എക്‌സ്‌ക്ലൂസീവ്: ട്രൂഡിയെത്തി, പപ്പയുടെ പ്രിയപ്പെട്ട ബൈക്കിന്റെ പുതുരൂപം കാണാൻ!
June 21, 2019
Test Ride: Royal Enfield Bullet Trials 500
June 25, 2019

Tea County: Travel in association with Kerala tourism

കോടമഞ്ഞിന്റെ ഒളിച്ചുകളിയും മഞ്ഞും മഴയും ഇണചേരുന്ന മലനിരകളും പച്ചപ്പരവതാനിയിട്ട കുന്നുകളുമെല്ലാം വാഗമണ്ണിനേയും പാഞ്ചാലിമേടിനേയും പരുന്തുംപാറയേയും കേരളത്തിന്റെ ടൂറിസ ഭൂപടത്തിന്റെ സമ്പദ്ഖനിയാക്കി മാറ്റുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

കോടമഞ്ഞിലൂടെ നടന്നുനോക്കിയിട്ടുണ്ടോ? ഒരു മാജിക്കൽ റിയലിസമാണിത്. നിന്ന നിൽപിൽ ചുറ്റുമുള്ളവയൊക്കെ മറയ്ക്കുകയും അടുത്ത നിമിഷത്തിൽ കാഴ്ചകളുടെ മൂടുപടം തുറന്നുകൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്യുന്ന മാജിക്. ആ നേരങ്ങളിൽ ഒരു സംഗീതം പോലെ കടന്നുവരുന്ന ശീതക്കാറ്റ് നമ്മുടെ പ്രജ്ഞകളെ, ഭ്രാന്തമായ തിരക്കുകളുള്ള ഘടികാരങ്ങളുടെ ലോകത്തു നിന്നും മോചിപ്പിക്കും. പിന്നെ, മഞ്ഞു നീങ്ങിത്തുടങ്ങുമ്പോൾ നിറംമങ്ങിയ ഒരു കാൻവാസിലെന്നപോലെ പച്ചമരങ്ങൾ നമ്മുടെ മുന്നിൽ നിരക്കും. മലനിരകൾ വന്നെത്തിനോക്കിപ്പോകും. നിശ്ശബ്ദതയുടെ ആ ആഘോഷത്തിൽ, ഏകാന്തതയുടെ ആ വശ്യതയിൽ, പ്രകൃതിയുമായി ലയിച്ചുചേരുന്ന ഒരു അനുഭൂതി യിലേക്കാണ് നാം ധ്യാനാത്മകമായ ശാന്തത അനുഭവി ക്കുന്നത്. ജ്ഞാനാന്വേഷണത്തിന്റെ ആദ്യപടിയായ ആ ശാന്തതയിലൂടെയാണ് ഹെർമൻ ഹെസ്സേയുടെ സിദ്ധാർത്ഥ സഞ്ചരിച്ചത്. ഭൂതവും വർത്തമാനവും ഭാവിയും പാടിക്കൊണ്ട് സ്വർണവൃക്ഷത്തിലിരിക്കുന്ന സുവർണചകോരത്തെപ്പറ്റി ഡബ്ല്യു ബി യീറ്റ്‌സും പറഞ്ഞത് അതു തന്നെയാണ്. മഞ്ഞുനിറഞ്ഞ ആശ്രമകോണിലിരുന്ന് നിത്യചൈതന്യ യതി കണ്ടെത്തിയതും പ്രകൃതിയിലിണങ്ങിച്ചേർന്ന്, ആത്മീയജ്ഞാനത്തിലേക്ക് നീങ്ങുന്ന പാത തന്നെയാണ്. അവാച്യമായ ആത്മീയ ആനന്ദത്തിന്റെ കുളിരിലേക്ക് സ്വയം പറിച്ചുനടാൻ ആഗ്രഹിക്കുന്നവർ വെറുതെയല്ല, വാഗമണ്ണിലെ പച്ചപ്പരവതാനി വിരിച്ച കുന്നുകളിലേക്കും മഞ്ഞും മഴയും ഇഴചേരുന്ന മലനിരകളിലേക്കും യാത്ര പോകാൻ കൊതിക്കുന്നത്. വാഗമണ്ണിന്റെ സൗന്ദര്യക്കാഴ്ചകൾക്കൊപ്പം പാഞ്ചാലിമേടിന്റെ ഏകാന്തപരപ്പുകളിലേക്കും പരുന്തുംപാറയുടെ വശ്യതയിലേക്കുമാണ് സ്മാർട്ട് ഡ്രൈവ് ഈ ലക്കത്തിൽ വായനക്കാരെ നയിക്കുന്നത്. ബിഎംഡബ്ല്യു എക്‌സ് 4 എക്‌സ് ഡ്രൈവ് 20 ഡി എം സ്‌പോർട്ട് എക്‌സാണ് യാത്രയിൽ ഞങ്ങളുടെ പങ്കാളി. 4000 ആർ പി എമ്മിൽ 260 ബി എച്ച് പി കരുത്തും 2000 ആർ പി എമ്മിൽ 620 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്ന ഈ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനത്തിന് ഏതു മലനിരയും ഏത് ദുർഘട പാതകളും നിസ്സാരമായി കീഴടക്കാനാകും.

