Video Review: New Benz GLC Coupe
July 24, 2020
Test ride: Royal Enfield Himalayan BS6
July 24, 2020

Test drive: Honda City 2020

22 വർഷമായി വിൽപനയിൽ യാതൊരു ഇടിവും സംഭവിക്കാതെ ജനപ്രിയ മോഡലായി തുടരുകയാണ് ഹോണ്ട സിറ്റി. ഏറെ മാറ്റങ്ങളുമായി സിറ്റിയുടെ അഞ്ചാം തലമുറ മോഡൽ എത്തിക്കഴിഞ്ഞു.

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

22 വർഷങ്ങളായി ഇന്ത്യയിലെ ‘ജന്റിൽമാൻസ്’ കാറായി തുടരുകയാണ് ഹോണ്ടസിറ്റി. എല്ലാ കാലത്തും ഏതാണ്ട് ഒരേ വിൽപന നേടാനും സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ 22 വർഷത്തിനിടയ്ക്ക് നാല് തലമുറ സിറ്റികളാണ് വിപണിയിലെത്തിയത്. എല്ലാം ഒന്നിനൊന്നു മെച്ചം. ഒരിക്കലും ഒരു ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല സിറ്റി. സമൂഹത്തിലെ മാന്യന്മാരുടെ ഇഷ്ടവാഹനമെന്നു പേരുള്ളത് സിറ്റിക്കാണ്. ഡോക്ടർമാരാണ് സിറ്റിയുടെ പ്രധാന ഉപയോക്താക്കൾ. നാലു തലമുറയും ജനപ്രീതി നേടിയതുകൊണ്ട് അഞ്ചാം തലമുറ വരുമ്പോൾ ജനാഭിലാഷത്തിനിണങ്ങും വിധം വേണമല്ലോ, വേണ്ട മാറ്റങ്ങൾ വരുത്താൻ. ഹോണ്ടയുടെ മുന്നിൽ അങ്ങനെയൊരു വെല്ലുവിളി തീർച്ചയായും ഉയർന്നുവന്നുകാണണം. അൽപമൊന്നു പാളിപ്പോയാൽ ഹോണ്ടസിറ്റി എന്ന ജനപ്രിയ വാഹനത്തിന്റെ ജനപ്രീതി നഷ്ടപ്പെടുമല്ലോ. എന്തായാലും അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് പുതിയ ഹോണ്ടസിറ്റി കണ്ടപ്പോൾ ബോധ്യപ്പെട്ടു. ഒരു പക്ഷേ, കഴിഞ്ഞ നാലു തലമുറ മോഡലുകളെക്കാളും മികച്ചത് ഈ പുതിയ മോഡലാണെന്നും തോന്നിപ്പോകും.

കാഴ്ച

ഹോണ്ട സിറ്റി ഒരിക്കലും സ്‌പോർട്ടി ലുക്കിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി സ്‌പോർട്ടി ബോഡിലൈനുകളും അഗ്രസീവായ എഡ്ജുകളുമൊക്കെയായി സ്‌പോർട്ടി ഡിസൈനിലേക്ക് മാറിയിട്ടുണ്ട്. പഴയ മോഡലിനെ അപേക്ഷിച്ച് നീളം 109 മി.മീറ്ററും വീതി 53 മി.മീറ്ററും വർദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷേ 6 മി.മീ. ഉയരം കുറഞ്ഞു. 40 കി.ഗ്രാം ഭാരവും കൂടിയിട്ടുണ്ട്.
9 സ്ലോട്ടുകളുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് മുൻവശത്തെ താരം. ഡേടൈം റണ്ണിംഗ് ലാമ്പോടുകൂടിയ ഈ ഹെഡ്‌ലാമ്പ് നേരത്തെ സിവിക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. വീതിയുള്ള സ്റ്റീൽ സ്ട്രിപ്പ് ഗ്രില്ലിനു മേലെയുണ്ട്. പവർലൈനുകൾ ബോണറ്റിൽ കൊടുത്തിരിക്കുന്നു.
സൈഡ് പ്രൊഫൈലിൽ ഡ്യുവൽ കളർ അലോയ് വീലിൽ ചുറ്റികിടക്കുന്ന 16 ഇഞ്ച് ടയറുകൾ ശ്രദ്ധയിൽ പെടും. വശങ്ങളിലും കനത്ത ബോഡിലൈനുകളുണ്ട്. സ്റ്റീൽ ഫിനിഷാണ് ഡോർ ഹാൻഡിലിൽ.
പിൻഭാഗത്ത് 3ഡി ശൈലിയിലുള്ള ടെയ്ൽ ലാമ്പ് കാണാം. അതിൽ റിവേഴ്‌സലൈറ്റുമുണ്ട്. വെർട്ടിക്കൽ സ്റ്റോപ്പ് ലൈറ്റ് ബമ്പറിലുണ്ട്. കനത്ത ബമ്പറും 505 ലിറ്റർ ബൂട്ട് സ്‌പേസും എടുത്തു പറയാം.

