Calgary Auto Detail Hub: കാറുകളെ തിളക്കുന്ന കാൽഗറിയുടെ പുതിയ ചുവടുവയ്പുകൾ
February 15, 2020
Skoda Auto India partners with EVM Motors and Vehicles
February 25, 2020

TES Electric Scooter: The Electric Champion!

ടെസ് ഇലക്ട്രിക് സ്‌കൂട്ടർ മാനേജിങ് ഡയറക്ടർ അലക്‌സ് കള്ളിക്കാടൻ ടെസ് 125, ടെസ് 500, ടെസ് പ്രൈം മോഡലുകൾക്കൊപ്പം

ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ രംഗത്ത് തൃശൂരിൽ നിന്നുള്ള താരോദയമാണ് ടെസ് ഇലക്ട്രിക് സ്‌കൂട്ടർ. ഒറ്റ ചാർജിങ്ങിൽ 50 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന ടെസ്സിന് മെയിന്റനൻസ് ചാർജും വളരെ കുറവാണ്. ഭാവിയിൽ ഹൈ സ്പീഡ് സ്‌കൂട്ടറും ഹൈസ്പീഡ് ബൈക്കും ഇവർ പുറത്തിറക്കും.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ അപ്പു

ഇരുചക്ര വാഹനങ്ങളാണ് സാധാരണക്കാരന്റെ ജീവിതത്തെ ഇന്ന് ചലിപ്പിക്കുന്നത്. ഇക്കാലമത്രയും പെട്രോൾ ഇന്ധനമാക്കിയ ഇരുചക്ര വാഹനങ്ങളായിരുന്നു നിരത്തിലെങ്കിൽ പുതിയകാലത്ത് മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന്, മലീകരണമുണ്ടാക്കാത്ത പരിസ്ഥിതി സൗഹാർദ്ദ വൈദ്യുത വാഹനങ്ങളിലേക്ക് ചുവടു മാറാൻ ഇന്ന് ലോകം തയാറെടുക്കുകയാണ്. 2045 ഓടെ ഇന്ത്യ പൂർണമായും വൈദ്യുത വാഹനങ്ങൾ മാത്രമുള്ള രാജ്യമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വാഹന നിർമ്മാണ കമ്പനികളെല്ലാം തന്നെ ഇപ്പോൾ വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇരുചക്ര വാഹന വിപണിയിലാണ് ആദ്യം വൈദ്യുത വാഹനങ്ങൾ രംഗപ്രവേശം ചെയ്തതെന്നിരിക്കേ, ഈ രംഗത്തേക്ക് ഇപ്പോൾ പുതിയ പുതിയ കമ്പനികൾ കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇരുചക്ര വൈദ്യുത സ്‌കൂട്ടർ നിർമ്മാണ രംഗത്തേക്ക് കേരളത്തിൽ നിന്നുള്ള പല കമ്പനികളും ഇന്ന് കടന്നുവന്നിട്ടുണ്ട്. അവരിൽ ഏറെ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന ബ്രാൻഡുകളിലൊന്നാണ് ടെസ് ഇലക്ട്രിക് സ്‌കൂട്ടർ.

ടെസ് ഇലക്ട്രിക് സ്‌കൂട്ടർ മാനേജിങ് ഡയറക്ടർ അലക്‌സ് കള്ളിക്കാടൻ

‘തൃശൂർ ഇലക്ട്രിക് സ്‌കൂട്ടർ’ എന്ന കമ്പനിയുടെ ചുരുക്കെഴുത്താണ് ടെസ്. 1967 മുതൽ വാഹന സ്‌പെയർ പാർട്‌സ് രംഗത്ത് പ്രവർത്തിച്ചുവരുന്ന സെന്റ് തോമസ് ട്രേഡേഴ്‌സിൽ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടർ സംരംഭമാണിത്. കെ ടി ഔസേപ്പ് എന്ന ദീർഘദർശിയായ ബിസിനസുകാരൻ ആരംഭിച്ച സെന്റ് തോമസ് ട്രേഡേഴ്‌സ് ഷോക്ക് അബ്‌സോർബറുകളുടെ വിൽപനയിലും റീകണ്ടീഷനിങ്ങിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും 2011ഓടെ ഫോർ വീലർ സ്‌പെയർ പാർട്ടുകളുടെ മൊത്ത വ്യാപാര ശൃംഖലയിലേക്കും അവർ കടന്നിരുന്നു. 2013ൽ രണ്ട് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡുകളുടെ ഡീലർഷിപ്പുകളും ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ ഡീലർഷിപ്പും ആരംഭിച്ചുകൊണ്ട് ഇരുചക്ര വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവച്ച അവർ 2018ലാണ് ടെസ് എന്ന സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡ് വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നത്. കെ ടി ഔസേപ്പിന്റെ മകനായ അലക്‌സ് കള്ളിക്കാടൻ ആയിരുന്നു ഈ സംരംഭത്തിന്റെ അണിയറശിൽപി.

