മഹീന്ദ്ര മരാസോയുടെ യാത്ര മൂന്നാറും തിരുവനന്തപുരവും കൊച്ചിയും പിന്നിട്ട് പാലക്കാട്ടേയ്ക്കും നെല്ലിയാമ്പതിയുടെ വശ്യമായ പ്രകൃതിസൗന്ദര്യത്തിലേക്കുമാണ് ഇക്കുറി നീണ്ടത്.
കാറ്റിന്റെ തലോടൽ. കിളികളുടെ കിന്നാരം. നോക്കാത്ത ദൂരത്തേക്ക് പരന്നു കിടക്കുന്ന പാടശേഖരങ്ങൾ. പച്ചമണ്ണിന്റെ ഗന്ധം. കാടിന്റെ വന്യത. കാട്ടാറുകളുടെ കളകളാരവം. പാലക്കാട്ടെ നെന്മാറ വഴി നെല്ലിയാമ്പതിയിലേക്ക് യാത്ര പോകുന്നുവെന്ന് തീരുമാനിക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്ന ചിത്രങ്ങളാണവ. നെന്മാറ ഗ്രാമീണതയുടേയും മലയാളണ്മയുടേയും ഇനിയും മായാത്ത ഒരു ലോകമാണെങ്കിൽ നെല്ലിയാമ്പതി വന്യതയുടെ ആഘോഷമാണ്. ഡിസംബറിലെ അവസാന വാരത്തിൽ മഹീന്ദ്രയുടെ ഏറ്റവും പുതിയ എം പി വിയായ മരാസോയിൽ മൂന്നു മാസങ്ങൾക്കുമുമ്പ് സ്മാർട്ട് ഡ്രൈവ് തുടങ്ങിവച്ച കേരളയാത്ര പാലക്കാട്ടെ മണലിപ്പുഴയോരത്തു കൂടി നെന്മാറയിലേക്കും പോത്തുണ്ടിയിലേക്കും നെല്ലിയാമ്പതിയിലേക്കും നീങ്ങുമ്പോൾ അതിസുന്ദരമായ ഒരു ലോകത്തേക്ക് പ്രവേശിച്ച പോലെയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. വേനലിന്റെ ചൂടിൽ നിന്നും ഡിസംബറിന്റെ സുഖശീതളാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന്റെ ആനന്ദവും ഒന്നു വേറെ തന്നെ. മരാസോയിൽ വിവിധ കാലങ്ങളിലൂടെ, വിവിധ ദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതിന്റെ അനുഭവമാകട്ടെ അതിനേക്കാൾ വലിയ സന്തോഷം.
Marazzo @ Nenmara
1497 സിസിയും 3500 ആർ പി എമ്മിൽ 121 ബി എച്ച് പി ശേഷിയും 1750 ആർ പി എമ്മിൽ 300 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള മരാസോ സഞ്ചാരികളെക്കാത്ത് കൊച്ചിയിൽ മഹീന്ദ്രയുടെ റിജിയണൽ ഓഫീസിൽ അതിരാവിലെ തന്നെ ഉണർന്നെഴുന്നേറ്റിരിക്കുകയായിരുന്നു. കുളിച്ച് ശുദ്ധമായി ഒരു യാത്രയ്ക്ക് പുറപ്പെടുന്ന ഒരുവനെപ്പോലെ തോന്നിച്ചു അവൻ. 4585 എം എം നീളവും 1866 എം എം വീതിയും 1774 എം എം ഉയരവുമുള്ള വാഹനമാണ് മരാസോ. ഏഴു പേർക്ക് സുഖമായി സഞ്ചരിക്കാവുന്ന എം 8-ൽ ആണ് ഞങ്ങളുടെ യാത്രയ്ക്കായി കാത്തു നിൽക്കുന്നത്. എട്ടു പേർക്കിരിക്കാവുന്ന രീതിയിലും മറ്റു വേരിയന്റുകളിൽ മഹീന്ദ്ര മരാസോയിൽ സീറ്റിങ് നടത്തിയിട്ടുണ്ട്. രണ്ടാമത്തെ നിരയിൽ
രണ്ടു സീറ്റിനു പുറമേ ബെഞ്ചു സീറ്റ് നൽകിയാണത് സാധ്യമാക്കുന്നത്.
