Test Drive: Maruti Suzuki XL6
September 14, 2019
Test Drive: Renault Triber
September 14, 2019

Test Drive: Hyundai i10 Grand Nios

ഒരു ചെറിയ ഹാച്ച്ബാക്കിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനപ്പുറം തരുന്ന മോഡലാണ് ഐ10 ഗ്രാന്റ് നിയോസ്. മികച്ച നിർമ്മാണ നിലവാരവും നിയോസിനുണ്ട്. ഉദയ്പൂരിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

ടെസ്റ്റ് ഡ്രൈവും ചിത്രങ്ങളും: ബൈജു എൻ നായർ

2007ലാണ് ഹ്യുണ്ടായ് ഐ 10 ലോക വിപണിയിലെത്തിയത്. 12 വർഷം കൊണ്ട് 3 കോടി യൂണിറ്റുകൾ വിറ്റ് ഐ 10 ജനമനസ്സുകളിൽ പ്രതിഷ്ഠ നേടുകയും ചെയ്തു. ഹ്യൂണ്ടായ്‌യുടെ നന്മകളെല്ലാം ഒത്തുചേർന്ന ഒരു ഹാച്ച്ബായ്ക്കായി രുന്നു ഐ 10. ഇന്ത്യയിലും ഇടത്തരക്കാരന്റെ പ്രിയവാഹനമെന്ന ഖ്യാതി നേടി, ഐ10. മൈലേജ് ഒരൽപം കുറവായിരുന്നു എന്നതു മാത്രമാണ് ദോഷൈകദൃക്കുകൾ കണ്ടുപിടിച്ച കുറ്റം. എന്നാൽ നിർമ്മാണ നിലവാരവും എഞ്ചിന്റെ മികവും ഫീച്ചേഴ്‌സും ആ സെഗ്‌മെന്റിലെ ഒന്നാം നിര താരമാക്കി ഐ10നെ മാറ്റി.

ഐ 10 നു ശേഷം ഗ്രാന്റ് ഐ10 വന്നു. അതും വലിയ വിജയമായി. ഒരു ചെറു കാറിന് ഇത്രയധികം ഫീച്ചേഴ്‌സോ, ഇത്രയധികം നിർമ്മാണ നിലവാരമോ എന്നൊക്കെ നമ്മൾ പരസ്പരം പറഞ്ഞു. എന്നാൽ ഇനി നിയോസ് കാണുക. ഇക്കണ്ടതൊന്നും ഒന്നുമല്ല എന്നു തോന്നിപ്പോകും. ഐ10നെയും ഗ്രാന്റ് ഐ10നെയും ബഹുദൂരം പിന്നിലാക്കാനുള്ള ഫീച്ചേഴ്‌സും ആഡംബരങ്ങളും ബിഎസ്6 പെട്രോൾ എഞ്ചിനും ഗ്രാന്റ് ഐ10 നിയോസിനുണ്ട്. മാരുതി സ്വിഫ്റ്റിനോടാവും നിയോസ് ഏറ്റുമുട്ടുക. അത്തരത്തിലാണ് ഹ്യുണ്ടായ്, നിയോസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിയോസ്

നിയോസ് എന്ന വാക്കിന്, ഐറിഷ് ഭാഷയിൽ ‘കൂടുതൽ’ എന്നാണ് അർത്ഥം. ഐ10നെക്കാളും, മാരുതി സ്വിഫ്റ്റിനെക്കാളും എല്ലാത്തരത്തിലും, എല്ലാം കൂടുതലാണ് എന്നാണ് ഹ്യുണ്ടായ് അർത്ഥമാക്കുന്നത്. ആഡംബരം, ഫീച്ചേഴ്‌സ്, സ്ഥലസൗകര്യം എന്നിവയെല്ലാം നിയോസിന് കൂടുതലുണ്ട് എന്നർത്ഥം. ഐ10നുമായി താരതമ്യപ്പെടുത്തിയാൽ 40 മി.മീ നീളവും 20 മി.മീ വീതിയും 25 മി.മീ. വീൽബെയ്‌സും നിയോസിന് കൂടുതലുണ്ട്. ഉയരം രണ്ടിനും ഒരുപോലെ തന്നെ. പ്ലാറ്റ്‌ഫോം പഴയ ഐ10ന്റേതു തന്നെ. എന്നാൽ 65 ശതമാനം കൂടുതൽ കരുത്തുറ്റ ഹൈടെൻസിൽ സ്റ്റീൽ ആണ് പ്ലാറ്റ്‌ഫോം നിർമ്മാണത്തിനുപയോഗിച്ചിട്ടുള്ളത്. 40 കിലോയോളം അതുകൊണ്ട് ഭാരം കുറഞ്ഞു.

