Test drive: Maruti Suzuki S-Presso
October 14, 2019
A Friendly Upgrade: MGF Hyundai rebrands as Mithram Hyundai
October 16, 2019

Oru Kuttanadan Ruchi Yathra

മസാലയിൽ പൊതിഞ്ഞ് വേവിച്ച വറുത്ത വരാൽ, നാടൻ പന്നി ഫ്രൈ, കരിമീൻ പൊള്ളിച്ചതും കരിമീൻ മസാലയും.. കുട്ടനാടൻ രുചികൾ അറിഞ്ഞവർക്കൊന്നും അവ മറക്കാനാവില്ല. പുഞ്ചനെൽപ്പാടങ്ങൾ നിറഞ്ഞ ദേശത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് നാവിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി കുട്ടനാടൻ രുചികൾ യാത്ര പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ അപ്പു

കായലും കടലും ഇണചേരുന്നയിടങ്ങൾ. കണ്ണെത്താദൂരത്തോളം പച്ചപ്പരവതാനി കണക്കെ കിടക്കുന്ന നെൽപ്പാടങ്ങൾ. കൊയ്ത്തുപാട്ടിന്റെ മാധുര്യം. വള്ളംകളിയുടെ ആവേശം. പാടത്തിലൂടെ നീന്തിനടക്കുന്ന താറാവു കൂട്ടങ്ങൾ. ചെറുവള്ളങ്ങളിൽ വലയുമായി മീൻപിടുത്തത്തിനിറങ്ങുന്ന വർ. ഗ്രാമീണജീവിതത്തിന്റെ ഇനിയും വറ്റാത്ത ചില കാഴ്ചകളുടെ സഞ്ചയമാണ് കുട്ടനാട്. പച്ചയായ ജീവിതവും പച്ചമനുഷ്യരും നാട്യങ്ങളുടെ കലർപ്പില്ലാത്ത മൊഴികളിലൂടെ സംവദിക്കുന്നയിടം. റിയാലിറ്റിയോട് ക്രൂരമായ സൗഹൃദം പുലർത്തുന്ന ഏതോ സംവിധായകൻ തന്റെ സിനിമയ്ക്കായി രൂപപ്പെടുത്തിയ ഫ്രെയിമുകളാണോ ഇതെന്നു പോലും ഒരു യാത്രികൻ കുട്ടനാട്ടി ലെത്തിയാൽ സംശയിച്ചു നിന്നുപോകുന്നത് അതുകൊണ്ടാണ്. നാട്ടുപച്ചകൾ നിറഞ്ഞ ഇടവഴികളുള്ള ഇടങ്ങൾ പിന്നിട്ട്, വയൽവരപ്പുകളിലൂടെ നടക്കുമ്പോൾ കാഴ്ചയുടെ സൗന്ദര്യത്തിനപ്പുറം പലപ്പോഴും യാത്രികന്റെ നാവിൽ വെള്ളമൂറിക്കുന്ന രുചികളുടെ ഗന്ധങ്ങൾ കാറ്റിലെത്തും. എല്ലാ ദേശത്തിനും അതിന്റേതായ സ്വന്തം രുചികളുണ്ടെന്നതുപോലെ കുട്ടനാടിനും അതിന്റേതായ ചില സ്വാഭാവിക രുചികളുണ്ട്. കർഷകരായ ജനത അധിവസിക്കുന്ന പ്രദേശങ്ങളിലെല്ലാം തന്നെ ആ പ്രദേശത്ത് അവർ കൃഷി ചെയ്യുന്നതോ ധാരാളമായി ലഭിക്കുന്നതോ ആയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വിഭവങ്ങളാകും കൂടുതലായി ഉണ്ടാകുക. ചേമ്പും ചേനയും മറ്റ് കിഴങ്ങുകളുമൊക്കെ ഉപയോഗിച്ചുള്ള കൂട്ടുകറികൾക്കു പുറമേ, കായലും കടലും പുഴകളുമൊക്കെയുള്ള പ്രദേശമായതിനാൽ മത്സ്യവിഭവങ്ങൾക്കും വലിയ പ്രാധാന്യമുണ്ട് കുട്ടനാട്ടിൽ. തേങ്ങാപ്പാലൊഴിച്ച് കുറുക്കിയെടുത്ത അധികം എരിവില്ലാത്ത കുട്ടനാടൻ താറാവുകറി മുതൽ നാവിൽ മസാലയുടേയും എരിവിന്റേയും സാഗരം തീർക്കുന്ന കുട്ടനാടൻ ബീഫ് കറി വരെയും മസാലയിൽ കുതിർത്ത പൊരിച്ച വരാലും ഇലയിൽ ചട്ടിയിൽ പൊള്ളിച്ചെടുത്ത കരിമീനും മുതൽ ഞണ്ടു റോസ്റ്റും എരിവുള്ള, കുടംപുളി ചേർത്ത മീൻകറി വരെ. കുട്ടനാടിന്റെ പ്രാദേശികമായ രുചിപ്പെരുമയിലേക്കുള്ള ഒരു യാത്രയാണ് ഇത്തവണ കേരള വിനോദ സഞ്ചാര വകുപ്പുമായി ചേർന്നുകൊണ്ട് സ്മാർട്ട് ഡ്രൈവ് നടത്തുന്നത്.

