In four year’s time, Tata Tiago crosses 3 lakh unit production milestone!
September 23, 2020
Tata Nexon becomes the first Indian car to be published on the International Dismantling Information System (IDIS)
September 23, 2020

Test Drive: Kia Sonet

സെൽറ്റോസിനും കാർണിവലിനും ശേഷം കിയ മോട്ടോഴ്‌സ് അവ തരിപ്പിക്കുന്ന പുതിയ കോംപാക്ട് എസ് യു വി യാണ് സോണറ്റ്. നിരവധി ഫീച്ചേഴ്‌സും എഞ്ചിൻ ഓപ്ഷൻസുമുള്ള സോണറ്റിന്റെ ടെസ്റ്റ് ഡ്രൈവ്…

എഴുത്ത്: ബൈജു എൻ നായർ, ഫോട്ടോ: അഖിൽ അപ്പു

കിയ എന്ന കൊറിയൻ കമ്പനി ഇന്ത്യയിൽ വരവറിയിച്ചത് സെൽറ്റോസ് എന്ന കോംപാക്ട് എസ്‌യുവിയുമായിട്ടാണ്. തുടർന്ന് കാർണിവൽ വന്നു. രണ്ടുംകൂടി 11 മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകൾ വിറ്റു. അങ്ങനെ മറ്റു വാഹന നിർമ്മാതാക്കളെ ഞെട്ടിച്ചു, ഹ്യുണ്ടായ്‌യുടെ സബ്‌സിഡയറി കമ്പനിയായ കിയ മോട്ടോഴ്‌സ.് അപ്രതീക്ഷിത വിജയം സമ്മാനിച്ച ആവേശം മൂലം ഇനി മുതൽ ഓരോ വർഷവും പുതിയ രണ്ട് മോഡലുകൾ വീതം ഇന്ത്യയിലെത്തിക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു, കിയ മോട്ടോഴ്‌സ്. അതിന്റെ മുന്നോടിയായി കിയ ഇന്ത്യയിലെത്തിച്ചിരിക്കുന്ന മോഡലാണ് സോണറ്റ്. ഇന്ത്യയിൽ മത്സരം കനക്കുന്ന എൻട്രി ലെവൽ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലേക്കാണ് സോണറ്റ് വരുന്നത്. ഹ്യുണ്ടായ് വെന്യൂ, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ തുടങ്ങിയവയായിരിക്കും പ്രധാന എതിരാളികൾ.

സോണറ്റ്

ഇന്ത്യ കിയയുടെ ഏറ്റവും വലിയ എക്‌സ്‌പോർട്ട് ഹബ്ബായി മാറാൻ പോവുകയാണ് അതിനു തുടക്കമിടുന്നത് സോണറ്റ് ആണ്. ഇന്ത്യയിൽ നിന്ന് 70 രാജ്യങ്ങളിലേക്കാണ് മെയ്ഡ് ഇൻ ഇന്ത്യ ബാഡ്ജിങ്ങുമായി സോണറ്റ് കടൽ കടക്കാൻ പോകുന്നത്.

കാഴ്ച

ഹ്യുണ്ടായ് വെന്യുവിന്റെ പ്ലാറ്റ്‌ഫോമിലാണ് ഇരട്ട സഹോദരങ്ങൾ എന്ന് വിളിക്കാവുന്ന സോണറ്റ് പിറന്നിരിക്കുന്നതെങ്കിലും രൂപത്തിൽ യാതൊരു സാദൃശ്യവുമില്ല. മുൻഭാഗത്ത് കിയയുടെ മോഡലാണെന്നു ബോധ്യപ്പെടു ത്തി ക്കൊണ്ട് ഫാമിലി ഗ്രിൽ ആയ ‘ടൈഗർനോസ്’ ഗ്രിൽ കാണാം. എൽഇഡി ഹെഡ്‌ലാമ്പിനെ കമ്പനി വിളിക്കുന്നത് ‘ക്രൗൺ ജ്യുവൽ ടൈപ്പ്’ എന്നാണ്. ഫോഗ്‌ലാമ്പും എൽഇഡി തന്നെ. ഡേടൈം റണ്ണിങ് ലാമ്പ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ കണ്ണിന് പുരികം പോലെ കൊടുത്തിരിക്കുന്നു. ഇതും എൽഇഡി തന്നെ. ‘ഹാർഡ് ബീറ്റ് ടൈപ്പ്’ എന്നാണ് ഡിആർഎൽ-നെ കിയ വിളിക്കുന്നത്.

