JAWA: The Return of the Legend
December 12, 2018
The RE Twins: Continental GT 650 and Interceptor 650
December 13, 2018

Ready To Go: Seema Suresh in a Datsun Go!

Wildlife photographer Seema Suresh Neelambari Mohan with Datsun Go

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സീമാ സുരേഷ് സ്മാർട്ട് ഡ്രൈവിനൊപ്പം കൊച്ചിയിലൂടെ പുതിയ ഡാട്‌സൺ ഗോയിൽ നടത്തിയ യാത്ര ഫോട്ടോഗ്രഫി ക്കപ്പുറം വാഹനങ്ങളിൽക്കൂടി സീമയെ തൽപരയാക്കിത്തീർത്തതെങ്ങനെ?

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ

ബ്രിട്ടീഷ് നരംവശശാസ്ത്രഞ്ജനായിരുന്ന ജെയ്ൻ ഗുഡാളിന്റെ വിഖ്യാതമായ ഒരു ഉദ്ധരണിയുണ്ട്. ആയിരക്കണക്കിനു വർഷങ്ങളായി കാട്ടിൽ സ്വച്ഛന്ദം ജീവിക്കുന്ന ചിമ്പാൻസികളും ഗൊറില്ലകളും ഒറാങ്കുട്ടന്മാരുമൊക്കെ പരിസ്ഥിതി സൗഹാർദ്ദ ജീവിതം നയിക്കുന്ന കാര്യത്തിൽ നമ്മളേക്കാൾ എത്രയോ സമർത്ഥരാണെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി. അവരാരും കാട്ടിൽ എണ്ണംകൊണ്ട് പെരുകുന്നില്ലെന്നും കാട് നശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. ആദിമമനുഷ്യന്റെ മണ്ണായിരുന്ന നമ്മുടെ അവശേഷിക്കുന്ന കാടും മേടും മലയും പുഴയുമൊക്കെ കോൺക്രീറ്റ് കാടുകളിലേക്ക് ചേക്കേറിയ മനുഷ്യന് ഇന്ന് വല്ലപ്പോഴുമൊക്കെ ട്രക്കിങ്ങിനോ സാഹസികവിനോദങ്ങൾക്കോ കാനനസഫാരിക്കോയൊക്കെ പോകാനാകുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമാണ്. കാട് നിർമ്മിക്കുന്നതിലല്ല, മരുഭൂമികൾ നിർമ്മിക്കുന്നതിലാണ് മനുഷ്യന് ഇന്ന് ആനന്ദം. പക്ഷേ മനുഷ്യന്റെ ഈ ചൂഷണം അധികകാലം അവനെ ഭൂമിയിൽ വാഴിക്കില്ല. മനുഷ്യൻ കെട്ടിപ്പൊക്കിയ സുഖസാമ്രാജ്യങ്ങളെല്ലാം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടാൽ തകർന്നുവീഴുന്ന ചില്ലുകൊട്ടാരങ്ങൾ മാത്രമാണെന്ന് അവൻ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