ഭക്ഷണത്തോടുള്ള പ്രണയം പോലെ സത്യസന്ധമായ മറ്റൊരു പ്രണയവും ഈ ഭൂലോകത്തില്ലെന്ന് ‘മാൻ ആന്റ് സൂപ്പർമാൻ’ൽ ജോർജ് ബെർനാഡ് ഷാ എഴുതുന്നുണ്ട്. നല്ല ഭക്ഷണം കഴിച്ചില്ലെങ്കിൽ ശരിയായി ചിന്തിക്കാനോ സ്‌നേഹിക്കാനോ ഉറങ്ങാനോ കഴിയില്ലെന്ന് ‘എ റൂം ഓഫ് വൺസ് ഓണി’ൽ വിർജീനിയ വുൾഫുമെഴുതുന്നു. നാടു കാണാനെത്തുന്ന സഞ്ചാരികൾ കുട്ടനാടൻ രുചിയുമായി പ്രണയത്തിലാകുന്നുണ്ടെങ്കിൽ തീർച്ചയായും അതിന് വേറിട്ട എന്തോ ഒരാനന്ദം നൽകാനുള്ള കഴിവുണ്ടെന്ന് പറയേണ്ടി വരും. ഹൗസ് ബോട്ടുകളിലോ ഷിക്കാര വള്ളങ്ങളിലോ ആലപ്പുഴയുടെ കായൽ പ്രദേശങ്ങളിലൂടെ യാത്ര പോയ പലരും കുട്ടനാടൻ രുചികളുടെ മോഹവലയത്തിൽപ്പെട്ടു പോകാറുണ്ടെന്നത് സത്യം. കുട്ടനാട്ടിലെ കള്ളുഷാപ്പുകൾ പലതും നാടൻ രുചികളുടെ സമ്മേളന സ്ഥലമാകുന്നത് കുട്ടനാടൻ രുചികളോടുള്ള സഞ്ചാരികളുടെ പ്രിയത്തെ തുടർന്നാണ്. കുട്ടനാടൻ പുഞ്ചപ്പാടങ്ങൾക്കു നടുവിൽ, കായൽക്കാറ്റേറ്റ് നാടൻ രുചികളെ അറിയുക എന്നതിൽപരം മറ്റൊരു സ്വർഗം വേറെ എന്തുണ്ടാകാനാണ്?

