November 15, 2019
വെറുതെ ചില ആശങ്കകൾ
November 18, 2019

Preview: Bajaj Chetak Electric Scooter

ഇന്ത്യൻ ഇരുചക്രവാഹനവിപണിയുടെ ഒരു കാലത്തെ പടക്കുതിരയായിരുന്ന ചേതക് മടങ്ങിയെത്തുകയാണ്, ആ ഇലക്ട്രിക് അവതാരപ്പിറവിയുടെ വിശേഷങ്ങൾ…

എഴുത്ത്: ജുബിൻ ജേക്കബ്

ഹമാരാ ബജാജ്.. എന്ന ഒരൊറ്റ പരസ്യഗാനശകലമായിരുന്നു ഒരു കാലഘട്ടത്തിലെ ഇന്ത്യൻ ഇരുചക്രവാഹനവിപണിയുടെ മുദ്രാവാക്യം. അതിനു കാരണമായതോ ചേതക് എന്ന ഐതിഹാസികമായ സ്‌കൂട്ടറും. റാണാപ്രതാപ് സിങ്ങിന്റെ കുതിരയായിരുന്ന ചേതക് അക്ഷരാർത്ഥത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡ് എന്ന കമ്പനിയുടെ പടക്കുതിരയായിരുന്നു. 1960കളിൽ വെസ്പയുടെ സ്‌കൂട്ടറുകൾ അവരുടെ ലൈസൻസിൽ ഇവിടെ നിർമ്മിച്ച ബജാജ് 70കളുടെ തുടക്കത്തോടെ വെസ്പ 150യെ അതേപടി ബജാജ് 150 എന്ന പേരിൽ പുനർനിർമ്മിച്ചു. 1970കളുടെ അവസാനത്തിലാണ് വെസ്പ സ്പ്രിന്റ് എന്ന മോഡലിനെ അടിസ്ഥാനമാക്കി ബജാജ് ചേതക് ജന്മം കൊള്ളുന്നത്.

ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പും, 10 ഇഞ്ച് വീലുകളുമൊക്കെയായി വിപണിയിലെത്തിയ ചേതക്കിന് വലിയ ജനപ്രീതിയാണ് അക്കാലത്തുണ്ടായിരുന്നത്. വൈകാതെ ചതുരത്തിലെ ഹെഡ്‌ലാമ്പ് വൃത്താകൃതിയിലായി മാറി. ബുക്കിങ്ങുകൾ കുമിഞ്ഞുകൂടി. വിദേശനാണ്യത്തിൽ മാത്രമേ ചേതക് വാങ്ങാനാവൂ എന്ന തരത്തിൽ വരെ കാര്യങ്ങളെത്തി. ഇന്ത്യയിലെ വമ്പൻ മോട്ടോർസൈക്കിൾ ബ്രാൻഡുകളായിരുന്ന റോയൽ എൻഫീൽഡും, ഐഡിയൽ ജാവയുമൊക്കെ ജാപ്പനീസ് ബ്രാൻഡുകളുടെ വരവോടെ തകർച്ച നേരിട്ടപ്പോഴും ബജാജ് ചേതക്കിനു കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ലാംബ്രട്ടാ മോഡലുകൾ ഇറക്കിയിരുന്ന എപിഐ, സ്‌കൂട്ടേഴ്‌സ് ഇന്ത്യയും അവയ്ക്കു കീഴിലുള്ള സബ്‌സിഡിയറിക ളുമൊക്കെ പൂട്ടിക്കെട്ടിയപ്പോഴും ബജാജ് ചേതക്കുകൾ ഷോറൂമിലും നിരത്തിലുമെത്തിക്കൊണ്ടേയിരുന്നു. ഗിയർലെസ് സ്‌കൂട്ടറുകളുടെ കടന്നുവരവും, ടൂസ്‌ട്രോക്ക് വാഹനങ്ങളുടെ നിരോധനവും ചേതക്കിന്റെ അന്ത്യം കുറിക്കുകയാണുണ്ടായത്. 2002 ആയപ്പോഴേക്കും ടൂസ്‌ട്രോക്ക് ചേതക് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു, പകരം ഫോർസ്‌ട്രോക്ക് ചേതക് വന്നു. പക്ഷേ ചേതക് എന്ന പേരിനെ രക്ഷിക്കാൻ ആ മോഡലിനും കഴിഞ്ഞില്ല.