Seema Suresh with Datsun go at Mangalavanam bird sanctuary

കാടും കാട്ടിലെ ജീവിതവും അതുകൊണ്ടു തന്നെ വന്യതയുടെ കാഴ്ചയും സുഗന്ധവും രുചിയും തേടുന്നവർക്ക് എന്നും ഒരു ഉത്സവമാണ്. കാടിന്റെ സൗന്ദര്യത്തിലും ഊർജത്തിലും മയങ്ങിപ്പോകുന്ന അവർ അവിടേയ്ക്ക് യാത്രകൾ നടത്തിക്കൊണ്ടേയിരിക്കും. ക്യാമറയിൽ കാടിന്റെ താളം അവർ ഒപ്പിയെടുക്കുന്നതിനൊപ്പം മനസ്സിൽ കാടിന്റെ ഗന്ധവും അവർ ശ്വസിക്കും. പക്ഷേ അപൂർവമായെങ്കിലും ചില ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ കേവലമായ ക്യാമറ കാഴ്ചകൾക്കപ്പുറം കാടിനെ കാൻവാസാക്കി മാറ്റാറുണ്ട്. വന്യജീവികളുടെ ഫ്രെയിമുകൾക്കപ്പുറം വന്യതയുടെ വർണച്ചാർത്തുകളിൽ പ്രകൃതിയുടെ ജീവഭാവങ്ങളാണ് അവർ ഒപ്പിയെടുക്കുന്നത്. അക്കൂട്ടരിൽ ശ്രദ്ധേയരായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിലൊരാളാണ് സീമ സുരേഷ് നീലാംബരി മോഹൻ. കുട്ടികൾക്കൊപ്പം ഇളംവെയിൽ കാട്ടിലൂടെ നീങ്ങുന്ന ആനക്കുടുംബം മുതൽ ആകാംക്ഷയോടെ ഇര തെരയുന്ന കീരി വരെ പ്രകൃതിയുമായി ഇണങ്ങിയ ഫ്രെയിമുകളിൽ അവർ ഒപ്പിയെടുത്തിരിക്കുന്നു. വായനക്കാർക്ക് പ്രകൃതിവിശേഷങ്ങളും കാട്ടറിവുകളും പങ്കുവയ്ക്കാൻ കൊച്ചി നഗരഹൃദയത്തിലുള്ള മംഗളവനത്തിലൂടേയും കായലോരങ്ങളിലൂടേയും വെല്ലിങ്ടൺ ഐലണ്ടിലൂടെയുമൊക്കെ ഡാട്‌സന്റെ ഏറ്റവും പുതിയ വാഹനമായ ഡാട്‌സൺ ഗോയിൽ സീമാ സുരേഷിനൊപ്പം സ്മാർട്ട് ഡ്രൈവ് നടത്തിയ യാത്രയാണ് ഈ ലക്കത്തെ മാസികയുടെ ഹൈലൈറ്റ്. പുതുതലമുറയെ പ്രകൃതിയോട് കൂടുതൽ ഇണക്കാനുള്ള സ്മാർട്ട് ഡ്രൈവിന്റെ ദൗത്യത്തിന്റെ ഭാഗവുമാണിത്.

ആംബർ ഓറഞ്ച് നിറമുള്ള പുതിയ ഡാട്‌സൺ ഗോ കൊച്ചിയിലെ ഇ വി എം നിസ്സാനിൽ അതിരാവിലെ തന്നെ ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. ബജറ്റ് കാർ വിപണിയിലെ താരമായിരുന്ന ഡാട്‌സൺ ഗോയും ഗോ പ്ലസും രണ്ടു മാസങ്ങൾക്കു മുമ്പാണ് വാഹനപ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് മികച്ച സുരക്ഷാ സംവിധാനങ്ങളുമായും കൂടുതൽ ഫീച്ചറുകളുമായും വിപണിയിലെത്തിയത്. അകത്തും പുറത്തും നിരവധി മാറ്റങ്ങളുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ ഒട്ടും ഉയർച്ചയുണ്ടായില്ലെന്നത് ഗോ ആരാധകരെ ശരിക്കും ആനന്ദിപ്പിച്ചു. ഇതിൽ, ഗോ പ്ലസിൽ ഒരു ഗോ പ്ലസ് ഉടമയായ നടൻ മനു വർമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്തെ ചലച്ചിത്ര ലൊക്കേഷനുകളിലൂടെയായിരുന്നു സ്മാർട്ട് ഡ്രൈവിന്റെ നവംബർ ലക്കത്തിലെ യാത്ര.

