Test Drive: MG Gloster
October 19, 2020
Test Rides: Husqvarna Vitpilen 250 & Svartpilen 250
October 19, 2020

Test Drive: BMW 220d

BMW 220d

ഇന്ത്യയിൽ ആദ്യമായി ബി എം ഡബ്ല്യുവിന്റെ 2 സീരീസിൽപെടുന്ന 220ഡി ഗ്രാൻ കൂപ്പെ എത്തിയിരിക്കുകയാണ്. 3 സീരീസിനെപ്പോലും തോൽപിക്കുന്ന രൂപഭാവങ്ങളാണ് ഈ മോഡലിനുള്ളത്…

എഴുത്ത്: ബൈജു എൻ നായർ, ഫോട്ടോ: അഖിൽ അപ്പു

ബിഎംഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ സെഡാൻ ഇന്ത്യയിൽ പുറത്തിറങ്ങി. 39.30ലക്ഷം രൂപയും 41.40 ലക്ഷം രൂപയുമാണ് നിലവിലുള്ള രണ്ട് വേരിയന്റുകളുടെ വില എന്നത്, വില അത്ര കുറവല്ല എന്ന് വാഹന പ്രേമികളെ ഓർമ്മിപ്പിക്കുന്നു. പക്ഷേ, ഒന്നുണ്ട്. അങ്ങേയറ്റം സ്‌പോർട്ടിയും രസികൻ ഡ്രൈവ് സമ്മാനിക്കുന്നതുമായ വാഹനമാണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. 2 സീരീസിൽ പെടുന്ന 220 ഡി ഗ്രാൻകൂപ്പെ. ഒരു പക്ഷേ, വിലകൂടിയ 3 സീരീസിനെക്കാളും കാണാനുള്ള ഭംഗിയും 220 ഡിയ്ക്കുണ്ട്.

2 സീരീസ്

2014 മുതൽ 2 സീരീസ് ലോകവിപണിയിലുണ്ട്. കൂപ്പെ, കൺവർട്ടബ്ൾ, ടൂറർ എന്നീ വേരിയന്റുകളിൽ 2 സീരീസ് ലഭ്യമാണ്. ഓഡി എ3 സെഡാൻ, ബെൻസ് സിഎൽഎ, ബെൻസ് എ ക്ലാസ് സെഡാൻ എന്നിവയാണ് ലോകവ്യാപകമായി 2സീരീസിന്റെ എതിരാളികൾ.

കാഴ്ച

മറ്റ് ബിഎംഡബ്ല്യു വാഹനങ്ങളിലേതുപോലെ അത്ര വലിയ ഗ്രിൽ അല്ല 220 ഡിയ്ക്ക് കൊടുത്തിരിക്കുന്നത്. തന്നെയുമല്ല, ക്രോമിയം വരകൾ ഗ്രില്ലിൽ കൊടുത്തിരിക്കുന്നതുമൂലം കിഡ്‌നി ഗ്രില്ലിന് വ്യത്യസ്തത കൈവന്നിട്ടുമുണ്ട്. 2 ബാരൽ ഹെഡ്‌ലാമ്പ് എൽഇഡിയാണ്. അതിൽ ഡേ ടൈം റണ്ണിങ് ലാമ്പുമുണ്ട്. മുൻഭാഗത്തിനു താഴെയുള്ള ഭാഗങ്ങൾ കാണുമ്പോൾ 2 സീറ്റർ സ്‌പോർട്‌സ് കാറായ സീ 4 നെ ഓർമ്മ വരും. കയറ്റിറക്കങ്ങളും കട്ടുകളും ബൾജുകളുമൊക്കെക്കൊണ്ട് സമൃദ്ധമാണ് ബമ്പറിന്റെ ഭാഗം. വളരെ താഴ്ന്ന ബോണറ്റാണ്. അതും സ്‌പോർട്‌സ് കാറുകളുടെ രീതി തന്നെ. സൈഡ് പ്രൊഫൈലിൽ സ്‌മോക്ക്ഡ് ഫിനിഷുള്ള അലോയ് വീൽ കാണാം. 18 ഇഞ്ചാണ് ടയർ സൈസ്.