കൊച്ചിയിൽ നിന്നും ആലുവ, അങ്കമാലി വഴി മണ്ണുത്തി ഹൈവേയിലൂടെ മരാസോ ഒരു കുതിരയെപ്പോലെ കുതിച്ചുപായുകയാണ്. നല്ല ഹൈവേയാണെങ്കിൽ നൂറു കിലോമീറ്ററിലധികം വേഗതയിൽ പോകാൻ മരാസോയിൽ മടിക്കേണ്ടതില്ല. നല്ല സ്റ്റൈബിലിറ്റിയും സുരക്ഷിതത്വവുമൊക്കെ വാഗ്ദാനം ചെയ്യുന്ന വാഹനമാണ് മരാസോയെന്ന് മുൻ യാത്രകളിൽ ബോധ്യപ്പെട്ടതുമാ ണല്ലോ. പ്രഭാതമായതിനാൽ നിരത്തിൽ അധികം വാഹനങ്ങളൊന്നുമില്ല. മരാസോയുടെ ക്രൂസ് കൺട്രോൾ ഓണാക്കിയാൽപ്പിന്നെ ആക്സിലറേറ്ററിൽ നിന്നും കാലൊഴിവാക്കി സ്റ്റീയറിങ്ങിൽ മാത്രം ശ്രദ്ധ പതിപ്പിച്ച് സഞ്ചരിക്കാനാകുന്ന സമയം. മുന്നിൽ മറ്റു വാഹനങ്ങളൊന്നുമില്ലാത്തതിനാൽ ബ്രേക്കിനെപ്പറ്റിയും ചിന്തിക്കേണ്ടതേയില്ല. അത്ഭുതകരമെന്നേ പറയേണ്ടൂ. എല്ലാ യാത്രകളിലും പണി തരാറുള്ള പാലക്കാട്ടെ കുതിരാൻ കയറ്റത്തിൽ പോലുമില്ല ആരും. കുതിരാനിലെ മൂന്നു കിലോമീറ്റർ നീളുന്ന കയറ്റം അനായാസമാണ് മരാസോ താണ്ടിയത്. കുതിരാൻ മലയെ തുരന്നുള്ള നിരത്തുകളുടെ ജോലി പൂർത്തിയായിരുന്നുവെങ്കിലും കഴിഞ്ഞ മഴക്കാലത്ത് മലയിൽ കനത്ത മണ്ണിടിച്ചിലുണ്ടാകുകയും തുരങ്കത്തിന്റെ ടണലുകൾക്കുള്ളിൽ ചോർച്ച കാണപ്പെടുകയും ചെയ്തതോടെ, സുരക്ഷിതത്വകാരണങ്ങൾ മുൻനിർത്തി തുരങ്കത്തെ പഠനവിധേയമാക്കിയശേഷമേ ഗതാഗതത്തിനു തുറന്നു കൊടുക്കൂ എന്നാണ് എഞ്ചിനീയർമാരുടെ നിലപാട്. ഈ മണ്ണുപരിശോധനയും പഠനമൊക്കെ തുരങ്കവും പാലങ്ങളും നിർമ്മിക്കുന്നതിനു മുമ്പേ ആകാമായിരുന്നില്ലേ എന്ന ചോദ്യത്തിനു മാത്രം സർക്കാർ സംവിധാനങ്ങൾ ഉത്തരം നൽകുന്നില്ല.