കൈനകരിമുക്കിലെ ഗോവർധനം ഷാപ്പിലെ അടുക്കളയിൽ രാവിലെ ഒമ്പതുമണിക്കു തന്നെ വിഭവങ്ങൾ നിറഞ്ഞിരിക്കുന്നു. ഇരുപതു വർഷങ്ങളായി കുട്ടനാടൻ വിഭവങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധനായ കൈനകരിക്കാര നായ സന്തോഷ് ആണ് ഷാപ്പിലെ മുഖ്യപാചകക്കാരൻ. താറാവ് മപ്പാസ്, പോത്ത് വറ, പന്നി വറ, തലക്കറി, വാളക്കറി, കക്കയിറച്ചി, ഞണ്ട് റോസ്റ്റ്, പൊടിമീൻ വറ, വരാൽ വറ, കൂന്തൽ ഫ്രൈ, കരിമീൻ പൊള്ളിച്ചത് തുടങ്ങി ഇവിടെ ഇല്ലാത്ത കുട്ടനാടൻ വിഭവങ്ങളൊന്നുമില്ല. മെലിഞ്ഞ്, നീണ്ട പ്രകൃതക്കാരനായ സന്തോഷിന് പക്ഷേ തന്റെ കറികളിൽ ഏറ്റവും ഇഷ്ടം താറാവ് കറിയാണ്. സവാളയും ഇഞ്ചിയും പച്ചമുളകും വഴറ്റിയശേഷം അതിലേക്ക് താറാവിന്റെ കഷണങ്ങൾ ഇട്ട് കുരുമുളകു പൊടിയും ഗരംമസാലയും ചേർത്ത് വരട്ടിയെടുത്ത് അതിലേക്ക് ആദ്യം രണ്ടാം തേങ്ങാപ്പാലും പിന്നീട് ഒന്നാം തേങ്ങാപ്പാലും ചേർത്തിളക്കി വറ്റിച്ച് കടുകു വറുക്കുന്നതോടെയാണ് താറാവ് കറി തയാറാകുക. ”ദിവസം മൂന്നു താറാവുകളെ വരെ ഇവിടെ കറി വയ്ക്കാറുണ്ട്.

പോത്ത് വറയാണ് പിന്നീട് ഏറ്റവും ആവശ്യക്കാരുള്ള ഭക്ഷണം. ദിവസവും രാവിലെ ഒമ്പതു മണി മുതൽ തന്നെ ഭക്ഷണം കഴിക്കാനായി ഇവിടേയ്ക്ക് ടൂറിസ്റ്റുകളുടേയും നാട്ടുകാരുടേയും പ്രവാഹമാണ്,” സന്തോഷ് പറയുന്നു. അന്നത്തെ പാചകത്തിനാവശ്യമായ വലിയ വാളയും മഞ്ഞക്കൂരിയും ചൂരയും കരിമീനുമൊക്കെ മീൻകാരന്മാരും നാട്ടുകാരും കടയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

കുട്ടനാടൻ പാചകം ഒരു ഉത്സവം പോലെയാണ്. കൈനകരി കഴിഞ്ഞ് മുന്നോട്ടു പോരുമ്പോൾ റോഡരുകിൽ ഇരുവശത്തും തന്നെ വ്യത്യസ്തമായ കുട്ടനാടൻ വിഭവങ്ങളുടെ പേര് എഴുതിവച്ചിട്ടുള്ള നിരവധി റസ്റ്റോറന്റുകൾ കാണാം. നെടുമുടിയും മങ്കൊമ്പും രാമങ്കരിയുമൊക്കെ പിന്നിട്ട് ഞങ്ങൾ വേറിട്ട കുട്ടനാടൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു റസ്റ്റോറന്റ് തേടിയാണിപ്പോൾ യാത്ര ചെയ്യുന്നത്. ചമ്പക്കുളത്ത് അമിച്ചങ്കരി എന്ന സ്ഥലത്ത് വിശാലമായ പാടശേഖരങ്ങൾക്കരികെ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റാണ് ലക്ഷ്യം. ഈ റസ്റ്റോറന്റിലും ടോഡി പാർലറിനും വേറിട്ട ഒരു പേരാണുള്ളത് – ന്യൂയോർക്ക് സിറ്റി! ന്യൂയോർക്ക് സിറ്റിയിലേക്ക് എത്തുന്നതിനു മുമ്പായിട്ടാണ് അമേരിക്കൻ ജംങ്ഷൻ എന്ന സ്ഥലം.

