പോലീസിന്റെ യഥാർത്ഥ ജനമൈത്രി!
December 14, 2018
PHOTO TOUR: OFF TO 3000 FEET!
December 15, 2018

Test drive: Mahindra Alturas G4

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയയിലെ സാങ്‌യോങ്ങിന്റെ പ്രശസ്തമായ റെക്സ്റ്റൺ എന്ന എസ് യു വിയുടെ രണ്ടാം തലമുറയിൽപെട്ട മോഡൽ അൾട്ടൂരാസ് എന്ന പേരിൽ ഇന്ത്യയിലെത്തി. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

കൊറിയൻ കമ്പനിയായ സാങ്ങ്‌യോങ്ങിനെ സ്വന്തമാക്കിയ ശേഷം മഹീന്ദ്ര, റെക്‌സ്ടൺ എന്ന മോഡൽ ഇന്ത്യയിൽ എത്തിച്ചിരുന്നു. സാങ്‌യോങ് എന്നൊക്കെയുള്ള വായിൽ കൊള്ളാത്ത പേര് കേട്ടിട്ടാവണം, റെക്‌സ്ടണെ ഇന്ത്യക്കാർ കാര്യമായി ഗൗനിച്ചില്ല. എന്നാൽ സാങ്‌യോങിനെ ഏറ്റെടുത്തതോടെ എസ്‌യുവി നിർമ്മാണരംഗത്തെ വലിയ നേട്ടങ്ങളാണ് മഹീന്ദ്ര സ്വന്തമാക്കിയത് എന്നതാണ് യാഥാർത്ഥ്യം. റെക്‌സ്ടൺ വിറ്റഴിക്കുക എന്നതായിരുന്നുമില്ല, സാങ്‌യോണിനെ സ്വന്തമാക്കിയപ്പോൾ ലോകനിലവാരമുള്ള എസ്‌യുവികളുടെ സാങ്കേതികത സ്വന്തമാക്കുക എന്നതാണ് മഹീന്ദ്ര ലക്ഷ്യമിട്ടത്. സാങ്‌യോങ് വാങ്ങിയ ശേഷം നിർമ്മിക്കപ്പെട്ട എക്‌സ്‌യുവി 500ലും സ്‌കോർപിയോയിലുമൊക്കെ സാങ്കേതികമായ ഈ കുതിച്ചുചാട്ടം ദർശിക്കാം. ഇപ്പോൾ മഹീന്ദ്ര ഒരു പടികൂടി കടന്ന്, സാങ്‌യോങ്ങിന്റെ മോഡലിന്റെ ബാഡ്ജിങ് മാറ്റി. തങ്ങളുടെ ബാഡ്ജിങ്ങിൽ അവതരിപ്പിച്ചിരിക്കുകയാണ്. അൾട്ടൂരാസ് എന്നു പേരിട്ട ഈ എസ്‌യുവി യഥാർത്ഥത്തിൽ രണ്ടാം ജനറേഷനിൽപ്പെട്ട റെക്‌സ്ടണാണ്.

അൾട്ടുറാസ്

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡേവർ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും വില്പനയുള്ള പ്രീമിയം എസ്‌യുവികൾ. ഇസുസു എംയുഎക്‌സ്, ഹോണ്ട സിആർവി എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ഇവയോട് ഏറ്റുമുട്ടാനും, അൾട്ടുരാസിന് എന്നാൽ ഇവയെക്കാൾ നീളവും വീതിയും വീൽബെയ്‌സും കൂടുതലുണ്ടുതാനും.

കാഴ്ച

പഴയ റെക്‌സ്ടൺ ബെൻസിന്റെ എം ക്ലാസിന്റെ ചുവടുപിടിച്ചാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എഞ്ചിനും എം ക്ലാസിക്കിൽ നിന്ന് കടം കൊണ്ടതു തന്നെയായിരുന്നു. എന്നാൽ പുതിയ അൾട്ടൂരാസ് പൂർണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് ജനിച്ചിരിക്കുന്നത്. അതുകൊണ്ട് രൂപത്തിലോ അളവുകളിലോ പഴയ റെക്‌സടണുമായി യാതൊരു താരതമ്യവുമില്ല. വളരെ വലിപ്പം കൂടിയ ഒരു വാഹനമാണ് അൾട്ടൂരാസ് ഉയർന്ന ബോണറ്റും വീതിയുള്ള രൂപവും മൂലം ആർക്കും അൾട്ടൂരാസിനോട് ഒരു ബഹുമാനം തോന്നിപ്പോകും. എച്ച് ഐ ഡി ഹെഡ്‌ലാമ്പുകൾ ഡബിൽ ബാരലാണ്. അതിൽ എൽഇഡി ഡേടൈം റണ്ണിംങ് ലാമ്പുകളുണ്ട്.