കറുത്ത ഗ്രില്ലിൽ ചുവന്ന പൊട്ടുകൾ കാണുന്നത് ടെസ്റ്റ് ഡ്രൈവ് വാഹനം ‘ജിടി ലൈൻ’ എന്ന ടോപ്പ് വേരിയന്റാണെന്നു സൂചന നൽകുന്നു. ജിടി ലൈൻ എന്ന എഴുത്തും ഗ്രില്ലിലുണ്ട്. ചെറിയ എയർഡാമും സ്‌കിഡ് പ്ലേറ്റും മുൻഭാഗത്തുണ്ട്.
ബോണറ്റിൽ പവർലൈനുകളുണ്ട്. സൈഡ് പ്രൊഫൈലിൽ 16 ഇഞ്ച് ടയറുകളും അതിന്മേലുള്ള ഭംഗിയുള്ള അലോയ് വീലുകളും ചുവന്ന കാലിപ്പർ തെളിഞ്ഞു കാണുന്ന രീതിയും ഭംഗിയായിട്ടുണ്ട്.


റൂഫ് റെയിൽ, വലിയ സൈഡ് ക്ലാഡിങ് എന്നിവയും തടിച്ച ബോഡിലൈനുകളും കാണാം. വശക്കാഴ്ചയിൽ ‘സി’പില്ലറിന്റെ ഭാഗത്തിന് പഴയ സാങ്‌യോങ് റെക്സ്റ്റണുമായി സാദൃശ്യം തോന്നിയേക്കാം. പിൻഭാഗത്ത് ടെയ്ൽലാമ്പിനെയും ഹാർട്ട് ബീറ്റ് ടൈപ്പ് എന്നു വിളിക്കാം. അതിനുള്ളിലെ എലമെന്റ്‌സ് മനോഹരമാണ്. രണ്ട് ടെയ്ൽലാമ്പുകൾക്കുമിടയിൽ നീളത്തിൽ ഒരു എൽഇഡി സ്ട്രിപ്പുണ്ട്. ബമ്പറിനു താഴെ ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ പോലെ തോന്നിക്കുന്ന ഭാഗമുണ്ട്. അത് എക്‌സ്‌ഹോസ്റ്റ് അല്ല തോന്നൽ മാത്രമാണ്! 395 ലിറ്റർ ബൂട്ട്‌സ്‌പേസ് കൂടിയാകുമ്പോൾ വർണ്ണന പൂർണ്ണമാകുന്നു.

ഉള്ളിൽ

ഉള്ളിലും വെന്യുവുമായി സാദൃശ്യം തോന്നാത്ത രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വെന്യൂവിനെക്കാൾ എസ്‌യുവി ലുക്കുള്ളത് ഇതിന്റെ ഇന്റീരിയറിനാണെന്നു പറയാം. ഫുൾ ബ്ലാക്കാണ് ഇന്റീരിയർ തീം. 10.25ഇഞ്ച് ടച്ച് സ്‌ക്രീൻ ഡാഷ്‌ബോർഡിൽ ഉയർന്നു നിൽക്കുന്നു. അതിന്റെ തുടർച്ച പോലെ മീറ്റർ കൺസോൾ കൊടുത്തിരിക്കുന്നു. ഇൻഫോടെയ്ൻമെന്റിൽ നാവിഗേഷനും ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയുമെല്ലാം ഉൾപ്പെടുന്നുണ്ട്. കൂടാതെ ഫോണിലെ ആപ്പിലൂടെ വാഹനം റിമോട്ടായി സ്റ്റാർട്ട് ചെയ്യാം. എസി ഓൺ ചെയ്യാം. ബോണറ്റിനുള്ളിലെ വായു ശുദ്ധീകരിച്ചു നിർത്താനായി സ്മാർട്ട് പ്യൂവർ എയർ സംവിധാനവുമുണ്ട്. ബോസിന്റെ മ്യൂസിക് സിസ്റ്റമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. എസി വെന്റുകളുടെ രൂപവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകളുടെ രൂപവുമൊക്കെ രസകരമാണ്.

വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, 2 യുഎസ്ബി ചാർജിങ് പോർട്ടുകൾ, 2 കപ്പ്‌ഹോൾഡറുകൾ, ആംറെസ്റ്റിനു താഴെയും സ്റ്റോറേജ് സ്‌പേസ്, ബോട്ട്ൽ ഹോൾഡറുള്ള ഡോർപാഡുകൾ, സ്റ്റിയറിംഗ് വീലിൽ ക്രൂയ്‌സ് കൺസോളിന്റേതുൾപ്പെടെയുള്ള കൺട്രോളുകൾ, ഭംഗിയുള്ള മീറ്റർ കൺസോൾ, മുൻസീറ്റിന്റെ മേലെ മാത്രം ഒതുങ്ങി നിൽക്കുന്ന സൺറൂഫ് എന്നിവയൊക്കെ മുൻഭാഗത്തെ സൗകര്യങ്ങളിൽ പെടുന്നു.