ടെസ് പ്രൈം

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും ബി ടെക്കും നേടി, ടു വീലർ ആന്റ് ത്രീവീലർ ഓട്ടോമൊബൈലിൽ സ്‌പെഷ്യലൈസേഷനും ചെയ്തശേഷം ഒമാനിൽ ഓയിൽ ആന്റ് ഗ്യാസ് കമ്പനിയിൽ സെയിൽസ് ആന്റ് മാർക്കറ്റിങ്ങിൽ പ്രവർത്തിക്കുകയും ഒരു കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പദവി വരെ വഹിച്ചതിനുശേഷമാണ് പിതാവിന്റെ മരണത്തെ തുടർന്ന് അലക്‌സ് നാട്ടിലെത്തുന്നതും സെന്റ് തോമസ് ട്രേഡേഴ്‌സിന്റെ ബിസിനസിലേക്ക് വൈദ്യുത സ്‌കൂട്ടർ നിർമ്മാണമെന്ന പുതിയ മേഖല എത്തിക്കുന്നതും. ”2018ൽ ആണ് വൈദ്യുത സ്‌കൂട്ടർ നിർമ്മാണരംഗത്തേക്ക് കടക്കാനുള്ള പദ്ധതിയ്ക്ക് ഞങ്ങൾ രൂപം നൽകുന്നത്. തൃശൂർ അയ്യന്തോളിലായിരുന്നു സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത സ്‌പെയർ പാർട്‌സുകൾ അസംബിൾ ചെയ്യുന്ന പ്ലാന്റ്. 2019 മാർച്ച് മാസത്തോടെ ടെസ് എന്ന ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിനു കീഴിൽ രണ്ട് മോഡലുകൾ ഏഴ് വേരിയന്റുകളോടെ ഞങ്ങൾ പുറത്തിറക്കുകയും ചെയ്തു. 2019 ജൂൺ മാസത്തോടെ സ്‌കൂട്ടറുകളുടെ വിപണനവും ആരംഭിച്ചു. ഇന്ന് കേരളത്തിലുടനീളം എട്ട് ഡീലർഷിപ്പുകളുള്ള ഞങ്ങൾ പ്രതിമാസം അമ്പതിലധികം ഇരുചക്ര വാഹനങ്ങളുടെ വിൽപന നടത്തുന്നുണ്ട്,” ടെസ് ഇലക്ട്രിക് സ്‌കൂട്ടർ മാനേജിങ് ഡയറക്ടർ അലക്‌സ് കള്ളിക്കാടൻ പറയുന്നു.

തൃശൂർ എം ജി റോഡിലെ ടെസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഷോറൂം

ടെസ് 125 എന്ന മോഡലിനു കീഴിൽ വിആർ എൽ എ(ലെഡ് ആസിഡ് ബാറ്ററി), എൽ ഐ 50, എൽ ഐ 100, എൽ ഐ 200 എന്നിങ്ങനെ നാല് വേരിയന്റുകളാണുള്ളത്. ആദ്യത്തേതിൽ വിആർഎൽഎ ബാറ്ററിയും മറ്റ് മൂന്നു മോഡലുകളിൽ ലിതിയം ഫെറോഫോസ്‌ഫേറ്റ് ബാറ്ററികളുമാണ് ഉപയോഗിച്ചിട്ടുള്ളത്. വി ആർ എൽ എയിൽ 60 വോൾട്ട് 24 ആംപിയർ ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽ മറ്റ് മൂന്ന് വേരിയന്റുകളിലും 48 വോൾട്ട് 15-40 ആംപിയർ ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. 2 മുതൽ മൂന്നു മണിക്കൂറിനു ള്ളിൽ (ഫാസ്റ്റ് ചാർജിങ്) തന്നെ പൂർണമായും ചാർജ് ചെയ്യാനാകുന്നവയാണ് അവ. ഒറ്റ ചാർജിങ്ങിന് 50 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നവയാണ് യഥാക്രമം ഈ വേരിയന്റുകൾ. ഇന്ത്യയിൽ ആദ്യമായി 200 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത ആദ്യ വൈദ്യുത സ്‌കൂട്ടർ നിർമ്മിച്ചത് ടെസ് ആണെന്ന സവിശേഷതയും ഇവർക്ക് സ്വന്തം. പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്റർ ആണെന്നതിനാൽ ഈ സ്‌കൂട്ടറുകൾക്കൊന്നും തന്നെ രജിസ്‌ട്രേഷനോ ലൈസൻസോ ആവശ്യമില്ല. 250 വാട്ടിന്റെ ബ്രഷ് ലെസ് ഡിസി മോട്ടോറാണ് വാഹനത്തിലുള്ളത്. ബ്രഷ്‌ലെസ് മോട്ടോർ ആയതിനാൽ മോട്ടോറിന് മെയിന്റനൻസ് ആവശ്യമേയില്ലെന്നതാണ് മറ്റൊരു നേട്ടം. 48,900 രൂപ മുതൽ 95,000 രൂപ വരെയാണ് ടെസ് 125ന്റെ വില.