പുതുരൂപത്തിൽ അണിഞ്ഞൊരുങ്ങി വന്ന ഡാട്‌സൺ ഗോ കണ്ടയുടനെ തന്നെ അതിലെ ഫീച്ചറുകളെപ്പറ്റി അറിയാനായിരുന്നു സീമയ്ക്ക് ആവേശം. ഡൈ ടൈം എൻ ഇ ഡി റണ്ണിങ് ലാമ്പുകളോടും 3 ഡി ഷേപ്പുള്ള ഹെഡ്‌ലാമ്പുകളോടും കൂടിയ മസ്‌കുലാർ ബമ്പറാണ് സീമയെ ശരിക്കും പിടിച്ചിരുത്തിക്കളഞ്ഞത്. പതിനാല് ഇഞ്ചിന്റെ കറുത്ത ഡയമണ്ട് കട്ട് അലോയ് വീലുകളും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ബോഡി കളർ വിങ് മിററുകളും ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകളുമൊക്കെയായി പുറംകാഴ്ചയിൽ തന്നെ ഡാട്‌സൺ ഗോ ആരെയും വശീകരിച്ചുകളയും. ഡാട്‌സൺ ഗോയിലേറിയപ്പോഴാണ് ഇന്റീരിയറിന്റെ സൗന്ദര്യം കൂടി വെളിപ്പെട്ടത്. ബ്ലാക്ക് നിറത്തിൽ അതിസുന്ദരമായി ഡൈസൻ ചെയ്ത ഡാഷ്‌ബോർഡാണ് ഗോയ്ക്കുള്ളത്. 17.78 സെന്റിമീറ്റർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റം പ്രീമിയം കാറുകളിലെന്നപോലെയാണ് സജ്ജമാക്കിയിട്ടുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോയും ബ്ലൂടൂത്തും ആപ്പിൾ കാർ പ്ലേയുമൊക്കെ ബന്ധിപ്പിക്കാവുന്ന ഈ സെഗ്മമെന്റിലെ ആദ്യ കാർ കൂടിയാണ് ഡാട്‌സൺ ഗോ. ആംബർ ഓറഞ്ചിനു പുറമേ, റൂബി റെഡ്, ക്രിസ്റ്റൽ സിൽവർ, ഓപ്പൽ വൈറ്റ്, ബ്രോൺസ് ഗ്രേ നിറങ്ങളിലുമുണ്ട് ഡാട്‌സൺ ഗോ. ഡാട്‌സൺ ഗോയുടെ ടി (ഒ) വേരിയന്റാണ് യാത്രയ്ക്കായി ഞങ്ങൾ ഉപയോഗിക്കുന്നത്.

വാഹനത്തിനകത്തു കയറി സ്റ്റാർട്ട് ചെയ്തപ്പോഴാണ് പവർ വിൻഡോസ് ശ്രദ്ധയിൽ പെടുന്നത്. എല്ലാ ഡോറുകളിലും ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസും നൽകിയിരിക്കുന്നു. മുൻവശത്തെ സീറ്റുകൾക്ക് നടുവിൽ മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള ഇടവും നൽകിയിട്ടുണ്ട്. മുൻവശത്തെ ഇരു സീറ്റുകൾക്കുമിടയിലാണ് ഹാൻഡ് ബ്രേക്ക് ലിവർ. ഇത്രയൊക്കെ കണ്ടപ്പോഴാണ് പെട്ടെന്ന് സീമയുടെ ചോദ്യം. ”കാട്ടിൽ പോകുമ്പോൾ ഞങ്ങൾ സുരക്ഷിതത്വത്തിന് പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. നാട്ടിലൂടെ ഈ വാഹനമോടിക്കുമ്പോഴുള്ള സുരക്ഷിതത്വത്തിന്റെ കാര്യമെങ്ങനെ?”