പിൻഭാഗത്ത് സ്‌പേസ് മോശമല്ല. പിന്നിലേക്ക് എസി വെന്റുകൾ, ചാർജിങ് പോർട്ട്, നല്ല തുടസപ്പോർട്ടുള്ള സീറ്റ്, ആംറെസ്റ്റിൽ കപ്പ്‌ഹോൾഡറുകൾ എന്നിവ കാണാം. ഉയർന്ന സെൻട്രൽ ടണലില്ലാത്തതുകൊണ്ട് മൂന്നുപേർക്ക് കാൽവെച്ച് സുഖമായിരിക്കാം. എന്നാൽ ഷോൾഡർ സ്‌പേസ് ഇഷ്ടം പോലെ ഉണ്ടെന്നു പറഞ്ഞുകൂടാ.

എഞ്ചിൻ

വെന്യുവിന്റെ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് കിയയ്ക്കുമുള്ളത്. സ്മാർട്ട്‌ഡ്രൈവ് ടെസ്റ്റ്‌ഡ്രൈവ് ചെയ്തത് ഒരു ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുമുള്ള മോഡലാണ്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിവയാണ് മറ്റ് എഞ്ചിനുകൾ.
നമ്മൾ ഓടിക്കുന്നത് 998 സിസി, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ മോഡലാണ്. 6000 ആർപിഎമ്മിൽ മാക്‌സിമം പവറായ 120 ബിഎച്ച്പി ലഭിക്കുന്നു. 1500-4000 ആർപിഎമ്മിൽ മാക്‌സിമം ടോർക്കായ 172 ന്യൂട്ടൺ മീറ്ററും ലഭിക്കുന്നു.
1.2 ലിറ്റർ പെട്രോൾ എഞ്ചിന് 5 സ്പീഡ് മാനുവൽ ടാൻസ്മിഷൻ മാത്രമേയുള്ളു. 1 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മോഡലിന് 2 ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. ഒന്ന് 7 സ്പീഡ് ഡ്യുവൽ ക്ലച്ചും മറ്റൊന്ന് 6 സ്പീഡ് ഐഎംടിയും. ക്ലച്ചില്ല, എന്നാൽ ഗിയർഷിഫ്റ്റ് വേണം എന്ന മട്ടിൽ നമ്മൾ ഹ്യുണ്ടായ് വെന്യുവിൽ കണ്ട ട്രാൻസ്മിഷനാണ് ഐഎംടി ഡീസൽ എഞ്ചിൻ മോഡലിൽ.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സുകളാണുള്ളത്. മികച്ച സസ്‌പെൻഷൻ, നല്ല സ്റ്റെബിലിറ്റി നൽകുന്നുണ്ട്. ഉയർന്ന സീറ്റിങ് പൊസിഷൻ, മികച്ച സ്റ്റെബിലിറ്റിയും നൽകുന്നു. 18-18.4 കി.മി/ലിറ്ററാണ് പെട്രോൾ എഞ്ചിൻ ഏകദേശ മൈലേജ്. ഡീസലിന് 19-24 കി.മീ./ലിറ്റർ മൈലേജ്. സ്‌പോർട്ട്, നോർമൽ, ഇക്കോ എന്നീ മൂന്ന് ഡ്രൈവ് മോഡുകളുണ്ട്. ട്രാക്ഷൻ മോഡിൽ സ്‌നോ, മഡ്, സാൻഡ് എന്നിവയുമുണ്ട്.

6 എയർബാഗുകൾ, എബിഎസ്, ഇബിഡി, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, ടയർപ്രഷർ മോണട്ടറിങ് സിസ്റ്റം എന്നിവ സുരക്ഷാ സന്നാഹങ്ങളിൽ പെടുന്നു. എല്ലാ വേരിയന്റുകളിലും മിനിമം 2 എയർബാഗുകളും എബിഎസും ഇബിഡിയുമുണ്ട്.

വെന്യുവിന്റെ ഇരട്ട സഹോദരനാണെങ്കിലും വെന്യുവിന്റെ ലുക്കുമായി യാതൊരു സാദൃശ്യവുമില്ല. അൽപം വലിപ്പം ബോണറ്റിന് കൂടുതൽ തോന്നിക്കുന്നുണ്ട്.
ഉൾഭാഗം കൂടുതൽ മനോഹരമാണെന്നു പറയാതെ വയ്യ. എന്തായാലും കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ ഇനിയും യുദ്ധം പൊടിപാറും.$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>