തൃശൂരിലെ ടെസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അസംബ്ലിങ് പ്ലാന്റ്‌

തൃശൂരിലെ ടെസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അസംബ്ലിങ് പ്ലാന്റ്‌

ടെസ് 500 എന്ന മോഡലിൽ എൽ ഐ 50, വി ആർ എൽ എ, എൽ ഐ 70 എന്നിങ്ങനെ മൂന്നു മോഡലുകളാണുള്ളത്. മൈലേജ് ഒറ്റ ചാർജിങ്ങിന് 50 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെയാണ് ഇവയ്ക്കുള്ളത്. വി ആർ എൽ എ ബാറ്ററി 60 വോൾട്ട് 24 ആംപിയറിന്റേയും എൽ ഐ വേരിയന്റുകളിൽ 48 വോൾട്ട് 15-20 ആംപിയറിന്റേതുമാണ് ബാറ്ററി. ഈ ബാറ്ററിക്ക് മൂന്നു വർഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയും ടെസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 51,000 രൂപ മുതൽ 85,000 രൂപ വരെയാണ് ടെസ് 500 ഇലക്ട്രിക് സ്‌കൂട്ടർ വേരിയന്റുകളുടെ വില.

ടെസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോർ, കൺട്രോൾ സിസ്റ്റം, ത്രോട്ടിൽ

2020 ഫ്രെബുവരിയിൽ ടെസ് പ്രൈം എന്ന പുതിയ മോഡലിന്റെ വിൽപനയും ഇവർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിആർഎൽ എ, എൽ ഐ 50, എൽ ഐ 100, എൽ ഐ 200 എന്നിങ്ങനെ നാലു വേരിയന്റുകളാണ് ടെസ് പ്രൈമിൽ ഉള്ളത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫാസ്റ്റ് ചാർജിങ് ചെയ്യാനാകുന്നതാണ് എൽ ഐ50 യെങ്കിൽ എൽ ഐ 200 പൂർണമായും ചാർജ് ചെയ്യാൻ മൂന്നു മണിക്കൂർ സമയം മതിയാകും. ടെസ് പ്രൈമിന്റെ ഏറ്റവും വലിയ പ്രത്യേക ഇതിന്റെ മുന്നിലുള്ള അധിക ലഗേജ് സ്‌പേസാണ്. ഗ്യാസ് കുറ്റി പോലും മുന്നിൽ വച്ച് കൊണ്ടുപോകാൻ തക്കവണ്ണം വലുതാണ് അത്. 58,000 രൂപ മുതൽ 1,05,000 രൂപ വരെയാണ് ടെസ് പ്രൈമിന്റെ വില.