ഉള്ളിൽ

ഇന്റീരിയറിൽ ബ്ലാക്ക്, ഡാർക്ക് ബ്രൗൺ, അലൂമിനിയം ഫിനിഷ് ഇവയാണ് ഉള്ളിലെ നിറങ്ങൾ. ഡാഷ്‌ബോർഡിനു നടുവിൽ 8 ഇഞ്ച് ടച്ച് സ്‌ക്രീനുണ്ട്. ഇതിൽ റിഫ്‌ളക്ഷൻ വരാതെ, കൃത്യമായി വായിച്ചെടുക്കാൻ ഒപ്ടിക്കൽ ബോണ്ടിങ് എന്നൊരു ആപ്ലിക്കേഷൻ പ്രയോഗിച്ചിട്ടുണ്ട്. അലക്‌സ എന്ന ഡിവൈസ് ഉപയോഗിച്ച് വീട്ടിലിരുന്ന് സിറ്റി സ്റ്റാർട്ടാക്കാം, എസി ഓണാക്കാം, കൂടാതെ വാഹനത്തിന്റെ കീ ഉപയോഗിച്ച് അൽപം മാറി നിന്നും എഞ്ചിൻ സ്റ്റാർട്ടാക്കുകയും എ.സി. ഓൺ ചെയ്യുകയുമാവാം.


7 ഇഞ്ച് സ്‌ക്രീനാണ് മീറ്റർ കൺസോളിൽ. അതിന്റെയും ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ് ചെയ്യാൻ സ്വിച്ചുണ്ട്. ജി ഫോഴ്‌സ് മീറ്റർ ഉൾപ്പെടെയുള്ള കാര്യങ്ങൾ മീറ്റർ കൺസോളിലുണ്ട്. പാഡ്ൽ ഷിഫ്‌റ്റേഴ്‌സും, വോളിയം കൺട്രോളും ക്രൂയിസ് കൺട്രോളുമൊക്കെ സ്റ്റിയറിങ് വീലിലുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂക്ഷിക്കാൻ സ്റ്റോറേജ് സ്‌പേസുകളും നിരവധിയുണ്ട്. കൂടാതെ സൺറൂഫും കൊടുത്തിരിക്കുന്നു. പിൻസീറ്റിലും കംഫർട്ടിന് കുറവില്ല. വീതിയുള്ള ആംറെസ്റ്റും മാനുവലി ഉയർത്താവുന്ന സൺബ്ലൈൻഡും എസി വെന്റുകളുമുണ്ട്. ലെഗ്‌സ്‌പേസ് അമ്പരപ്പിക്കുന്നതാണ്.

എഞ്ചിൻ

1.5 ലിറ്റർ പെട്രോൾ/1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഹോണ്ട സിറ്റിയിലുള്ളത്. സ്മാർട്ട്‌ഡ്രൈവിന്റെ ടെസ്റ്റ്‌ഡ്രൈവ് വാഹനം പെട്രോൾ എഞ്ചിനോടുകൂടിയതാണ്. പഴയ പെട്രോൾ എഞ്ചിൻ സിംഗിൾ ഓവർഹെഡ് ക്യാം യൂണിറ്റായിരുന്നെങ്കിൽ പുതിയത് ഡബ്ൾ ഓവർഹെഡ്ക്യാം യുണിറ്റായി എന്നതാണ് പ്രധാന മാറ്റം. അതോടെ എഞ്ചിന്റെ റിഫൈൻമെന്റും പ്രവർത്തനരീതിയുമെല്ലാം മെച്ചപ്പെട്ടു. 120 ബിഎച്ച്പിയാണ് ഈ എഞ്ചിൻ. 6200 ആർപിഎമ്മിലാണ് മാക്‌സിമം പവർ ലഭിക്കുന്നത്. 145 ന്യൂട്ടൺ മീറ്റർ ടോർക്ക് 4300 ആർപിഎമ്മിലും ലഭിക്കുന്നു. ഡീസൽ വേരിയന്റ് 100 ബിഎച്ച്പിയാണ്. ടോർക്ക് 200 ന്യൂട്ടൺ മീറ്റർ.

ഇനി മുതൽ സിറ്റിയിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉണ്ടാവില്ല. പകരം 6 സ്പീഡാണ്. ഓട്ടോമാറ്റിക് മോഡലിൽ സി വി ടി ഗിയർ ബോക്‌സാണ്. 18.4കി.മീ/ലിറ്ററാണ് ഓട്ടോമാറ്റിക് മോഡലിന്റെ മൈലേജ്. ഹൈവേയിൽ ഇത് 19.3 കി.മീ/ലിറ്ററാകുമെന്ന് കമ്പനി പറയുന്നു. മാനുവലിന് ഇത് 17.8 കി.മീ/18.4 കി.മീ. /ലിറ്റർ ആണ്, യഥാക്രമം. ഡീസൽ മാനുവലിന് 24.1/21.1 കി.മീ ലിറ്ററും. 12 സെക്കന്റ് ആണ് പെട്രോൾ സിവിടി മോഡലിന് നൂറു കി.മീ. വേഗമെടുക്കാൻ വേണ്ടിവരുന്ന സമയം. 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ട്രാക്ഷൻകൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി പ്രോഗ്രാം, ഇടതുവശത്തെ ബ്ലൈൻഡ് സ്‌പോട്ട് കണ്ടെത്താൻ ക്യാമറ എന്നിവയൊക്കെ സുരക്ഷാ സന്നാഹങ്ങളിൽ പെടുന്നു. ഒന്നാംതരം സസ്‌പെൻഷനും പുതിയ സിറ്റിക്കുണ്ട്$

വിധിന്യായം

മാന്യന്മാരുടെ വാഹനമായ ഹോണ്ടസിറ്റി കൂടുതൽ പ്രൗഢിയും അന്തസ്സുമുള്ളതായി മാറിയിരിക്കുകയാണിപ്പോൾ. 11 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. പുതിയ പല ഫീച്ചേഴ്‌സും വന്നെങ്കിലും വില അമിതമായി വർദ്ധിച്ചിട്ടില്ല എന്നർത്ഥം.

Vehicle Provided By:
Vision Honda
Kochi, Ph: 95678 62375

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>