പാഞ്ചാലിമേടിന്റെ പ്രവേശന കവാടം

കൊച്ചിയിൽ നിന്നും പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം വഴി മുറിഞ്ഞപുഴയിലെത്തി, അവിടെ നിന്നും പാഞ്ചാലിമേടിലേക്ക് യാത്ര ചെയ്യാനും പിന്നീട് പരുന്തുംപാറയിലേക്കും വാഗമണ്ണിലേയ്ക്കും നീങ്ങാനുമാ ണ് സ്മാർട്ട് ഡ്രൈവ് നിശ്ചയിച്ചുറപ്പിച്ചിരുന്നത്. പാഞ്ചാലിമേടിലേക്ക് ആദ്യ യാത്ര തെരഞ്ഞെടുത്തതതിനു ഒരു സവിശേഷമായ കാരണവുമുണ്ട്. നിശ്ചയദാർഢ്യത്തോടെ കേരളത്തിലെ വിനോദസഞ്ചാര വികസനം സർക്കാർ ഏറ്റെടുത്താൽ കേരളത്തിന് വലിയ അത്ഭുതങ്ങൾ കാട്ടാനാകുമെന്നും വിനോദസഞ്ചാരത്തിലൂടെ വലിയ വരുമാനം ഖജനാവിലേക്ക് എത്തിക്കാനാകുമെന്നു മുള്ളതിന്റെ തെളിവാണ് പാഞ്ചാലി മേട്. മുറിഞ്ഞപുഴയിൽ നിന്നും നാലര കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ എത്തപ്പെടാനാകുന്ന പ്രദേശമാണത്. ഏതാനും വർഷങ്ങൾക്കു മുമ്പ് പാഞ്ചാലിമേടിലെത്തുമ്പോൾ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹരിതാഭമായ ആ കുന്നുകൾ സാമൂഹ്യവിരുദ്ധരുടേയും അനാശാസ്യ പ്രവർത്തനങ്ങളുടേയും കേന്ദ്രമായിരുന്നു. വിശ്വാസി സമൂഹങ്ങളാകട്ടെ, ഈ സർക്കാർ ഭൂമിയിൽ അവരവരുടെ വിശ്വാസചിഹ്നങ്ങൾ നാട്ടുകയും വേറെ ചിലർ ഈ ചിഹ്നങ്ങൾ ഉപയോഗിച്ച് ഭൂമി കൈയേറ്റത്തിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഒരു കുന്നിൽ ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിൽ കുരിശുകളുമായി നിലകൊള്ളുകയായിരുന്നു അത്. എന്നാൽ പാഞ്ചാലിമേടിനെ സർക്കാർ ഭൂമിയായിത്തന്നെ നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരവികസനം അവിടെ സാധ്യമാക്കാമെന്ന് സർക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് ടൂറിസം വകുപ്പ് 3.8 കോടി രൂപയുടെ പഞ്ചാലിമേട് ടൂറിസം പദ്ധതി ഇവിടെ നടപ്പാക്കിയത്. ഇന്ന് സ്മാർട്ട് ഡ്രൈവ് ഇവിടെയെത്തുമ്പോൾ പാഞ്ചാലിമേട് പുതിയൊരു കാഴ്ചയാണ്.


