The Wheel of Life by Anjali Menon
November 22, 2018
New Porsche 911: Timeless and modern!
November 28, 2018

Rowdy In Red: Ducati Panigale 959

ഡ്യുകാറ്റി സൂപ്പർ സ്‌പോർട്‌സ് ബൈക്കുകളിലെ മിന്നുംതാരം പനിഗാലെ 959 നെ പരിചയപ്പെടാം.

എഴുത്തും ചിത്രങ്ങളും: ജുബിൻ ജേക്കബ്

ഡ്യുകാറ്റി ബൈക്കുകളുടെ ടെസ്റ്റ് റൈഡുകൾ പ്രസിദ്ധീകരിക്കുമ്പോൾ പലയിടത്തു നിന്നും ഉയർന്നു കേട്ടിരുന്ന ഒരു ചോദ്യമുണ്ട്. എന്നാണ് പനിഗാലെ ടെസ്റ്റ് ചെയ്യുന്നതെന്ന്. എന്തുകൊണ്ട് ചെയ്തില്ല എന്നത് അജ്ഞാതമായൊരു കാരണമായി ഇപ്പോഴും നിലനിൽക്കുന്നു. എന്തായാലും നാം ഇത്തവണ കാണാൻ പോകുന്നത് പനിഗാലെ 959നെയാണ്. ഇറ്റലിയിലെ ഒരു ചെറുപട്ടണമായ ബോർഗോ പനിഗാലെയിൽ നിന്നാണ് ഡ്യുകാറ്റി തങ്ങളുടെ മോട്ടോർസൈക്കിൾ മോഡലുകൾക്ക് ഈ പേരിട്ടു തുടങ്ങിയത്.
2011 മുതലാണ് ഡ്യുകാറ്റി പനിഗാലെ സീരീസ് ആരംഭിക്കുന്നത്. 1199 ആയിരുന്നു ആദ്യത്തേത്. പിന്നെ 2013ൽ 899 വന്നു, അതിനു ശേഷം 2015ൽ 1299 വന്നു, 2016ൽ നാം ഇപ്പോൾ കാണുന്ന 959 വന്നു. ഏറ്റവുമൊടുവിലായി ഈ വർഷം പനിഗാലെ വി4 എന്ന ഭീകരനുമെത്തിയിട്ടു ണ്ട്. നമുക്ക് 959ന്റെ കാഴ്ചകളിലേക്കു ചെല്ലാം.

 

കാഴ്ച

സൂപ്പർബൈക്കുകളിൽ കാണാൻ കൊള്ളാവുന്നതെന്ന് പറയാവുന്ന രൂപമുള്ളത് വളരെ കുറച്ചെണ്ണമേയുള്ളൂ. ബാക്കിയെല്ലാം പെർഫൊമൻസ്, എയറോഡൈനമിക്‌സ് എന്നൊക്കെപ്പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുള്ള പടപ്പുകളാണ്. കണ്ടാൽ ഒന്നും മനസ്സിലാവില്ല. പക്ഷേ പനിഗാലെയെ കണ്ടാൽ കണ്ണെടുക്കാതെ നോക്കിനിന്നു പോകും. അത്രയ്ക്ക് വശ്യമായ അഴകാണീ ഡ്യുകാറ്റിക്ക്. തട്ടും തടവുമില്ലാതെ ഒഴുകിപ്പോകുന്ന രൂപഭംഗി. ഏതോ ഇറ്റാലിയൻ സൺഗ്‌ളാസ്സ് പോലെ തോന്നിക്കുന്ന ഇരട്ട ഹെഡ്‌ലാമ്പുകൾ. അവയ്ക്കിരുവശത്തുമായി ചെറിയ എയർ ഇൻടേക്കുകൾ.

ചുവപ്പഴകിൽ മുങ്ങിയ ബോഡിയിൽ മുൻ ഫെൻഡർ മാത്രം കറുപ്പു നിറമാർന്നിരിക്കുന്നു. ഷോവയുടെ ഫുള്ളി അഡ്ജസ്റ്റബ്ൾ ഫോർക്കുകൾക്കു നടുവിൽ പിരേലിയുടെ ഡയബ്‌ളോ റോസാ ടയർ ചുറ്റിയ 10 സ്‌പോക് അലോയ് വീൽ. ഇരുവശത്തുമായി ബ്രെംബോയുടെ 4 പിസ്റ്റൺ കാലിപ്പറോടു കൂടിയ 320 എം.എം. സെമി ഫ്‌ളോട്ടിങ്ങ് ഡിസ്‌കുകൾ. വശങ്ങളിലേക്കു ചെല്ലുമ്പോഴാണ് പനിഗാലെയുടെ ഡിസൈനിലെ ലാളിത്യം മനസ്സിലാവുന്നത്.