കാഴ്ച

ഹ്യുണ്ടായ്‌യുടെ ഏതൊരു ഹാച്ച്ബായ്ക്കുമായും മുൻഭാഗത്തിന് സാമ്യം തോന്നും, പുതിയ സാൻട്രോയുമായി പ്രത്യേകിച്ചും. മുൻഭാഗം മുഴുവനും കവരുന്നത് ആ വലിയ ഗ്രിൽ ആണ്. എയർഡാമും ഗ്രില്ലുമെല്ലാം ഒന്നായ് ചേരുകയാണിവിടെ. ഗ്രില്ലിന്റെ മേൽഭാഗത്ത് ഇരുവശത്തുമായി എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ. അതിന്റെ പൊസിഷനിങ്ങും ഷെയ്പും ഗംഭീരമായിട്ടുണ്ട്. കട്ടിങ്ങുകളും ഉള്ളിലേക്ക് കയറി നിൽക്കുന്ന സ്ലോട്ടുകളുമൊക്കെയായി മുൻ ബമ്പറും രസകരമായ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനുള്ളിൽ കറുത്ത പശ്ചാത്തലത്തിൽ ഫോഗ്‌ലാമ്പ് കാണാം. ഈ സെഗ്‌മെന്റിലെ ആദ്യത്തെ എൽഇഡി ഫോഗ്‌ലാമ്പാണിത്. സൈഡ് പ്രൊഫൈലിൽ ബോഡിലൈനുകളുടെ ഷാർപ്പ്‌നെസ് ശ്രദ്ധയിൽ പെടും. വിൻഡോലൈൻ ഉയർന്ന് ജി ഐ10 എന്നെഴുതിയ ഒരു കറുത്ത ക്ലാഡിങ്ങിലേക്ക് ലയിക്കുന്നതും രസമുണ്ട്. 15 ഇഞ്ചാണ് ടോപ്പ്എൻഡ് വേരിയന്റിലെ വീൽബെയ്‌സ്. മറ്റ് വേരിയന്റുകളിൽ 14 ഇഞ്ചും. റൂഫിനോട് ചേർന്നു നിൽക്കുന്ന റൂഫ് റെയ്ൽ, ഷാർക്ക്ഫിൻ ആന്റിന എന്നിവയും മൊത്തത്തിലുള്ള സ്റ്റൈലിങ്ങിന്റെ ഭാഗമാണ്. പിൻഭാഗത്ത് ബൂട്ട്‌ലിഡിൽ ഒരു ക്രോമിയം സ്ട്രിപ്പുണ്ട്. ഹ്യുണ്ടായ് ലോഗോയും പ്രാമുഖ്യത്തോടെ നൽകിയിരിക്കുന്നു. ബമ്പറിൽ ഇരുവശത്തെയും സ്ലോട്ടുകളിൽ റിഫ്‌ളക്ടറുകളും എൽഇഡി ടെയ്ൽലാമ്പുമുണ്ട്. പിൻഭാഗത്തിന് ടാറ്റാ ടിയാഗോയുമായി സാദൃശ്യം ചൊന്നാൽ അത് വർണ്യത്തിലാശങ്ക തോന്നിക്കുന്ന ഉൽപ്രേക്ഷാലങ്കാരമായി കണക്കാക്കാം എന്ന് വികെഎന്നിന്റെ ഭാഷയിൽ പറയാം.