ഇനി 8 കോടി രൂപയുടെ വികസനപദ്ധതികൾ കൂടി ഇവിടെ വരാനൊരുങ്ങുകയുമാണ്. പാഞ്ചാലി മേടിലേക്കുള്ള പ്രവേശന കവാടം തന്നെ പ്രദേശത്തിന്റെ പൗരാണികതയിലേക്കും ഐതിഹ്യങ്ങളിലേക്കുള്ള ഒരു വാതായനം കൂടിയാണ്. മഹാഭാരതകാലത്ത് രാജഭരണത്തിൽ നിന്നും നിഷ്‌കാസിതരായ പഞ്ചപാണ്ഡവരും പാഞ്ചാലിയും വനവാസകാലത്ത് കഴിഞ്ഞുകൂടിയിരുന്ന ഒരു സ്ഥലമായാണ് പാഞ്ചാടിമേടിനെപ്പറ്റിയുള്ള കഥ. 240 ഏക്കറുകളിലുള്ള ഈ പ്രദേശത്ത് പാഞ്ചാലി സ്‌നാനം ചെയ്തിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന, ഒരുകാലത്തും വെള്ളം വറ്റാത്ത ഒരു കുളവും പഞ്ചപാണ്ഡവർ തങ്ങിയിരുന്നതെന്നു പറയപ്പെടുന്ന ഒരു ഗുഹയുമാണുള്ളത്. ഇന്ത്യയിലെ മറ്റ് മലമ്പ്രദേശങ്ങളിലെല്ലാം തന്നെ മഹാഭാരതകാലവുമായി ബന്ധപ്പെട്ട് ഇത്തരം ഐതിഹ്യങ്ങളുണ്ടെന്നത് ഒരു വാസ്തവമാണ്. പക്ഷേ ഐതിഹ്യമെന്തു തന്നെയായാലും പാഞ്ചാലിമേട് പ്രകൃതിരമണീയമായ ഇടമാണ്. പച്ചപ്പുല്ലു നിറഞ്ഞ ആ കുന്നിൻപ്രദേശത്തേക്ക് കടക്കാനുള്ള പ്രവേശന കവാടം തന്നെ കരിക്കല്ലുകൊണ്ട് അതിമനോഹരമായി നിർമ്മിക്കപ്പെട്ടതാണ്. അതിൽ പാഞ്ചാലിമേട് എന്ന് കൊത്തിവച്ചിട്ടുമുണ്ട്. പ്രവേശനം കവാടം കടന്നാലുടനെ കുന്നിൻ മുകളിലേക്കുള്ള കരിങ്കല്ലുകൊണ്ടുള്ള മനോഹരമായി നിർമ്മിച്ച നടപ്പാത ദൃശ്യമാകും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓഫീസും ടിക്കറ്റ് കൗണ്ടറുമാണ് തൊട്ടപ്പുറം. പാഞ്ചാലിമേടിലേക്ക് പ്രവേശിക്കുന്നതിന് 10 രൂപയാണ് മുതിർന്നവർക്കുള്ള ഫീസ്. കുട്ടികൾക്ക് 5 രൂപ. വിവാഹഷൂട്ടിങ്ങിനും ചലച്ചിത്ര ഷൂട്ടിനുമൊക്കെ വേറെ നിരക്കുകളാണ്. വിനോദസഞ്ചാര വകുപ്പുമായി ചേർന്നുകൊണ്ടാണ് സ്മാർട്ട് ഡ്രൈവിന്റെ യാത്രകളെന്നതിനാൽ പാഞ്ചാലിമേടിൽ ഞങ്ങളെ കാത്ത് ടൂറിസം പ്രമോഷൻ കൗൺസിലിലെ ജീവനക്കാരനായ അഭിറാമും വാഗമൺ ടൂറിസം പദ്ധതിയിൽ പ്രവർത്തിക്കുന്ന മോഹനനും നിൽപുണ്ടായിരുന്നു. ഇന്നത്തെ വാഗമൺ യാത്രയിലുടനീളം ഞങ്ങളെ അനുഗമിക്കുന്നുണ്ട് അവർ ഇരുവരും.