ഒരിക്കൽ നോക്കിയവർ ഒന്നു കൂടി നോക്കാൻ കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സുകളോ, അറഞ്ചം പുറഞ്ചം വെട്ടിക്കീറിയ ലൈനുകളോ ഒന്നും വേണ്ടെന്ന് ഡ്യുകാറ്റിക്കറിയാം, അതാണ് അവരുടെ ഡിസൈനിലെ ആത്മവിശ്വാസവും. മനോഹരമായി കടഞ്ഞെടുത്ത ഫ്യുവൽ ടാങ്കിനു താഴെയായി വളരെ ‘പ്ലെയ്ൻ’ ആയി തോന്നുന്ന സൈഡ് ഫെയറിങ്ങുകൾ. താഴെയായി എക്‌സോസ്റ്റ് പൈപ്പിനു വേണ്ടി ഒരു ചെറിയ ഭാഗം തുറന്നിരിക്കുന്നതൊഴിച്ചാൽ തീർത്തും കവേർഡ് ആയ സൈഡ് പ്രൊഫൈൽ. ക്‌ളച്ച് കവർ മാത്രമാണ് പനിഗാലെയുടെ എഞ്ചിനിൽ ആകെ കാണാവുന്ന ഒരു ഭാഗം. 2:1:2 രീതിയിലുള്ള എക്‌സോസ്റ്റ് പൈപ്പുകൾ തികച്ചും മിനിമലിസ്റ്റിക് ഡിസൈനിന്റെ ഭംഗി പേറുന്നവയാണ്. റൈഡർ സീറ്റിനു പിന്നിലേക്കുള്ള ഭാഗം തീരെ നേർത്തൊതുങ്ങിയ സീറ്റും റിയർ ഫെൻഡറുമാണ്. പിന്നിൽ നിന്നു നോക്കുമ്പോഴാണ് അതിന്റെ ഭംഗി മനസ്സിലാവുക. ബൂമറാങ്ങ് ആകൃതിയിലുള്ള ഇരട്ട ടെയ്ൽലാമ്പുകൾക്കിരുവശവുമായി എയർ വെന്റുകളോടെ നിലനിൽക്കുന്ന ഈ ടെയ്ൽ പീസ് ഉയർന്ന വേഗതകളിൽ ഒരു സ്‌പോയ്‌ലറിന്റെ ഗുണം ചെയ്യുമെന്ന് തീർച്ച.

റൈഡ്

നിങ്ങളുടെ ക്ഷമ പരീക്ഷിച്ചതിനു മാപ്പ്. ഡ്യുകാറ്റിയെ കണ്ടറിയുകയല്ല, കൊണ്ടറിയണമല്ലോ. റൈഡർ സീറ്റിലേക്കു കയറി ഇഗ്‌നീഷ്യൻ ഓൺ ചെയ്തു. സ്വിച്ച് ഗിയറുകളെല്ലാം ഡ്യുകാറ്റിയുടെ പതിവു സംഗതികൾ. വളരെ ലളിതമായ മോണോക്രൊമാറ്റിക് ഡിസ്പ്‌ളേയിൽ ഇല്ലാത്ത വിവരങ്ങളൊന്നുമില്ല. മൂന്നു റൈഡ് മോഡുകളാണ് പനിഗാലെയിലുള്ളത്. റേസ്, സ്‌പോർട്ട്, അർബൻ എന്നിങ്ങനെയാണ് ഈ മോഡുകൾ. ഇതിലൊക്കെ രസകരമായിത്തോന്നിയത്. ട്രാക്ഷൻ കൺട്രോൾ ലെവലുകളാണ്. ഒന്നും രണ്ടും മൂന്നുമല്ല, എട്ട് ലെവലുകളാണ് ഡ്യുകാറ്റിയുടെ പേറ്റൻഡഡ് ട്രാക്ഷൻ കൺട്രോളിനുള്ളത്. ഇതിൽ ഒന്നും രണ്ടുമൊന്നും സാധാരണക്കാർക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും കൂടി ഓർമ്മിപ്പിക്കട്ടെ. മതി കഥ, ഇനി സ്റ്റാർട്ട് ചെയ്യാം.