യാത്രയിൽ അതിനുള്ള മറുപടി ഡാട്‌സൺ ഗോ തന്നെ സീമയെ ബോധ്യപ്പെടുത്തിയെന്നതാണ് വാസ്തവം. റിവേഴ്‌സ് പാർക്കിങ് സെൻസറുകളുള്ളതിനാൽ എളുപ്പത്തിൽ ഏത് ദുർഘടയിടത്തും അനായാസമായി വാഹനം പാർക്ക് ചെയ്യാനാകും. അപകടമുണ്ടായാൽ രണ്ട് എയർ ബാഗുകളുടെ സുരക്ഷിതത്വത്തിനു പുറമേ, അപകടം ഉണ്ടാകാതിരിക്കാൻ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ബ്രേക്ക് അസിസ്റ്റുമുള്ള ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം. കാർ നിർത്തിക്കഴിഞ്ഞിറങ്ങിയാൽ വീട്ടിലെത്തുംവരെ പ്രകാശം ചൊരിഞ്ഞുനിൽക്കുന്ന ഹെഡ്‌ലാമ്പുകൾ. ഇതിനേക്കാളൊക്കെ മറ്റെന്തു വേണം സുരക്ഷിതത്വത്തിന്? ബ്രേക്കുകളെ ദീർഘകകാലം നിലനിൽക്കാൻ സഹായിക്കുന്ന 22 എം എം വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകളും!

കൊച്ചിയിലെ നിരത്തുകൾ പലതും മഴയ്ക്കുശേഷം നന്നാക്കിയിട്ടില്ലാത്തതിനാൽ കുണ്ടും കുഴിയുമായി തന്നെ കിടക്കുകയാണ്. വാഹനം കളമശ്ശേരി ഭാഗത്തെത്തിയപ്പോൾ തന്നെ സാമാന്യം വലിയൊരു കുഴിയിലൂടെ അനായാസം കയറിയിറങ്ങി ഡാട്‌സൺ ഗോ. 180 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ അടിതട്ടുമെന്ന ഭയം ലേശം പോലും വേണ്ട. സസ്‌പെൻഷന്റെ മികവ് അതോടെ സീമയ്ക്ക് നന്നായി ബോധ്യപ്പെടുകയും ചെയ്തു. മുന്നിൽ ലോവർ ട്രാൻസ്‌വേഴ്‌സ് ലിങ്കോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രറ്റ് സസ്‌പെൻഷനും പിന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ ട്വിസ്റ്റ് ബീം സസ്‌പെൻഷനുമാണ് ഗോയ്ക്ക്. ഇതിനു പുറമേയാണ് ഏത് പ്രകമ്പനവും തടുക്കാൻ കഴിവുള്ള ട്വിൻ ട്യൂബ് ടെലസ്‌കോ പിക് ഷോക്ക് അബ്‌സോർബർ. വാഹനത്തെ പഠിച്ചു കഴിഞ്ഞപ്പോൾ കാനന കഥകളിലേക്കും ജീവിതകഥകളിലേക്കുമായി സീമയുടെ പോക്ക്.

ഭാരതീയ വിദ്യാഭവനിലെ പത്രപ്രവർത്തന പരിശീലനത്തിനുശേഷം എ സി വിയിൽ ജേണലിസ്റ്റായി തുടങ്ങിയ സീമ പിന്നീട് അഞ്ചു വർഷത്തോളം കലാകൗമുദിയിൽ തൊഴിലെടുത്തശേഷമാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്ന തന്റെ പാഷൻ തിരിച്ചറിഞ്ഞത്. ”എ സി വിയിൽ തൊഴിലെടുക്കുന്ന കാലത്തായിരുന്നു സഹപ്രവർത്തകനായ സുരേഷിനെ പ്രണയിച്ച് വിവാഹം ചെയ്തത്. സുരേഷാണ് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്. ഷൂട്ട് സ്‌കൂൾ എന്ന ഫോട്ടോഗ്രഫി അക്കാദമിക സ്ഥാപനത്തിന്റെ ഒരു വർക്ഷോപ്പിൽ പങ്കെടുത്തതോടെയാണ് വന്യമൃഗ ഫോട്ടോഗ്രഫിയെപ്പറ്റി കമ്പം തോന്നുന്നത്. അന്ന് ക്ലാസ്സെടുക്കാൻ വന്നവരിൽ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ എം എ നസീറുമുണ്ടായിരുന്നു,” സീമ സുരേഷ് പറയുന്നു.