TES 500

മറ്റു പല വൈദ്യുത ഇരുചക്ര വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി പല പുതിയ ഫീച്ചറുകളും ഇണക്കിച്ചേർത്തിട്ടുള്ളവയാണ് ടെസ് പുറത്തിറക്കിയിട്ടുള്ള വാഹനങ്ങൾ. അതിലൊന്ന് പാർക്ക് മോഡാണ്. വാഹനം സ്റ്റാർട്ട് ചെയ്യാൻ കീ ഉപയോഗിച്ചശേഷം പാർക്ക് മോഡിൽ നിന്നും മാറ്റിയാൽ മാത്രമേ വാഹനം ഓണാകുകയുള്ളുവെന്നതാണ് ഇതിന്റെ പ്രത്യേകത. അബദ്ധത്തിൽ ആക്‌സിലറേഷൻ നൽകി വാഹനം അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ഇതിനു പുറമേ, റിവേഴ്‌സ് മോഡ്, കീലെസ് എൻട്രി, ആന്റി തെഫ്റ്റ് അലാം, മുന്നിൽ ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കും, മെയിന്റനൻസ് ആവശ്യമില്ലാത്ത ബ്രഷ്‌ലെസ് ഡിസി മോട്ടോർ എന്നിവയെല്ലാം തന്നെ ടെസ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സവിശേഷതയാണ്. ഇതിനു പുറമേ, എൽ ഇ ഡി ഹെഡ് ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളും മുന്നിൽ ടെലസ്‌കോപിക് ഫോർക്ക് സസ്‌പെൻഷനും ഇവയ്ക്കുണ്ട്. ഹൈഡ്രോളിക് ന്യുമാറ്റിക് ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളാണ് വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്നതിനാൽ സുഖകരമായ റൈഡിങ്ങും ടെസ് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മുന്തിയ ടയർ ബ്രാൻഡുകളുടെ 90/100-10 ട്യൂബ് ലെസ് ടയറുകളാണ് ടെസ് തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. ചുവപ്പ്, കറുപ്പ്, നീല, വെള്ള, മഞ്ഞ നിറങ്ങളിൽ എല്ലാ മോഡലുകളും തന്നെ ലഭിക്കുകയും ചെയ്യും.

TES 125

സാധാരണഗതിയിൽ വൈദ്യുത സ്‌കൂട്ടർ കമ്പനികൾ നേരിടുന്ന പ്രധാന ഒരു വെല്ലുവിളി വിൽപനാനന്തര സേവനമാണ്. ടെസ് ഇലക്ട്രിക് സ്‌കൂട്ടർ മികച്ച സർവീസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ വേണ്ടതെല്ലാം തന്നെ ചെയ്തിട്ടുണ്ട്. ടെസ്സിന്റെ എല്ലാ ഡീലർഷിപ്പുകളിലും തന്നെ കമ്പനി നേരിട്ട് പരിശീലിപ്പിച്ച ടെക്‌നീഷ്യന്മാർ സദാ സേവനസന്നദ്ധരായിട്ടുണ്ടാകും. ”വൈദ്യുത സ്‌കൂട്ടറുകൾക്ക് മെയിന്റനൻസ് ആവശ്യമില്ലെന്ന മട്ടിൽ പല ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. പക്ഷേ കംബസ്റ്റ്യൻ എഞ്ചിനു പകരം ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്നുവെന്ന വ്യത്യാസം മാത്രമേ വൈദ്യുത സ്‌കൂട്ടറും സാധാരണ സ്‌കൂട്ടറും തമ്മിലുള്ളു. വൈദ്യുത സ്‌കൂട്ടറിലെ ചലിക്കുന്ന ഭാഗങ്ങളും ബ്രേക്കും സസ്‌പെൻഷനും ബാറ്ററിയും ലൈറ്റിങ് സിസ്റ്റവുമെല്ലാം ജനറൽ സർവീസിന് വിധേയമാക്കേണ്ടതുണ്ട്. വർഷത്തിൽ രണ്ടു മുതൽ നാലു പ്രാവശ്യമെങ്കിലും സർവീസ് ചെയ്യുന്നതാണ് വാഹനത്തിന്റെ ആയുസ്സ് കൂടുതൽ ലഭിക്കുന്നതിന് അഭികാമ്യം,” അലക്‌സ് തുറന്നു പറയുന്നു.