Marazzo in a coffee estate @Nelliyampathy
മഹീന്ദ്രയുടെ മരാസോ ഓരോ യാത്രയിലും ഞങ്ങൾക്ക് വിസ്മയങ്ങൾ ഒരുക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള പ്രമുഖ വാഹന ഡിസൈനിങ് സ്റ്റുഡിയോകളിലാണ് മരാസോ ഡിസൈൻ ചെയ്തെന്നതിനാൽ സൗന്ദര്യത്തിന്റെ കാര്യത്തിലും ഒതുക്കമുള്ള ലുക്കിന്റെ കാര്യത്തിലും മരാസോയ്ക്ക് മറ്റൊരു എതിരാളിയില്ല. കുതിരാനിൽ നിന്നും വടക്കാഞ്ചേരിയിലേക്ക് നീങ്ങുന്നതിനു മുമ്പായി മണലിപ്പുഴയുടെ തീരത്ത് അൽപം വിശ്രമിക്കാമെന്നാണ് ഞങ്ങളുടെ തീരുമാനം. ടാറിടാത്ത മണ്ണുപാതയിലൂടെ മണലിപ്പുഴയോരത്തേക്ക് നീങ്ങുകയാണ് മരാസോ. വലിയ വാഹനമാണെങ്കിൽ പോലും എത്ര അനായാസമായാണ് ചെറുവഴികളിലൂടെ പോലും മരാസോ നീങ്ങുന്നത്. ചെറു ഗർത്തങ്ങളിൽ പോലും വലിയ ഉലച്ചിലൊന്നും മരാസോയുടെ അകത്ത് അനുഭവപ്പെടുന്നതേയില്ല. മരാസോയുടെ സസ്പെൻഷൻ മികവും മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളുള്ളതിന്റെ സൗകര്യവുമൊക്കെ മുമ്പുള്ള യാത്രകളിലെന്നപോലെ ഈ ഗ്രാമ്യപാതയിലും ഞങ്ങൾ നന്നായി അറിയുന്നുണ്ട്. മണലിപ്പുഴയോരത്ത് എത്തിയപ്പോഴാണ് പുഴയോരത്തു കൂടി ഒരു കറുത്ത കുതിരപ്പുറത്ത് വരുന്ന ചെറുപ്പക്കാരനെ കണ്ടത്. സ്മാർട്ട് ഡ്രൈവിന്റെ മരാസോ യാത്രയെപ്പറ്റി മുൻലക്കങ്ങളിൽ വായിച്ചറിഞ്ഞിട്ടുള്ള കോട്ടയം സ്വദേശിയായ രാജീവായിരുന്നു അത്. അദ്ദേഹം നേരെ ഞങ്ങളുടെ അടുത്തെത്തി മരാസോയുടെ വിശേഷങ്ങൾ തിരക്കി. ബാറുടമയായ രാജീവ് ഈ കുതിരയെ വാങ്ങിയിട്ട് അധികകാലമായിട്ടില്ല. കുതിര സവാരി പരിശീലനത്തിനായാണ് പാലക്കാട്ട് അദ്ദേഹം എത്തിയിരിക്കുന്നത്. 121 കുതിരശക്തിയുള്ള മരാസോയ്ക്ക് മുന്നിൽ കുതിരയ്ക്ക് തെല്ലൊരു അസൂയ ഉണ്ടോയെന്ന് സംശയമായിട്ടുണ്ടെന്ന് രാജീവ് തമാശ പറഞ്ഞു. മരാസോയ്ക്കൊപ്പം പോസ്സ് ചെയ്യാൻ ആദ്യമൊക്കെ മടിച്ച കുതിര പക്ഷേ പിന്നീട് മരാസോയെ നമിച്ചുവെന്നു തോന്നുന്നു. കുതിരയും മരാസോയും മണലിപ്പുഴയോരത്ത് ഒരുമിച്ച ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു ഫോട്ടോഗ്രാഫർ
അഖിൽ.