സ്റ്റാർട്ടറിൽ ഒരു ഞെക്ക്… ദാ ഉണർന്നല്ലോ സിങ്കം. 955 സിസി 90 ഡിഗ്രീ എൽ ട്വിൻ സൂപ്പർ ക്വാഡ്രോ എഞ്ചിൻ കലപില ശബ്ദത്തോടെ ഉണർന്നു. 10500 ആർ പിഎമ്മിൽ 150 എച്ച്പിയാണ് പനിഗാലെയുടെ കരുത്ത്. 9000 ആർപിഎമ്മിൽ 102 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. സിക്‌സ് സ്പീഡ് ട്രാൻസ്മിഷനിൽ പുതിയ സ്ലിപ്പർ ക്‌ളച്ചും ഡ്യുകാറ്റി ഇണക്കിച്ചേർത്തിട്ടുണ്ട്. ഒരൽപം വാം അപ് ചെയ്തിട്ട് ഒന്നു റെവ് ചെയ്തു നോക്കൂ, രണ്ടായിരം ആർപിഎമ്മിനു മേലെ പോകുമ്പോൾ എല്ലാ ബഹളങ്ങളും മാറി മര്യാദക്കാരനാവുന്ന അപൂർവയിനം ജീവിയാണ് ഡ്യുകാറ്റി എന്നറിയാമല്ലോ, പനിഗാലെയും വ്യത്യസ്തമല്ല.

ഫസ്റ്റ് ഗിയർ സ്ലോട്ട് ചെയ്തു ക്വിക് ഷിഫ്റ്റിലൂടെ രണ്ടും മൂന്നും ഗിയർ മാറിയപ്പോഴേക്കും റോഡ് തീർന്നിരുന്നു.! റേസ് മോഡ് അധികമാർക്കും ഇഷ്ടമാവാൻ വഴിയില്ല. കാരണം കംപ്രഷൻ ബ്രേക്കിങ്ങും പരുക്കൻ പ്രകൃതവുമൊക്കെ എക്‌സ്‌പേർട്ട് റൈഡർമാർക്കു വേണ്ടിയുള്ളതാണ്. അർബൻ, സ്‌പോർട്ട് മോഡുകൾ താരതമ്യേന വളരെ വ്യത്യസ്തവും മൃദുഭാവമുള്ളതുമാണ്.ഹാൻഡ്‌ലിങ്ങിൽ അപാരമായ മെയ്‌വഴക്കം പ്രകടിപ്പിക്കുന്ന ഒരു മോട്ടോർസൈക്കിളാണ് പനിഗാലെ. അതിനു കാരണവുമുണ്ട്. പതിവു ട്രെലിസ് ഫ്രെയിം വിട്ട് പുതിയ അലുമിനിയം മോണോകോക്ക് ബോഡിയാണ് ഡ്യുകാറ്റി ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിൻ ഒരു സ്‌ട്രെസ്ഡ് മെംബറായി ഉപയോഗിക്കുന്ന ഈ സെറ്റപ്പ് ഒരേ സമയം ദൃഢവും ഭാരം കുറഞ്ഞതുമാണ്.

ഏതൊരു ലിറ്റർ ക്‌ളാസ് ബൈക്കിനോടും കിടപിടിക്കുന്ന പ്രകടനമാണ് പനിഗാലെ 959നുള്ളത്. ആകെ ഒരു പ്രശ്‌നമായി തോന്നിയത് സിറ്റി റൈഡിൽ എഞ്ചിനിൽ നിന്നും അനുഭവപ്പെട്ട ചൂടാണ്, അതുമായി പൊരുത്തപ്പെട്ടു പോവുകയേ നിവൃത്തിയുള്ളൂ എന്നറിയാവുന്നതു കൊണ്ട് അതൊരു പരാതിയുമാകുന്നില്ല.$

Vehicle Provided By:
EVM DUCATI
Kochi, Ph: 86061 66666

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>