പള്ളാത്തുരുത്തിക്കാരൻ മനുവാണ് ഷാപ്പിലെ പ്രധാന പാചകക്കാരൻ.

അമിച്ചങ്കരി എന്ന സ്ഥലത്തിന്റെ പേരാണ് നാട്ടുകാർ അമേരിക്കൻ ജംങ്ഷൻ ആക്കിയെന്നാണ് പലരും പറയുന്നത്. എന്തായാലും അമേരിക്കൻ ജംങ്ഷൻ കഴിഞ്ഞാലെത്തുന്ന റസ്റ്റോറന്റിന് ന്യൂയോർക്ക് സിറ്റി എന്നു പേര് നൽകിയത് ഉചിതം തന്നെ. വിശാലമായ പാടശേഖരങ്ങൾ കാണാറായി. അതിനിടയ്ക്ക് ഇരുവശവും തെങ്ങുകൾ നട്ടുപിടിപ്പിച്ച വഴിയിലൂടെ വേണം ന്യൂയോർക്ക് സിറ്റിയിലേക്ക് എത്താൻ. അമേരിക്കൻ കൊടിയുടെ കീഴിൽ ‘കള്ള്’ എന്ന് വലുതായി എഴുതിവച്ചിരിക്കുന്നതാണ് കവാടം.

ന്യൂയോർക്ക് സിറ്റിയ്ക്ക് അകത്ത് നിരവധി കുടിലുകളാണ് ഒരുക്കിയിട്ടുണ്ട്. അവ ഓരോന്നിനും അമേരിക്കയിലെ സ്ഥലങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. ന്യൂയോർക്ക് സിറ്റിയിലേക്ക് ഞങ്ങളെ എതിരേറ്റത് വർഗീസ് ചേട്ടനാണ്. കഴിഞ്ഞ 26 വർഷങ്ങളായി കുട്ടനാടൻ വിഭവങ്ങൾ തയാറാക്കുന്നതിൽ വിദഗ്ധനായ പള്ളാത്തുരുത്തിക്കാരൻ മനുവാണ് ഷാപ്പിലെ പ്രധാന പാചകക്കാരൻ. വരാൽ മസാലയും പന്നി വറയുമാണ് മനുവിന്റെ സ്‌പെഷ്യൽ വിഭവങ്ങൾ. പച്ചയ്ക്ക് വരാലുകളെ ഇട്ട് സൂക്ഷിക്കുന്നതിനായി ന്യൂയോർക്ക് സിറ്റിയിൽ തന്നെ രണ്ട് ടാങ്കുകളുണ്ടാക്കിയിട്ടുണ്ട്. ഇതിൽ നിന്നും ഏത് വരാലിനെ പാചകത്തിന് വേണമെന്ന് ഭക്ഷണം കഴിക്കാനെത്തുന്നയാൾക്ക് തന്നെ നിശ്ചയിക്കാം.