ആ സമയത്താണ് സുരേഷിന് അബുദാബി ഗവൺമെന്റിൽ ക്യാമറാമാനായി ജോലി കിട്ടുന്നത്. സീമയുടെ ഫോട്ടോഗ്രഫിയിലെ കമ്പം തിരിച്ചറിഞ്ഞ സുരേഷ് തന്റെ ആദ്യമാസത്തെ ശമ്പളം ലഭിച്ചപ്പോൾ വാങ്ങി നൽകിയത് ഒരു നിക്കോൺ ഡി 3100 ക്യാമറയായിരുന്നു. ഇതുമായി തൃശൂരിലെ ചിമ്മിണി വനത്തിലേക്കായിരുന്നു സീമയുടെ ആദ്യ വനയാത്ര. ”ആദ്യമെടുത്ത ചിത്രം ഒരു അണലിയുടേതായിരുന്നു. അത് ഔട്ട്ഓഫ് ഫോക്കസ്സുമായിരുന്നു,” സീമയുടെ പൊട്ടിച്ചിരി.
ഒന്നിൽ പിഴച്ചാലെന്താ, പിൻമാറാനൊന്നും തയാറായിരുന്നില്ല സീമ. കാട് സീമയെ ഉലച്ചുകളഞ്ഞു. കാട്ടിലേക്കുള്ള യാത്രകൾ തുടർക്കഥയായി. ഓരോ യാത്രയും കാട് ഓരോ തരത്തിൽ സീമയെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. കഥ ഇത്രത്തോളമെത്തിയ സമയത്താണ് അബുദാബി യിൽ നിന്നും സുരേഷിന്റെ ഫോൺ വന്നത്. സ്മാർട്ട് ഡ്രൈവിനൊപ്പമുള്ള യാത്രയാണെന്നു കേട്ടപ്പോൾ സുരേഷിന് കാറിനെപ്പറ്റിയറിയണം. ”സംഗീതപ്രിയനാണ് സുരേഷ്. കാറിൽ കയറിയാൽ അപ്പോൾ തന്നെ പാട്ടിലേക്ക് വീഴുകയാണ് പതിവ്,” സീമ പറയുന്നു. ഗോയുടെ സ്പീക്കറുകളെപ്പറ്റിയും ശബ്ദസുഭഗതയെപ്പറ്റിയും സുരേഷ് ചോദിച്ച നിമിഷം ഗോയുടെ മുന്നിലെ രണ്ട് സ്പീക്കറുകൾ മധുരമായി പാടിത്തുടങ്ങിയിരുന്നു. എച്ച് ഡി വീഡിയോ പ്ലേബാക്ക് അടക്കമുള്ള 7 ഇഞ്ച് ടച്ച് സ്‌കീനാണ് ഗോയുടേത്. ജി പി എസ് നാവിഗേഷനു മുണ്ടെന്നു കേട്ടപ്പോൾ സുരേഷിന് അത്ഭുതം!

