Test Drive: Nissan Kicks 2020
June 27, 2020
Test Drive: VW POLO 1.0L TSI
June 27, 2020

Test Drive: Hyundai Creta 2020

പഴയ ക്രെറ്റയേക്കാൾ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഫീച്ചറുകളിലും ബഹുദൂരം മുന്നിലാണ് പുതിയ ക്രെറ്റ. ഇതിനുപുറമേയാണ് പുതിയ എഞ്ചിൻ ഓപ്ഷനുകൾ. ടെസ്റ്റ് ഡ്രൈവ്.

എഴുത്ത്: ബൈജു എൻ നായർ ചിത്രങ്ങൾ: അഖിൽ അപ്പു

ക്വാളിസ് എന്ന മൾട്ടി പർപ്പസ് വാഹനം ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ടൊയോട്ടെ ആ വാഹനത്തിന്റെ നിർമ്മാണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നിട്ട് ഇന്നോവ എന്നൊരു കാറിനെ ഉടനടി വിപണിയിൽ എത്തിച്ചു. ഇന്നോവ, ക്വാളിസിനെ കടത്തിവെട്ടുന്ന വിൽപന നേടി. എന്നാൽ ഇന്നോവ പരാജയമായിരുന്നെങ്കിലോ? പരാജയമാകില്ല എന്നുള്ളത് ടൊയോട്ടയുടെ ആത്മവിശ്വാസം. പക്ഷേ, അതൊരു ഞാണിന്മേൽ കളി ആയിരുന്നു എന്ന് പറയാതെ വയ്യ. വിൽപനയിൽ കത്തി നിൽക്കുന്ന ഒരു മോഡലിനെ നിന്നനിൽപ്പിൽ പിൻവലിച്ച് പുതിയൊരു മോഡൽ അവതരിപ്പിക്കുക എന്നത് വാഹന നിർമ്മാതാക്കൾക്ക് എന്നുമൊരു വെല്ലുവിളി നിറഞ്ഞ ഏർപ്പാടാണ്. ക്രെറ്റയുടെ കാര്യത്തിൽ ഹ്യുണ്ടായ് അനുഭവിച്ചതും ആ ഒരു വെല്ലുവിളി തന്നെ ആയിരിക്കും. ക്രെറ്റയുടെ വിൽപനഗ്രാഫ് കുത്തനെ ഉയർന്നു നിൽക്കുമ്പോഴാണ് പുതിയ ക്രെറ്റയെ ഹ്യുണ്ടായ് വിപണിയിലെത്തിച്ചിരിക്കുന്നത്. പഴയ ക്രെറ്റയുടെ ജനപ്രീതി പുതിയതിന് നേടിയെടുക്കാൻ കഴിയുമോ എന്ന ആശങ്ക ഹ്യുണ്ടായ്ക്കുമുണ്ടായിരുന്നിരിക്കണം. ഏതായാലും ആശങ്കയൊഴിഞ്ഞ മട്ടാണ്. പുതിയ മോഡലിനെക്കാൾ വിൽപന നേടി പുതിയ മോഡൽ മുന്നേറുന്നു. നമുക്ക് ക്രെറ്റ 2020 നെയൊന്ന് പരിചയപ്പെടാം.

ക്രെറ്റ 2020

ഐഎക്‌സ് 25 എന്ന പേരിൽ ലോകവിപണിയിലെത്തിയ വാഹനമാണ് ഇന്ത്യയിൽ ക്രെറ്റ ആയത്. 2014ലെ ബീജിങ് ഓട്ടോ എക്‌സ്‌പോയിലാണ് ക്രെറ്റ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ 2015 ജൂലായ് 21ന് ക്രെറ്റ വിപണിയിലെത്തി. 5 മാസം കൊണ്ട് 70,000 യൂണിറ്റുകൾ വിറ്റ് റെക്കോർഡിതനുമായി, ക്രെറ്റ. 2019 ലെ ഷാങ്ഹായ് ഓട്ടോ എക്‌സ്‌പോയിലാണ് ക്രെറ്റ 2020 അവതരിപ്പിച്ചത്. അത് ഒടുവിൽ ഇന്ത്യയിലുമെത്തിയിരിക്കുകയാണ്.