മഹീന്ദ്രയുടെ സിഗ്നേച്ചർ ഗ്രിൽ തന്നെയാണ് ഈ വാഹനത്തിൽ ഉള്ളതെങ്കിലും നന്നായി ബോഡിയോട് ഇണങ്ങിച്ചേർന്ന് നിൽക്കുന്നുണ്ട്. ‘എക്‌സ്’ രീതിയിലാണ് മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. ബമ്പറിലെ ലൈനുകൾക്കിടയിൽ നിന്ന് ഈ ‘എക്‌സ്’ വായിച്ചെടുക്കാം. ഫോഗ്‌ലാമ്പ് സ്ലോട്ടും ബമ്പറിലെ കറുത്ത ക്ലാഡിങും സ്‌കഫ് പ്ലേറ്റുമൊക്കെ അൾട്ടൂരാസിനെ ഗൗരവഭാത്തിന് ചേരുംവിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
വശക്കാഴ്ചയിൽ ആദ്യം ശ്രദ്ധിക്കുക വലിയ 18 ഇഞ്ച് ടയറുകളാണ്. കറുത്ത ക്ലാഡിങ് വീൽ ആർച്ചുകൾ മേലെയും റണ്ണിങ് ബോർഡിനു മേലെയും തുടരുന്നുണ്ട്. വിശാലമായ ഡോറുകളും ഗ്ലാസ് ഏരിയയും സൈഡ് പ്രൊഫൈലിൽ ശ്രദ്ധയിൽപെടും. എന്നാൽ ‘സി’പില്ലറിനു ശേഷമുള്ള ഭാഗത്ത് കോർണർ ഗ്ലാസ് വളരെ ചെറുതാണ്. കനത്ത ബോഡിലൈനുകളും വശങ്ങളിലുണ്ട്.
എനിക്ക് ഏറ്റവും ഇഷ്ടമായത് ആൾട്ടൂരാസിന്റെ പിൻഭാഗമാണ്. സുന്ദരവും യാതൊരു ഡിസൈൻ തന്ത്രങ്ങളുമില്ലാത്തതുമാണ് പിൻഭാഗം. മനോഹരമായ ടെയ്ൽലാമ്പും ചെറിയ ബമ്പറും സ്‌കഫ്‌പ്ലേറ്റും ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും വിശാലമായ വിൻഡ് ഷീൽഡുമാണ് പിന്നിൽ ഉള്ളത്. അൾട്ടൂരാസിന്റെ യഥാർത്ഥ വീതി അറിയാനും പിന്നിൽ നിന്നു നോക്കിയാൽ മതി.

ഉള്ളിൽ

വളരെ ആലോചിച്ചും മെനക്കെട്ടും തപസിരുന്നു ഡിസൈൻ ചെയ്ത് നിർമ്മിച്ചതാണ് അൾട്ടൂരാസിന്റെ ഇന്റീരിയറെന്നു വ്യക്തം. ഒരു ‘വാവ് ഫാക്ടർ’ ഈ ഇന്റീരിയറിലുണ്ട്. ഡോർ തുറക്കുമ്പോൾ തന്നെ, ബെൻസ് എസ് ക്ലാസിലേതുപോലെ ഡ്രൈവർ സീറ്റ് പിന്നിലേക്ക് നിരങ്ങി മാറി കയറാൻ സൗകര്യമൊരുക്കുന്നു. ഡോർ അടച്ചാലുടൻ സീറ്റ് മുന്നോട്ടു നീങ്ങി പഴയ സ്ഥിതി കൈവരിക്കുകയും ചെയ്യുന്നു. വുഡ്, ബ്രഷ്ഡ് അലൂമിനിയം, ചെങ്കൽ നിറമുള്ള നാഫ്‌ലെതർ എന്നിവയാണ് ഉള്ളിൽ കാണാനാവുന്നത്. ഡാഷ്‌ബോർഡും മറ്റും പ്രൗഡഗംഭീരമായി ഡിസൈൻ ചെയ്തിരിക്കുന്നു. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കാണ് ഡാഷ്‌ബോർഡിൽ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, സെന്റർ കൺസോളിലൂടെ ലെതർ ആവരണം കടന്നുപോകുന്നതും പ്രീമിയം ഫീൽ നൽകുന്നുണ്ട്.