സുരക്ഷിതത്വത്തെപ്പറ്റിയായി രാജീവിന്റെ സംസാരം. കുതിര സവാരി അഭ്യസിക്കുന്നത് വലിയ പ്രയാസമുള്ള സംഗതിയാണെന്ന് രാജീവ് പറഞ്ഞപ്പോൾ മരാസോയിൽ സുരക്ഷിതത്വത്തെപ്പറ്റി തെല്ലും വേവലാതി വേണ്ടെന്നും കുതിരയെ വിട്ട് മരാസോയെ സ്വന്തമാക്കാനും ബൈജു എൻ നായരുടെ ഉപദേശം. എന്താണ് മരാസോയുടെ സുരക്ഷിതത്വത്തിന്റെ സവിശേഷതകളെന്നായി രാജീവ്. മുന്നിൽ രണ്ട് എയർ ബാഗുകൾ എല്ലാ വേരിയന്റുകളിലും തന്നെ നൽകിയിട്ടുണ്ട് മരാസോയിൽ. ഇതിനു പുറമേ, ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റവും സീറ്റ് ബെൽട്ട് വാണിങ്ങും എ ബി എസും ഇ ബി ഡിയുമൊക്കെ വാഹനത്തിലുള്ളതിനാൽ എത്ര വേഗത്തിൽ സഞ്ചരിച്ചാലും വാഹനം അതിവേഗം സുരക്ഷിതമായി നിർത്താനാകും. ഇതിനു പുറമേയാണ് റിയർ പാർക്കിങ് സെൻസറുകളും പാർക്കിങ് മാർഗനിർദ്ദേശങ്ങളോടു കൂടിയ റിയർ ക്യാമറയുമൊക്കെ. രാജീവിനെ മരാസോ ശരിക്കും വശീകരിച്ചെന്ന് തോന്നുന്നു. കുതിരയെ ഉപേക്ഷിച്ച് മരാസോ സ്വന്തമാക്കാനാകും കോട്ടയത്തെത്തിയാൽ രാജീവ് ആദ്യം ശ്രമിക്കുകയെന്നു തോന്നുന്നു.
മണലിപ്പുഴയോരത്തു നിന്നും വടക്കാഞ്ചേരി വഴി നെന്മാറയിലേക്കുള്ള യാത്രയിലാണ് മരാസോ ഇപ്പോൾ. നെന്മണിയുടെ അറയായതിനാലാണ് നെന്മാറയ്ക്ക് ആ പേര് ലഭിച്ചതെന്നാണ് പഴമക്കാരുടെ ഭാഷ്യം. ഏക്കറുകണക്കിനു നെൽപ്പാടങ്ങളുണ്ടായിരുന്ന നെന്മാറയായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ തന്നെ നെല്ലറ. പല പാടങ്ങളും കൈയേറി വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയ കേരളീയ ഗ്രാമങ്ങളുടെ കാർഷികവ്യവസ്ഥിതിയും കാർഷിക ജീവിതവും കാണണമെങ്കിൽ നെന്മാറയിലേക്ക് സഞ്ചരിക്കണം. ഡിസംബർ മാസമായിരുന്നിട്ടു പോലും പാലക്കാട്ടെ ചൂട് നെന്മാറയിലെ ചായക്കടകളിലൊന്നിൽ മരാസോ നിർത്തിയിറങ്ങിയപ്പോഴാണ് അനുഭവപ്പെട്ടത്. മരാസോയിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണുള്ളതിനാൽ എ സിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പിൻനിര സീറ്റിൽ വരെ നന്നായി എയർകണ്ടീഷനിങ് സാധ്യമാക്കിയിരിക്കുന്നു മരാസോയിൽ മഹീന്ദ്ര. വിമാനത്തിലെന്നപോലെ പിൻസീറ്റുകളിൽ എ സി വെന്റുകൾ മുകളിലാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്. രണ്ടാം നിരയിലെ സീറ്റിലിരുന്നും പിന്നിലേക്കുള്ള എ സിയുടെ പ്രവാഹം അഡ്ജസ്റ്റ് ചെയ്യാനാകുമെന്നതാണ് മറ്റൊരു സവിശേഷത. പാലക്കാട്ടെ ഗ്രാമങ്ങളിലേക്ക് കടന്നാൽപ്പിന്നെ കാപ്പിക്കൊപ്പം ചെറിയ ഉള്ളിപ്പക്കാവടകളാണ് പലഹാരം. മൈദയിൽ ഉള്ളിയും പച്ചമുകളകും അരിഞ്ഞിട്ട് ചെറിയ കഷണങ്ങളാക്കി വറുത്തെടുക്കുന്ന രുചികരമായ പലഹാരമാണ് അവ. രണ്ടു പ്ലേറ്റ് പക്കാവട കഴിച്ചിട്ടും ഒന്നു കൂടി ആകാമെന്നുണ്ടായിരുന്നു ഞങ്ങൾക്ക്.