ഉള്ളിൽ

ഉൾഭാഗം പുതിയ ഭാഷയിൽ പറഞ്ഞാൽ, പൊളിച്ചു! ഒരു ചെറിയ വാഹനത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത നിലവാരവും ഭംഗിയും ഡിസൈനുമാണ് ഹ്യുണ്ടായ്, നിയോസിനു നൽകിയിരിക്കുന്നത്. ലൈറ്റ്‌ഗ്രേയും ബ്ലാക്കും സ്റ്റീൽ ഫിനിഷുമാണ് ഉള്ളിലെ നിറങ്ങൾ. ഡാഷ്‌ബോർഡിൽ ഹണികോംബ് ഡിസൈനിൽ ഒരു ടെക്‌ചേർഡ് ഭാഗമുണ്ട്. ഇതാണ് ഡാഷ്‌ബോർഡിനെ പ്രീമിയമാക്കുന്നത്. എസി വെന്റുകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും ഭംഗിയുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. നടുവിൽ 8 ഇഞ്ച് ഡിസ്‌പ്ലേ ഉയർന്നു നിൽക്കുന്നു. ഇത് അങ്ങേയറ്റം മോഡേണാണ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും പിൻഭാഗത്തെ വിഷ്വലുകൾ കാണിക്കുന്ന ക്യാമറയുമൊക്കെ ഇതിൽ ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 5.3 ഇഞ്ച് മോണോക്രോം സ്‌ക്രീനാണ് മീറ്റർ കൺസോളിന്റെ ഭാഗത്തുള്ളത്. ഇതിൽ ടാക്കോമീറ്ററും സ്പീഡോമീറ്ററും മറ്റു വെഹിക്കിൾ ഇൻഫർമേഷനുകളും കാണാം. വയർലെസ് ഫോൺചാർജിങ്, സ്റ്റിയറിങ് വീലിലും കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, മ്യൂസിക് സിസ്റ്റം ഫോണിലൂടെയും പ്രവർത്തിപ്പിക്കാവുന്ന ഐബ്ലൂ ഓഡിയോ റിമോട്ട് ആപ്പ് എന്നിവയൊക്കെ നിയോസിന്റെ ഉപകരണ നിരയിൽ പെടുന്നു.
സീറ്റുകളിൽ കുഷ്യനിങ്ങും അപ്‌ഹോൾസ്റ്ററിയും വീട്ടിലെ സോഫയെ ഓർമ്മിപ്പിക്കുന്നു. ഇതും ഭംഗിയായിട്ടുണ്ട്. പിൻഭാഗത്ത് എസിവെന്റുകളും ഡോർപാഡിൽ ബോട്ടിൽ ഹോൾഡറുകളുമുണ്ട്. സീറ്റുകളുടെ തുട സപ്പോർട്ട് വർദ്ധിപ്പിച്ചിട്ടുണ്ട്. 260 ലിറ്റർ ബൂട്ട് സ്‌പേസും എടുത്തു പറയാം..

എഞ്ചിൻ

ബിഎസ് 6 മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് നിയോസിനുള്ളത്. കൂടാതെ 1.2 ലിറ്റർ ഡീസലുമുണ്ട്. അടിസ്ഥാനപരമായി രണ്ട് എഞ്ചിനും ഐടെൻ ഗ്രാന്റിലുള്ളതു തന്നെ. രണ്ട് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ/എഎംടി ഗിയർ ബോക്‌സുകൾ നൽകിയിട്ടുണ്ട്. 74 ബിഎച്ച്പിയാണ് 3 സിലിണ്ടർ ഡീസൽ എഞ്ചിൻ. 190 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. എഎംടി ഗിയർ ബോക്‌സ് ഹ്യുണ്ടായ് സ്വയം വികസിപ്പിച്ചെടുത്തതാണ്.

ക്ലച്ചിനും ആക്‌സിലേറ്ററിനും ആക്‌ച്വേറ്ററുകൾ നൽകിയിട്ടുണ്ട്. മറ്റ് എം എം ടി ഗിയർ ബോക്‌സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മന്ദത വളരെ കുറവാണ് ഈ എഎംടിക്ക്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 82 ബിഎച്ച്പിയാണ്. 116 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ഓടിക്കാൻ ഏറ്റവും രസകരം ഈ എഞ്ചിൻ വേരിയന്റാണ്. ബിഎസ് 6 ആയപ്പോൾ റിഫൈൻമെന്റും പവറും കൂടിയതുപോലെ തോന്നുന്നു. പെട്രോൾ എഞ്ചിന്റെ മാനുവൽ മോഡലിന് 20.7 കി.മീ/ലിറ്ററും എഎംടിക്ക് 20.5 കിമീ/ലിറ്ററുമാണ് ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഡീസലിന് രണ്ട് ട്രാൻസ്മിഷനും ഇത് 26.2 കി.മീ/ലിറ്ററാണ്.

വിധിന്യായം

മാരുതി ഡീസൽ വാഹനങ്ങൾ നിർത്തുന്നതുകൊണ്ട്, സ്വിഫ്റ്റ് ഡീസൽ വാങ്ങാൻ കാത്തിരിക്കുന്നവരും ഇനി നിയോസിലേക്ക് തിരിഞ്ഞേ പറ്റൂ. തന്നെയുമല്ല 5-8 ലക്ഷം രൂപ വിലയുള്ള വാഹനങ്ങളിൽ ഇത്രയും ഫീച്ചേഴ്‌സ് മറ്റൊരു മേഡലിലും കണ്ടെത്താനുമാവില്ല. $

Smartdrive- September 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>