കുട്ടനാടൻ വരാൽ മസാലയുടെ രഹസ്യം മനു സ്മാർട്ട് ഡ്രൈവിനോട് പങ്കിട്ടു. ”ഇഞ്ചിയും പച്ചമുളകും സവാളയും വഴറ്റിയെടുത്തശേഷം പെരുംജീരകവും കുരുമുളകുപൊടിയും മുളകുപൊടിയും അതിൽ ചേർത്ത് വറ്റിച്ച് കുഴമ്പു പരുവത്തിലാക്കി തേങ്ങാപ്പാൽ ചേർത്തിളക്കി മാറ്റിവയ്ക്കണം. അതിലേക്ക് തൊലി കളഞ്ഞ് ഉപ്പും മുളകും മസാലയും പുരട്ടിയ വറുത്തെടുത്ത വരാൽ ചേർത്ത് മൂടിവച്ച് വേവിച്ചെടുത്താൽ വരാൽ മസാല തയാർ,” മനു പറയുന്നു. മനു ഞങ്ങൾക്കായി വരാൽ മസാല ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. ഒപ്പം കല്ലിൽ വെള്ളയപ്പവും ചുട്ടെടുക്കുന്നു. കരിമീൻ പപ്പാസ്, കരിമീൻ മസാല തുടങ്ങിയ വിഭവങ്ങൾക്കൊപ്പം കാരി, ആവോലി, കൊഞ്ച്, മച്ചാൻ, വിളമീൻ, കണ്ണാടി ആവോലി, മഞ്ഞക്കൂരി തുടങ്ങി പലവിധ മീനുകളുടെ റോസ്റ്റും മസാലയുമൊക്കെയുണ്ട് മനുവിന്റെ പാചകപ്പട്ടികയിൽ.

കുട്ടനാട്ടിലെ പന്നി വറ ഒരു തകർപ്പൻ ഐറ്റമാണ്. അതിന്റെ പാചകം ഏതാണ്ടിങ്ങിനെയാണ്: ഉപ്പും മുളകും ചേർത്ത് പന്നിയിറച്ചി വറ്റിച്ചെടുത്ത് മാറ്റി വയ്ക്കുക. സവാളയും ഇഞ്ചിയും പച്ചമുളകും വഴറ്റിയെടുത്തശേഷം അതിലേക്ക് മുളകുപൊടിയും കുരുമുളകുപൊടിയും മസാലപ്പൊടിയും ചേർത്ത് വീണ്ടും വഴറ്റണം. വറ്റിച്ചുവച്ച പന്നിയിറച്ചി അതിലേക്ക് ചേർത്തശേഷം 25 മിനിട്ടോളം നന്നായി അടച്ചുവച്ച് വേവിച്ചാൽ കുട്ടനാടൻ പന്നിവറ തയാർ.


അടുക്കളയിൽ ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ തയാറാക്കുന്ന തിരക്കിലാണ് ന്യൂയോർക്കിലെ ജീവനക്കാർ. കുട്ടനാട്ടിലെ കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണ് അവിടത്തെ പാചകക്കാർ. വെള്ളയപ്പവും ചിരട്ടപ്പുട്ടും കപ്പയും ചപ്പാത്തിയുമാണ് വിവിധ വിഭവങ്ങൾക്കൊപ്പം കഴിക്കാനായി ന്യൂയോർക്ക് സിറ്റിയിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിയാകുന്നതോടെ നാട്ടിൻ പുറത്തെ ആ റസ്റ്റോറന്റിലേക്ക് പലയിടങ്ങളിൽ നിന്നും കുട്ടനാടൻ രുചിയുടെ മേളം ആസ്വദിക്കാൻ പലരും പാഞ്ഞെത്തും.

കുട്ടനാട്ടിലെ മറ്റൊരു നാടൻ വിഭവം കൊഴ അഥവാ പുഴുക്ക് ആണ്. ചേമ്പ്, കാച്ചിൽ, ചേന, കപ്പ എന്നിവയൊക്കെ ഒരു വലിയ ചരുവത്തിൽ വേവിച്ച്, അത് ഇടിച്ചുകുഴച്ചു പേസ്റ്റ് പരുവത്തിലാക്കിയശേഷം അതിലേക്ക് വേവിച്ച പയറു കൂടി ചേർത്ത് തേങ്ങയുടെ അരപ്പിൽ ഇളക്കിക്കുഴച്ച് താളിച്ചെടുക്കുന്ന വിഭവമാണത്. പാരമ്പര്യരീതിയിൽ തന്നെയാണ് അതിന്റെ നിർമ്മാണം. മുളകും കുടപ്പുളിയുമിട്ട് വറ്റിച്ചെടുത്ത മീൻകറിക്കൊപ്പം പുഴുക്ക് ആവശ്യപ്പെടുന്നവർ ഏറെയുണ്ടെന്നാണ് ഷാപ്പിലെ പാചകക്കാർ പറയുന്നത്. പുഴുക്ക് കുഴച്ചെടുക്കുന്നതു തന്നെ വളരെ കലാപരമായിട്ടാണെന്നതാണ് രസകരമായ കാര്യം.