നെന്മാറയിലെ പച്ചപ്പരവതാനി വിരിച്ച പോലുള്ള വയലുകൾക്കു നടുവിലൂടെ പോകുമ്പോൾ കൊറ്റികളുടെ വലിയൊരു സംഘം തന്നെ വയലുകളിൽ താവളമടിച്ചിരിക്കുന്നതു കണ്ടു. ചെറിയ നീർത്തടങ്ങളിൽ ആമ്പലുകൾ വിടർന്നു നിൽക്കുന്നു. ഒരു കാൻവാസിലെന്നപോലെ തന്നെ വരച്ചിട്ടതാണെന്നു തോന്നുന്നും നെന്മാറയിലെ ഓരോ ദൃശ്യങ്ങളും. ഗ്രാമ്യസൗന്ദര്യത്തെ ഇങ്ങനെ വർണ്ണിക്കുമ്പോൾ മരാസോയുടെ അകവും പുറവുമുള്ള അഴക് കാണാതിരിക്കാനാവില്ലല്ലോ. മരാസോയുടെ ഇന്റീരിയറിന്റെ അഴക് ആരെയാണ് പിടിച്ചിരുത്താത്തത്! കൂൾ കളറുകളുടെ സമന്വയമാണ് ഡാഷ് ബോർഡിൽ. ബ്ലാക്കും പിയാനോ ബ്ലാക്കും ഗ്ലോസി വൈറ്റും ബീജുമൊക്കെ ചേർന്ന സുന്ദരമായ രൂപം. എസി വെന്റുകൾ എക്സ് യു വി 500ലേതുപോലെയാണ്. സീറ്റ് അപ്ഹോൾസ്റ്ററിയും സുന്ദരമാണ്. തനി യൂറോപ്യനാണ് സീറ്റുകളുടെ ഫിറ്റ് ആന്റ് ഫിനിഷ്. വലിയ വിൻഡോ ഗ്ലാസുകളും ഉയർന്ന സീറ്റിങ് പൊസിഷനും മാത്രം മതി, മരാസോയെ സ്നേഹിച്ചു തുടങ്ങാൻ. ഡ്രൈവിങ്ങിന്റെ സുഖവും പറയാതെ വയ്യ. ടോപ്പ്എൻഡ് വേരിയന്റായ എം8 ആണ് ഞങ്ങളുടെ മരാസോയെന്നതിനാൽ സ്റ്റിയറിങ് വീലിൽ ഒട്ടുമിക്ക കൺട്രോളുകളും നൽകിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടയിൽ തന്നെ പല സംവിധാനങ്ങളും ടച്ച് സ്ക്രീനിലേക്ക് പോകാതെ നിയന്ത്രിക്കാനാകും. അതിസുന്ദരമായി ഡിസൈൻ ചെയ്ത ഡാഷ്ബോർഡിൽ ഒരു വലിയ, 7ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീനാണുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുണ്ട്. ബ്ലൂടൂത്ത് ഓഡിയോ, ജി പി എസ്, യു എസ് ബി (ഓഡിയോ, വീഡിയോ), ഐപോഡ് കണക്ടിവിറ്റി, പിക്ചർ വ്യൂവർ എല്ലാം ഇതിലുണ്ട്. ഓഡിയോ സിസ്റ്റത്തിന് എ എം /എഫ് എം റേഡിയോയും യു എസ് ബിയും ഐ പോഡ്, എം പി 3 സംവിധാനവുമുണ്ട്. മീറ്റർ കൺസോളിൽ വലിയ മൾട്ടിമീഡിയ ഇൻഫർമേഷൻ ഡിസ്പ്ലേയുണ്ട്. ഇന്ധനം തീരാൻ എത്ര കിലോമീറ്റർ കൂടി പോകാം, ശരാശരി ഇന്ധനക്ഷമത, പേഴ്സണൽ റിമൈൻഡർ, സർവീസ് റിമൈൻഡർ എന്നിവയെല്ലാം ഇതിലെ ഫീച്ചറുകളിൽപ്പെടുന്നു. ഡയലുകളും മറ്റും സാധാരണ രീതിയിൽ തന്നെയാണ് കൊടുത്തിരിക്കുന്നത്. നാല് സ്പീക്കറുകളാണ് മരാസോയിൽ ഉള്ളതെന്നതിനാൽ അതിസുന്ദരമായി മൂന്നു സീറ്റിങ് നിരകളിൽ ഇരിക്കുന്നവർക്കും ഗാനങ്ങൾ കേൾക്കാനാകും.