അലക്‌സ് കള്ളിക്കാടൻ ടെസ് പ്രൈമിനൊപ്പം ഷോറൂമിൽ

മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ മാത്രമേ വേഗമുള്ള സ്‌കൂട്ടറുകളാണെന്നതിനാൽ നിലവിൽ ടെസ് 13 മുതൽ 18 വയസ്സു വരെയുള്ള കൗമാരക്കാരേയും വീട്ടമ്മമാരേയും 50 വയസ്സിനുമേൽ പ്രായമുള്ള ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ആളുകളേയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ”ഭാവിയിൽ ഹൈസ്പീഡ് വിഭാഗത്തിൽ ഒരു സ്‌കൂട്ടറും ഒരു ബൈക്കും പുറത്തിറക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. മറ്റ് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കൾ പറയുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിൽ അവ വിപണനം ചെയ്യാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. റീപ്ലേസബിൾ (സ്വാപ്പിങ് ) ബാറ്ററി വിപണിയിലെത്തിക്കുകവഴി, ചാർജ് ചെയ്യാൻ മെനക്കെടാതെ, ചാർജിങ് സ്റ്റേഷനിലെത്തി പുതിയ ബാറ്ററി ഫിറ്റ് ചെയ്ത് വാഹനം ഓടിക്കാനാകുന്ന സംവിധാനമാണ് ഞങ്ങൾ പദ്ധതിയിടുന്നത്. ഇന്ധനം നിറയ്ക്കുന്നതുപോലുള്ള ലളിതമായ ഈ സംവിധാനത്തിന്റെ വരവോടെ ഇലക്ട്രിക് സ്‌കൂട്ടർ കൂടുതൽ പേർ താൽപര്യപ്പെടുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്,” അലക്‌സ് തങ്ങളുടെ ഭാവി പദ്ധതികൾ വെളിപ്പെടുത്തുന്നു. നിലവിൽ ലിതിയം ഫെറോഫോസ്‌ഫേറ്റ് ബാറ്ററികൾ ഉപയോഗിക്കുന്ന ടെസ്സിന്റെ വാഹനങ്ങളുടെ ബാറ്ററി 10 മുതൽ 15 വർഷം വരെ നിലനിൽക്കുമെന്നും അദ്ദേഹം പറയുന്നു.

TES 500

നിലവിൽ തൃശൂർ, തൃപ്രയാർ, കോതമംഗലം, കരുനാഗപ്പിള്ളി, തിരുവല്ല, ആലപ്പുഴ, കണ്ണൂർ, വടകര എന്നിവിടങ്ങളിലെല്ലാമായി എട്ട് ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും ടെസ്സിനുണ്ട്. ഭാവിയിൽ പുതിയ ഡീലർഷിപ്പുകളും പദ്ധതിയിടുന്നുണ്ട്. 500 ചതുരശ്ര അടിയുള്ള ഷോറൂം സ്‌പേസും 200 ചതുരശ്ര അടി സർവീസ് സെന്റർ സ്‌പേസുമുള്ളവർക്ക് ഡീലർഷിപ്പിനായി ടെസ് ഇലക്ട്രിക് സ്‌കൂട്ടറിനെ സമീപിക്കാം. മിനിമം 12 വാഹനങ്ങൾ തുടക്കത്തിൽ വാങ്ങണമെന്നും ഒരു ലക്ഷം രൂപ ഡെപ്പോസിറ്റായി നൽകണമെന്നുമാണ് മാനദണ്ഡങ്ങൾ. ടെക്‌നീഷ്യന്മാർക്ക് ടെസ് നേരിട്ട് പരിശീലനം നൽകുകയും ചെയ്യും. സ്‌കൂട്ടർ നിർമ്മാണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെസ് ഇപ്പോൾ പുതിയ നിക്ഷേപകരെ തേടുന്നുമുണ്ട്.

അലക്‌സ് കള്ളിക്കാടൻ ടെസ് മോഡലുകൾക്കൊപ്പം വടക്കുംനാഥക്ഷേത്രത്തിനു മുന്നിൽ

വരാനിരിക്കുന്ന കാലം ഇരുചക്ര വൈദ്യുത വാഹനങ്ങളുടേതാണെന്ന് വ്യക്തമാക്കുന്നതാണ് ടെസ് ഇലക്ട്രിക് സ്‌കൂട്ടർ ഈ രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങൾ. മികച്ച പെർഫോമൻസും മികച്ച സ്‌റ്റൈലിങ്ങും വ്യത്യസ്തമായ ഫീച്ചറുകളും കൂട്ടിയിണക്കിയ വൈദ്യുത സ്‌കൂട്ടറുകൾക്ക് വമ്പൻ വിജയം നേടാനാകുമെന്നാണ് ടെസ്സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിജയം നമ്മോട് പറയുന്നത്$

ST. Thomas Traders/
Thrissur Electric Scooter
Near Railway Over Bridge
M.G. Road, Thrissur 680001
Mob : +91 9847177308, +91 9526661217, 9526587444, 9526587474
thrissurelectricscooters@gmail.com
Web: teselectricscooters.in

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>