പാഞ്ചാലിമേടിൽ

പാഞ്ചാലിമേടിന്റെ മുകളിലേക്കുള്ള കരിങ്കല്ലുകൊണ്ടു നിർമ്മിച്ച ഈ പാതയുടെ സ്ഥാനത്ത് മുമ്പ് ഓഫ് റോഡിങ് വാഹന പരീക്ഷണങ്ങൾക്ക് സ്മാർട്ട് ഡ്രൈവ് ഉപയോഗിച്ചിരുന്ന ദുർഘടമായ മലമ്പാതയായിരുന്നു. ഈ പാത കുന്നുകളെചുറ്റി മുന്നോട്ടുപോകുമ്പോൾ, പ്രവേശന കവാടത്തിന് അൽപം മുന്നിലായി തന്നെ അതിമനോഹരമായ ഒരു കൽമണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. ഈ കൽമണ്ഡപത്തിൽ വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള തുറസ്സായ ഇടവും ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരു റിഫ്രഷ്‌മെന്റ് സ്റ്റാളുമാണുള്ളത്. മുകളിലേക്ക് നീങ്ങുമ്പോൾ പലയിടത്തും ചെറിയ കൽമണ്ഡപങ്ങളും ഇരിപ്പിടങ്ങളും കാണാം. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നിരുന്ന്, മലയുടെ സംഗീതവും കോടമഞ്ഞിന്റെ വിസ്മയക്കാഴ്ചകളും കാണാനായി ഇത്തരത്തിൽ മുപ്പതോളം ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും ഒരുക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് ഒരുക്കിയിട്ടുള്ള സോളാർ ലാമ്പുകളാകട്ടെ, ആളുകൾ എത്തുന്നതിന് അനുസരിച്ച് പ്രകാശഭരിതമാകുന്നവിധമുള്ള സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ളതുമാണ്. പാഞ്ചാലിമേടിന്റെ ഈ നടപ്പാതകളിൽ നിന്നു നോക്കിയാൽ താഴെ പാഞ്ചാലി കുളിച്ചിരുന്നുവെന്നു പറയപ്പെടുന്ന, ജലം ഒരിക്കലും വറ്റാത്ത ചെറിയ കുളവും കാണാനാകും. അത് കെട്ടി സംരക്ഷിച്ചിരിക്കുന്ന നിലയിലാണ്. കരിങ്കൽപ്പാതകൾ പിന്നിട്ട് പിന്നെയും കുറെ ദൂരം മൺവഴിയിലൂടെ (ഏതാണ്ട് അരക്കിലോമീറ്ററോളം) മുന്നോട്ടു നടന്നാൽ പാണ്ഡവരും ദ്രൗപദിയും തങ്ങിയിരുന്നതെന്നു പറയുന്ന ഗുഹയുമായി. ഐതിഹ്യങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രകൃതി സംരക്ഷിക്കാൻ വിനോദസഞ്ചാരവ കുപ്പ് നടത്തിയിരിക്കുന്ന ശ്രമങ്ങൾ എത്ര ശ്ലാഘിച്ചാലും മതിവരില്ല. ഹൈറേഞ്ചുകളിലെ പല കുന്നിൻചെരിവുകളും കൈയേറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ പാഞ്ചാലിമേട് ടൂറിസം പദ്ധതി, ടൂറിസപദ്ധതിയിലൂടെ എങ്ങനെ ഫലപ്രദമായി കൈയേറ്റം തടയാനാകുമെന്നതിന്റെ ഉദാഹരണം കൂടിയാണ്. പാഞ്ചാലിമേട് രണ്ടാം ഘട്ട വികസനപദ്ധതിയുടെ ഭാഗമായി പാഞ്ചാലിയുടെ ശിൽപം, ബോട്ടിങ് നടത്താനാകുന്ന ചെക്ക് ഡാം, ചിൽഡ്രൺസ് പാർക്ക്, സിപ് ലൈൻ പോലുള്ള സാഹസിക ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതി രൂപകൽപന ചെയ്തു വരികയാണ്. 2018ൽ ഉൽഘാടനം ചെയ്യപ്പെട്ട പദ്ധതി ഇതിനകം യാത്രികരുടെ പ്രിയപ്പെട്ട ഇടമായി തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. 1,60,000ത്തോളം പേർ ഇവിടം സന്ദർശിച്ചു കഴിഞ്ഞു.