എന്നാൽ ചേതക് പ്രേമികൾക്ക് സന്തോഷിക്കാനു ള്ള വക ഉടൻ വരുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പറയുന്നു. അതേ, ചേതക് മടങ്ങിവരികയാണ്; ഇലക്ട്രിക് വാഹനത്തിന്റെ രൂപത്തിൽ. ഇക്കഴിഞ്ഞ ഒക്ടോബർ 16നാണ് ബജാജ് പുതിയ ചേതക്കിനെ അനാവരണം ചെയ്തത്. 2020 ജനുവരിയോടെ നിരത്തിലിറങ്ങുന്ന തരത്തിലാണ് ഇപ്പോൾ ബജാജിന്റെ നീക്കങ്ങൾ. തുടക്കത്തിൽ പുനെ, ബംഗളുരു എന്നിവിടങ്ങളിലാണ് ചേതക് വിപണിയിലെത്തുക. പുതിയ ചേതക്കിന്റെ പ്രത്യേകതകളെന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ബജാജ് ചേതക് ഇലക്ട്രിക് അനാവരണം ചെയ്തപ്പോൾ

ബജാജിന്റെ ഇവി സബ്‌സിഡിയറി ബ്രാൻഡായ അർബനൈറ്റിന്റെ കീഴിലാണ് പുതിയ ചേതക് വരുന്നത്. റെട്രോ സ്‌റ്റൈലിൽ ക്‌ളാസ്സിക് ഭാവങ്ങളോടെയാണ് ചേതക്കിന്റെ വരവ്. ആദ്യകാല ചേതക് വെസ്പ സ്പ്രിന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇറങ്ങിയതെങ്കിൽ പുതിയ ചേതക്കിന് നവകാല വെസ്പാ മോഡലുകളുമായി സാമ്യമുണ്ടെന്ന് പറയാതെ വയ്യ, തമ്മിൽ യാതൊരു ഘടകങ്ങളും പങ്കിടുന്നില്ലെങ്കിൽ പോലും ഇങ്ങനെയൊരു സാമ്യം കൗതുകമുണർത്തുന്നുണ്ട്. ഉരുണ്ട അരികുകളും, പത്തിലധികം സ്‌പോക്കുള്ള അലോയ് വീലുകളും, ഒഴുക്കുള്ള ലൈനുകളുമൊക്കെയുണ്ടെങ്കി ലും അർബനൈറ്റ് എന്ന പേരിൽ ആദ്യം വൈറലായ അതേ രൂപത്തിൽ ചേതക് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.

ഫെതർ ടച്ച് സ്വിച്ച് ഗിയർ, ഓൾ എൽഇഡി ലൈറ്റിങ്ങ്, ഫുൾ ഡിജിറ്റൽ ഡിസ്പ്‌ളേ എന്നിങ്ങനെ ഒരു കൂട്ടം ഫീച്ചറുകൾ കേൾക്കുമ്പോൾ മനസ്സിലാവും ഇതൊരു സാധാരണ ഇലക്ട്രിക് സ്‌കൂട്ടറല്ല. പൂർണമായും ലോഹനിർമ്മിത ബോഡിയാണ് ചേതക്കിന്റേത്. ഉയർന്ന നിലവാരമുള്ള പെയിന്റ് ജോബും ഫിറ്റ് ആൻഡ് ഫിനിഷുമാണ് പുതിയ ചേതക്കിന് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4.7 കിലോവാട്ട് മോട്ടോറാണ് ഇലക്ട്രിക് ചേതക്കിന്റെ ഹൃദയം. ഐപി 67 റേറ്റിങ്ങുള്ള ലിഥിയം അയോ ൺ ബാറ്ററിപാക്കാണ് ചേതക്കിന്റെ ഇന്ധനം. അഞ്ചുസ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷനും ചേതക്കിനു ണ്ടാവുമെന്നറിയുന്നു. രണ്ട് റൈഡ് മോഡുകളാണുണ്ടാവുക, ഇക്കോ, സ്‌പോർട്ട് എന്നിവയാണത്. ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററുമായിരിക്കും ചേതക്കിന്റെ റേഞ്ച് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് പുനെ നഗരത്തിലെ ടെസ്റ്റ് റിസൽട്ടുകളാണത്രേ..

അഞ്ചു മണിക്കൂർ കൊണ്ട് പൂർണമായും ചാർജ്ജാവുന്ന തരത്തിലാണ് ഹോം ചാർജ്ജർ സജ്ജീകരിച്ചിരിക്കൂന്നത്. ഫാസ്റ്റ് ചാർജ്ജിങ്ങ് സംവിധാനം തൽക്കാലം ലഭ്യമല്ല. ഡിസ്‌ക്/ഡ്രം ബ്രേക്ക് വേരിയന്റുകളുണ്ടാവുമെന്നും, ടിഎഫ്ടി/മോണൊക്രൊമാറ്റിക് ഡിസ്പ്‌ളേകളും വിവിധ മോഡലുകളിൽ വരുമെന്നറിയുന്നു. വില എത്രയായിരിക്കുമെന്നതിനെപ്പറ്റി ഇപ്പോഴും സൂചനകളില്ല. എങ്കിലും ഒരു ലക്ഷം രൂപയോടടുത്ത് വരുന്ന തരത്തിലാവും ബജാജ് പുതിയ ചേതക്കിനു
വിലയിടുക എന്നു കരുതുന്നു$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>