മുപ്പതു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ മരാസോ അരമണിക്കൂർ സമയമേയെടുത്തുള്ളു. നെല്ലിയാമ്പതിയുടെ കവാടമായ പോത്തുണ്ടി അണക്കെട്ടിന്റെ പരിസരത്തെത്തിയപ്പോൾ അവിടെ രാവിലെ തന്നെ സന്ദർശകരുടെ ഒരു പട തന്നെയുണ്ട്. അവധിക്കാലമായതിനാ ൽ കുഞ്ഞുകുട്ടി പരിവാരവുമായാണ് മിക്കവരും എത്തിയിരിക്കുന്നത്. പ്രദേശത്തെ തട്ടുകടക്കാരും അതുകൊണ്ടു തന്നെ നല്ല ഉഷാറിലാണ്. കപ്പയും ഇറച്ചിയും മീനും ബജിയുമൊക്കെയായി മൊത്തം ഒരു ഉത്സവപ്രതീതി. മരാസോ നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടത്തിലെത്തി. ഫോറസ്റ്റ് വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ മുകളിലേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ നമ്പറും പോകുന്ന ആളുകളുടെ എണ്ണവും മൊബൈൽ നമ്പറും നൽകണം.
2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിലുടനീളമുണ്ടാ യ കനത്ത മഴയും പ്രളയവും നെല്ലിയാമ്പതിയെ പുറംലോകത്തിൽ നിന്നും പൂർണമായും വിച്ഛേദിച്ചിരുന്നു. കനത്ത മഴയിൽ നെല്ലിയാമ്പതി മലകളിൽ പലയിടത്തും ഉരുൾപൊട്ടലുകളുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞ് പാതകളും പാലങ്ങളും തന്നെ ഇല്ലാതായി. പ്രളയത്തിനു ശേഷം ഇതാദ്യമായാണ് നെല്ലിയാമ്പതിയിലേക്ക് സ്മാർട്ട് ഡ്രൈവ് പോകുന്നത്. മല കയറിത്തുടങ്ങിയതോടെ തന്നെ പ്രളയത്തിന്റേയും ഉരുൾപൊട്ടലിന്റേയും ഭയാനകമായ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പലയിടത്തും റോഡിന്റെ അവശേഷിക്കുന്ന ചെറിയ ഭാഗങ്ങൾ കല്ലുകെട്ടി നിർത്തിയിരിക്കുകയാണ്. ഒലിച്ചുപോയ പാലത്തിന്റെ സ്ഥാനത്ത് വെള്ളം കടന്നുപോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് അതിനു മുകളിൽ കനപ്പെടുത്തിയ കോൺക്രീറ്റുള്ള ചാക്കുകൾ നിരത്തിയാണ് റോഡ് രൂപപ്പെടുത്തിയിട്ടുള്ളത്. മരാസോ ആ ദുർഘട പാതകളിലൂടെ നീങ്ങുകയാണ്. ശ്രദ്ധ അൽപമൊന്ന് തെറ്റിയാൽ അഗാധമായ ഗർത്തത്തിലേക്കാകും ഞങ്ങളുടെ പോക്ക്. പക്ഷേ മരാസോ കൂടെയുള്ളപ്പോൾ സുരക്ഷിതത്വത്തെപ്പറ്റി അത്ര ആശങ്കയൊന്നും ഞങ്ങൾക്കുണ്ടായില്ലെന്നതാണ് വാസ്തവം.