എക്‌സ് വൺ എന്ന ചെറു എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമിലാണ് 220 ഡി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഗ്രൗണ്ട് ക്ലിയറൻസ് അത്രയുമില്ല. വശക്കാഴ്ചയിൽ സ്‌കർട്ടിങ് പോലെ നീളുന്ന ലോവർ ഭാഗം ശ്രദ്ധയിൽ പെടും. കനത്ത ബോഡിലൈനുകളുമുണ്ട്. ഏറ്റവും രസകരമായ കാര്യം ഫ്രെയിംലെസ് വിൻഡോകളാണ്. അതും ഓർമ്മിപ്പിക്കുന്നത് സീ4നെത്തന്നെ.കൂപ്പെ സ്റ്റൈലിങ്ങാണ് വശക്കാഴ്ചയിൽ 220 ഡിയ്ക്ക്. പിൻഭാഗത്തിന് ചെറിയ സാമ്യം പറയാവുന്നത് 3 സീരീസ്/6 സീരീസ് ജിടിയോടാണ്. പിൻബമ്പറിനു താഴെ ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുണ്ട്. ടെയ്ൽ ലാമ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ബ്ലാക്ക് ഫിനിഷുള്ള ലൈൻ നീളുന്നു. ബൂട്ട് സ്‌പേസ് 430 ലിറ്ററാണ്. അതും മോശമല്ല.

ഉള്ളിൽ

ബീജും ബ്ലാക്കും ചേർന്ന ഇന്റീരിയർ മിഴിവുറ്റതാണ്. താരതമ്യേന വില കുറഞ്ഞ മോഡലാണെന്നൊന്നും തോന്നില്ല. ‘എം സ്‌പോർട്ട്’ എന്ന, ‘സ്മാർട്ട്‌ഡ്രൈവ്’ ടെസ്റ്റ്‌ഡ്രൈവ് ചെയ്ത മോഡലിൽ സ്റ്റിയറിങ്ങിൽ ‘എം’ ബാഡ്ജിങ് പോലെയുള്ള ചില കാര്യങ്ങൾ കൊടുത്തിട്ടുണ്ട്. ഡാഷ്‌ബോർഡിലും ഡോർപാഡിലും സിൽവർ നിറത്തിലുള്ള ഒരു സ്ട്രിപ്പുണ്ട്. ഇത് രാത്രിയിൽ നീലനിറത്തിൽ ഭംഗിയുള്ള ആംബിയൻസ് സമ്മാനിക്കുന്നുണ്ട്. വലിയൊരു ടച്ച് സ്‌ക്രീൻ മനോഹരമായി ഡാഷ്‌ബോർഡിൽ ഒതുക്കിച്ചേർത്തുവെച്ചിരിക്കുന്നു. അത് മാനുവലി നിയന്ത്രിക്കാൻ ഒരു റോട്ടറി സ്വിച്ചുമുണ്ട്, ഗിയറിനു സമീപം. കൈ അനക്കുന്നത് എന്തിനെന്നു മനസ്സിലാക്കി പ്രവർത്തിക്കുന്ന ‘ജെസ്റ്റർ കൺട്രോൾ’ പോലും ഈ സിസ്റ്റത്തിലുണ്ട്.