കാഴ്ച

ക്രെറ്റ, കാഴ്ചയിൽ വലിയ അത്ഭുതമൊന്നും ജനിപ്പിച്ചിരുന്നില്ല. തരക്കേടില്ലാത്ത രൂപഭംഗി എന്നേ പറയാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു എസ്‌യുവിയുടേതായ ഗൗരവം തീർച്ചയായും ഉണ്ടായിരുന്നു. പുതിയ ക്രെറ്റയിൽ എസ്‌യുവിയുടെ ഗൗരവത്തോടൊപ്പം രൂപഭംഗി കൂടി നൽകാൻ ഹ്യൂണ്ടായ്‌യിലെ ഡിസൈനർമാർക്ക് കഴിഞ്ഞിരിക്കുന്നു.
മുൻഭാഗത്തിന് ചതുരവടിവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഗ്രില്ലിന്റെ വലിപ്പം കൂട്ടി. ഹെഡ്‌ലൈറ്റ് കണ്ടാൽ ആരും അമ്പരന്നു പോകും. ‘സി’ ഷെയ്പ്പുള്ള മൂന്ന് എൽഇഡി ലൈറ്റുകളാണ് ഹെഡ്‌ലൈറ്റിന്റെ സ്ഥാനത്ത്. അതിന് മേലെയും, അതിനു ചുറ്റിനുമായി എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ കൊടുത്തിരിക്കുന്നു. ഏറ്റവും താഴെ ബമ്പറിൽ ഇരുവശവുമായാണ് ഫോഗ്‌ലാമ്പുകൾ. കറുത്ത നിറത്തിൽ, ഗ്രില്ലിനോട് ഇണങ്ങി നിൽക്കുന്നു താഴെയുള്ള എയർഡാം. ബോണറ്റിൽ പവർലൈനുകൾ പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈഡ് പ്രൊഫൈലിൽ ശ്രദ്ധിക്കപ്പെടുക ഡയമണ്ട്കട്ട് അലോയ്‌വീലുകളാണ്. ഡ്യൂവൽ ടോൺ ആണ്, ചില വേരിയന്റുകളിൽ, അലോയ് വീലിന്.


പിൻഭാഗത്തിന്റെ ഡിസൈന് കൂടുതൽ അടുപ്പം തോന്നുക വെന്യു എന്ന, അൽപം കൂടി ചെറിയ എസ്‌യുവിയോടാണെന്നു തോന്നുന്നു. ബൂട്ട്‌ലിഡിൽ നീണ്ടുകാണുന്ന ബ്ലാക്ക്‌സ്ട്രിപ്പിന് നടുവിലാണ് സ്റ്റോപ്പ്‌ലാമ്പ്. ടെയ്ൽ ലാമ്പിന്റെ ഷെയ്പ്പും മാറിയിട്ടുണ്ട്. ക്രെറ്റ എന്ന ബാഡ്ജിങ് നടുവിലായി നീട്ടി നൽകിയിരിക്കുന്നു. വലിയ ബ്ലാക്ക് ക്ലാഡിങ് പോലെയൊരു ഭാഗം താഴെയുണ്ട്. അതിൽ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ. റിഫ്രഷിങ് എന്ന് തീർച്ചയായും പുതിയ ക്രെറ്റയുടെ ഡിസൈനെ വിളിക്കാം.