8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ഡാഷ് ബോർഡിന്റെ നടുവിൽ കാണുന്നത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയൊക്കെ ഇതിലുണ്ട്. 360 ഡിഗ്രി പാർക്കിങ് ക്യാമറയും ഈ സ്‌ക്രീനിൽ കാണാം.
മീറ്റർ കൺസോളിൽ 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനുണ്ട്. ഇതിൽ ടയർപ്രഷർ ഉൾപ്പെടെയുള്ള വാഹനത്തിന്റെ വിവരങ്ങൾ വായിച്ചെടുക്കാം. മുൻ സീറ്റുകളിൽ വെന്റിലേഷൻ കൊടുത്തിരിക്കുന്നു. കൂടാതെ സീറ്റ് ഹൈറ്റ് ഉൾപ്പെടെയുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റുകളുമുണ്ട്. രണ്ടാംനിര സീറ്റിലും സ്ഥലസൗകര്യം ധാരാളമുണ്ട്. സീറ്റിന്റെ ചാരുന്ന ഭാഗം അല്പം ചരിക്കുകയുമാവാം.
പിൻസീറ്റുകൾക്ക് എസി വെന്റുകളും കൊടുത്തിട്ടുണ്ട്. മൂന്നാംനിരയിൽ നല്ല ഉയരമുള്ളവർക്ക് ഏറെ ദൂരം ഇരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതുപോലെ, കോർണർഗ്ലാസ് ചെറുതായതു കൊണ്ടും ചെറിയ ശ്വാസംമുട്ടലും പ്രതീക്ഷിക്കാം.
സൺറൂഫ് ഉൾപ്പെടെ, എതിരാളികളെ വെല്ലുവിളിക്കാൻ പോന്ന എല്ലാ കാര്യങ്ങളും മഹീന്ദ്ര അൾട്ടൂരാസിൽ ഒരുക്കിയിട്ടുണ്ട്.

എഞ്ചിൻ

2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് അൾട്ടൂരാസിനുള്ള 4000 ആർപിഎമ്മിൽ 178 ബിഎച്ച്പി പവറും 1600 -2600 ആർപിഎമ്മിൽ 420 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് ഈ എഞ്ചിൻ നൽകുന്നത്. 7 സ്പീഡ് ടോർക്ക് കൺവർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നിർമ്മിച്ചു നൽകിയത് മെർസിഡസ് ബെൻസാണ്.
അടുത്ത കാലത്ത് ഓടിച്ച വലിയ എസ്‌യുവികളിൽ ഏറ്റവും റിഫൈൻഡും നിശബ്ദവുമായ എഞ്ചിൻ കണ്ടത് അൾട്ടൂരാസിലാണെന്നു പറയാം. ടർബോലാഗ് ഇല്ലേയില്ലെന്നു പറയാം. മിഡ്‌റേഞ്ചിലെ ടോർക്കിന്റെ തിരതള്ളൽ മൂലം ആയാസരഹിതമായ ഡ്രൈവിങ് ഈ എഞ്ചിൻ ഉറപ്പു നൽകുന്നു. ഒരു ആർപിഎം റേഞ്ചിലും ഈ ഗിയർ ബോക്‌സോ എഞ്ചിനോ മടുപ്പിക്കുന്നില്ല. ഹൈവേകളിൽ ഒരു ചീറ്റപ്പുലിയുടെ സ്വഭാവം കാട്ടുന്നുമുണ്ട് അൾട്ടുറാസ്.

ഹാൻഡിലിങ്

വലിയ എസ്‌യുവികളുടെ പ്രധാനദോഷമായ ബോഡിറോൾ അഥവാ ഉലച്ചിൽ നാമമാത്രമേ ഉള്ളൂ അൾട്ടൂരാസിന്. ബോഡി ഓൺ ഫ്രെയിം നിർമ്മാണ രീതിയാണെങ്കിലും ഓഫ് റോഡിൽ മിതത്വം പാലിക്കുന്നുണ്ട്, സസ്‌പെൻഷൻ.
ഗിയർലിവറിനടുത്തുള്ള നോബ് തിരിച്ച് അൾട്ടൂരാസിനെ ഫോർവീൽ ഡ്രൈവിലേക്ക് ലോ-ഹൈ ഓപ്ഷനുകളിലേക്കും മാറ്റാം. ടെറെയ്ൻ മാനേജ്‌മെന്റ് സിസ്റ്റവും 4 വീൽ ഡ്രൈവ് മോഡലിനുണ്ട്.
9 എയർ ബാഗുകൾ, ഇ എസ് പി, ആക്ടിവ് റോൾ ഓവർ പ്രൊട്ടക്ഷൻ, ഹിൽഡിസന്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ, എബിഎസ്, ഇബിഡി എന്നിങ്ങനെ നിരവധി സുരക്ഷാ സന്നാഹങ്ങളും അൾട്ടൂരാസിലുണ്ട.

വിധിന്യായം

മഹീന്ദ്രയ്ക്കും, ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന ഒരു എസ്‌യുവിയാണ് അൾട്ടൂരാസ്. മഹീന്ദ്ര എന്ന വാഹന നിർമ്മാതാവിന്റെ പടിപടിയായുള്ള വളർച്ചയുടെ സൂചകം കൂടിയാണ് ഈ വാഹനം.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>