വയർലെസ് ഫോൺ ചാർജർ, വളരെ മനോഹരമായ സെന്റർ കൺസോൾ, സ്‌പോർട്ടി ഗിയർ ലിവർ എന്നിവയും എടുത്തു പറയേണ്ടതാണ്. നല്ല തുട സപ്പോർട്ടുള്ള സീറ്റുകളാണ്. അവ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യുകയുമാവാം. മീറ്റർ കൺസോളിന്റെ ഭാഗത്ത് ഭംഗിയുള്ള വെർച്വൽ സ്‌ക്രീനാണുള്ളത്. പിൻഭാഗത്ത്, താഴ്ന്നുവരുന്ന റൂഫ് ലൈൻ മൂലം ഹെഡ് സ്‌പേസ് കുറവാണെന്ന ശങ്ക വേണ്ട. ഒട്ടും മോശമല്ലാത്ത ഹെഡ് സ്‌പേസും ലെഗ് സ്‌പേസും പിന്നിലുണ്ട്. എന്നാൽ ഉയർന്ന സെൻട്രൽ ടണൽ മൂലം രണ്ടുപേർക്കേ ഇരിക്കാൻ സാധിക്കുകയുള്ളൂ. വലിയ ആംറെസ്റ്റ്, പിന്നിലേക്കും എസി വെന്റുകളും കൺട്രോളും, ഡോർപാഡിൽ കപ്പ് ഹോൾഡർ എന്നിവയൊക്കെ പിൻഭാഗത്തുണ്ട്. തുടസപ്പോർട്ടുള്ള സീറ്റുകളുടെ കുഷ്യനിങ് മികച്ചതാണ്.

എഞ്ചിൻ

3 സീരീസിലെ അതേ ഡീസൽ എഞ്ചിനുമായാണ് 220 ഡി എത്തിയിരിക്കുന്നത്. പിന്നീട് ഒരു പെട്രോൾ എഞ്ചിൻ മോഡലും എത്തിയേക്കാം. 3 സീരീസിനെക്കാൾ ഭാരം കുറഞ്ഞ വാഹനമായതിനാൽ പെർഫോമൻസ് കൂടുതൽ ലഭിക്കുന്നുണ്ട്. ഡ്രൈവേഴ്‌സ് കാർ എന്നാണ് ബിഎംഡബ്ല്യു മോഡലുകൾ അറിയപ്പെടുന്നത്. അത് 220 ഡിയും ശരി വയ്ക്കുന്നുണ്ട്. 7.50 സെക്കന്റാണ് 220ഡിയ്ക്ക് നൂറു കിലോമീറ്റർ വേഗതയെടുക്കാൻ വേണ്ടിവരുന്നത്. 190 ബിഎച്ച്പി പവറുള്ള 2 ലിറ്റർ ട്വിൻ ടർബോ എഞ്ചിനാണ് 220 ഡിയിലുള്ളത്. 400 ന്യൂട്ടൺ മീറ്ററാണ് മാക്‌സിമം ടോർക്ക്. മറ്റ് ബിഎംഡബ്ല്യു വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമാണ് ഈ മോഡൽ.


8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്‌പോർട്ട്, കംഫർട്ട്, ഇക്കോമോഡ് എന്നീ ഡ്രൈവ് മോഡുകളുണ്ട്, 220ഡിയ്ക്ക്. സസ്‌പെൻഷൻ കുറച്ച് ‘സ്റ്റിഫ്’ ആണ്. അതുകൊണ്ട് സ്റ്റെബിലിറ്റി കൂടുതൽ ലഭിക്കുന്നുണ്ട്.
4 എയർബാഗുകൾ, പാർക്കിങ് സെൻസറുകൾ, റിവേഴ്‌സ് ക്യാമറ, ഇബിഡി, എബിഎസ്, ഇഎസ്പി എന്നിവയൊക്കെ സേഫ്റ്റി ഫീച്ചേഴ്‌സിൽ ഉൾപ്പെടുന്നു. സത്യം പറഞ്ഞാൽ 3 സീരീസിനെക്കാൾ ഓടിക്കാൻ രസവും കാണാൻ കൂടുതൽ സ്‌പോർട്ടിനെസ്സും 2 സീരീസിൽ പെടുന്ന ഈ സെഡാനുണ്ട്. ഇന്റീരിയറും മോശമല്ല. ഇനി നമുക്ക് ബെൻസ് എ ക്ലാസ് സെഡാനായി കാത്തിരിക്കാം.$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>