ഉള്ളിൽ

എനിക്ക് പഴയ ക്രെറ്റയുടെ ഉൾഭാഗം വളരെ ‘ഡൾ’ ആയാണ് അനുഭവപ്പെട്ടിരുന്നത്. അങ്ങനെയുള്ള ഫീഡ്ബാക്ക് ഹ്യൂണ്ടായ്ക്ക് വേറെയും കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു. ഏതായാലും പുതിയ ക്രെറ്റയിൽ ഇന്റീരിയർ, പുതിയ ഭാഷയിൽ പറഞ്ഞാൽ, ‘പൊളിച്ചു’. വളരെ മോഡേണും കറുത്ത നിറത്തിന്റെ എലഗൻസും ഇന്റീരിയറിനുണ്ട്. (1.4 ലിറ്റർ ടർബോ പെട്രോൾ മോഡിലിനാണ് ഫുൾബ്ലാക്ക് ഇന്റീരിയർ. മറ്റുള്ളവയ്ക്ക് ബീജ്ബ്ലാക്ക് കോമ്പിനേഷനാണ്) ടച്ച് സ്‌ക്രീൻ വലുതായി10.25 ഇഞ്ച്. വെന്യുവിലുള്ള ‘ബ്ലൂലിങ്ക് കണക്ടിവിറ്റി’ ഇപ്പോൾ ക്രെറ്റയിലുണ്ട്. സൺറൂഫ് തുറക്കാനും അടയ്ക്കാനുമുള്ള വോയിസ് കമാൻന്റ് പോലും ഇപ്പോൾ ക്രെറ്റയിലുണ്ട് എന്നർത്ഥം. വലിയ വീലുകളും വർദ്ധിപ്പിച്ച ഇന്റീരിയർ വലിപ്പവും ക്രെറ്റയിലെ യാത്ര അസ്വാദ്യകരമാക്കുന്നു. സ്റ്റോറേജ് സ്‌പേസും ധാരാളം. ബൂട്ട്‌സ്‌പേസും 33 ലിറ്റർ കൂടി 433 ലിറ്റർ ആയിട്ടുണ്ട്.

എഞ്ചിൻ

പുതിയ എഞ്ചിൻ ഓപ്ഷനുകളുമായാണ് പുതിയ ക്രെറ്റ വന്നിരിക്കുന്നത്. 2 പെട്രോൾ, ഒരു ഡീസൽ എഞ്ചിനുകളാണ് ഇപ്പോൾ ഉള്ളത്. ഇതിലെ താരം 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മോഡൽ തന്നെയാണ്. 138 ബിഎച്ച്പിയാണ് പവർ. 1.5 ലിറ്റർ പെട്രോൾ മോഡൽ 115 ബിഎച്ച്പിയും. 1.5 ലിറ്റർ ഡീസൽ മോഡൽ 113 ബിഎച്ച്പിയുമാണ്. ഈ രണ്ട് മോഡലുകളിലും മാനുവൽ/ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകളുണ്ട്. എന്നാൽ ടർബോ പെട്രോൾ മോഡലിൽ ഓട്ടോമാറ്റിക് മാത്രമേയുള്ളൂ. ഇത് ഡ്യൂവൽ ക്ലച്ച് ഡിസിടി ഗിയർബോക്‌സാണ്. പാഡ്ൽ ഷിഫ്‌റ്റേഴ്‌സുമുണ്ട്. ഇക്കോ, കംഫർട്ട്, സ്‌പോർട്ട് എന്നീ ഡ്രൈവ് മോഡുകളുമുണ്ട്. ആറ് എയർബാഗുകൾ, നാലുവീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റിയർ പാർക്കിങ് ക്യാമറ എന്നിങ്ങനെ സുരക്ഷാ ഡിപ്പാർട്ടുമെന്റുകളും സുസജ്ജമാണ്.

വിധിന്യായം

പഴയ മോഡലിനെക്കാൾ വില അല്പം കൂടിയിട്ടുണ്ട്. പക്ഷേ ഈ വർദ്ധനവ് മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം, എഞ്ചിനിലും ഫീച്ചേഴ്‌സിലും വാഹനത്തിന്റെ വലിപ്പത്തിൽ പോലും ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടല്ലോ. അങ്ങനെ കാഴ്ചയിലടക്കം കൂടുതൽ ജനപ്രീതി നേടുന്ന വിധത്തിലാണ് ഹ്യുണ്ടായ് പുതിയ ക്രെറ്റയെ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നു പറയാം. $

Vehicle Provided by:
VTJ HYUNDAI, Maradu, Kochi
Ph: 98463 14444

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>