ടാഗോർ പാറ

ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ ടിക്കറ്റിലൂടെ വരുമാനവുമുണ്ടാക്കി പാഞ്ചാലിമേട്. ദുൽക്കർ സൽമാൻ നായകനായ ചാർലിയുടേയും നയൻതാര നായികയായ ശ്യാമപ്രസാദിന്റെ ഇലക്ട്രയുടേയുമൊക്കെ ഷൂട്ടിങ്ങുകൾ നടന്നത് പാഞ്ചാലിമേടിന്റെ പിറകുവശത്തുള്ള അനുബന്ധ പ്രദേശങ്ങളിലായിരുന്നു. ശബരിമല മകരവിളക്ക് സമയത്ത് പൊന്നമ്പലമേടിൽ തെളിയിക്കുന്ന മകരജ്യോതി ആസ്വദിക്കാൻ ആയിരക്കണക്കിനുപേരാണ് ഇവിടേയ്ക്ക് എത്തുന്നത്.

വാഗമണ്ണിലെ ഇക്കോ അഡ്വഞ്ചർ പാർക്കിൽ

പരുന്തുംപാറയിലേക്കായിരുന്നു ഞങ്ങളുടെ അടു ത്ത സഞ്ചാരം ഇടുക്കിയിലെ പീരുമേട് താലൂക്കിലാണ് ഈ പ്രദേശം. സ്മാർട്ട് ഡ്രൈവ് വായനക്കാർക്ക് നേരത്തെ തന്നെ സുപരിചിതമായ ഇടമാണിത്. പരുന്തുംപാറയിലെ കുന്നുകളിലേക്ക് പലവട്ടം പല ഫോർവീൽ ഡ്രൈവ് വാഹനങ്ങളും ഓഫ്‌റോഡിങ് യാത്രയ്ക്കായി ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ശബരിമലക്കാടുകളുടെ കാഴ്ചയാണ് പരുന്തുംപാറയിൽ നിന്നുള്ള ഒരു ദൃശ്യം. കാറ്റ് നല്ലവണ്ണമുള്ളതിനാൽ പലരും പട്ടംപറത്താൻ പരുന്തുംപാറയിലെത്തിയിട്ടുണ്ട്. പരുന്തുംപാറയിലേക്ക് സ്‌പൈഡർമാനെപ്പോലെ ബിഎംഡബ്ല്യു എക്‌സ് 4 കയറാൻ തുടങ്ങി. മുകളിലെത്താൻ അധികസമയമൊന്നും വാഹനത്തിന് വേണ്ടി വന്നില്ല. മോഹൻ ലാലിന്റെ ഭ്രമരത്തിലൂടെ പരിചിതമാണ് നമുക്ക് പരുന്തുംപാറ. മോഹൻ ലാൽ ഇവിടെക്കൂടി ജീപ്പോടിക്കുന്ന സിനിമയിലെ രംഗങ്ങൾ വായനക്കാരുടെ മനസ്സിലുണ്ടാകുമെന്നുറപ്പ്. പീരുമേടിനും തേക്കടിക്കുമിടയിലായാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. നിബിഡ വനങ്ങൾ നിറഞ്ഞ മലമ്പ്രദേശങ്ങൾ ഇവിടെ നിന്നും നോക്കിയാൽ കാണാം. ശാന്തമായ പ്രകൃതിയാണ് പരുന്തുംപാറയിലേത്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മുഖസാദൃശ്യമുള്ള ഒരു പാറയും ഇവിടെ കാണാം. ടാഗോർ പാറ എന്നാണ് ഇന്ന് അതിന്റെ വിളിപ്പേര്.