ഗോ നഗരത്തിലൂടെ കുതിച്ചുപായുകയാണ്. 5000 ആർ പി എമ്മിൽ 68 ബി എച്ച് പി കരുത്തും 4000 ആർ പി എമ്മിൽ 104 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 1198 സി സിയുടെ എഞ്ചിനാണ് ഗോയിലുള്ളത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ. പിന്നിൽ 265 ലിറ്റർ ബൂട്ട് സ്‌പേസുള്ളതിനാൽ സീമയുടേയും ഫോട്ടോഗ്രാഫർ അഖിലിന്റേയും മുഴുവൻ ക്യാമറ ഉപകരണങ്ങളും അവിടെ സുഖമായി വയ്ക്കാനായിട്ടും പിന്നീടും ധാരാളം സ്‌പേസ് ബാക്കിയുണ്ട്. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബേക്കുമുള്ള ഗോ ലിറ്ററിന് 19.83 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്യും. കണ്ടെയ്‌നർ നിരത്തിലൂടെ യാത്ര ചെയ്ത് മംഗളവനത്തിലെത്താനുള്ള യാത്രയിലാണ് ഗോ. 3788 എം എം നീളവും 1636 എം എം വീതിയും 1507 എം എം ഉയരമുള്ള വാഹനത്തിൽ സുഖകരമായി അഞ്ചുപേർക്ക് സഞ്ചരിക്കാനാകും. പിന്നിലെ സീറ്റിൽ പോലും നല്ല ലെഗ് സ്‌പേസ് അനുഭവപ്പെടുന്നുമുണ്ട്.

 

വനത്തിലേക്കുള്ള യാത്രകളുടെ കഥ തുടരുകയാണ് സീമ. ”ഉത്തരാഖണ്ഡിലെ ജിംകോർബെറ്റ് നാഷണൽ പാർക്കിലും രാജസ്ഥാനിലെ ഡെസേർട്ട് നാഷണൽ പാർക്കിലും ഭരത്പൂരും മുതുമലയും ബന്ദിപ്പൂരും കാശിരംഗയുമൊക്കെ ഇടയ്ക്കിടെ ക്യാമറയുമായി യാത്ര പോകാറുണ്ട് ഞാൻ. ഓരോ യാത്രയും പുതിയ പുതിയ കാഴ്ചകളാണ് സമ്മാനിക്കുന്നത്. കാടിന്റെ വന്യതയ്‌ക്കൊപ്പം അതിന്റെ പ്രശാന്തതയും ആസ്വദിക്കുന്നയാളാണ് ഞാൻ,” സീമ സുരേഷ് പറയുന്നു.
നവംബറിലെ അവസാനവാരമായെങ്കിലും കൊച്ചിയിൽ കനത്ത ചൂടാണ് ഉച്ച സമയങ്ങളിൽ. കത്തിക്കാളുന്ന വെയിലിലും ഡാട്‌സൺ ഗോയുടെ എയർ കണ്ടീഷനിങ് മികവ് മൂലം അകത്ത് ഞങ്ങൾ ചൂടറിയുന്നതേയില്ല. സീമയാണെങ്കിൽ ഫോട്ടോഗ്രാഫർമാരുടെ സ്യൂട്ടടക്കമാണ് ധരിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിനു മുകളിലാണ് എ സിയുടെ നടുവിലെ വെന്റുകൾ ഉയർന്നു നിൽക്കുന്നതെന്നതിനാൽ പിന്നിലേക്കും നന്നായി തണുപ്പു കിട്ടുമെന്നതാണ് ഗോയുടെ മറ്റൊരു ഡിസൈനിങ് മികവ്. വീണ്ടും കഥ കാടു കയറി. ”ദുബായിൽ നാഷണൽ ജ്യോഗ്രാഫിക് ചാനൽ സംഘടിപ്പിച്ച ഫോട്ടോ എക്‌സിബിഷനിൽ എന്റെ ഒരു കാട്ടിലെ ആനച്ചിത്രവും ഉൾപ്പെട്ടിരുന്നു. കീരിയുടെ ചിത്രത്തിന് ഫോട്ടോമ്യൂസ് പുരസ്‌കാരം ലഭിച്ചു. ഈ ചിത്രം ഫോട്ടോഗ്രാഫി മാസികയായ ഫോട്ടോട്രാക്‌സിന്റെ കവർ ചിത്രമായും അച്ചടിച്ചുവന്നിരുന്നു,” സീമ പറയുന്നു. പക്ഷേ തന്റെ ഒരു ചിത്രം ജനയുഗം പത്രത്തിൽ മറ്റൊരാളുടെ പേരുവച്ച് അടിച്ചുവന്നതിന്റെ പേരിൽ പത്രത്തിന് കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട് സീമ.

