ഡോർപാഡിൽ ബോട്ടിൽ ഹോൾഡറുകൾ പോലും കൊടുത്തിട്ടില്ല. 240 ലിറ്റർ ബൂട്ട് കപ്പാസിറ്റിയുമുണ്ട് എസ് പ്രസോയ്ക്ക്. ടോപ് എൻഡ് മോഡലിൽ സെൻട്രൽ ലോക്കിങ്, മുൻ പവർ വിൻഡോകൾ, ഉള്ളിൽ നിന്ന് അഡ്ജസ്റ്റ് ചെയ്യാവുന്ന സൈഡ് വ്യൂ മിറേഴ്‌സ് എന്നിവയുണ്ട്.

എഞ്ചിൻ

ഒരേയൊരു എഞ്ചിൻ ഓപ്ഷനാണ് എസ് പ്രസോയ്ക്കുള്ളത് – 1 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ. ഈ കെ10 എഞ്ചിൻ ബിഎസ് 6 പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്ന എഞ്ചിനാണ്. ഈ 68 ബിഎച്ച്പി എഞ്ചിന്റെ ടോർക്ക് 90 ന്യൂട്ടൺ മീറ്ററാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് കൂടാതെ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർ വേരിയന്റുമുണ്ട്.രാജസ്ഥാനിലെ ജോധ്പുരിൽ നടന്ന മീഡിയ ഡ്രൈവിൽ രണ്ട് ഗിയർബോക്‌സുള്ള വേരിയന്റുകളും കൂടി 350 ലധികം കിലോമീറ്റർ ഓടിച്ചു. എഎംടി ഗിയർബോക്‌സ് പ്ലസ്, മൈനസ് മോഡുകളിൽ ഷിഫ്റ്റ് ചെയ്ത് ഓടിക്കാൻ രസകരമായി തോന്നി. മാനുവൽ ഗിയർ മോഡലും നഗരത്തിനു പറ്റിയതു തന്നെ. ഹൈവേയിൽ 120 കി.മീ വേഗതയിൽ പോകുമ്പോൾ പോലും 3 സിലിണ്ടർ എഞ്ചിന്റെ ശബ്ദം ഉള്ളിൽ കേൾക്കാം.


എനിക്കേറ്റവും ഇഷ്ടമായത് സസ്‌പെൻഷനാണ്. മാരുതിയുടെ കാറുകളിലെ ഏറ്റവും മികച്ച സസ്‌പെൻഷനാണിത് എന്നു പറയാം. ചെറിയ ഹമ്പുകളും കുഴികളും ചാടിക്കടക്കുന്നത് വളരെ അനായാസമായിട്ടാണ്. ഉയർന്ന സീറ്റിങ് പൊസിഷനും എഎംടിയും മികച്ച സസ്‌പെൻഷനും ചേർന്ന് ഒന്നാന്തരമൊരു സിറ്റി കാറാക്കി മാറ്റിയിട്ടുണ്ട്, എസ് പ്രസോയെ. രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവയാണ് സുരക്ഷ സന്നാഹങ്ങൾ. മൈലേജ്: മാനുവൽ 21.7 കി.മീ/ലിറ്റർ, എഎംടി 21.4 കി.മീ/ലിറ്റർ.

വിധിന്യായം

3.47 -4.50 ലക്ഷം രൂപ വരെയാണ് എസ് പ്രസോയുടെ എക്‌സ് ഷോറൂം വില. റെനോക്വിഡിന്റെ അതേ വിലയാണ് മാരുതി എസ് പ്രസോയ്ക്കും നൽകിയിരിക്കുന്നത്. ഇനി യുദ്ധം തുടങ്ങുകയാണ് ഓൾ ദി ബെസ്റ്റ്!$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>