ഒരു ദീർഘദൂര യാത്രയ്ക്കു വേണ്ട സാമഗ്രികളെല്ലാം തന്നെ സൂക്ഷിക്കാൻ മരാസോയിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. കപ്ഹോൾഡറുകളും ചെറിയ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങളും ധാരാളം. എല്ലാ ഡോർപാഡുകളിലും ഒരു ലിറ്റർ ബോട്ടിൽ സൂക്ഷിക്കാം. മുൻ സീറ്റുകൾക്കു നടുവിലും വലിയ സ്റ്റോറേജ് സ്പേസുണ്ട്. വലിയ ഗ്ലോ ബോക്സ് തണുപ്പിക്കുകയുമാവാം. മൂന്നു നിര സീറ്റുകളും ഉപയോഗിച്ചാൽ തന്നെയും 190 എം എം ബൂട്ട് സ്പേസുമുണ്ട് മരാസോയ്ക്ക്. ഫോട്ടോഗ്രാഫർ അഖിൽ അപ്പുക്കുട്ടന്റെ ക്യാമറയും അനുബന്ധ സാമഗ്രികളുമൊക്കെയും സൂക്ഷിച്ചിരിക്കുന്നത് പിൻനിരയിലാണ്. എത്രയോ സ്ഥലം എന്നിട്ടും വെറുതെ കിടക്കുന്നു.
നെല്ലിയാമ്പതിയിലേക്കുള്ള പാതകൾക്കിരുവശത്തും കുരങ്ങന്മാരുടെ താവളമാണ്. കുട്ടിക്കുരങ്ങന്മാരും അവരുടെ അച്ഛനന്മമാരുമൊക്കെയായി ആകെ ബഹളമയം. വാഹനം ഒരിടത്ത് നിർത്തിയപ്പോൾ കുരങ്ങന്മാരിൽ ചിലർ മരാസോ പരിശോധിക്കാനെത്തി. ഞങ്ങൾ ചില്ലുകൾ ഉയർത്തിയിരുന്നതിനാൽ മാത്രമാണ് അവ അകത്തേക്ക് കടക്കാതിരുന്നതെന്നു തോന്നുന്നു. അകത്തുള്ള കാഴ്ചകളൊക്കെ കലുങ്കുകളിൽ ഏന്തി നിന്ന് അവ നോക്കിക്കാണുന്നുണ്ടായിരുന്നുവെന്നത് വേറെ കാര്യം. എ വി ടിയുടെ തേയില എസ്റ്റേറ്റ് പിന്നിട്ട് മറ്റ് തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം. തെളിഞ്ഞ ആകാശത്തിനു താഴെ പച്ചപ്പിന്റെ ഉത്സവം. ഇന്ധന ടാങ്ക് ഫുള്ളായതിനാൽ അതേപ്പറ്റി ഞങ്ങൾക്ക് ചിന്തിക്കുകയേ വേണ്ട എന്നത് വേറെ കാര്യം. ലിറ്ററിന് 17.6 കിലോമീറ്റർ മൈലേജ് നൽകുന്നതിനാൽ 45 ലിറ്ററിന്റെ ടാങ്കിൽ ഇപ്പോഴും 500 ൽ അധികം കിലോമീറ്റർ താണ്ടാനുള്ള ഇന്ധനം ബാക്കി കിടക്കുന്നു. ഒരു ഇറക്കത്തിൽ വാഹനം ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി നിർത്തിയപ്പോഴാണ് ഹാൻഡ്ബ്രേക്ക് ലിവറിന്റെ ഡിസൈൻ അഖിൽ ശ്രദ്ധിച്ചതെന്നു തോന്നുന്നു. വിമാനങ്ങളുടെ ത്രോട്ടിൽ സ്റ്റൈലാണ് ഈ ബ്രേക്കിന് മരാസോയിൽ മഹീന്ദ്ര നൽകിയിരിക്കുന്നത്.