ഗുരുവായൂരിലെ ചൂണ്ടലിൽ ഒരു കർഷക കുടുംബത്തിലാണ് സീമ ജനിച്ചത്. അച്ഛൻ മോഹനൻ കെ പണിക്കർ തനി നാടൻ കർഷകനായിരുന്നു. അമ്മ സിന്ധു. ഏക സഹോദരിയായ സ്മിത ബ്യൂട്ടി പാർലർ നടത്തുന്നു. വായനയോടാണ് ഫോട്ടോഗ്രഫിക്കു പുറത്ത് കൗതുകം. മാധവിക്കുട്ടിയോടുള്ള ഇഷ്ടം മൂത്താണ് പേരിനൊപ്പം നീലാംബരി എന്നു കൂടി ചേർത്തതെന്ന് സീമ പറയുന്നു. കേരളത്തിലെ കാടുകളിലേക്ക് തന്റെ കാറിലാണ് മിക്കപ്പോഴും സീമയുടെ യാത്രകൾ. കാട്ടിലെ ഗൈഡുകൾക്കൊപ്പം നിക്കോൺ ഡി 850 ആണ് ഇപ്പോൾ സീമയുടെ വനത്തിലെ ക്യാമറ പങ്കാളി. 200, 500, 300 എഫ് 4.0 ലെൻസുകളാണ് ഒപ്പം കൂട്ടുന്നത്. ക്യാമറയും ലെൻസുമെല്ലാം ക്യാമുഫ്‌ളാഗ് ചെയ്തിട്ടുണ്ട് സീമ. ഗോ ഇപ്പോൾ മംഗള വനത്തിലാണ് എത്തിയിരിക്കുന്നത്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതമാണ് മംഗള വനം. ‘മംഗൽ’ എന്ന പേരിന് പോർച്ചുഗീസിൽ കണ്ടൽ എന്നാണ് അർത്ഥം. കൊച്ചിയിൽ കേരള ഹൈക്കോടതിയുടെ തൊട്ടുപിന്നിലാണ് 0.0274 ചതുരശ്ര കിലോമീറ്ററിൽ മംഗളവനം സ്ഥിതി ചെയ്യുന്നത്. നിരവധി ദേശാടനപ്പക്ഷികൾ എത്താറുള്ള ഇടത്ത് ഇപ്പോൾ പക്ഷിപ്രേമികൾക്കും വനപ്രേമികൾക്കുമായി ഒരു നിരീക്ഷണ ടവർ സ്ഥാപിച്ചിട്ടുണ്ട്. അപൂർവയിനം ചിലന്തികളും വവ്വാലുകളും ഇവിടെയുണ്ട്. 17 തരത്തിൽപ്പെട്ട ചിത്രശലഭങ്ങളും 51 തരം ചിലന്തികളും 32 ഇനത്തിൽപ്പെടുന്ന 72 തരം പക്ഷികളും ഇവിടെയുണ്ടെന്നാണ് ഒരു സർവേ പറയുന്നത്. കാടിനെ സ്‌നേഹിക്കുന്നവർക്ക് നഗരത്തിൽ തന്നെയുള്ള ഒരു വനമാണിതെന്ന് പറയാം. മംഗളവനത്തിൽ ബിനോയ് വിശ്വം വനമന്ത്രിയായിരുന്ന കാലത്ത് ഒരു പഠനകേന്ദ്രവും മ്യൂസിയവും ആരംഭിച്ചിട്ടുണ്ട്. വനത്തിനു പിറകിലാണ് പഴയ റെയിൽവേ സ്റ്റേഷൻ പരിസരം. മഹാത്മാഗാന്ധി ആദ്യമായി കൊച്ചിയിൽ വന്നിറങ്ങിയ ഈ റെയിൽവേ സ്റ്റേഷന്റെ അവശിഷ്ടങ്ങൾ ഇന്നും കാടിനുള്ളിലുണ്ട്.