ഫ്രാൻസിൽ നിന്നും ഇത് മൂന്നാം തവണയാണ് ചിത്രകാരനും ഡിസൈനറുമായ ലൂയി മാരിയും അമെൽഡയും കേരളത്തിലെത്തുന്നത്. നാലു വർഷങ്ങൾക്കു മുമ്പ് ആലപ്പുഴ സന്ദർശിക്കാനെത്തിയ ഇരുവരും യാദൃച്ഛികമായാണ് കുട്ടനാട്ടിലേക്കും കുട്ടനാട്ടിലെ നാടൻ റസ്റ്റോറന്റുകളിലേക്കും ഒരു യാത്ര പോയത്. ഷാപ്പിലെ കപ്പയും മീൻകറിയുമായിരുന്നു ആദ്യ പരീക്ഷണം. ”ആദ്യം എരിഞ്ഞ്, നാവിലെ വെള്ളം പോലും വറ്റിപ്പോയെങ്കിലും മീൻകറിയുടെ ആ രുചി മനസ്സിൽ കയറിക്കൂടി. പിന്നെ കുട്ടനാട്ടിലെ എല്ലാ വിഭവങ്ങളും തന്നെ ഞാൻ രുചിച്ചറിഞ്ഞു. തേങ്ങാപ്പാൽ ചേർത്തൊരുക്കുന്ന കുട്ടനാടൻ താറാവുകറിയും തേങ്ങാക്കൊത്തുകളിട്ട ബീഫ് റോസ്റ്റുമാണ് ഇന്ന് കഴിക്കാൻ പോകുന്നത്,” ചമ്പക്കുളത്ത് ന്യൂയോർക്ക് സിറ്റിയിലെ മിയാമി കുടിലിൽ ഉച്ചയ്ക്കു മുമ്പേ ഇരുപ്പറപ്പിച്ച ലൂയിയുടെ കമന്റ്. അമെൽഡയും ഭക്ഷണപ്രിയ തന്നെ. മുളകിട്ട് വറുത്തെടുത്ത വരാലാണ് അവർ ഓർഡർ ചെയ്തിരിക്കുന്നത്.

പക്ഷേ ഒരു ദേശത്തിന്റെ സംസ്‌കാരവും ചില കൈയൊതുക്കങ്ങളും കൈപ്പുണ്യവുമൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാരൂപം പോലെ അവിടത്തെ തദ്ദേശീയമായ ഒരു വിഭവം ഉണ്ടാക്കപ്പെടുന്നതെന്ന് നമുക്കറിയാം. നാട്ടറിവുകളുടെ സഞ്ചയത്തിൽ നിന്നും പലകാലങ്ങളായി പകർന്നുകിട്ടിയ ഒരു കലയാണ് കുട്ടനാടുകാർക്ക് പാചകം. സസ്യവിഭവമാണെങ്കിലും സസ്യേതരവിഭവമാണെങ്കിലും തങ്ങളുടെ സ്വന്തം പൊടിക്കൈകൾ അവർ അതിലെല്ലാം പരീക്ഷിക്കാറുണ്ട്. ഒരു പ്രത്യേക അളവിൽ മസാല അരച്ചെടുക്കുന്നതു തൊട്ട് താളിക്കുന്നതിൽ വരെയുണ്ട് ഈ ശ്രദ്ധ. അതൊന്നും തന്നെ പാചകക്കുറിപ്പു തയാറാക്കിക്കൊണ്ടുപോയി അനുകരിക്കുക അത്ര എളുപ്പമല്ല. കുട്ടനാട്ടിലെ ഷാപ്പുകളിൽ കാലങ്ങളോളം ഇതേ രുചിക്കൂട്ടുകളുണ്ടാക്കി എത്രയോ തഴക്കവും പഴക്കവും വന്ന പാചകകലാകാരന്മാരാണ് അവരൊക്കെ തന്നെയും. വിറകടുപ്പിന്റെ തീയും പുകയും ചേരുമ്പോഴുള്ള രുചിഭേദവും, ചട്ടിയിൽ വാഴയിലയിൽ പൊള്ളിയടരുന്ന കരീമീനുമൊ ന്നും ആധുനിക ഭവനങ്ങളുടെ അടുക്കളകൾക്ക് അനുകരിക്കാനാകുന്ന ഒന്നല്ല. മാത്രവുമല്ല ഓരോ നാട്ടിലേയും ഭക്ഷണ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ പോലും വേറിട്ടിരിക്കും. എന്തിന് വെള്ളത്തിനു പോലുമുണ്ട് രുചി നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്ക്.