പരുന്തുംപാറയിൽ

പരുന്തുംപാറയിൽ ടൂറിസ വികസനത്തിനായി പഞ്ചായത്ത് നടപ്പാതകളും ഇരിപ്പിടങ്ങളും മേൽക്കൂരയുള്ള മനോഹരമായ ചില മന്ദിരങ്ങളുമൊക്കെ നിർമ്മിച്ചിട്ടുണ്ട്. ഇനിയും ടൂറിസവികസനം സാധ്യമായിട്ടുള്ള ഒരു പ്രദേശമാണ് പരുന്തുംപാറ. കേന്ദ്ര സ്വദേശ് ദർശൻ പദ്ധതിയുടെ കീഴിൽ ഇവിടെ ചില കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. പരുന്തുംപാറയിൽ നിന്നും ഏലപ്പാറ വഴിയാണ് വാഗമണ്ണിലേക്ക് ബി എം ഡബ്ല്യു എക്‌സ് 4 നീങ്ങിയത്.

ഇക്കോ അഡ്വഞ്ചർ പാർക്ക് ആന്റ് പാരാഗ്ലൈഡിങ് സെന്റർ

വാഗമൺ ഇക്കോഅഡ്വഞ്ചർ പാർക്കിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത സഞ്ചാരം. വാഗമണ്ണിലെ മൊട്ടക്കുന്നുകളിലേക്കും പൈൻ ഫോറസ്റ്റിലേക്കുമൊക്കെയുള്ള വഴി മധ്യേയാണ് ഇത്. വാഗമൺ ഇക്കോഅഡ്വഞ്ചർ ടൂറിസം പാർക്ക് കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ സ്‌കീം പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ്. ഇക്കോ ടൂറിസം സർക്യൂട്ട് എന്ന പേരിൽ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത് 2016ലാണ്. ഇടുക്കി ജില്ലയിലാകെ നടപ്പാക്കുന്ന ഇക്കോ ടൂറിസം പദ്ധതിയ്ക്ക് മൊത്തം 65 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. ഏതാണ്ട് മൂന്നു വർഷത്തനുള്ളിൽ തന്നെ വാഗമണ്ണിലെ ഇക്കോ അഡ്വഞ്ചർ പാർക്ക് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുകയും ചെയ്തിരിക്കുന്നു.