ഡാട്‌സൺ ഗോ വെല്ലിങ്ടൺ ഐലണ്ടിലേക്കുള്ള യാത്രയിലാണ്. ഗോയ്ക്ക് മൊത്തം അഞ്ചു വേരിയന്റുകളാണുള്ളത്. എല്ലാ വേരിയന്റുകളിലും സുരക്ഷിതത്വത്തിനുള്ള എല്ലാ ഉപാധികളും ഒരുപോലെ ഒരുക്കിയിട്ടുണ്ട് ഗോ. സെൻട്രൽ ലോക്കിങ്ങും കീലെസ് എൻട്രിയും റിയർ പാർക്കിങ് സെൻസറുകളും രണ്ട് എയർ ബാഗുകളും എ ബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും എഞ്ചിൻ ഇമ്മൊബിലൈസറും എല്ലാത്തിലുമുണ്ട്. മുന്നിൽ എല്ലാ വേരിയന്റുകൾക്കും വൈപ്പർ ഉണ്ടെങ്കിൽ ഞങ്ങൾ സഞ്ചരിക്കുന്ന ടോപ്പ് എൻഡ് മോഡലിൽ മാത്രമേ പിന്നിൽ വൈപ്പറും വാഷറുമുള്ളു. ഡാട്‌സൺ ഗോ വെല്ലിങ്ടൺ ഐലണ്ടിലെ ഒരു ഗോഡൗണിനകത്തേക്ക് പ്രവേശിച്ചു. ഫോട്ടോഗ്രാഫർ അഖിലിന് അതിനുള്ളിൽ സീമയുടേയും കാറിന്റേയും ചില സ്‌റ്റൈലൻ ചിത്രങ്ങൾ പകർത്തണമെന്നു മോഹം. ഗോ അങ്ങനെ ഗോഡൗണിനുള്ളിലെത്തി. ഒരു സ്റ്റുഡിയോ ഫ്‌ളോറിന്റെ പ്രതീതിയിലാണ് ഇപ്പോൾ ഗോ. സീമ സുരേഷ് ഗോയ്‌ക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തു. ഫോട്ടോഗ്രഫിക്കു പുറമേ അഭിനയ ത്തിലും അരക്കൈ നോക്കിയിട്ടുണ്ട് സീമ. കോളെജിൽ ബെസ്റ്റ് ആക്ടറായിട്ടുണ്ട് സീമ. ഈയിടെ തിരിച്ചറിവ് എന്ന ഹ്രസ്വചിത്രത്തിൽ വേഷമിടുകയും ചെയ്തിരുന്നു.

കൊച്ചിയിലൂടെയുള്ള യാത്രയിലുടനീളം സീമ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വനസംരക്ഷണത്തെപ്പറ്റിയുമൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നതെങ്കിലും പലപ്പോഴും ചർച്ച ഡാട്‌സൺ ഗോയിലേക്കായി മാറിയിരുന്നു. വാഹനങ്ങളോട് അത്ര വലിയ തൽപരയൊന്നുമല്ലാത്ത സീമ ഈ യാത്രയോടെ വാഹനങ്ങളെപ്പറ്റിയും ചിന്തിച്ചുതുടങ്ങുമെന്നുറപ്പ്. ഡാട്‌സൺ ഗോ സീമയ്ക്ക് ഫോട്ടോഗ്രാഫിക്കും വായനയ്ക്കും
പുറത്ത് മറ്റൊരു കൗതുകം കൂടി ഉണ്ടാക്കി നൽകിയിരിക്കുന്നു – വാഹന കൗതുകം! അതാണ് ഡാട്‌സൺ ഗോ മാജിക്! $

Vehicle Provided By:
EVM Nissan
Kerala
Ph: 9544844411

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>