തകഴിയിൽ കേളമംഗലത്ത് ഈറ്റ് ഇല്ലം എന്ന പേരിൽ പുതിയൊരു റസ്റ്റോറന്റു കൂടി വന്നിട്ടുണ്ട്. റോഡരുകിൽ തന്നെയുള്ള റസ്റ്റോറന്റിന്റെ അകം തീമാറ്റിക് ആയിട്ടാണ് നിർമ്മിച്ചിട്ടുണ്ട്. പനമ്പും കയറും മുളയുമൊക്കെ ഉപയോഗിച്ചാണ് ഇന്റീരിയർ സജ്ജമാക്കിയിരിക്കുന്നത്. അവിടത്തെ കള്ളുഷാപ്പിലാകട്ടെ ഭിത്തിയിൽ ഒരു വശം മുഴുവനും പഴയ സിനിമാ പോസ്റ്ററുകൾ കൊണ്ട് നിറച്ചിരിക്കുന്നു. ഊണ്, പൊറോട്ട, കപ്പ, ചപ്പാത്തി, അപ്പം എന്നിവയ്‌ക്കൊപ്പം കുട്ടനാടൻ വിഭവങ്ങളായ വാളക്കറി, വാളത്തല, ഞണ്ട് റോസ്റ്റ്, താറാവ് റോസ്റ്റ്, പള്ളത്തി, കരിമീൻ, വരാൽ, കാരി, മുഷിക്കറി, മുഷിത്തലക്കറി, ചെമ്മീൻ റോസ്റ്റ് എന്നിങ്ങനെ ഒരു പറ്റം വിഭവങ്ങളുമുണ്ട്. ”കള്ളുകുടിച്ചവനേ കരിമീനിന്റെ സ്വാദറിയൂ” എന്നൊരു നാടൻ ചൊല്ലും അവരുടെ അടുക്കളയ്ക്ക് പുറത്തെഴുതി വച്ചിട്ടുണ്ട്. സജിയാണ് ഇവിടത്തെ കുക്ക്.

ചുറ്റിലും മീനുകളുള്ള ജലാശയങ്ങളും നെല്ല് വിളയുന്ന പാടങ്ങളുമുള്ളിടത്തോളം കാലം തങ്ങൾക്ക് ആഹാരത്തിന് മുട്ടുവരില്ല എന്ന് കുട്ടനാട്ടുകാർക്കറിയാം. വലിയ മോഹങ്ങളില്ലാത്തവർക്ക് ഭക്ഷണമാണല്ലോ ഏറ്റവും വലിയ സംതൃപ്തി. രുചികരമായ ഭക്ഷണം കഴിക്കുന്നതിനേക്കാൾ വലിയ സ്വർഗം മറ്റെന്തുണ്ടാകാനാണ്? കുട്ടനാട് എന്ന രുചിയറയിലേക്ക് തിരിച്ചോളൂ…$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>