ഇക്കോ അഡ്വഞ്ചർ പാർക്കിൽ

പച്ചക്കുന്നുകളും കാനനപാതകളും കൊച്ചു തടാകങ്ങളും കുളങ്ങളും പൈൻമരങ്ങളുമെല്ലാം കൊണ്ട് സമ്പന്നമായ വാഗമണ്ണിൽ ഈ ടൂറിസ പദ്ധതിയുടെ ശേഷി തിരിച്ചറിഞ്ഞ് അത് നടപ്പാക്കുകയെന്നത് പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ നൽകുന്ന ചെറുതല്ലാത്ത പ്രോത്സാഹനമാണ്. ഇക്കോ അഡ്വഞ്ചർ പാർക്കിന്റെ വലിയ കവാടം പിന്നിട്ടാൽ കാണുന്നത് ഒരു വലിയ പുഴ പോലെ തോന്നിപ്പിക്കുന്ന ഗ്രാനൈറ്റ് ടൈലിട്ട വലിയ റോഡാണ്. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള പ്യൂരിഫൈഡ് വാട്ടർ കൗണ്ടറുകളോടു കൂടിയ മേൽക്കൂരയുള്ള ഇരിപ്പിടങ്ങൾ, അഞ്ഞൂറിലധികം പേർക്ക് ഒരേ സമയം കലാവിരുന്നുകൾ ആസ്വദിക്കാനാകുന്ന വലിയ ആംഫി തീയേറ്റർ, പ്രകൃതി മനോഹാരിത പരമാവധി ആസ്വദിക്കാനാകുന്ന അഞ്ചു നിലകളിലായി പണിതിട്ടുള്ള ഉരുക്കു ബാറുകൾ കൊണ്ട് നിർമ്മിച്ച വാച്ച് ടവറുകൾ, ടൂറിസം അമിനിറ്റി സെന്ററുകൾ, സുവനീർ ഷോപ്പ്, ബർമ്മ ബ്രിഡ്ജ്, ജംപിങ് പാഡുകൾ, അഡ്വഞ്ചർ ബ്രിഡ്ജുകൾ, പാരാഗ്ലൈഡിങ് സൗകര്യം എന്നിവയെല്ലാം തന്നെ ഈ പാർക്കിന്റെ സവിശേഷതയാണ്. നാനൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള പാർക്കിങ് സംവിധാനവും ഈ പാർക്കിന്റെ സവിശേഷതയാണ്.

ഇക്കോ അഡ്വഞ്ചർ പാർക്കിൽ

അത്യഗാധമായ ഗർത്തങ്ങളിലേക്ക് ചൂഴ്ന്നു നിൽക്കുന്ന മുനമ്പുകളുള്ള പ്രദേശമാണ് ഈ പാർക്ക്. പച്ചക്കുന്നുകളുടെ ഏകാന്തതയിൽ ആത്മഹത്യാമുനമ്പിൽ നിന്നും താഴേയ്ക്ക് നോക്കിയാൽ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന പ്രദേശമാണ് കാണാനാകുക. മഞ്ഞിറങ്ങുമ്പോൾ അത്യഗാധമായ ഗർത്തത്തിന്റെ അമ്പരപ്പിക്കുന്ന ദൃശ്യം മുന്നിൽ തെളിയും. പച്ചക്കുന്നുകളിലാകെ പന്നൽച്ചെടികളും പുല്ലുകളും പടർന്നുനിൽക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 1200 അടി ഉയരത്തിൽ നിന്നുകൊണ്ട് ഈ കാഴ്ചകൾ ആസ്വദിക്കുക വല്ലാത്തൊരു അനുഭൂതി തന്നെയാണ് പകർന്നു നൽകുന്നത്.
വാഗമണ്ണിലെ ഭൂപ്രകൃതി സ്വിറ്റ്‌സർലണ്ടിലെ മലനിരകൾക്കും പുൽമേടുകൾക്കും സമാനമായതാണ്. അമൽ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തിലേയും വേണുവിന്റെ കാർബണിലേയും ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് വാഗമൺ പ്രദേശത്താണ്. നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഇന്ത്യയിൽ സന്ദർശിക്കേണ്ടുന്ന 50 ആകർഷണീയമായ പ്രദേശങ്ങളിലൊന്നായി തെരഞ്ഞെടുത്ത സുന്ദരമായ പ്രദേശം കൂടിയാണിത്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ സന്ദർശിക്കാൻ ഞങ്ങളെത്തുമ്പോൾ അവിടെ സഞ്ചാരികളുടെ തിരക്കായിരുന്നു. മൊട്ടക്കുന്നുകളിലേക്ക് പ്രവേശിക്കാനുള്ള കവാടത്തിന്റെ മുന്നിലായി നിരവധി ഷോപ്പുകൾ. രോമത്തൊപ്പികളും തേൻ നെല്ലിക്കയും തൊട്ട് ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വരെയുണ്ട് ഈ ഷോപ്പുകളിൽ. മൊട്ടക്കുന്നുകളിലേക്കുള്ള പ്രവേശനത്തിന് 10 രൂപയാണ് മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 5 രൂപയും. ചലച്ചിത്ര ചിത്രീകരണങ്ങൾക്ക് ലൊക്കേഷനായി നൽകുമ്പോൾ ദിവസം 10,000 രൂപയാണ് ഫീസ് ഈടാക്കുന്നത്.