Recent floods and landslides had ravaged the landscape of Nelliyampathy. Marazzo moves through a makeshift bridge @ Nelliyampathy
മരാസോയുടെ എല്ലാ മോഡലുകളിലും പവർ വിൻഡോസ് ആണ് മഹീന്ദ്ര നൽകിയിട്ടുള്ളത്. എം 8ൽ എക്സ്പ്രസ് അപ്പ് ആന്റ് ഡൗണും ആന്റി പിഞ്ചും ഡ്രൈവറുടെ വശത്തുള്ള ഡോറിൽ നൽകിയിട്ടുണ്ട്.
ഉച്ചഭക്ഷണം നെല്ലിയാമ്പതിയിലെ ഹോട്ടൽ ബിസ്മിയിൽ നിന്നായിരുന്നു. വിനോദസഞ്ചാരപ്രദേശമാണെ ങ്കിലും ഇപ്പോഴും നല്ല ഹോട്ടലുകളൊന്നും തന്നെയില്ല നെല്ലിയാമ്പതിയിൽ. ഊണിന്റെ കൂടെ ഓർഡർ ചെയ്ത മീൻ എണ്ണ തേപ്പിച്ച് കുളിപ്പിക്കാൻ കൊണ്ടുപോയതു പോലെയുണ്ട്. കുളിക്കടവിൽ ഇറക്കി സോപ്പു തേപ്പിച്ച് കുളിപ്പിച്ചശേഷം കഴിക്കാനുള്ള സമയമില്ലാത്തതിനാൽ അതിനു തുനിഞ്ഞില്ല. ഇനി നെല്ലിയാമ്പതിയിലേക്ക് യാത്ര ചെയ്യുമ്പോൾ വടക്കാഞ്ചേരിയിൽ നിന്നും ഭക്ഷണം പാഴ്സലായി വാങ്ങുകയാണ് നല്ലതെന്ന് ബോധ്യപ്പെട്ടു. മടക്കയാത്രയിൽ നെല്ലിയാമ്പതിയുടെ പ്രളയക്കാഴ്ചയുടെ ഭീകരത തന്നെയായിരുന്നു സംഭാഷണ വിഷയം.
മുന്നിൽ മരാസോയിൽ കോൺവെർസേഷൻ മിറർ നൽകിയിട്ടുള്ളതിനാൽ പിറകോട്ട് ഇടയ്ക്കിടെ തിരിഞ്ഞുനോക്കാതെ തന്നെ സംസാരിക്കാനാകുമെന്ന പ്രത്യേകതയുണ്ട്. വലിയ വാഹനമായിട്ടും ബോഡി റോൾ തെല്ലുമുണ്ടായില്ലെന്നതാണ് മരാസോയിലെ യാത്ര തീർത്തും സുന്ദരമാക്കി മാറ്റുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ചാലക്കുടിയിൽ വച്ച് മഴ പൊടിഞ്ഞപ്പോൾ റെയ്ൻ സെൻസിങ് വൈപ്പറുകൾ പ്രവർത്തിക്കാൻ തുടങ്ങി. നേരം ഇരുണ്ടതോടെ പ്രൊജക്ടർ ഹെഡ്ലാമ്പുകൾ തെളിഞ്ഞു. മരാസോ ഇനി മലബാർ ലക്ഷ്യമാക്കിയാണ് അടുത്ത യാത്ര…$