വാഗമൺ മൊട്ടക്കുന്നുകളിൽ

ഞങ്ങൾ മൊട്ടക്കുന്നുകളിലേക്ക് നടന്നു. കുന്നുകളെ ചുറ്റി ഒരു കോൺക്രീറ്റ് നടപ്പാതയുണ്ടെങ്കിലും എല്ലാവരും മുകളിലെത്തി പട്ടം പറത്താനുള്ള ആവേശത്തിലാണ്. സഞ്ചാരികൾക്കായുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും മൊട്ടക്കുന്നിൽ നടപ്പാതയ്ക്കരികിലായി ഒരുക്കപ്പെട്ടിട്ടുണ്ട്. വാഗമണ്ണിലെ മറ്റൊരു പ്രധാന ആകർഷണം അവിടത്തെ പൈൻ വനങ്ങളും പൈൻ മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന കാട്ടരുവിയുമാണ്. വിവാഹഷൂട്ടിങ്ങുകാരുടെ ഒരു ഇഷ്ട ലൊക്കേഷൻ കൂടിയാണ് ഇത്. നിഴൽ വിരിച്ചു നിൽക്കുന്ന പൈൻ മരത്തോട്ടങ്ങളിലൂടെ നടക്കുമ്പോൾ ഏതോ യൂറോപ്യൻ രാജ്യത്താണെന്ന് നമുക്ക് തോന്നിപ്പോകും. അതിമനോഹരമായാണ് ടൂറിസം വകുപ്പ് അവിടെ വിനോദസഞ്ചാര കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

വാഗമണ്ണിലെ പച്ചപ്പരവതാനിയിട്ട കുന്നുകളും കോടമഞ്ഞ് ഒളിച്ചുകളി നടത്തുന്ന മലനിരകളും ഇന്ന് കേരളത്തിലെ ടൂറിസ ഭൂപടത്തിലെ ഏറ്റവും സമൃദ്ധമായ സമ്പദ്ഖനിയാണ്. പരിസ്ഥിതിസൗഹാർദ്ദപരമായ ടൂറിസ വികസനമാണ് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നതിന്റെ തെളിവായിരുന്നു പാഞ്ചാലിമേടും പരുന്തുംപാറയും വാഗമണ്ണിലെ മൊട്ടക്കുന്നുകളും പൈൻ വനവുമൊക്കെ. പക്ഷേ സ്വകാര്യ റിസോർട്ട് മാഫിയകൾ കണ്ണുവെച്ചിരിക്കുന്ന ഇവിടം ജാഗ്രതയോടെ കാക്കേണ്ട ഉത്തരവാദിത്തം മാറിവരുന്ന സർക്കാരുകൾക്കുണ്ടെന്നു മാത്രം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>